ADVERTISEMENT

ഒരാൾ ആത്മകഥ എഴുതിയാൽ അതു രണ്ടു പേരുടേതാകുന്ന  മാജിക് ആണ് ഈ ഇരട്ട സഹോദരങ്ങളുടേത്. അത്രയേറെ സാമ്യമുണ്ട് കാഴ്ചപരിമിതരായ ഹബീബ്, അക്ബർ എന്നീ ഇരട്ട സഹോദരങ്ങളുടെ ജീവിതത്തിന്. പഠനം, ജോലി, താമസം, സംഗീതം, എഴുത്ത്, ഹോബി, വേഷം തുടങ്ങി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ സാമ്യം അറിഞ്ഞോ അറിയാതെയോ ഇവരെ പിന്തുടരുന്നു. കാഴ്ചയുടെ അപാരസാധ്യതകളുമായി ജനിച്ചവർ അതിനെ എത്രമാത്രം പ്രയോജനപ്പെടുത്തി എന്ന ചോദ്യത്തിനു മുന്നിൽ വലിയ ഉത്തരമായി മാറുകയാണ് ഈ സഹോദരങ്ങൾ.

അദ്ഭുത ജനനം

1982 മാർച്ച് 23ന് ആണ് വയനാട് വൈത്തിരി സ്വദേശി ചുള്ളിയിൽ കുഞ്ഞഹമ്മദ്കുട്ടിയുടെ ഭാര്യ ഹവ്വ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. പൂർണ വളർച്ച എത്താത്തതിനാൽ ‘രക്ഷപ്പെടില്ല’ എന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും അദ്ഭുതകരമായിരുന്നു ഇവരുടെ ജനനം. ജനിച്ച് 56–ാം ദിവസവും മുഖത്തുനോക്കി ചിരിക്കുന്നില്ലെന്നു മനസ്സിലാക്കിയതോടെയാണ് രണ്ടു പേർക്കും കാഴ്ചയില്ലെന്നു മാതാവു തിരിച്ചറിഞ്ഞത്. 

1987ൽ കോഴിക്കോട് റഹ്മാനിയ സ്കൂളിലെ അധ്യാപകൻ എച്ച്.മുഹമ്മദ് ഹനീഫ ഹബീബിനെയും അക്ബറിനെയും കാണാൻ വന്നു. പഠിക്കാൻ കുട്ടികളെ റഹ്മാനിയ സ്കൂളിലേക്ക് അയയ്ക്കണമെന്ന് ഉപ്പയോട് ആവശ്യപ്പെട്ടെങ്കിലും കുട്ടികളെ വിട്ടുനിൽക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല രക്ഷിതാക്കൾ.

പിന്നെയും മൂന്നു വർഷം കഴിഞ്ഞ് ഉമ്മ എടുത്ത ധീരമായ തീരുമാനമാണ് ഇരട്ട സഹോദരങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായത്.

ഇനിയും മക്കളെ സ്കൂളിലേക്ക് അയച്ചില്ലെങ്കിൽ അവർ ജീവിതത്തിൽ പരാജയപ്പെടുമെന്നു തിരിച്ചറിഞ്ഞ ഉമ്മ അവരെ റഹ്മാനിയ സ്കൂളിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. സ്വന്തമായി കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള ഒരാഴ്ചത്തെ പ്രത്യേക പരിശീലനം നൽകിയാണ് അംഗപരിമിതർക്കുള്ള റഹ്മാനിയ സ്കൂളിൽ ചേർത്തത്. 

മാർക്കിലും സാമ്യം; റാങ്കിലും

ഏഴാം ക്ലാസ് വരെ റഹ്മാനിയ സ്കൂളിൽ ഒരേ ക്ലാസിൽ പഠിക്കുകയും ഒരേ മുറിയിൽ താമസിക്കുകയും ചെയ്ത ഹബീബും അക്ബറും എട്ടാം ക്ലാസിൽ തരിയോട് നിർമല ഹൈസ്കൂളിൽ ചേർന്നു. മറ്റു കുട്ടികളോടൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ച രണ്ടു പേർക്കും എസ്എസ്എൽസിക്ക് ഒരേ മാർക്കാണു ലഭിച്ചത് – 550. പ്ലസ് ടു ഹ്യുമാനിറ്റീസിന് പിണങ്ങോട് ഡബ്ല്യുഎംഒ സ്കൂളിൽ അപേക്ഷിച്ചെങ്കിലും അവിടെ ബാച്ച് അനുവദിച്ചിരുന്നില്ല. ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹബീബും അക്ബറും മുഖ്യമന്ത്രിയായിരുന്ന നായനാർക്കു നൽകിയ അപേക്ഷ പ്രകാരമാണ് ഇവിടെ ബാച്ച് അനുവദിച്ചതും പ്രവേശനം നേടിയതും.

ഇംഗ്ലിഷ് ബിരുദത്തിന് രണ്ടു പേരും കോഴിക്കോട് ഫാറൂഖ് കോളജിലാണ് പഠിച്ചത്. ഫൈനൽ ഫലം വന്നപ്പോൾ രണ്ടു പേർക്കും റാങ്ക്. ഹബീബിന് ഒന്നാം റാങ്കും അക്ബറിന് മൂന്നാം റാങ്കും. ബിരുദ പഠനത്തിനിടെയാണ് അന്നത്തെ പ്രിൻസിപ്പലായിരുന്ന മുബാറക് പാഷയുടെ ശ്രമഫലമായി ഡൽഹി ഫൗണ്ടേഷൻ ഫോർ അക്കാദമിക് എക്സലൻസ് ആൻഡ് ആക്സസ് ഏജൻസിയുടെ സ്കോളർഷിപ് ലഭിച്ചത്. കാഴ്ചപരിമിതർക്കു പഠിക്കാൻ സഹായകമായ കംപ്യൂട്ടറുകൾ ഫൗണ്ടേഷൻതന്നെ രണ്ടു പേർക്കും സമ്മാനിച്ചു. ഫാറൂഖിൽത്തന്നെ ഇംഗ്ലിഷിൽ പിജി പഠിക്കാൻ കാരണവും ഈ സൗകര്യമായിരുന്നു. 2004ൽ ഫൗണ്ടേഷൻ ഇന്ത്യയിൽനിന്നു തിരഞ്ഞെടുത്ത 50 പ്രതിഭകൾക്ക് അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമുമായി സംവദിക്കാൻ അവസരം നൽകിയിരുന്നു. ഇതിനായി കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരായിരുന്നു ഹബീബും അക്ബറും. 

ഹബീബ് ഫാറൂഖ് കോളജിൽത്തന്നെ ഇംഗ്ലിഷ് താൽക്കാലിക അധ്യാപകനായപ്പോൾ അക്ബർ മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി. തുടർന്ന് ഹബീബ് ഫാറൂഖ് കോളജിൽ സ്ഥിരം അധ്യാപകനായപ്പോൾ അക്ബറിന് പിഎസ്‌സി വഴി അരീക്കോട് സുല്ലമുസ്സലാം കോളജിലും തുടർന്ന് കൽപറ്റ ഗവ. കോളജിലും നിയമനം ലഭിച്ചു. ഇപ്പോൾ മലപ്പുറം ഗവ. കോളജിലെ അധ്യാപകനാണ് അക്ബർ.

കാഴ്ചപരിമിതരുടെ വിഷയമാണ് രണ്ടു പേരും ഗവേഷണത്തിനു തിരഞ്ഞെടുത്തത്. ‘മുഖ്യധാരാ സാഹിത്യത്തിൽ കാഴ്ചപരിമിതരുടെ പ്രതിനിധാനം’ എന്ന വിഷയത്തിൽ ഡോ. ടി.വി.പ്രകാശിനു കീഴിൽ പിഎച്ച്ഡി നേടിയ ഹബീബ് ഇപ്പോൾ കാലിക്കറ്റിലെ റിസർച് സൂപ്പർവൈസറാണ്. ‘കാഴ്ചപരിമിതരുടെ ആത്മകഥകളിലെ സർഗാത്മകതയും സൗന്ദര്യശാസ്ത്രവും’ എന്ന വിഷയത്തിൽ ഡോ. വിലായത്തുല്ലയുടെ കീഴിൽ ഗവേഷണം നടത്തുകയാണിപ്പോൾ അക്ബർ. കാലിക്കറ്റ് സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമാണെന്ന പ്രത്യേകതയുമുണ്ട് ഇവർക്ക്. അക്ബർ പിജി ബോർഡിലും ഹബീബ് യുജി ബോർഡിലുമാണ് അംഗങ്ങൾ. ഇതിനിടെ പഠനകാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിലും ഇരുവരും സജീവമായി ഇടപെടുകയും മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

‘ഞങ്ങൾ മനുഷ്യരെയാണ് വിളിച്ചത്, നിങ്ങളെയല്ല’

വിവാഹാന്വേഷണത്തെക്കുറിച്ചു പറയുമ്പോൾ ദുരനുഭവങ്ങളുടെ നീണ്ടകഥയാണ് രണ്ടു പേർക്കും പങ്കുവയ്ക്കാനുള്ളത്. പത്രത്തിൽ പരസ്യം കണ്ടു വിളിക്കുന്നവരുടെ പെരുമാറ്റങ്ങൾ ഏറെ വേദനിപ്പിച്ചുവെന്ന് ഇരുവരും പറയുന്നു. സ്ത്രീധനരഹിത വിവാഹമാണെന്നറിഞ്ഞ് ഏറെ താൽപര്യത്തോടെയാണ് പലരും വിളിക്കുക. വിളിക്കുന്നവരിൽ ഭൂരിഭാഗം പേരും, വരന്മാർ കാഴ്ചയില്ലാത്തവരാണെന്ന കാര്യം വായിക്കാൻ മറന്നുപോയിരുന്നു. വരനു കാഴ്ചയില്ലെന്നറിഞ്ഞ പലരും പരിഹസിക്കുക വരെ ചെയ്തു. ‘ഞങ്ങൾ മനുഷ്യരെയാണു വിളിച്ചത്, നിങ്ങളെയല്ല..’ എന്ന രീതിയിലായിരുന്നു പ്രതികരണം. എല്ലാം ഇപ്പോഴത്തെ നല്ല ബന്ധങ്ങൾക്കുള്ള വഴികളായിരുന്നുവെന്ന് ആലോചിക്കുമ്പോൾ ഇരുവർക്കും സമാധാനം. 

2012ൽ ആണ് അക്ബർ കൊണ്ടോട്ടി മുസല്യാരങ്ങാടി സ്വദേശിനിയും എംകോം നെറ്റ് ഹോൾഡറുമായ റജുലയെ വിവാഹം കഴിച്ചത്. ഇവർക്കു രണ്ടാം ക്ലാസിൽ പഠിക്കുന്ന ആഷ്ന എന്ന മകളുണ്ട്. 2013ൽ ഹബീബ് കൊഴക്കോട്ടൂർ സ്വദേശിനിയും പാണ്ടിക്കാട് ഗവ. എച്ച്എസ്എസിലെ അധ്യാപികയുമായ റുക്സാനയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ. ആമിർ സയാനും അമൻ സിദാനും.

ഏറ്റവും അടുത്ത കൂട്ടുകാരൻ ആരെന്ന ചോദ്യത്തിനു രണ്ടു പേർക്കും ഒറ്റ ഉത്തരമേയുള്ളൂ. അക്ബറിന് ഹബീബും ഹബീബിന് അക്ബറും. ജോലി രണ്ടു സ്ഥലത്താണെങ്കിലും ഒരിക്കലും പിരിഞ്ഞിരിക്കാൻ സാധിക്കാത്തതിനാലാണ് രണ്ടു പേരും മൊറയൂരിൽ അടുത്തടുത്ത വീടുകളിൽ താമസമാക്കിയത്.

അക്ബറിന്റെ ഹാർമോണിയം, ഹബീബിന്റെ തബല

ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അധ്യാപികയും റേഡിയോ ആർട്ടിസ്റ്റുമായ ഉഷ നാരായണൻ രണ്ടു പേരുടെയും പാട്ടിലുള്ള കഴിവു തിരിച്ചറിഞ്ഞത്. തുടർന്ന് പരിശീലനം നൽകി. അക്ബർ ഹാർമോണിയവും ഹബീബ് തബലയും വായിക്കാൻ പഠിച്ചു. റഹ്മാനിയയിലെ അധ്യാപകനായ അലി ബാപ്പുട്ടിയാണ് ഗസലുകളുടെ ലോകത്തേക്ക് ഇവരെ വഴിനടത്തിയത്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ യുവജനോത്സവങ്ങളിലെ താരങ്ങളായിരുന്നു ഇരുവരും. ലളിതഗാനം, മാപ്പിളപ്പാട്ട്, കാവ്യകേളി, ദേശഭക്തിഗാനം, അക്ഷരശ്ലോകം, വൃന്ദവാദ്യം തുടങ്ങിയ ഇനങ്ങളിലെല്ലാം മത്സരിച്ചു സമ്മാനം നേടി. 1999ൽ കൊല്ലത്തു നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഗാനമേളയ്ക്കു സമ്മാനം ലഭിച്ചപ്പോൾ ഹാർമോണിയവും തബലയും വായിക്കുക മാത്രമല്ല, പ്രധാന ഗായകരും ഇരട്ട സഹോദരങ്ങൾ തന്നെയായിരുന്നു.1997ൽ യേശുദാസിന്റെ അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരമായി ഇരുവരും ഓർക്കുന്നു. 

കോളജിൽ എത്തിയതോടെ സംഗീതത്തോടൊപ്പം  എഴുത്ത്, പ്രസംഗം തുടങ്ങിയവയിലും ഇവർ തിളങ്ങി. ആകാശവാണിയിൽ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ച രണ്ടു പേരുടെയും പരിശീലനത്തിൽ‌ പിന്നീട് ഒട്ടേറെപ്പേർ കലോത്സവങ്ങളിൽ സമ്മാനങ്ങളും നേടിയിട്ടുണ്ട്. അത്യപൂർവമായ രണ്ടായിരത്തോളം മാപ്പിളപ്പാട്ടുകൾ ഇവർ ശേഖരിച്ചിട്ടുണ്ട്. കാഴ്ചപരിമിതരും ഗായകരുമായ ജലീൽ പരപ്പനങ്ങാടി, ജയ്സൽ, കെ.ടി. ഷിഹാബുദ്ദീൻ എന്നിവരാണ് ഈ യജ്ഞത്തിന് ഇവരുടെ കൂട്ട്.

ഫാറൂഖ് കോളജിലെ യുജിസി പദ്ധതിയുടെ ഭാഗമായി ഹബീബ് ഇന്ത്യയിലെ കാഴ്ചപരിമിതരുടെ സാഹിത്യ സൃഷ്ടികൾ സമാഹരിച്ചു പുസ്തകമാക്കിയിട്ടുണ്ട്. ഇന്ത്യയിൽത്തന്നെ ഇത്തരത്തിലുള്ള ആദ്യ ഉദ്യമമായിരുന്നു ഈ സമാഹാരം. ചെസും ക്രിക്കറ്റും നന്നായി കളിക്കുന്ന ഹബീബ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെ ദൃക്സാക്ഷി വിവരണം പറയുന്നതിലും മിടുക്കനാണ്.

സംഘടനാ രംഗത്തും സാമൂഹികസേവന രംഗത്തും സജീവമാണ് ഈ ഇരട്ട സഹോദരങ്ങൾ. ഹബീബ് കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും അക്ബർ അധ്യാപക ഫോറത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. 

സിനിമയിലും സാഹിത്യത്തിലും കാഴ്ചപരിമിതർ യഥാർഥ അർഥത്തിൽ അവതരിപ്പിക്കപ്പെടുന്നില്ല എന്നാണ് ഇരുവരുടെയും പക്ഷം. എഴുത്തുകാരന്റെ സങ്കൽപത്തിനനുസരിച്ച് കാഴ്ചപരിമിതരെ മഹത്വവൽക്കരിക്കാനോ അല്ലെങ്കിൽ ഇകഴ്ത്താനോ വേണ്ടിയുള്ള ശ്രമങ്ങളാണ് പല സിനിമകളിലും രചനകളിലും നടക്കുന്നതെന്ന് ഇവർ പറയുന്നു. കാഴ്ചപരിമിതരുടെ യഥാർഥ അനുഭവം ആരും ആവിഷ്കരിക്കുന്നില്ലെന്നാണ് ഇവരുടെ പരിഭവം.

English Summary: Habeeb and Akbar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com