ADVERTISEMENT

വെളുത്തു നീണ്ട മുടിയുടെ തുമ്പ് ദീപം കൊളുത്താനുള്ള കൈത്തിരി പോലെ ആരോ മുറിച്ചെടുത്തെന്നു താര ഇടയ്ക്കിടെ സ്വപ്നം കാണും. പിന്നെ മുടിത്തുമ്പ് തലോടി ഓർമഞരമ്പുകളിലൂടെ തിരികെ നടക്കും. നോവുകൾ അണഞ്ഞുപോകാതിരിക്കാനുള്ള വ്യായാമമാണത്. പിടികിട്ടാത്തൊരാധിയിൽ അഴിഞ്ഞുവീണ മുടിക്കെട്ട് പിന്നൊരിക്കലും കെട്ടിവയ്ക്കാതെ താര ജീവിക്കാൻ തുടങ്ങിയിട്ട് വർഷം 39 കഴിഞ്ഞു. ‘വിജയതാര’യിൽ താര ഒറ്റ നക്ഷത്രമായി ജ്വലിക്കാൻ തുടങ്ങിയിട്ടും അതേ കാലം.

മരണക്കിണർ

1981 ജൂൺ 25നാണ് കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂർ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന വിജയനെ പഞ്ചായത്ത് ഓഫിസ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അന്നൊരു വ്യാഴാഴ്ചയായിരുന്നു. മക്കളെയും കൂട്ടി സംഭവസ്ഥലത്തെത്തിയ താര മൃതദേഹം കണ്ട് തളർന്നുവീഴുമ്പോൾ ഒപ്പം മുടിയും അഴിഞ്ഞുവീണു. മരണത്തിനു പിന്നിലാരെന്ന് കണ്ടെത്താതെ ഇനി മുടി കെട്ടില്ലെന്ന് അന്നു തീരുമാനിച്ചതാണ്.

കറുത്ത് ഇടതൂർന്ന മുടി മെല്ലിച്ച് വിളറി വെളുത്തുപോയ നാലു പതിറ്റാണ്ടിനിടെ താര മുട്ടാത്ത വാതിലുകളില്ല. പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും കണ്ണടയും വരെ ശപഥത്തിൽനിന്നു പിന്നോട്ടു പോകില്ലെന്ന് 80–ാം വയസ്സിലും താരയ്ക്ക് ഉറപ്പുണ്ട്. അപ്പൂപ്പൻതാടി പോലുള്ള മുടി താരയ്ക്ക് കൈക്കുമ്പിളിൽനിന്ന് ഊർന്നുപോയ ജീവിതത്തിന്റെ ഓർമയാണല്ലോ.

ഏരൂരിലേക്കു സ്ഥലംമാറ്റമായ ആദ്യ കാലങ്ങളിൽ പാരിപ്പള്ളിയിലെ വീട്ടിൽനിന്നു പോയി വരികയായിരുന്നു വിജയന്റെ പതിവ്. ഒറ്റ ബസ് മാത്രമാണ് അന്നുള്ളത്. രാവിലെ 6നു പുറപ്പെടുന്ന ബസിനു പോയി രാത്രി 8ന് അതേ ബസിൽ മടക്കം. ജോലിത്തിരക്കു മൂലം വൈകാതെ താമസം ഓഫിസിൽ തന്നെയാക്കി. ജൂൺ 23നു രാത്രി വിജയൻ പഞ്ചായത്ത് പ്രസിഡന്റിൽനിന്ന് ഓഫിസിന്റെ താക്കോൽ വാങ്ങി പോകുന്നതു കണ്ടവരുണ്ട്. എഴുതാനെടുത്ത പേന പിറ്റേന്നു മേശപ്പുറത്ത് തുറന്നിരിപ്പുണ്ടായിരുന്നു. വാതിൽപടിയിൽ ചെരിപ്പുകളും. വിജയനെ മാത്രം അന്നാരും കണ്ടില്ല. ഓഫിസ് ആവശ്യത്തിന് എങ്ങോട്ടോ ഇറങ്ങിയതാവാം എന്നു മാത്രം ജീവനക്കാർ കരുതി. എവിടെയെന്ന് ആരും അന്വേഷിച്ചില്ല. 25ന് പഞ്ചായത്ത് വളപ്പിലെ കിണറ്റിൽ വിജയന്റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം, മരണം നടന്നിട്ട് അപ്പോൾ 48 മണിക്കൂർ പിന്നിട്ടിരുന്നു.

 വിവാദങ്ങളുടെ തുടക്കം

കുപ്രസിദ്ധമായിരുന്ന ഏരൂർ പഞ്ചായത്ത് ഓഫിസ് നന്നാക്കിയെടുക്കാനുള്ള ചുമതലകൂടി ഏൽപിച്ചാണ് പ്രമോഷൻ നൽകി വിജയനെ അങ്ങോട്ടേക്കു മാറ്റുന്നത്. ജോലിയിൽ കടുകിട മാറാത്തയാളെന്ന പേര് അപ്പോഴേക്കും നേടിയിരുന്നു. തോന്നുന്ന നേരത്ത് ഓഫിസിലെത്തി ശീലിച്ചിരുന്നവർക്ക് വിജയൻ തുടക്കം മുതലേ തലവേദനയായി. ജീവനക്കാരുടെ സഹകരണമില്ലായ്മയെക്കുറിച്ച് വിജയൻ പലതവണ മേലുദ്യോഗസ്ഥരോടു പരാതിയും പറഞ്ഞിരുന്നു.

tharaandshammi
മകൻ ഷമ്മി വിജയനൊപ്പം താര.

പഞ്ചായത്തിന്റെ പരിധിയിൽ ഒരുപാട് എസ്റ്റേറ്റുകളുണ്ടായിരുന്നു. മഴക്കാലത്ത് ഇവിടേക്കു വഴി വെട്ടിക്കൊടുക്കേണ്ടത് പഞ്ചായത്തിന്റെ ചുമതലയായിരുന്നെങ്കിലും എസ്റ്റേറ്റ് ഉടമകൾ തന്നെ അതു ചെയ്യുകയായിരുന്നു പതിവ്. ഇതിന്റെ ചെലവ് ചിലർ എഴുതിയെടുക്കുന്നത് വിജയൻ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നായനാർ സർക്കാരിന്റെ കാലത്തു തുടങ്ങിവച്ച ‘കർഷക പെൻഷൻ’ പഞ്ചായത്ത് ഭരിക്കുന്നവർക്കു താൽപര്യമുള്ള ആളുകൾക്കു മാത്രം നൽകാനുള്ള നീക്കം വിജയൻ തടഞ്ഞത്, ഓരോ വീട്ടിലും കയറിയിറങ്ങി യഥാർഥ കർഷകരെ കണ്ടെത്തിയായിരുന്നു. അതോടെ അസ്വാരസ്യങ്ങൾ രൂക്ഷമായി.

ഇഷ്ടമില്ലാത്തതിനു കൂട്ടുനിൽക്കാൻ വയ്യാത്തതിന്റെ പേരിൽ അനുഭവിച്ചിരുന്ന സമ്മർദങ്ങളെല്ലാം ഒന്നൊഴിയാതെ വിജയൻ താരയോടു പറഞ്ഞിരുന്നു.

സംശയങ്ങൾ ബാക്കി

25നു പുലർച്ചെ വിജയന്റെ മൃതദേഹം കണ്ടെടുത്ത കിണറ്റിൽനിന്നു തലേന്നും സമീപത്തെ ചായക്കടയിലേക്കു വെള്ളം കോരിയിരുന്നു. വിജയനെ കാണാതാവുന്നത് 23നും. വിജയൻ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിൽ താര ഉറച്ചുനിന്നു. ബന്ധു കൂടിയായ ഫൊറൻസിക് സർജൻ ബി.ഉമാദത്തനെക്കൊണ്ട് പോസ്റ്റ്മോർട്ടം ചെയ്യിക്കണമെന്ന ആവശ്യത്തിനു മുന്നിൽ പൊലീസ് വഴങ്ങി. പക്ഷേ, തിരുവനന്തപുരത്തുനിന്നു യാത്ര തിരിച്ചെന്നറിയിച്ച ഉമാദത്തനെ ആലപ്പുഴയിലേക്കു സ്ഥലം മാറ്റിയെന്നാണ് പിന്നെയറിഞ്ഞത്.

മരണകാരണം വ്യക്തമല്ലെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. മരണം കൊളുത്തിവച്ച കോളിളക്കം നാട്ടിൽ സമരങ്ങളായി തുടർന്നു. ഒടുവിൽ മരണം നടന്ന് 17 ദിവസത്തിനു ശേഷം വീണ്ടും പോസ്റ്റ്മോർട്ടം. ആദ്യ പോസ്റ്റ്മോർട്ടത്തിനിടെ വയറിനുള്ളിൽ മറന്നുവച്ച കത്തി കണ്ടെത്തിയതൊഴിച്ചാൽ, ഇക്കുറിയും റിപ്പോർട്ട് അണുവിട മാറിയില്ല.

മറ നീക്കാത്ത ദുരൂഹതകൾ

കേസന്വേഷണം നടക്കുന്നതിനിടെ വീട്ടിലേക്ക് ഒരു ഊമക്കത്ത് എത്തി. ഏരൂരിലെ ഒരു ടാക്സി ഡ്രൈവറാണ് എഴുതിയതെന്നു പിന്നീടു വ്യക്തമായി. 24നു രാത്രി പഞ്ചായത്ത് ഓഫിസിലേക്കു കാറുമായി ചെല്ലാൻ പറഞ്ഞെന്നും ഒരുകൂട്ടം ആളുകൾ ചേർന്ന് ഒരാളെ താങ്ങിയെടുത്ത് കൊണ്ടുവരുന്നതു കണ്ട് വേഗം വണ്ടിയെടുത്തു പോയി എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്തു കൈമാറിയെങ്കിലും ടാക്സി ഡ്രൈവറെ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല.

അതേ രാത്രി വിജയന്റെ എതിർപക്ഷത്തു നിന്നിരുന്ന ഒരാളുടെ വീട്ടിൽ പാർട്ടി നടന്നിരുന്നുവെന്ന മൊഴിയും എവിടെയും കൊണ്ടില്ല. 23നു കാണാതായ വിജയൻ എവിടെപ്പോയെന്നതുൾപ്പെടെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കി.

മരണത്തിനു മൂന്നാഴ്ച മുൻപ് ബസ് അപകടത്തിൽ പരുക്കേറ്റ് വിജയൻ ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. അന്നു ചിലർ വിജയന്റെ വീട്ടിലെത്തി സമീപത്തുള്ള ബന്ധുക്കളുടെയടക്കം വിവരങ്ങൾ ശേഖരിച്ചു മടങ്ങിയതും ദുരൂഹമായി തുടർന്നു. വിജയന്റെ മരണത്തിനു പിന്നിലെ യഥാർഥ സംഭവങ്ങൾ അറിയാവുന്ന ആരൊക്കെയോ ഇപ്പോഴുമുണ്ടെന്നും അതിലാരെങ്കിലും വെളിപ്പെടുത്തലുമായി രംഗത്തുവരുമെന്നും താര പ്രതീക്ഷിക്കുന്നു.

കനൽവഴികളിൽ ഒറ്റയ്ക്ക്

വിജയൻ മരിക്കുമ്പോൾ താരയ്ക്കു 40 വയസ്സായിരുന്നു. മൂത്തമകൾ അന്ന് ഒൻപതാം ക്ലാസിൽ. ഇളയ മകൾക്കു പ്രായം 8. ഏഴിൽ പഠിക്കുന്ന മകനും ആറിൽ പഠിക്കുന്ന മകളും ഉൾപ്പെടെ 4 കുട്ടികൾ. വിജയന്റെ മരണം തളർത്തിയെങ്കിലും പിടിച്ചെഴുന്നേൽക്കാതെ താരയ്ക്ക് മറ്റു വഴികളില്ലായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ വന്നപ്പോൾ മക്കളെയും കൂട്ടി സെക്രട്ടേറിയറ്റ് പടിക്കൽ താര നിരാഹാരമിരുന്നു. ഒൻപതാം ദിവസം ആശുപത്രിയിലായ താരയെ കേസിൽ സ്പെഷൽ ഓഫിസറെ നിയമിക്കാമെന്ന ഉറപ്പുനൽകി അധികൃതർ തിരിച്ചയച്ചു.

സ്കൂൾ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത താരയ്ക്ക് കടമ്പകൾ വീണ്ടും കാലം കാത്തുവച്ചിരുന്നു. മൂത്തമകൾക്കൊപ്പം പിറ്റേവർഷം താര പത്താം ക്ലാസ് പരീക്ഷ എഴുതി. പരീക്ഷ പാസായ മകളെ ചേർത്തുപിടിച്ച് അഭിനന്ദിച്ച് താര നേരെ നടന്നത് തോറ്റവർക്കുള്ള ട്യൂഷൻ ക്ലാസിലേക്കാണ്. അടുത്ത വർഷം താര ജയിച്ചു. വിജയന്റെ മരണത്തിന്റെ പേരിൽ കിട്ടിയ ജോലിയിലേക്ക് എത്തിച്ചത് ആ വിജയമാണ്. 4 മക്കളെ വളർത്താനും കേസ് നടത്താനും ആ ജോലി മാത്രമായിരുന്നു താരയുടെ മൂലധനം.

നോവിന്റെ വ്യാഴവട്ടങ്ങൾ

അധികാരത്തിലെത്തിയാൽ പ്രതികളെ ഉറപ്പായും പിടിക്കുമെന്ന വാക്കു വിശ്വസിച്ച താരയും മക്കളും തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായത് പലതവണ. വിജയന്റെ മരണം കൊണ്ടുമാത്രം അധികാരത്തിന്റ രുചിയറിഞ്ഞവർ പക്ഷേ, താരയുടെ കണ്ണീരിനെ നിസ്സാരമായി മറന്നുകളഞ്ഞു. പ്രതീക്ഷിക്കാൻ പോലും ഒന്നുമുണ്ടായില്ല.

സംശയങ്ങളിൽ ഒന്നിലേക്കു പോലും അന്വേഷണത്തിന്റെ മുന നീണ്ടില്ല. സ്പെഷൽ ഓഫിസറുടെ അന്വേഷണവും അവസാനിച്ചതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി. സംഭവം കഴിഞ്ഞ് 4 വർഷം പിന്നിട്ടിരുന്നു അപ്പോൾ. ഒരു വർഷത്തിനു ശേഷം അപേക്ഷ ഹൈക്കോടതി തള്ളി.

പക്ഷേ, പിന്മാറാൻ താര ഒരുക്കമായിരുന്നില്ല. സഹായിക്കാൻ ആരുമില്ലാതിരുന്നിട്ടും നിശ്ചയദാർഢ്യത്തെ മാത്രം കൂട്ടുപിടിച്ച് അഴിഞ്ഞുലഞ്ഞ മുടിയുമായി സുപ്രീംകോടതി വരെ പോയി. വീണ്ടും കാത്തിരിപ്പിന്റെ 6 വർഷം. 

ഒടുവിൽ മരണം നടന്ന് 12–ാം വർഷം കേസിൽ എന്തു ചെയ്യാനാകുമെന്ന് കോടതി സിബിഐയോടു വിശദീകരണം തേടി. ഇത്രയും വർഷം കഴിഞ്ഞതിനാൽ ഇനി തെളിവുകൾ ഉണ്ടാവില്ലെന്നും അന്വേഷിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നുമുള്ള വിശദീകരണത്തിൽ ആ കേസ് ഫയൽ എന്നെന്നേക്കുമായി അടഞ്ഞു.

വിലാപങ്ങളുടെ ഒരു വ്യാഴവട്ടത്തിനിടെ മക്കളായ നിഷയെയും ഉഷയെയും സുഷയെയും പഠിപ്പിച്ച് അധ്യാപകരാക്കിയിരുന്നു, താര. കോടതിയോടു പൊരുതിത്തോറ്റ വീട്ടിൽനിന്നു മകൻ ഷമ്മി ഹൈക്കോടതി അഭിഭാഷകനുമായി. ‘വിജയതാര’യിൽ ജോലിക്കാരിക്കൊപ്പമാണ് താരയുടെ ജീവിതം. മക്കളുടെ അടുത്തേക്കു പോയാലും വിജയൻ ഉറങ്ങുന്ന മണ്ണിലേക്കുതന്നെ നേരമിരുട്ടും മുൻപ് മടങ്ങും. 

നിനച്ചിരിക്കാത്ത നേരത്ത് എത്തിയേക്കാവുന്ന മരണത്തെ മാത്രമേ ഇനി കാത്തിരിക്കുന്നുള്ളൂവെന്ന് താര പറയുന്നു. പക്ഷേ, നോവു കടഞ്ഞെടുത്ത ആയുസ്സിന്റെ ഇങ്ങേത്തലയ്ക്കൽ നിൽക്കുമ്പോഴും ഒരു നിമിഷത്തേക്കെങ്കിലും മുടി കോതിക്കെട്ടുന്നതിലും വലിയൊരു സ്വപ്നം താര കണ്ടിട്ടുണ്ടാവുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com