ആനമേഘത്തിന്റെ വരവ്

novel
വര: റിങ്കു തിയോഫിൻ
SHARE

മിന്നൽക്കൊമ്പന്റെ കൂടിനു മുൻപിൽ അഞ്ചാറു ഫോറസ്റ്റുഗാർഡുമാർ തീകൂട്ടി കുത്തിയിരിപ്പുണ്ട്. പല്ലും കടിച്ച് കവിളും വീർപ്പിച്ച് കണ്ണും തുറിച്ച് അവർ ഇരിക്കുന്നതു കണ്ടാൽ കാവലിരിക്കുകയാണെന്നല്ലേ തോന്നുകയുള്ളൂ. ഒന്നുമല്ല, മിക്കവരും നല്ല ഉറക്കമാണ്. പക്ഷേ, ആരും കൂർക്കം വലിക്കുന്നില്ലെന്നു മാത്രം. 

ഗാർഡുമാരിൽ ഒരുത്തനു പെട്ടെന്ന് ഉറക്കംഞെട്ടി.‍ ആനക്കൂടിന്റെ നേർക്കു നോക്കിയ അവൻ അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണു കണ്ടത്. 

ആകാശത്തിൽ ഉദിച്ചുനിൽക്കുന്ന അമ്പിളിയിലേക്ക് ആനക്കൂടിന്റെ തടികൾക്കിടയിൽനിന്നു തിളങ്ങുന്ന രണ്ടു പാലങ്ങൾ വളഞ്ഞു നിൽക്കുന്നു. നോക്കിനോക്കിയിരിക്കുമ്പോൾ അവനു തോന്നി – അതു പാലമല്ല, പുഴയാണ്. വെളിച്ചംപോലുള്ള രണ്ടു പുഴകൾ. 

അവൻ അടുത്തിരുന്നവനെ വിളിച്ചെഴുന്നേൽപിച്ചു. 

‘‘എടാ, അതു പാലമാണോ പുഴയാണോ?’’

‘‘ഏത്?’’ ഉറങ്ങാതിരിക്കുകയായിരുന്നു എന്ന ഭാവത്തിൽ മറ്റവൻ ചോദിച്ചു.

‘‘ആ കൂട്ടിൽനിന്നു പൊങ്ങിപ്പോകുന്നതു കാണുന്നില്ലേ?’’ 

‘‘എടാ അത് ആ ആനേടെ കൊമ്പല്ലേ? പൊങ്ങിപ്പോകുന്നൊന്നുമില്ല, അവിടെ നിൽക്കുകയല്ലേ? നീ വേറെ വല്ലതും കഴിച്ചാരുന്നോ?’’

‘‘അതല്ലെടാ, നീയൊന്നു ശ്രദ്ധിച്ചേ, അതു നീണ്ടുനീണ്ടു പോകുന്നതുപോലെ തോന്നുന്നില്ലേ?’’

വീണ്ടും പറഞ്ഞപ്പോൾ മറ്റവൻ ഒന്നുകൂടി ശ്രദ്ധിച്ചു. ഇവനീ പറയുന്നതുപോലെ നീളുന്നൊന്നുമില്ല. എങ്കിലും എന്തോ ഒരു കുണ്ടാമണ്ടി കൊമ്പുകളാണതെന്ന് അവനും തോന്നി. 

പിന്നെ ഇതിപ്പോ കാടല്ലേ, രാത്രിയല്ലേ, അങ്ങനെ പല തോന്നലുകളുമുണ്ടാകും എന്നു വിശ്വസിച്ച് രണ്ടുപേരും വീണ്ടും ഉറങ്ങാൻ തുടങ്ങി.

പക്ഷേ, കുന്നിനു മുകളിൽ നിൽക്കുന്ന മുത്തിയാനയും ചില കുട്ടികളും ചന്ദ്രനിൽനിന്ന് ഒഴുകിയിറങ്ങിയതുപോലുള്ള ആ കൊമ്പുകളിലേക്കുതന്നെ നോക്കിനിൽക്കുകയായിരുന്നു.

‘‘നോക്കെടാ പിള്ളേരേ, ആ സംഭവങ്ങളെല്ലാം ആ കൊമ്പിനു മുകളിൽ എഴുതിയിട്ടുണ്ട്.’’

വേറെന്തോ പണിക്കുപോയ രണ്ടവൻമാർക്കിട്ടു തട്ടുകൊടുത്തിട്ട് ആനമുത്തി പറഞ്ഞു. പിന്നീട് അവൻമാരും നോക്കിയത് കൊമ്പിന്റെ വളവിലേക്കും ഒഴുക്കിലേക്കും പ്രകാശത്തിലേക്കുമൊക്കെയാണ്. 

കുട്ടിയാനകൾ നോക്കിനോക്കി നിന്നപ്പോൾ അമ്പിളിയിലേക്കുള്ള ആനക്കൊമ്പുകൾ വലുതായി വലുതായി വന്നു. അതു നിറയെ കഥകളാണ്. 

അതിൽ അവർക്കിഷ്ടം മിന്നൽക്കൊമ്പന്റെ കഥ കേൾക്കാനാണ്. അതിനുവേണ്ടി ആനപ്പിള്ളേര് നിന്നു ചെവിയാട്ടിയപ്പോൾ മുത്തി പറയാതെതന്നെ മിന്നൽക്കൊമ്പന്റെ കഥ അവർ കേട്ടുതുടങ്ങി. 

കുറച്ച് ആനവർഷങ്ങൾക്കു മുൻപാണത്. എന്നുപറഞ്ഞാൽ മിന്നൽക്കൊമ്പന്റെ അച്ഛനുണ്ടാകുന്നതിനും മുൻപ്. ആനക്കണക്കു പ്രകാരം ചൂടുപൊരിയൻ‍മാസമായിരുന്നു അത്. കേരളത്തിലെ കണക്കനുസരിച്ചാണെങ്കിൽ കൊടുംകത്തി വേനൽക്കാലം. 

ആകാശത്തിൽനിന്നു വെയിലിങ്ങ് ആളിയാളിയിറങ്ങുകയാണ്. മര്യാദയ്ക്കൊന്നു കുളിക്കാനോ കുടിക്കാനോ വെള്ളം കിട്ടാത്ത അവസ്ഥ വരുമെന്ന് കാട്ടിലും നാട്ടിലും പേടിതുടങ്ങി. 

വെള്ളം തുള്ളിയില്ലെങ്കിലും നാട്ടിൽ ആനയുത്സവങ്ങൾക്കു വല്ല മുടക്കവുമുണ്ടോ? അതില്ല. എല്ലായിടത്തും പൊരിവെയിലത്ത് ആനകളെ കുത്തിപ്പൊക്കി നിർത്തിച്ചും നടത്തിച്ചും ഉത്സവമാണ്. 

മനുഷ്യര് ബോധമില്ലാതെ ഓരോന്നു ചെയ്യുന്നുണ്ടെങ്കിലും കാടും നാടും കത്തിപ്പോകാൻ ആനത്തം സമ്മതിക്കില്ലല്ലോ.

ചൂടുകൊണ്ട് എല്ലാം നശിക്കാൻ പോകുന്നെന്നു വരുമ്പോഴൊക്കെ, ഭൂമിയുടെ തെക്കുപടിഞ്ഞാറേ അറ്റത്തുനിന്ന്  ആനയാകൃതിയിലുള്ള ഒരു കാറ്റ് പുറപ്പെടും. നല്ല മുടുമുടാന്ന് മെഴുത്തുരുണ്ടിരിക്കുന്ന മഴമേഘങ്ങളും തണുപ്പും മിന്നലും ഇടിയുമൊക്കെ നിറച്ച് പതുക്കെ പറക്കുന്ന വലിയൊരു വിമാനംപോലെയാണ് ആ കാറ്റ് വരുന്നത്.

ആ അതിവമ്പൻ കാറ്റിന്റെ ഉള്ളിലെവിടെയോ ആണ് ‍ആനത്തമുണ്ടാവുക. അക്കൊല്ലം ആ ആനക്കാറ്റ് ഇവിടത്തെ കൊടുംചൂടിലേക്കു വന്നപ്പോൾ എല്ലാവർക്കും സന്തോഷമായി. മഴ കിട്ടുമ്പോൾ എല്ലാമൊന്നു തണുക്കുമല്ലോ. 

പക്ഷേ, കാറ്റിനുള്ളിലെ ആനത്തത്തിനു മാത്രം വല്ലാത്ത സങ്കടമായിരുന്നു. താഴേക്കു നോക്കുമ്പോൾ കാണുന്നതു മുഴുവൻ സങ്കടപ്പെടാനുള്ള കാര്യങ്ങളാണ്. 

കാട്ടിലെ ആനകൾക്കാണെങ്കിൽ തിന്നാനോ കുടിക്കാനോ ഒന്നുമില്ല. പട്ടിണികൊണ്ട് എല്ലുംതോലുമായി അങ്ങോട്ടുമിങ്ങോട്ടും നടപ്പാണ്. കാട്ടിലെ ആനകൾ പട്ടിണി സഹിച്ചാൽ മതി. നാട്ടിലെ ആനകളോ?

കത്തിപ്പൊരി വെയിലത്ത് ടാറിട്ട റോഡിലും തീച്ചൂടൻ കോൺക്രീറ്റിലുമൊക്കെ പൊള്ളിപ്പൊളിഞ്ഞ കാലുംകൊണ്ട് നടക്കണം. കാലുകളിലാണെങ്കിൽ കൂച്ചുവിലങ്ങും മുള്ളുചങ്ങലയുമൊക്കെയിട്ടിട്ടുണ്ടായ വ്രണം പഴുത്തുപൊങ്ങിയങ്ങനെ നിൽക്കുകയാണ്. പാപ്പാൻമാര് ഇടയ്ക്ക് കത്തിവച്ച് അതിനിട്ടൊരു കുത്തുമുണ്ട്.

ചെവികളെല്ലാം തോട്ടികൊണ്ടു കൊളുത്തിക്കീറി വീശാൻ‍പോലും പറ്റാതെയാക്കി വച്ചിരിക്കുന്നു. വലിയ തീവെട്ടിയുടെ മുൻപിൽ നിൽക്കുമ്പോൾ കണ്ണിൽ ചൂടടിച്ച് ഒന്നും കാണാതാകും. അതിനിടയ്ക്ക് നാട്ടുകാരുടെ ഒച്ചയും ചെണ്ടശബ്ദവും വെടിയും പടക്കവും എല്ലാം സഹിക്കണം.

എല്ലാ വർഷവും ഈ കാഴ്ചകളൊക്കെ കാണുന്നതാണെങ്കിലും ആ കൊല്ലം ആനത്തത്തിന് എന്തുകൊണ്ടോ കരച്ചിലടക്കാൻ പറ്റിയില്ല. 

വേറെ നാട്ടിൽ പോയപ്പോഴൊക്കെ പലതും കണ്ട് ആനത്തം ചിലപ്പോൾ കരഞ്ഞിട്ടുണ്ടാവും. പക്ഷേ, ഇവിടെ ആനത്തത്തിന്റെ കണ്ണീർ വീഴുന്നത് ആദ്യമായിട്ടാണ്. കണ്ണീരെന്നു പറയാമെന്നേയുള്ളൂ. ശരിക്കുമത് നീരൊന്നുമല്ലല്ലോ. ആദിസ്നേഹത്തിന്റെ ഒരു കഷണം എന്നുകൂട്ടിയാൽ മതി.

മഴമേഘങ്ങൾ കടലിൽനിന്നു കയറി കരയിലെത്തി കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ ആനത്തത്തിനു കരച്ചിൽ വന്നിരുന്നെങ്കിലും കണ്ണീർ വീണത് പിന്നെയും താമസിച്ചിട്ടായിരുന്നു. 

വീണെന്നു പറയാൻ പറ്റില്ല കേട്ടോ. പ്രപഞ്ചം ഉണ്ടാകുന്ന കാലത്തെ അവസ്ഥയിലുള്ള സാധനമല്ലേ, വീഴുകതന്നെ ചെയ്യണമെന്നില്ലല്ലോ. പൊങ്ങുകയോ പറക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം. 

ഒരു അമ്പലത്തിന്റെ താഴികക്കുടത്തിലാണ് അത് ആദ്യം വന്നു മുട്ടിയത്. മുട്ടിയതേ അതു മുകളിലേക്കു തെറിച്ചു. പിന്നെ ഒരു സർക്കസ്‍ കൂടാരത്തിന്റെ തുഞ്ചത്തുള്ള ലൈറ്റിലും ഒരു വീടിന്റെ മുകളിലെ വാട്ടർടാങ്കിലും പള്ളിക്കുരിശിലുമൊക്കെ തട്ടിയും തെറിച്ചും സഞ്ചരിച്ചുസഞ്ചരിച്ച് അതു കാടിനു മുകളിലെത്തി. 

അപ്പോഴാണ് അത് ആരുടെയോ കരച്ചിൽ കേട്ടത്. താഴേക്കുചെന്നു നോക്കുമ്പോൾ ഒരു പാറക്കുഴിയിൽ കിടക്കുന്ന വെള്ളമാണു കരയുന്നത്. അളന്നു നോക്കിയാൽ ഇടങ്ങഴി വെള്ളമുണ്ടാകും. പുതിയ കണക്കിൽ പറഞ്ഞാൽ ഒരു ലീറ്ററിലും കുറച്ചധികം. വലിയവായിലുള്ള കരച്ചിലാണ് ഇടങ്ങഴിവെള്ളം നടത്തുന്നത്. 

‘‘എന്താണിങ്ങനെ കരയാനൊരു കാരണം?’’ ഭാഷയറിയാവുന്നതുകൊണ്ട് ആനത്തം ചോദിച്ചു.

ഇടങ്ങഴി‍ മഴവെള്ളം ആ ചോദ്യം കേട്ടെങ്കിലും ആരാ ചോദിച്ചതെന്നു കണ്ടില്ല. എന്തായാലും ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതാണല്ലോ അതിന്റെ മര്യാദ.

‘‘അതേ, ഞാനീ പാറക്കുഴിയിൽ പെട്ടുപോയി. എനിക്കെത്ര ദൂരം പോകാനുള്ളതാണെന്നറിയാമോ?’’

ആ ഇടങ്ങഴി‍വെള്ളം കടലിൽനിന്നു മഴമേഘത്തിനൊപ്പം പോരുമ്പോൾ, ‘‘മോളുപോയി നാടെല്ലാം കണ്ടു തിരിച്ചു വാ. അമ്മ ഇവിടെത്തന്നെ കാത്തിരിക്കാം കേട്ടോ’’ എന്നാണ് വെള്ളത്തിന്റെ അമ്മ പറഞ്ഞത്. പണ്ടൊരിക്കൽ ആ അമ്മ ഇതുപോലെ കാറ്റിന്റെകൂടെപ്പോയി മലയിലിറങ്ങി തോട്ടിലൂടെ, പുഴയിലൂടെയൊക്കെ സഞ്ചരിച്ച് കടലിൽ തിരിച്ചെത്തിയതാണ്. വെള്ളക്കൊച്ചിനു തിരിച്ചുവരാനുള്ള വഴിയും അമ്മ പറഞ്ഞുകൊടുത്തിരുന്നു.

‘‘ഇടങ്ങഴി‍വെള്ളമേ, നിനക്ക് എങ്ങോട്ടാണു പോകേണ്ടത്?’’ ആനത്തം കുഴിയുടെ കരയ്ക്കിരുന്നു ചോദിച്ചു.

‘‘ഇവിടന്നു കയറിയിട്ട് തോട്ടിലെത്തണം. അവിടന്ന് ഒഴുകി പുഴയിലെത്തണം. പിന്നെ പുഴ കൊണ്ടുപൊയ്ക്കൊള്ളും. എനിക്ക് അമ്മയുടെ അടുത്തേക്കാ പോകേണ്ടത്.” ആളെക്കണ്ടില്ലെങ്കിലും ഇടങ്ങഴിവെള്ളം പിന്നെയും കരയാൻ തുടങ്ങി. 

ഈ ആനത്തന്ന് പറയുന്നത് നിറയെ സ്നേഹംതന്നെയാണല്ലോ. വിഷമംപിടിച്ചുള്ള കരച്ചിൽ ആനത്തത്തിന് ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഒന്നുമാലോചിക്കാതെ അതു കുഴിയിലേക്കിറങ്ങി ഇടങ്ങഴിവെള്ളത്തിന്റെയൊപ്പം ചേർന്നു. ആനത്തം കൂടെക്കൂടിയതേ വെള്ളം മുകളിലേക്കു പൊങ്ങിയുയർന്ന് പാറക്കുഴിയിൽനിന്നു പുറത്തുചാടി ഒഴുകാൻ തുടങ്ങി. 

അപ്പോൾ‍ മുതൽ കടലിലേക്കു പോകണമെന്നും അമ്മയെ കാണണമെന്നുമുള്ള കാര്യം ഇടങ്ങഴിവെള്ളം മറന്നുപോയി. ആനത്തമല്ലേ കൂടെക്കൂടിയിരിക്കുന്നത്. ഇനി വേറൊന്നും വേണ്ടല്ലോ.

ആ കാട്ടിലെ ആനകളെല്ലാം വേനൽപട്ടിണിയിലായിരുന്നല്ലോ. മഴമേഘങ്ങൾ വരുന്നതു കണ്ടപ്പോൾ വരണ്ടുവരണ്ടു കിടന്ന ആനകളെല്ലാംകൂടി പുല്ലുകരിഞ്ഞു കിടക്കുന്ന മേട്ടിലേക്കിറങ്ങി മഴകൊള്ളാൻ തുടങ്ങി. 

ഒന്നര മാസം ഗർഭിണിയായ ഒരു പിടിയാനയും ആ കൂട്ടത്തിലുണ്ടായിരുന്നു. മെലിഞ്ഞുമെലിഞ്ഞ് എല്ലുംതോലുമായ അവളും ഗർഭിണിയുടെ മടിയൊക്കെ മാറ്റിവച്ച് മഴയത്തു തുള്ളാൻ കൂടി. കുറച്ചുനേരം തുള്ളിക്കഴിഞ്ഞപ്പോൾ അവൾക്കു വെള്ളം കുടിക്കണമെന്നു തോന്നി. 

ഞാനെത്തിപ്പോയ്... ഞാനെത്തിപ്പോയ്... എന്ന താളത്തിൽ മഴ പെയ്യുന്നുണ്ട്. പക്ഷേ, ആനകൾക്കു കുടിക്കാനുള്ള വെള്ളം തുമ്പിക്കയ്യിലെടുക്കാൻ പറ്റുന്നില്ലല്ലോ. മഴയത്തുനിന്ന ആനകൾ വെള്ളത്തിനുവേണ്ടി ചുറ്റും നോക്കി. പെയ്ത്തുവെള്ളമല്ലാതെ വേറൊന്നുമില്ല. അപ്പോഴാണ് മലയുടെ താഴെ ഒരു ഒഴുക്കൊച്ച കേട്ടത്. 

‘‘ആഹാ, വെള്ളമൊഴുകാൻ തുടങ്ങിയേ.’’

ആർത്തുവിളിച്ചുകൊണ്ട് ആനകളെല്ലാം താഴേക്കോടി. ഗർഭിണിയാനയാണ് മുന്നിലോടുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആനകളെല്ലാം താഴെയെത്തുമ്പോഴേക്കും പുഴയിൽ നല്ല ഒഴുക്കു തുടങ്ങിയിരുന്നു. ആനകൾ സ്ഥിരം വെള്ളം കുടിക്കുന്ന കുഴി നിറഞ്ഞിട്ടുണ്ട്. 

ഗർഭിണിയാന മുന്നിലാണ് ഓടിയതെങ്കിലും ഏറ്റവും പിറകിലായിട്ടാണു പുഴയിലെത്തിയത്. അവൾ വന്നപ്പോൾ മറ്റ് ആനകളെല്ലാം മാറിക്കൊടുത്തു. അവൾ കുഴിയിലേക്ക് അൽപം ഇറങ്ങിനിന്ന് തുമ്പിയിൽ നിറയെ വെള്ളംകോരി മുകളിലേക്കു ചീറ്റിച്ചു. 

വീണ്ടും തുമ്പിയിളക്കി വെള്ളത്തിലൊന്നു ചുറ്റിച്ചപ്പോൾ അവൾക്കു തോന്നി, ഇതാണു പാകത്തിനുള്ള ദാഹം. ഇപ്പോൾ കുടിക്കുന്ന വെള്ളത്തിനാണ് ഏറ്റവും രുചി. അവൾ ഒരു തുമ്പി നിറയെ വെള്ളമെടുത്ത് ആർത്തിയോടെ കുടിച്ചു.

യ്യോ, എന്തൊരു രുചിയായിരുന്നു ആ വെള്ളത്തിന്. നല്ല ദാഹം തോന്നിയതുകൊണ്ടായിരിക്കും അത്ര രുചിയെന്നാണ് അവൾ വിചാരിച്ചത്. പക്ഷേ അതല്ലല്ലോ, അവൾ കുടിച്ചത് ആനത്തം കലർന്ന ആ ഇടങ്ങഴിവെള്ളമായിരുന്നു എന്നതല്ലേ കാര്യം.

ആ ഇടങ്ങഴിവെള്ളം പിടിയാനയുടെ വയറ്റിലെത്തിയപ്പോൾ അവിടെ ഇല്ലോളംപൊടിയായി വളരാൻ തുടങ്ങിയിരുന്ന കുഞ്ഞിക്കൊമ്പന് അദ്ഭുതമോ പേടിയോ സന്തോഷമോ എന്തൊക്കെയോ തോന്നി. എന്തോ ഒരു മാന്ത്രികവെള്ളം അങ്ങനെയങ്ങുവന്ന് പൊതിയുകയാണല്ലോ അവനെ. കണ്ണുതുറക്കാതെ അവനൊന്ന് കിക്കിളിപ്പെട്ടു.

ആ കിക്കിളിയിൽ മഴക്കാലവും മഞ്ഞുകാലവും പൂക്കാലവും വേനൽക്കാലവുമൊക്കെ കടന്നുപോയത് അവനറിഞ്ഞില്ല. ചുറ്റും പൊതിഞ്ഞുനിന്ന മാന്ത്രികവെള്ളം അവന്റെ ഉള്ളിലേക്കു കയറി അദ്ഭുതയാനക്കുട്ടിയാക്കി അവനെ മാറ്റിയതും അവനു മനസ്സിലായില്ല. 

എന്തായാലും അവൻ അമ്മയുടെ വയറ്റിൽനിന്നു പുറത്തുവരാറായപ്പോഴേക്കും കുഞ്ഞിക്കാലുകളും കുഞ്ഞിവയറും കുഞ്ഞിത്തലയും കുഞ്ഞിത്തുമ്പിയും കുഞ്ഞുവാലുമെല്ലാം ആനത്തംകൊണ്ടങ്ങനെ നിറഞ്ഞിരുന്നു. മരങ്ങളും ചെടികളുമെല്ലാം പൂവിട്ടും തളിർത്തും എണ്ണിത്തീർക്കാൻ പറ്റാത്തത്ര നിറങ്ങൾ കാട്ടിൽ നിറഞ്ഞ കാലത്താണ് കുട്ടിക്കൊമ്പൻ ജനിക്കുന്നത്. 

അവനെ പ്രസവിക്കാൻവേണ്ടി പാറയും മരക്കുറ്റികളുമൊന്നുമില്ലാത്ത ഒരു പുൽമേട്ടിലേക്ക് അവന്റെയമ്മ ഒരു തുണക്കാരിയോടൊപ്പം പോയി. അന്നു വെയിൽ മങ്ങാൻതുടങ്ങിയപ്പോഴേക്കും ഒരുപറ്റം കിളികൾ ആ പുൽമേട്ടിലേക്കു പറന്നെത്തി.

‘‘ആനത്തം...ആനത്തം...ആനത്തം....

അതു നീയും... അതു ഞാനും... ചേരുമൊരുമത്തം...

അതു കാടും... അതു നാടും... പാടുമാനന്ദം...

ആനത്തം...ആനത്തം...ആനത്തം...’’

എന്നിങ്ങനെ പാട്ടുകൾ പാടിക്കൊണ്ട് കിളികൾ ആ പുൽമേട്ടിനു കുറുകെ പറന്നുനടന്നു. അമ്മയാന ചിരിച്ചുകൊണ്ട് കിളികൾക്കു നേരെ തുമ്പിക്കൈയാട്ടി. 

പിന്നെ വന്നത് പല നിറങ്ങളിലുള്ള പൂമ്പാറ്റകളാണ്. അവർ എങ്ങും പോകാതെ ആ പുൽമേട്ടിൽത്തന്നെ പാറിക്കളിച്ചുകൊണ്ടിരുന്നു. സൂര്യൻ താഴ്‍ന്നാൽ കൂമ്പിപ്പോകാറുള്ള പൂവുകളൊക്കെ അന്നു സന്ധ്യയായപ്പോൾ കൂടുതൽ വിടരുകയാണു ചെയ്തത്. 

സൂര്യൻ മലകൾക്കപ്പുറത്തു മറഞ്ഞ് ആകാശം മുഴുവൻ ചുവന്നനിറമായ സമയത്ത് കുട്ടിക്കൊമ്പൻ അമ്മയുടെ വയറ്റിൽനിന്നു പുറത്തേക്കു വരാൻ തുടങ്ങി.

ആ കാട്ടിലെ ആനകളെല്ലാം പുൽമേടിന്റെ മുകളിലും താഴെയുമായി വന്നുനിന്നിരുന്നു. എന്തോ വലിയ അദ്ഭുതം സംഭവിക്കാൻ പോവുകയാണെന്ന മട്ടിലാണ് അവരെല്ലാം നിന്നത്. 

അത് അങ്ങനെതന്നെയായിരുന്നു. ആനവംശം അതുവരെ കാണാത്തവിധം അസാധാരണ ഭാവങ്ങളോടെയാണ് ആനക്കുട്ടി പിറന്നുവീണത്. അപ്പോൾ ആകാശത്ത് ഇതിനു മുൻപ് ഒരിക്കലുമില്ലാത്ത രീതിയിൽ കോടിനിറങ്ങളുള്ള പ്രകാശം പരന്നു. 

പുൽമേടിന്റെ ഏറ്റവും മുകളിൽ മുരടിച്ചുപോയ മരത്തിന്റെ ചുവട്ടിൽ ഇതെല്ലാം കണ്ടുകൊണ്ടുനിന്ന അന്നത്തെ ആനമുത്തിയുടെ കണ്ണിൽനിന്നു മാത്രം കണ്ണീരൊഴുകാൻ തുടങ്ങി. ഇപ്പോൾ പിറന്നിരിക്കുന്ന ആനക്കുട്ടനു ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചോർത്തായിരുന്നു അത്.

ആനമുത്തി അതു പറയുന്നതു കേട്ടപ്പോൾ ഒരു കുഞ്ഞിയാനയ്ക്കു വല്ലാത്ത വിഷമം വന്നു.

‘‘ആ ആനമുത്തി അങ്ങനെ കരയാൻമാത്രം ആ ആനക്കുട്ടന് എന്തു കുഴപ്പമാണ് ഉണ്ടാകാൻ പോകുന്നത്?’’ അവൾ ആനമുത്തിയോടു ചോദിച്ചു.

ആ ആനക്കുട്ടനുണ്ടായ ദുഃഖങ്ങളെക്കുറിച്ചോർത്തപ്പോൾ ഇപ്പോഴത്തെ ആനമുത്തിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA