ADVERTISEMENT

പ്രകൃതിസൗന്ദര്യത്തിന്റെ ഊഷ്മളതയ്ക്കപ്പുറമുള്ള കരയിൽ  പാംഗോങ് തടാകത്തിനു മറ്റൊരു മുഖമുണ്ട്. ഇന്ത്യ – ചൈന  സേനകൾ തമ്മിലുള്ള നിരന്തര സംഘർഷത്തിന്റെ കരയാണത്. സഞ്ചാരികൾക്കു പ്രവേശനമില്ലാത്ത ആ കരയിലെ കാഴ്ചകൾ... 

ബോളിവുഡ് സിനിമകളിലടക്കം മുഖംകാണിച്ച പ്രദേശമാണ് 14,000 അടി ഉയരത്തിൽ കിഴക്കൻ ലഡാക്കിലുള്ള പാംഗോങ് ട്സോ (ടിബറ്റൻ ഭാഷയിൽ ട്സോ എന്നാൽ തടാകം). വിനോദസഞ്ചാരികളുടെ സ്വപ്നതീരം. പ്രകൃതിസൗന്ദര്യത്തിന്റെ ഊഷ്മളതയ്ക്കപ്പുറമുള്ള കരയിൽ പാംഗോങ് ട്സോയ്ക്കു മറ്റൊരു മുഖമുണ്ട്. ഇന്ത്യയുടെയും ചൈനയുടെയും സേനകൾ തമ്മിലുള്ള നിരന്തര സംഘർഷത്തിന്റെ കരയാണത്. അവിടേക്കു സഞ്ചാരികൾക്കു പ്രവേശനമില്ല. 

സേനകൾ മാത്രം നിലയുറപ്പിച്ചിട്ടുള്ള ആ കരയിലെ കാഴ്ചകൾ എന്തൊക്കെയാണ്? യഥാർഥ നിയന്ത്രണ രേഖയിൽ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ – എൽഎസി) ഇന്ത്യയെ സംരക്ഷിക്കുന്നതിന്റെ മുൻനിര പോരാളികളായ പാംഗോങ് ട്സോ ഇൻഫൻട്രി ബറ്റാലിയന്റെ മുൻ കമാൻഡിങ് ഓഫിസറും കൊല്ലം സ്വദേശിയുമായ കേണൽ (റിട്ട) എസ്.ഡിന്നി, അവിടത്തെ സേനാരീതികൾ വിവരിക്കുന്നു. 2015 – 17 കാലഘട്ടത്തിലാണ് പാംഗോങ് ട്സോ ആസ്ഥാനമായുള്ള ബറ്റാലിയന്റെ ചുമതല ഡിന്നി വഹിച്ചത്.

col-dinny
കേണൽ (റിട്ട) എസ്.ഡിന്നി

കൈവിരലുകളിലെ തർക്കം

തടാകത്തിന്റെ വടക്കൻ തീരത്ത് ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തിമേഖലയിലുള്ള മലനിരകളാണു സംഘർഷങ്ങളുടെ പ്രഭവകേന്ദ്രം. 8 മലനിരകളാണ് ഇവിടെയുള്ളത്. കൈവിരലുകൾ പോലെ നീളുന്ന ഇവയെ സേനാഭാഷയിൽ 8 ഫിംഗേഴ്സ് എന്നു വിളിക്കുന്നു. 

ഇതിൽ ആദ്യത്തെ 4 മലനിരകൾ ഇന്ത്യയുടെ ഭാഗത്താണ്. അവിടെനിന്ന് 8 വരെയുള്ള മലനിരകളാണു തർക്കമേഖല. എട്ടാമത്തെ മലനിര (ഫിംഗർ 8) വരെയാണ് യഥാർഥ അതിർത്തിയെന്ന് ഇന്ത്യ വാദിക്കുന്നു. നാലാമത്തേതിൽ (ഫിംഗർ 4) അതിർത്തി അവസാനിക്കുന്നുവെന്ന് ചൈനയും. അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് ഇരു രാജ്യങ്ങൾക്കും അതിർത്തിയെക്കുറിച്ചു സ്വന്തം കാഴ്ചപ്പാടുകളാണ്. 

തർക്കം കണക്കിലെടുത്ത് ഇരുകൂട്ടരും സേനാനീക്കത്തിന് ഒരു വഴി കണ്ടെത്തിയിട്ടുണ്ട് – നാലിനും എട്ടിനുമിടയിലെ മലനിരകളിൽ ഇരുസേനകളും പരസ്പരം പരിശോധനകൾ (പട്രോളിങ്) നടത്തുക. പട്രോളിങ് നടത്തിയ ശേഷം തിരികെപ്പോകണമെന്നാണു വ്യവസ്ഥ. അതു ലംഘിച്ച് ഫിംഗർ നാലിൽ ടെന്റ് ഉൾപ്പെടെയുള്ളവ സ്ഥാപിച്ച് ചൈനീസ് സേന നിലയുറപ്പിച്ചതാണു നിലവിലെ സംഘർഷത്തിനു വഴിവച്ചത്. നാലിൽനിന്ന് എട്ടിലേക്കു നീങ്ങുന്നതിൽനിന്ന് ഇന്ത്യൻ സേനയെ അവർ തടസ്സപ്പെടുത്തുകയും ചെയ്തു. 

ചൈനക്കാരന്റെ ഇംഗ്ലിഷ്, ഇന്ത്യക്കാരന്റെ മാൻഡരിൻ!

ശൈത്യകാലത്ത് മാസത്തിൽ സാധാരണ രണ്ടു തവണയാണ് പട്രോളിങ് നടത്തുക. കാലാവസ്ഥ മെച്ചപ്പെടുന്ന വേനൽക്കാലത്ത് ആഴ്ചയിൽ ഒന്നു വീതവും. എതിരാളി ചെയ്യുന്ന പട്രോളിങ്ങിന്റെ അത്രയും എണ്ണം മറുപക്ഷവും ചെയ്യും. ഇന്ത്യ നാലുതവണ നടത്തിയാൽ, ചൈനയും അത്രയും തവണ നടത്തും. ഇരുപക്ഷവും പരസ്പരം അറിയിക്കാതെയാണു നീങ്ങുക. എങ്കിലും ഇരുരാജ്യത്തെയും സേനാ പോസ്റ്റുകളിൽനിന്നു നോക്കിയാൽ മറുപക്ഷത്തിന്റെ നീക്കം കാണാം. 

ഒരു പട്രോളിങ് സംഘത്തിൽ 10 പേരാണുണ്ടാവുക. സംഘത്തെ നയിക്കുന്നത് ഓഫിസർ റാങ്കിലുള്ള സേനാംഗം. ഒപ്പം 8 ജവാൻമാർ. ചൈനീസ് ഭാഷയായ മാൻഡരിൻ പഠിച്ച സേനാംഗമാണ് പത്താമൻ. ചൈനയുടെ ഭാഗത്തു നിന്നും 10 പേർ. അതിലൊരാൾ ഇംഗ്ലിഷ്/ഹിന്ദി പഠിച്ചയാൾ. തർക്കങ്ങളുണ്ടാവുമ്പോൾ സേനയ്ക്കുവേണ്ടി ഓഫിസർ സംസാരിക്കും. അതു പരിഭാഷപ്പെടുത്തി എതിരാളിക്കു പറഞ്ഞുകൊടുക്കുകയാണ് ദ്വിഭാഷിയുടെ ചുമതല. 

കൊണ്ടും കൊടുത്തും

നാലാം മലനിരയിൽനിന്ന് എട്ടിലേക്കു നടന്നാണ് ഇന്ത്യൻ സംഘം നീങ്ങുക. എട്ടിൽനിന്നു നാലിലേക്ക് ചൈനക്കാരെത്തുന്നത് ജീപ്പിലും. 8 കിലോമീറ്ററുള്ള ഈ ദൂരം നടന്നെത്താൻ ഇന്ത്യൻ സേനയ്ക്ക് ഒന്നര മണിക്കൂർ വേണം. ജീപ്പിലെത്തുന്ന ചൈനക്കാർക്ക് 15 മിനിറ്റും. നാലിൽനിന്ന് എട്ടിലേക്കു നടക്കുന്ന ഇന്ത്യക്കാരെ പാതിവഴിയിൽ ചൈന ബലമായി തടഞ്ഞു മടക്കി അയച്ചാൽ, അടുത്ത തവണ ഇന്ത്യൻ സേന ചൈനക്കാരെയും അതേ രീതിയിൽ തടയും, മടക്കി അയയ്ക്കും. 

ഓരോ പ്രവർത്തനത്തിനും സമവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ടാവുമെന്ന ഐസക് ന്യൂട്ടന്റെ മൂന്നാം ചലനനിയമം പ്രായോഗികതലത്തിൽ ഏറ്റവുമധികം നടപ്പാവുന്നത് ഇവിടെയാണ്; എതിരാളിയുടെ ഏതു നീക്കത്തിനും അതേ നാണയത്തിലുള്ള തിരിച്ചടി! 

ബാനറുയർത്തി ഗോ ബാക്ക്!

അതിർത്തിയിലെ പട്രോളിങ്ങിൽ മുഖത്തോടു മുഖം വരുന്ന അവസരങ്ങളിൽ സമാധാനം നിലനിർത്താൻ സേനകൾ ചെയ്യുന്ന നടപടിയാണു ബാനർ മീറ്റിങ്. ചൈനയോടു ചേർന്നുള്ള എട്ടാം മലനിരയിലേക്ക് ഇന്ത്യൻ സേന കാൽനടയായി എത്തുമ്പോൾ അവിടെ ഒരു ബാനറുമായി ചൈനക്കാർ നിൽക്കും – ‘നിങ്ങൾ ചൈനയുടെ പ്രദേശത്തു കയറുന്നു. തിരികെപ്പോവുക’. അതിനു മറുപടിയായി മറ്റൊരു ബാനർ ഇന്ത്യൻ സേന ഉയർത്തും – ‘നിങ്ങൾ ഇന്ത്യൻ ഭാഗത്തേക്കു കയറുന്നു. ഗോ ബാക്ക്!’ 

അപ്പോൾ, ആദ്യത്തേതു മടക്കി, ചൈന രണ്ടാം ബാനർ ഉയർത്തും. അതിലെ വാചകങ്ങൾ ഇങ്ങനെ – ‘സമാധാനവും സൗഹൃദവും കണക്കിലെടുത്ത് ഞങ്ങൾ തിരികെപ്പോകുന്നു. നിങ്ങളും അതുപോലെ ചെയ്യുമെന്നു വിശ്വസിക്കുന്നു’. പിന്നാലെ അതേ വാചകങ്ങളെഴുതിയ ബാനർ ഇന്ത്യയും ഉയർത്തും. തുടർന്ന് ഇരുസേനകളും പിന്തിരിയും. ചൈനീസ് സംഘം നാലാം മലനിരയിലേക്കെത്തുമ്പോൾ ഇന്ത്യ ആദ്യ ബാനറുയർത്തും. 

ചുവന്ന തുണിയിൽ വെള്ള അക്ഷരങ്ങളിൽ ഇംഗ്ലിഷിലും മാൻഡരിനിലുമെഴുതിയ ബാനറാണ് ഇരുപക്ഷവും ഉയർത്തുക. ഇരുസേനകളും ബാനർ ഉയർത്തിപ്പിടിച്ച് മുഖത്തോടു മുഖം നിൽക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു. പട്രോളിങ്ങിനിടെയുള്ള ബാനർ മീറ്റിങ്ങിന്റെ ദൃശ്യങ്ങളാണത്. 

തലകീഴായി തോക്ക്

പട്രോളിങ് നടത്തുന്ന സമയത്ത് സേനാംഗങ്ങൾ തോക്ക് കയ്യിൽ കരുതും. പക്ഷേ, അത‌ു തലകീഴായിട്ടായിരിക്കും പിടിക്കുക. ‘ഞങ്ങൾ നിങ്ങളുടെ ശത്രുവല്ല’ എന്ന സന്ദേശമാണ് ഇതിലൂടെ മറുപക്ഷത്തിനു നൽകുന്നത്. തർക്കങ്ങൾ മൂർച്ഛിക്കുമ്പോഴും ഇരുപക്ഷവും തോക്കെടുത്തു ഭീഷണി മുഴക്കില്ല. വാക്കുതർക്കമാണു പതിവ്; കൈവിട്ടുപോയാൽ പരസ്പരം കല്ലേറു വരെയാകും.

തടാകത്തിലെ ചെയ്സിങ്

കരയിലെ അതിർത്തിരേഖകൾ സംബന്ധിച്ച ധാരണ പാംഗോങ് തടാകത്തിലേക്കും നീളുന്നു. വെള്ളത്തിൽ വരച്ച അദൃശ്യവരകളിൽ രേഖപ്പെടുത്തിയ അതിർത്തി. സേനകൾ മലനിരകളിലൂടെ നീങ്ങുമ്പോൾ അതിനു സമാന്തരമായി 3 ബോട്ടുകളിൽ അതതു രാജ്യത്തിന്റെ സേനാംഗങ്ങൾ തടാകത്തിലൂടെ നീങ്ങും (ബോട്ട് പട്രോളിങ്). കരയിലേതു പോലെ പരസ്പരം ബോട്ടുകളിൽനിന്നും ഇരുപക്ഷവും ബാനറുകളുയർത്തും. 

ചിലപ്പോൾ ബാനറിലെ വാചകങ്ങൾ അവഗണിച്ച് ചൈനീസ് ബോട്ടുകൾ മുന്നോട്ടു കുതിക്കും. ‘നിങ്ങളുടേത് പ്രകോപനപരമായ നീക്കമാണെ’ന്നറിയിച്ച് ഇന്ത്യൻ സേന പിന്നാലെ കുതിക്കും. ബോട്ടിലുള്ള ജവാന്മാരുടെ വീര്യം പോലെയിരിക്കും ചെയ്സിങ്ങിന്റെ തീവ്രത. പരസ്പരം കൂട്ടിയിടിച്ചു വെള്ളത്തിൽ വീഴുന്നതു പോലെയുള്ള നീക്കങ്ങൾ ഇരുപക്ഷവും നടത്തില്ല. കാരണം, മരവിപ്പിക്കുന്ന തണുപ്പാണു വെള്ളത്തിന്. എതിരാളിയുടെ ബോട്ടിനു ചുറ്റും വട്ടംകറങ്ങുന്നതു പോലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തി ഇരുപക്ഷവും പിന്തിരിയും. അതിശൈത്യത്തിൽ തടാകം തണുത്തുറയുമ്പോൾ ബോട്ട് പട്രോളിങ് നിർത്തിവയ്ക്കും. 

സൗഹൃദത്തിന്റെ പുക!

സംഘർഷ മനോഭാവത്തോടെയല്ല ഇരുസേനകളും പട്രോളിങ് നടത്തുന്നത്. അപൂർവം അവസരങ്ങളിലൊഴികെ, പരസ്പര ബഹുമാനം എപ്പോഴുമുണ്ട്. പട്രോളിങ് കഴിഞ്ഞു മടങ്ങുമ്പോൾ ചിലപ്പോഴെങ്കിലും ഇരുസേനാംഗങ്ങളും തമ്മിൽ സിഗരറ്റ് പങ്കിടുന്ന സന്ദർഭങ്ങളുമുണ്ട്. ഒൗദ്യോഗിക തലത്തിൽ അവ അംഗീകരിച്ചിട്ടില്ലെങ്കിലും സൗഹൃദത്തിന്റെ അനൗദ്യോഗിക നിമിഷങ്ങളാണത്. 

ഒൗദ്യോഗിക തലത്തിൽ സേനകൾ തമ്മിൽ രണ്ടുതരം കൂടിക്കാഴ്ചകളാണ് അതിർത്തിയിൽ നടത്തുക. സംഘർഷം പരിഹരിക്കാൻ നിലവിൽ നടക്കുന്നതു പോലുള്ള ഗൗരവമേറിയ ചർച്ചകളാണ് ആദ്യത്തേത്. ആഘോഷവേളകളിൽ പരസ്പരം കൂടിക്കാഴ്ച നടത്തുന്നതാണു രണ്ടാമത്തേത്. ദീപാവലി, ഹോളി ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഇന്ത്യൻസംഘം മധുരവുമായി എത്തുന്നു. മേയ് ദിനം പോലുള്ള അവസരങ്ങളിൽ മധുരം വിളമ്പുന്നതു ചൈനീസ് സംഘമാണ്. ആഘോഷങ്ങളുടെ എണ്ണം ഇരുഭാഗത്തും തുല്യമായിരിക്കും. 

അതിർത്തിയിലെ ജീവിതം

ലോകത്തിലെ ഏറ്റവും ദുർഘടമായ അതിർത്തി മേഖലകളിലൊന്നാണു കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും പങ്കിടുന്നത്. ശൈത്യകാലത്ത് താപനില മൈനസ് 40ലേക്കു കൂപ്പുകുത്തും. ഒരു ചെറിയ പിഴവുകൊണ്ടു പോലും ജീവൻ നഷ്ടപ്പെടാവുന്ന അവസ്ഥ. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ചില്ലെങ്കിൽ രക്തം കട്ടപിടിക്കും, വിശപ്പു നഷ്ടപ്പെടും, കാഴ്ചയ്ക്കു തകരാർ സംഭവിക്കും. ഒരു തൊപ്പി വയ്ക്കുന്നതിലെ മറവി പോലും മരണത്തിലേക്കുള്ള വഴിയാണ്. സമുദ്രനിരപ്പിലുള്ളതിനെക്കാൾ 40% കുറവാണ് അവിടത്തെ ഓക്സിജൻ അളവ്; ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട്. 

ഇത്രയും പ്രതികൂല കാലാവസ്ഥയിൽ ചങ്കൂറ്റം കൈവിടാതെ നിലയുറപ്പിക്കാൻ സേനാംഗത്തെ പ്രാപ്തനാക്കുന്നതെന്താണ്? കരസേനയിലെ പരിശീലനത്തിലൂടെ കൈവരിച്ച അച്ചടക്കവും മനക്കരുത്തും. 

രാജ്യസ്നേഹത്തിന്റെ യൂണിഫോം ധരിച്ച് അവിടെ നിലയുറപ്പിച്ചിട്ടുള്ള സേനാംഗത്തിനു സല്യൂട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com