നെല്ലിപ്പലക കണ്ടു; ഒന്നല്ല, ഒരായിരം വട്ടം

nellipalaka
1, നെല്ലിപ്പലക 2, നിർമാണം പൂർത്തിയായ നെല്ലിപ്പലകയുമായി ബാലൻ ആചാരിയും രാമചന്ദ്രൻ ആചാരിയും
SHARE

കിണറിനുള്ളിൽ സ്ഥാപിക്കുന്ന നെല്ലിപ്പലകകൾ 

ആയിരത്തിലേറെ നിർമിച്ചു കഴിഞ്ഞ കുടുംബം..

ക്ഷമയുടെ നെല്ലിപ്പലകയൊക്കെയെന്ത്? ആയിരത്തിലേറെ യഥാർഥ നെല്ലിപ്പലകകൾ കണ്ടുകഴിഞ്ഞു, തൃശൂർ കാറളത്തെ 90 വയസ്സിലെത്തിയ വടക്കൂട്ട് ബാലൻ ആചാരിയും കുടുംബവും. ഭൂഗർഭജല ശുദ്ധീകരണവുമായി ബന്ധപ്പെട്ട പൗരാണിക അറിവ് അടിസ്ഥാനമാക്കി നിർമിക്കുന്ന നെല്ലിപ്പലക കിണറിനുള്ളിൽ സ്ഥാപിച്ചു കഴിയുമ്പോൾ ഉടമസ്ഥന്റെ മുഖത്തു വിരിയുന്ന സംതൃപ്തിയാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

തലമുറകളായി കൈമാറിക്കിട്ടിയ അറിവുപയോഗിച്ച് ഈ കുടുംബം കലപ്പ, ഞവിരി, പല്ലംമുട്ടി, നുകം, ചക്രം തുടങ്ങിയ പല കൃഷിയുപകരണങ്ങളും ഇന്നും നിർമിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം, അപൂർവമായിക്കൊണ്ടിരിക്കുന്ന നെല്ലിപ്പലകകളും കിണറുകളിൽ സ്ഥാപിക്കുന്നു. 

പണ്ടൊക്കെ വർഷത്തിൽ ഇരുപതിലേറെ നെല്ലിപ്പലകകളെങ്കിലും സ്ഥാപിച്ചു നൽകിയത് ഓർമയിലുണ്ടെന്ന് ബാലൻ ആചാരിയുടെ മകൻ രാമചന്ദ്രൻ ആചാരി പറയുന്നു. അദ്ദേഹത്തിന്റെ മകനായ അരുൺ ആചാരിയും ഇപ്പോൾ നെല്ലിപ്പലക നിർമാണ രംഗത്തേക്ക് എത്തിക്കഴിഞ്ഞു. മൂന്നു തലമുറകളിലേറെയായുള്ള ഇവരുടെ കരവിരുതിലും അറിവിലും വിരിഞ്ഞ ആയിരത്തിലേറെ നെല്ലിപ്പലകകളെങ്കിലും വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ ഇതിനകം തെളിനീരുറവ സൃഷ്ടിച്ചിട്ടുണ്ട്.

nellipalaka-family
ചെറുമകൻ അരുൺ ആചാരി, മക്കളായ രാമചന്ദ്രൻ ആചാരി, വിജയകുമാർ ആചാരി എന്നിവരോടൊപ്പം ബാലൻ ആചാരി.

ക്ഷമയുടെ മരം

പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നാണു പലക നിർമാണത്തിനാവശ്യമായ നെല്ലിമരങ്ങൾ കൂടുതലും ലഭിക്കുന്നത്. മരം സംഘടിപ്പിക്കുകയെന്ന ജോലി തന്നെയിപ്പോൾ ‘ക്ഷമയുടെ നെല്ലിപ്പലക’ കാണിക്കുന്ന ഒന്നാണ്. മരത്തിന്റെ കുറവും ഉള്ള മരങ്ങൾ വിൽക്കാൻ ഉടമസ്ഥർ ഇഷ്ടപ്പെടാത്തതുമാണു കാരണം. പലരും ജന്മനക്ഷത്ര മരമായി കണക്കാക്കി നട്ടുപരിപാലിക്കുന്ന നെല്ലി മുറിക്കാൻ സമ്മതിക്കാറില്ല. 

നെല്ലിയുടെ തടിക്കു ചുവപ്പുനിറമാണ്. വെള്ളത്തിൽ വളരെക്കാലം കേടുകൂടാതെ കിടക്കുന്ന ഗുണമുള്ള തടിക്ക് നല്ല കടുപ്പവും ബലവുമുണ്ട്. ബുദ്ധിമുട്ടി കണ്ടെത്തുന്ന മരം മുറിച്ചു കാറളത്തെ വീട്ടിലെത്തിച്ച ശേഷം പലകയാക്കി മാറ്റുകയും തുടർന്ന് ആവശ്യമനുസരിച്ചു നെല്ലിപ്പലകകൾ നിർമിക്കുകയുമാണു പതിവ്. ബാക്കി വരുന്ന മരങ്ങൾ കേടുകൂടാതെ ഇട്ടു സൂക്ഷിക്കാൻ വീടിനോടു ചേർന്നു ടാങ്കും പണിതിട്ടുണ്ട്.

ഭാഷയിലെ നെല്ലിപ്പലക

രണ്ടാഴ്ചയാണു സാധാരണ വലുപ്പത്തിലുള്ള നെല്ലിപ്പലക നിർമാണത്തിനു വേണ്ട കാലയളവ്. കിണറിന്റെ വട്ടമനുസരിച്ചു വൃത്താകൃതിയിൽ നിർമിക്കുന്ന നെല്ലിപ്പലക, രണ്ടോ മൂന്നോ ഭാഗങ്ങളായി കിണറിന്റെ ഏറ്റവും അടിഭാഗത്തേക്ക് ഇറക്കുകയും അവിടെ വച്ച് നെല്ലിക്കുറ്റി ഉപയോഗിച്ചു വൃത്താകൃതിയിൽ യോജിപ്പിക്കുകയുമാണു ചെയ്യുക. 

കിണറിന്റെ ഏറ്റവും അടിത്തട്ടിൽ സ്ഥാപിക്കുന്ന വസ്തുവെന്നതിൽ നിന്നാണ് ‘ക്ഷമയുടെ നെല്ലിപ്പലക’ എന്ന പ്രയോഗവും ഭാഷയിലുണ്ടായത്. ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം വരെയെത്തി എന്നർഥം. കണക്കിന്റെ നൂലിഴ തെറ്റാതെ ആഴക്കിണറിനുള്ളിൽ നെല്ലിപ്പടി വട്ടമൊപ്പിച്ചു സ്ഥാപിക്കുന്നതിനും ക്ഷമയുടെ അങ്ങേയറ്റം തന്നെ വേണമെന്നത് ഈ പ്രവൃത്തിയെ വേറിട്ടതാക്കുന്നു.

പാരമ്പര്യ അറിവ്

പണ്ടുകാലത്തു മിക്ക കിണറുകളിലും നെല്ലിപ്പലക സ്ഥാപിക്കുന്ന പതിവുണ്ടായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പല ക്ഷേത്രക്കിണറുകളും കുളങ്ങളും വറ്റിച്ചപ്പോൾ പഴയ നെല്ലിപ്പലകകൾ കണ്ടെത്തിയിട്ടുള്ളതായി രാമചന്ദ്രൻ ആചാരി പറയുന്നു. നിർമാണം അറിയാവുന്നവരുടെ കുറവും മരത്തിന്റെ ക്ഷാമവും ചെലവു കുറഞ്ഞ കോൺക്രീറ്റ് നിർമാണ സമ്പ്രദായങ്ങളുടെ പ്രചാരവും മൂലം കാലക്രമേണ നെല്ലിപ്പലക സ്ഥാപിക്കൽ കുറഞ്ഞു വരികയായിരുന്നു. 

പക്ഷേ, നെല്ലിപ്പലകയിട്ട കിണറിലെ വെള്ളത്തിന്റെ പ്രത്യേകത അറിയാവുന്നവർ ദൂരെ നാടുകളിൽനിന്നു പോലും ബാലൻ ആചാരിയെയും മക്കളെയും തേടി വന്നുകൊണ്ടിരുന്നു. മൂന്നോ നാലോ നെല്ലിപ്പലകയെങ്കിലും പണിയാത്ത വർഷം ചുരുക്കം. സമീപ വർഷങ്ങളിൽ ഇതു തേടിയെത്തുന്നവരുടെ എണ്ണം മെല്ലെ വർധിച്ചു വരുന്നതായും രാമചന്ദ്രൻ ആചാരി പറഞ്ഞു.

ചെലവുണ്ട്, ഗുണവും

കിണറിന്റെ വലുപ്പമനുസരിച്ചു നെല്ലിപ്പലകയ്ക്കു മാത്രം 7500 രൂപ മുതൽ 25,000 രൂപ വരെ ചെലവു വരും. 5 അടിയുള്ള ചെറിയ കിണറിനുള്ളിൽ സ്ഥാപിക്കുന്ന 2 ഇഞ്ച് കനമുള്ള നെല്ലിപ്പലകയ്ക്കാണ് 7500 രൂപ. പലകയുടെ കനം കൂടുന്നതനുസരിച്ചും ഈ വിലയിൽ മാറ്റം വരാം. നെല്ലിപ്പലകയിട്ട ശേഷം വെട്ടുകല്ല്, ഓട്, ഇഷ്ടിക എന്നിവയിലേതെങ്കിലും ഉപയോഗിച്ചാണു മുകളിലേക്കു പടികൾ കെട്ടിയുയർത്തുന്നത്. ഇതിനിടയിൽ മെറ്റലോ ഓട്ടുകഷണമോ നിറയ്ക്കും. 

നെല്ലിപ്പലക നിരത്തിയ കിണറിലെ വെള്ളത്തിന്റെ രുചിയിൽ ഗുണപരമായ വ്യത്യാസമുണ്ടാകുമെന്നും തണുപ്പു കൂടുതലായിരിക്കുമെന്നുമാണു പഴമക്കാർ പറയുന്നത്. കിണർവെള്ളം കലങ്ങാതിരിക്കാനും ശുദ്ധമായിരിക്കാനുമാണു  നെല്ലിപ്പലക പാകിയിരുന്നത്. ഏറ്റവും പുതിയ തലമുറയും നെല്ലിപ്പലക നിർമാണം പഠിച്ചതോടെ, പാരമ്പര്യമായുള്ള അറിവ് അന്യംനിന്നുപോകില്ലെന്ന സംതൃപ്തിയിലാണു ബാലൻ ആചാരി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA