ADVERTISEMENT

മുത്തച്ഛന്റെയും മുത്തശ്ശിയുടെയുംകുടുംബവേരുകൾ തിരഞ്ഞ് ദക്ഷിണാഫ്രിക്കയിൽനിന്ന്അവരെത്തുമ്പോൾ...

കൈക്കുഞ്ഞിനെ ഒക്കത്തുവച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു മലയാളിപ്പെൺകുട്ടി – റെബേക്ക.1904 മാർച്ച്, മദിരാശി തുറമുഖം. 

ഉംകുസി യാത്രക്കപ്പൽ ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടാൻ ഒരുങ്ങുകയാണ്. നിറയെ തൊഴിലാളികളാണ്. ആഫ്രിക്കയിലെ കരിമ്പിൻതോട്ടങ്ങളിലും പഞ്ചസാര ഫാക്ടറികളിലും പണിക്കു പോകുന്നവർ. കണ്ണീരുപ്പുമായി പഞ്ചസാര ഫാക്ടറിയിലേക്കുതന്നെയാണു റെബേക്കയും പോകുന്നത്. തന്നെ വേണ്ടാത്ത ജന്മനാടിനോട് എന്നെന്നേക്കുമായി യാത്ര പറയുകയാണ് അവൾ. പ്രണയിച്ച് ഗർഭിണിയാക്കി ഉപേക്ഷിച്ച ഇംഗ്ലിഷുകാരനോടും പിഴച്ചു പെറ്റെന്നു കുറ്റപ്പെടുത്തി ഇറക്കിവിട്ട വീട്ടുകാരോടുമുള്ള പകവീട്ടൽ കൂടിയാണാ യാത്ര.

കപ്പലിൽ ഒരു ആയുർവേദ ഡോക്ടറുമുണ്ട്. പഞ്ചസാര ഫാക്ടറികളിലെ ഇന്ത്യൻ ജീവനക്കാരെ ചികിത്സിക്കാനുള്ള ദൗത്യമേറ്റെടുത്തയാൾ. മലബാർ ജില്ലയിൽനിന്നു സ്വന്തക്കാരെ ഉപേക്ഷിച്ചു പോവുകയാണു യുവഡോക്ടർ. റെബേക്കയുടെ കണ്ണീർ ഡോക്ടറുടെ മനസ്സിൽ വീണു. 

മലയാളി, സമപ്രായക്കാരി. അച്ഛനില്ലാത്ത കുഞ്ഞിനെയും അവന്റെ അമ്മയെയും അന്നുമുതൽ കൂടെക്കൂട്ടിയ ഡോക്ടറുടെ പേര് അയ്യപ്പൻ നായർ. 

മലനിരകളിൽനിന്നു സമതലത്തിലേക്കു പടർന്ന പുൽക്കാടുകളും മനോഹര കടലോരങ്ങളുമായി നേറ്റൽ അവരെ വിളിച്ചുകയറ്റി. അയ്യപ്പൻ നായരും റെബേക്കയും അവളുടെ കുഞ്ഞും ആ മണ്ണിൽ ഒരു കുടുംബമായി; കേരളതീരത്തുനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ. കടലോളം ആഴത്തിൽ നേറ്റൽ തീരത്തു നങ്കൂരമിട്ട ആ സ്നേഹത്തിൽ പിറന്നത് ഏഴു മക്കൾ. അവർക്കെല്ലാം മൂത്ത ചേട്ടനായി റെബേക്കയുടെ സാമുവൽ എന്ന മകനും. റെബേക്കയുടെ കാലശേഷം, വീണ്ടുമൊരു വിവാഹത്തിൽ അയ്യപ്പന് എട്ടു മക്കൾ കൂടിയുണ്ട്.

ഒരു കപ്പൽ യാത്രയിലൂടെ മുത്തച്ഛനും മുത്തശ്ശിയും കൈവിട്ട മലയാളി പൊക്കിൾക്കൊടി ബന്ധം തേടുകയാണ് അവരുടെ പിൻതലമുറ. കൊച്ചുമകൻ നെൽസൺ നായർ(54) എന്ന പെരുമാൾ നായർ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ഒരു കമ്പനിയിൽ മാനുഫാക്ചറിങ് മാനേജരാണ് അദ്ദേഹം. ഇരുവരുടെയും ബന്ധത്തിലുള്ള ആരെങ്കിലും നാട്ടിൽ തങ്ങളെ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹവും കുടുംബവും.

Nelson-and-amily
നെൽസൺ നായർ (ഇടത്തുനിന്ന് നാലാമത്), ഭാര്യ റോഷ്നി നായർ (ഇടത്തുനിന്ന് മൂന്നാമത്) എന്നിവർ മറ്റു കുടുംബാംഗങ്ങൾക്കൊപ്പം.

116 വർഷം മുൻപ് നാട്ടിൽ ജീവിതം നഷ്ടപ്പെട്ടു കപ്പൽ കയറിയ ഇരുപതുകാരിയുടെയും വിദേശത്തു ജീവിതം കരുപ്പിടിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇരുപതുകാരന്റെയും കഥയുടെ ബാക്കി പൂരിപ്പിച്ചെടുക്കുക എന്നതാണ് നെൽസന്റെ ദൗത്യം. മുത്തച്ഛന്റെ കഥപറയുമ്പോൾ ആരെങ്കിലും തിരിച്ചറിഞ്ഞു മുന്നോട്ടുവന്ന് അത് എന്റെ ബന്ധുവാണെന്നു പറയുമോ? വീട്ടുകാർ ഇറക്കിവിട്ട റെബേക്കയെന്ന മുത്തശ്ശി കുടുംബത്തിലുണ്ടായിരുന്നെന്ന് ആരെങ്കിലും വെളിപ്പെടുത്തുമോ? എന്തായാലും രക്തം രക്തത്തെ തിരിച്ചറിയുമെന്ന പ്രതീക്ഷയ്ക്ക് അതിരുകൾ വയ്ക്കാതെയാണു നെൽസന്റെ അന്വേഷണം.

ലഭ്യമാകുന്നതു വളരെക്കുറച്ചു വിവരങ്ങൾ മാത്രമാണ്. അയ്യപ്പൻ നായരുടെ പിതാവിന്റെ പേര് കീലു നായർ. മലബാർ ജില്ലക്കാരൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട് കപ്പലിലെ യാത്രക്കാരുടെ രേഖകളിൽ. അതു മലബാറിലെവിടെയുമാകാം. പക്ഷേ, തമിഴ് സംസാരിച്ചിരുന്നു എന്നതിനാൽ പാലക്കാടു ഭാഗത്താകാമെന്നും അനുമാനമുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഫാക്ടറികളിലും കരിമ്പിൻതോട്ടങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഇംഗ്ലിഷ് മരുന്നു കഴിക്കാറില്ല. അവർക്കതിൽ വിശ്വാസമില്ലത്രെ. ഇതിനുള്ള പ്രതിവിധിയായി കമ്പനി കണ്ടെത്തിയതായിരുന്നു ആയുർവേദ ഡോക്ടറായ അയ്യപ്പൻ നായരുടെ സേവനം. അന്നു കൂടെ യാത്ര ചെയ്യാനുണ്ടായിരുന്ന നീലകണ്ഠൻ നായർ എന്നയാളുടെ പിതാവിന്റെ പേരും കീലു നായർ എന്നുതന്നെ. അദ്ദേഹം പാലക്കാട്ടുകാരനാണെന്നുതന്നെ രേഖയിലുണ്ട്. പക്ഷേ, ഇങ്ങനെ മുത്തച്ഛന് ഒരു സഹോദരനുണ്ടായിരുന്നതായി ആരും പറഞ്ഞറിവില്ലെന്നു നെൽസൺ പറയുന്നു. രണ്ടുപേരും രണ്ട് അച്ഛന്മാരുടെ മക്കളാണോ അതോ രേഖകളിൽ വന്ന പിഴവാകുമോ? മലബാർ ജില്ലക്കാരൻ എന്നു പറയുമ്പോഴും വീട്ടിൽ എല്ലാവരും തമിഴ് സംസാരിക്കുന്നുണ്ടെന്നു പറയുമ്പോൾ രണ്ടുപേരും പാലക്കാട്ടുകാരാകാം.

കോഴിക്കോട് പുതിയറയ്ക്കൽ എന്ന സ്ഥലത്തുനിന്നാണ് ബി.റെബേക്ക വരുന്നതെന്നാണു കപ്പൽയാത്രാ രേഖകൾ. പിതാവിന്റെ പേര് കണ്ണൻ. റെബേക്കയുടെ വീട്ടുകാരാകട്ടെ, കത്തോലിക്കാ വിശ്വാസികൾ. നാട്ടിലൊരു ഇംഗ്ലിഷുകാരന്റെ വീട്ടുജോലിക്കു പോകുകയായിരുന്നു റെബേക്ക. ഇതിനിടെ സായ്പിന്റെ മകനിൽനിന്നു ജോലിക്കാരി ഗർഭിണിയായതോടെ ഇറക്കിവിട്ടു. കുട്ടിയുടെ പിതാവിന്റെ പേര് ജോസഫ് എന്നു രേഖകളിൽ പറയുന്നുണ്ട്. വീട്ടുകാരും ദുരഭിമാനംകൊണ്ട് ഇറക്കിവിട്ടു. ഇതിനിടെ പ്രസവിച്ച് ഒരു വയസ്സിൽ താഴെയുള്ള മകനുമായി ദക്ഷിണാഫ്രിക്കയിലേക്കു പോകാനായിരുന്നു അവരുടെ തീരുമാനം. പഞ്ചസാര ഫാക്ടറിയിൽ ആളെ എടുക്കുന്നതറിഞ്ഞാണു റെബേക്ക എത്തിയത്. 

ആഫ്രിക്ക അധ്യായം ഇങ്ങനെ

റെബേക്കയിൽ അയ്യപ്പൻ നായർക്ക് ഏഴു മക്കളുണ്ടായി. കർക്കശക്കാരനായിരുന്നു അയ്യപ്പൻ. മൂത്തമകൻ സാമുവൽ കഴിഞ്ഞേയുള്ളൂ, തനിക്കു ബാക്കി എല്ലാവരും എന്നായിരുന്നു റെബേക്കയ്ക്കു കൊടുത്ത വാക്ക്. അദ്ദേഹമതു പാലിച്ചു. സാമുവൽ ജോസഫിനു വേലു നായർ എന്ന മറ്റൊരു പേരുകൂടി നൽകി സ്വന്തം മകനാക്കി. ആരും സാമുവലിനെ ഒറ്റപ്പെടുത്തിയില്ല. സാമുവലിന്റെ ഒരു അനിയൻ, കേശവൻ നായർ രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്തതിന്റെ രേഖകൾ നെൽസൺ സൂക്ഷിക്കുന്നുണ്ട്. 1932ൽ റെബേക്ക മരിച്ചു. 

ayyappan-nair
1. അയ്യപ്പൻ നായർ, 2. അയ്യപ്പൻ നായരുടെ രണ്ടാം ഭാര്യ ആനന്ദി. 3. സാമുവൽ ജോസഫ് (വേലു നായർ)

അയ്യപ്പൻ നായർ വീണ്ടും വിവാഹം കഴിച്ചു. കാഞ്ചിപുരത്തുനിന്നു കുടിയേറിയ മാതാപിതാക്കൾക്കു ദക്ഷിണാഫ്രിക്കയിൽ ജനിച്ചു വളർന്ന മകൾ ആനന്ദിയായിരുന്നു രണ്ടാം ഭാര്യ. അതിൽ എട്ടു മക്കൾ. അതിലൊരാളാണു ദേവിദാസൻ നായർ. ഇപ്പോൾ കേരളത്തിലെ വേരുകൾ തേടിയിറങ്ങിയിട്ടുള്ള നെൽസന്റെ പിതാവ്. 

1959ൽ അയ്യപ്പൻനായരും മരണത്തിനു കീഴടങ്ങി. അദ്ദേഹം മക്കളോടു പറഞ്ഞ കഥകളും കപ്പൽരേഖകളും മാത്രമാണു ബന്ധങ്ങൾ തേടുന്ന നെൽസന്റെ പക്കലുള്ളത്. ആയുർവേദ ഡോക്ടറായിരുന്ന മുത്തച്ഛന്റെ പാത പിൻപറ്റി കുടുംബത്തിൽ രണ്ടുപേർ അലോപ്പതി ഡോക്ടർമാരായി. 

‘വെറുതേ സമയം കളയാം എന്നേയുള്ളൂ..’ എന്നാണ് കൂടെയുള്ള പലരുടെയും അഭിപ്രായമെന്നു നെൽസൺ നായർ പറയുന്നു. ‘ദക്ഷിണാഫ്രിക്കയിൽ ബന്ധുക്കളുണ്ടെന്നു പറഞ്ഞാൽ സ്വത്തിനു വീതം ചോദിക്കുമോ എന്നു ഭയന്ന് ആരെങ്കിലും വെളിപ്പെടുത്താതിരിക്കുമോ?’ – നെൽസന്റെ സംശയമാണ്. ‘തനിക്കും സഹോദരങ്ങൾക്കും ആരുടെയും സ്വത്ത് ആവശ്യമില്ല. റെബേക്കയുടെ കുടുംബത്തെ കണ്ടെത്താനായാൽ ആവശ്യമെങ്കിൽ എന്തെങ്കിലും സഹായം ചെയ്യുന്നതിനും തയാറാണ്. ഇതിനിടെ രണ്ടുതവണ ഇന്ത്യയിൽ വന്നു മടങ്ങിയിട്ടുണ്ട്. രണ്ടു വർഷം മുൻപ്  കേരളത്തിലെത്തി കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം വിനോദയാത്ര നടത്തിയാണു മടങ്ങിയത്. ബന്ധുക്കളെ തിരിച്ചറിയാനായാൽ ഒരിക്കൽ കൂടി വന്ന് അവരെയെല്ലാം കാണണമെന്നാണ് ആഗ്രഹം’ നെൽസൺ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com