ADVERTISEMENT

പ്രശസ്തയായ ടെലിവിഷൻ അവതാരക കൊല്ലപ്പെടുന്നു. അന്വേഷണസംഘം രൂപീകരിച്ചു. പക്ഷേ, നീക്കങ്ങളിലും സാമർഥ്യത്തിലും എപ്പോഴും മുൻപിലായ കുറ്റവാളിയെ എങ്ങനെ പിടികൂടും? അന്വേഷണസംഘം കണ്ടെത്തിയ പോംവഴി ഇതായിരുന്നു: ഒരു കെണിയൊരുക്കുക, ക്ഷമാപൂർവം കാത്തിരിക്കുക. വിവേക് വിജയൻ എഴുതിയ ‘ഐ ലൈ ഇൻ വെയ്റ്റ്’ എന്ന കുറ്റാന്വേഷണ നോവലിന്റെ രത്നച്ചുരുക്കം ഇതാണ്.

തന്നെ ചക്രക്കസേരയിൽ ഉപേക്ഷിച്ച് മുന്നോട്ടുപോയ കാലത്തെയും ഇതുപോലെ വിവേക് വിജയൻ കെണിയിൽ വീഴ്ത്തി. ചലിക്കുന്ന ആത്മവിശ്വാസത്തോടെ ഇന്നു വിവേക് കൈവയ്ക്കാത്ത മേഖലകൾ കുറവ്. സംസ്കൃതം, ജ്യോതിഷം, വേദപഠനം, സാഹിത്യം, വിവർത്തനം... എല്ലാം ഉള്ളംകയ്യിലെ നെല്ലിക്കകൾ. കെണിയിൽ വീണ കാലം ഇന്നു പിറകിലാണ്. അറിവിന്റെ വേഗംകൊണ്ട് വിവേക് ഏറെ മുൻപിലും.

സസ്പെൻസ്

കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയരുടെ ചെറുമകനായ വിവേകിന്റെ ജീവിതം ഒന്നര വയസ്സുവരെ സാധാരണ നിലയിലായിരുന്നു, ‘മസ്കുലർ അട്രോഫി’ എന്ന രോഗം ബാധിക്കും വരെ. ശരീരപേശികൾ ക്ഷയിച്ചുപോകുന്ന അസുഖം വന്നതോടെ പരസഹായമില്ലാതെ ചലനം അസാധ്യമായി. കാലം കാത്തുവച്ച ആദ്യ സസ്പെൻസ്; ഏറെ സങ്കടപ്പെടുത്തുന്നതും.

ചെന്നൈയിൽ താമസിച്ച കുടുംബം ചികിത്സാർഥം നാട്ടിലേക്കു വന്നു. കോട്ടയ്ക്കലിലെ കൈലാസ മന്ദിരത്തിൽ താമസമാക്കി. വർഷങ്ങളോളം മികച്ച ആയുർവേദ ചികിത്സകൾ തുടർന്നപ്പോൾ ചക്രക്കസേരയുടെ സഹായത്തോടെ സഞ്ചരിക്കാമെന്നായി. കോട്ടയ്ക്കൽ എൻഎസ്എസ് സ്കൂളിലായിരുന്നു ഹയർസെക്കൻഡറി വരെ പഠനം. കൂട്ടുകാർ മൈതാനത്തു ക്രിക്കറ്റ് കളിക്കുമ്പോൾ പുറത്ത് വിവേക് കമന്റേറ്ററാകും. അടിക്കുന്ന സിക്സറിനെക്കാൾ ഗംഭീരമായ വർണനകൾ നടത്തും.

പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും കാലത്തിന്റെ രണ്ടാമത്തെ സസ്പെൻസിൽ വിവേക് പ്ലസ് ടു കണക്ക് പരീക്ഷയിൽ തോറ്റു. ജീവിതത്തെക്കുറിച്ചു പുനർവിചിന്തനം നടത്താൻ പ്രേരിപ്പിച്ച സംഭവവും ഇതായിരുന്നു.

ജീവിതം സസ്പെൻസ് ത്രില്ലറാകുമ്പോൾ അതിൽ നായകവേഷം തന്നെ കിട്ടണമെന്ന വാശി വന്നതും ഇതിനുശേഷമാണ്. നഷ്ടമായ പേപ്പർ എഴുതിയെടുത്ത് വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രിക്കു ചേരലായിരുന്നു ആദ്യപടി. വർഷത്തിലൊരിക്കലേ പരീക്ഷയുള്ളൂ. സമയം ഇഷ്ടംപോലെ. ജ്യോതിഷ പഠനത്തിലേക്കു തിരിയുന്നതും ഇക്കാലത്തു തന്നെ.

ജാതകവശാൽ

ഭാവി പ്രവചനമല്ല, സ്വന്തം ഭാവി നിർമിച്ചെടുക്കാനാണ് ജ്യോതിഷ പഠനത്തിലൂടെ വിവേക് ലക്ഷ്യമിട്ടത്. അമ്മയുടെ അച്ഛൻ കെ.ജി.വാരിയർ ആയിരുന്നു ഗുരു. പഠിച്ച് സ്വന്തം ജാതകം പരിശോധിച്ചപ്പോൾ മൂന്നു കാര്യങ്ങളാണു വിവേകിനു വെളിപ്പെട്ടു കിട്ടിയത്. 1.ആരോഗ്യം അത്ര പന്തിയായിരിക്കില്ല, 2. ഭാഷ, സാഹിത്യമേഖലയിലായിരിക്കും പ്രാവീണ്യം. 3.കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവുണ്ടായിരിക്കും.

ജ്യോതിഷം സംസ്കൃത പഠനത്തിലേക്കും വേദ, ഉപനിഷദ് പഠനത്തിലേക്കും വഴികാട്ടി. ഇന്നു സംസ്കൃതത്തിൽ ഒട്ടേറെ ശിഷ്യരുള്ള അധ്യാപകനാണ് ഈ മുപ്പത്തഞ്ചുകാരൻ. മലയാളം, ഇംഗ്ലിഷ്, സംസ്കൃതം എന്നീ ഭാഷകൾ വശത്താക്കിയ ശേഷം നിലവിൽ കൊറിയൻ ഭാഷയിലാണു കണ്ണ്. ശങ്കരദർശനത്തിന് ഭാഷ്യം, മുത്തച്ഛൻ പി.കെ.വാരിയരുടെ ആത്മകഥ ‘സ്മൃതിപർവത്തിന്റെ’ ഇംഗ്ലിഷ് പരിഭാഷ എന്നിവയാണ് ഇപ്പോൾ വിവേക് മുൻകൂട്ടിക്കാണുന്നത്.

എഴുത്തുവഴി

വേദപഠനവും ക്രൈം ത്രില്ലർ രചനയും; കേൾക്കുമ്പോൾ മോരും മുതിരയും പോലെ തോന്നുമെങ്കിലും വൈവിധ്യമാണു വിവേകിന്റെ വഴി. കടുത്ത ഷെർലക് ഹോംസ് ആരാധകന്റെ ആദ്യ പുസ്തകം കുറ്റാന്വേഷണമായില്ലെങ്കിലല്ലേ അദ്ഭുതപ്പെടാനുള്ളൂ. സംവിധായകൻ ജയരാജിന്റെ പ്രോത്സാഹനത്തിൽ ഒരു തിരക്കഥാ രൂപത്തിലാണ് ആദ്യം എഴുതിയത്. മലയാളത്തിലെഴുതിയ തിരക്കഥ പിന്നീട് ഇംഗ്ലിഷ് നോവൽ രൂപത്തിലേക്കു (ഐ ലൈ ഇൻ വെയ്റ്റ്) മാറ്റിയെഴുതിയതും വിവേക് തന്നെ. 

വികെഎന്നും പൊറ്റെക്കാട്ടുമാണ് ഇഷ്ട മലയാള സാഹിത്യകാരന്മാർ. ഏതു പ്രതിസന്ധിയെയും ഒരു വികെഎൻ ചിരി മുഖത്തൊളിപ്പിച്ചു നേരിടാനുള്ള ആത്മവിശ്വാസം ഈ യുവാവ് നേടിക്കഴിഞ്ഞിരിക്കുന്നു. പണ്ട് വീട്ടുമുറിയിലെ കംപ്യൂട്ടറിലൂടെ മാത്രം ലോകത്തിന്റെ ചലനങ്ങൾ കണ്ടുകൊണ്ടിരുന്ന പയ്യൻ, ഇന്നു നാട് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നയാളായി വളർന്നതിനു കാരണവും അതുതന്നെ. 

നേട്ടങ്ങൾക്കല്ലാം സ്വന്തം കുടുംബത്തോടാണ് വിവേക് നന്ദി പറയുന്നത്. ആത്മീയാചാര്യനായ ശ്രീ എം ആണ് വിവേകിനെ ഏറ്റവും സ്വാധീനിച്ച വ്യക്തി. പരേതനായ കെ.വിജയൻ വാരിയരാണ് അച്ഛൻ. അമ്മ രതി വിജയൻ. ദീപക് വിജയൻ സഹോദരനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com