ADVERTISEMENT

‘100 രൂപായ് 100 രൂപായ് 100 രൂപായ്.....’

ടോൾ പ്ലാസയുടെ മുന്നിലെ നീണ്ട നിരയിൽ അക്ഷമയോടെ കിടന്നിരുന്ന ഓരോ വണ്ടിയുടെയും ചില്ലുകളിൽ അവർ മുട്ടി; അപ്പോഴുണ്ടാകുന്ന അവർ ഓരോരുത്തരുടെയും ഭാവവ്യത്യാസങ്ങൾ സ്വീകരിക്കാൻ തക്കവണ്ണം.

എല്ലാവരെയും പോലെ അച്ഛനും ചില്ലിന് ഇപ്പുറമിരുന്ന് വേണ്ടെന്ന് ആംഗ്യം കാണിച്ചു.

അവരും എല്ലാവരും ചെയ്യുംപോലെ ചില്ലിന് അപ്പുറംനിന്നു വീണ്ടും മുട്ടി.

‘അതങ്ങു വാങ്ങിച്ചേക്ക്. ഒന്നുമില്ലെങ്കിലും വെയിലടിക്കാതെ അവിടം വരെ പോകാലോ.’ അപ്പോഴേക്കും വണ്ടികൾ മുന്നോട്ടു നീങ്ങി. അമ്മ പറഞ്ഞതു മനസ്സിലായിട്ടെന്നപോലെ അവർ വീണ്ടും ഒരു വണ്ടിക്കപ്പുറം കടന്ന് ഞങ്ങളുടെ വണ്ടിക്കരികിലേക്കുതന്നെ വന്നു.

അച്ഛൻ 400 രൂപ കൊടുത്ത് നാലു ‘തണൽ’ വാങ്ങി. മൂടിക്കെട്ടാത്ത പിറകുവശത്തെ ഒരേയൊരു ചില്ലിലൂടെ പെട്ടെന്നു ഞാൻ പുറത്തേക്കു നോക്കി.

വീണ്ടും അതേ കാഴ്ച.

അവരുടെ കൂടെ ഒരു പെൺകുട്ടിയുണ്ടായിരുന്നു. ആ കുട്ടിയുടെ മുടിയിഴകൾ ആഴ്ചകളോളം കുളിക്കാത്തവിധം ചെമ്പിച്ച് ജടപിടിച്ച് അഴിഞ്ഞുകിടന്നു. തൊട്ടുതാഴെ റോഡരികിൽ കിടന്നിരുന്ന ഉറുമ്പരിക്കുന്ന മിഠായിക്കവറുകളിലേക്ക് ആ കുട്ടി നിർവികാരതയോടെ നോക്കുന്നുണ്ടായിരുന്നു. കയ്യിലൊട്ടിപ്പിടിച്ച മിഠായിയുടെ ബാക്കി ടിഷ്യുപേപ്പറുകൊണ്ട് തുടച്ചുകളഞ്ഞ് ഞാൻ വീണ്ടും തലയുയർത്തി നോക്കി. മെലിഞ്ഞു കൊലുന്നനെയുള്ള ശരീരത്തിൽ അയഞ്ഞു കിടന്നിരുന്ന നരച്ചവസ്ത്രത്തിൽ ആ പെൺകുട്ടി അപ്പോൾ തന്റെ കൈകൾ തുടയ്ക്കുന്നുണ്ടായിരുന്നു.

ആ സ്ത്രീ ഓറഞ്ചും ചുവപ്പും മഞ്ഞയുമൊക്കെ കലർന്ന നിലംമുട്ടുന്ന ഒരു പാവാടയും ടോപ്പുമാണു ധരിച്ചിരുന്നത്. മുഖം പാതിയോളം മറയ്ക്കാൻ തക്കവണ്ണം മുന്നോട്ടാഞ്ഞു കിടന്നിരുന്ന അവരുടെ ദുപ്പട്ടയുടെ അറ്റങ്ങൾ ഇരുകൈകളും നിറയെ ഇടകലർന്നു കിടന്നിരുന്ന കമ്പിവളകളോടും കുപ്പിവളകളോടും ചേർത്തുകെട്ടിയിരുന്നു. അവരുടെ വസ്ത്രത്തിൽ നിറയെ കണ്ണാടിത്തുണ്ടുകൾ പല ആകൃതിയിൽ വച്ചുപിടിപ്പിച്ചിട്ടുണ്ടായിരുന്നു. സൂര്യപ്രകാശത്തിൽ അതോരോന്നും വൈരക്കല്ലുപോലെ പ്രകാശിച്ചു. പക്ഷേ, ആ വൈരക്കല്ലുകളോരോന്നും അവരുടെ ദാരിദ്ര്യത്തെ പ്രതിഫലിപ്പിച്ചുകൊണ്ടേയിരുന്നു.

തുറന്നിട്ട ചില്ലിലൂടെ അകത്തേക്കോടിക്കയറിയ കാറ്റ് അലസമായി കെട്ടിയിരുന്ന എന്റെ മുടിയിഴകളിൽ ചിലതിനെ എന്റെ മുഖത്തേക്കു തന്നെ കൊണ്ടുവന്നിട്ടു. ഞാൻ പതിയെ കണ്ണുകൾ തുറന്നു.

ജാലകച്ചതുരത്തിന്റെ ഒരു ഭാഗത്ത് ചാരിക്കിടന്നുകൊണ്ടുതന്നെ ഞാൻ പുറത്തേക്കു നോക്കി.

നല്ല നിലാവ്.

ദൂരെ ഒരു മരത്തിന്റെ ഒന്നുരണ്ടു ചില്ലകൾ മാത്രം ഒരു വെളുത്ത ഗോളത്തിൽ മാലചാർത്തിയപോലെ നിൽക്കുന്നു. മാലയ്ക്കു പതക്കമെന്നോണം ഏതോ നിശാശലഭത്തിന്റെ ചിറകുകളും ആ മരക്കൊമ്പുകൾക്കു കൂട്ടുണ്ടായിരുന്നു.

ചിത്രകാരനു വരയ്ക്കാൻ മനോഹരങ്ങളായ ചിത്രങ്ങൾ!

എഴുത്തുകാരനു പുതിയ കഥാന്തരീക്ഷങ്ങൾ!

സാധാരണക്കാരന് ഒരുപിടി സ്വപ്നങ്ങൾ!

പിന്നെയുമെന്തേ രാത്രികൾ നിരാശരായി?

ഞാൻ പതിയെ കണ്ണുകൾ താഴ്ത്തി. അപ്പുറത്ത് ഏതോ കടത്തിണ്ണയുടെ മൂലയിൽ പല ആകൃതിയിലുള്ള അതേ വൈരക്കല്ലുകൾ ഓടിമറയുന്ന വണ്ടികളുടെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു; അതിനുചുറ്റും പല നിഴലുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com