കാറ്റാടിമരക്കൂട്

novel-anatham
വര: റിങ്കു തിയോഫിൻ
SHARE

മിന്നൽക്കൊമ്പനെ പിടിക്കാനുള്ള പരിപാടികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രണ്ടുമൂന്നു വർഷമായി ഓരോ വട്ടവും അവൻ നാട്ടിലിറങ്ങി കുഴപ്പങ്ങളൊപ്പിക്കുമ്പോൾ നാട്ടുകാര് പറയും – ‘‘അയ്യോ, ആ നശിച്ച ആനയിറങ്ങി എന്റെ അതു പറിച്ചുകളഞ്ഞേ, ഇതു ചവിട്ടിയൊടിച്ചേ, മറ്റേതു പൊളിച്ചുകളഞ്ഞേ, മറിച്ചേതു തകർത്തേ, അങ്ങോട്ടോടിച്ചേ, ഇപ്പുറത്തുന്ന് കുത്താൻവന്നേ...’’

പരാതിയോടു പരാതി. ഒടുവിൽ ആറുമാസം മുൻപാണ് സർക്കാരിന്റെ‍ തീരുമാനം വന്നത്. മിന്നൽക്കൊമ്പനെ മയക്കുവെടിവച്ച്, താപ്പാനകളെക്കൂട്ടി തളച്ച്, കൂട്ടിലിട്ടു മെരുക്കി, ചട്ടം പഠിപ്പിച്ച് നാട്ടാനയാക്കി മാറ്റണം എന്നതായിരുന്നു ഉത്തരവ്. 

അന്നുതൊട്ടു തുടങ്ങിയ ഒരുക്കമാണ്. അവിടുന്നുമിവിടുന്നുമൊക്കെ ഗമ്പഗഢാനൻമാരായ താപ്പാനകളെ കൊണ്ടുവന്നു. മയക്കുവെടി വിദഗ്ദവിക്രമൻമാരായ ഡോക്ട

ർമാരെ വിളിച്ചു. 

ഒത്ത വണ്ണമുള്ളതും കുത്തുകേറാത്ത ചകിരിത്തടിയുള്ളതുമായ കാറ്റാടിമരങ്ങൾ മുറിച്ച് ആനപ്പൊക്കത്തിൽ കൂടുണ്ടാക്കി. പന്ത്രണ്ടു ചക്രങ്ങളുള്ള വലിയൊരു ലോറി പ്രത്യേകം തടിവച്ചുകെട്ടി ആനയെ കൊണ്ടുവരാൻ ഏർപ്പാടാക്കി നിർത്തി.

വലിയ കൊമ്പൻമീശക്കാരനായ റേഞ്ചാപ്പീസറുടെ നേതൃത്വത്തിൽ പത്തിരുപത്തഞ്ചു ഫോറസ്റ്റുകാരെ പ്രത്യേകം സ്ക്വാഡാക്കി വച്ചു. 

ഇങ്ങനെ ഒരുങ്ങിയ ഒരുക്കങ്ങളെല്ലാം വെറുതേയിരുന്നു വല്ലാതെ ബോറടിച്ചു തുടങ്ങിയ സമയത്താണ് തെങ്ങിന്റെ കൂമ്പുതിന്നാൻ മോഹംകയറി മിന്നൽക്കൊമ്പൻ വീണ്ടും നാട്ടിലേക്കിറങ്ങിയത്. ആളുകൂടി, ആരവമായി, കാര്യങ്ങൾ ഇത്രത്തോളമെത്തി.

മുതലത്തൊലിയൻമരത്തിൽ കെട്ടിയിരിക്കുന്ന മിന്നൽക്കൊമ്പനെ ഇനി പത്തുപന്ത്രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ഫോറസ്റ്റാഫിസിലേക്കു കൊണ്ടുപോകണം. അവിടെയാണ് ആനക്കൂട് ഒരുക്കിയിരിക്കുന്നത്. അതിനുവേണ്ടി കൊമ്പൻമീശക്കാരൻ ആപ്പീസർ വണ്ടി വരട്ടേയെന്ന് ഫോൺ വിളിച്ചു പറഞ്ഞു. 

പന്ത്രണ്ടുചക്രക്കാരൻ വണ്ടി കരകരാന്നു ചിരിച്ചുകൊണ്ട് ആനയെ കയറ്റാൻ തെങ്ങുംകുന്നിലേക്ക് ഓടിത്തുടങ്ങി.

മിന്നൽക്കൊമ്പൻ ഇപ്പോഴുമങ്ങനെ തലകുനിച്ചു നിൽക്കുകയാണ്. അവന്റെ ബോധം തീരെയങ്ങോട്ട് ഇല്ലാതായിട്ടില്ല. പക്ഷേ, അനങ്ങാൻ പോയിട്ട് തലയൊന്നു പൊക്കാൻപോലും പറ്റുന്നില്ലല്ലോ. ആകാശം ഇടിവെട്ടി കരയുന്നുണ്ട്. 

ഒന്നു തലപൊക്കാനുള്ള ശക്തികിട്ടുമോയെന്നറിയാൻ മിന്നൽക്കൊമ്പൻ പതുക്കെ തുമ്പിയൊന്നനക്കി. അപ്പോൾ തുമ്പിക്കു ചുറ്റുമുണ്ടായിരുന്ന വായു ഒന്നങ്ങു വട്ടംചുറ്റി. ആ ചുറ്റലിന്റെ നടുവിലേക്ക് മിന്നൽക്കൊമ്പന്റെ കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണീർ വീണു. ആ കണ്ണീരുകൊണ്ടപ്പോൾ വായുവിന്റെ മനസ്സ് പിടപിടാന്നു പിടഞ്ഞു. മിന്നൽക്കൊമ്പന്റെ ഉറ്റ കൂട്ടുകാരനാണല്ലോ വായു. മനുഷ്യര് വരുന്നതിന്റെ മണം എപ്പോഴും അവനോടു പോയി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത് വായുവായിരുന്നു. വായുവില്ലാത്ത നാട്ടിലെ മണങ്ങളെക്കുറിച്ച് മിന്നൽക്കൊമ്പന്റെ അതിസുന്ദരമായ കൊമ്പിൽ കഥകളെഴുതിയിട്ടുണ്ട്.‍ സമയം കിട്ടുമ്പോഴൊക്കെ കൊമ്പൻ വായുവിനതു വായിച്ചു കൊടുക്കും. അങ്ങനെ എപ്പോഴും ഒന്നിച്ചു നടന്നിരുന്ന കൂട്ടുകാരിൽ ഒരാൾക്ക് ആപത്തു വരുമ്പോൾ മറ്റെയാൾക്കു  സഹിക്കുമോ? 

സഹിച്ചില്ല, കാട്ടിലും നാട്ടിലുമുള്ള പലർക്കും സഹിച്ചില്ല. കൊമ്പന്റെ കണ്ണീർവീണ വായു പെട്ടെന്ന് ഒരു ചുഴിയായി ചുറ്റാൻതുടങ്ങി. 

‘കറങ്ങെടാ കാറ്റേ...’ മണ്ണിനടിയിലേക്കു തല വലിക്കുന്നതിനു മുൻപ് ഒരു മണ്ണിര പറഞ്ഞു.

‘എന്തെങ്കിലും ചെയ്യൂ കാറ്റേ. പന്ത്രണ്ടുചക്രക്കാരനതാ പാഞ്ഞുവരുന്നു.’ ചെഞ്ചിലപ്പൻ പക്ഷി പറന്നുവന്നു പറഞ്ഞു.

‘എന്നെ പറിച്ചെറിഞ്ഞിട്ടാണെങ്കിലും കൊമ്പനെ രക്ഷിക്ക്.’ മുതലത്തൊലിയൻമരവും ആവേശത്തിലായി. 

ഇതൊക്കെ കേട്ടപ്പോൾ കാറ്റിനു വല്ലാത്ത കരുത്തുകിട്ടി. അവൻ ചുറ്റിത്തിരിയാൻ തുടങ്ങി. അങ്ങനെ തിരിഞ്ഞുതിരിഞ്ഞ്  ആ നാട്ടിൽ അതുവരെ കാണാത്ത ഒരു ഭയങ്കരൻ ചുഴലിക്കാറ്റായി അവൻ മാറി.

മിന്നൽക്കൊമ്പനെ തളച്ചിരുന്ന മുതലത്തൊലിയൻമരത്തെ പിടിച്ചുകുലുക്കി വേരു പറിക്കുകയാണ് കാറ്റ് ആദ്യം ചെയ്തത്. മിന്നൽക്കൊമ്പന്റെ കാലിൽചുറ്റി മരത്തിൽ കെട്ടിയിരുന്ന ചങ്ങല ഊരിവീണു. 

താപ്പാനകൾ ദേഹത്തു മരം വീഴുമോയെന്നു പേടിച്ചുവിറച്ച് ‘രക്ഷിക്കണേ, രക്ഷിക്കണേ’ എന്ന് അലറിക്കൊണ്ടിരുന്നു. ആ അലർച്ച കേട്ടപ്പോൾ കാറ്റിനു ശരിക്കും കലിവന്നു. അവൻ ഒന്നുകൂടിയൊന്ന് കുടഞ്ഞെണീറ്റു. 

പിന്നെയങ്ങോട്ട് കാറ്റിന്റെ കുണ്ടാട്ടമായിരുന്നു. പന്ത്രണ്ടുചക്രക്കാരൻ വരാനുള്ള വഴിയിൽ മുറിയനെ മുറിയനെ വലിയ മരങ്ങൾ പറിച്ചിട്ടു. കറന്റുകമ്പിയും പോസ്റ്റുമെല്ലാം ചുരുട്ടിക്കൂട്ടി ദൂരത്തെറിഞ്ഞു. ഫോറസ്റ്റുകാരുടെ കാടൻവണ്ടിയുടെ മുതുകത്തേക്ക് ഒരു പേഴുമരം വിടർത്തിയങ്ങോട്ടിട്ടു. ഇതെല്ലാം കണ്ടപ്പോൾ ചെരമ്പൻമൂപ്പൻ പറഞ്ഞു: ‘വേണ്ടപ്പാ, ഓനെ പിടിക്കണ്ടാന്ന്, വിട്ടുകള.’

പക്ഷേ, കൊമ്പൻമീശക്കാരൻ ആപ്പീസർ ചിരിക്കുകയാണു ചെയ്തത്.

കാറ്റിന്റെ കളിക്ക് ഒരു പരിധിയില്ലേ? അതു കഴിഞ്ഞാൽ കാര്യങ്ങൾ നമ്മള് വിചാരിച്ചതുപോലെ നടത്തും. 

കാറ്റിന്റെ കളിയൊതുങ്ങുമ്പോൾ ചെയ്യാനുള്ളതെല്ലാം കൊമ്പൻമീശക്കാരൻ ആപ്പീസർ പ്ലാനാക്കി വച്ചിട്ടുണ്ടായിരുന്നു.

നാട്ടിൽ അറക്കവാൾ മിഷ്യനുള്ള എല്ലാവരെയും വിളിച്ചുവരുത്തുകയാണ് ആദ്യം ചെയ്തത്. ഫോറസ്റ്റാഫിസർ വിളിക്കുന്നതല്ലേ. തടിമുറിക്കുന്നവർ വരാതിരിക്കുമോ, വന്നു. പത്തിരുപത്തഞ്ചുപേർ ക്രിർർർ...ന്ന് ഒച്ച കേൾപ്പിക്കുന്ന മിഷ്യനുമായി വന്നു. റോഡിൽവീണ മരങ്ങളെല്ലാം ഇടിപിടീന്നു മുറിച്ചുമാറ്റി പന്ത്രണ്ടുചക്രക്കാരനു പോകാനുള്ള വഴിയുണ്ടാക്കി.

കാറ്റടങ്ങിയപ്പോൾ താപ്പാനകളുടെ പേടിമാറി. മരം പറിഞ്ഞു വീണതുകൊണ്ട്‍ സ്വതന്ത്രനായ മിന്നൽക്കൊമ്പനെയും താങ്ങിനിന്ന അവർ പഴയതുപോലെ ചിരിയും കളിയും തുടങ്ങി. അതുകണ്ടപ്പോഴാണ് മിന്നൽക്കൊമ്പനെ വീണ്ടും തളയ്ക്കണമല്ലോ എന്ന കാര്യം മീശയാപ്പീസർക്കു തോന്നിയത്. 

മീശയാപ്പീസർക്ക് ആ നാട്ടിലെ സകല മരങ്ങളെക്കുറിച്ചും അറിയാമായിരുന്നു. മുതലത്തൊലിയൻ മരത്തിന്റെയടുത്തുനിന്നു പത്തുനാനൂറ് മീറ്റർ അകലെ വയസ്സായിവയസ്സായി ഇലയൊന്നുമില്ലാതെ മുരട്ടുപിടിച്ച് കുറുകിപ്പോയ ഒരു ആഞ്ഞിലിമരമുണ്ടായിരുന്നു. ആ മരത്തിന്റെ നിറുകയിൽ വവ്വാലിന്റെ ആകൃതിയിൽ ഒരു പൂപ്പൽപൂവ് വിരിഞ്ഞുവിരിഞ്ഞങ്ങനെ നിൽക്കുന്നുണ്ട്. പാതാളത്തിലെ നീലവെള്ളം കുടിക്കുന്ന വേരുകളുള്ള മരങ്ങളിലേ ആ  പൂപ്പലുണ്ടാവുകയുള്ളൂ. ഏതു കാറ്റുവന്നാലും മറിയില്ലെന്ന് ഉറപ്പുള്ള ആ മരമാണ് ഇക്കുറി മിന്നൽക്കൊമ്പനെ തളയ്ക്കാൻ മീശയാപ്പീസർ തിരഞ്ഞെടുത്തത്. 

താപ്പാനകൾ മിന്നൽക്കൊമ്പനെ തട്ടിത്തട്ടി ആഞ്ഞിലിമരത്തിന്റെയടുത്ത് എത്തിച്ചു. ഫോറസ്റ്റിന്റെ സ്ക്വാഡിലുള്ളവർ ചുറ്റീം വരിഞ്ഞും ആ മരത്തിൽ അവനെ തളയ്ക്കുകയും ചെയ്തു. തന്റെ ദേഹത്തു മുട്ടിനിൽ‍ക്കുന്ന മിന്നൽക്കൊമ്പന്റെ മസ്തകത്തിലേക്ക് വയസ്സനാഞ്ഞിലി നെഞ്ചിടിപ്പുപോലുള്ള അനക്കംകൊണ്ട് എന്തോ ചോദിച്ചു. മിന്നൽക്കൊമ്പന് അതു മനസ്സിലായില്ല.

സമയം സന്ധ്യയാകാൻ പോവുകയാണ്. രാത്രിക്കു മുൻപേ മിന്നൽക്കൊമ്പനെ ഫോറസ്റ്റാഫിസിനടുത്ത് തയാറാക്കിയിരിക്കുന്ന ആനക്കൂട്ടിലെത്തിച്ചേ പറ്റൂ. അതിനുവേണ്ടി മീശയാപ്പീസറ് പന്ത്രണ്ടുചക്രക്കാരനോട് വേഗന്നു വരണമെന്ന് വിളിച്ചുകൊണ്ടിരുന്നു. 

‘മരങ്ങളൊക്കെ മുറിക്കുന്നുണ്ടെങ്കിലും കമ്പും കണിയാരോം കിടക്കുവല്ലേ. വണ്ടിയങ്ങോട്ടു പായിക്കാൻ പറ്റുന്നില്ല.’

പന്ത്രണ്ടുചക്രക്കാരന്റെ ഡ്രൈവർ മീശയാപ്പീസറോടു പറഞ്ഞു. 

‘ഓ, എങ്ങനെയെങ്കിലും വേഗന്നു വാ. ഇരുട്ടുന്നതിനു മുൻപ് ഈ പരിപാടി തീർക്കണം.’ മീശയാപ്പീസർ തിരക്കാക്കി.

വീണുകിടക്കുന്ന മരക്കൊമ്പുകളിൽ കയറിയുമിറങ്ങിയും ഉരച്ചുംകുത്തിയുമൊക്കെ പന്ത്രണ്ടുചക്രക്കാരൻ ഒരുവിധം മിന്നൽക്കൊമ്പനെ തളച്ച സ്ഥലത്തെത്തി. ഇനി താപ്പാനകൾ പിടിച്ച് കൊമ്പനെ ലോറിയിലേക്കു കയറ്റണം. അതിനു വേണ്ടി ആഞ്ഞിലിമരത്തിൽനിന്നു ചങ്ങലയൂരിയെടുക്കാൻ രണ്ടു ഗാർഡുമാർ വേഗത്തിൽ ചാടിയിറങ്ങി. ചങ്ങലയുടെ കൊളുത്തെടുക്കാനൊരുങ്ങുമ്പോൾ അവർ അതിശയത്തോടെ പരസ്പരം നോക്കി.

‘അല്ലെടാ, ഒരു അരമുക്കാമണിക്കൂറല്ലേ ആയുള്ളൂ ഇവനെ തളച്ചിട്ട്? പിന്നെ ഇങ്ങനെയായതെങ്ങനെയാ?’

‘ഇനിയീ ചങ്ങല ഇവിടെ നേരത്തേ ഉണ്ടായിരുന്നതാണോ?’ രണ്ടാമനു സംശയമായി.

ഒരു നൂറുവർഷം മുൻപ് ആ മരത്തിൽ ചുറ്റപ്പെട്ടതുപോലെ ചങ്ങല ആഞ്ഞിലിമരത്തിന്റെ തൊലിയാൽ മൂടിപ്പോയിരുന്നു. 

‘സാറേ, എന്തു ചെയ്യും?’ – ഗാർഡ് വിളിച്ചു ചോദിച്ചു.

ചെരമ്പൻമൂപ്പൻ അപ്പോഴും പറഞ്ഞു: ‘വേണ്ട, ഓനെ വിട്ടുകള. ഓൻ സാധാരണ ആനയല്ലാന്ന്.’ 

മീശയാപ്പീസറ് ചിരിക്കുകയാണു ചെയ്തത്. 

‘നിസ്സാരം, കൊളുത്തു കാണുന്നില്ലെങ്കിൽ ചങ്ങല മുറിച്ചെടുക്കണം.’

മീശയാപ്പീസറ് ഗ്യാസ്‍വെൽഡുകാരനെയും ഇരുമ്പുപണിക്കാരനെയുമൊക്കെ തെരുതെരാ വിളിച്ചു. ആളുവന്നപ്പോ രണ്ടിനത്തിലുംപെട്ട അഞ്ചാറു പേരുണ്ട്. അവർ പറഞ്ഞ നേരംകൊണ്ടു ചങ്ങല മുറിച്ചിട്ടു. അപ്പോൾ ആഞ്ഞിലിയുടെ ചുവട്ടിൽനിന്ന് ഒരു ചുവന്ന കറ പൊട്ടിയൊഴുകിയത് അവരാരും ശ്രദ്ധിച്ചില്ല.

മിന്നൽക്കൊമ്പൻ ചെറിയ അനക്കം കാണിച്ചതോടെ എല്ലാവർക്കും പേടി തുടങ്ങി. മയക്കത്തിൽനിന്ന് അവൻ ഉണർന്നാൽ കുഴപ്പമല്ലേ? പിന്നെ കാര്യങ്ങൾ വേഗംവേഗമാണു നടന്നത്. 

പന്ത്രണ്ടുചക്രത്തിന്റെ ലോറിയിലേക്കു മിന്നൽക്കൊമ്പനെ താപ്പാനകൾ തള്ളിക്കയറ്റി. മരംവച്ചുകെട്ടിയ ലോറിക്കൂട്ടിൽ തളർന്നുനിന്നാണ് മിന്നൽക്കൊമ്പൻ ഫോറസ്റ്റോഫിസിലേക്കു യാത്ര തുടങ്ങിയത്. അരമണിക്കൂറുകൊണ്ട് ലോറി ഫോറസ്റ്റാപ്പീസിലെത്തി. താപ്പാനകൾവന്ന് മിന്നൽക്കൊമ്പനെ കുത്തിയിളക്കി താഴെയിറക്കി. 

മഴയെല്ലാം തോർന്നിരുന്നു. മീശയാപ്പീസർ ഉദ്ദേശിച്ചതുപോലെ സന്ധ്യയാകുന്നതിനു മുൻപേ മിന്നൽക്കൊമ്പനെ മരക്കൂട്ടിൽ കയറ്റാൻ കഴിഞ്ഞു. എങ്കിലും രാത്രിയാണു വരുന്നത്. പേടിക്കണം. സാധാരണക്കാരനല്ലല്ലോ ഇവൻ.

രാത്രിയാകുമ്പോഴേക്കും സ്ക്വാഡിലുള്ളവർ കൂടിനു ചുറ്റും നിരന്നിരുന്നു. അവരുടെ പേടിപോകാൻ കമ്പും മരവും കൂട്ടിയിട്ടു കത്തിക്കണം. അതിനുള്ള കോപ്പൊക്കെ നേരത്തേ റെഡിയാണ്. 

നിലാവുള്ള രാത്രിയാണെന്ന് മീശയാപ്പീസർക്കു മനസ്സിലായത് രാത്രി വന്നപ്പോഴാണ്. അത്രയും ആശ്വാസം. കാട്ടിലൊക്കെ നിലാവു വിരിഞ്ഞുകിടക്കുന്നതു കാണുമ്പോൾ ഗാർഡുമാരുടെ പേടി കുറയും. 

പക്ഷേ, ഏതു തെളിഞ്ഞ നിലാവിലും ആരുടെയും കണ്ണിൽപെടാതെ സഞ്ചരിക്കാനറിയുന്ന ഒരാൾ ആ കാട്ടിലുണ്ടായിരുന്നു – ആനകളുടെ റാണിയായ ആനമുത്തി. 

പഴകിപ്പഴകി കാടിന്റെ നിറമായിപ്പോയ ആ മുത്തി വലിയ സഞ്ചാരപ്രിയയായിരുന്നു. ഒരു കാട്ടിലും സ്ഥിരമായി നിൽക്കാതെ കറങ്ങിനടക്കുന്ന സ്വഭാവമാണു മുത്തിക്ക്. ഇപ്പോൾ വലിയൊരു കറക്കം കഴിഞ്ഞു വരുന്നവഴിയാണ്. ഈ കാട്ടിലേക്കു കയറിയപ്പോഴേ മുത്തിയുടെ ചുറ്റും കുറച്ചു കുട്ടിയാനകൾ വിശേഷങ്ങളറിയാൻ കൂടിയിരുന്നു. മിന്നൽക്കൊമ്പനെ തളച്ച കാര്യം കുട്ടിയാനകളാണ് മുത്തിയോടു പറഞ്ഞത്. 

അതുകേട്ടപ്പോൾ മുത്തിയൊന്നു ചിരിച്ചു. അതെന്താണ് അങ്ങനെയൊരു ചിരിയെന്ന് കുട്ടിയാനകൾക്കു മനസ്സിലായില്ല. മുത്തി നടപ്പുതന്നെയാണ്. കുട്ടിയാനകളും കൂടെത്തന്നെയുണ്ട്. രാത്രിയിൽ നടക്കുമ്പോൾ ഇലവീഴുന്നത്ര ഒച്ചപോലും ഉണ്ടാക്കരുതെന്ന് കുട്ടിയാനകളോടു മുത്തി പ്രത്യേകം പറഞ്ഞു. അവരത് അനുസരിക്കുകയും ചെയ്തു.

ലക്ഷ്യമില്ലാത്തതുപോലെ പരക്കെ ചുറ്റിക്കറങ്ങിയാണെങ്കിലും നിലാവു പരന്നുകഴിഞ്ഞപ്പോൾ അവരുടെ നടപ്പ് എത്തിനിന്നത് മിന്നൽക്കൊമ്പനെയിട്ടിരിക്കുന്ന കൂടിന്റെയടുത്താണ്. 

ഫോറസ്റ്റാപ്പീസിന്റെ കുറച്ചകലെ ആഴിവെളിച്ചമെത്താത്ത ഒരിടത്തുനിന്ന് മുത്തി മിന്നൽക്കൊമ്പന്റെ കൂടിനു നേർക്കു നോക്കി. 

കൂട്ടിൽ മിന്നൽക്കൊമ്പനു ബോധം തെളിഞ്ഞുവരികയായിരുന്നു. അവന് മുത്തിയാനയുടെ പഴകിയ മണം കിട്ടി. അവൻ പതുക്കെയൊന്നു വിളിച്ചു. 

അവന്റെ ആ വിളികേട്ട് മുത്തി തുമ്പിക്കൈയെടുത്ത് ഒരു തഴുകൽ വായുവിലേക്കു വിട്ടു. മിന്നൽക്കൊമ്പൻ അതു  പിടിച്ചെടുത്തു. ഒച്ചയില്ലാത്ത കുറെ വാക്കുകളാണ് പിന്നെ മുത്തി വായുവിലേക്കു വിട്ടത്. വായു അതു വള്ളിപുള്ളി വിടാതെ അവന്റെയടുത്ത് എത്തിച്ചു. 

‘മുത്തിയെന്താണ് ‍മാമനോടു പറഞ്ഞത്?’ 

കുട്ടിയാനകളിലൊന്ന് മുത്തിയോടു ചോദിച്ചു. 

‘വിഷമിക്കണ്ടടാ കൊച്ചനേന്നാ പറഞ്ഞത്.’ നിലാവുദിക്കുന്നത്ര ശാന്തമായി മുത്തി കാലെടുത്തുവച്ചു.

‘അല്ല മുത്തീ, ഇങ്ങനെ പിടിച്ചു ചവിട്ടിക്കൂട്ടി കൂട്ടിലാക്കിയാൽ ആരായാലും വിഷമിക്കില്ലേ? ആനറാണിയാണെന്നോർത്ത് വെറുതെയോരോന്ന് പറയണന്നുണ്ടോ?’

കൂട്ടത്തിൽ ഇച്ചിരി തറുതലക്കാരനായ ആനക്കുട്ടിയാണതു ചോദിച്ചത്. മുത്തി ഒച്ചയില്ലാതൊന്നു പൊട്ടിച്ചിരിച്ചു. അതു പൊട്ടിച്ചിരിയാണെന്ന് ആനപ്പിള്ളേർക്കു മനസ്സിലായില്ല. അതൊന്നും നോക്കാതെ മുത്തി പറഞ്ഞു: ‘എടാ പൊട്ടുപിള്ളേരേ, നിങ്ങളവന്റെ കൊമ്പു കണ്ടോ? സാധാരണ ഒരാനയ്ക്ക് അതുപോലുള്ള കൊമ്പുണ്ടാകുമോ? എടാ, അവനെ കൂട്ടിലാക്കി ഇണക്കിയെടുക്കാൻ ഒരുത്തനും സാധിക്കില്ല. അവനവിടുന്ന് പുല്ലു പറിക്കുന്നതുപോലെ രക്ഷപ്പെടും മനസ്സിലായോ.’

മുത്തി ചിരി തുടർന്നു. ഇപ്പോഴാണ് ആനപ്പിള്ളേർക്കു മനസ്സിലായത്, അതു ചിരിതന്നെയാണെന്ന്.

‘മുത്തിക്കത്ര ഉറപ്പാണോ?’ ഏറ്റവും കുട്ടിയായവള് ചോദിച്ചു.

‘ഉം.’ മുത്തി ചിരി നിർത്തിയില്ല.

‘അതെന്താ അത്ര ഉറപ്പ്?’ വേറൊരുത്തി മുത്തിയുടെ കാലിൽ പിടിച്ചു.

‘അതോ, അവൻ ആനത്തമുള്ളവനാടീ. അവനെ കീഴടക്കാൻ പറ്റില്ല.’ 

‘ആനത്തമോ? അതെന്താണ്?’ എല്ലാവർക്കും ആ സംശയമുണ്ടായിരുന്നു. 

ഒരു കുന്നിറക്കത്തിന്റെ തുടക്കത്തിൽവച്ച് മുത്തിയാന തിരിഞ്ഞുനിന്നു. ആനത്തത്തെക്കുറിച്ചു കേൾക്കാൻ വേണ്ടി കുട്ടിയാനകൾ ഉറമ്പുകണ്ണുകൾ ആകുന്നത്ര മിഴിച്ച് മുത്തിയെ നോക്കി.

തുടരും...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA