ADVERTISEMENT

നാടുനടുക്കുന്ന അലർച്ചയുമായി കാട്ടിലേക്കു ചാടാനൊരുങ്ങുമ്പോൾ ആവേശംകൊണ്ട് മിന്നൽക്കൊമ്പന്റെ കണ്ണുകൾ അടഞ്ഞുപോയി. അല്ല ഇനിയിപ്പോൾ കണ്ണു തുറന്നാണെങ്കിലും മഴയങ്ങനെ ട്ടോ...ർർർറോന്ന് പെയ്തുകൊണ്ടിരിക്കുകയല്ലേ. അവന് ഒന്നും കാണാൻ പറ്റില്ലായിരുന്നു.

കണ്ടിരുന്നെങ്കിൽ അവനങ്ങനെ മുന്നോട്ടു കുതിക്കില്ലായിരുന്നല്ലോ. അവന്റെ തുമ്പിക്കൈയിലും മസ്തകത്തിലും ഇരുമ്പുമുള്ളുകൾ തറഞ്ഞുകയറില്ലായിരുന്നല്ലോ.‍ മിന്നൽപോലെ തിളങ്ങുന്ന കൊമ്പുകൾ റെയിൽവേലിയിൽ കുരുങ്ങില്ലായിരുന്നല്ലോ.

റെയിൽവേലി എന്നു പറയുന്ന സാധനം ഈയിടെ കണ്ടുപിടിച്ച ഒന്നാണ്. റെയിൽപാളം രണ്ടാൾപൊക്കമുള്ള കഷണങ്ങളായിട്ടു മുറിക്കും. അതിൽ വലിയ ഇരുമ്പുമുള്ളുകൾ വെൽഡു ചെയ്തു പിടിപ്പിക്കും. എന്നിട്ടത് അടുപ്പിച്ചടുപ്പിച്ചങ്ങനെ കുത്തിനിർത്തും. അതിന്റെമേൽ കുത്തിപ്പണിയാൻ വരുന്ന ആനകൾക്ക് ഇപ്പോൾ ഈ മിന്നൽക്കൊമ്പനുണ്ടായ അവസ്ഥയായിരിക്കും ഉണ്ടാവുക.

ലോകവിളവൻമാരായ ഫോറസ്റ്റുകാർ കഴിഞ്ഞ രാത്രിയിൽ ആഴികൂട്ടിയതിന്റെ പിന്നിൽ റെയിൽവേലി കൊണ്ടുവന്ന് കുത്തിനിർത്തുകയായിരുന്നു. ഒരുതരം ഇരട്ട‍വേലിക്കളി. തീ ചാടിക്കടന്നാലും മിന്നൽക്കൊമ്പൻ കാട്ടിലേക്ക് രക്ഷപ്പെടരുത്. അതിനുവേണ്ടി ചെയ്ത പണി.

ഇരുമ്പുമുള്ളുകൾ കുത്തിക്കയറിയ മുറിവിൽനിന്നു രക്തമൊഴുകി വെള്ളത്തോടൊപ്പം നിലത്തേക്കു വീഴുന്നത് മിന്നൽക്കൊമ്പൻ കണ്ടു. മുള്ളുകൾക്കിടയിൽനിന്നു കൊമ്പ് വലിച്ചൂരിയെടുത്താൽ‍ അതിന്റെയൊപ്പം മസ്തകവും പോന്നുകൊള്ളും. അതിനുവേണ്ടി കൊമ്പൻ പിന്നിലേക്ക് ആഞ്ഞുവലിച്ചു.

മഴ വലിയ ആശ്വാസമാണെങ്കിലും ചെളിയിൽ ചവിട്ടി തെന്നിപ്പോകുന്നതുകൊണ്ട് പിന്നോട്ടുള്ള വലിക്ക് ഒരു പവറ് കിട്ടുന്നില്ല. കുറച്ചുനേരം വലിച്ചുകഴിഞ്ഞപ്പോൾ മിന്നൽക്കൊമ്പനു ചെറിയ ക്ഷീണം തോന്നിത്തുടങ്ങി.

അവനങ്ങനെ ക്ഷീണം വരാൻ കാരണമുണ്ട്.‍ മിന്നൽക്കൊമ്പൻ ജീപ്പുയർത്തിപ്പിടിച്ചിരിക്കുന്നതുകണ്ട് താരപ്പൻഡോക്ടർ ഞെട്ടിയോടിയല്ലോ. കുറച്ചുദൂരമങ്ങോട്ട് ഓടിമാറിയെങ്കിലും തന്റെ കയ്യിലിരിക്കുന്നത് ഉഗ്രൻ മയക്കുമരുന്നു നിറച്ച തോക്കാണല്ലോ എന്നാലോചിച്ചപ്പോൾ ആശാൻഡോക്ടർക്ക് ഒരു ധൈര്യം വന്നു.

കിരുകിരാന്നുള്ള ധൈര്യംകയറിയ താരപ്പൻഡോക്ടർ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് ജീപ്പും പൊക്കിപ്പിടിച്ചോടുന്ന മിന്നൽക്കൊമ്പനെയാണ്. പ്രിന്റുഡോക്ടർക്കിട്ട് ജീപ്പുവച്ച് എറിയാനാണ് ആന ഓടുന്നതെന്ന് ഡോക്ടർ വിചാരിച്ചു.

‘വൃത്തികെട്ട കൊമ്പാ, പ്രിന്റൂനിട്ടാണോടാ നിന്റെ കേറ്റം’ എന്നു ചോദിച്ചുകൊണ്ട് താരപ്പൻഡോക്ടർ തോക്കെടുത്ത് ഉന്നംപിടിക്കാതെ വെടിവച്ചു. താൻ ഉന്നംപിടിക്കാതെ വെടിവച്ചാലും കൊള്ളേണ്ടിടത്തു കൊള്ളുമെന്ന് താരപ്പൻഡോക്ടർക്കറിയാമല്ലോ.

കൊണ്ടു, മിന്നൽക്കൊമ്പന്റെ മുൻകാലുകളിലെ മസിലിൽത്തന്നെ കൊണ്ടു. മുതലപ്പുറംപോലെ തൊലിയുള്ള ഒരു മരത്തിന്റെ പിറകിലേക്ക് ഒളിക്കുന്നതിനിടയിൽ താരപ്പൻഡോക്ടർ ആശ്വാസത്തോടെ ഒരു ചിരി ചിരിച്ചു.

മുൻകാലിൽ കയറിയ മരുന്ന് കൂട്ടിൽപെട്ട എലിയെപ്പോലെ ഇനി പരക്കംപാഞ്ഞുകൊള്ളും. പാഞ്ഞുപാഞ്ഞ് തലച്ചോറിൽ ചെന്ന് ഒറ്റ ഊത്ത്. അതോടെ കൊമ്പന്റെ ബോധംപോകും.

താരപ്പൻഡോക്ടറുടെ സൂചിയിലെ മരുന്ന് മിന്നൽക്കൊമ്പന്റെ തലച്ചോറിലേക്കു കയറാൻ തുടങ്ങിയപ്പോഴാണ് അവനു ചെറിയ ക്ഷീണം തുടങ്ങിയത്. പക്ഷേ, പെട്ടെന്നങ്ങു ക്ഷീണിച്ചു വീഴേണ്ടവനല്ലല്ലോ മിന്നൽക്കൊമ്പൻ. അവനു ചില സഹായങ്ങൾ കിട്ടാതിരിക്കുമോ.

അവൻ കണ്ണുകളനക്കി ആകാശത്തിലേക്കൊന്നു നോക്കി. ആകാശം മിന്നൽക്കൊമ്പന്റെ നോട്ടം കണ്ടു. പാവം കൊമ്പൻ. അവനുവേണ്ടി എന്തെങ്കിലും ചെയ്തല്ലേ പറ്റൂ.

ദാണ്ടെ അപ്പോൾത്തന്നെ ആകാശത്തുനിന്ന് എന്തോ ഒരു നിറത്തിൽ ഗ്ലൂക്കോസുവെള്ളം പോലത്തെ മരുന്നുമഴ ശറുശ്ശറോന്ന് മിന്നൽക്കൊമ്പൻ നിൽക്കുന്നിടത്തേക്കു മാത്രം ‍പെയ്തുതുടങ്ങി.

ആ വെള്ളമങ്ങനെ മിന്നൽക്കൊമ്പന്റെ നെറ്റിയിലേക്കാണ് ആദ്യം വീണത്. പോകേണ്ട വഴിയെല്ലാം നേരത്തേ പഠിച്ചുവച്ചതുപോലെ അത് ഇരുമ്പുമുള്ളു കയറിയുണ്ടായ മുറിവിലേക്കിറങ്ങി.

കൊമ്പനാണെങ്കിൽ‍ കണ്ണടച്ചുനിന്ന് ആ വെള്ളത്തെ ശരീരത്തിലേക്കു സ്വീകരിക്കുകയാണ്. നേരത്തേ താരപ്പൻഡോക്ടറുടെ മരുന്ന് എലിയെപ്പോലെയാണ് ഓടിയതെങ്കിൽ ആ എലിയെ പിടിക്കാനോടുന്ന പൂച്ചയെപ്പോലെ ഈ വെള്ളം ആനഞരമ്പിൽക്കൂടി മുന്നോട്ടുപാഞ്ഞു.

ആനയുടെ തലച്ചോറിലേക്കു കയറണോ വേണ്ടയോ എന്നു ശങ്കിച്ചുനിൽക്കുകയായിരുന്നു താരപ്പൻഡോക്ടറുടെ മയക്കൻമരുന്ന്. അല്ലെങ്കിലും മയക്കന് എല്ലാറ്റിലും ഒരു മന്ദിപ്പായിരിക്കുമല്ലോ. ആ നിൽപു കണ്ടപ്പോൾ ഓടിപ്പാഞ്ഞുവന്ന അദ്ഭുതാകാശവെള്ളത്തിനു സന്തോഷമായി. ഈ മന്ദപ്പന് ഇനി ഒന്നും ചെയ്യാൻ പറ്റില്ല.

പിന്നെ കാര്യങ്ങളെല്ലാം ചെയ്തത് അദ്ഭുതവെള്ളമാണ്. താരപ്പന്റെ മയക്കനെ ഊടുപാടെയങ്ങു പിടിച്ചു. ആസകലം ഒടിച്ചുമടക്കി കടിച്ചുകുടഞ്ഞ് അവനെ ചത്ത ശവമാക്കി മാറ്റി. പിന്നെ ഞരമ്പിൽക്കൂടെയുള്ള തള്ളായിരുന്നു. അങ്ങനെ തള്ളിത്തള്ളി മയക്കൻശവത്തെ ആനയുടെ മൂത്രക്കുഴലിലെത്തിച്ചു. അവിടന്ന് ഒറ്റത്തള്ളിനു പുറത്തും. എന്തോ പോലുള്ള നിറത്തിൽ മിന്നൽക്കൊമ്പന്റെ ദേഹത്തുമാത്രമായി മഴ പെയ്യുന്നതു കണ്ടപ്പോൾത്തന്നെ ചെരമ്പൻമൂപ്പൻ പറഞ്ഞു.

‘‘മേലേന്ന് പണി തൊടങ്ങീനല്ലോ.’’

മിന്നൽക്കൊമ്പൻ കുടം കമഴ്ത്തിയതുപോലെ മൂത്രം ഒഴിക്കുകകൂടി ചെയ്തപ്പോൾ മൂപ്പന് ഉറപ്പായി.

‘‘ഇനി ഓൻ ഉശാറാകും. തളയ്ക്കാനാവൂല്ല....’’

ഈ പറഞ്ഞതു താരപ്പൻഡോക്ടർ കേട്ടു.

‘‘അങ്ങനെയാണോ, എങ്കിൽ‍ ഇതുംകൂടി ഞാൻ കേറ്റും. അതിന്റെ പേരിൽ അവനങ്ങു ചാകുവാണെങ്കിൽ ചത്തോട്ടെ.’’

താരപ്പൻഡോക്ടർ ഇന്നാപിടിച്ചോന്നു പറയുന്ന വേഗത്തിൽ മൂന്ന് ആനകളെ മയക്കാനുള്ള മരുന്ന് ഒന്നിച്ചെടുത്ത് ഒരു കുഴലിലേക്കു കയറ്റി തോക്കിൽ നിറച്ചു.

ആകാശത്തുനിന്നു പെയ്തുകിട്ടിയ ശക്തിയിൽ ഉഷാറായ മിന്നൽക്കൊമ്പൻ കൊമ്പും തുമ്പിയും ഒറ്റവലിക്ക് റെയിൽവേലിക്കുരുക്കിൽനിന്ന് ഊരിയെടുത്തു. തന്റെയടുത്തേക്കു വരാനൊരുങ്ങുന്ന താപ്പാനകളുടെ നേരെ അലറിക്കൊണ്ട് മിന്നൽക്കൊമ്പൻ തിരിഞ്ഞു.

താരപ്പൻഡോക്ടർക്ക് അത്രയല്ലേ സമയംവേണ്ടൂ. പുള്ളിക്കാരൻ വീണ്ടും പുല്ലുപോലെ‍ മരുന്നുതോക്കെടുത്തു നീട്ടി കൊമ്പന്റെ നേരെ വെടിവച്ചു. വെടി കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു.

ഇക്കുറിയും മരുന്നുകയറി തലച്ചോറിലെത്താറായപ്പോൾ മിന്നൽക്കൊമ്പൻ നേരത്തേതുപോലെ ആകാശത്തിലേക്കു നോക്കി. ഇത്രയും മരുന്നിന്റെ ശക്തികെടുത്താനുള്ളതൊന്നും ആകാശത്തിന്റെയടുത്ത് ഇല്ലായിരുന്നു. അയ്യോപാവം മാത്രം തോന്നിയ ആകാശം മിന്നൽക്കൊമ്പന്റെ നേരെ ഒരു ഇടിമിന്നലിലൂടെ പൊട്ടിക്കരഞ്ഞു.

ആകാശത്തിന്റെ അവസ്ഥ മനസ്സിലാക്കിയ കൊമ്പൻ തലകുനിച്ചു കീഴടങ്ങാനായി താപ്പാനകളുടെ നേരെ നോക്കി.

താപ്പാനകൾ ഓടിവന്ന് മിന്നൽക്കൊമ്പൻ വീഴാതിരിക്കാൻ ചുറ്റും താങ്ങായി നിന്നു.

ഇനി ചെയ്യേണ്ടതൊക്കെ താപ്പാനകൾക്കറിയാം. അവർ ഉഷാറായി‍ മിന്നൽക്കൊമ്പനെ മുതലത്തൊലിയൻ മരത്തിന്റെ അടുത്തേക്കു പതുക്കെ നടത്തിക്കൊണ്ടു പോയി. കൊമ്പന്റെ തല കുനിഞ്ഞുതന്നെയായിരുന്നു.

വനംവകുപ്പുകാരും ധൈര്യക്കാരായ ആനക്കാരുമെല്ലാം ഒതുങ്ങിയും പതുങ്ങിയുമാണ് മിന്നൽക്കൊമ്പന്റെ അടുത്തെത്തിയത്. മയങ്ങിനിൽക്കുകയാണെങ്കിലും ആള് മിന്നൽക്കൊമ്പനാണ്. പേടിക്കാതിരിക്കാൻ പറ്റുമോ?

സാധാരണ ആനത്തുടലിനെക്കാൾ ഇരട്ടിവണ്ണമുള്ള ഒരു ഇരുമ്പുചങ്ങല മിന്നൽക്കൊമ്പനുവേണ്ടി പണ്ടേ ഉണ്ടാക്കി വച്ചിട്ടുള്ളതാണ്. കൊമ്പനു മയക്കം പറ്റിയെന്ന് അറിഞ്ഞപ്പോഴേ അത് എടുത്തുകൊണ്ടുവന്നിരുന്നു.

മരത്തിനുമാറിനിന്ന് എറിഞ്ഞും കയറുകെട്ടി ചുറ്റിച്ചുമൊക്കെയായി ഒരുവിധത്തിൽ ആ ചങ്ങല മിന്നൽക്കൊമ്പന്റെ കാലിൽ കുരുക്കി. മുതലത്തൊലിയൻമരത്തിലാണു ചങ്ങല ചുറ്റിയത്. അതുംകൂടി കഴിഞ്ഞപ്പോൾ നാട്ടുകാർക്കും വനംവകുപ്പുകാർക്കും ആശ്വാസമായി. മിന്നൽക്കൊമ്പനെ തളച്ചല്ലോ. അവരെല്ലാം നന്ദിയോടെ താരപ്പൻഡോക്ടറെ നോക്കി. നന്ദി ഏറ്റുവാങ്ങാൻ ഡോക്ടർ തലകുനിച്ചു.

‘‘വേറൊരു ഡോക്ടറുംകൂടി ഉണ്ടായിരുന്നല്ലോ?’’ ആരോ ഒരാൾ ചോദിച്ചു.

അപ്പോഴാണ് എല്ലാവരും പ്രിന്റുഡോക്ടറുടെ കാര്യം ഓർക്കുന്നത്. പിന്നെ എല്ലാവരും പ്രിന്റുവിനെ അന്വേഷിച്ച് അങ്ങോട്ടുമിങ്ങോട്ടും പോയി.

തന്നെ വേണ്ടവിധം ആദരിക്കാതെ ആൾക്കാർ പ്രിന്റുവിനെ അന്വേഷിച്ചു നടക്കുന്നതിൽ താരപ്പൻഡോക്ടർക്കു ചെറിയ ഊശിക്കെറുവുണ്ടായിരുന്നു. സാധാരണ എല്ലാ ആശാന്മാർക്കും അങ്ങനെ ഉണ്ടാകുന്നതാണല്ലോയെന്നു കരുതി ആളുകൾ അതു വകവച്ചില്ല.

മുതലത്തൊലിയൻമരത്തിൽ തളയ്ക്കപ്പെട്ട മിന്നൽക്കൊമ്പന് മുകളിലേക്കു നോക്കാനുള്ള ശക്തിയില്ലായിരുന്നു. പക്ഷേ, മുകളിലുള്ള ആകാശം ഇതെല്ലാം കാണുന്നുണ്ടല്ലോ. മിന്നൽക്കൊമ്പനെ വെറുതെയങ്ങനെ തളച്ചു കൊണ്ടുപോയി കൂട്ടിലാക്കാമെന്നു വിചാരിച്ചിരിക്കുന്നവരുടെ മേൽ ആഞ്ഞുതുപ്പുന്നതുപോലെ മഴ കനത്തു. മഴയുടെ മട്ടും മാതിരിയും കണ്ടപ്പോൾ കുടപ്പനയുടെ ചുവട്ടിലിരിക്കുകയായിരുന്ന ചെരമ്പൻമൂപ്പൻ പറഞ്ഞു.

‘‘ഇതു വല്ലാത്തൊരു പെയ്ത്താന്നല്ലോ? എന്തൊക്കെയോ വരുന്നിണ്ട്, കെട്ടോ.’’

തുടരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com