ADVERTISEMENT

‘കാരുണ്യക്കതിർവീശി

റംസാൻപിറ തെളിയുമ്പോൾ

കരളുകളിൽ കനിവിന്റെ

കുളിരൂറിടുന്നിതാ...’

1986ൽ കെ.മധുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ‘ഈ കൈകളിൽ’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം യേശുദാസിന്റെ ശബ്ദത്തിൽ അറബന മുട്ടി പാടുന്നു. അങ്ങനെ മലയാള സിനിമാഗാനചരിത്രത്തിലെ ഏറ്റവും മികച്ച റമസാൻ ഗാനം പിറന്നു.

ഈ തികഞ്ഞ ഭക്തിഗാനത്തിനു സംഗീതം നൽകിയത് അന്നോളം ഒരു മാപ്പിളഗാനം പോലും ചെയ്തിട്ടില്ലാത്ത സംഗീതജ്ഞനാണെന്നു വിശ്വസിക്കാൻ കഴിയുമോ? അതിനു ശേഷവും ഒരു മാപ്പിളഗാനത്തിന് അദ്ദേഹം സംഗീതം നൽകിയിട്ടില്ല. ഒറ്റപ്പാട്ടിലൂടെ മാപ്പിള ഭക്തിഗാനചരിത്രത്തിൽ കയ്യൊപ്പിട്ട പ്രതിഭയാണു കോട്ടയം സ്വദേശിയായ എ.ജെ. ജോസഫ് എന്ന ഗിറ്റാർ ജോസഫ്. ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...’ എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്മസ് ഗാനത്തിന്റെ പിതാവ്.

കെ.എസ്.ചിത്രയ്ക്ക് ആദ്യ സംസ്ഥാന അവാർഡ് (1985) നേടിക്കൊടുത്ത ‘ഒരേ സ്വരം ഒരേ നിറം, ഒരു ശൂന്യ സന്ധ്യാംബരം....’ (എന്റെ കാണാക്കുയിൽ) എന്ന അനശ്വര സംഗീതവും ജോസഫിന്റേതായിരുന്നു. തുടർന്നു വന്ന ‘കുഞ്ഞാറ്റക്കിളികളി’ലെ നാലു പാട്ടുകളും ശ്രദ്ധേയമായി. ഇതിലെ ‘ആകാശഗംഗാ തീരത്തിനപ്പുറം...’ നിത്യഹരിതമാണ്. ഇങ്ങനെ കത്തിനിന്ന കാലത്താണ് ‘ഈ കൈകളിൽ’ എന്ന ചിത്രത്തിന്റെ സംഗീത ചുമതല ജോസഫിനെ ഏൽപിക്കുന്നത്.

‘എന്റെ കാണാക്കുയിലി’ന്റെ നിർമാതാവായ പ്രേംപ്രകാശ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും നിർമാതാവ്. ‘കാരുണ്യക്കതിർവീശി..’യുടെ പിറവിയെപ്പറ്റി മരണത്തിനു കുറച്ചുനാൾ മുൻപ് ജോസഫ് പറഞ്ഞു: ‘മാപ്പിള ശൈലിയിലുള്ള ഗാനങ്ങൾ മുൻപു ചെയ്തിട്ടില്ലാത്തതിനാൽ ഒഴിഞ്ഞുമാറാൻ നോക്കി. എന്നാൽ, ഞാൻ തന്നെ ചെയ്യണമെന്നു പ്രേം പ്രകാശിനു നിർബന്ധമായിരുന്നു. അന്നുവരെ ഞാൻ മാപ്പിളഗാനങ്ങൾ കേൾക്കുകയല്ലാതെ പഠിച്ചിരുന്നില്ല. മൈലാഞ്ചിപ്പാട്ടുകളുടെ കുറെ കസെറ്റുകൾ കേട്ട് അവയുടെ ശൈലി സൂക്ഷ്മമായി മനസ്സിലാക്കി. അങ്ങനെയാണ് ഈ സംഗീതം ചെയ്തത്. പാട്ടു പുറത്തിറങ്ങിയ ശേഷം ഒട്ടേറെപ്പേർ അനുമോദനവുമായെത്തി. പക്ഷേ, അതിന്റെ ക്രെഡിറ്റ് മുഴുവൻ പ്രേം പ്രകാശിനും രചയിതാവ് കെ.ജയകുമാറിനും നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’

ഗാനരചയിതാവായ കെ.ജയകുമാർ പറയുന്നു. ‘കോഴിക്കോടൻ ജീവിതം എനിക്കു തന്ന പാട്ടാണിത്. ഞാനാണ് ഈ റമസാൻ ഗാനം എഴുതിയതെന്ന് അധികമാർക്കും അറിയില്ല. അറിയുന്നവർക്ക് അതൊരു കൗതുകവുമാണ്. ഈ പാട്ടിന്റെ സന്ദർഭം ചിത്രത്തിന്റെ അണിയറക്കാർ വിശദീകരിച്ചപ്പോൾ മനസ്സിൽ വന്നത് എന്റെ കോഴിക്കോടൻ ജീവിതമാണ്. ആ ഓർമയിൽനിന്നാണു പദങ്ങൾ പിറവിയെടുത്തത്.’

Guitar-Joseph-K-Jayakumar-and-Prem-Prakash
ഗിറ്റാർ ജോസഫ്, കെ.ജയകുമാർ, പ്രേം പ്രകാശ്

രചന സംബന്ധിച്ച ഒരു രഹസ്യംകൂടി അദ്ദേഹം പങ്കുവയ്ക്കുന്നു. ‘എന്റെ അച്ഛൻ (എം.കൃഷ്ണൻ നായർ)  സംവിധാനം ചെയ്ത ‘യത്തീം’ എന്നൊരു സിനിമയുണ്ട്. അതിൽ ‘അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ എല്ലാരുമെല്ലാരും യത്തീമുകൾ’ എന്നൊരു പാട്ടുണ്ട്. ഭാസ്കരൻ മാഷ് എഴുതി ബാബുരാജ് ഈണമിട്ടത്. ആ പാട്ടിന്റെ പ്രചോദനവും ഈ പാട്ടിൽ ഞാൻ സ്വീകരിച്ചിട്ടുണ്ട്. ’

പാട്ടിന്റെ ചരണത്തിലെ

‘ജീവിതത്തെരുവീഥികളിൽ

ദുഃഖവുമായ് നാമലയുമ്പോൾ

നബിവചനപ്പൂന്തേൻ മഴയിൽ

നെഞ്ചകപ്പൂ നിറയേണം

കദനത്തിൻ കരിമുകിലോ

ഒരു കാറ്റിൽ ചിതറേണം...’

എന്ന വരികളിൽ ജയകുമാർ സൂചിപ്പിച്ച ഈ സ്വാധീനം കാണാം. റമസാൻ കാലത്തിന്റെ ആത്മീയവെളിച്ചമാവുന്നു ഈ വരികൾ. കേവലം സിനിമാഗാനത്തിനപ്പുറം ഉള്ളിൽത്തട്ടുന്ന വരികൾ.

ജയകുമാർ കൂട്ടിച്ചേർക്കുന്നു:

 ‘ഏതു മതത്തിലായാലും ആത്മീയത ഒന്നുതന്നെയാണ്. ഒരു മതത്തിൽ വിശ്വസിക്കുന്നയാൾക്ക് മറ്റൊരു മതവിശ്വാസവും അതിന്റെ ആഴവും മനസ്സിലാക്കാ‍നും അതു ചോരാതെ അവതരിപ്പിക്കാനും കഴിയും. പദവിന്യാസത്തിലെ മാറ്റം മാത്രമേ ആവശ്യമുള്ളൂ. വരികൾ എഴുതിയശേഷം സംഗീതം നൽകിയ പാട്ടാണിത്. അതിന്റെ ഭംഗികൂടി രചനയിൽ ഉണ്ടാവും.’

തൊട്ടതെല്ലാം പൊന്നാക്കിയ ജോസഫ് ഏതാനും സിനിമകളേ ചെയ്തുള്ളൂ. സിനിമാലോകത്തു പിടിച്ചുനിൽക്കാൻ വേണ്ട മെയ് വഴക്കം അദ്ദേഹത്തിനില്ലായിരുന്നു. ‘സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസ്സുള്ള ജോലിയാണു ഭക്തിഗാനങ്ങൾക്കു സംഗീതം പകരുന്നത്.’ അദ്ദേഹം ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. 

കാവൽ മാലാഖമാരേ കണ്ണടയ്ക്കരുതേ..., അലകടലും കുളിരലയും...., രാത്രി രാത്രി രജതരാത്രി..., യഹോവയാം ദൈവമെൻ ഇടയനത്രേ.... തുടങ്ങിയ ഹിറ്റ് ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്കെല്ലാം ജോസഫിന്റെ സംഗീതമാണ്.

‘വളരെ കഴിവുള്ള മ്യൂസിക് ഡയറക്ടർ ആയിരുന്നു ജോസഫ്. ദൗർഭാഗ്യം കൊണ്ടു മാത്രമാണ് വളരെ പ്രശസ്തനാകാതിരുന്നത്. ഞങ്ങൾ ഒന്നിച്ചു ചെയ്തതെല്ലാം ഹിറ്റായിരുന്നു. അടിമുടി സംഗീതജ്ഞനായതു കൊണ്ട് എല്ലാത്തരം ഈണങ്ങളും ചെയ്യാൻ അദ്ദേഹത്തിനു കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെയാണ് മാപ്പിളശൈലിയിലുള്ള ഈ പാട്ടും അദ്ദേഹത്തെ വിശ്വസിച്ച് ഏൽപിച്ചത്. ഇന്നും മലയാള സിനിമയിലെ ഏറ്റവും നല്ല റമസാൻ ഗാനം ഇതുതന്നെയാണ്’ –നിർമാതാവ് പ്രേം പ്രകാശ് പറയുന്നു.

ഒരു കൗതുകം കൂടിയുണ്ട്. ഗിറ്റാർ ജോസഫ് സംഗീതം നൽകിയ എല്ലാ സിനിമാഗാനങ്ങളുടെയും രചന നിർവഹിച്ചതു കെ.ജയകുമാറാണ്.

ചക്രവാകത്തിന്റെ 

ആയിരം കാതം...

ഹർഷബാഷ്പം (1977) എന്ന സിനിമയിൽ കെ.എച്ച്.ഖാൻ സാഹിബിന്റെ വരികൾക്ക് എം.കെ.അർജുനൻ സംഗീതം നൽകിയ അനശ്വരഗാനമാണ് ‘ആയിരം കാതമകലെയാണെങ്കിലും... സംഗീതമാണ് ഈ ഗാനത്തിന്റെ സവിശേഷത. മാപ്പിളശൈലിയിലുള്ള ഗാനങ്ങൾക്കു സാധാരണയായി സിന്ധുഭൈരവി, വകുളാഭരണം, മൈനർ സ്കെയിലിലുള്ള നടഭൈരവി തുടങ്ങിയ രാഗങ്ങൾ ഉപയോഗിക്കുമ്പോൾ, തികച്ചും വ്യത്യസ്തമായ ചക്രവാകം അഥവാ ആഹിർ ഭൈരവ് എന്ന രാഗമാണ് ഈ ഗാനം ഒരുക്കാനായി എം.കെ.അർജുനൻ തിരഞ്ഞെടുത്തത്. ഒരു രാഗത്തിന്റെ ഭാവവും സംഗീതസംവിധായകന്റെ പ്രതിഭയും ചേരുമ്പോൾ സംഭവിക്കുന്ന  സവിശേഷ സൗന്ദര്യമാണ് ഈ ഗാനത്തിന്.

റസൂലേ നിൻ കനിവാലേ...

പ്രവാചകന്റെ കാരുണ്യം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചൊരാൾ കൃതജ്ഞതാഭരിതമായ മനസ്സോടെ ആ മഹത്വം വർണിക്കുന്നതാണ് ഈ ഗാനത്തിന്റെ പ്രമേയം. 1981ൽ ബോബൻ കുഞ്ചാക്കോ നിർമാണവും സംവിധാനവും നിർവഹിച്ച ‘സഞ്ചാരി’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയതാണ് ഈ ഹിറ്റ് ഗാനം. ഇതിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതും യേശുദാസ് തന്നെ. 

പ്രശസ്തമായ ഒരു അറബിഗാനത്തിന്റെ സംഗീതത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ‘റസൂലേ നിൻ കനിവാലേ...’ സൃഷ്ടിച്ചത്. വരികളെഴുതിയത് യൂസഫലി കേച്ചേരിയാണ്. സിനിമയിൽ ഇതു പാടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കെ.പി.ഉമ്മർ. യേശുദാസ് തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോ ആരംഭിച്ചപ്പോൾ ആദ്യം റിക്കോർഡ് ചെയ്തത് സഞ്ചാരിയിലെ ഗാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com