ADVERTISEMENT

വിനോയ് തോമസ് കുട്ടികൾക്കായി എഴുതുന്ന നോവൽ  ആരംഭിക്കുന്നു...

മിന്നൽക്കൊമ്പനെന്ന കാട്ടാനയെ മയക്കുവെടിവച്ചു പിടിക്കണം. അതു നാട്ടുകാരുടെ മുഴുവൻ ആവശ്യമാണ്. അതിനുവേണ്ടി മയക്കുവെടി വിദഗ്ധനായ പ്രിന്റുഡോക്ടറെയാണ് വനംവകുപ്പുകാർ ആദ്യം വിളിച്ചത്.

കാര്യംപറഞ്ഞാൽ പ്രിന്റുഡോക്ടർ മയക്കുവെടി വച്ച് ആനകളെ വീഴിച്ചിട്ടൊക്കെയുണ്ട്. പക്ഷേ, ഇക്കുറി പിടിക്കേണ്ടത് മിന്നൽക്കൊമ്പനെയാണല്ലോ. വാലിൻതുമ്പുതൊട്ട് തുമ്പിക്കൈയുടെ അറ്റംവരെ പ്രശ്നക്കാരനാണത്രേ ആ കൊമ്പൻ‍‍. അതുകൊണ്ട് തന്റെ ആശാനായ താരപ്പൻഡോക്ടറോട് ഇക്കാര്യത്തിനു കൂട്ടുവരണമെന്ന് പ്രിന്റു പറഞ്ഞു.

വന്നു, പുത്തൻതരം സൂചിയും കുഴലുമൊക്കെയായിട്ട് താരപ്പൻഡോക്ടർ വെടിച്ചില്ലൻകാറിൽക്കിടന്നു വന്നു. പക്ഷേ, ആന നിൽക്കുന്ന കുന്നിലേക്കു കാറു കയറില്ലല്ലോ. കുഴലും കോപ്പുമെല്ലാം കാറിൽനിന്നിറക്കി നാടൻജീപ്പിൽ കയറ്റി.

‘‘പോട്ടെ, മിന്നൽക്കൊമ്പൻ നിൽക്കുന്ന ആ തെങ്ങുംകുന്നിലേക്കു വണ്ടി പോട്ടെ.’’ ജീപ്പിന്റെ മുൻസീറ്റിൽ കയറിയിരുന്നുകഴിഞ്ഞപ്പോൾ ആശാൻ ഡോക്ടർ പറഞ്ഞു.

തെങ്ങുംകുന്നിൽ മിന്നൽക്കൊമ്പൻ നിൽക്കുന്നു എന്നുപറയുമ്പോൾ അവന്റെ സ്വന്തം ഇഷ്ടത്തിലങ്ങനെ നിൽക്കുകയാണെന്നു വിചാരിക്കരുത്. കാട്ടിലെ ആനകളും നാട്ടിലെ നാട്ടുകാരും തമ്മിലുള്ള ഓടിപ്പിടിത്തംകളിയുടെ വലിയ കഥയുണ്ട് ആ നിൽപിനു പിന്നിൽ.

കാട്ടിൽ ഒന്നുമില്ലാത്തതുകൊണ്ട് ആനകൾക്കു വിശപ്പു വരുമ്പോൾ നാട്ടിലേക്കിറങ്ങി കണ്ടതെല്ലാം പറിച്ചുതിന്നും. വിശപ്പു പോകാനാണെന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ. നാട്ടുകാരുടെ കൃഷിയല്ലേ പോകുന്നത്.

ആനകളുടെ ശല്യം തീർക്കണം. അതിനുവേണ്ടി ‍വനംവകുപ്പുകാർ കാടിന്റെ അതിർത്തിയിൽ വലിയ ആനമതിൽ പണിതു. കാഴ്ചയ്ക്ക് ഉഗ്രൻ മതിലായിരുന്നു അത്. പക്ഷേ, മതിലിന്റെ പണിയെടുത്തവർ കോൺക്രീറ്റുകൂട്ടിൽ‍ വേണ്ടത്ര സിമന്റ് ചേർത്തില്ല. അതുകൊണ്ടെന്തുപറ്റി? ആനകൾ വന്നു മതിലിൽ തട്ടിയപ്പോൾ അതിന്റെ പല ഭാഗവും പൊളിഞ്ഞു പാളീസായി.

ഇന്നലെ ഉച്ചകഴിഞ്ഞ് കാട്ടരികിലൂടെ നടക്കുമ്പോൾ‍ മിന്നൽക്കൊമ്പൻ ആനമതിലിലെ ഒരു വമ്പൻ വിടവു കണ്ടു. ആ വഴി ചുരുട്ട്യാലൻ ശ്രീധരേട്ടന്റെ തെങ്ങുംപറമ്പിലേക്കിറങ്ങാൻ എളുപ്പമാണ്. മിന്നൽക്കൊമ്പൻ പിന്നെ ഒന്നും ആലോചിച്ചില്ല, മതിൽവിടവിലൂടെ തെങ്ങുംപറമ്പിലേക്കിറങ്ങി. തെങ്ങുകൾ കുത്തിമറിച്ച് അതിന്റെ കൂമ്പു തിന്നുക എന്നുള്ളതായിരുന്നു അവന്റെ പരിപാടി.

നല്ല നട്ടവെളിപ്പകല്, ആളുകൾ നോക്കിയിരിക്കുകയല്ലേ. മിന്നൽക്കൊമ്പനിറങ്ങിയേ... എന്നു വിളിച്ചുകൂകിക്കൊണ്ട് നാട്ടുകാര് പരക്കംപായാതിരിക്കുമോ. പാഞ്ഞു, പരക്കോം പരപരക്കോം പാഞ്ഞു. മിന്നൽക്കൊമ്പനെ പിടിക്കാൻ കാത്തിരുന്ന വനംവകുപ്പുകാർ പ്രിന്റുഡോക്ടറെ വിളിക്കുകയും ചെയ്തു.

‍ആശാനെയുംകൂട്ടി ഡോക്ടർ വരുന്നതുവരെ മിന്നലിനെ തിരിച്ചു കാട്ടിലേക്കു വിടാതെ നോക്കണമല്ലോ. കൂട്ടംകൂടാനും തെറിയും ബഹളവുമുണ്ടാക്കാനും നാട്ടുകാരെ കിട്ടും. അല്ലാതെ മിന്നൽക്കൊമ്പനെ തടഞ്ഞുനിർത്താനൊന്നും അവരെക്കൊണ്ടു പറ്റില്ല. അതിനു താപ്പാനകളും ഫോറസ്റ്റുകാരുമല്ലേയുള്ളൂ. സന്ധ്യയായപ്പോഴേക്കും അവരെല്ലാം ഉഷാറായി മിന്നൽക്കൊമ്പന്റെ പിറകേകൂടി.

ആനമതില് പൊളിഞ്ഞിടത്തെല്ലാം വലിയ മരങ്ങൾ പിടിച്ചുകൂട്ടിയിട്ട് തീ കത്തിച്ചു. ശ്രീധരേട്ടന്റെ തെങ്ങുംപറമ്പിൽ അവിടെയുമിവിടെയുമായി അഞ്ചാറു താപ്പാനകളെ നിരത്തിനിർത്തി. മിന്നൽക്കൊമ്പൻ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങുമ്പോൾ താപ്പാനകൾ ചെന്നു തടയും. അങ്ങനെ തീവട്ടവും ആനവട്ടവുംകൊണ്ട് രാത്രി മുഴുവൻ മിന്നൽക്കൊമ്പനെ തടഞ്ഞുവച്ചു‍. ഇനിയിപ്പോൾ മയക്കുവെടിക്കാർ വന്നല്ലോ. കുറച്ചുസമയത്തിനുള്ളിൽ അവൻ കൂട്ടിലാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

കൊമ്പനെ കാണാൻപാകത്തിൽ ജീപ്പു നിർത്തി ആശാൻഡോക്ടർ നിലത്തു കാലുകുത്തിയതേ പുറംകഴുത്തിലേക്ക് ഒരു തുള്ളി വെള്ളം വീണു.

ശ്ശെടാ, ഇതെവിടുന്നാണ് ഇങ്ങനെ വെള്ളം വീഴുന്നത് എന്നുവിചാരിച്ച് താരപ്പൻഡോക്ടർ‍ മുകളിലേക്കു നോക്കി. മുകളിലുള്ള‍ ആകാശത്തിലെ കളി കണ്ടപ്പോൾ ആശാന്റെയും ശിഷ്യന്റെയും ദേഹംമൊത്തം വല്ലാത്തൊരു അമ്പരപ്പ് കുടുങ്ങാൻ തുടങ്ങി. അകാശത്തിൽ നിറയെ പെയ്യാൻ മുട്ടിനിൽക്കുന്ന മേഘങ്ങൾ വന്നു നിറഞ്ഞിരിക്കുന്നു.

‘‘അല്ലെടാ പ്രിന്റൂ, നമ്മൾ ജീപ്പിൽ കയറുമ്പോൾ നല്ല വെയിലല്ലാരുന്നോ? കണ്ണടച്ചു തുറക്കുന്നതിനു മുൻപെങ്ങനെയാ ഇത്രയും മേഘങ്ങള് കൂടിയത്?’’

‘‘ആർക്കറിയാം. കാലാവസ്ഥേന്റെ ഓരോ കളിയല്ലേന്ന്.’’ കളിയൊന്നുമറിയാത്ത പ്രിന്റുഡോക്ടറും കുറ്റംപറഞ്ഞത് കാലാവസ്ഥയെയാണ്.

ഇതു കളി വേറെയാണല്ലോ. പിടിക്കാൻ പോകുന്നതു മിന്നൽക്കൊമ്പനെയാണ്. അപ്പോൾ ആകാശത്തിനു വെറുതെയിരിക്കാൻ പറ്റുമോ? ഇല്ലേയില്ല. തുടങ്ങി, ആകാശം മഴക്കളിയങ്ങു തുടങ്ങി. ആനയലർച്ച പോലും കേൾക്കാൻ പറ്റാത്തത്ര ഒച്ചയും ബഹളവുമായിട്ടാണു മഴ വന്നത്.

ഒരു വകതിരിവില്ലാത്ത മഴ ഇപ്പോഴിങ്ങനെ പെയ്യുന്നതുകൊണ്ട് പല കുഴപ്പങ്ങളുമുണ്ടല്ലോ എന്ന് താരപ്പൻഡോക്ടർ ഓർത്തു. ആ ഓർമ ഉച്ചത്തിലങ്ങോട്ടു പറയുകയും ചെയ്തു.

‘‘കർട്ടൻപോലെ മഴവെള്ളമാണല്ലോടാ പ്രിന്റൂ കൺമുന്നില്. എവിടെ നോക്കിയാടാ ഇനി വെടിവയ്ക്കുക?’’

‘‘സൂക്ഷിക്കണേ സാറേ, ആനയിങ്ങോട്ടു വന്നാൽപോലും കാണാൻ പറ്റില്ല.’’

പ്രിന്റു പറഞ്ഞത് ആശാൻഡോക്ടർ കേട്ടില്ലെങ്കിലും മിന്നൽക്കൊമ്പൻ കേട്ടു. എന്നാൽ, അങ്ങനെതന്നെ ചെയ്യാമെന്നു കരുതി അവൻ ഡോക്ടർമാരുടെയടുത്തേക്ക് മഴയിലൂടെ നടക്കാൻ തുടങ്ങി.

ആശാൻഡോക്ടർ എന്തായാലും ആശാനല്ലേ. അങ്ങേര് സിറിഞ്ചു നിറച്ചുവച്ചിരിക്കുന്ന തോക്കെടുത്തു. മഴയൊന്നടങ്ങുന്നപാടേ കൊമ്പനിട്ടു കാച്ചാമെന്നു കരുതിയാണ് പുള്ളിയത് എടുത്തത്. അങ്ങനെ വെടിവയ്ക്കണമെങ്കിൽ അവൻ എവിടെയാണു നിൽക്കുന്നതെന്ന് ഉറപ്പുവരുത്തണം.

ആശാൻഡോക്ടർ ശിഷ്യനോടു വരാൻ പറഞ്ഞിട്ട് കുറച്ചു മുൻപോട്ടു നടന്നു. എന്നിട്ട് കണ്ണിന്റെ മുകളിലേക്കു മെത്തിമെത്തി ചാടുന്ന വെള്ളം നെറ്റിയിൽനിന്നു തുടച്ചുകളഞ്ഞു. വീണ്ടും കണ്ണിലേക്കു വെള്ളമിറങ്ങാതിരിക്കാൻ പുരികത്തിൽ കൈവച്ചു തടഞ്ഞ് കണ്ണുതുറന്നൊന്നു നോക്കി.

ഇല്ല, നേരത്തേ നിന്ന സ്ഥലത്ത് ഇപ്പോൾ മിന്നൽക്കൊമ്പനില്ല.

‘‘ശ്ശെടാ ഭയങ്കരാ, ഇവനിതെങ്ങോട്ടുപോയി?’’

ആശാൻ ശിഷ്യൻ കേൾക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ചോദിച്ചു. പക്ഷേ, ശിഷ്യൻ ചോദ്യം കേട്ടു.

‘‘സാറേ, അവനങ്ങനത്തെ ചില മായോം മന്ത്രോം ഉള്ളവനാണെന്നാ നാട്ടുകാര് പറയുന്നെ. എനിക്കു പേടിയാകുന്നുണ്ട് കേട്ടോ.’’

ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാത്തവിധം മഴ പെയ്യുകയാണ്. വെള്ളത്തിന്റെ ഇരുട്ടിൽപെട്ടതുപോലെ ഒരു തോന്നൽ‍ വന്നതുകൊണ്ട് ആശാനും ചങ്കു പതറിത്തുടങ്ങിയിരുന്നു. ആശാൻ ശിഷ്യനോടും ശിഷ്യൻ ആശാനോടും കൂടുതൽ അടുത്തു.

‘‘നീ പേടിക്കാതെ പ്രിന്റൂ, ഞാൻ എത്ര ആനകളെ കൈകാര്യം ചെയ്തിട്ടുള്ളതാ.’’ ആശാൻഡോക്ടർ പറഞ്ഞു.

‘‘സാറ് ആനകളെ മഴയത്തു കൈകാര്യം ചെയ്തിട്ടുണ്ടോ?’’

ആ ചോദ്യത്തിനു മറുപടിയായി ഒരു മുട്ടൻ നുണ പറയാൻവേണ്ടി ആശാൻ തിരിഞ്ഞു. പക്ഷേ, ഒന്ന് ഒച്ചയെടുക്കാൻപോലും കഴിയാത്തരീതിയിൽ പേടിയുണ്ടാക്കുന്ന കാഴ്ചയാണ് അങ്ങേര് കണ്ടത്.

തങ്ങൾ വന്ന ജീപ്പ് ഒരു നാലഞ്ചടി ഉയരത്തിൽ വായുവിലങ്ങനെ നിൽക്കുന്നു. അതിന്റെ ചക്രങ്ങൾക്കിടയിലൂടെ മിന്നലുപോലെ തിളങ്ങുന്ന രണ്ടു കൊമ്പുകൾ നീണ്ടിട്ടുണ്ട്.

ആ കാഴ്ച കണ്ടതേ പ്രിന്റുഡോക്ടർ‍ അലറിക്കൊണ്ട് ഓടിമാറി ഒരു പാറയുടെ മുകളിൽനിന്നു താഴേക്കു ചാടി. അന്തോംകുന്തോമില്ലാത്ത ആ ചാട്ടത്തിൽ പാറയുടെ താഴെയെത്തിയ ഡോക്ടർക്ക് എവിടെയൊക്കെയാണ് പരുക്കുപറ്റിയതെന്നു നോക്കാനുള്ള‍ സമയംപോലും കിട്ടിയില്ല. അതിനുമുൻപ് കീറിപ്പറിഞ്ഞ ജീപ്പ് തലയ്ക്കു മുകളിലൂടെ താഴേക്കു പോകുന്നതു ഡോക്ടർ കണ്ടു.

ജീപ്പെടുത്ത് എറിഞ്ഞുകളഞ്ഞു. ഇനിയെന്താണു ചെയ്യേണ്ടതെന്ന് മിന്നൽക്കൊമ്പനു തിരിപാട് കിട്ടിയില്ല. മൊത്തത്തിൽ ഒരമ്പരപ്പ് വന്നിരിക്കുന്നു.

അവൻ കുറച്ചുനേരം ആ പാറയ്ക്കു മുകളിൽനിന്നു താഴേക്കൊക്കെയൊന്നു നോക്കി. പൊളിഞ്ഞുകിടക്കുന്ന ജീപ്പല്ലാതെ കാര്യമായിട്ടൊന്നും കാണാനില്ല. പെട്ടെന്ന് വേറൊരു കാര്യം ഓർമയിൽ വന്നതുകൊണ്ട് മിന്നൽക്കൊമ്പൻ വളരെ വേഗത്തിൽ തിരി‍ഞ്ഞോടി.

ആ ഓട്ടം തന്റെ ആശാനെ കണ്ടിട്ടാണെന്നും ഇനിയൊരു വെടിവയ്ക്കാൻ ആശാൻ ബാക്കിയുണ്ടാകില്ലെന്നും പ്രിന്റു ഡോക്ടർ വിചാരിച്ചു.

പക്ഷേ, ആന ഓടിയത് വേറെ ആവശ്യത്തിനാണ്. മഴയങ്ങോട്ടു പൊട്ടിച്ചിതറി പെയ്യുന്നതുകൊണ്ട്‍ ഫോറസ്റ്റുകാര് കൂട്ടിയിരുന്ന തീയെല്ലാം കെട്ടുപോയിരുന്നല്ലോ. ആ തക്കത്തിന് ആനമതിൽവിടവിലൂടെ കാട്ടിലേക്കു രക്ഷപ്പെടാം എന്നതായിരുന്നു മിന്നൽക്കൊമ്പന്റെ പ്ലാൻ.

ഭീകരമായി അലറിക്കൊണ്ടുള്ള മിന്നലാന്റെ ഓട്ടം കണ്ടപ്പോൾ അവനെ തടയാൻ‍വേണ്ടി മസിലു പിടപ്പിച്ചുനിന്ന താപ്പാനകളെല്ലാം പേടിച്ചുപോയി. അങ്ങോട്ടുമിങ്ങോട്ടും തിരിയാതെ കാട്ടിലേക്കു മാത്രം നോക്കിയുള്ള ഓട്ടമാണ് മിന്നൽക്കൊമ്പൻ നടത്തുന്നത്.

മതിൽ പൊളിഞ്ഞയിടത്ത് ആ ഓട്ടം അവസാനിക്കുമ്പോൾ മിന്നൽക്കൊമ്പന് ആശ്വാസമായി. അവിടെ ഒട്ടും തീയില്ല. കരിഞ്ഞുകിടക്കുന്ന വലിയ മരങ്ങളെല്ലാം വാരിയെറിഞ്ഞ് മതിൽവിടവിലേക്കു കയറാൻ തുടങ്ങിയ മിന്നൽക്കൊമ്പൻ സന്തോഷംകൊണ്ട് ഒന്നുകൂടി അലറി. പക്ഷേ, തീയെക്കാൾ വലിയ അപകടമാണ് തന്റെ മുന്നിലുള്ളതെന്ന് അവൻ അറിഞ്ഞില്ല.

തുടരും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com