sections
MORE

എന്തൊരു വരവായിരുന്നു അത്!

rishi-shailendra
1. മേ ഷായർ തോ നഹി...’ എന്ന ഗാനരംഗത്തിൽ ഋഷി കപൂർ, 2. ശൈലേന്ദ്ര സിങ്
SHARE

ഋഷി കപൂറിന്റെ താരപ്രഭയ്ക്കു വലിയ  സംഭാവന നൽകിയ ശൈലേന്ദ്ര സിങ് എന്ന ഗായകൻ, ഋഷിയെപ്പറ്റിയുള്ള അനുസ്മരണക്കുറിപ്പുകളിൽ പോലും വിസ്മൃതനായിപ്പോയി...

ശൈലേന്ദ്ര സിങ്. നിർഭാഗ്യവാനായ ആ ഗായകൻ ഇല്ലായിരുന്നെങ്കിൽ ഋഷി കപൂറിന്റെ വളർച്ച ഇത്ര അനായാസമാകുമായിരുന്നില്ല. തന്റെ മകനെ ബോളിവുഡിൽ നായകനായി അവതരിപ്പിക്കാൻ തീരുമാനിച്ച രാജ് കപൂർ ഏറ്റവും ശ്രദ്ധിച്ചത് ആ സിനിമയിലെ പാട്ടുകളിലാണ്. തന്റെ സ്ഥിരം സംഗീത സംവിധായകരായ ശങ്കർ–ജയ്കിഷനെ മാറ്റി ലക്ഷ്മികാന്ത് – പ്യാരേലാലിനെ രാജ് കപൂർ കൊണ്ടുവന്നു.

ആനന്ദ് ബക്ഷി അടക്കം മുൻനിര എഴുത്തുകാരെയും അണിനിരത്തി.  ശരിയാണ്, ചേതോഹരമായ ആ ഗാനങ്ങൾ മാറ്റിനിർത്തി ചിന്തിച്ചാൽ ‘ബോബി’ ഒരു സാധാ രണ ചിത്രം മാത്രം. പണക്കാരനായ കാമുകനും പാവപ്പെട്ട കാമുകിയും. ഒരാൾ ഹിന്ദു, മറ്റേയാൾ ക്രിസ്ത്യൻ. പതിവു മസാലപ്രമേയം. പക്ഷേ, ഗാനങ്ങൾ സിനിമയുടെ തലക്കുറി മാറ്റി. പ്രത്യേകിച്ച് ‘മേ ഷായർ തോ നഹി..., ഹം തും ഏക് കമ്‌രേ മേ ബന്ധ് ഹോ... എന്നിവ. രണ്ടിലും നായകനു ശബ്ദം നൽകിയത് ഒരേ ഗായകൻ– ശൈലേന്ദ്ര സിങ്.

മുഹമ്മദ് റഫിയും കിഷോർ കുമാറും രാജാക്കന്മാരായി വിലസിയിരുന്ന കാലത്താണ് ‘ബോബി’യിൽ തന്റെ മകന്റെ ശബ്ദത്തിന് ഇണങ്ങുന്ന പുതിയ ഗായകനായി രാജ് കപൂർ അന്വേഷണം ആരംഭിക്കുന്നത്. കാരണം, പാട്ടുകളാണ് ആ സിനിമയുടെ മർമം എന്ന് അദ്ദേഹത്തിനു നിശ്ചയമുണ്ടായിരുന്നു.  പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയം പഠിച്ചിറങ്ങിയ, അഭിനയ മോഹവുമായി നടന്ന, എന്നാൽ പാടാൻ അസാമാന്യ ശേഷിയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനിലായിരുന്നു അന്വേഷണത്തിന്റെ പരിസമാപ്തി.

ആർ.കെ. ഫിലിംസിൽ നിന്നു ക്ഷണം എത്തിയപ്പോൾ ശൈലേന്ദ്ര സിങ് വിചാരിച്ചത് അഭിനയിക്കാനുള്ള അവസരമാണെന്നാണ്. അവിടെയെത്തിയപ്പോഴാണ് തന്റെ മകനു ശബ്ദമാകാനുള്ള ചരിത്രനിയോഗത്തിലേക്കാണ് രാജ് കപൂറിന്റെ വിളിയെന്നു ശൈലേന്ദ്ര മനസ്സിലാക്കിയത്. എന്തായാലും തന്റെയും ഋഷിയുടെയും തുടക്കം അതിഗംഭീരമാക്കി അദ്ദേഹം. 

ഇത്ര വലിയ ഹിറ്റുകളുമായി ഒരു പാട്ടുകാരനും ഹിന്ദി സിനിമയിൽ രംഗപ്രവേശം ചെയ്തിട്ടില്ല!

‘മേ ഷായർ തോ നഹി

മഗർ യേ ഹസീ

ജബ്സേ ദേഖാ മേനേ തുജ്കോ

മുജ്കോ ഷായരീ ആ ഗയി...’

രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ആ ഗാനമെത്തി. (നടൻ ബാലചന്ദ്രമേനോനെ അനുകരിക്കാൻ മലയാളത്തിലെ മിമിക്രിക്കാർ ഈ ഗാനം കുറെ നാൾ ഉപയോഗിച്ചിരുന്നു.)  

ലതാ മങ്കേഷ്കർക്കൊപ്പം പാടിയ ‘ഹം തും എക് കമ്‌രേ മേ...’യും തുല്യ നിലയിൽ പ്രസിദ്ധമായി. പാട്ടുകളുടെ മികച്ച പിന്തുണയിൽ ‘ബോബി’(1973) ഇന്ത്യ മുഴുവൻ തകർത്തോടി. അഞ്ചു ഫിലിം ഫെയർ അവാർഡും വാരിക്കൂട്ടി! പുതിയ ഗായകന് സർവ സ്വീകാര്യത ലഭിച്ചു. ബോബിയുടെ പ്രഭയിൽ റഫിയും കിഷോർ കുമാറും അൽപകാലത്തേക്കു നിഷ്പ്രഭരായിപ്പോയി. 1975ൽ ഇറങ്ങിയ ‘ഖേൽ ഖേൽ മേ’യിലെ ‘ഹംനേ തുംകോ ദേഖാ...’ എന്ന ഗാനവും ഹിറ്റായതോടെ ഇനി ശൈലേന്ദ്രയുടെ കാലം എന്നു വിധിയെഴുതിയവർ പോലുമുണ്ടായിരുന്നു.

ഋഷി കപൂറിന്റെ സ്ഥിരം ശബ്ദമായി ശൈലേന്ദ്ര സിങ് മാറുമെന്നു കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല. സിനിമയിൽ പിടിച്ചുനിൽക്കാൻ വേണ്ട കരുനീക്കങ്ങളുടെ കല ഈ തുടക്കക്കാരന് ഒട്ടും വശമായിരുന്നില്ല. പല സിനിമകളിലും ഋഷി കപൂർ തന്റെ പാട്ടിനുവേണ്ടി ശൈലേന്ദ്രയെ നിർദേശിച്ചെങ്കിലും അതെല്ലാം ഓരോ കാരണങ്ങളാൽ തിരസ്കരിക്കപ്പെട്ടു. മിക്കവയും കിഷോർ കുമാർ പാടി ഫലിപ്പിക്കുന്നതിനു കാലം സാക്ഷിയായി. വല്ലപ്പോഴും അപ്രസക്തമായ ചില പാട്ടുകളൊക്കെ ശൈലേന്ദ്ര സിങ്ങിനു കിട്ടിയാലായി.

ഇതിനിടെ അഭിനയത്തിൽ പയറ്റിനോക്കി ശൈലേന്ദ്ര. നായകനായ രണ്ടു സിനിമകളും പരാജയപ്പെട്ടു. ബംഗാളിയിൽ അഭിനയിച്ച ‘അജോസ്രോ ധന്യബാദി’ന് ഒരു കൗതുകമുണ്ട്. ഇതിലെ ഗാനങ്ങൾ ആലപിച്ചത് സാക്ഷാൽ മുഹമ്മദ് റഫി!

എന്തായാലും, വന്ന വേഗത്തിൽത്തന്നെ ശൈലന്ദ്ര സിങ് മടങ്ങി; ആലാപനത്തിൽനിന്നും അഭിനയത്തിൽനിന്നും. സ്റ്റേജ് ഷോകളുമായി സഹകരിച്ചാണ് ഇപ്പോൾ പഴയ ‘സൂപ്പർ സ്റ്റാറി’ന്റെ ജീവിതം. അദ്ദേഹത്തിന്റെ സംഗീതജീവിതത്തെ വിശകലനം ചെയ്യുന്നവർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. ബോളിവുഡ് കണ്ട ഏറ്റവും ഗുണമേന്മയുള്ള ശബ്ദമാണു ശൈലേന്ദ്ര സിങ്ങിന്റേത്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ ശബ്ദത്തിനു കാര്യമായ ഉടവു തട്ടിയിട്ടുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA