അമ്മു അമ്മയായി, ജയ പുരട്ച്ചി തലൈവിയായി; വേദനിലയം വീണ്ടും വാർത്തകളിൽ

poes-garden
ചെന്നൈ പോയസ് ഗാർഡനിലെ വേദനിലയം
SHARE

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വീട് വേദനിലയം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ.... 

കിടപ്പ് ഭൂമിയിലാണെങ്കിലും പോയസ് ഗാർഡന് ഒരു കാര്യത്തിൽ സാമ്യം ആകാശത്തോടാണ്. വാനമെന്ന പോലെ, മദിരാശിപ്പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ തെരുവും നക്ഷത്രങ്ങളുടെ വാസസ്ഥലമാണ്. മൂന്നു വർഷം മുൻപുവരെ, ഈ തെരുവിലെ 81-ാമത്തെ കെട്ടിടമായ വേദനിലയം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ  മേൽവിലാസങ്ങളിലൊന്നായിരുന്നു.

വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി, തമിഴ് മക്കളുടെ മനസ്സിലെ നക്ഷത്രമായി മാറിയ ജയലളിതയുടെ സ്വന്തം വീട്. ജയ ഓർമയിലെ നിത്യതാരകമായതോടെ വേദനിലയത്തിന്റെ പ്രഭയൊന്നു മങ്ങി. മദ്രാസ് ഹൈക്കോടതി ഈയിടെ പുറപ്പെടുവിച്ച വിധിയോടെ, പുതിയ അവകാശികൾക്കൊപ്പം വാർത്തയുടെ വെള്ളിവെളിച്ചവും വേദനിലയത്തെത്തേടി വീണ്ടുമെത്തിയിരിക്കുന്നു. 

ജയലളിതയുടെ പിന്തുടർച്ചാവകാശികളെന്ന നിലയിൽ, പോയസ് ഗാർഡനുൾപ്പെടെ അവരുടെ എല്ലാ സ്വത്തുക്കളുടെയും അവകാശം സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനുമാണെന്നാണു വിധി.

ചെറിയ പിണക്കങ്ങളുടെ ഇടവേളയൊഴിച്ചാൽ രണ്ടു പതിറ്റാണ്ടോളം ജയയുടെ തോഴിയും നിഴലുമായിരുന്ന വി.കെ.ശശികല,  അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇതേ വീട്ടിൽനിന്നാണു ബെംഗളൂരു ജയിലിലേക്കു പോയത്. ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്ത വർഷമാദ്യം ശശികല പുറത്തിറങ്ങും. അണികളുടെ പ്രിയപ്പെട്ട അമ്മയുടെ താമസസ്ഥലം നിത്യസ്മാരകമാക്കി മാറ്റുകയെന്ന പദ്ധതിയുമായി അണ്ണാഡിഎംകെ സർക്കാരും രംഗത്തുണ്ട്. വേദനിലയവുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്ന ഹൈക്കോടതി വിധി ഒന്നിന്റെയും അവസാനമല്ല, വരാനിരിക്കുന്ന കരുനീക്കങ്ങൾക്കു മുൻപുള്ള ഇടവേള മാത്രമാണെന്നു തമിഴകത്തു പലരും വിശ്വസിക്കുന്നു.

Jayalalitha-1

പോയുടെ തോട്ടം പോയസ് ഗാർഡനായി

ഒരു കാൽപനികനെ കവിയാക്കി മാറ്റുന്ന അന്തരീക്ഷമെല്ലാമുണ്ട് പോയസ് ഗാർഡനിൽ. നഗരഹൃദയത്തിലൊരു ഗ്രാമ വിശുദ്ധിയെന്നൊക്കെ പറയാവുന്നത്ര മനോഹരമായ ഇടം. എന്നാൽ, പലരും കരുതുന്ന പോലെ അമേരിക്കൻ കവി എഡ്ഗാർ അലൻ പോയുടെ ഓർമയിലല്ല ഈ പേരു വന്നത്. 1837ലെ രേഖകൾ പ്രകാരം, പ്രമാണിയായ ബ്രിട്ടിഷ് വ്യാപാരി ഒരു മിസ്റ്റർ പോയുടെ പേരിലുള്ള സ്ഥലമായിരുന്നു ഇത്.

പോയുടെ തോ‌ട്ടം സ്വാഭാവികമായി പോയസ് ഗാർഡനായി. 1921ൽ ബിന്നി ആൻഡ് കോ എന്ന പ്രശസ്ത ഷിപ്പിങ് കമ്പനി വാങ്ങി. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 1950ൽ കമ്പനി അഡയാറിലേക്ക് ആസ്ഥാനം മാറ്റിയപ്പോൾ ആ സ്ഥലം റസിഡൻഷ്യൽ പ്ലോട്ടുകളായി മുറിച്ചുവിറ്റു. പിന്നീടാണ്, ജയലളിതയും രജനീകാന്തും പെപ്സിക്കോ സിഇഒ ഇ‌ന്ദ്രാ നൂയിയുമൊക്കെ ഇവിടെ താമസക്കാരായെത്തുന്നത്. ഭൂമിയുടെ മൂല്യമാണു ‌മാനദണ്ഡമെങ്കിൽ, നഗരത്തിൽ ബോട്ട് ക്ലബ്ബുൾപ്പെടെയുള്ള പ്രദേശങ്ങൾ പോയസ് ഗാർഡന് ഒരുപടി മുന്നിൽ നിൽക്കും. നഗരത്തിലെ വിഐപി വാസസ്ഥലമേതെന്നു ചോദിച്ചാൽ പക്ഷേ, പോയസ് ഗാർഡനു ശേഷമേ വരൂ മറ്റ് ഉത്തരങ്ങൾ. 

ജയലളിത c/o പോയസ് ഗാർഡൻ

കൈവിട്ടുപോയ ഒരുപിടി സ്വപ്നങ്ങളുടെ വേദനിപ്പിക്കുന്ന ഓർമയാണു ‌ജയലളിതയ്ക്കു ‌കുട്ടിക്കാലം. ചെറുപ്പത്തിൽ അച്ഛന്റെ മര‌ണം, ‌അമ്മ വേദവല്ലിയുടെ കഠിനാധ്വാനം. ജയ മൈസൂരുവിൽ ബന്ധുക്കളുടെ വീട്ടിൽ. തമിഴ് സിനിമയിൽ ചെറിയ അവസരങ്ങളുമായി അമ്മ മദിരാശിക്കും മൈസൂരുവിനുമിടയിൽ ഓട്ടപ്പാച്ചിൽ.

jaya-deepa-deepak
1, വേദനിലയത്തിന്റെ ബാൽക്കണിയിൽനിന്ന് അണികളെ അഭിവാദ്യം ചെയ്യുന്ന ജയലളിത (ഫയൽ ചിത്രം). ദീപ , ദീപക്

അൻപതുകളുടെ അവസാനം ജയയും ‌മദിരാശിയിലെത്തി. പത്താം ക്ലാസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയായ മിടുക്കിക്കുട്ടിയെ വിധിയുടെ അദൃശ്യ കരങ്ങൾ സിനിമയുടെ ‌വെള്ളിവെളിച്ചത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. 1961ൽ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ച ജയ, അറുപതുകളുടെ അവസാനമായപ്പോഴേക്കും തമിഴ് തിരയിലെ തരംഗമായി. അക്കാലത്താണ്, ജയലളിതയുടെ കൂടി സമ്പാദ്യം ഉപയോഗിച്ച് അമ്മ പോയസ് ഗാർ‌ഡനിൽ വീടു വാങ്ങുന്നത്. 1967ൽ അതിന്റെ വില 1.32 ലക്ഷം. നിലവിൽ മതിപ്പു വില 100 കോടിയിലേറെ വരും. 

ജയയുടെ സ്വപ്നക്കൂട്

ചെറുപ്പം മുതൽ ബന്ധുവീടുകളിൽ വളർന്ന ജയയുടെ മനസ്സിലെ വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. പോയസ് ഗാർഡനിൽ അമ്മ വാങ്ങിയ വീ‌ട് ജയലളിതയുടെ സ്വപ്നങ്ങൾകൂടി ചേർത്തു പുതുക്കിപ്പണിതപ്പോൾ അതു വേദ‌നിലയമായി. 1972ൽ ആണു പുതിയ വീട്ടിൽ ഗൃഹപ്രവേശം നടന്നത്. അപ്പോഴേക്കും, അമ്മ വേദവല്ലി വിട പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ‌സ്വാധീനമെന്നു ജയ പലപ്പോഴും വിശേഷിപ്പിച്ച അമ്മയോടുള്ള  സ്നേഹം മുഴുവൻ ചേർത്താണ് പുതിയ വീടിനു വേദനിലയം എന്നു പേരിട്ടത്.

വീടിന്റെ ഗൃഹ‌‌പ്രവേശത്തിനായി അച്ചടിച്ച ബ്രൗൺ നിറത്തിലുള്ള ക്ഷണക്കത്തിൽ രണ്ടു ലാൻഡ് മാർക്കുകളാണു നൽകിയിരുന്നത്. സ്റ്റെല്ല മാരിസ് കോളജും റെയിൽവേ സർവീസ് കമ്മിഷൻ ഓഫിസും. പിന്നീട്, ജയ സ്വയമൊരു ചരിത്രമായും വേദ‍നിലയം രാജ്യമെമ്പാടും അറിയപ്പെടുന്ന ലാൻഡ് മാർക്കായും മാറി. 

അമ്മു അമ്മയായി, ജയ പുരട്ച്ചി തലൈവിയായി

പോയസ് ഗാർഡനിൽ താമസക്കാരിയായെത്തുമ്പോൾ പുതുമുഖ നടിയെന്നതു മാത്രമായിരുന്നു ജയലളിതയുടെ മേൽവിലാസം. പിന്നീട്, എംജിആറിന്റെ അമ്മുവായത്, അണ്ണാ ഡിഎംകെ  വേദികളിലെ താരോദയമായത്,  43-ാം വയസ്സിൽ ‌തമിഴകത്തിന്റെ മുഖ്യമന്ത്രിയായത്, അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് തലതാഴ്ത്തി ജയിലിലേക്കു പോയത്... ഏറ്റവുമൊടുവിൽ, 2016 സെപ്റ്റംബർ 22ന് അവസാനമായി അപ്പോളോ ആശുപത്രിയിലേക്കു പുറപ്പെട്ടത് എല്ലാം ഇവിടെനിന്നായിരുന്നു. 

1991ൽ ആദ്യ തവണ മുഖ്യമന്ത്രിയായപ്പോൾ ഔദ്യോഗിക വസതിയായി മറ്റൊരു വീടു നിർദേശിച്ചതാണ്. വളർച്ചയിലും തളർച്ചയിലും കൂ‌ടെ നി‌ന്ന വേദനിലയം തന്നെ മതിയെന്നു ജയ തീരുമാനിച്ചു. അങ്ങനെ, ഇന്ത്യൻ രാ‌ഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ മേൽവിലാസമായി പോയസ് ഗാർഡനിലെ വേദനിലയം മാ‌റി.

രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരും ഹർകിഷൻ സിങ് സുർജിത് മുതൽ ജോർജ് ഫെർണാണ്ടസ് വരെയുള്ള രാഷ്ട്രീയ ചാണക്യന്മാരും പോയസ് ഗാർഡനിൽ ദർശനത്തിനെത്തി. മക്കൾക്കുമേൽ അനുഗ്രഹം ചൊരിയുന്ന അമ്മയെപ്പോലെ, പുറത്തു തടിച്ചുകൂടിയ ആയിരങ്ങൾക്കുനേരെ പോർട്ടിക്കോയിൽനിന്നു കൈകൾ ഉയർത്തിക്കാട്ടുന്ന ജയല‌ളിത ‌തമിഴ്നാട് ‌രാഷ്ട്രീയത്തിന്റെ മുഖ‌ച്ചിത്രങ്ങളിലൊന്നായി മാറി. 

ബന്ധുക്കൾ, ശത്രുക്കൾ 

ജയലളിതയും അമ്മയും അംഗങ്ങളായ നാട്യകലാ നികേതൻ എന്ന ട്രസ്റ്റിനു കീഴിലാണു വേദനിലയം ഉൾപ്പെടെയുള്ള അവരുടെ സ്വത്തുക്കൾ റജിസ്റ്റർ ‌ചെയ്തിരുന്നത്. അമ്മയുടെ മരണശേഷം ഇതു ജയലളിതയുടെ പേരിലായി. ആ‌ദ്യഘട്ടത്തിൽ ജയലളിതയുടെ സഹോദരൻ ജയകുമാറും ഇവിടെയാണു താ‌മസിച്ചിരുന്നത്. 1972ൽ സഹോദരന്റെ വിവാഹം ജയലളിത മുന്നിൽനി‌ന്നു നട‌ത്തി. 1974ൽ അവർക്കു പെൺകുഞ്ഞു ജനിച്ചപ്പോൾ ദീപയെന്നു പേരിട്ടതുമ ജയ‌ലളിത തന്നെ. എൺപതുകളുടെ ആദ്യം കുടുംബത്തിനു മാത്രമറിയുന്ന കാ‌രണങ്ങളാൽ ജയകുമാറും കുടുംബവും ടി നഗറിലേക്കു താമസം മാറ്റി. സഹോദരങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധം പിന്നെയും തുടർന്നു. 

അതിനിടെയാണ്, ശശികല ജയയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ‌സഹായിയായിട്ടായിരുന്നു തുടക്കം. എംജിആറിന്റെ മരണശേഷം അണ്ണാഡിഎംകെ പിടിക്കാനുള്ള പോരാട്ടത്തിൽ മനസ്സും ശരീരവും മുറിഞ്ഞപ്പോൾ താങ്ങും തണലുമായി ശശികലയും അവരുടെ കുടുംബവും ജയയ്ക്കൊപ്പം നിന്നു. ഒടുവിൽ, ജയ‌യിലേക്കെത്താനുള്ള ഏക വഴിയായി ശശികല മാറി. 1991ൽ ആദ്യമായി മുഖ്യമന്ത്രി പദമേൽക്കുമ്പോൾ സന്തോഷം പങ്കിടാൻ സഹോദരനും കുടുംബവും വേദനിലയത്തിലെത്തി.

1995ൽ ശശികലയുടെ സഹോദര പുത്രൻ സുധാകരനെ ദത്തുപുത്രനായി പ്രഖ്യാപിച്ചു നടത്തിയ വിവാഹമാമാങ്കത്തോടെ ജയകുമാറിന്റെ ‌കുടുംബവുമായി കൂടുതൽ അകന്നു. അധികം വൈകാതെ ജയകുമാർ മരിച്ചപ്പോൾ ക‌ണ്ണീരോടെ ജയ യാത്രാമൊഴി നൽകാനെത്തി. പിന്നെ, ദീപയും ദീപ‌ക്കും ‌ജയയിലേക്കെത്താൻ ശ്രമങ്ങളേറെ നടത്തിയെങ്കിലും വഴിതുറന്നില്ല. 2004ൽ ആണു ജയ‌‌യെ അവസാനമായി കണ്ടതെന്നു ദീപ പറയുന്നു. അവസാനമായി ആശുപത്രിയിൽ കിടന്നപ്പോൾപോലും പ്രവേശനം നിഷേധിക്കപ്പെട്ടു. ശശികലയുടെ ഗുഡ് ‌ബുക്കിലായിരുന്ന ദീപക് പക്ഷേ, അപ്പോളോയിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ജയ‌‌യുടെ അന്ത്യ കർമങ്ങൾ ചെയ്യാനുള്ള നിയോഗവും ദീപക്കിനായിരുന്നു. 

നിഗൂഢത, പുസ്തകങ്ങൾ

ജയയുടെ ജീവിതം പോലെ നിഗൂഢമാണു വേദനിലയമെന്ന വീടും. അകത്ത് എന്തൊക്കെയുണ്ടെന്ന് അറിയാവുന്നത്  വിരലിലെണ്ണാവുന്നവർക്കു മാത്രം. അതിനാൽ, അതി‌ശയകഥകളേറെ പ്രചരിച്ചു. ജയയുടെ മരണശേഷവും അതിനു വിരാമമുണ്ടായില്ല. രാത്രികാലങ്ങളിൽ അമ്മയുടെ ആത്മാവ് വേദനിലയത്തിലെത്തുന്നുണ്ടെന്നും അവരുടെ മുറിയുടെ വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുവെന്നുമായിരുന്നു കഥ. ‌രണ്ടുനില കെട്ടിടത്തെക്കുറിച്ച് എത്ര നിലയിലും തീരാത്ത കഥകൾ.

വേദനിലയത്തിനുള്ളിലുണ്ടെന്ന് ഉറപ്പിച്ചു പറയാവുന്നതു രണ്ടു വസ്തുക്കളാണ്: ഒരു വിനായക പ്രതിമയും ധാരാളം പുസ്തകങ്ങളും. ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ചു കേട്ടാൽ അതിന്റെ 3 കോപ്പികൾ ബുക്കു ചെയ്യുമായിരുന്നു ജയ. ഒന്ന്, വേദനിലയത്തിലെ ലൈബ്രറിയിൽ, രണ്ടാമത്തേത് സിരുവത്തൂർ റിസോർട്ടിൽ, മൂന്നാമത്തേത് കൊടനാട് ‌എസ്റ്റേറ്റിലെ ബംഗ്ലാവിൽ. വായിക്കാൻ തോന്നുന്ന സമയത്തു പു‌സ്തകം കയ്യെത്തും ദൂരത്തുണ്ടാവണമെന്ന വായനക്കാരിയുടെ വാശി. കോടിക്കണക്കിനു സ്വ‌ത്തിനൊപ്പം പോയസ് ഗാർഡന്റെ അവകാശികളെ കാത്തിരിക്കുന്നത് അപൂർവ പുസ്തകശേഖരം കൂടിയാണ്.

ക്ലൈമാക്സോ ഇടവേളയോ?

ജയലളിതയ്ക്കു മക്കളില്ലാത്തതിനാൽ നിയമപ്രകാരം ദീപക്കും ദീപയും തന്നെയാണ് അന്തരാവകാശികൾ. എന്നാൽ, തങ്ങളുടെ അവകാശം സ്ഥാപിച്ചു കിട്ടുന്നതിനായി ഇവർ നൽകിയ അപേക്ഷ തഹസിൽദാർ തള്ളി. തൊട്ടുപിന്നാലെ, ‌സംസ്ഥാന സർ‌ക്കാർ വേദനിലയം, ജയയുടെ സ്മാരകമാക്കുമെന്നു പ്രഖ്യാപിക്കുകയും ഓർഡിനൻസ് പുറ‌പ്പെടുവിക്കുകയും ചെയ്തു. ശശികല മടങ്ങിവന്നു പോയസ് ഗാർഡൻ സ്വന്തമാക്കുന്നതു തടയുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു വിശ്വസിക്കുന്നവരുണ്ട്.

നിലവിൽ താക്കോൽ ദീപക്കിന്റെയും ദീപയുടെയും കയ്യിലാണ്. എന്നാൽ, ശശി‌കല ജയിൽ മോചിതയാകുമ്പോൾ അപ്രതീക്ഷിത ട്വിസ്റ്റുകൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. കൊടനാട് എസ്റ്റേറ്റ്  മുതൽ സിരുവത്തൂർ റിസോർട്ട് വരെ ജയലളിതയുടെ ‌പേരിൽ സ്വ‌‌ത്തുക്കൾ എത്രയോ ഉണ്ട്. എന്നാൽ, ഒരു കണ്ണാടിയിലെന്ന പോലെ ജയയുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതു പോയസ് ഗാർഡനിലെ വേദനിലയം മാ‍ത്രം. 

poes-garden-outside
മണി തന്റെ ചായക്കടയ്ക്കു മുന്നിൽ

മണിക്കും ജയ അമ്മ തന്നെ 

ഒറ്റപ്പാലംകാരൻ മണി മദ്രാസിലെത്തുമ്പോൾ ജയലളിത അണ്ണാഡിഎംകെയിൽ അംഗ‌മായിട്ടില്ല. മണിയുടെ കൺമുന്നിലൂടെ അവർ പ്രചാരണവിഭാഗം സെക്രട്ടറിയായി, പാർട്ടി ജനറൽ സെക്രട്ടറിയായി, മുഖ്യമന്ത്രിയായി, ജനലക്ഷങ്ങളുടെ അമ്മയായി... ഒടുവിൽ, നാടിനെ കണ്ണീരിലാഴ്ത്തിയ അവരുടെ അ‌ന്ത്യയാത്രയും മണി കണ്ടു. അക്കാലമത്രയും പോയസ് ഗാർഡനിൽ ജയയുടെ അയൽക്കാരനായിരുന്നു അദ്ദേഹം. മൂന്നര ‌പതിറ്റാണ്ടിലേറെയായി പോയസ് ഗാർഡ‌നിൽ ചായക്കച്ചവടം നടത്തുകയാണു മണി. 

എൺപതുകളിലാണു വി.എ.മണി മദിരാശിയിലെത്തുന്നത്. 1983 മുതൽ പോയസ് ഗാർഡനിലാണു ചായക്കച്ചവടം. വേദനിലയത്തിന്റെ മതിലുകൾക്ക് ഇത്ര ഉയരമില്ലാതിരുന്ന കാലത്തു സ്ഥിരമായി അവിടെ ജീവനക്കാർക്കും തൊഴിലാളികൾക്കും ചായ നൽകിയിരുന്നു. ‌അന്ന് അണ്ണാഡിഎംകെ പ്രചാരണ വിഭാഗം സെക്രട്ടറിയാണു ജയലളിത. ആദ്യകാലത്ത്, കാറിൽ വന്നിറങ്ങിയ സമയത്തു കുശലം ചോദിച്ചത് ഓർമയുണ്ട്. അന്നു മണിക്ക് തമിഴ് അത്ര വഴങ്ങിയിട്ടില്ല. കഷ്ടപ്പെട്ടു പറയുന്നതു കണ്ടപ്പോൾ മലയാളത്തിൽ ‌സംസാരിച്ചു ജയ വിസ്മയിപ്പിച്ചു. 

തമിഴ്നാട്ടിലെ കോടിക്കണക്കിനു ജനങ്ങളെപ്പോലെ, മണിക്കും ജയല‌ളിത അ‌മ്മയാണ്. അവരുടെ കാരുണ്യം മണിയുടെ ജീവിതത്തിലും താങ്ങായിട്ടുണ്ട്. 1991ൽ ആദ്യമായി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ സമയം. അപ്പോഴേക്കും മണി‌ പോയസ് ഗാർഡനിൽ വേദനിലയിൽനിന്നു 150 മീറ്റർ മാറി ചെറിയ കടയിട്ടിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കടയൊഴി‌യാൻ പൊലീസ് ആവ‌ശ്യപ്പെട്ടു. ‌മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് മണി സങ്കടം ബോ‌ധിപ്പിച്ചു. അമ്മ ഇടപെട്ടു. 2001ൽ മുഖ്യമന്ത്രി‌യായ സമയത്തു വീണ്ടും അധികൃതർ കട ഒഴിപ്പിച്ചു. ആ‌‌ദ്യദിനം സെക്രട്ടേറിയറ്റിലേക്കു പോകുന്നതിനിടെ, റോഡിൽ നിൽക്കുന്ന മണിയെക്കണ്ടു വാഹനം നിർത്തി. മണി കാര്യം പറഞ്ഞു. ഇപ്പോഴും അതേ സ്ഥലത്തു തന്നെയാണു കട. 

bharathan
കെ.പി.എം. ഭരതൻ

ആജ്ഞാശക്തിയുടെ ആൾരൂപം 

കോഴിക്കോട് ചെറുവറ്റ സ്വദേശി കെ.പി.എം.ഭരതനു പോയസ് ഗാർഡൻ ദീ‌പാവലി സ‌മ്മാനങ്ങളുടെ ഓർമയാണ്. സൈന്യത്തിൽനി‌ന്നു വിരമിച്ച ഭരതൻ 2004ൽ ആണു തമിഴ്നാട് പൊലീസിന്റെ ബോംബ് സ്ക്വാഡിൽ അംഗമാകുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ സുരക്ഷാ ചുമതലയിലായിരുന്നു ആദ്യ നിയമനം. അതിന്റെ ഭാഗമായി രണ്ടു വർഷം പോയസ് ഗാർഡനിൽ ജോലി ചെയ്തു. അക്കാലത്ത്, ദീപാവലിദിനത്തിൽ സുരക്ഷാ ജോലിയിലുള്ള പൊലീസുകാർക്കുൾപ്പെടെ ജയലളിതയുടെ വക മധുരമുള്ള സമ്മാനമുണ്ടാകും.

എട്ടു വർഷത്തോളം മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്നെങ്കിലും അകലെനിന്നു മാത്രം കണ്ട വിസ്മയമാണ് ഭരതനു ജയലളിത. ചിട്ടയും അച്ചടക്കവും തന്നെയാണു മുഖമുദ്ര. വേദനിലയത്തിൽ കാണാനെത്തുന്നവരുടെ കാത്തുനിൽപു മുതൽ സെക്രട്ടേറിയറ്റിലെ ഉന്നതതല യോഗത്തിൽ വരെ ആ കണിശത കാണാം. ‌

സുരക്ഷയുടെ ഭാഗമായി വർഷങ്ങൾ ഒപ്പം സഞ്ചരിച്ചെങ്കിലും പരിചയം കൈകൂപ്പലിലൊതുങ്ങും. ജയലളിതയുടെ ഭക്തിയാണ് ഭരതന്റെ മനസ്സിലേക്കു വരുന്ന മറ്റൊരു ഓർമ. ദിവസവും പൂജയ്ക്കായി ഒരുകെ‌ട്ടു പൂക്കളെത്തും. ചുറ്റുമുള്ളവരെ എപ്പോഴും ജാഗ്രതയോടെ നിൽക്കാൻ പ്രേരിപ്പിക്കുന്ന അദൃശ്യമായ ആജ്ഞാശക്തിയായിരുന്നു ജയലളിതയുടെ പ്രത്യേകത. രാഷ്ട്രീയക്കൊടുങ്കാറ്റുകളിൽ ഉലയാതെ നിൽക്കാൻ അവർക്കു ‌കരുത്തുനൽകിയതും മറ്റൊന്നല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA