ADVERTISEMENT

‘‘ഞങ്ങളെന്താ വെറുതെയിരിക്കുവാണോ?‍ നമ്മക്കു തോന്നുമ്പോൾ പിടിച്ചുകെട്ടാൻ ആടും പശുവുമൊന്നുമല്ലല്ലോ, കാട്ടാനയല്ലേ? നിങ്ങൾ കുറച്ചു സമയം താ. എല്ലാവർക്കും സ്വസ്ഥതയുണ്ടാക്കിയിട്ടേ ഞങ്ങളിനി ഉറങ്ങുകയുള്ളൂ.”

ഓഫിസിനു മുൻപിൽവന്നു ബഹളം വയ്ക്കുന്ന ആളുകളോട് മീശയാപ്പീസർ ബലമില്ലാതെ എന്തൊക്കെയോ പറഞ്ഞു. പക്ഷേ, ആളുകൾ ഇതുവല്ലതും കേട്ടാൽ അടങ്ങുമോ? അവര് പിന്നെയും അതുമിതും പറഞ്ഞു. കൂട്ടിൽ കിടക്കുന്ന മിന്നൽക്കൊമ്പനെ ഇപ്പോൾത്തന്നെ വെടിവച്ചു കൊല്ലണമെന്നാണ് അവരുടെ ആവശ്യം. 

രണ്ടുമൂന്നു പേർ അവന്റെ കൂടിനുനേരെ കല്ലു വലിച്ചെറിയുകയും ചെയ്തു. 

പുറത്തെ ബഹളമൊന്നും ശ്രദ്ധിക്കാതെ അങ്ങകലെ കാട്ടിലേക്കു നോക്കി നിൽക്കുകയായിരുന്നു മിന്നൽക്കൊമ്പൻ. കാടിന്റെ ഏറ്റവും ഉള്ളിൽവരെ കേൾക്കുന്ന ഒച്ചയിൽ അവനൊരു ചിന്നം വിളിച്ചു. 

ആ ചിന്നംവിളിയുടെ നടുക്കത്തിൽ ആനക്കൂടിനു നേരെ വന്നവരെല്ലാം ഓടിമാറി. പക്ഷേ, മിന്നൽക്കൊമ്പൻ അവരെയൊന്നും ശ്രദ്ധിച്ചില്ല. അവന്റെയുള്ളിൽ മുഴുവൻ കൊടുംകാടിന്റെ ഇരുട്ടിലൂടെ ഒറ്റയാനായി നടക്കുന്ന ഒരു ആനയുടെ പകച്ച നോട്ടങ്ങളായിരുന്നു.

‘‘അനുജനെ വിളിക്കുന്നതാണവൻ.”

മിന്നൽക്കൊമ്പന്റെ ചിന്നംവിളി കേട്ട ആനമുത്തി ആനക്കൊട്ടിലിരിക്കുന്ന ദിശയിലേക്കു നോക്കി പറഞ്ഞു.

‘‘അനുജനോ? മാമന് അനുജനുണ്ടോ?’’ കുട്ടിയാനകൾ ചോദിച്ചു.

‘‘പിന്നെ, അവന്റെ അച്ഛനെ കൊന്നു കൊമ്പെടുത്തു കാടിനു തീയുമിട്ട് ആ മനുഷ്യര് ഇറങ്ങിപ്പോകുന്നത് അമ്മയും അവനും നോക്കിനിന്നില്ലേ. അന്ന് അവന്റെയമ്മ ഓലച്ചെവിക്കാരി ഗർഭിണിയായിരുന്നു.” 

മുത്തിയാന പറയുന്ന കഥ കേൾക്കാൻ ആനപ്പിള്ളേരെല്ലാം അടുത്തേക്കു വന്നു. ആ കഥയിലെ ഓലച്ചെവിക്കാരിക്കും മിന്നൽക്കൊമ്പനും എല്ലാറ്റിനോടും പേടിയായിരുന്നു.

കാറ്റിൽ എവിടെനിന്നെങ്കിലും മനുഷ്യന്റെ മണംവന്നാൽ അവർ എതിർദിശയിലേക്ക് ഓടിരക്ഷപ്പെടും. ഇല വീഴുന്ന ശബ്ദം കേൾക്കുമ്പോൾ ഞെട്ടിവിറയ്ക്കും. സൂര്യന്റെ വെയിലടിക്കുമ്പോൾപോലും തീച്ചൂടാണോ അതെന്നോർത്ത് പുഴയിലേക്കിറങ്ങും. 

‘‘മോനേ, നീയൊരു മിടുക്കൻ കൊമ്പനാകുമെന്ന് നിന്റെ അച്ഛൻ പറയാറുണ്ടായിരുന്നു. നിനക്കൊരിക്കലും കൊമ്പുണ്ടാകരുതേ എന്നാണ് അമ്മ ഇപ്പോൾ പ്രാർഥിക്കുന്നത്.’’

കുട്ടിയായിരിക്കുന്ന മിന്നൽക്കൊമ്പനോട് അമ്മ എപ്പോഴും പറയും. അതുമാത്രമല്ല, തന്റെ വയറ്റിലുള്ള കുട്ടി ഒരു പിടിയാനയായിരിക്കട്ടെ എന്നാണ് ആ അമ്മ ആഗ്രഹിച്ചത്. കാരണം, മനുഷ്യർക്ക് ആനക്കൊമ്പാണല്ലോ വേണ്ടത്. കൊമ്പില്ലാത്തവരെ അവർ വെറുതേ വിടുമല്ലോ.

പക്ഷേ, ആണാകണോ പെണ്ണാകണോ എന്ന് അമ്മയല്ലല്ലോ തീരുമാനിക്കുന്നത്. ഓലച്ചെവിക്കാരിയുടെ വയറ്റിലുണ്ടായിരുന്നതും ഒരു ആണാനതന്നെയായിരുന്നു.

എപ്പോഴും ഭയപ്പെട്ടു നടക്കുന്ന അമ്മയുടെ വയറ്റിൽ കിടക്കുന്നതുകൊണ്ട് അവനും എല്ലാറ്റിനോടും പേടിതന്നെയായിരുന്നു. ആകുന്നത്ര ചുരുണ്ടുകൂടി ഒന്നും ശ്രദ്ധിക്കാതെ അവൻ അമ്മയുടെയുള്ളിൽ കിടന്നു. അവനെ പ്രസവിക്കേണ്ട സമയമായപ്പോൾ അമ്മ കല്ലുകളും മരക്കുറ്റിയുമില്ലാത്ത ഒരു പുൽമേട്ടിലേക്കു പോയി.

സമയമായിട്ടും കുഞ്ഞിക്കൊമ്പൻ പുറത്തേക്കു വന്നില്ല. അവനു പുറത്തേക്കു വരാൻ ഭയമായിരുന്നു. എന്താണ് കുഞ്ഞു പുറത്തേക്കു വരാത്തതെന്നോർത്ത് അമ്മയ്ക്കും വിഷമമായി. 

രണ്ടുമൂന്നു ദിവസം അങ്ങനെ കഴിഞ്ഞു. അപ്പോഴാണ് ഏതോ ഒരു മന്ത്ര‍ിക്കും കുടുംബത്തിനും അമ്പലത്തിൽ തൊഴാൻ പോകണമെന്ന ആവശ്യം വരുന്നത്. അതിനുവേണ്ടി വളരെ പെട്ടെന്നുതന്നെ ഒരു ഹെലികോപ്റ്റർ ഏർപ്പാടാക്കി. അമ്മയാന പ്രസവിക്കാനായി നിൽക്കുന്ന പുൽമേടിനു മുകളിൽക്കൂടിയാണ് ഹെലികോപ്റ്ററിനു പോകേണ്ടത്. 

കുന്നുകൾക്കുതാഴെനിന്നു ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ടപ്പോൾത്തന്നെ അമ്മയാനയ്ക്കു പേടിതുടങ്ങി. പഴയ അറക്കവാളിന്റെ ഒച്ചയാണല്ലോ അവളുടെ മനസ്സിൽ. 

ഹെലികോപ്റ്റർ പുൽമേടിനു മുകളിലെത്തിയപ്പോൾ അതിനുള്ളിലിരുന്ന മന്ത്രിയുടെ പേരക്കുട്ടികൾ താഴെ രണ്ട് ആനകൾ നിൽക്കുന്നതു കണ്ടു.

‘‘ഹായ്, കാട്ടാന. കാട്ടാന.’’ കുട്ടികൾക്കു നല്ല സന്തോഷമായി. 

കുട്ടികളെ കൂടുതൽ സന്തോഷിപ്പിച്ചാൽ മന്ത്രിയോടു ലോഹ്യംകൂടാൻ പറ്റുമല്ലോയെന്നു കരുതി ഹെലികോപ്റ്റർ പറത്തിയിരുന്നവൻ അത് ആനകളുടെയടുത്തേക്കു താഴ്‍ത്തി. തങ്ങളുടെ നേർക്കു വരുന്ന ഹെലികോപ്റ്റർ കണ്ടു ഭയന്ന അമ്മയാനയും തുണക്കാരിയും പുൽമേട്ടിലൂടെ നെട്ടോട്ടമോടാൻ തുടങ്ങി.

അമ്മ വല്ലാതെ ഇളകിയോടുന്നുണ്ടെന്നറിഞ്ഞപ്പോൾ വയറ്റിൽ കിടന്ന കുഞ്ഞിക്കൊമ്പനും പേടിയായി. അവൻ എങ്ങോട്ടെന്നില്ലാതെ തിരിയാൻ തുടങ്ങി. ആ തിരിച്ചിലിൽ അവൻ അമ്മയുടെ വയറ്റിൽനിന്നു പുറത്തേക്കു വന്നു.

‘‘ആഹാ, അങ്ങനെ നമ്മൾ കാട്ടാനയുടെ പേറും കണ്ടു.’’

മന്ത്രി സന്തോഷത്തോടെ പറഞ്ഞു. ആനയുടെ പ്രസവം കാണിച്ച ഹെലികോപ്റ്റർ പൈലറ്റിന് ഒരു അവാർഡ് കൊടുക്കണമെന്ന് അപ്പോൾത്തന്നെ അങ്ങേര് തീരുമാനിക്കുകയും ചെയ്തു.

പേടിച്ചുവിറച്ച് അമ്മയുടെ വയറ്റിൽനിന്നു പുറത്തുവന്ന ആനക്കുട്ടൻ ഹെലികോപ്റ്ററിന്റെ ഒച്ചകൂടി കേട്ടപ്പോൾ മരിച്ചതുപോലെയായി. അവൻ വീണിടത്തുതന്നെ ചുരുണ്ടുകൂടി അനക്കമില്ലാതെ കിടന്നു. 

സാധാരണ ആനക്കുട്ടികൾ പെറ്റുവീണാൽ അന്നേരെ എഴുന്നേറ്റു നടക്കുകയും അമ്മയുടെ പാൽ കുടിക്കുകയും ചെയ്യുന്നതാണ്. ഇതെന്താണിങ്ങനെ എന്നോർത്ത് അമ്മയാന കുഞ്ഞിനെ തട്ടിമറിച്ചു. അവനൊന്നു മറിഞ്ഞുകിടന്നതല്ലാതെ എഴുന്നേൽക്കാനുള്ള ഭാവംപോലും കാണിച്ചില്ല. 

അവൻ എഴുന്നേൽക്കാത്തതിൽ അമ്മയ്ക്കു വിഷമം തോന്നിയെങ്കിലും പെട്ടെന്നുതന്നെ മറ്റൊരു കാര്യംകൊണ്ട് അവൾ ആശ്വസിച്ചു. തന്റെയാഗ്രഹംപോലെ ഒരു പിടിയാനയല്ല പിറന്നിരിക്കുന്നത്. മനുഷ്യനു കൊമ്പെടുക്കാൻവേണ്ടി അവൻ വളരുന്നതിലും നല്ലത് അവൻ ഉണ്ടാകാതിരിക്കുന്നതല്ലേ?

കണ്ണുനിറഞ്ഞ അമ്മയാനയും തുണക്കാരിയും എന്താണു ചെയ്യേണ്ടതെന്ന് കുറച്ചുനേരം ആലോചിച്ചു. ഒടുവിൽ അനക്കമില്ലാത്ത മകനെ പുൽമേട്ടിൽ ഉപേക്ഷിച്ചു പോകാനാണ് അവർ തീരുമാനിച്ചത്. 

അമ്മയാന മകന്റെയടുത്തേക്കു നടന്നുചെന്നു. തുമ്പിക്കൈകൊണ്ട് അവന്റെ കുഞ്ഞുശരീരത്തിൽ പതുക്കെ തലോടി. 

ഹെലികോപ്റ്ററിന്റെ ശബ്ദം അകന്നുപോയപ്പോൾത്തന്നെ കുഞ്ഞിയാനയുടെ പേടി അൽപം കുറഞ്ഞിരുന്നു. എന്നാലും എന്താണ് ഏതാണ് എന്നറിയാത്ത ഒരു ലോകത്താണല്ലോ താൻ പെട്ടിരിക്കുന്നതെന്നോർത്തപ്പോൾ അവനു കണ്ണുകൾ തുറക്കാൻ തോന്നിയില്ല. 

അപ്പോഴാണ് ആ മേട്ടിലെ പുല്ലിനിടയിൽനിന്നു മഹാവികൃതിക്കാരനായ ഒരു പുൽച്ചാടിച്ചെറുക്കൻ അമ്മ പറയുന്നതു കേൾക്കാതെ ഓട്ടം തുടങ്ങിയത്. ശരിക്കും പുൽച്ചാടിയുടെ ഓട്ടം എന്നുപറഞ്ഞാൽ ചാട്ടമാണല്ലോ. അവനങ്ങനെ ചാടിച്ചാടി കുഞ്ഞിക്കൊമ്പൻ കിടക്കുന്നിടത്തെത്തി. 

‘‘അമ്മച്ചിയേ, എന്താണിത് സാധനം?’’

അതുപോലൊരു സാധനം ഉരുണ്ടുകിടക്കുന്നത് അവൻ ആദ്യമായി കാണുകയായിരുന്നു. പുൽച്ചാടിച്ചെറുക്കന്  പെട്ടെന്നു പേടിതോന്നി. പക്ഷേ അവനാരാണ്, അന്തംമറിഞ്ഞ വികൃതിക്കാരനല്ലേ. അതുകൊണ്ട് എന്താണിതെന്നറിഞ്ഞിട്ടേ പിന്മാറൂ എന്നുറപ്പിച്ച് ആനക്കുട്ടന്റെ ശരീരത്തിൽ കയറി തുള്ളാൻ തുടങ്ങി. 

കണ്ണുതുറക്കാതെ പേടിച്ചുകിടക്കുന്ന ആനക്കുട്ടന് പുൽച്ചാടിച്ചെറുക്കൻ ദേഹത്തുകയറി തുള്ളുന്നതൊന്നും വിഷയമേയല്ല. അവൻ അതൊന്നുമറിയാതെ ഉറങ്ങിത്തന്നെ കിടന്നു. 

ആനക്കുട്ടന്റെ ദേഹത്തു കയറിക്കഴിഞ്ഞപ്പോഴാണ് പുൽച്ചാടിചെറുക്കന് അബദ്ധം മനസ്സിലായത്. ഇത് ഇപ്പോഴുണ്ടായ ആനയല്ലേ. അവന്റെ ദേഹത്തു മുഴുവൻ ഒരുമാതിരി ഒട്ടലാണ്. പുൽച്ചാടിച്ചെറുക്കന്റെ കാലെല്ലാം തെന്നിപ്പോയെന്നു മാത്രമല്ല, എന്തൊക്കെയോ ഒരു വഴുവഴുപ്പ് ദേഹത്തു പറ്റുകയും ചെയ്തു. അത് എവിടെയെങ്കിലും ഒന്നു തുടയ്ക്കണ്ടേ?

പുൽച്ചാടിച്ചെറുക്കൻ പണിപ്പെട്ട് ആനക്കുട്ടന്റെ ദേഹത്തുനിന്നു പുറത്തേക്കു ചാടി. ആ ചാട്ടം ഒരു കുറുക്കൻപുല്ലിന്റെ തുമ്പിലേക്കാണു വീണത്. 

പലവട്ടം ബലംപിടിച്ചുനോക്കിയിട്ടും തൊണ്ടുകട്ടി കൂടിപ്പോയതിനാൽ വിരിയാൻ സാധിക്കാതെ നിരാശയിൽ കഴിയുന്ന ഒരു പൂമൊട്ട് ആ തുമ്പിലുണ്ടായിരുന്നു. 

പുൽച്ചാടിച്ചെറുക്കൻ പശയുള്ള കാലുമായി പൂമൊട്ടിൽ ചാടി വലിച്ചുപറിച്ചു കഴിഞ്ഞപ്പോൾ ആ പൂമൊട്ടിന്റെ രണ്ടു പോളകൾ അടർന്നുപോവുകയും പൂവു വിരിഞ്ഞ് സുഗന്ധം പുറത്തേക്കെത്തുകയും ചെയ്തു.

പൂമൊട്ടിന്റെ പോളകളും കാലിലാക്കി കരഞ്ഞുവിളിച്ചു നിൽക്കുന്ന പുൽച്ചാടിച്ചെറുക്കനെ അവന്റെ അമ്മ വഴക്കുപറയുകയും തിരിച്ച് വേരുകൾക്കിടയിലേക്ക് ഉന്തിത്തള്ളി കൊണ്ടുപോവുകയും ചെയ്തു.

ആനക്കുട്ടന്റെ തുമ്പിക്കൈയുടെ തൊട്ടുമുൻപിലായിരുന്നു കുറുക്കൻപുല്ലിന്റെ മൊട്ടു വിരിഞ്ഞത്. അതിന്റെ നല്ല മണം ആരോടും ചോദിക്കാതെ ആനക്കുട്ടന്റെ മൂക്കിലേക്കു കയറി. ആ മണമങ്ങനെ കയറിക്കയറി ആനക്കുട്ടന്റെ തലച്ചോറിലെത്തിയപ്പോൾ അവൻ അറിയാതെ കണ്ണുതുറന്നു. 

തുമ്പിക്കൈകൊണ്ട് തന്നെ തലോടിനിൽക്കുന്ന അമ്മയെയാണ് അവൻ ആദ്യം കണ്ടത്. മകൻ കണ്ണുതുറന്നതു കണ്ടപ്പോൾ എന്തായാലും ആദ്യം അമ്മയ്ക്കു സന്തോഷമാണു വന്നത്. അവൾ അവനെ തുമ്പികൊണ്ടു താങ്ങി എഴുന്നേൽപിച്ചു. എഴുന്നേറ്റു നിന്ന് ചുറ്റും നോക്കിയപ്പോൾ അവന് എന്തെന്നറിയാത്ത പേടിവന്നു. 

ആ ആനക്കുട്ടൻ വളർന്നപ്പോഴും പേടിക്കുട്ടനായിരുന്നു.‍ അതുകൊണ്ട് അവൻ എപ്പോഴും അമ്മയുടെ കാലുകൾക്കിടയിൽതന്നെയാണു കഴിഞ്ഞത്. മുലകുടി നിർത്തേണ്ട കാലമായിട്ടും അവൻ അമ്മപ്പാപ്പത്തിൽ കടിച്ചീമ്പി നടന്നു. 

അവന്റെ ചേട്ടൻ മിന്നൽക്കൊമ്പനാകട്ടെ, അപ്പോഴേക്കും മനോഹരമായ കൊമ്പുകളൊക്കെ വളർന്ന്, മസ്തകംവിരിഞ്ഞ് മിടുക്കനായ കൊമ്പനാനയായിക്കഴിഞ്ഞിരുന്നു.

ഒരുദിവസം അമ്മയുടെ കാലിനിടയിൽ കഴിയുന്ന കുഞ്ഞിക്കൊമ്പന്റെയടുത്തേക്ക് മിന്നൽക്കൊമ്പൻ വന്നു.

‘‘കുട്ടാ, ഇറങ്ങിവാടാ. നമ്മക്കു ചളികുത്തി കളിക്കാടാ.” എന്നുംപറഞ്ഞ് വിളിച്ചു. ചേട്ടനോടു സ്നേഹമുള്ളതുകൊണ്ട് കുഞ്ഞിക്കൊമ്പൻ പതുക്കെ പുറത്തിറങ്ങി. ചേട്ടന്റെ കാലിലുരുമ്മിയാണ് കുന്നിനുതാഴെയുള്ള ചതുപ്പിലേക്ക് അവൻ നടന്നത്. 

ചതുപ്പിലെ ചളിയിൽ കുട്ടിയാനകൾ കുത്തിമറിഞ്ഞു കളിക്കുന്നുണ്ടായിരുന്നു.

‘‘നിന്റെ അനുജത്തി ഭയങ്കര നാണക്കാരിയാണല്ലോടാ.’’

മിന്നൽക്കൊമ്പനോട് കൂട്ടുകാരനായ ഒരു ആന ചോദിച്ചു.

‘‘അയ്യോ, എന്റെ അനുജത്തിയല്ല, അനുജനാണിവൻ.” മിന്നൽക്കൊമ്പൻ കൂട്ടുകാരനെ തിരുത്തി.

‘‘ങേ, അനുജനോ? അങ്ങനെയാണെങ്കിൽ ചെറിയൊരു കൊമ്പെങ്കിലും വേണ്ടേ?” ആനക്കുട്ടികളിൽ ഒരുത്തൻ ചോദിച്ചു.

‘‘ശരിയാ, ചേട്ടനായ നിനക്ക് ഇത്രയും വല്യ കൊമ്പില്ലേ.” മറ്റൊരുത്തൻ സംശയിച്ചു.

‘‘അതേ, എന്റെയമ്മ പറഞ്ഞത് നിന്റെ അനുജൻ മോഴയാണെന്നാ. കൊമ്പു മുളയ്ക്കാത്ത കൊമ്പൻ.’’ വിവരംകെട്ട ഒരു ആനക്കുട്ടി അമ്മ പറഞ്ഞകാര്യം അതുപോലെ കൂട്ടുകാരുടെ മുന്നിലേക്ക് എഴുന്നള്ളിച്ചു.

ഇതൊക്കെക്കൂടി കേട്ടപ്പോൾ കുഞ്ഞാനക്കുട്ടിക്ക് ആകെ വിഷമമായി. അവൻ അമ്മയുടെയടുത്തേക്ക് തിരിച്ചോടി.

അമ്മയും അവനെ വഴക്കു പറയുകയാണു ചെയ്തത്.

‘‘നിന്റെയീ സ്വഭാവംകൊണ്ടല്ലേ അവരൊക്കെ അങ്ങനെ പറയുന്നത്? എപ്പഴും എന്റെ മരുങ്ങെടേ നിൽക്കാതെ നിനക്ക് അവരുടെ കൂടെപ്പോയി കളിക്കത്തില്ലേ. ഇങ്ങനെ ഇവിടെ നിന്നിട്ട് പാപ്പവും കുടിച്ചോണ്ടിരുന്നാ ഒരിക്കലും നിനക്കു കൊമ്പു വരത്തില്ല. മോഴയായിപ്പോകും.”

അവന് കൊമ്പു വരരുതേയെന്ന് താൻ ആഗ്രഹിച്ച കാര്യം അമ്മ മറന്നുപോയിരുന്നു. 

അമ്മയും തന്നെ മോഴയെന്നാണല്ലോ വിളിക്കുന്നതെന്നോർത്തപ്പോൾ കുഞ്ഞിയാനക്കുട്ടിക്കു കരച്ചിലു വന്നു. താൻ കരയുന്നതു കണ്ടാൽ എല്ലാവരും വീണ്ടും കളിയാക്കുമല്ലോ, എന്തു ചെയ്യും എന്നായി അവന്റെ ആലോചന. 

ആരും കാണാതെ നിന്നു കരയാൻ പറ്റുന്ന സ്ഥലം വേണം. അതിനു പറ്റിയ സ്ഥലമന്വേഷിച്ച് അവൻ അപ്പോൾത്തന്നെ തിരിഞ്ഞുനടന്നു. 

അത് അവന്റെ ജീവിതത്തിലാദ്യമായുള്ള ഒറ്റയ്ക്കുനടപ്പായിരുന്നു. അവൻ മിന്നൽക്കൊമ്പന്റെയടുത്തേക്കു  പോയെന്നാണ് അമ്മയോർത്തത്. പക്ഷേ, അവൻ പോയത് മറ്റൊരു വഴിയേ ആയിരുന്നല്ലോ. ആ വഴി അവസാനിക്കുന്നത് ആനകൾ ഒരിക്കലും പോകാറില്ലാത്ത പാറക്കെട്ടുകൾക്കിടയിലാണ്. 

ഗുഹപോലുള്ള ആ പാറകൾക്കിടയിലെത്തിയപ്പോൾ ഇരുട്ടുകൊണ്ട് അവനു പേടിയായി. അവൻ ചുരുണ്ടുകൂടി ഒരു പാറയിൽ ചാരി‍നിന്നു. ഇനി ഇഷ്ടംപോലെ കരയാമല്ലോ.

കരഞ്ഞുകരഞ്ഞ് കുറച്ചുസമയം കഴിഞ്ഞുപോയപ്പോൾ ഇരുട്ട് ഒരാനയാണെന്ന് അവനു തോന്നി. വെളിച്ചത്തിന്റെ കൊമ്പില്ലാത്ത മോഴയാന. പാറകളും അങ്ങനെതന്നെ. പിന്നെ പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷമായിരുന്നു അവന്.

സന്ധ്യ മയങ്ങിക്കഴിഞ്ഞപ്പോൾ ആ ഗുഹയിൽ മറ്റുചിലരുംകൂടിയുണ്ടെന്ന് അവനു മനസ്സിലായി. പാറക്കെട്ടിന്റെ ഇരുട്ടിടങ്ങളിൽ തൂങ്ങിക്കിടന്ന വലിയ വവ്വാലുകളായിരുന്നു അത്. രാത്രിയിൽ ഇരതേടാനിറങ്ങിയ അവരുടെ ചിറകടി ശബ്ദങ്ങളും അതിന്റെ മുഴക്കങ്ങളും കേട്ടപ്പോൾ അവൻ ഭയന്നുപോയി. 

പിന്നെ ഒരു നിമിഷംപോലും അവിടെ നിൽക്കാതെ ആനക്കുട്ടൻ അമ്മയുടെയടുത്തേക്കു തിരിച്ചുവന്നു. ഇനിയൊരിക്കലും ആ ഗുഹയിലേക്കു പോകില്ലെന്ന് ആനക്കുട്ടൻ തീരുമാനിച്ചതാണെങ്കിലും പിന്നെയും അവനു പോകേണ്ടി വന്നു.

കൊമ്പില്ലാമോഴയെന്നു വിളിച്ച് കൂട്ടുകാർ കളിയാക്കിയപ്പോൾ...

ചെറുപ്പക്കാരികളായ പിടിയാനകൾ അവൻ കേൾക്കാതെ എന്തൊക്കെയോ പറഞ്ഞ് അവനെ നോക്കി ചിരിച്ചപ്പോൾ...

കുട്ടിയാനകളെ ആക്രമിക്കാൻ വരുന്ന കടുവകളെ വലിയ കൊമ്പുകൊണ്ട് ഭയപ്പെടുത്തി ഓടിച്ച മിന്നൽക്കൊമ്പനെ  ആനകളെല്ലാം ചുറ്റുംനിന്ന് പുകഴ്ത്തുന്നതു കേട്ടപ്പോൾ...

ആനക്കൂട്ടത്തിന്റെ യാത്രാവഴികളിലുള്ള തടസ്സങ്ങൾ തങ്ങളുടെ കൊമ്പുകൊണ്ട് എടുത്തുനീക്കുന്ന കൊമ്പന്മാരുടെ പരിഹാസച്ചിരി കേട്ടപ്പോൾ....

ഇങ്ങനെ പല അവസരങ്ങളിലും കൊമ്പില്ലാക്കൊമ്പന് ഇരുട്ടുമൂടിയ ഗുഹയിലേക്ക് വീണ്ടും പോകേണ്ടി വന്നു. 

ആ ഗുഹയ്ക്കുള്ളിൽ ഒറ്റയ്ക്കുനിന്ന് ഇരുട്ടിനോടു സംസാരിക്കുമ്പോൾ അവനു വലിയ ആശ്വാസം തോന്നി.  കുറച്ചുകാലംകൊണ്ട് ഇരുട്ടിനോടൊഴികെ മറ്റാരോടും മിണ്ടാത്തവനായി അവൻ മാറി.

ഗുഹയിലേക്കല്ലാതെ മറ്റെവിടേക്കു പോകണമെങ്കിലും അമ്മയോടൊപ്പമേ അവൻ പോകാറുണ്ടായിരുന്നുള്ളൂ. ഒരു ദിവസം അമ്മയാനയും കൊമ്പില്ലാക്കൊമ്പനും താഴെയുള്ള പുഴയിലേക്കു നടന്നിറങ്ങുകയായിരുന്നു. പെട്ടെന്ന് ഒരു മരത്തിനു മുകളിൽനിന്നു കാറ്റിൽപെട്ട രണ്ടുമൂന്നു തളിരിലകൾ കൊഴിഞ്ഞ് താഴേക്കു വീണു. അമ്മയാന അതുകണ്ടപ്പോൾ അറിയാതെ മുകളിലേക്കു നോക്കി. 

ചടച്ചിൽമരങ്ങളെല്ലാം നിറയെ തളിർത്തു നിൽക്കുകയാണ്. അമ്മയാന പെട്ടെന്ന് ഏതോ ഓർമയിലേക്കു പോയി. പുഴയിലേക്കുള്ള വഴിയിൽനിന്ന് അവൾ പതുക്കെ തിരിഞ്ഞുനിന്നു. മരങ്ങൾക്കിടയിലൂടെ മുൻപോട്ടു പോയ അവളെ തൊട്ടുരുമ്മിക്കൊണ്ട് കൊമ്പില്ലാക്കൊമ്പനും നടന്നു തുടങ്ങി. 

അവരുടെ യാത്ര അവസാനിച്ചത് പഴയ ആ പാറയുടെ അരികിലാണ്. വർഷങ്ങൾക്കുമുൻപു കത്തിക്കരിഞ്ഞുപോയ ചടച്ചിൽമരത്തിന്റെ കുറ്റിയിൽനിന്നു പൊട്ടിത്തളിർത്ത പുതിയൊരു മരം അവിടെ നിൽപുണ്ടായിരുന്നു. 

അമ്മയാന ആ മരത്തിനടുത്തേക്കു വന്ന് മരത്തിലും അതിന്റെ താഴെയുള്ള നിലത്തും തുമ്പികൊണ്ടു തലോടി.

അമ്മ ചെയ്യുന്നതുപോലെയൊക്കെ ചെയ്യുകയെന്നത് ശീലമാക്കിയ കൊമ്പില്ലാക്കൊമ്പനും അതുപോലെതന്നെ ചെയ്തു. മണ്ണിൽ തുമ്പിക്കൈ ചേർത്തുനിന്ന അവന് പെട്ടെന്ന് അവന്റെ അച്ഛൻ മയിൽപ്പീലിക്കൊമ്പന്റെ മണം കിട്ടി.

പിന്നെ കിട്ടിയത് എന്തോ കരിയുന്ന മണമാണ്. പിന്നെ കരകരകരാന്ന് തലയിളക്കിപ്പറിക്കുന്നതുപോലുള്ള ശബ്ദം. ആരുടെയോ നിലവിളി. എല്ലാംകൂടിയായപ്പോൾ ഭ്രാന്തുപിടിച്ചതുപോലെ അവൻ‍ മണ്ണിൽ പരതിത്തുടങ്ങി. 

മകന്റെ പരിഭ്രാന്തി കണ്ട്‍ അമ്മയ്ക്കു പേടിയായി. അവൾ തിരികെപ്പോകാനായി അവനെ വിളിച്ചു. പക്ഷേ, അവൻ വിളി കേട്ടില്ല. ക്രുദ്ധനായുള്ള അവന്റെ നോട്ടം കണ്ടപ്പോൾ ഇനിയൊരിക്കലും അവൻ തന്റെ വിളി കേൾക്കില്ലെന്ന് അമ്മയ്ക്കു തോന്നി.

അതുവരെ കാണാത്ത രീതിയിൽ മകന്റെ മുഖവും ശരീരവും മാറിപ്പോയതിനാൽ ഭയപ്പെട്ട അമ്മ തിരികെ നടന്നു. 

കൊമ്പില്ലാക്കൊമ്പൻ അവന്റെ ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ് പിന്നെ ചെയ്തത്. തന്റെ തുമ്പിക്കൈ മുകളിലേക്കുയർത്തി ആവുന്നത്ര ശക്തിയിൽ അലറി വിളിച്ചു. 

ആ വിളിയിൽ കാടും നാടും കിടുങ്ങി വിറച്ചു. പല കാലങ്ങളിലും ഇത്തരം ആനവിളികൾ കേട്ടിട്ടുള്ള ആനമുത്തി പറഞ്ഞു.

‘‘മോഴ പിരിയത്തം കയറി ഒറ്റയാനായി. ഇനിയവൻ പലതും ചെയ്യും.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com