മറവിയിൽനിന്നൊരു ഉത്തമൻ

uthaman
1. ഉത്തമൻ (എൻ.പുരുഷോത്തമ പൈ), 2.ഉത്തമൻ, ഭാര്യ സീത പൈ
SHARE

മറവിയിലേക്കു മാഞ്ഞുപോയ ആ പ്രിയ ഗായകൻ എവിടെയാണ്? 

‘ഈശ്വരനെ തേടിത്തേടി പോണവരേ

ശാശ്വതമാം സത്യം തേടി പോണവരേ

നിങ്ങൾ മനുഷ്യപുത്രനു കൊണ്ടുവരുന്നതു

മരക്കുരിശല്ലോ, എന്നും മരക്കുരിശല്ലോ..’

ഈ ഗാനം കേൾക്കാത്ത മലയാളികൾ പഴയ തലമുറയിൽ ഉണ്ടാകാനിടയില്ല. 1965ൽ പുറത്തിറങ്ങിയ ‘കാവ്യമേള’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ഈ ഗാനം എഴുതിയത് വയലാർ രാമവർമയാണ്. സംഗീതമൊരുക്കിയത് വി.ദക്ഷിണാമൂർത്തി. സംവിധായകൻ എം.കൃഷ്ണൻ നായർ. ജയ് മാരുതി ഫിലിംസിന്റെ ബാനറിൽ ടി.ഇ. വാസുദേവനായിരുന്നു നിർമാണം. പാടിയതാരാണെന്ന് ഒരുപക്ഷേ, അധികമാർക്കും അറിയില്ല.

കാലം മറവിയിലേക്കു മായ്ച്ചുകളഞ്ഞ ഉത്തമൻ എന്ന ഗായകനാണ് ഈ മനോഹരഗാനം പാടിയത്. യഥാർഥ പേര് എൻ.പുരുഷോത്തമ പൈ. അന്നു പ്രശസ്തനായിരുന്ന കമുകറ പുരുഷോത്തമനായി തെറ്റിദ്ധരിക്കാതിരിക്കാനാണ് അദ്ദേഹം ഉത്തമനെന്നു പേരുമാറ്റിയത്. സാഹസികവും സംഭവബഹുലവുമായിരുന്നു, പുരുഷോത്തമ പൈയുടെ ജീവിതം. ഒരു സിനിമക്കഥ പോലെ അവിശ്വസനീയം! ആദ്യ സിനിമയായ ‘കുട്ടിക്കുപ്പായ’ത്തിൽ ഉത്തമൻ തന്നെ പാടിയതു പോലെ,

‘പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും

പൊട്ടിക്കരയുന്ന ജീവിതം

ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത

നാടകമാകുന്നു, ജീവിതം...’

പാട്ടുമായി ഒഴുക്കിനെതിരെ 

ആ ജീവിതം ഒഴുക്കിനെതിരെയുള്ള തുഴച്ചിലായിരുന്നു. സ്വന്തം വിശ്വാസപ്രമാണങ്ങളിൽ എന്നും ഉത്തമൻ ഉറച്ചുനിന്നു. ആരെയും കൂസാത്ത അദ്ദേഹത്തിന്റെ സ്വഭാവം സിനിമാ വ്യവസായരംഗത്ത് ഒറ്റയാനാക്കി മാറ്റി. നേട്ടങ്ങൾക്കു പിന്നാലെ പാഞ്ഞുനടക്കാനോ അവസരങ്ങൾക്കായി ആരുടെയും കാലുപിടിക്കാനോ അദ്ദേഹം തയാറായില്ല. അതിനാൽ നഷ്ടങ്ങളേറെയുണ്ടായി. എല്ലാ പ്രതിസന്ധികളും അടിപതറാതെ അദ്ദേഹം അതിജീവിച്ചു.

uthaman-family
ഉത്തമന്റെ കുടുംബചിത്രം: അച്ഛൻ നാരായണ പൈ, ഉത്തമൻ, ഭാര്യ സീത പൈ (ഇരിക്കുന്നവർ). മക്കളായ സുഷമ, സുഭാഷ്, സുരേഷ്, സുധീഷ്, സുഷിത (നിൽക്കുന്നവർ).

ആർക്കും പിടികൊടുക്കാതെ, അജ്ഞാതവാസത്തിലായിരുന്നു അദ്ദേഹം. പ്രസിദ്ധിയുടെ വെള്ളിവെളിച്ചത്തിൽ കുളിച്ചുനിൽക്കുമ്പോഴും മാധ്യമങ്ങളിൽനിന്ന് അദ്ദേഹം അകലം പാലിച്ചിരുന്നു. അവസാനം അജിത് നീലാഞ്ജനം എന്ന സുഹൃത്ത് ഉത്തമന്റെ മൂത്തമകൻ സുരേഷ് പൈയുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു തന്നു. പക്ഷേ, വിളിക്കുമ്പോൾ ഉത്തമൻ മുംബൈയിലുള്ള രണ്ടാമത്തെ മകന്റെ വീട്ടിൽ വിശ്രമത്തിലായിരുന്നു.

മാസങ്ങൾക്കു മുൻപ്, ഒരു ദിവസം മധ്യാഹ്നത്തിൽ മൂംബൈ വസായിയിൽ വ്യവസായസ്ഥാപനം നടത്തുന്ന മകന്റെ വസതിയിൽ ഞാൻ ഉത്തമനെ നേരിട്ടുകണ്ടു. മഹാനഗരത്തിന്റെ വിറളിപിടിപ്പിക്കുന്ന ബഹളത്തിൽ നിന്നകന്ന്‌, ശാന്തമായ ഒരു അപ്പാർട്മെന്റിൽ ഏകാന്തവാസത്തിലായിരുന്നു, പല്ലു കൊഴിഞ്ഞ ഈ സിംഹം. പകൽ മുഴുവനും ഓർമകളിൽ മുഴുകിയും ധ്യാനിച്ചും യോഗ ചെയ്തും ലഘു പാചകം ശീലിച്ചും അദ്ദേഹം ലളിതജീവിതം നയിച്ചു. എൺപതുകളുടെ അറുതിയിലും ഊർജസ്വലനായിരുന്നു, ഉത്തമൻ.

ഉത്തമജീവിതം 

കൊച്ചി നഗരമധ്യത്തിലെ ഒരു പുരാതന ഗൃഹത്തിൽ ഗൗഡസാരസ്വത സമുദായത്തിലാണ് പുരുഷോത്തമ പൈ ജനിച്ചത് - 1931 മാർച്ച് 12ന്. അച്ഛൻ ട്രഷറിയിൽ ഉദ്യോഗസ്ഥനായിരുന്നു. പൈ പഠിക്കാൻ മിടുക്കനായിരുന്നു. മെഡിസിനു പോകാനായിരുന്നു ആഗ്രഹം. ഇന്റർമീഡിയറ്റ് ഒന്നാം ക്ലാസിൽ പാസായപ്പോൾ അച്ഛൻ കൊൽക്കത്ത ഗവ.മെഡിക്കൽ കോളജിൽ സീറ്റു തരപ്പെടുത്തി. കഷ്ടകാലമെന്നു പറയട്ടെ, നവഖാലിയിലെ വർഗീയലഹള കൊടുമ്പിരിക്കൊണ്ട കാലം. മകനെ ദുരന്തമുഖത്തേക്ക് അയയ്ക്കാൻ അച്ഛനിഷ്ടപ്പെട്ടില്ല. ആ മോഹം നഷ്ടസ്വപ്നമായി. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഉത്തമൻ സുവോളജിയിൽ ബിരുദം നേടി(1952). 

ആത്മവിശ്വാസവും ഇച്ഛാശക്തിയും വാക്ചാതുരിയുമുണ്ടായിരുന്ന ഉത്തമൻ തന്റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ഒരു ദിവസം നാഷനൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാനേജർ വാട്സൻ എന്ന സായ്പിന്റെ കാബിനിൽ കയറിച്ചെന്നു. പിൽക്കാലത്ത് ഗ്രിൻലേയ്സ് ബാങ്ക് എന്ന പേരിലറിയപ്പെട്ട ആ സ്ഥാപനം ബ്രിട്ടിഷ് ഉടമസ്ഥതയിലായിരുന്നു. മികച്ച കായികതാരവും ഒന്നാന്തരം വോളിബോൾ കളിക്കാരനുമായ ഉത്തമന്റെ കഴിവുകൾ ബോധ്യംവന്ന ധ്വര, ബാങ്കിൽ ക്ലാർക്കായി നിയമന ഉത്തരവു നൽകിയാണ് ഉത്തമനെ പറഞ്ഞയച്ചത്.

ഇതിനകം, നാട്ടിൽ നല്ല ഗായകനെന്ന ഖ്യാതി ഉത്തമൻ സമ്പാദിച്ചിരുന്നു. തിരുമല ദേവക്ഷേത്രത്തിലേക്കുള്ള യാത്രയിൽ നിത്യേന കാണാറുള്ള സുന്ദരനും സുമുഖനുമായ ഈ യുവഗായകനെ സീത എന്ന പെൺകുട്ടി ആരാധിക്കുന്നുണ്ടായിരുന്നു. ആ അനുരാഗം വിവാഹത്തിൽ കലാശിച്ചു. ഈ ദമ്പതികൾക്ക് അഞ്ചു മക്കൾ - മൂന്നാണും രണ്ടു പെണ്ണും.

പാട്ടിന്റെ കുട്ടിക്കുപ്പായം

ഒരു സുഹൃദ്സദസ്സിൽ ഉത്തമൻ പാടുന്നതുകേട്ട ടി.ഇ.ഭാസ്കരൻ തന്റെ ജ്യേഷ്ഠനും ചലച്ചിത്രനിർമാതാവുമായ ടി.ഇ.വാസുദേവനെ മദ്രാസിലെ വീട്ടിൽച്ചെന്നു കാണാൻ അദ്ദേഹത്തെ നിർബന്ധിച്ചു. ‘കുട്ടിക്കുപ്പായം’ എന്ന സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്ന സമയമായിരുന്നു, അത് (1962). ഉത്തമൻ ഓഡിയോ ടെസ്റ്റിൽ വിജയിച്ചു. എം.എസ്.ബാബുരാജായിരുന്നു സംഗീത സംവിധായകൻ. ഉത്തമനെക്കൊണ്ടു പാടിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ബാബുക്ക പറഞ്ഞു: ‘പുതിയ ഗായകരെ പരീക്ഷിക്കാൻ എനിക്കു താൽപര്യമില്ല’. ‘എങ്കിൽ എനിക്കു സംഗീത സംവിധായകനെ മാറ്റേണ്ടി വരും’ – വാസുദേവൻ സൗമ്യമായി പറഞ്ഞു. അങ്ങനെ, ഉത്തമന് ആദ്യമായി സിനിമയിൽ പാടാൻ അവസരം സിദ്ധിച്ചു.

‘വിരുന്നുവരും വിരുന്നുവരും 

പത്താം മാസത്തിൽ

അതു വിരുന്നുകാരനോ, 

അതോ വിരുന്നുകാരിയോ?’

ഇതായിരുന്നു, ആദ്യ ഗാനം. പാട്ട് ഹിറ്റായി. ആ സിനിമയിൽത്തന്നെ പി.ലീലയോടൊപ്പം പാടിയ ‘പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും’ എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു. കുട്ടിക്കുപ്പായത്തിലെ പ്രധാന കഥാപാത്രങ്ങളായ പ്രേംനസീറിനും മധുവിനും വേണ്ടി വ്യത്യസ്ത ശൈലിയിൽ ഓരോ പാട്ടുപാടി പിന്നണിഗാനരംഗത്ത് ഉത്തമൻ സ്ഥാനമുറപ്പിച്ചു.

മദ്രാസിൽ ടി.ഇ.വാസുദേവന്റെ വീട്ടിലായിരുന്നു ഉത്തമന്റെ താമസം. ഇതിനിടെ ഒരു തമാശയുണ്ടായി. ഒരു ദിവസം പി.ലീല ഉത്തമനെ വീട്ടിലേക്കു ക്ഷണിച്ചു. അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത ആളായിരുന്നു വാസു സാർ. അദ്ദേഹത്തിന്റെ അനുവാദത്തോടെ ഉത്തമൻ പോയി. ഉത്തമന്റെ സുകുമാരകളേബരവും കുലീനമായ പെരുമാറ്റവും ലീലയെ ആകർഷിച്ചിരിക്കണം. സംഗതി പിടികിട്ടിയ ഉത്തമൻ താൻ വിവാഹിതനാണെന്ന സത്യം വെളിപ്പെടുത്തി സ്ഥലംവിട്ടു. സീതയെ അദ്ദേഹത്തിനു ജീവനായിരുന്നു. 

കാവ്യമേളയിലെ, ‘ഈശ്വരനെ തേടിത്തേടി’ എന്ന ഗാനമാണ് ഉത്തമനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. തുടർന്ന് ഭർത്താവ്, സ്ഥാനാർത്ഥി സാറാമ്മ, അർച്ചന, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്സ്പ്രസ് എന്നീ സിനിമകളിലും ഉത്തമൻ പാടി. പാടിയതെല്ലാം ശ്രദ്ധിക്കപ്പെട്ടു. എന്തുകൊണ്ടോ, സ്വരം നല്ലപ്പഴേ അദ്ദേഹം പാട്ടുനിർത്തി. സിനിമാ ഗാനരംഗം പൂർണമായും ഉപേക്ഷിച്ചു. പ്രേം നസീർ, ദക്ഷിണാമൂർത്തി എന്നീ ഉറ്റമിത്രങ്ങളൊഴികെ ആരുമായും അദ്ദേഹം സൗഹൃദം പുലർത്തിയില്ല. ആ ആത്മബന്ധമാവട്ടെ, അവരുടെ മരണംവരെ നീണ്ടുനിന്നു.

തട്ടുകടയിട്ട് പ്രതിഷേധം 

1980ൽ ഉത്തമന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച ഒരു സംഭവമുണ്ടായി. ബാങ്കുകളിലെ കംപ്യൂട്ടറൈസേഷനെതിരെ 93 ദിവസം നീണ്ടുനിന്ന സമരം നടന്നു. ബാങ്കുകാരുടെ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു ഉത്തമൻ. സമരം നീണ്ടുപോയപ്പോൾ ജീവനക്കാർ ദുരിതത്തിലായി. അവരെ സഹായിക്കാനായി, ജീവനക്കാരുടെ സഹകരണത്തോടെ ഉത്തമൻ ഒരു ഗാനമേള സംഘടിപ്പിച്ചു. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിൽ ഉത്തമൻ പാടി. ഗാനമേള ഗംഭീരവിജയമായി. അവിടെ സ്വരൂപിച്ച പണം ജീവനക്കാർക്കു വിതരണം ചെയ്തു. അന്ന് സ്റ്റേജിൽ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി: ‘ഇതെന്റെ ആദ്യത്തെയും അവസാനത്തെയും സ്റ്റേജ് പ്രോഗ്രാമാണ്’!

ഒരിക്കൽ, ഒരിക്കൽ മാത്രം ഉത്തമൻ ആ പ്രതിജ്ഞ ലംഘിച്ചു. 2014ൽ പ്രേം നസീറിന്റെ 25-ാം ചരമവാർഷികദിനത്തിൽ തിരുവനന്തപുരത്തെ സെനറ്റ് ഹാളിൽ അദ്ദേഹം പാടി. തന്റെ ആത്മമിത്രമായ നസീറിന്റെ ആത്മാവിനോടുള്ള ആദരം പുലർത്താൻ വേണ്ടി മാത്രം!

ഗ്രിൻലേയ്സ് ബാങ്ക് സമരക്കാർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിച്ചു. ഉത്തമനെ പിരിച്ചുവിട്ടു. വിചിത്രമായ ഒരു പ്രതിഷേധ പ്രകടനത്തോടെയാണ് ഉത്തമൻ ബാങ്കിന്റെ പ്രതികാര നടപടിയെ നേരിട്ടത്. ഗ്രിൻലേയ്സ് ബാങ്കിനു മുന്നിൽ ഒരു തട്ടുകട! ഈ ‘മൊബൈൽ പ്രൊട്ടസ്റ്റ് സ്റ്റാളിൽ’ കാപ്പിയും പലഹാരങ്ങളും മിതമായ നിരക്കിൽ വിൽപനയ്ക്കു തയാർ. ബാങ്കു സമയം കഴിഞ്ഞാൽ ഈ ഉന്തുവണ്ടി നാൽക്കവലകളിലും നാലാളുകൂടുന്ന ഉത്സവപ്പറമ്പിലും കച്ചവടം പൊടിപൊടിച്ചു.

സമരക്കാർക്കെതിരെ സർക്കാർ അന്വേഷണ കമ്മിഷനെ വച്ചു. മദ്രാസിലായിരുന്നു, ട്രൈബ്യൂണൽ. കോടതിയിൽ സ്വന്തം കേസ് ഉത്തമൻ ഒറ്റയ്ക്കു വാദിച്ചു. ബാങ്കിൽ ജോലിക്കു തിരിച്ചെടുക്കാൻ വിധി വന്നു. ഉത്തമൻ ജോലി സ്വീകരിക്കാൻ വിസമ്മതിച്ചു. അതിനുശേഷം, ജീവിക്കാൻ വേണ്ടി അദ്ദേഹം കെട്ടിയാടിയ വേഷങ്ങൾക്കു കയ്യും കണക്കുമില്ല!

വേഷങ്ങൾ പലത് 

സ്വാമി സുധീന്ദ്രതീർഥയുടെ നിർദേശപ്രകാരം, കുറച്ചുകാലം ഒരു വൃദ്ധസദനത്തിൽ മാനേജരായി. ഓഡിയോ കസെറ്റ് വ്യാപാരം നടത്തി. പിന്നീടാണ്, സിനിമാ തിയറ്റർ ആരംഭിച്ചത്. പറവൂരും ചേന്ദമംഗലത്തും ചെറായിയിലും വയലാറിലും മഞ്ഞുമ്മലുമായി അഞ്ചു തിയറ്ററുകൾ. സൈക്കിളിൽ മൈക്രോഫോൺ ഘടിപ്പിച്ച്, ഊരുചുറ്റി ഉത്തമൻ തന്നെ വിളംബരം നടത്തി. ഇടയ്ക്കു സിനിമാഗാനങ്ങളും ആലപിക്കും. പ്രേക്ഷകരെ ആകർഷിക്കാൻ, ‘ഒരു പവൻ’ അടക്കം ഒട്ടേറെ സമ്മാന പദ്ധതികളും ആവിഷ്കരിച്ചു.

അടിയന്തരാവസ്ഥക്കാലം. കരിനിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധയോഗത്തിൽ പ്രസംഗിക്കാൻ സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് പറവൂരിലെത്തി. വമ്പിച്ച ജനക്കൂട്ടം. അവസാനനിമിഷം പൊലീസ് മൈക്ക് അനുമതി നിഷേധിച്ചു. എന്തു ചെയ്യണമെന്നറിയാതെ സംഘാടകർ അമ്പരന്നു നിൽക്കുകയാണ്. അപ്പോഴാണ്, തന്റെ മൈക്രോഫോണുമായി ഉത്തമനെത്തിയത്. ആ ലഘുയന്ത്രം അതിന്റെ ചരിത്രദൗത്യം നിർവഹിക്കുകയായിരുന്നു. 

2016ൽ പ്രിയപത്നി സീതയുടെ വിയോഗത്തോടെ ഏകാകിയായി, സംഗീതസാന്ദ്രമായ സ്മരണകൾ അയവിറക്കി ജീവിതസന്ധ്യയിൽ അദ്ദേഹം നിശ്ശബ്ദനായി സാധകം ചെയ്യുന്നു.

സംഗീത സംവിധായകനും ഉത്തമന്റെ കുടുംബസുഹൃത്തുമായ പ്രതാപ് സിങ് പറയുന്നു: ഉത്തമൻ സകലകലാവല്ലഭനാണ്. തൊട്ടതെന്തും പൊന്നാക്കും. എന്തു തൊഴിലും ചെയ്യാൻ മടിയില്ലാത്ത കഠിനാധ്വാനി. എല്ലാ തൊഴിലും മഹത്തരമാണെന്നു വിശ്വസിക്കുന്ന ഒരു അപൂർവ മനുഷ്യൻ’. 

ഈ മാർച്ച് 12ന് മക്കളെല്ലാം ഒത്തുചേർന്ന് ഉത്തമന്റെ 89–ാം പിറന്നാൾ അനാർഭാടമായി ആഘോഷിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA