ADVERTISEMENT

അക്ഷരക്കൂട്ടങ്ങൾ തിരമാല തീർക്കുന്ന ഇൗ ഡയറികൾ ഒരു കാലഘട്ടത്തിന്റെ ചരിത്രത്തുണ്ടുകളാണ്. പൊടിഞ്ഞു വീഴാറായ പുറംചട്ടയുള്ള 90 ഡയറികൾ....  മങ്ങിയ താളുകളിലെ നീല അക്ഷരങ്ങളിൽ പലതും കാലം മായ്ച്ചുകളഞ്ഞു.  താളുകൾ മെല്ലെ മറിക്കുമ്പോൾ, ഇടുക്കിയുടെ മണ്ണിന്റെ മണം നിറയും... 90 വർഷം മുൻപുള്ള കാലം കലവറ തുറക്കും...

മഷിപ്പേനകൊണ്ടു കുത്തിക്കുറിച്ച അക്ഷരങ്ങൾ ഇടുക്കിയിലേക്കുള്ള കുടിയേറ്റത്തിന്റെയും അന്നത്തെ സാമൂഹിക വ്യവസ്ഥയുടെയും നേർക്കാഴ്ചകളാണ്. പാടത്തെ ചേറിന്റെ, വിയർപ്പിന്റെ ഗന്ധവും ഞാറ്റുപാട്ടിന്റെ ഈണവുമാണ് താളുകളിൽ ഏറെയും.  ഏലത്തരിയുടെയും കുരുമുളകിന്റെയും നേർത്തതും തീക്ഷ്ണവുമായ മണമാണ് മറ്റൊരു ഡയറിയിൽ.  ഓരോ ഡയറിയിലും കുടഞ്ഞിട്ട വാക്കുകളുടെ ചങ്ങലക്കെട്ടുകൾ പഴയ കാലത്തേക്കു വലിച്ചു കൊണ്ടുപോകും. 

കാതങ്ങൾ നടന്ന് കുന്നുകൾ കയറിയപ്പോൾ കണ്ട കാഴ്ചകളുടെ, കൂലി നൽകിയതിന്റെ, കേസ് നടത്തിപ്പിന്റെ, ഭാഷയുടെ വൈചിത്ര്യങ്ങളുടെ നിഴൽരൂപങ്ങൾ ഒരു കാലഘട്ടത്തിന്റെ കഥ പറയുകയാണ് ഇൗ ഡയറിക്കുറിപ്പുകളിലൂടെ...  

വലതുവശത്തേക്കു ചരിച്ചെഴുതിയ അക്ഷരങ്ങൾ വായിച്ചെടുക്കാൻ ഏറെ പ്രയാസം.  ഇന്ന് ഉപയോഗത്തിലില്ലാത്ത വാക്കുകളാണ് ഏറെയും. ഈ ഡയറിക്കുറിപ്പുകൾ ഇടുക്കി ജില്ലയിൽ, തൊടുപുഴയ്ക്കടുത്ത് മുട്ടം പഞ്ചായത്തിലെ തുടങ്ങനാട് പൂവത്തിങ്കൽ വീട്ടിൽ ഇപ്പോഴും ഭദ്രമാണ്.  തടിയലമാരകളിൽ ഒട്ടിച്ചേർന്നിരിക്കുന്ന ഡയറികളിൽ കാലത്തിന്റെ മഷിമുക്കി കുറിച്ചിട്ടത് മത്തായി ജോസഫ് എന്ന കൊച്ചേട്ടനാണ്.  പിതാവ് യാത്രയായി 14 വർഷങ്ങൾ കഴിഞ്ഞിട്ടും

ഡയറികൾ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുകയാണ് മത്തായി ജോസഫിന്റെ മകൻ പ്രഫ. കെ.ജെ.കുര്യൻ(83). 

എന്തും ഡയറിയിൽ കുറിച്ചിടുന്ന ശീലമായിരുന്നു അപ്പനെന്ന് കെ.ജെ. കുര്യൻ ഓർക്കുന്നു.  ‘‘14 വയസ്സു മുതൽ ഡയറി എഴുതിത്തുടങ്ങിയിരുന്നു എന്നു പറഞ്ഞിട്ടുണ്ട്.  രാത്രി വൈകുവോളം ഡയറി എഴുതും.  എത്ര തിരക്കുണ്ടായാലും എഴുത്തുമാറ്റിവയ്ക്കില്ല’’.   

പേജിന്റെ ഇടതുവശത്ത് തീയതിയും സമയവും  എഴുതി അടിവരയിട്ട ശേഷമാണ് ഓരോ ദിവസത്തെയും കാഴ്ചകളും സംഭാഷണങ്ങളും കുറിച്ചിടുക.  ഡയറിക്കുറിപ്പുകൾക്കു തിരശീല വീണത് 107–ാം വയസ്സിലാണ്.  കിടപ്പിലായതോടെ ഡയറി എഴുത്തു മുടങ്ങി.  ‘‘ഒഴിച്ചിട്ട ആ താളുകൾ എപ്പോഴെങ്കിലും എഴുതിത്തീർക്കണം എന്ന് അപ്പൻ പറയുമായിരുന്നു. കാലത്തിനായി ഒഴിച്ചിട്ട ആ താളുകളിൽ ഇപ്പോൾ മഞ്ഞനിറം പടർന്നു....അപ്പന്റെ മനസ്സിലെ ചിത്രങ്ങൾ ഓർത്തെടുത്ത് എല്ലാം എഴുതണം,  ആ ഡയറിക്കുറിപ്പുകൾ പൂർത്തിയാക്കണം...’’– കുര്യന്റെ വാക്കുകൾ..

കുടിയേറ്റത്തിന്റെ കഥകൾ

വ്യക്തിപരമായ വിവരങ്ങൾ മാത്രമല്ല മത്തായി ജോസഫിന്റെ ഡയറിക്കുറിപ്പുകൾ.  ഇടുക്കിയുടെ കുടിയേറ്റത്തിന്റെ വിവരങ്ങളും കുറിപ്പുകളിലുണ്ട്.  ഇന്നത്തെ ഇടുക്കി ജില്ലയുടെ ലോ റേഞ്ചിൽ ഉൾപ്പെടുന്ന തൊടുപുഴയ്ക്കു സമീപമുള്ള മുട്ടം എന്ന പ്രദേശത്തായിരുന്നു ആദ്യകാലകുടിയേറ്റം.  ഇവിടെനിന്നാണ് അടിമാലി വഴി ഹൈറേഞ്ചിലേക്കു പ്രവേശിച്ചത്.  കുട്ടിക്കാനത്തുനിന്ന് ഉപ്പുതറയിലേക്കും കുടിയേറ്റക്കാർ എത്തിയതായും മത്തായി ജോസഫിന്റെ ഡയറിക്കുറിപ്പുകളിൽ പറയുന്നു. 

1930ൽ പുറത്തിറക്കിയ തിരുവിതാംകൂർ രാജകുടുംബത്തിന്റെ മുദ്രയുള്ള ഡയറിയിൽ നായർ, ക്രിസ്ത്യൻ, ഈഴവ റഗുലേഷൻ ആക്ടുകളെക്കുറിച്ചു പരാമർശമുണ്ട്.  അഞ്ചൽ സമ്പ്രദായത്തെക്കുറിച്ചും വിവരിക്കുന്നു.  കൊല്ലം ശ്രീരാമവിലാസം പ്രസിൽ അച്ചടിച്ച മറ്റൊരു ഡയറിയിൽ തിരുവിതാംകൂർ രാജാവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമുണ്ട്.  ആലപ്പുഴ, മുല്ലയ്ക്കലിൽ 1951 ൽ അച്ചടിച്ച ഡയറിയുടെ വില 2 രൂപയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.  രാമപുരത്തെ മാടമ്പിയിൽനിന്നു വായ്പയെടുത്തതും വിളവെടുപ്പിനു ശേഷം തിരിച്ചടച്ചതുമായ വിവരങ്ങളും ഉണ്ട്.  അന്നത്തെ പ്രമുഖ വ്യാപാര കേന്ദ്രമായ ആലപ്പുഴയിലേക്കുള്ള യാത്രകളെക്കുറിച്ചാണു ഡയറികളിലെ വിവരണങ്ങളിലേറെയും.

വള്ളത്തിൽ ആലപ്പുഴയിലേക്കും  അതിരമ്പുഴയിലേക്കും പോയതും സുഗന്ധവ്യഞ്ജനങ്ങൾ വിറ്റതും അവിടെനിന്ന് അരി വാങ്ങിയതും പരാമർശിച്ചിട്ടുണ്ട്. 

mathai-joseph
മത്തായി ജോസഫ്,മത്തായി ജോസഫിന്റെ ഭാര്യ അന്നമ്മ.

പഠനം, വിവാഹം

മീനച്ചിൽ താലൂക്കിലെ കടനാടാണ് മത്തായി ജോസഫിന്റെ ജന്മനാട്.  കോട്ടക്കകത്ത് കൊച്ചേട്ടൻ എന്നാണ് മത്തായി ജോസഫിനെ ആദ്യ കാലത്തു വിളിച്ചിരുന്നത്. പിന്നീടതു പാപ്പൻ  എന്നായി. പൂവത്തുങ്കൽ തൊമ്മൻ മത്തായിയുടെ മകനായി 1899 ഏപ്രിൽ 5നാണ് ജനിച്ചത്.  പാലാ രാമ പുരത്ത് കുടുംബാംഗമായിരുന്ന ഏലിയായിരുന്നു മാതാവ്. 

കടനാട്ടിലെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു മത്തായി ജോസഫിന്റെ വിദ്യാഭ്യാസം. 6 വയസ്സുള്ളപ്പോൾ പള്ളിക്കൂടത്തിൽ ചേർത്തു. ചെത്തിക്കോട്ടു നായർ ആയിരുന്നു ആശാൻ.  ഓലയിൽ എഴുതിയിടുന്ന വാക്കുകൾ കുട്ടികൾ മണലിൽ എഴുതും. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കടനാട് വല്യാത്തു ഗവ. സ്കൂളിൽ ചേർത്തു. ഒന്നു മുതൽ നാലാം ക്ലാസു വരെ ഇവിടെയാണു പഠിച്ചത്.  പാലാ സെന്റ് തോമസ് സ്കൂളിലായിരുന്നു തുടർപഠനം.  കടനാട്ടിൽനിന്നു പാലായിലെ സ്കൂളിലേക്കു കാൽനടയായി പോകും.  പിന്നീട് അമ്മവീട്ടിലായി താമസം.  പാലാ സെന്റ് തോമസ് സ്കൂൾ മാനേജർ ഫാ. നാഗനൂലിൽ, കവീക്കുന്ന് പള്ളിയുടെ വികാരി കൂടിയായിരുന്നു.  

സ്കൂളിലേക്ക് ആവശ്യമായ തേക്കു തടിക്കായി മാനേജർ, മത്തായി ജോസഫിന്റെ പിതാവ് തൊമ്മൻ മത്തായിയെ സമീപിച്ചു.  20 തേക്കിൻതടികളാണ് മാനേജർക്കു നൽകിയത്.  മത്തായി ജോസഫിനെ ഫാ. നാഗനൂലിന് ഏറെ ഇഷ്ടമായിരുന്നു.  കവീക്കുന്ന് ഇടവകയിലെ പടവിൽ ഉണ്ണി ചെറിയയുടെ മകൾ അന്നമ്മയ്ക്ക് വിവാഹ ആലോചന നടക്കുന്ന സമയമായിരുന്നു. ഫാ. നാഗനൂലിൽ, മത്തായി ജോസഫിനെ പടവിൽ കുടുംബാംഗങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. വിവാഹം ഉറപ്പിച്ചു. അന്ന് മത്തായി ജോസഫിന് 15 വയസ്സ്; അന്നമ്മയ്ക്കും. വിവാഹശേഷം മത്തായി ജോസഫിനു ഹൈസ്കൂൾ വിദ്യാഭ്യാസം പൂ ർത്തിയാക്കാൻ കഴിഞ്ഞില്ല. 

കൃഷിയുടെ  കാര്യക്കാരൻ

തൊമ്മൻ മത്തായി അക്കാലത്ത് മീനച്ചിൽ താലൂക്കിലെ അറിയപ്പെടുന്ന ഭൂ ഉടമയായിരുന്നു.  തുടങ്ങനാട്ടെ ആദ്യ കുടിയേറ്റക്കാരിൽ പ്രമുഖൻ.  അന്ന് തുടങ്ങനാട് പ്രദേശം കൊടുംകാടായിരുന്നു.  കാട്ടാനകളും പുലിയും കടുവയും വിഹരിച്ചിരുന്ന തുടങ്ങനാട്ട്, ഏറുമാടം മാത്രമായിരുന്നു ആശ്രയം. കതിനയും പടക്കവും ഉപയോഗിച്ച് കാട്ടാനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട സംഭവങ്ങളും ഏറെ.  

പഠനം നിർത്തിയ ഉടനെ, തുടങ്ങനാട്ടെ കൃഷിയിടങ്ങളുടെ ചുമതല പിതാവ് മത്തായിയെ ഏൽപിച്ചു.  ഇതോടെയാണ് ഡയറി എഴുത്തും തുടങ്ങിയത്.  ഓരോ ദിവസത്തെയും വരവും ചെലവും ജോലി വിവരവും കൂലിക്കാരുടെ കണക്കും കേസു കാര്യങ്ങളും നടപടികളും അന്നന്നു തന്നെ ഡയറിയിൽ കുറിച്ചിട്ടു. പിന്നീട് ഇതൊരു ശീലമായി. 

കുടുംബം, മക്കൾ...

മത്തായി ജോസഫ്–അന്നമ്മ ദമ്പതികൾക്കു 12 മക്കൾ. പത്താമത്തെ മകനാണ് പ്രഫ. കെ.ജെ.കുര്യൻ.  1994ൽ തൊടുപുഴ ന്യൂമാൻ കോളജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായി വിരമിച്ച കുര്യൻ, കോട്ടയം സെന്റർ ഫോർ റൂറൽ മാനേജ്മെന്റിലെ സീനിയർ റിസർച് ഫെലോയാണ്.  കിലയിലെ ഫാക്കൽറ്റി അംഗവും സംസ്ഥാന ആസൂത്രണ ബോർഡിലെ റിസോഴ്സ് പഴ്സനുമാണ്. ഭാര്യ: ലീലാമ്മ. മക്കൾ: അനിൽ, അനുജി, അജിത്. 

ജീവചരിത്രമല്ല, ജീവിത ചിത്രങ്ങൾ-മത്തായി ജോസഫിന്റെ ഡയറിക്കുറിപ്പുകളിലെ ചില ഭാഗങ്ങൾ....

‘‘കടനാട്ടിൽ, കുന്നേൽ വീട്ടിൽ ജനിച്ചു വളർന്ന പൂവത്തിങ്കൽ മത്തായി....’’– മത്തായി ജോസഫിന്റെ ആദ്യകാല ഡയറിക്കുറിപ്പുകളിലൊന്നു തുടങ്ങുന്നത് ഇങ്ങനെ.‘‘ഞാൻ ജനിച്ച തീയതി നല്ല നിശ്ചയമില്ല.  ആ കാലത്ത് വസൂരി പടർന്നുപിടിച്ചു. കടനാട്ടിൽ പലർക്കും വസൂരി പിടിച്ചു.അമ്മ അന്നു ഗർഭിണിയായിരുന്നു...  മീനച്ചിലിലാണ് ഞാൻ ജനിച്ചതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.  ഞാൻ ചെത്തിക്കോട്ട് ആശാന്റെ കീഴിൽ നിലത്തെഴുത്തു പഠിച്ചു. പഠിപ്പിനിടെ കല്യാണം കഴിച്ചു...’’

∙ മറ്റൊരു ഡയറിയുടെ ആദ്യ പേജ് തുടങ്ങുന്നത് ഇങ്ങനെ: ‘‘കടനാട്ടിൽനിന്നു പാലാ വരെ നടന്നു (14 കിലോമീറ്റർ ദൂരം). വീട്ടിൽനിന്നു നടന്ന് പാലായിൽ എത്തിയപ്പോൾ 10 മണി കഴിഞ്ഞു. പാലായിൽ ചന്തയിൽ പോയി കലം, ചട്ടി, മുണ്ട്, തുണി എന്നിവ ഒരു കൊല്ലത്തേക്കു വാങ്ങിക്കും.  വേറെ കടയില്ല. അങ്ങാടിയിൽ ഒരു ഏത്തക്കയ്ക്ക് ഒരു ചക്രം വില...’’

∙ നെൽക്കൃഷിയിൽ ലാഭം കിട്ടും എന്നു കരുതി. വരമ്പിട്ടു.. നിലമാക്കിയപ്പോൾ വെള്ളപ്പൊക്കം വന്നു. പറമ്പ് നിരപ്പായി കിടക്കുന്നതു കണ്ടു. കണ്ണാടി പോലെ ഭൂമി.  പറമ്പു വെട്ടിത്തെളിച്ച് എള്ളു കൃഷി ചെയ്തു. ഇഞ്ചി വിത്തു വാങ്ങി ഇഞ്ചിയും നട്ടു.  കാരെള്ള്, 2 വലിയ ചാക്ക് വിളവു ലഭിച്ചു. പുലരിപാറയിലിട്ടാണ് ഉണക്കിയെടുത്തത്.  പാലായിൽ ചുമന്നു കൊണ്ടുപോയി വിറ്റു.  ഏത്തവാഴ വിത്തു വാങ്ങിയാണു മടങ്ങിയത്.  പന്നിക്കുന്നിലെ സ്ഥലത്തു നന്നായി ഒരുക്കി, ഇല്ലിക്കാനം വെട്ടി തീയിട്ടു ചുട്ടു. നല്ല കുലകൾ. 150 മുതൽ 200 വരെ കായ്കൾ. കൈയുടെ വലുപ്പത്തിലുള്ളവ. ഒരു കായ്, ഒരാൾ ഒരുനേരം തിന്നുതീർക്കാൻ നന്നേ ബുദ്ധിമുട്ടും.  കടനാട്ടിൽ അമ്മയ്ക്ക് ഒരു വാഴക്കുല ചുമന്നു കൊണ്ടുപോയി കൊടുത്തു. അപ്പനും അമ്മയ്ക്കും വലിയ സന്തോഷമായി.  

∙ ജാതിമത വ്യത്യാസമില്ലാതെ മീനച്ചിൽ താലൂക്കിലെ സർവ മത ജനങ്ങൾക്കും പഴയകാലത്ത് പാലാ വലിയ പള്ളിയിലെ രാക്കുളി പെരുന്നാൾ വലിയ ഉത്സവമായിരുന്നു.  ആലപ്പുഴ, അതിരമ്പുഴ തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളിൽ നിന്നു വലിയ കച്ചവടക്കാർ, കച്ചവടസാമാനങ്ങളുമായി ആഴ്ചകൾക്കു മുൻപു തന്നെ പാലാ വലിയപള്ളി മുറ്റത്തു പുര കെട്ടി  വിൽപനയ്ക്കായി തയാറാക്കിയിരുന്നു.  മീനച്ചിലാറ് പാലാ പട്ടണത്തിന്റെ ജീവനാഡിയാണ്.  പാലാ ചന്തയ്ക്കു ജീവൻ പകരുന്ന സിര. വേനലിൽ ഒരു കാലത്തും വറ്റാത്ത പുഴ. നൂറു കണക്കിന് ചരക്കുവള്ളങ്ങൾ തുഴഞ്ഞു നീങ്ങുന്ന പ്രധാന ജലപാത. ചരക്കു നീക്കുന്നതിനു ജലമാർഗമേ ഉള്ളൂ.  

തീപ്പുക തുപ്പും തീവണ്ടി, അങ്ങകലെ കൊല്ലം വരെ മാത്രമേയുള്ളൂ.  പാലായിലും സമീപ പ്രദേശങ്ങളിലുമുള്ള മലഞ്ചരക്കുകൾ മുഴുവൻ പാലാ ചന്തയിലെത്തും. കച്ചവടക്കാർ അവയെല്ലാം വള്ളത്തിൽ ആലപ്പുഴ എത്തിച്ചു വിൽക്കും.  തുണിത്തരങ്ങൾ, ചട്ട , മുണ്ട്, ഉരുളി, വാർപ്പ്, ഓട്ടുവിളക്ക്, ചട്ടി, കലം, പായ്, അരി, ഉപ്പ്, മുളക്, പുകയില എന്നു വേണ്ട പല വ്യഞ്ജനങ്ങൾ എല്ലാം തന്നെ പള്ളിമുറ്റത്തു ലഭ്യമായിരുന്നു.  

∙ ആശാന്മാരിൽ ശിഷ്യരുടെയെല്ലാം ശ്രദ്ധാകേന്ദ്രമായിരുന്നു കളരി ആശാൻ. അവരുടെ വേഷവും കെട്ടും മട്ടും ആരെയും ആകർഷിക്കും. നെറ്റിയിൽ ചുവന്ന കുറി, കൈമേൽ വെളുത്ത ഭസ്മം, നെഞ്ചിൽ 3 ചുവന്ന വര – ചന്ദനവും ഭസ്മവുമൊക്കെ കൂട്ടിയുള്ളത്.  ആശാൻ ഓലയിൽ എഴുതി ക്കൊടുക്കും. കുട്ടികൾ അതു നോക്കി മണലിൽ എഴുതിപ്പഠിക്കും.  ആശാൻ പഠിപ്പിച്ച കണക്കു മറക്കില്ല. കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും മുക്കാൽ മുണ്ടാണി ഗുണനപ്പട്ടിക ഉച്ചത്തിൽ ഉരുവിട്ട് ഹൃദിസ്ഥമാക്കാനും പറയും. 

∙ പാളത്തൊപ്പി ഇല്ലാത്തവർ ആരും ഉണ്ടായിരുന്നില്ല. തൊപ്പിക്കുള്ളിൽ മുറുക്കാൻ, വെറ്റില, അടയ്ക്ക, പുകയില, ചുണ്ണാമ്പ്, ചെവിത്തോണ്ടി, പല്ലുകുത്തി എന്നിവ തിരുകിവയ്ക്കും. പണവും ഇവിടെയാണു സൂക്ഷിക്കുക.  രാത്രി ഒഴികെ സദാസമയവും തൊപ്പി തലയിൽത്തന്നെ.  

  മീനമാസം പിറന്നാൽ പൂണ്ടൽ കിളയുടെ സമയമായി.  30–40–50 പേർ ചേർന്ന് ഇള കിള. എല്ലാവരും തൂമ്പയുമായി വരും. ഉടമസ്ഥൻ ഉച്ചയ്ക്കു കഞ്ഞിയും പുഴുക്കും മീൻകറിയും കൊടുക്കും. പണിക്കാർ കൂലി വാങ്ങില്ല.  പകരം കിളയ്ക്കാൻ കൂടിയാൽ മതി.  കൊട്ടും പാട്ടുമുണ്ട്. ഒരാൾ തുടി കൊട്ടും. പെണ്ണാൾ കള പറിക്കും, താളത്തിനൊത്ത്..ഒടുവിൽ മുടി അഴിച്ചിട്ടുള്ള മുടിയാട്ടവുമുണ്ട്.  ഉടമസ്ഥൻ അടുത്തുണ്ടെങ്കിൽ അയാളെ കുത്തിയും പാടും– കുത്തുപാട്ട്. 

ഉച്ചയ്ക്കു നല്ല ചൂടുകഞ്ഞിയും പുഴുക്കും. പ്ലാവില കോട്ടി കോരിക്കുടിക്കും. വളരെ രുചിയാണ് ആ കഞ്ഞിക്ക്. മലനെല്ലിന്റെ കഞ്ഞിയാണ്. മൺചട്ടിയാണ് പ്രധാന പാത്രം. അതുപോലും ചുരുക്കമായേ ഉള്ളൂ. കുപ്പി, പിഞ്ഞാണം എന്നിവ വിരുന്നുകാർക്കു മാത്രം.  മൺകലം കരിച്ചെടുത്ത് എണ്ണ പുരട്ടി ഉപയോഗിക്കും. കഞ്ഞിക്കും പുഴുക്കിനും നല്ല രുചിയായിരിക്കും. ആർക്കും സുഖക്കേടുകൾ ഇല്ല. ചെറിയ അസുഖങ്ങൾ എല്ലാം ഒരു കഷായത്തിൽ മാറും.  

∙ പുലർച്ചെ പണിക്കിറങ്ങണം.  തലേ ദിവസം തന്നെ ചോറ് വെള്ളമൊഴിച്ചു വയ്ക്കും.  രാവിലെ മോരും ഉപ്പുമാങ്ങയും കാന്താരി മുളകും കൂട്ടി കഴിക്കും. ഉച്ച വരെ അതു മതി.   ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കും.  വൈകിട്ട് അത്താഴം ചോറും കറിയും. കാപ്പിക്കുരു വറുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് പനംചക്കര ഇട്ടു കുടിക്കും. ബഹുകേമം ആണ്.  പുട്ട്, പഴം, അവൽ, മലർ, അരിയുണ്ട, അരി വറുത്തു പൊടിച്ച് പാതിയിൽ ഉരുട്ടിയത് ഇവയൊക്കെയാണ് വിരുന്നുകാർക്കുള്ള പലഹാരങ്ങൾ. 

∙ ചരക്ക് എത്തിച്ചിരുന്നത് ആലപ്പുഴയിലാണ്. വള്ളത്തിൽ കൊണ്ടു പോകും. വള്ളം തുഴയാൻ രണ്ടുപേർ വേണം. ആഴമുള്ള സ്ഥലത്ത് തുഴക്കോൽ കൊണ്ടു തുഴയണം. താഴ്ച കുറഞ്ഞിടത്ത് ഇല്ലിത്തുള കുത്തി നീങ്ങും. മഴയത്തും കാറ്റത്തും വള്ളം തുഴയുകയില്ല.  കരയ്ക്കടുപ്പിച്ച് കമ്പി താഴ്ത്തിപ്പിടിച്ച് കെട്ടിയിടും. ചരക്ക് ഉടമസ്ഥർക്ക് വള്ളത്തിൽ കൂടി ആലപ്പുഴയ്ക്കു പോകാം. 

മീൻകറി കൂട്ടിയുള്ള ചോറ് വള്ളക്കാർ കൊടുക്കും. ചരക്കു കെട്ടിന്റെ മുകളിൽ കിടന്നു സുഖമായി ഉറങ്ങാം. തുടങ്ങനാട്ട് നിന്നു പാലാ വരെ പണിക്കാരെ കൊണ്ടു ചരക്ക് ചുമപ്പിക്കും. വഴി നീളെ, ഒരു മൈൽ അകലത്തിൽ വലിയ കരിങ്കൽ ചുമടു താങ്ങികളുണ്ട്. ചുമട്ടുകാർ അതിനു മുകളിൽ ചുമടിറക്കി വിശ്രമിച്ച് വീണ്ടും ചുമട്ടു തുടരും. ചുമടെടുക്കാൻ എത്ര ആളെ വേണമെങ്കിലും കിട്ടുമായിരുന്നു....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com