തോൽവിക്കടുവ

novel
വര: റിങ്കു തിയോഫിൻ
SHARE

അമ്മയെയും കൂട്ടുകാരെയും കാട്ടുകാരെയും വിട്ട് ഒറ്റയാൻജീവിതം തുടങ്ങിയ കൊമ്പില്ലാക്കൊമ്പൻ രാത്രിയിൽ മാത്രമേ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. പകൽ മുഴുവൻ തുമ്പിക്കൈകൊണ്ട് ഇരുട്ടിനെ വലിച്ചുപിടിക്കുകയും കുനിച്ചുനിർത്തി ഇടിക്കുകയും എടുത്തെറിയുകയുമൊക്കെ ചെയ്ത് ഗുഹയിലങ്ങനെ നിൽക്കും.

രാത്രിയായാൽ പുറത്തിറങ്ങി പൂച്ച നടക്കുന്നതുപോലെ ഒച്ചയും ബഹളവുമില്ലാതെ നടക്കും. അധികം അകലേക്കൊന്നും പോയി വയറു നിറയ്ക്കില്ല. കിട്ടുന്നതു മതി എന്നൊരു വിചാരമാണ്. ‍നാട്ടിൻപുറങ്ങളിലേക്കു പോയ വവ്വാലുകൾ തിരിച്ചുവരുന്ന നേരമാകുമ്പോഴേക്കും ഗുഹയിലെത്തും.

നനഞ്ഞുനനഞ്ഞു പെയ്യുന്ന ചാറ്റൽമഴയുള്ള ഒരു വെളുപ്പാൻകാലമായിരുന്നു അത്. കിഴക്ക് ഒരു വെള്ളനിറമൊക്കെയുണ്ടെങ്കിലും മഴയുടെ മറയെ കടന്നുവരാനുള്ള പ്രകാശമായിട്ടില്ല. കൊമ്പില്ലാക്കൊമ്പൻ ഒരുകുന്ന് അകലെവരെ പോയിട്ട് ഗുഹയിലേക്കു തിരിച്ചുവന്നു.

ഗുഹയിലേക്കു കടന്നതേ ഒരു പൂച്ചമണം തോന്നിയതുകൊണ്ട് അവൻ‍ ഒന്നു വട്ടംപിടിച്ചു. പിന്നെ ആലോചിച്ചപ്പോൾ ആരെങ്കിലും എന്തെങ്കിലും കാണിക്കട്ടെ, എനിക്കിപ്പോഴെന്താണു കുഴപ്പം എന്നമട്ടിൽ ഉള്ളിലേക്കുതന്നെ കയറി.

കൊമ്പില്ലാക്കൊമ്പൻ‍ വെളിച്ചം കയറാത്തിടത്തെത്തിയതേ ഒരു കടവാക്കരച്ചിലും ചാട്ടവമുണ്ടായി. ശരിക്കും ഭീകരമായ ഒരു അലർച്ചയുണ്ടാക്കണമെന്നും ആദ്യത്തെ ചാട്ടത്തിൽത്തന്നെയുള്ള ഒറ്റയടിക്ക് ആനയുടെ മസ്തകം പൊളിക്കണമെന്നുമാണ് ആ കടുവ കൊതിച്ചത്.

പക്ഷേ, നടന്നതോ? ഒരു പൂച്ചക്കരച്ചിലിനെക്കാൾ അൽപംമാത്രം ഒച്ചകൂടിയ ഒരു നിലവിളിയും ആനയുടെ മസ്തകത്തിന്റെ പകുതിയിലെത്തി വേച്ചുവീണ ഒരു പിഴച്ചാട്ടവും.

‘‘അനങ്ങരുത്. ഒറ്റയടിക്കു തകർത്തുകളയും നിന്റെ തല.” വീഴാതിരിക്കാൻ ആനയുടെ ദേഹത്ത് അള്ളിപ്പിടിച്ചു തൂങ്ങിക്കിടക്കുമ്പോൾ കടുവ പറഞ്ഞു.

ഇരുട്ടിലുണ്ടായ കൊക്കിക്കരച്ചിലും കിക്കിളികൂട്ടലും കൊമ്പില്ലാക്കൊമ്പനിൽ ചെറിയൊരമ്പരപ്പുണ്ടാക്കി. അതോടെ അവൻ ശരീരമൊന്നു കുടഞ്ഞു. കടുവ തെറിച്ച് പാറകൾക്കിടയിലേക്കു വീണു.

‘‘യ്യോ, എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത എന്നോടു വേണോടീ നിന്റെ പരാക്രമം. നിനക്ക് ആനകളോടു കളിച്ചാ പോരേ?” പാറകൾക്കിടയിലെ കടുവ വീര്യം കളഞ്ഞു ചോദിച്ചു.

അവൻ ആ കടുവയെ സൂക്ഷിച്ചുനോക്കി. കടുവ എന്നു വിളിക്കാമെന്നേയുള്ളൂ. മെലിഞ്ഞ് ഊരതേമ്പി ആടിയാടിപ്പോയ ശരീരവുമായി ഒരു ജീവി.

‘‘എടീ, ഞാനിവിടെക്കിടന്ന് ചത്തു ചീഞ്ഞുനാറട്ടേന്നാണോ?” കടുവ കിടന്നകിടപ്പിൽ ചോദിച്ചു.

‘‘ചാകാനോ?’’ കൊമ്പന് ഒന്നും മനസ്സിലായില്ല.

‘‘ചാകണ്ടെങ്കിൽ പിടിച്ചെഴുന്നേൽപിക്കെടീ. നീയെന്നെ ഉന്തിയിട്ടേച്ചിട്ട് ഒന്നുമറിയാത്തതുപോലെ നിൽക്കുവാ അല്ലേ?’’

അതുകേട്ടപ്പോൾ താൻ വലിയ തെറ്റുകാരനാണെന്ന് കൊമ്പനു തോന്നി.

‘‘ക്ഷമിക്കണം അപ്പാപ്പാ.” കൊമ്പൻ വിനീതനായി കടുവയെ താങ്ങിയെഴുന്നേൽപിച്ചു.‍‍

‘‘ആരുടെയപ്പാപ്പൻ? എടീ ഞാനിപ്പഴും നല്ല ഒന്നാന്തരം യുവാവാ, യുവാവ്. മനസ്സിലായോ? അതുകൊണ്ടാണെടീ വേട്ടയാടുകയാണെങ്കിൽ അത് ഒരാനയെത്തന്നെയാകണമെന്ന് ഞാൻ തീരുമാനിച്ചത്.”

ഒരു പാറയിലേക്കു ചാരിനിന്നുകൊണ്ട് കടുവ പറഞ്ഞു. അതുകേട്ട് കൊമ്പനു ചിരിവന്നു.

‘‘നീ ചിരിക്കണ്ട, കാട്ടിൽ എതിരില്ലാത്ത ഒറ്റ ജീവിയേ ഉള്ളൂ. അത് ആനയാണ്. ലക്ഷണമൊത്ത ഒരു ആനയെ വേട്ടയാടിപ്പിടിച്ചവൻ എന്ന പേരുവേണം എനിക്ക്.”

‘‘അങ്ങനെയാണെങ്കിൽ ചങ്ങാതി ഒരു കാര്യംചെയ്യ്, എന്റെ ചേട്ടൻ മിന്നൽക്കൊമ്പനെ വേട്ടയാട്. അവനാണ് ലക്ഷണമൊത്തവൻ.” കൊമ്പൻ തല കുനിച്ചു.

‘‘കൊച്ചുകള്ളീ, നീ വീണ്ടും എന്നെ കൊലയ്ക്കുകൊടുക്കാനാണ് ആലോചിക്കുന്നത് അല്ലേ. എടീ, ഒരു കൊമ്പനെ വേട്ടയാടാനുള്ള പാങ്ങ് എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ആ വീരൻകടുവയെ തോൽപിച്ച് കടുവപ്പെണ്ണിനെ സ്വന്തമാക്കില്ലായിരുന്നോ. നീ തമാശ പറയാതെ.”

കടുവ ഒരുവിധം നേരെനിന്നു സംസാരിച്ചു തുടങ്ങി. അതിനിടയിൽ തറയിലൂടെ ഓടിപ്പോയ ഒരു എലിയെ പിടിക്കാൻ വേണ്ടി കടുവ ശ്രമിച്ചെങ്കിലും അതു രക്ഷപ്പെടുകയാണു ചെയ്തത്.

‘‘നിങ്ങൾക്കും ആരെയൊക്കെയോ തോൽപിക്കണം അല്ലേ?’’

‘‘പിന്നെ, ഞങ്ങൾ കടുവകൾക്ക് പെൺകടുവകളുമായി കൂട്ടുകൂടണമെങ്കിൽ ഞങ്ങളുടെ കൂട്ടത്തിലുള്ള മറ്റ് ആൺകടുവകളെ പോരാടിത്തോൽപിക്കണം. ഒരുമാതിരിപ്പെട്ട എല്ലാ ആൺകടുവകൾക്കും തോൽപിക്കാൻ ഒരാളുണ്ടായിരുന്നു.”

‘‘ആര്?” ആന ആകാംക്ഷയോടെ ചോദിച്ചു.

‘‘ഞാൻ, അല്ലാതാര്? അതുകൊണ്ടിപ്പോ ഒളിച്ചു നടക്കുവല്ലേ ഞാൻ. ങാ, ഒരാനയെ വേട്ടയാടിപ്പിടിച്ചിട്ട് ഞാനൊരു ചെല്ലലുണ്ട്. അന്ന് അവൻമാരെല്ലാം വെറും മരപ്പട്ടീടെകൂട്ട് എന്റെ മുൻപിൽ കുനിഞ്ഞു കിടക്കും.”

‘‘അപ്പോ നിങ്ങളുടെകൂടെ നിൽക്കാൻ പേടിക്കണമല്ലോ?’’ കൊമ്പൻ പേടിച്ചതുപോലെ ചോദിച്ചു.

‘‘ഉം, പേടിക്കേണ്ടി വരും. അല്ല, എനിക്കറിയാൻമേലാഞ്ഞിട്ടു ചോദിക്കുവാ. നീയെന്തിനാടീ ഈ ഇരുട്ടുകൂട്ടിൽ വന്ന് ഒറ്റയ്ക്കു താമസിക്കുന്നത്? അതുകൊണ്ടല്ലേ, എന്നെപ്പോലുള്ള ഭീകരന്മാരുടെ മുന്നിൽ പെട്ടുപോകുന്നത്.” കടുവ ഒന്നു ഞെളിയാൻ നോക്കി പരാജയപ്പെട്ടു.

‘‘ഞാൻ എടിയല്ല, എടനാ.’’ കൊമ്പൻ സഹികെട്ട് പറഞ്ഞു.

‘‘ങേ?” കടുവ തിരിഞ്ഞും മറിഞ്ഞും അവിടെയുമിവിടെയുമൊക്കെ നോക്കി. എല്ലാം കണ്ടിട്ടും അവനു സംശയം തീർന്നില്ല.

‘‘എന്നിട്ട് കൊമ്പെവിടെ?’’

‘‘അതില്ലാത്തതുകൊണ്ടല്ലേ ഞാനിവിടെ വന്ന് ഈ ഇരുട്ടിൽ ജീവിക്കുന്നത്.’’ കൊമ്പൻ വിഷമത്തോടെ പറഞ്ഞു.

‘‘ഓഹോ, അതാണല്ലേ കാര്യം.’’ പിന്നെയൊരു പൊട്ടിച്ചിരിയാണ് കടുവ ഉദ്ദേശിച്ചത്. പക്ഷേ, ബലമില്ലാത്തതുകൊണ്ട് അത് ഒരു വെറുംചിരിയായി പുറത്തുപോയി.

‘‘അപ്പോ, ഒരു കണക്കിനു നമ്മൾ തുല്യദുഃഖിതരാണ്. കൊമ്പില്ലാത്ത കൊമ്പനും വമ്പില്ലാത്ത കടുവയും. അങ്ങനെയാണെങ്കിൽ നിന്നെ ഞാൻ ആക്രമിക്കുന്നില്ല. ഇനിയങ്ങോട്ട് നമ്മൾ സഹകരിച്ചു നീങ്ങുന്നു. മനസ്സിലായോ?’’

കൊമ്പൻ ഒന്നും പറഞ്ഞില്ല. കടുവ വിശപ്പടക്കാനുള്ള കാര്യങ്ങൾക്കാണ് ചുറ്റും നോക്കിയത്. അവൻ ഒരു നാണവുമില്ലാതെ പുഴുവോ പാറ്റയോ എന്തൊക്കെയോ പിടിച്ചു വായിലിടുകയും ചവച്ചരയ്ക്കുകയുമൊക്കെ ചെയ്യുന്നത് കൊമ്പൻ ശ്രദ്ധിക്കാനേ പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ കടുവ പറഞ്ഞു.

‘‘അതേ, ഈ ലോകത്തുള്ള സകല മറ്റവൻമാരും നമ്മൾക്കിട്ട് ഒപ്പിക്കുന്നവരാണെന്നു കൂട്ടിക്കോ. പക്ഷേ, നമ്മളെന്തിനാണ് ഈ ഇരുട്ടത്തു വന്നു പട്ടിണിയിരിക്കുന്നത്? എന്റെ രീതിയെങ്ങനെയാണെന്ന് അറിയാമോ?”

‘‘എങ്ങനെയാണ്?’’

‘‘അതല്ലേ പഠിക്കണ്ടത്, മനസ്സിനൊരു വിഷമം വന്നാൽ അന്നേരെ ഒരു യാത്രയങ്ങു പോകും. അപ്പോഴാണ് ആ കാര്യം നമുക്കു മനസ്സിലാവുക.’’

‘‘എന്തു കാര്യം?’’

‘‘നമ്മളെക്കാൾ പൊളിഞ്ഞു പാളീസായിക്കിടക്കുന്നവരാണ് ഈ ലോകത്തു കൂടുതലുമുള്ളത്.’’

‘‘ങേ?’’

‘‘അതേന്നേ, നീയൊന്നു പുറത്തിറങ്ങി നോക്ക്. കാര്യങ്ങള് കാണണമെങ്കിൽ.’’

കൊമ്പനു മടിതന്നെയായിരുന്നു. നിൽക്കുന്നിടത്തുന്ന് അങ്ങോട്ട് അനങ്ങാൻ കഴിയില്ല. ഒടുവിൽ പഴയ രീതിയിൽ കടുവ നാലു തെറി പറഞ്ഞപ്പോഴാണ് പുറത്തിറങ്ങിക്കളയാമെന്ന് അവൻ തീരുമാനിക്കുന്നത്.

രാവിലത്തെ ചാറ്റൽമഴയൊക്കെ മാറി കാട് തെളിഞ്ഞുവന്നിട്ടുണ്ട്. സൂര്യന്റെ കുത്തലുകൊണ്ട് കണ്ണുതുറക്കാൻ പറ്റാതെ ആന കുറച്ചുനേരം നിന്നു. അപ്പോഴുണ്ട് കുടുകുടുകുടാന്നുള്ള ഒരു ഒച്ച കേൾക്കുന്നു.

‘‘എന്താ അത്?’’ ആന ചോദിച്ചു.

‘‘അതോ, അതൊരു കോന്ത്രവാലൻ മരംകൊത്തിയിരുന്ന് മരത്തേൽ പണിയുന്നതാ.’’

‘‘ഹോ, എന്തൊരു ഒച്ചയാ അല്ലേ? എന്തിനാ അവനങ്ങനെ ചെയ്യുന്നത്?’’

‘‘അതേന്നേ, അവന്റെ തലയുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കിക്കേ. തീറ്റ തപ്പുന്നതാ. അവന്റെയീ കഷ്ടപ്പാടിന് എന്തു കുന്തമാ കിട്ടുന്നതെന്ന് നമുക്കു നോക്കാല്ലോ.’’

എന്നാൽ അതൊന്നറിയണമല്ലോ എന്നുകരുതി ബലംപിടിച്ചാണ് ആന കണ്ണുകൾ തുറന്നത്. ആദ്യമൊക്കെ ഒന്നും കണ്ടില്ലെങ്കിലും പിന്നെ കാഴ്ചകൾ തെളിഞ്ഞുവരാൻ തുടങ്ങി.

കൊത്തിക്കൊത്തി മരത്തിൽ തുളയായി വരുന്നത് കുറച്ച് അഹങ്കാരത്തോടെയാണു മരംകൊത്തി നോക്കിക്കണ്ടത്. ആ തുളയ്ക്കുള്ളിൽ എന്തോ ഒരു ജീവിയുണ്ട്. അതിനെ പുറത്തെടുക്കാൻ വേണ്ടി മരംകൊത്തി വീണ്ടും ആഞ്ഞുകൊത്തി. തുള വലുതായതോടെ അതിനുള്ളിൽനിന്ന് ചുരുണ്ടുകൂടിയിരിക്കുന്ന ഒരു പാമ്പ് പുറത്തേക്കു ചാടി. സ്വൈരമായി കിടക്കാൻ സമ്മതിക്കില്ലേടാ എന്നു ചോദിച്ച് പാമ്പ് മരംകൊത്തിയെ തെറി പറഞ്ഞു‍തുടങ്ങി.

‘‘കണ്ടോ, ഇത്രയുംനേരം തലയറഞ്ഞു കൊത്തിയിട്ട് എന്തുണ്ടായി? അവസാനം നാണംകെട്ടു. അത്രയേ ഉള്ളൂ. ഒരു സത്യം ഞാൻ പറയട്ടെ.’’ കടുവ ഒരു അധ്യാപകന്റെ ഭാവത്തോടെ കൊമ്പില്ലാക്കൊമ്പനെ നോക്കി.

‘‘എന്താ?”

‘‘അതേ, നാണംകെട്ടു ജീവിക്കുന്നവരാ ഈ ലോകത്തു കൂടുതലുമുള്ളത്. വേറൊരു രീതിയിൽ പറഞ്ഞാൽ, ഈ ലോകത്തു ജീവിക്കണമെങ്കിൽ നാണംകെട്ടേ പറ്റൂ. അല്ലാതെ, ഈ വൃത്തികെട്ട അഭിമാനബോധവും കൊണ്ടിരുന്നാൽ ഒരു കുന്തവും നടക്കില്ല.”

അതു പറയുന്നതിനിടയിൽ എന്തോ ഒരു പ്രാണിയെ പിടിച്ച് കടുവ അകത്താക്കിയിരുന്നു. മരംകൊത്തി മറ്റേതോ മരത്തിൽ കൊത്തിത്തുടങ്ങിയതിന്റെ ഒച്ച കേൾക്കുന്നുണ്ട്.

‘‘ആ കോന്ത്രവാലൻ പിന്നെയും പണിതുടങ്ങി, നാണംകെട്ടവൻ. നീ വന്നേ.”

ആനയെ വിളിച്ചുകൊണ്ട് കടുവ മുന്നോട്ടു നടന്നു. കുന്നുകൾ കയറിയുമിറങ്ങിയും അവരങ്ങനെ നടന്നു. അതിനിടയിൽ പല കാഴ്ചകളും കടുവ കാണിച്ചുകൊടുത്തു.

സൂര്യൻ കണ്ടമാനം രൂക്ഷമായി നോക്കിയപ്പോൾ പേടിച്ചിട്ടെന്നപോലെ ഇലയെല്ലാം താഴ്ത്തി തലകുനിച്ചു നിൽക്കുന്ന ഒരു പുളിഞ്ചിമരത്തെ കണ്ടപ്പോൾ കടുവ പറഞ്ഞു.

‘‘വെറും അടവാണത്. രാത്രിയാകുമ്പോൾ നീ നോക്കിക്കോ, അവൻ കോഴിപ്പൂവന്റെ കൂട്ട് മിണുമിണാന്ന് നിൽക്കും.”

കാക്കക്കൂട്ടത്തിന്റെ കൊത്തുവാങ്ങുന്ന കുയിൽക്കുഞ്ഞ്, ചാട്ടം പിഴച്ചുപോയ കുരങ്ങന്മാർ, കടുവ പിടിക്കാനൊരുങ്ങുമ്പോൾ കൈകൂപ്പി അയ്യോപാവം കാണിച്ച പ്രാണി. നോക്കുന്നിടത്തെല്ലാം ദുർബലന്മാരാണുള്ളത്.

‘‘എടാ, ഇവൻമാരെല്ലാം പരാജയപ്പെട്ടവരാണെന്നാണോ നീ കരുതുന്നത്?’’

കൊമ്പനു കാര്യങ്ങൾ മനസ്സിലായതുകൊണ്ട് കടുവ പിന്നെയൊന്നും വിശദീകരിക്കാൻ നിന്നില്ല. വലിയൊരു കുന്നിന്റെ മുകളിലായിരുന്നു അപ്പോഴവർ. അവിടെനിന്നു നോക്കിയാൽ താഴെയുള്ള നാട്ടിൻപുറങ്ങൾ കാണാം.

‘‘എടാ കൊമ്പില്ലാക്കൊമ്പാ, ഒന്നും പോകാനില്ലാത്തവരല്ലേടാ നമ്മള്. നമ്മൾക്കൊരു കളി കളിച്ചുനോക്കിയാലോ?’’

‘‘എന്തുകളി?’’ ആനയ്ക്ക് കടുവയുടെ പ്ലാൻ പിടികിട്ടിയില്ല.

‘‘നമ്മളീ കാട്ടിലുള്ളവര് തമ്മിലുള്ള പോരാട്ടത്തിലൊന്നും കാര്യമില്ലെടാ. ജയിക്കുകയാണെങ്കിൽ ദേ, പിരിയത്തവുംകൊണ്ടു നടക്കുന്ന അവൻമാരോടു ജയിക്കണം. ഈ പ്രപഞ്ചത്തിലെ ഏറ്റവും ഭീകരന്മാരായവരോട്, മനുഷ്യന്മാരോട്.”

കൊമ്പനും കടുവയും കുന്നിൻമുകളിൽനിന്നു മനുഷ്യർ വെറുതെ കിടന്നു തമ്മിലടിക്കുന്ന നാട്ടിലേക്കു നോക്കിനിന്നു.

‘‘ശരിതന്നെ, അവരെയാണു തോൽപിക്കേണ്ടത്.’’ കൊമ്പില്ലാക്കൊമ്പൻ തീരുമാനംപോലെ പറഞ്ഞു.

‘‘പോയി അവൻമാരെ തോൽപിച്ചു വന്നാൽപിന്നെ നമുക്കു കാട്ടിൽ എതിരാളികളില്ല. പക്ഷേ, അതു ചെയ്യണമെങ്കിൽ ആനത്തവും കടുവത്തവുമൊന്നും പോരാ, പിരിയത്തംതന്നെ വേണം. എടാ കൊമ്പില്ലാക്കൊമ്പാ, നമ്മളിപ്പോൾത്തന്നെ അതാകണം, അറുപിരിയൻമാരായ മനുഷ്യരാകണം.”

അപ്പോൾ എവിടെനിന്നാണെന്നറിയില്ല, ഒന്ന് അലറാനുള്ള ജീവൻ കടുവയ്ക്കു കിട്ടിയിരുന്നു.

തുടരും...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA