കാഴ്ച പോയെങ്കിലും തളർന്നില്ല, മന്ദ‘സ്മിത’ത്തോടെ നേരിട്ടു; പ്രകാശ‘രശ്മി’യായി 2 ജീവിത കഥകൾ

resmi-smitha
ഡോ. വി.ബി.സ്മിത, ഡോ.രശ്മി പ്രമോദ്
SHARE

ഒരിക്കൽ ഇരുട്ട് പ്രകാശത്തോടു പറഞ്ഞു:

ഞാനെന്ന യാഥാർഥ്യമില്ലെങ്കിൽ നീ ഒന്നുമല്ല എന്നോർക്കണം. അതുകേട്ടു പ്രകാശം ചിരിച്ചു. ആ ചിരിയിൽ ഇരുട്ടുതന്നെ ഇല്ലാതായി.

ചുറ്റും പടർന്ന ഇരുട്ടിനെ ജീവിതമെന്ന പ്രകാശം പരത്തി ഇല്ലാതാക്കിയവരാണ് ഡോ.സ്മിതയും ഡോ. രശ്മിയും. കേരളത്തിന്റെ രണ്ടറ്റത്തായാണ് താമസമെങ്കിലും ഇവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കെല്ലാമുണ്ട് സാമ്യം.

28–ാം വയസ്സിൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെയാണ് സ്മിതയുടെ കാഴ്ച നഷ്ടപ്പെട്ടത്. ഗർഭകാല പ്രശ്നങ്ങളെത്തുടർന്ന് രശ്മിയുടെ കാഴ്ച മറയുമ്പോൾ പ്രായം 26 മാത്രം. പിന്നീടൊരു പോരാട്ടമായിരുന്നു ജീവിതത്തോടും പ്രതിസന്ധികളോടുമെല്ലാം. ഡോ. വി.ബി.സ്മിത (42) ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ ബയോടെക്നോളജി അസിസ്റ്റന്റ് പ്രഫസർ. ഡോ.രശ്മി പ്രമോദ് (42) പ്രത്യേക പരിചരണം വേണ്ട കുഞ്ഞുങ്ങൾക്കു ചികിത്സ നൽകുന്ന കൊച്ചിയിലെ ജീവനീയം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിന്റെ സ്ഥാപകയും സിഇഒയും.

കേൾവി ആയുധം

സ്ക്രീനിൽ നമ്മൾ കാണുന്ന കാര്യങ്ങൾ വായിച്ചു കേൾപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവരെ കംപ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ സഹായിക്കുന്നത്. ഈ സോഫ്റ്റ്‌വെയർ കൊണ്ട് ഇമെയിലും വാട്സാപ്പും വരെ ഉപയോഗിക്കുന്നു. കാലിക്കറ്റ് സർവകലാശാലയിൽ സ്വന്തമായി ബയോടെക്നോളജി ലാബ് സജ്ജീകരിച്ച സ്മിത റിസർച് ഗൈഡാണ്. സ്മിത നയിക്കുന്ന ഗവേഷണസംഘം, കേരളത്തിലെ അമൂല്യമായ ജൈവസമ്പത്തിൽനിന്ന് കാൻസർ പ്രതിരോധമരുന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്. സ്ക്രീൻ റീഡർ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെ ഇടയ്ക്ക് രാജ്യാന്തര ശാസ്ത്ര ജേണലുകളിൽ പ്രബന്ധങ്ങളെഴുതുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പേപ്പർ പ്രസന്റേഷനും പ്രഭാഷണങ്ങളും നടത്തുന്നു.

മാനസികവൈകല്യം, പഠനവൈകല്യം, ന്യൂറോഡവലപ്മെന്റൽ ഡിസോർഡർ തുടങ്ങിയവയുടെ ചികിത്സയിൽ ആയുർവേദ സാധ്യതകളെക്കുറിച്ചു പഠനം നടത്തുന്ന ഡോ. രശ്മി, ഇവർക്കായി ക്ലാസുകളും സെമിനാറുകളും നടത്തുന്നു.

മന്ദസ്മിതം

കൊച്ചി തമ്മനം വടക്കേവീട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന വി.കെ.ബാവയ്ക്കും ഹഫ്സയ്ക്കും 3 പെൺമക്കൾ – ബബിത, സ്മിത, അനൂപ. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം സ്മിത തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർജിസിബി) ഫെലോഷിപ്പോടെ പിഎച്ച്ഡിക്കു ചേർന്നു.

ഡോ. റൂബി ജോൺ ആന്റോയുടെ കീഴിൽ ഗവേഷണം നടക്കുന്നതിനിടെ, ടെക്നോപാർക്കിൽ ഉദ്യോഗസ്ഥനായ തിരുവനന്തപുരം ചാവടിമുക്ക് പൗർണമിയിൽ കെ. എസ്.നിഷാദുമായി 2004ൽ വിവാഹം. 2006ൽ ആദ്യത്തെ കുട്ടി പിറന്നു. കുടുംബത്തിരക്കുകളൊന്നും ഗവേഷണത്തെ ബാധിച്ചില്ല. 2008ൽ ഗവേഷണ പ്രബന്ധം പൂർത്തിയാക്കി ഓപ്പൺ ഡിഫൻസ്. അധികം വൈകാതെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാനായി ആശുപത്രിയിലേക്ക്.

അഗ്നിപരീക്ഷയിലൂടെ...

പ്രസവസമയത്തു വളരെ അപൂർവമായി മാത്രം ഉണ്ടാകുന്ന സൈനസ് വീനസ് ത്രോംബോസിസ് എന്ന അവസ്ഥയിലാണ് സ്മിത എത്തിയത്. തലച്ചോറിലെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടാകുന്ന സ്ഥിതി. ഇത്തരം ബ്ലോക്കുകളും മർദവും കാരണം ദിനംപ്രതി കണ്ണുകളുടെ നാഡീഞരമ്പുകൾ നശിച്ച് കാഴ്ച മങ്ങിക്കൊണ്ടിരുന്നു. ലേബർ റൂമിൽനിന്നിറങ്ങിയ സ്മിത മങ്ങിയ കാഴ്ചകളിലേക്കാണു കൺതുറന്നത്. ഒടുവിൽ പ്രിയപ്പെട്ടവരുടെ മുഖം ഓർമയിൽ മാത്രം അവശേഷിപ്പിച്ച് കണ്ണിലെ വെളിച്ചം മറഞ്ഞു, എന്നെന്നേക്കുമായി.

ഫീനിക്സ് പക്ഷി

ഇരുൾ നിറഞ്ഞ ഗർത്തത്തിലേക്കു തള്ളിയിട്ടതുപോലെയായിരുന്നു വെളിച്ചത്തിൽനിന്നുള്ള ആ വീഴ്ച. പക്ഷേ, മനസ്സിൽ അന്ധകാരം കയറാൻ അനുവദിക്കില്ലെന്ന് സ്മിത തീരുമാനിച്ചു. ഡോക്ടറേറ്റ് ലഭിച്ചതോടെ ജോലിക്കുള്ള ശ്രമമായി പിന്നീട്. ഭർത്താവിന്റെ കുടുംബം ആത്മവിശ്വാസം നൽകി ഒപ്പം നിന്നു. ആർജിസിബിയിലെ ഡോ. റൂബി ജോൺ ആന്റോ വഴിവിളക്കായി മുൻപേ നടന്നു. ഒടുവിൽ കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപികയായി നിയമനം.

സർവകലാശാലാ ക്വാർട്ടേഴ്സിലേക്കും കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കുമുള്ള യാത്രയിൽ ഒരു സഹായി ഒപ്പമുണ്ടാകും. പിന്നെ കൈപിടിച്ചു നടത്താൻ ഭർത്താവ് നിഷാദും മക്കളായ സാറയും (14) നോഹനും (12). ആക്കുളം ഗുഡ് ഷെപ്പേഡ് സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.

ഇമെയിൽ: smithanishad@gmail.com

പ്രകാശരശ്മി

കൊയിലാണ്ടി അശ്വിനിയിൽ ഡോ. ഭാസ്കരനും തങ്കത്തിനും മൂന്നു പെൺമക്കൾ – രശ്മി, ധന്യ, ഹൃദ്യ. ഇവർ കളിച്ചു വളർന്നത് കൊയിലാണ്ടിയിൽ അച്ഛൻ നടത്തുന്ന അശ്വിനി ഹോസ്പിറ്റലിന്റെ മുറ്റത്തും. ധന്യ എംബിബിഎസിനും ഹൃദ്യ എൻജിനീയറിങ്ങിനും പോകാൻ തീരുമാനിച്ചപ്പോൾ, ആയുർവേദ ഡോക്ടറാകാനായിരുന്നു രശ്മിക്കു മോഹം.ചെറുപ്പം മുതലേ മയോപ്പിയയും (അടുത്തുള്ള വസ്തുക്കൾ മാത്രം കാണാൻ കഴിയുന്ന അവസ്ഥ) ഫോട്ടോഫോബിയയും (വെളിച്ചത്തോടുള്ള വൈമുഖ്യം) മൂലമുള്ള ചെറിയ പ്രശ്നങ്ങൾ രശ്മിക്കുണ്ടായിരുന്നെങ്കിലും വിജയങ്ങൾക്ക് അതു തടസ്സമായില്ല. കോട്ടയ്ക്കൽ വിപിഎസ്‌വി ആയുർവേദ ഹോസ്പിറ്റലിലായിരുന്നു ബിഎംഎസ് പഠനം. കോഴ്സ് പൂർത്തിയായതോടെ അഡ്വ. ടി.പി.പ്രമോദുമായി വിവാഹം. ബത്തേരിയിൽ സ്വന്തമായി ആയുർവേദ ക്ലിനിക്. താളംതെറ്റാതെ അങ്ങനെ ജീവിതം മുന്നോട്ട്.

മഴവിൽ മാ‍ഞ്ഞപ്പോൾ

ഗർഭം അലസിയതിനെത്തുടർന്ന്, കണ്ണുകളിലുണ്ടായ റെറ്റിനൽ ഡീജനറേഷൻ എന്ന അവസ്ഥയാണ് കാഴ്ച പൂർണമായും ഇല്ലാതാക്കിയത്. ജീവിതത്തിലെ വർണങ്ങളെല്ലാം അവസാനിച്ചെന്നു കരുതിയ നാളുകൾ. പക്ഷേ, കാഴ്ചയില്ലാതിരുന്നിട്ടും ഉയരങ്ങളിലെത്തിയ രണ്ടുപേർ രശ്മിക്കു മുൻപിൽ വഴിവിളക്കായി. കൊച്ചി നെസ്റ്റ് ഇൻഫോ ടെക്കിലെ മാർക്കറ്റിങ് മാനേജർ ആർ.സുധീർ ആയിരുന്നു ആദ്യത്തെയാൾ. കാഴ്ചപരിമിതിയെ പൊരുതിത്തോൽപിക്കാമെന്നു സ്വന്തം ജീവിതംകൊണ്ടു കാണിച്ചുകൊടുത്തയാൾ. കാഴ്ചയില്ലാത്തവർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളും അദ്ദേഹം പരിചയപ്പെടുത്തിക്കൊടുത്തു.

കാഴ്ചയില്ലാതിരുന്നിട്ടും പ്രശസ്ത എൻഡോസ്കോപ്പിസ്റ്റായി മാറിയ യുഎസിലെ ഡോക്ടറുടെ കഥയാണ് സുഹൃത്തുക്കൾ പിന്നീട് രശ്മിക്കു പറഞ്ഞുകൊടുത്തത്. അദ്ദേഹവുമായി ഇമെയിൽ വഴി സംസാരിക്കാനും അവസരമൊരുക്കി. ആ കൈത്തിരി മതിയായിരുന്നു അവൾക്ക്. എണ്ണയുടെയും പച്ചമരുന്നുകളുടെയും സൗഖ്യദായകമായ അന്തരീക്ഷത്തിലേക്ക് വീണ്ടും നടന്നുകയറി.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആശയമാണ് രശ്മിയെ ഓട്ടിസം ബാധിച്ച കുട്ടികളിലേക്ക് അടുപ്പിച്ചത്. കോട്ടയ്ക്കൽ ആയുർവേദ കോളജിലെ ഡോ. കെ.എസ്.ദിനേശിന്റെ കീഴിൽ കുട്ടികളിലെ ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി എന്നിവയിൽ ഗവേഷണം നടത്തി. സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ഗവേഷണ ഫലങ്ങൾ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചു.

ജീവൻ പകർന്ന്

ഓട്ടിസമോ ഹൈപ്പർ ആക്ടിവിറ്റിയോ ഉള്ള കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന മാതാപിതാക്കളെയാണ് കണ്ടതിൽ അധികവും. ജീവനീയം എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിൽ അവർക്കായി ഫീച്ചറുകൾ എഴുതി. ഇത്തരം കുട്ടികൾക്കായി ഓൺലൈൻ കൺസൽറ്റേഷനും ആരംഭിച്ചു. പിന്നീടത് കൊച്ചി തമ്മനത്ത് ജീവനീയം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററായി വളരുകയായിരുന്നു.

സ്പീച്ച്, മ്യൂസിക്, യോഗ, സെൻസറി, ബിഹേവിയറൽ തെറപ്പികളിലൂടെ കുട്ടികളുടെ ശരീരത്തിനും മനസ്സിനും ഊർജം പകരുകയാണ് ഇവിടെ ഡോക്ടർമാർ. മാതാപിതാക്കൾക്കും പരിശീലന പരിപാടിയുണ്ട്. ലോക്ഡൗൺ കാലത്ത് ‘എന്റെ കുഞ്ഞ് എന്റെ അഭിമാനം’ എന്ന പ്രത്യേക പരിപാടി ഓൺലൈനായി നടപ്പാക്കി.

രശ്മിയുടെ ജീവിതവിജയങ്ങളിൽ മഴവിൽ നിറം പകർന്ന് ഗുരുസ്ഥാനത്ത് പിതാവ് ഡോ.ഭാസ്കരനുണ്ട്. പിന്നെ കൈപിടിച്ചു നടത്താൻ അമ്മ തങ്കവും ഭർത്താവ് പ്രമോദും മകൾ ദിയയും.

ഇമെയിൽ: drreshmipramod@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA