ADVERTISEMENT

വിഖ്യാത ഫ്രഞ്ച് ഫൊട്ടോഗ്രഫർ ഹെൻറി കാർട്ടിയെ ബ്രസൊൻ  ഏഴു പതിറ്റാണ്ടു മുൻപു ‘കണ്ടെടുത്ത’ കലാമണ്ഡലം ഗോപി....

കലാമണ്ഡലത്തിലെ ഒരു കുസൃതിക്കാരൻ കുട്ടിയുടെ കമനീയമായ നോട്ടം. ഇന്ത്യൻ സഞ്ചാരത്തിനിടെ കഥകളിയെക്കുറിച്ചു കേട്ടറിഞ്ഞു തൃശൂരിലെ ചെറുതുരുത്തിയിലെത്തിയ ഫ്രഞ്ച് ഫൊട്ടോഗ്രഫർ ഹെൻറി കാർട്ടിയെ ബ്രസൊന്റെ ക്യാമറക്കണ്ണുടക്കിയത് ചായം തേക്കാതെയും ലക്ഷണമൊത്ത ആ മുഖക്കാഴ്ചയുടെ വശ്യതയിലാകണം. ആട്ടവിളക്കിന്റെ പ്രഭയെ പ്രതിഭകൊണ്ടു പതിന്മടങ്ങാക്കുന്ന കലാമണ്ഡലം ഗോപിയായി ആ കുട്ടി വളർന്നു വലുതാകുമെന്ന ദൂരക്കാഴ്ച തീർച്ചയായും ബ്രസൊന്റേതാണ്.  

ഏഴു പതിറ്റാണ്ടു മുൻപ്, വടിവൊത്തു വളഞ്ഞും ഇടതുകൈ ജാലകപ്പടിയിലൂന്നിയും വലതുകൈ കൊണ്ടു ഗ്രന്ഥത്താൾ  മറിക്കാനോങ്ങിയും തെല്ലു നാണത്തോടെ എന്നാൽ, അതിലേറെ ചൈതന്യത്തോടെ വെളിച്ചത്തിലും നിഴലിലും നിൽക്കുന്ന 14 വയസ്സുള്ള ഗോപിയെയാണ് തന്റെ പ്രിയപ്പെട്ട ലെയ്ക ക്യാമറയിൽ ബ്രസൊൻ ഒപ്പിയെടുത്തത്. കൂടാതെ കഥകളി പരിശീലനത്തിന്റെ ദൃശ്യങ്ങളും. 

ഹെൻറി കാർട്ടിയെ ബ്രസൊനു വേണ്ടി പോസു ചെയ്ത ഈ ബാല്യകാല സ്മരണയാണ് ഇത്തവണ ജന്മദിനത്തിൽ ഗോപിയാശാന്റെ മനസ്സിന്റെ കളിയരങ്ങിൽ താളം ചവിട്ടുന്നത്. ഒപ്പം, ബ്രസൊൻ പകർത്തിയ ഫോട്ടോകളിലെ ആ 14 വയസ്സുകാരൻ ആരെന്നുപോലും അറിയാതെ ഒരു രാജ്യാന്തര പ്രസാധകർ അവരുടെ ഇംഗ്ലിഷ് ചരിത്രനോവലിന് അതു കവർചിത്രമാക്കിയിരുന്നു എന്നുള്ള പുതിയ അറിവിന്റെ അദ്‌ഭുതരസവും. 

തീയതി പ്രകാരം 1937 മേയ് 25 ആണു ജന്മദിനം. അത്തം നക്ഷത്രം. അതനുസരിച്ചുള്ള പിറന്നാൾ നാളെയാണ്; 83 വയസ്സ്. ജീവചരിത്രങ്ങളും ആട്ടക്കഥാപഠനങ്ങളും വായിച്ചിരിക്കുന്ന ഇക്കാലത്തുനിന്നു പിന്നോട്ടു നടക്കുമ്പോൾ ഓർമകളുടെ ഭാരതപ്പുഴ കൂലംകുത്തിയൊഴുകുകയാണ്. പക്ഷേ, കാർട്ടിയെ ബ്രസൊൻ പടമെടുത്ത ഓർമയ്ക്ക് അത്ര തെളിച്ചം പോരാ. ഫ്രഞ്ച് പടംപിടിത്തക്കാരന്റെ വരവും വിശദാംശങ്ങളും മനസ്സിലില്ല, പക്ഷേ അന്നു തനിക്കു 14 വയസ്സാണെന്നു മാത്രം നിശ്ചയം. 

1951ൽ 13 വയസ്സുള്ളപ്പോഴാണു കലാമണ്ഡലത്തിൽ ചേർന്നത്. പുഴയിലേക്കു പല തവണ കരണംമറിഞ്ഞു ചാടി നീന്തിത്തുടിച്ചും കലാമണ്ഡലത്തിലെ ചത്ത ക്ലോക്ക് അഴിച്ചെടുത്തു തുറന്നുനോക്കി അടയ്ക്കാനാകാതെ പ്രയാസപ്പെട്ടും വികൃതി ആവോളം കാട്ടിയ, എന്നാൽ പ്രതിഭയുടെ കനൽശോഭ കൊണ്ടു സകല ഗുരുക്കന്മാരുടെയും ഹൃദയം കവർന്ന വിദ്യാർഥി. ‘ഒരു ബീഡി തര്വോ’ എന്നു പുതുതായി വന്ന പത്മനാഭൻ നായരാശാനോട് ഗമയിൽ ചോദിച്ചതും സൗമ്യനായ അദ്ദേഹം ‘ഇപ്പോൾ കയ്യിലില്ല, പിന്നെ തരാം’ എന്നു മറുപടി നൽകിയതും പുതിയ അധ്യാപകനോടാണു താൻ ബീഡി ചോദിച്ചതെന്നു പിന്നീടു തിരിച്ചറിഞ്ഞു വിഷണ്ണനായതുമെല്ലാം ഗോപിയാശാൻ ആത്മകഥയിൽ വിസ്തരിച്ചു പറഞ്ഞിട്ടുണ്ടല്ലോ. 

keerthik
കീർത്തിക് ശശിധരൻ

എന്തായാലും, കുസൃതിയും ഒപ്പം അനന്യതയും ഒറ്റ നോക്കിലേ വ്യക്തമാകുന്ന ചിത്രങ്ങളാണു ബ്രസൊൻ അന്നെടുത്തത്. സൈക്കിളിൽ കയറ്റി  റോക്കറ്റ് കൊണ്ടുപോകുന്ന തുമ്പയിൽനിന്നുള്ള ബ്രസൊൻ ചിത്രത്തിലേതുപോലെ, കാലത്തിന്റെ മുദ്ര പതിഞ്ഞ  ഗോപിച്ചിത്രം. 

ന്യൂയോർക്കിൽ നിന്നു തിരികെ

ഗോപിയാശാൻ പോലും മറന്ന ഫോട്ടോകൾ തിരശീല നീക്കി വീണ്ടും അരങ്ങത്തുവന്നത് ഏതാനും വർഷം മുൻപ് ന്യൂയോർക്കിലാണെന്ന കൗതുകമുണ്ട്. വേദി ന്യൂയോർക്ക് പബ്ലിക് ലൈബ്രറി. കീർത്തിക് ശശിധരൻ എന്ന യുവ എഴുത്തുകാരൻ പുതിയ പുസ്തകത്തിനുവേണ്ട ഗവേഷണവുമായി അവിടെ കഴിയുമ്പോൾ പരതാനിടയായ പഴയ കാറ്റലോഗുകളിലുണ്ടായിരുന്നു ബ്രസൊൻ എടുത്ത അപൂർവ ചിത്രങ്ങൾ. 

അവയിലതാ, കേരളത്തിലെ കഥകളി കളരികളും. ചെറുതുരുത്തി കലാമണ്ഡലം ഫ്രെയിമുകളിലെ ആ ഗുരുക്കന്മാരെയും വിദ്യാർഥികളെയും തിരിച്ചറിയാനാകുന്നുണ്ടോ എന്നു ചോദിച്ച് കഥകളി കലാകാരനായ അച്ഛൻ കോട്ടക്കൽ ശശിധരന് കീർത്തിക് അതെല്ലാം അയച്ചുകൊടുത്തു. 

കോട്ടക്കൽ ശശിധരനാണു ചിത്രങ്ങളിൽ ചിലതിൽ ഗോപിയാശാന്റെ ബാലമുഖം തിരിച്ചറിഞ്ഞത്. വലിയ പ്രിന്റ് എടുത്തു ഗോപിയാശാനു തന്നെ അയച്ചുകൊടുത്തു സ്ഥിരീകരിച്ചു. എന്തൊരു ആനന്ദ നിമിഷം! 

കാമില ഷംസി എന്ന ബ്രിട്ടിഷ് – പാക്കിസ്ഥാനി നോവലിസ്റ്റിന്റെ ‘എ ഗോഡ് ഇൻ എവരി സ്റ്റോൺ’ (2014) എന്ന ചരിത്രനോവലിന്റെ ആദ്യ പതിപ്പിനു കവറായത് ഇതിലൊരു ചിത്രമാണെന്നതാണ് ഏറ്റവും പുതിയ വിവരം. ‘അതും അറിയില്യാർന്നു’ - ഹൃദയം നിറഞ്ഞു‌ ചിരിച്ച് ഗോപിയാശാൻ പറയുന്നു. 

പെഷാവറും ലണ്ടനുമെല്ലാം കഥാഭൂമികയായുള്ള നോവലിന് ബ്രസൊൻ എടുത്ത കേരളചിത്രം നൽകിയതിന്റെ അനൗചിത്യം തിരിച്ചറിഞ്ഞു കൊണ്ടാകാം, പിന്നീടുള്ള പതിപ്പിനു പുതിയ കവർചിത്രം വന്നു. 

കഥകളി കണ്ട ബ്രസൊൻ

ഫോട്ടോ ജേണലിസ്റ്റായി ഊരുചുറ്റാനിറങ്ങിയ ബ്രസൊൻ, മഹാത്മാ ഗാന്ധിയെ കാണാനായി 1947ൽ ആണ് ആദ്യമായി ഇന്ത്യയിലെത്തിയത്. ശല്യപ്പെടുത്താതിരിക്കാനായി ഫ്ലാഷ് ഇല്ലാതെ പടങ്ങളെടുക്കാൻ അദ്ദേഹം കാണിച്ച ശ്രദ്ധ ഗാന്ധിഹൃദയം കവർന്നു. ആദ്യ സന്ദർശനം കഴിഞ്ഞിട്ടും കാന്തം പോലെ ഇന്ത്യ വീണ്ടും വീണ്ടും ബ്രസൊനെ വലിച്ചടുപ്പിച്ചു. പിന്നെ പലതവണ കേരളത്തിലുൾപ്പെടെ വന്നുകൊണ്ടേയിരുന്നു.

cartier-bresson
ഹെൻറി കാർട്ടിയെ ബ്രസൊൻ

ഒരുതവണ അദ്ദേഹത്തെ വശീകരിച്ചു കളഞ്ഞതു ചെറുതുരുത്തിയിലെ കലാമണ്ഡലം കഥകളിച്ചിട്ടകൾ. ബാലകരുടെ മെയ്‌വഴക്കവും ഗുരുക്കന്മാരുടെ ഉഗ്രശാസനകളും ഉഴിച്ചിലും ചുട്ടിയും ചായവും എല്ലാം കണ്ടു വിസ്മയിച്ച ആ ഫ്രഞ്ചുകാരന്റെ ക്യാമറയുടെ ആനന്ദനടനമായിരുന്നു പിന്നെ.

പല കാലങ്ങളിലുള്ള കേരളചിത്രങ്ങളിൽ ഒന്നിന്റെ മറുപുറത്തു ബ്രസൊൻ സ്വന്തം കൈപ്പടയിൽ ഫ്രഞ്ചിൽ എഴുതിയ കുറിപ്പുണ്ട്. സ്വിസ് ക്യാമറ മാഗസിന്റെ റൊമിയോ മാർടിനെസിനെ അഭിസംബോധന ചെയ്തുള്ള വരി ഇങ്ങനെ: ‘ജീവജലം പകർന്നു കഥകളിക്കു പുനർജന്മം നൽകിയ കവി വള്ളത്തോളിനെ കാണാൻ പോയപ്പോൾ എടുത്തത്. കാലം 1947.’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com