ADVERTISEMENT

സങ്കടദൂരങ്ങളെ ചവിട്ടിത്തോൽപിക്കുന്ന ഒരു പെൺകുട്ടി... അവൾക്ക് ഇനിയുമേറെ മുന്നേറാനുണ്ട്, പക്ഷേ...

2010 മാർച്ച്. വേദനകൾക്കും ശസ്ത്രക്രിയകൾക്കുമിടയിൽ അമൃത എന്ന പെൺകുട്ടി മരണത്തോടു പോരാടുകയായിരുന്നു. പക്ഷേ, പൊള്ളലേറ്റ് വെന്റിലേറ്ററിൽ ഒരു മാസത്തോളം കിടന്നിട്ടും വലതുകൈ ഉയർത്താനാകാതെ ബുദ്ധിമുട്ടിയിട്ടും അവൾ തളർന്നില്ല. ചങ്കുറപ്പോടെ ജീവിക്കാൻ തീരുമാനിച്ചവൾക്കു മുൻപിൽ ചക്രങ്ങൾ അനുസരണയോടെ തിരിഞ്ഞു.

സമ്മാനങ്ങളുടെ മണിയൊച്ച കിലുക്കി അവൾ സൈക്കിൾ ചവിട്ടുമ്പോൾ ലോകം പുഞ്ചിരിക്കുന്നു, ആരാധനയോടെ നോക്കുന്നു. അവളാകട്ടെ, സൈക്ലിങ്ങിൽ പുതിയൊരു കഥ രചിക്കുന്നു.

പൊള്ളുന്ന ഓർമകൾ

അഞ്ചാം ക്ലാസിലാണ് അന്ന് അമൃത. പരീക്ഷയ്ക്കു പഠിക്കാനായി പുസ്തകങ്ങൾ പരതിയപ്പോൾ ഒരു പുസ്തകം കാണുന്നില്ല. കട്ടിലിനടിയിലുണ്ടെന്നു കരുതി മണ്ണെണ്ണവിളക്കു കത്തിച്ചു കട്ടിലിനടിയിലേക്കു പോയതു മാത്രമേ അമൃതയ്ക്ക് ഓർമയുള്ളൂ. വിളക്കിൽനിന്നു തീ അവളുടെ വസ്ത്രത്തിലേക്കു പിടിച്ചു. കട്ടിലിനടിയിൽനിന്നു പുറത്തിറങ്ങാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തീപിടിച്ചപ്പോൾ ശ്വാസം കിട്ടാതായി. ഒരുപാടു തവണ മറ്റുള്ളവരെ വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നത് ഒരുതവണ മാത്രം.

കട്ടിലിനടിയിൽ മുഖവും നെഞ്ചും കത്തിക്കൊണ്ടിരിക്കുന്ന നിലയിലാണ് വിളികേട്ട് ഓടിയെത്തിയവർ അമൃതയെ കാണുന്നത്. അവിടെനിന്നു വാരിയെടുത്ത് ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. ഒരൊറ്റ ദിവസമേ അവിടെ തങ്ങിയുള്ളൂ. പിന്നെ മറ്റൊരു ആശുപത്രിയിലേക്ക്.

‘‘ആദ്യത്തെ ഒരു മാസം വെന്റിലേറ്ററിൽ. അവളെ തിരിച്ചുകിട്ടുമോ എന്ന് ഡോക്ടർമാർക്കു പോലും സംശയമായിരുന്നു. ഇനി ജീവനുണ്ടെങ്കിൽത്തന്നെ കാഴ്ചയോ കേൾവിയോ നഷ്ടപ്പെടുമെന്നുറപ്പ്. പക്ഷേ, ഡോക്ടർമാരുടെ ആത്മാർഥ പരിശ്രമം, ഞങ്ങളുടെയൊക്കെ പ്രാർഥന...അവൾ രക്ഷപ്പെട്ടു. അവൾക്കിപ്പോൾ കാണാം, കേൾക്കാം’’ – അമ്മ മെറ്റി പറഞ്ഞു.

അതിജീവനം സുഖകരമല്ല

ആശുപത്രിയിൽനിന്നു തിരിച്ചെത്തിയെങ്കിലും ചികിത്സ തുടർന്നു. പൊള്ളലേറ്റിരുന്നതിനാൽ ബസിൽ യാത്ര ചെയ്യാൻ സാധിക്കില്ല. അച്ഛൻ സോമസുന്ദരനാഥ പൈ സൗദിയിൽ ഡ്രൈവറാണ്. ആശുപത്രിയിലും സ്കൂളിലും പോകണമെങ്കിൽ വണ്ടിയും ഡ്രൈവറും അത്യാവശ്യം. അങ്ങനെയാണ് അമ്മ മെറ്റി ഡ്രൈവിങ് പഠിക്കുന്നത്. പിന്നീട് അമ്മയായി അമൃതയുടെ സാരഥി. ‘‘ആറാം ക്ലാസിലൊന്നും ഞാനധികം സ്കൂളിൽ പോയിട്ടില്ല. അന്ന് സ്കാർഫ് കെട്ടിയാണു സ്കൂളിലേക്കു പോയിരുന്നത്. ഇന്റർവെല്ലായാൽ മറ്റു കുട്ടികൾ എന്റെ ക്ലാസിലേക്കു വരും. ഒരു അദ്ഭുത ജീവിയെപ്പോലെ എന്നെ നോക്കും. അതൊന്നും കാര്യമാക്കേണ്ടെന്ന് എനിക്ക് ഇപ്പോഴറിയാം. പക്ഷേ, അന്നു ചെറുതല്ലേ... വിഷമിച്ച് സ്കൂളിൽ പോകുന്നതു വല്ലപ്പോഴുമായി. ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും പോകുന്നതും നിർത്തി. ആളുകളുടെ ചൂഴ്ന്നുനോട്ടം അസഹനീയമായിരുന്നു’’ – അമൃത പറയുന്നു.

amrutha-medal
അമൃത തനിക്കു ലഭിച്ച സമ്മാനങ്ങളുമായി.

‘‘അന്ന് അവൾ പുറത്തേക്കിറങ്ങിയിരുന്നില്ല. ഞാനാണ് എല്ലായിടത്തും കൊണ്ടുചെന്നാക്കുക. അധ്യാപകരും സുഹൃത്തുക്കളും അവളെ പിന്തുണച്ചിരുന്നു. ഒരിക്കൽ ആളുകളെ ഭയപ്പെട്ടുപോയാൽ പിന്നീടൊരിക്കലും അവൾ പുറത്തേക്കിറങ്ങില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒരുപാടു നിർബന്ധിച്ചാണ് അവളെ പുറംലോകത്തേക്കു കൂട്ടിക്കൊണ്ടു വന്നത്’’ – മെറ്റി.

തീരാത്ത പരീക്ഷണങ്ങൾ

അമൃത സാധാരണജീവിതത്തിലേക്കു തിരിച്ചുവരുന്ന സമയം. രണ്ടു മുറി വീട്ടിൽനിന്ന്, സമ്പാദ്യവും വായ്പയും ചേർത്തു നല്ലൊരു വീടു വച്ച് അങ്ങോട്ടുമാറി. പക്ഷേ, അധികം വൈകാതെ സങ്കടങ്ങൾ വീണ്ടുമെത്തി. സ്വദേശിവൽക്കരണത്തെത്തുടർന്ന് അമൃതയുടെ അച്ഛന്റെ ജോലിയും പ്രതിസന്ധിയിലായി. കണക്കുക്കൂട്ടലുകൾ തെറ്റി. വായ്പയടയ്ക്കാൻ മാർഗമില്ലാതെയായി. അതോടെ മെറ്റി ഡ്രൈവിങ് ഉപജീവനമാർഗമായി സ്വീകരിച്ചു. എറണാകുളത്ത് ഷീ ടാക്സി ഓടിക്കുകയാണ് ഇപ്പോൾ. കോവിഡ് വന്നതോടെ അവിടെയും പ്രതിസന്ധി. സാമ്പത്തിക ബുദ്ധിമുട്ടുകളാൽ അമൃതയുടെ ചികിത്സയും മുടങ്ങി.

‘‘വീട്ടിലെ സാഹചര്യം അറിയാവുന്നതുകൊണ്ട് അവൾ ഒന്നും പറയാറില്ല. ശസ്ത്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ തന്നെയാണു ഞങ്ങളുടെയും ആഗ്രഹം. എല്ലാം പെട്ടെന്നു പൂർത്തിയായില്ലെങ്കിലും ചെവിക്കുവേണ്ട ചികിത്സ എത്രയും വേഗത്തിൽ കൊടുക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. കേൾവിശക്തി തിരിച്ചുകിട്ടിയെങ്കിലും കാഴ്ചയിൽ, ചെവികളില്ലാത്തതായാണു തോന്നുക. ഭംഗി വർധിപ്പിക്കാനല്ല അത്. മത്സരങ്ങൾക്കു പോകുമ്പോൾ, മുടി കെട്ടിവയ്ക്കുമ്പോഴും മറ്റും അവൾക്കു നല്ല ബുദ്ധിമുട്ടുണ്ട്’’– മെറ്റി പറഞ്ഞു.

സൈക്ലിങ്ങിലേക്ക്

‘‘പൊള്ളലേറ്റ ശേഷം എന്റെ വലതുകൈ ഉയർത്താനാകില്ലായിരുന്നു. കയ്യിലെയും തോളിലെയും തൊലി ഒട്ടിപ്പിടിച്ചതായിരുന്നു കാരണം. അതു മാറ്റിയെടുക്കാൻ ഒരു വ്യായാമം എന്ന നിലയ്ക്കാണു ബാഡ്മിന്റൻ കളിച്ചു തുടങ്ങിയത്. പിന്നീട് ഹാൻഡ് ബോളിലേക്കു മാറി. പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് സൈക്ലിങ്ങിൽ ആദ്യമായി പങ്കെടുക്കുന്നത്’’.

പ്ലസ് ടു കാലത്ത് അധ്യാപകനായ തേജസാണ് സൈക്ലിങ്ങിൽ പങ്കെടുക്കാൻ അമൃതയെ നിർബന്ധിക്കുന്നത്. ആ വർഷം സംസ്ഥാനമേളയിൽ പങ്കെടുത്തെങ്കിലും സമ്മാനം കിട്ടിയില്ല. തുടർന്ന് കൊച്ചി അക്വിനാസ് കോളജിൽ ബിഎസ്‌സി ഫിസിക്സിനു ചേർന്നു. അവിടെ വച്ച് വീണ്ടും സൈക്ലിങ് മോഹം പൊടിതട്ടിയെടുത്തു. 2016ലെ സംസ്ഥാന ചാംപ്യൻഷിപ്പിൽനിന്നാണ് അമൃതയുടെ വിജയത്തുടക്കം. 2018ലെ സംസ്ഥാന ട്രാക്ക് സൈക്ലിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. 2017 മുതൽ തുടർച്ചയായ 3 വർഷം ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിങ്ങിൽ സമ്മാനങ്ങൾ നേടിയിരുന്നു.

മുഖമടക്കം പൊള്ളിയിരുന്നതിനാൽ അവിടെയും പ്ലാസ്റ്റിക് സർജറി വഴിയാണ് തൊലി ചേർത്തിരിക്കുന്നത്. അതിനാൽ വെയിൽ തട്ടരുതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇതു ശരിയാകണണെങ്കിൽ ഇനിയും സർജറികൾ വേണം. പക്ഷേ, അതുവരെ സ്വപ്നങ്ങളോടു കാത്തിരിക്കാൻ പറയാനാകില്ലല്ലോ.

സൈക്ലിങ് രംഗത്തെത്തിയിട്ടു നാലു വർഷമേ ആയിട്ടുള്ളൂവെങ്കിലും ഇതിനിടെ ഒട്ടേറെ സംസ്ഥാന – ദേശീയ ചാംപ്യൻഷിപ്പുകളിലെ സ്ഥിരം സാന്നിധ്യമായി മാറാൻ അമൃതയ്ക്കായി. അവസാന വർഷ ബിരുദ വിദ്യാർഥിയാണ് ഇപ്പോൾ.

രാവിലെ അഞ്ചിനു തുടങ്ങും പരിശീലനം. വീടിനടുത്തുള്ള വഴികളിലൊക്കെ സൈക്കിൾ ചവിട്ടും. കോളജിലെ പൂർവവിദ്യാർഥി ജെയ്സൻ സമ്മാനമായി നൽകിയ സൈക്കിളിലാണ് അമൃത വിജയങ്ങളിലേക്കു ചവിട്ടിക്കയറുന്നത്.

ഇതിനിടെ, വെലോ ഊട്ടി മത്സരത്തിൽ കോഴിക്കോട്ടുനിന്ന് ഊട്ടിയിലേക്ക് സൈക്ലിങ് നടത്തി ഫിനിഷ് ചെയ്തു. 152 കിലോമീറ്ററാണ് അമൃത സൈക്കിൾ ചവിട്ടിയത്.

സ്വപ്നം ഒരു ജോലി

‘‘എല്ലാ കായികതാരങ്ങളും പറയുന്നതുപോലെ, ഒളിംപിക് മെഡൽ എന്റെയും സ്വപ്നമാണ്. വളരെ വൈകി സൈക്ലിങ്ങിലേക്ക് എത്തിപ്പെട്ട ആളാണു ഞാൻ. ശാരീരിക ബുദ്ധിമുട്ടുകൾ വേറെ. ഇപ്പോഴത്തെ എന്റെ സ്വപ്നം എത്രയും വേഗം ഒരു ജോലി ലഭിക്കുക എന്നതാണ്. ജോലി വളരെ അത്യാവശ്യമാണ്, എനിക്കും കുടുംബത്തിനും. സൈക്ലിങ്ങിനോടുള്ള ഇഷ്ടത്തിനു കുറവൊന്നുമില്ല. അതു തുടരണമെന്നു തന്നെയാണ് ആഗ്രഹം. പക്ഷേ, ജോലിയില്ലാതെ ജീവിക്കാൻ കഴിയില്ലല്ലോ!’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com