ADVERTISEMENT

‘‘രാത്രിയിൽ ആനക്കൂട്ടം കൂടിനുചുറ്റും കറങ്ങുന്നുണ്ട്. അതുകൊണ്ടാണ് നമ്മൾ കൂടുതൽ ബലപ്പെടുത്തുന്നത്.’’  മിന്നൽക്കൊമ്പനെ കാണാൻവന്ന പത്രക്കാരോട് മീശയാപ്പീസർ വീരവാദങ്ങളടിച്ചുവിട്ടു.

‘‘ഓരോ മൃഗത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കു കൃത്യമായി അറിയാമല്ലോ. കഴിഞ്ഞ ദിവസം കാലാവസ്ഥയൊക്കെ പ്രതികൂലമായിരുന്നെങ്കിലും കാര്യങ്ങൾ ഞങ്ങൾ വിചാരിച്ചതുപോലെതന്നെ നടന്നു.’’

‘‘ഇവൻ അത്ര ശല്യക്കാരനായിരുന്നോ?”– പത്രക്കാരൻ ചോദിച്ചു.

‘‘പിന്നെ, ഈ കാട്ടിലെ ഏറ്റവും ശല്യക്കാരൻ. പലരുടെയും വീടുപൊളിച്ചു, കൃഷി മുഴുവൻ നശിപ്പിച്ചു. മൂന്നുപേരെ കൊന്നത് ഇവനാണ്.’’

‘‘കൊന്നെന്നു പറയാൻ പറ്റുമോ? പടക്കം പൊട്ടിച്ച് ആനകളെ ഓടിക്കുന്നതിനിടയ്ക്ക് ചവിട്ടുകൊണ്ടല്ലേ അവരു മരിച്ചത്?’’

‘‘എന്താണെങ്കിലും അളുപോയോ? ഇനി ഈ നാട്ടില് ആനശല്യം ഉണ്ടാകില്ലെന്ന് ഉറപ്പുതരാം. നാട്ടുകാര് സമാധാനമായിട്ട് കിടന്നുറങ്ങട്ടേന്ന്.’’  

ലോക്കൽ ചാനലുകാരന്റെ മുൻപിൽ പിന്നെയും പലവിധ പോസുകളും കാണിച്ചിട്ടാണ് മീശയാപ്പീസർ അടങ്ങിയത്. കൂടുതൽ മരത്തടികൾവച്ചു ബലപ്പെടുത്തിയ കൂടിന്റെ ഉറപ്പ് മീശയാപ്പീസർ ഒന്നുകൂടി പരിശോധിച്ചു. 

‘‘ഉഗ്രൻ, ഇനി ദിനോസറ് വന്നു കുത്തിയാലും ഇളകില്ല.” ഇത്ര ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ പറ്റിയല്ലോ എന്ന് ആലോചിച്ചപ്പോൾ മീശയാപ്പീസർക്കു ചിരിവന്നു. ആ ചിരി അങ്ങനെ ചിരിച്ചുചിരിച്ചു നിൽക്കുമ്പോൾ ഇരുണ്ടിരുണ്ട് രാത്രിയും വന്നു. 

അന്ന് ആകാശത്തു മുഴുവൻ മേഘങ്ങളുള്ളതുകൊണ്ടാണോ എന്നറിയില്ല, രാത്രി നല്ല കറുകറുപ്പനായിരുന്നു. കാട്ടിലങ്ങനെ കാര്യമായിട്ട് ഒച്ചയുമനക്കവുമില്ല. അയ്യേ, കുറച്ചെന്തെങ്കിലുമൊക്കെ ബഹളമില്ലെങ്കിലും മോശമാണല്ലോയെന്ന് അപ്പോൾ ആപ്പീസർക്കു തോന്നി.

ആ തോന്നൽ വന്നതേ, അതാ ഗും ഗും ഗും എന്ന് ഒരു മൂളക്കം. ഇങ്ങനെ മൂളുന്നത് ഏതു പക്ഷിയാണ്? ഇനി പക്ഷിതന്നെയല്ലേ? ഫോറസ്റ്റാഫിസറായിട്ടും തനിക്കിതൊന്നും അറിയാൻ പാടില്ലാത്തതെന്താണ്? 

മീശയാപ്പീസർക്ക് ആലോചിച്ചപ്പോൾ ഭയം തോന്നി. കുറച്ചുനേരം ഇരുന്നാലോചിച്ചപ്പോൾ മിന്നൽക്കൊമ്പൻ കൂട്ടിലാണല്ലോ, പിന്നെയെന്തു പേടിക്കാനാണെന്ന് ധൈര്യം വന്നു. ആങ്ങനെ ധൈര്യവും അഹങ്കാരവും കയറി മൂത്തപ്പോഴാണ് കിടന്നുറങ്ങിക്കളയാമെന്നു കരുതി ആപ്പീസർ ഗെസ്റ്റുഹൗസിലേക്കു പോയത്.

ആപ്പീസർ അകത്തുകയറി എന്നോർത്ത് രാത്രിക്കു വ്യത്യാസമൊന്നുമില്ലല്ലോ. അതു പേടിപ്പിക്കുന്ന രീതിയിൽ അങ്ങനെതന്നെ നിന്നു.

ഫോറസ്റ്റാഫിസിൽനിന്നു പത്തുപതിനഞ്ച് കിലോമീറ്റർ അകലെയൊരു സ്ഥലത്ത് ഒരാൾ കുറച്ചുനാളായി മുടങ്ങിക്കിടന്ന തന്റെ പണി തുടങ്ങുകയായിരുന്നു. നാടൻവാറ്റുകാരൻ മാണിച്ചന്ദ്രൻ. മിന്നൽക്കൊമ്പനെ പിടിച്ചതിൽ ഏറ്റവും ആഹ്ലാദിക്കുന്ന ഒരാളായിരുന്നു അയാൾ.

മിന്നൽക്കൊമ്പൻ പുറത്തുള്ളപ്പോൾ നാടൻമദ്യം വാറ്റാനായി വാഷ് കലക്കിവയ്ക്കാൻ പറ്റില്ല. എവിടെക്കൊണ്ടുപോയി കലക്കിയാലും മണംപിടിച്ചു കൊമ്പനെത്തും. രാവിലെ വന്നു നോക്കുമ്പോൾ പൊട്ടിയ ഡ്രമ്മും പാത്രങ്ങളുമാണു കാണുക. വാഷ് മുഴുവൻ ആന കുടിച്ചിട്ടുണ്ടായിരിക്കും. 

അങ്ങനെ വരുമാനമില്ലാതായപ്പോൾ അധ്വാനിച്ചു ജീവിച്ചുകളയാമെന്നു കരുതി മാണിച്ചന്ദ്രൻ കൂലിപ്പണിക്കു പോകാൻ തുടങ്ങിയതാണ്. അപ്പോഴാണ് മിന്നൽക്കൊമ്പനെ പിടികൂടുന്നത്.

എന്നാലിനി വാറ്റുകതന്നെ എന്നുകരുതി കുറച്ചു കരിവെല്ലവും ചീഞ്ഞ പഴങ്ങളും ഗോതമ്പുമൊക്കെയിട്ട് മാണിച്ചന്ദ്രൻ വാറ്റാനുള്ള വാഷ് കലക്കിവച്ചു. നമസാരം ചേർത്തതുകൊണ്ട് രാത്രിയായപ്പോഴേക്കും വാഷങ്ങ് പുളിച്ചുപൊന്തി മണക്കാൻ തുടങ്ങി. 

‘‘മണത്തോട്ടെ, മിന്നൽക്കൊമ്പൻ കൂട്ടിലല്ലേ. പിന്നെ ആരെപ്പേടിക്കാനാണ്?”

പുഴയരികിൽ‍ വാഷു കലക്കിവച്ച മരച്ചുവട്ടിൽനിന്നു കുറച്ചുമാറിയുള്ള പാറപ്പുറത്ത് ചെറിയ തീകൂട്ടി ചൂടാക്കിയിട്ട് മാണിച്ചന്ദ്രൻ സുഖമായി കിടന്നുറങ്ങി.

ഒന്നും പേടിക്കാനില്ലാത്ത രാത്രിയാണതെന്നായിരുന്നു അയാളുടെ വിചാരമെങ്കിലും എഴുന്നേറ്റു നോക്കിയാൽ നല്ല പേടി വരുമായിരുന്നു. 

കാരണം, നിലാവിനെ മറച്ച് മേഘങ്ങൾ നിൽക്കുന്നതുകൊണ്ട് ഇരുട്ടാണെങ്ങും. ഒരു ഇലയനക്കത്തിനുപോലുമുള്ള കാറ്റില്ല. പിന്നെ പേടിപ്പിക്കാൻവേണ്ടിയിട്ട് ഏതെല്ലാമോ ജീവികളുടെ കരച്ചിലും ബഹളവും.

ഇതൊന്നുമറിയാതെ മാണിച്ചന്ദ്രൻ കിടന്നുറക്കമാണല്ലോ. പക്ഷേ, അയാൾക്ക് എഴുന്നേൽക്കേണ്ടി വന്നു. രാത്രിയിൽ തകിടോം പികിടോം കാക്കലം പീക്കലന്നുള്ള ഒച്ചപ്പാടാണ് അയാളെ എഴുന്നേൽപിച്ചത്. എഴുന്നേറ്റപാടെ അയാൾ ടോർച്ച് തെളിച്ച് വാഷിരിക്കുന്നിടത്തേക്കു നോക്കി. ദാണ്ടെ വാഷുകലക്കിവച്ച നീല പ്ലാസ്റ്റിക് ഡ്രം ചവിട്ടിപ്പൊട്ടിച്ച് കീറിപ്പറിച്ചിട്ടിരിക്കുന്നു. മറയ്ക്കാൻവേണ്ടി കുത്തിച്ചാരിയിരുന്ന ഓലയെല്ലാം പാറിപ്പറത്തിക്കളഞ്ഞു. അരികിലുണ്ടായിരുന്ന കലവും ബക്കറ്റുമെല്ലാം വാരിയെറിഞ്ഞിട്ടുണ്ട്.  

അയ്യോന്ന് വിളിച്ചിട്ട് അയാൾ ടോർച്ച് ചുറ്റിച്ചടിച്ചു. 

നോക്കുമ്പോഴതാ പുഴയുടെ കരയിലുള്ള ഈറ്റക്കാട് ചവിട്ടിയൊടിച്ച് മിന്നൽക്കൊമ്പൻ ചെറിയൊരു ആട്ടത്തോടെ നടന്നുപോകുന്നു. വാഷെടുത്തിട്ടുള്ള കുടീം കൂത്താട്ടോം കഴിഞ്ഞ്‍ ഡാൻസുകളിച്ചു പോകുന്ന കൊമ്പന്റെ പിൻഭാഗമാണു മാണിച്ചന്ദ്രൻ കണ്ടത്. 

അതുകണ്ടതേ മാണിച്ചന്ദ്രൻ ഇനി നിലവിളിക്കണ്ട എന്നുവച്ചു‍. അല്ല, നിലയിലോ നിലവിട്ടോ വിളിക്കാമെന്നു വച്ചാലും പേടികൊണ്ട് അയാൾക്കതിനു സാധിക്കില്ലായിരുന്നു.

‘‘അതാന്ന് ഞാൻ പറഞ്ഞത് ഓനെ തളയ്ക്കാനാവൂല്ല. ആടെയിണ്ടാവും, ഈടെയിണ്ടാവും, എല്ലാടെയിണ്ടാവും. ഓൻ മാട്ടും മാരണോം അറിയുന്നോനാന്ന്.” 

പിറ്റേന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന മാണിച്ചന്ദ്രന്റെയും അന്തംവിട്ടു നിൽക്കുന്ന മീശയാപ്പീസറിന്റെയും മുൻപിൽവച്ച് ചെരമ്പൻമൂപ്പൻ പറഞ്ഞു.

‘‘മൂപ്പാ, ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. മാട്ടും മാരണോം. ഓരോ വിശ്വാസങ്ങള്. ഒരു കാര്യം ചെയ്യാം, ഡിപ്പാർട്ടുമെന്റിന്റെ സെർച്ചുവണ്ടികൾ ഇന്നു രാത്രി എല്ലായിടത്തോടെയും ചുറ്റിയടിക്കട്ടെ. കാര്യത്തിന്റെ സത്യാവസ്ഥ അറിയണമല്ലോ.”

സെർച്ചുവണ്ടികൾക്ക് എളുപ്പമായിക്കോട്ടേന്നു കരുതിയായിരിക്കും അന്നു രാത്രി നല്ല തെളിഞ്ഞ നിലാവായിരുന്നു. കാടിനോടു ചേർന്നുള്ള റോഡുകളിലൂടെ വണ്ടികൾ മൂന്നെണ്ണം നടക്കുന്ന വേഗത്തിൽ ഓടിത്തുടങ്ങി. വണ്ടികളുടെ നെറ്റിക്ക് ഭൂലോകം മുഴുവൻ കാണാൻ പറ്റുന്ന വെളിച്ചവും തെളിച്ചുവച്ചിട്ടുണ്ടായിരുന്നു.

കുഞ്ഞാണ്ടിപ്പണിക്കന്റെ വാച്ചിൽപുറത്ത് വിളഞ്ഞുകിടക്കുന്ന ചേമ്പിൻകിഴങ്ങ് തിന്നാൻവേണ്ടി കാട്ടിൽനിന്നു ചാടിയ അഞ്ചെട്ടു കാട്ടുപന്നികൾ രണ്ടാം നമ്പർ വണ്ടിയുടെ മുന്നിൽപെട്ടു.

‘‘ഏതവനാടാ കണ്ണിലേക്ക് ലൈറ്റടിക്കുന്നത്?” തേറ്റാ നീണ്ടതുകൊണ്ട് സംസാരത്തിനു കൊഞ്ഞപ്പുവന്ന തള്ളപ്പന്നി വണ്ടിയുടെ മുന്നിൽനിന്ന് നാലു തെറിയാണു പറഞ്ഞത്. വണ്ടിയിലുണ്ടായിരുന്നവർ അതെല്ലാം ചിരിച്ചുതള്ളി മുൻപോട്ടുപോയി. 

പാതിരാത്രിക്ക് സൂര്യനെപ്പോലുള്ള വെളിച്ചം ജനലിലടിച്ചു മാറുന്നതുകണ്ടപ്പോൾ കിടപ്പിലായിരുന്ന ഏലീശാച്ചേടത്തി ‘‘അവൻ വരുന്നു... അവൻ വരുന്നു...’’ എന്നുപറഞ്ഞ് കുരിശുവരച്ചു. 

കാട്ടുപന്നിയിറച്ചിയാണെന്നു പറ‍ഞ്ഞ് കുടകുപന്നിയുടെ ഇറച്ചിക്കഷണങ്ങൾ രോമം വടിക്കാതെ വിൽക്കുന്നയാളാണ് ഇറച്ചിജോയി. സ്കൂട്ടറിൽ രണ്ടു ചാക്ക് ഇറച്ചിയുമായി വരുമ്പോൾ ജോയി സെർച്ചുവണ്ടിയുടെ മുന്നിൽപെട്ടു. 

‘‘നിർത്തെടാ അവിടെ.’’ എന്നുപറഞ്ഞ് ചാടിയിറങ്ങിയ ഗാർഡുമാർ ജോയിയെ സ്കൂട്ടറടക്കം പൊക്കി ഫോറസ്റ്റോഫിസിൽ എത്തിച്ചു.

‘‘എടാ, ഇവനെപ്പിടിക്കാനല്ല ആനയെ പിടിക്കാനാ നിങ്ങളെ വിട്ടേക്കുന്നത്. മനസ്സിലായോ?” മീശയാപ്പീസർ ചൂടായി.

സെർച്ചുവണ്ടി പിന്നെ ഒന്നും നോക്കാതെ വീണ്ടും നടക്കുന്നതുപോലെ ഓട്ടംതുടങ്ങി.

പാതിരാത്രി കഴിഞ്ഞപ്പോൾ മൂന്നാം നമ്പർ വണ്ടി പോത്തുമുക്കിന്റെയവിടെ നിർത്തിയിട്ടു.

‘‘കുറച്ചുനേരം ഉറങ്ങിയിട്ട് ഇനി കറങ്ങാം.’’ ഗാർഡുമാരിലൊരാൾ പറഞ്ഞു.

‘‘ശരിയാ, ലൈറ്റ് ഓഫാക്കാതിരുന്നാൽ മതിയല്ലോ.’’ ഡ്രൈവർ പറഞ്ഞു. 

നാലു വശത്തേക്കും ഓരോ ലൈറ്റ് തിരിച്ചുവച്ചിട്ട് വണ്ടിയിലുള്ളവരെല്ലാം ഉറക്കം തുടങ്ങി. അവരുടെ ഉറക്കം ഒരു മണിക്കൂർ കഴിഞ്ഞുകാണും. വണ്ടിയുടെ ഇടതുവശത്തേക്കു തിരിച്ചുവച്ചിരുന്ന ലൈറ്റ് പെട്ടെന്ന് ച്ലിൽക്കോംന്ന് പൊട്ടിത്തെറിച്ചു. സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന ഗാർഡിന്റെ നെഞ്ചത്ത് ഉണ്ടംപൊരിയുടെ വലുപ്പമുള്ള ഒരു കല്ലു വന്നു വീഴുകയും ചെയ്തു. 

വണ്ടിയിലുണ്ടായിരുന്നവരെല്ലാം ഞെട്ടിയുണർന്ന് പുറത്തിറങ്ങി.

‘‘ആരെടാ? എന്നതാടാ? നിക്കെടാ അവിടെ.’’ എന്നൊക്കെ അവർ ചുമ്മാ ഒച്ചപ്പാടുണ്ടാക്കി. അപ്പോഴേക്കും അടുത്ത കല്ല് വന്നിരുന്നു. ഒരു കുട്ടിയാനയുടെ വലുപ്പമുള്ള ആ കല്ല് വണ്ടിയുടെ ഒത്ത മുതുകത്താണു വീണത്. ബാക്കിയുള്ള എല്ലാ ലൈറ്റുകളും പൊട്ടുകയും വണ്ടിയുടെ മേൽക്കൂര ചളപിളാന്ന് ഒടിഞ്ഞുകൂടിപ്പോവുകയും ചെയ്തു. 

ഗാർഡുമാർ പിന്നെയവിടെ നിന്നില്ല. 

‘‘അയ്യോ, രക്ഷിക്കണേ... കൊല്ലാൻ വരുന്നേ...’’ എന്നുവിളിച്ച് അവർ ഓട്ടം തുടങ്ങി. ഓടാൻ പറ്റാതിരുന്ന ഒരുത്തൻ മാത്രം വണ്ടി പതുക്കെ പൊങ്ങുന്നതു കണ്ടു. 

പൊക്കിയെടുത്ത വണ്ടിയുമായി തിരിഞ്ഞ ആനയുടെ പിറക് കണ്ടപ്പോൾ അവൻ പിറുപിറുത്തു.

‘‘മിന്നൽക്കൊമ്പൻ.’’

‘‘ഞാൻ അതുപോലെ കണ്ടതാന്നേ, പൊറകിലുള്ള വരേം കുറീം വാലിന്ററ്റത്തുള്ള വളവും എല്ലാം ഇതുതന്നെ. ഇവൻതന്നെയാണത്.’’

പിറ്റേന്നു കാലത്ത് കൂട്ടിൽ കിടക്കുന്ന മിന്നൽക്കൊമ്പന്റെ പിറകിൽനിന്ന് ഗാർഡ് സാക്ഷ്യം പറഞ്ഞു. അയാളതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മിന്നൽക്കൊമ്പൻ ഒന്നുതിരിഞ്ഞ് അവനെ നോക്കി. 

ആ നോട്ടത്തിൽ പേടിച്ചുവിറച്ച ഗാർഡ് മുട്ടുകുത്തിനിന്ന് തല മണ്ണിൽ മുട്ടിച്ചു കരയാൻ തുടങ്ങി.

‘‘അയ്യോ ഞാനൊന്നും പറഞ്ഞിട്ടില്ലേ. എന്നെ ശിക്ഷിക്കല്ലേ...’’ 

‘‘ആനത്തമുള്ളതുകൊണ്ടാണോ കൂട്ടിൽ കിടക്കുന്ന മിന്നലമ്മാവന് ഇതൊക്കെ ചെയ്യാൻ പറ്റുന്നത്?”

അന്നു രാത്രി മലമുകളിൽ നിൽക്കുകയായിരുന്ന ആനമുത്തിയോട് കുട്ടിയാനകളിലൊരാൾ ചോദിച്ചു. മുത്തി ഒന്നു ചിരിച്ചിട്ടു പറഞ്ഞു:

‘‘അതിന് അവനാണിതൊക്കെ ചെയ്യുന്നതെന്ന് ആരു പറഞ്ഞു? അവര് പിടിച്ചുകൊണ്ടു പോകുന്നതിനു മുൻപും ശേഷവും അവൻ ഇങ്ങനെയുള്ള ഒന്നും ചെയ്തിട്ടില്ല.”

‘‘ഇല്ലേ, പിന്നെ ആരാണിതൊക്കെ ചെയ്യുന്നത്?’’ ആനക്കുട്ടികൾക്ക് അദ്ഭുതമായി.

‘‘അത് അവനാണ്, നമുക്കുപോലും കാണാൻ പറ്റാതെ കാട്ടിനുള്ളിൽ കഴിയുന്നവൻ.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com