ADVERTISEMENT

തിരുവനന്തപുരത്തെ അനന്തപത്മനാഭനും കഠ്മണ്ഡുവിലെ പശുപതിനാഥനും  നമ്മുടെ മാർത്താണ്ഡവർമയും അവരുടെ പൃഥ്വി നാരായൺ ഷായും... അതിശയിപ്പിക്കുന്ന സമാനതകളുടെ നാട്ടുകഥ 

കേരളത്തിലെപ്പോലെ കഠ്മണ്ഡുവിലും മഴക്കാലമാണ്. ആഷാഢം കഴിഞ്ഞാൽ ശ്രാവണം തുടങ്ങും. എല്ലാ വർഷവും ചൈത്രമാസത്തിൽ കഠ്മണ്ഡു താഴ്‌വരയുടെ ഒരറ്റം മുതൽ നഗരമധ്യത്തിലെ രാതോ മചീന്ദ്രനാഥന്റെ (അതായത് ചുവന്ന മത്സ്യേന്ദ്രനാഥന്റെ) ക്ഷേത്രം വരെ രഥയാത്ര നടത്താറുണ്ട്. നല്ല മഴയ്ക്കു വേണ്ടിയുള്ള ഘോഷയാത്രയാണ്. യാത്രയ്ക്കിടെ രഥത്തിനെന്തെങ്കിലും പ്രശ്നമുണ്ടായാൽ ആ വർഷം നേപ്പാളിൽ കുഴപ്പമുണ്ടാകും എന്നാണു വിശ്വാസം.

കരുണാമയൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന മത്സ്യേന്ദ്രനാഥന് ഒരു കേരളബന്ധമുണ്ട്. പൗരാണിക പൗരസ്ത്യ പഠനങ്ങളിൽ അഗ്രഗണ്യനായ ജ്യൂസൊപ്പ തൂച്ചി രണ്ടു പ്രാമാണിക ടിബറ്റൻ ഗ്രന്ഥങ്ങളെ ആധാരമാക്കി പറയുന്നതനുസരിച്ച്, ടിബറ്റിൽ അവിലോകിതേശ്വരന്റെ അവതാരമായി കണക്കാക്കപ്പെടുന്ന മത്സ്യേന്ദ്രനാഥൻ കാമരൂപത്തിൽ (അസമിൽ) ജനിച്ച മുക്കുവനായിരുന്നു. എങ്കിലും ബംഗാൾ ഉൾക്കടലിൽ വലിയൊരു മത്സ്യത്താൽ വിഴുങ്ങപ്പെട്ട അദ്ദേഹത്തെ കണ്ടെത്തിയത് കേരളത്തിലെ ‘തൃക്കനാട്ട് ത്രയംബകേശ്വര ക്ഷേത്രത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ ഒരു സമൂഹം’ ആണത്രേ. ആസേതുഹിമാചലം നീണ്ടുകിടക്കുന്ന ഭാരതവർഷത്തിന്റെ ഒരുമയെ ഓർമിപ്പിക്കുന്ന ഹൃദ്യമായ ഒരു ചരിത്രം.

എന്നാൽ, ഇങ്ങു തെക്കേയറ്റത്ത് സേതുവിനെ ഉമ്മവച്ചു കിടക്കുന്ന കേരളവും അങ്ങു വടക്ക് ഹിമാചലസാനുക്കളോടു തൊട്ടുരുമ്മിക്കിടക്കുന്ന നേപ്പാളും തമ്മിലുള്ള സമാനതകളിൽ ഒന്നുമാത്രമാണിത്. 1930കളിൽ കേരള സൊസൈറ്റി ജേണലിൽ എഴുതിയ ഒരു കുറിപ്പിൽ പ്രശസ്ത പണ്ഡിതനായ ടി.കെ.ജോസഫ്, ഫെർഗുസനെ ഉദ്ധരിച്ചുപറയുന്നു: മലബാറിലെ നായന്മാരും നേപ്പാളിലെ നേവാർമാരും തമ്മിലുള്ള സാമ്യങ്ങൾ ഇന്ത്യയിലെ ഇതരരാജ്യങ്ങൾ തമ്മിലില്ല – ശിൽപകലയിലായാലും ആചാരാനുഷ്ഠാനങ്ങളിലായാലും. കേരളത്തിലേക്കു വന്ന നമ്പൂതിരി ബ്രാഹ്മണരുടെ ജന്മനാട് യുപിയിലെ ബറേലി ജില്ലയിലെ രാംനഗർ ആയിരുന്നുവെന്നും അതു നേപ്പാൾ അതിർത്തിക്കടുത്ത സ്ഥലമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതിലെല്ലാം ഉപരിയായി 18–ാം നൂറ്റാണ്ടിൽ നേപ്പാളിനെ സംയോജിപ്പിച്ച പൃഥ്വി നാരായൺ ഷായുടെയും ഏതാണ്ട് അതേ കാലഘട്ടത്തിൽ തിരുവിതാംകൂറിനെ ഏകീകരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെയും ജീവിതങ്ങൾ തുലനം ചെയ്താൽ ഇതിലും വിസ്മയകരമായ സമാനതകൾ കാണാം. 1739ൽ ആണ് പൃഥ്വി നാരായൺ, ഗോർഖാ എന്ന ചെറുരാജ്യത്തിന്റെ റീജന്റ് ആകുന്നത്. തന്റെ ചിറ്റമ്മയോടൊപ്പം. 1742ൽ രാജാവായ ഉടൻ കഠ്മണ്ഡു താഴ്‌വര പിടിച്ചടക്കാനുള്ള ശ്രമം തുടങ്ങി. പക്ഷേ, താഴ്‌വരയുടെ കവാടത്തിലെ തന്ത്രപ്രധാനമായ നുവാക്കോട്ട് ആക്രമിക്കാനുള്ള ഉദ്യമം ആകെ പാളി. ആ അബദ്ധത്തിൽനിന്നു പാഠം പഠിച്ച പൃഥ്വി നാരായൺ വാരാണസിയിലേക്കു തീർഥയാത്ര പോയി. വഴിയിലെ നാടുവാഴികളുമായി ഇടപഴകി അറിവുകൾ നേടാനുള്ള അവസരംകൂടിയായിരുന്നു ആ കാശിയാത്ര.

PashupatinathTemple
കഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം.

മടങ്ങിവന്ന് അടുത്തുള്ള ലാംജുങ് തുടങ്ങിയ ചെറുരാജ്യങ്ങളുമായി സന്ധിയുണ്ടാക്കിയ ശേഷം 1744ൽ നുവാക്കോട്ട് വീണ്ടും ആക്രമിച്ചു കീഴടക്കിയ പൃഥ്വി നാരായൺ ഷാ, താൻ തോൽപിച്ച സേനാധിപതി ജയന്ത് റാണയെ ജീവനോടെ ചുട്ടെരിച്ച് നിഷ്കരുണൻ എന്ന ദുഷ്പേര് സമ്പാദിച്ചു. പിന്നീടു നീണ്ട 13 വർഷങ്ങൾക്കു ശേഷമാണ് ഗോർഖാ പട താഴ്‌വരയിലേക്ക് ഇറങ്ങിയത്. പക്ഷേ, ശക്തമായ കോട്ടകൊത്തളങ്ങളാൽ ചുറ്റപ്പെട്ട കീർത്തിപുർ പട്ടണം പിടിക്കാനുള്ള ഘോരയുദ്ധത്തിൽ അദ്ദേഹത്തിന്റെ വിശ്വസ്ത പടനായകനും ഉപദേഷ്ടാവുമായ (കാജി) കാലൂപാണ്ഡെ കൊല്ലപ്പെട്ടു. പിൻവാങ്ങിയ പൃഥ്വി നാരായൺ, മക്‌വാൻപുർ തുടങ്ങിയ മറ്റു രാജ്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. ആ രാജ്യങ്ങളെ സഹായിക്കാനെത്തിയ ബംഗാളിലെ നവാബ് മിർ ഖാസിമിന്റെ പടയ്ക്കും ബ്രിട്ടിഷ് ക്യാപ്റ്റൻ കിൻലോക്കിന്റെ കമ്പനിപ്പടയ്ക്കും ഖുക്രിയുടെ മൂർച്ച മനസ്സിലാക്കിക്കൊടുത്ത ഗോർഖാപ്പടയുടെ പേരും പെരുമയും പരന്നു.

ഇതെല്ലാം കഴിഞ്ഞു കഠ്മണ്ഡു താഴ്‌വരയിലേക്കു വീണ്ടും ഇറങ്ങിയ പൃഥ്വി നാരായൺ വളരെ ബുദ്ധിമുട്ടി കീർത്തിപുരിനെ കീഴടക്കിയശേഷം അവിടത്തെ ജനതയോടു കാണിച്ച ക്രൂരത വീണ്ടും ദുഷ്പേരിന് ഇടയാക്കി. പിന്നീട് താഴ്‌വരയിലെ മൂന്നു രാജ്യങ്ങളുടെമേൽ പൃഥ്വി നാരായൺ ഷാ നേടിയ അന്തിമവിജയം തീരെ അനായാസമായ ഒരു പ്രക്രിയ ആയിരുന്നു. 1768 സെപ്റ്റംബർ 25, കഠ്മണ്ഡുവിലെ പേരുകേട്ട ഇന്ദ്രയാത്ര ഉത്സവദിനമായിരുന്നു. ആഘോഷം പൊടിപൊടിക്കുന്ന വേളയിൽ ഗോർഖാ പടയാളികൾ വെറും നാലു മണിക്കൂറിനകം നഗരം പിടിച്ചടക്കി. പാരമ്പര്യമനുസരിച്ച് കഠ്മണ്ഡു രാജാവ് ദർബാറിനു മുൻപിൽ സിംഹാസനത്തിൽ ഉപവിഷ്ടനാകേണ്ട ദിനം. പുതിയ രാജാവ് പതിവു തെറ്റിച്ചില്ല. ഒരു വർഷത്തിനുള്ളിൽ താഴ്‌വരയിലെ മറ്റു രണ്ടു രാജ്യങ്ങളും കൂടി വീണു.

കാശിയിൽനിന്നു മടങ്ങിവന്ന് 25 വർഷങ്ങൾക്കുള്ളിൽ നേപ്പാളിനെ സംയോജിപ്പിക്കാൻ പൃഥ്വി നാരായൺ ഷായ്ക്കു കഴിഞ്ഞു. പിന്നീട് തന്റെ രാജ്യം അരക്കിട്ടുറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ. നുവാക്കോട്ടുവച്ച് 1775 ജനുവരി 10ന് അദ്ദേഹം മരിച്ചു. തന്റെ പിൻഗാമികൾക്കു വേണ്ടി അദ്ദേഹം നൽകിയ ഉപദേശങ്ങൾ ‘ദിവ്യോപദേശം’ എന്ന പേരിൽ ക്രോഡീകൃതമാണ്. രണ്ടു പാറകൾക്കിടയിലുള്ള മധുരക്കിഴങ്ങാണ് നേപ്പാളെന്നും സമതലവും സമുദ്രവും വാഴുന്ന കമ്പനിയെ പിണക്കാതിരിക്കുക എന്നുമുള്ള നിർദേശമാണ് അവയിൽ ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്നത്.

ഈ ഉപദേശവും മാർത്താണ്ഡവർമയുടെ അവസാന വാക്കുകളും തമ്മിലുള്ള സമാനത എടുത്തുപറയേണ്ടിയിരിക്കുന്നു. തന്റെ പിൻഗാമിയായ അനന്തരവൻ ബാലരാമവർമയോട് മാർത്താണ്ഡവർമ പറഞ്ഞതും ഇതുതന്നെ ആയിരുന്നു – കമ്പനിയെ പിണക്കാതിരിക്കുക. പൃഥ്വി നാരായൺ ഷായെക്കാൾ ഏതാനും വർഷം മുൻപ് 1706ൽ ജനിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമയ്ക്കു ചെറുപ്പം മുതൽക്കേ സ്വജീവനു വെല്ലുവിളികൾ നേരിടേണ്ടിവന്നു.

അത്രയും അപകടം പിടിച്ചതായിരുന്നില്ല പൃഥ്വിയുടെ യുവത്വം എന്നതു വാസ്തവം തന്നെ. എന്നാൽ, 1729ൽ രാജാവായ മാർത്താണ്ഡവർമയും 1739ൽ റീജന്റ് പദവി ലഭിച്ച പൃഥ്വി നാരായണും ഒരേ സ്വഭാവക്കാരായിരുന്നു – ഒരുവിധത്തിലുള്ള എതിർപ്പും കൂട്ടാക്കാത്തവർ. തന്നെ എതിർത്ത സ്വകുടുംബാംഗങ്ങളെയും എട്ടുവീട്ടിൽ പിള്ളമാരെയും മാർത്താണ്ഡവർമ നിഷ്കരുണം നിഷ്കാസനം ചെയ്തെങ്കിൽ, തന്നെ ചെറുത്ത നുവാക്കോട്ടിലെ സേനാപതിയോടും കീർത്തിപുരിലെ ജനതയോടും കണികപോലും കനിവു കാട്ടാൻ പൃഥ്വി തുനിഞ്ഞില്ല.

1744ൽ നുവാക്കോട്ട് പിടിച്ചടക്കി നേപ്പാളിനെ ഏകീകരിക്കുന്ന പ്രക്രിയ പൃഥ്വി തുടങ്ങുന്ന കാലത്തുതന്നെ മാർത്താണ്ഡവർമയും തിരുവിതാംകൂറിനെ ഒന്നിപ്പിക്കാനുള്ള യജ്ഞം തുടങ്ങി. തന്റെ ബന്ധുവായ കൊല്ലം രാജാവിനെ തോൽപിച്ചുകൊണ്ട് ആരംഭിച്ച ആ പടയോട്ടം തെക്കുംകൂർ, വടക്കുംകൂർ, കായംകുളം തുടങ്ങിയ രാജ്യങ്ങളെ സ്വന്തം ഭരണത്തിൻകീഴിൽ കൊണ്ടുവന്നതിനു ശേഷം മാത്രമാണ് വേണാട്ടരചൻ നിർത്തിയത്. രണഭൂമിയിൽ ഗോർഖാലികളുടെ ഖുക്രി മിന്നൽപ്രയോഗത്തിന്റെ മിടുക്കിൽ പൃഥ്വി മുന്നേറിക്കൊണ്ടിരുന്നപ്പോൾ, മാർത്താണ്ഡവർമ മറവപ്പടയുടെ മുറകളുടെ മറവിൽ എതിരാളികളെ തുരത്തിക്കൊണ്ടേയിരുന്നു. ആ മുന്നേറ്റത്തിൽ മാർത്താണ്ഡവർമയുടെ വലംകൈ രാമയ്യൻ ദളവ ആയിരുന്നു; കാജി കാലൂപാണ്ഡെ പൃഥ്വിയുടെ വിശ്വസ്ത പടനായകൻ ആയിരുന്നതുപോലെ.

1741ൽ മാർത്താണ്ഡവർമ ഡിലനോയ് സായ്പിന്റെ കീഴിലുള്ള ലന്തക്കാരുടെ നാവികപ്പടയെ പരാജയപ്പെടുത്തി. വെള്ളക്കാരെയും തോൽപിക്കാൻ നാട്ടുകാർക്കു സാധിക്കുമെന്നു മാർത്താണ്ഡവർമ തെളിയിച്ചു. 1767ൽ കിൻലോക് സായ്പിന്റെ കമ്പനിപ്പടയെ വെള്ളംകുടിപ്പിച്ചു പൃഥ്വി നാരായണും അതേ കാര്യം തെളിയിച്ചു. ഡിലനോയിയെ പടത്തലവനാക്കിയ മാർത്താണ്ഡവർമയെപ്പോലെ, പൃഥ്വി നാരായൺ ഷായും ലക്നൗവിൽനിന്നു വന്ന മൂന്നു മുസ്‌ലിം യോദ്ധാക്കളെ തന്റെ പീരങ്കിപ്പടയെ പരിശീലിപ്പിക്കാൻ നിയോഗിച്ചു.

മാർത്താണ്ഡവർമ തന്റെ രാജ്യത്തെ തൃപ്പടിദാനത്തിലൂടെ ശ്രീപത്മനാഭന് അടിമവച്ചതുപോലെ, പൃഥ്വി നാരായൺ ചെയ്തതായി അറിവില്ല. എന്നാൽ, ഷാ രാജകുടുംബത്തിനു കഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. നേപ്പാൾ രാജാവും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അനന്തശയന ശിൽപം 12,008 സാളഗ്രാമങ്ങളാൽ നിർമിതമാണെന്നത് ഇവിടെ ഓർക്കേണ്ടതുണ്ട് – നേപ്പാളിലെ ഗണ്ഡകി നദീതീരത്തു മാത്രം ലഭ്യമാകുന്ന സാളഗ്രാമങ്ങൾ.

പശുപതിനാഥ ക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷമാണ് ഈ സാളഗ്രാമങ്ങൾ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത് എന്നാണ് ഐതിഹ്യം. പശുപതിനാഥ ക്ഷേത്രവും ദക്ഷിണ ഭാരതവുമായുള്ള മറ്റൊരു ബന്ധം, ആ ക്ഷേത്രത്തിലെ പ്രധാനാചാര്യൻ ഉഡുപ്പിയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഗൗഡസാരസ്വത ബ്രാഹ്മണൻ ആയിരിക്കും എന്നതാണ്. കാലടിയിൽനിന്നു കഠ്മണ്ഡുവിലെത്തിയ ആദിശങ്കരാചാര്യരുടെ നിർദേശപ്രകാരമാണത്രേ ഈ പാരമ്പര്യം തുടങ്ങിയത്.

1729ൽ മാർത്താണ്ഡവർമ സ്ഥാപിച്ച രാജകുടുംബം 220 വർഷം തിരുവിതാംകൂർ ഭരിച്ചു. 1769ൽ പൃഥ്വി നാരായൺ ഷാ സ്ഥാപിച്ച രാജകുടുംബം 240 വർഷം നേപ്പാൾ ഭരിച്ചു. പക്ഷേ, ഈ അന്തിമപാദത്തിൽ അതിപ്രധാനമായ ഒരു അന്തരം ദൃശ്യമാകുന്നു. തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അവസാനം കേരളത്തെ സംയോജിപ്പിക്കുക എന്ന മാർത്താണ്ഡവർമയുടെ സ്വപ്നത്തിന്റെ അടുത്ത പടിയുടെ ആരംഭംകൂടി ആയിരുന്നു.

ശ്രീ ചിത്തിരതിരുനാളിനു തിരുവിതാംകൂർ – കൊച്ചിയുടെ രാജപ്രമുഖൻ എന്ന നിലയ്ക്ക് ഏഴു വർഷംകൂടി സേവനമനുഷ്ഠിക്കാൻ അവസരം കിട്ടി. എന്നാൽ, നേപ്പാളിലെ രാജവാഴ്ചയുടെ അന്ത്യം തീർത്തും അപഹാസ്യവും ദയനീയവുമായിരുന്നു. നേപ്പാൾ ജനതയാൽ തിരസ്കൃതനായ ഒരു മുൻ ഭരണാധികാരി എന്ന പരിവേഷവുമായാണ് ജ്ഞാനേന്ദ്ര ഷാ നാരായൺഹിതി കൊട്ടാരത്തിന്റെ പടികളിറങ്ങിയത്.

മത്സ്യേന്ദ്രനാഥന്റെ രഥത്തിന്റെ കാര്യമോ? ഈ വർഷം കോവിഡ് കാരണം ഏപ്രിൽ – മേയ് മാസങ്ങളിൽ നടത്താൻ കഴിയാതിരുന്ന രഥയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കുകയാണ്. കഠ്മണ്ഡുവിനു മുകളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ നേപ്പാൾ രാഷ്ട്രീയാന്തരീക്ഷത്തിലും കുഴപ്പങ്ങൾ കൂടിവരുന്നത് രഥയാത്ര വൈകിയതിനാലാകുമോ എന്ന ആശങ്ക പഴമക്കാർ പ്രകടിപ്പിക്കുന്നുണ്ടാവും!

(രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെയും കേരള പൊലീസിന്റെയും മേധാവിയായിരുന്ന ലേഖകൻ നേപ്പാളിലും പ്രവർത്തിച്ചിട്ടുണ്ട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com