അതിജീവനത്തിന്റെ മാനത്ത് അമ്പിളിയും താരകവും

thanseera
തൻസീറയും തബ്ഷിറയും മജീദിനും റംലയ്ക്കും ഒപ്പം. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
SHARE

ഏതു മനുഷ്യനും തകർന്നുപോയേക്കാമായിരുന്ന സാഹചര്യത്തിലും മനോബലം കൈവിടാതെ പിടിച്ചുനിന്ന വാപ്പയുടെയും ഉമ്മയുടെയും ജീവിതകഥയാണിത്; ഓരോ ചുവടിലും സാധാരണ ജീവിതത്തിലേക്ക് കൂടുതൽ അടുക്കുന്ന അവരുടെ ഇരട്ടക്കുട്ടികളുടെ അതിജീവനത്തിന്റെയും...

കളിക്കൂട്ടുകാരുടെ പരിഹാസത്തിൽ മനംനൊന്ത് തബ്ഷിറയും തൻസീറയും ഒരിക്കൽ ഉപ്പയോടു ചോദിച്ചു: എന്തിനാണു ഞങ്ങളെ വളർത്താൻ തീരുമാനിച്ചത്? ഇത്രയും കുഴപ്പമുള്ള കുഞ്ഞുങ്ങളാണ് എന്നറിഞ്ഞപ്പോൾ നിങ്ങൾക്ക് എവിടെയങ്കിലും കൊണ്ടുപോയി കളഞ്ഞുകൂടായിരുന്നോ? മറുപടിയായി രണ്ടു കുഞ്ഞുമക്കളെയും നെഞ്ചോടുചേർത്തു പൊട്ടിക്കരയുക മാത്രം ചെയ്തു മജീദ്. 22 വർഷങ്ങൾക്കു മുൻപുള്ള അവരുടെ വിങ്ങുന്ന ചോദ്യത്തിന് ഇപ്പോൾ ഒരു ഉത്തരമുണ്ട് – ഉപേക്ഷിക്കുന്നതിനെപ്പറ്റി സ്വപ്നത്തിൽപോലും ചിന്തിക്കാതെ, മജീദും റംലയും വളർത്തിയ ഇരട്ടക്കുട്ടികൾ ഇന്നു വലിയ ജീവിതവിജയം സ്വപ്നം കാണുന്നു. ഇടറാതെ ഓരോ ചുവടും വയ്ക്കുന്നു. 

പരീക്ഷണങ്ങളുടെ കാലം 

1998 ഏപ്രിൽ 14ന് ഒരു വിഷുദിനത്തിലാണ് റംല ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. മാസം തികയാതുള്ള പ്രസവമായിരുന്നു. ഒരുമിച്ചു 2 പെൺകുട്ടികളെ കിട്ടിയ മാതാപിതാക്കളുടെ സന്തോഷം അധികകാലം നീണ്ടില്ല. എല്ലാ കുട്ടികളും കമിഴ്ന്നുവീഴേണ്ട പ്രായത്തിലും തബ്ഷിറയും തൻസീറയും ഒരേ കിടപ്പുതന്നെ. കുഴപ്പമൊന്നുമുണ്ടാകില്ലെന്നു കരുതി ആദ്യമൊക്കെ സമാധാനിച്ചെങ്കിലും രണ്ടു വയസ്സായിട്ടും മാറ്റമൊന്നും കണ്ടില്ല. ബത്തേരി വിനായക ആശുപത്രിയിലായിരുന്നു ആദ്യ ചികിത്സ. പിന്നീട് നാട്ടുവൈദ്യം, ആയുർവേദം തുടങ്ങി എല്ലാ രീതികളും പരീക്ഷിച്ചു. 

വലുതാകുന്തോറും കുട്ടികളുടെ വിഷമം കൂടിക്കൂടി വന്നതേയുള്ളൂ. സമപ്രായക്കാരെല്ലാം ചുറുചുറുക്കോടെ ഓടിനടന്ന പ്രായത്തിൽ തബ്ഷിറ കാൽമുട്ടുകളിൽ തലയെത്തിച്ചു കിടന്നു. ഇളയവൾ തൻസീറ, താങ്ങിപ്പിടിച്ചുയർത്താൻ ആളുണ്ടെങ്കിൽ മാത്രം എഴുന്നേറ്റുനിന്നു. ചെറിയ ശബ്ദം കേൾക്കുമ്പോഴേക്കും രണ്ടു കുഞ്ഞുങ്ങളും ഞെട്ടിവിറച്ച് ഉറക്കെ കരഞ്ഞു. അവ്യക്തമായ ഭാഷയിൽപോലും അവർ ഒരിക്കലും ഉപ്പായെന്നോ ഉമ്മായെന്നോ വിളിച്ചില്ല. തബ്ഷിറയ്ക്കും തൻസീറയ്ക്കും 5 വയസ്സായപ്പോൾ ഡോക്ടർമാർ സ്ഥിരീകരിച്ചു –  ഇരട്ടകൾക്കു സെറിബ്രൽ പാൾസി എന്ന രോഗമാണ്! തുടർചികിത്സയ്ക്കു ലക്ഷങ്ങൾ കണ്ടെത്തേണ്ടിവരും. ഫലമുണ്ടാകുമോയെന്ന് ഉറപ്പുപറയാനുമാകില്ല. 

ക്ലാസ്മുറിക്കു പുറത്ത് ഉമ്മ കാവൽ

മുട്ടിലിലെ മദ്രസയിൽ അധ്യാപകനാണു മജീദ്. മാസത്തിൽ 650 രൂപയൊക്കെയാണ് അക്കാലത്തെ ശമ്പളം. കുട്ടികളുടെ ചികിത്സയ്ക്കുള്ളതു പോയിട്ട് നേരാംവണ്ണം കുടുംബം പുലർത്താൻപോലും ഏറെ ബുദ്ധിമുട്ടിയിരുന്ന നാളുകൾ.  ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു ഓട്ടോറിക്ഷ വാങ്ങി. ചികിത്സയ്ക്കുള്ള പണത്തിൽ കുറച്ചെങ്കിലും കണ്ടെത്താമല്ലോയെന്നും കുട്ടികളെ ഇടയ്ക്കിടെ ആശുപത്രിയിൽ കൊണ്ടുപോകാൻ എളുപ്പമാകുമല്ലോയെന്നും മജീദ് കരുതി. 

നഴ്സറി പ്രായത്തിൽ ഇരുവരെയും മണിയങ്കോട് പ്രേരണ എന്ന സ്ഥാപനത്തിൽ വിട്ടു. പരസഹായം കൂടുതൽ ആവശ്യമായിരുന്നതിനാൽ തബ്ഷിറയ്ക്ക് ഒരുകൊല്ലം കൂടി പ്രേരണയിൽ പഠിക്കേണ്ടിവന്നു. തുടർപഠനം മറ്റു കുട്ടികൾക്കൊപ്പം തന്നെയാകണമെന്നു നിശ്ചയിച്ച മജീദ്, തബ്ഷിറയെയും തൻസീറയെയും കൽപറ്റ ജിഎൽപിഎസിലും പിന്നീട് എച്ച്ഐഎം യുപി സ്കൂളിലും‍ ചേർത്തു. ദിവസവും രാവിലെ മുതൽ വൈകിട്ട് സ്കൂൾ വിടുന്നതു വരെ റംല ക്ലാസ്മുറിക്കു പുറത്ത് മക്കൾക്കു കാവൽനിന്നു.

കൂടെയെത്തിയ ഉടപ്പിറപ്പുകൾ 

കൽപറ്റയിൽനിന്നു 12 കിലോമീറ്റർ അകലെ പിണങ്ങോടായിരുന്നു മജീദിന്റെയും കുടുംബത്തിന്റെയും താമസം. ഇത്രയും ദൂരം താണ്ടി സ്കൂളിലേക്കു വരുന്നതും ആശുപത്രിയിലേക്കും ജോലിക്കും പോകുന്നതുമെല്ലാം ബുദ്ധിമുട്ടായപ്പോൾ വീടും സ്ഥലവും വിറ്റ് കൽപറ്റ പുൽപാറയിലേക്കു മാറി.

മജീദിനെയും റംലയെയും അസുഖക്കാരായ കുഞ്ഞുങ്ങളെയും ഒറ്റയ്ക്കു വിടാൻ മനസ്സുവരാതെ, മജീദിന്റെ രണ്ടു ജ്യേഷ്ഠന്മാരും ഒരു പെങ്ങളും കുടുംബസമേതം പുൽപാറയിലെത്തി. സഹോദരങ്ങളെല്ലാം അടുത്തടുത്തായി കൊച്ചുവീടുകളുണ്ടാക്കി താമസമാരംഭിച്ചു. ഓട്ടോയ്ക്കു വരാൻ ഇടമില്ലാത്ത, തേയിലത്തോട്ടത്തിനു നടുവിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ മക്കളെ മാറിമാറിയെടുത്ത് റംലയും മജീദും ദിവസവും സ്കൂളിലേക്കു നടന്നു. 

ഇല്ല, തോറ്റുപോകില്ല 

വയനാട്ടിലെയും കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളിൽ ഇരുവർക്കും ചികിത്സ തുടർന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മജീദും റംലയും നന്നേ പാടുപെട്ട കാലം. മുണ്ടേരി ഗവ. എച്ച്എസ്എസിലായിരുന്നു തബ്ഷിറയുടെയും തൻസീറയുടെയും ഹൈസ്കൂൾ, പ്ലസ്ടു പഠനം. 

14–ാം വയസ്സിൽ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തബ്ഷിറയ്ക്ക് എട്ടും തൻസീറയ്ക്ക് 14 ഉം ശസ്ത്രക്രിയകൾ നടന്നു. കുടുംബത്തിനു താങ്ങാവുന്നതിനപ്പുറമുള്ള ചികിത്സച്ചെലവുകൾ ഏറ്റെടുക്കാൻ സുമനസ്സുകൾ തയാറായി. വീട്ടിലേക്കുള്ള വഴി അന്നത്തെ വയനാട് കലക്ടർ ടി.ഭാസ്കരൻ ഇടപെട്ടു ശരിയാക്കി. പതിയെപ്പതിയെ കുട്ടികൾ പഴയതിലും കൂടുതൽ ചലനശേഷിയുള്ളവരായി.

സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ടും മാറി. പത്താം ക്ലാസിൽ തബ്ഷിറയായിരുന്നു ലീഡർ. ഹൈസ്കൂൾ കാലത്തുതന്നെ തൻസീറയുടെ ആദ്യ കവിതാസമാഹാരമായ ‘അമ്പിളിയും താരകവും’ പുറത്തിറങ്ങി. അതിനിടെ, ഇരട്ടകൾക്കു രണ്ട് ഇളയ സഹോദരങ്ങൾ കൂട്ടായി വന്നു. ജൗഹറ ഫാത്തിമയും അജ്‌വദും. 

തുടരുന്ന അതിജീവനം 

ഇപ്പോൾ തൻസീറയ്ക്കു വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടക്കാം. മുഖമുയർത്താൻ പോലും കഴിയാതിരുന്ന തബ്ഷിറയ്ക്ക് കസേരയിൽ തനിയെ ഇരിക്കാമെന്നായി. കൽപറ്റ ഗവ.കോളജിൽനിന്നു ബികോം പൂർത്തിയാക്കിയ ശേഷം പിഎസ്‌സി പരിശീലനത്തിലാണു തൻസീറ. തബ്ഷിറ അതേ കോളജിൽ ബികോം അവസാനവർഷ വിദ്യാർഥിനി.

കോളജിലെ നാഷനൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. കൊച്ചുകുട്ടികൾക്ക് കരിയർ ഗൈഡൻസ്, മോട്ടിവേഷനൽ ക്ലാസുകൾ എടുക്കാനും പോകാറുണ്ട്. ശരീരം തളർന്നവരുടെ കൂട്ടായ്മകളിൽ ഓടിയെത്തുന്ന മജീദ്, മക്കളുടെ അതിജീവനകഥ വിവരിക്കും. മനസ്സു തളരാതിരിക്കാൻ പ്രചോദനമേകും. 

ലോക്ഡൗൺ കാലത്തേതുൾപ്പെടെയുള്ള കവിതകൾ പ്രസിദ്ധീകരിച്ചാൽ കൊള്ളാമെന്നുമുണ്ട് തൻസീറയ്ക്ക്. എഴുത്തിന്റെ ലോകത്തു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഓരോ ദിവസം ഫിസിയോതെറപ്പി കഴിയുമ്പോഴും ശാരീരികാവസ്ഥ കൂടുതൽ മെച്ചപ്പെടുന്ന അനുഭവമാണു രണ്ടുപേർക്കും. കൽപറ്റ നഗരസഭ നൽകിയ മുച്ചക്രവാഹനങ്ങളിലാണ് ഇപ്പോഴത്തെ യാത്ര. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA