ADVERTISEMENT

‘‘ഇത്രയും ഭയങ്കരമായൊരു കല്യാണം ഈ നാട്ടിൽ ഇതിനു മുൻപു നടന്നിട്ടുണ്ടാവാൻ പാടില്ല. അതാണ് എന്റെ ആവശ്യം.’’

വെടിക്കാരൻ ചാണ്ടിയുടെ വീട്ടിലെ വീട്ടിക്കസേരയിലിരുന്ന് മണ്ണുപാറ സുബിൻ പറഞ്ഞു.

‘‘സുബിൻ വിചാരിച്ചതാണോ, അതങ്ങ് നടക്കും. അത്രയേ ഉള്ളൂ.’’ ചാണ്ടിക്കു സംശയമില്ല.

‘‘അതത്രയേ ഉള്ളൂ. എന്നാലും ചാണ്ടിച്ചേട്ടാ, ആവശ്യത്തിനുള്ള ചന്ദനം കിട്ടാനില്ല.’’ സുബിൻ തന്റെ വിഷമം പറഞ്ഞു.

‘‘അതെന്തിനാ ഇതിനുമാത്രം ചന്ദനം?’’

‘‘അതോ, കട്ടില് ചന്ദനത്തിന്റേതു വേണം. അലമാര ചന്ദനത്തിന്റേതു വേണം. പെട്ടി ചന്ദനത്തിന്റേതു വേണം. എന്റെ മകളുടെ ഓരോ ആഗ്രഹങ്ങളല്ലേ. ഫർണിച്ചറ് മാത്രമല്ല, കല്യാണത്തിനു വരുന്നവർക്കു മുഴുവൻ കുറിതൊടണം. പന്തലിൽ ചന്ദനപ്പുകയിടണം. ചന്ദനമാണ് കല്യാണത്തിന്റെ തീം.” അതു പറയുമ്പോൾ ‍സുബിൻ തലയൊന്ന് പൊക്കിപ്പിടിച്ചു. 

‘‘ഇതൊക്കെ ആരാ നിശ്ചയിച്ചെ?’’ വെറുതേ പണിയുണ്ടാക്കുന്ന ഈ തീമിടപാട് കേട്ടപ്പോൾ ചാണ്ടി‍ ചോദിച്ചു.

‘‘എന്റെ മകള് ഗജയും അവളുടെ അമ്മ തിത്തിപ്പെണ്ണും. ഇങ്ങനത്തെ ഓരോന്നുണ്ടാക്കാൻ അവരു പണ്ടേ കേമികളാണല്ലോ.’’ സുബിൻ അത്ര വെളുപ്പില്ലാത്ത ഒരു ചിരി ചിരിച്ചു.

‘‘സംഗതിയൊക്കെ കൊള്ളാം, നല്ല തീം. അപ്പോ കൂരാച്ചിമലയിൽ നിൽക്കുന്ന ആ ഒറ്റച്ചന്ദനം മുഴുവൻ വേണ്ടിവരുമല്ലോ?’’ ചാണ്ടി‍ കണക്കുകൂട്ടി പറഞ്ഞു. 

‘‘ഉം വേണ്ടിവരും, വേണ്ടിവരും.’’ സുബിൻ തലയാട്ടി.

‘‘പക്ഷേ സുബിനേ, പക്കം നോക്കണം. കറുത്തപക്കത്തിലേ മുറിക്കാൻ പറ്റുകയുള്ളൂ.’’

‘‘നോക്കിക്കോ ചാണ്ടിച്ചേട്ടാ. കല്ല്യാണത്തിന് ഇനിയും ദിവസമുണ്ടല്ലോ. ഞാൻ നേരത്തേ പറഞ്ഞെന്നേയുള്ളൂ. സാധനം കിട്ടിയാ മതി.’’ സുബിൻ എഴുന്നേറ്റുനിന്ന് ചാണ്ടിക്കു കൈകൊടുത്തു.

കറുത്തപക്കം വന്നപ്പോൾ ഒരു ചൊവ്വാഴ്ച ചാണ്ടിയും മൂന്നു പണിക്കാരും കൂടി യന്ത്രവാളും സാമഗ്രികളുമൊക്കെയെടുത്ത് കാടുകയറി. പുൽമേടും വള്ളിക്കാടും കാട്ടുതാളിൻ‍ചതുപ്പുമൊക്കെ കടന്ന് അവർ കൂരാച്ചിമലയിലേക്കു നടന്നു. 

എണ്ണിയാൽ പതിനായിരത്തിലധികം വരുന്ന മിന്നാമിനുങ്ങുകൾ ഒറ്റച്ചന്ദനത്തിലങ്ങനെ പല താളത്തിൽ തെളിയുകയും കെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് കണ്ണിൽകുത്തിയാലറിയാത്ത ഇരുട്ടാണെങ്കിലും മലയുടെ താഴെയെത്തിയപ്പോഴേ ചാണ്ടിക്കും കൂട്ടർക്കും ഒറ്റച്ചന്ദനമരം കാണാൻ പറ്റി.

‘‘ഇതെന്നാടാ ഒറ്റച്ചന്ദനത്തിൽ മാത്രം കണ്ടമാനം മിന്നാമിനുങ്ങ് കാണുന്നത്?’’ ചാണ്ടി പണിക്കാരോടു ചോദിച്ചു.

‘‘അതൊക്കെ എന്നാ കൂത്താന്ന് ആർക്കറിയാം മുതലാളീ?” പണിക്കാരന് അറിയത്തില്ലെങ്കിലും കാട്ടിലുള്ള എല്ലാവർക്കും അത് അറിയാമായിരുന്നു.

കൂരാച്ചിമലയിലെ എല്ലാ മരങ്ങളെയും ചെടികളെയും മണ്ണിനടിയിലൂടെ പോകുന്ന വേരുകൾകൊണ്ട് മുട്ടിയുരുമ്മി  താലോലിക്കുന്ന മുത്തശ്ശിയാണ് ഒറ്റച്ചന്ദനം. മാത്രമല്ല, കാട്ടിലൂടെ നടക്കുകയും പറക്കുകയും ഇഴയുകയും ചെയ്യുന്നവരോടെല്ലാം മുത്തശ്ശി ഓരോന്നു ചോദിക്കുകയും പറയുകയും ചെയ്യും. അവരുടെയെല്ലാം വിഷമങ്ങൾ കേട്ട് ആശ്വസിപ്പിക്കുന്ന ആളായിരുന്നു ചന്ദനമുത്തശ്ശി. 

എല്ലാവർക്കും വേണ്ടപ്പെട്ട ആ മുത്തശ്ശിയുടെ പിറന്നാളായിരുന്നു അന്ന്. പിറന്നാൾമുത്തശ്ശിക്കു മാല ചാർത്താൻവേണ്ടി വന്നതാണ് മിന്നാമിനുങ്ങുകൾ.

ചന്ദനമുത്തശ്ശിയുടെ പിറന്നാളല്ലേ, ചുമ്മാ അവിടംവരെയൊന്നു പോയിനോക്കാമെന്നു പറഞ്ഞാണ് കൊമ്പില്ലാക്കൊമ്പനും കടുവയും കൂരാച്ചിമലയിലേക്കു നടന്നത്.  

ഈ കാര്യമൊന്നുമറിയാതെ ചാണ്ടിയും പണിക്കാരും ഒറ്റച്ചന്ദനത്തിന്റെ അടുത്തെത്തി. മൈതാനവട്ടത്തിൽ കൊമ്പുകൾ പടർത്തി ആടിയുലഞ്ഞുനിൽക്കുന്ന ചന്ദനമുത്തശ്ശിയെ അവർ നെറ്റിവിളക്കിന്റെ വെട്ടത്തിൽ ഒന്നു ചുറ്റിയടിച്ചു നോക്കി.

നെറ്റിവിളക്കിന്റെ കൊലയാളിവെട്ടം കണ്ടതോടെ മിന്നാമിനുങ്ങുകളെല്ലാം പേടിച്ചു കെട്ടുപോയി. അവർ ചിറകൊക്കെ ഒതുക്കി മുത്തശ്ശിയോടു പറ്റിച്ചേർന്നിരുന്നു.

‘‘അവിടെയെന്തോ പ്രശ്നമുണ്ടല്ലോടാ, ച്ചിരി വേഗത്തിൽ നടക്ക്.” മിന്നാമിനുങ്ങുകൾ കെട്ടുപോയതു കണ്ടപ്പോൾ  കൊമ്പില്ലാക്കൊമ്പനോട് കടുവ പറഞ്ഞു.

‘‘എടാ, ആദ്യം കയറുകെട്ടി കൊമ്പെല്ലാം മുറിച്ചിറക്കണം. ഒറ്റക്കഷണം പോലും കളയാൻ പാടില്ല.’’

ചാണ്ടി‍ പറഞ്ഞതു കേട്ടതേ പണിക്കാർ മരത്തിന്റെ മുകളിൽ കയറി കൊമ്പുകൾ വലിച്ചുകെട്ടി.‍

ഇനി കൊമ്പുകൾ മുറിക്കണം. അതിനുവേണ്ടി എമർജൻസി വിളക്കിന്റെ വെളിച്ചത്തിൽ അറക്കവാൾ സ്റ്റാർട്ടാക്കി. വാളങ്ങനെ മുരളാൻ തുടങ്ങുമ്പോൾ ചാണ്ടിക്കങ്ങോട്ടു പിരിയത്തം കയറും.

‘‘കേറി മുറിച്ചങ്ങോട്ടിടെടാ മറ്റോൻമാരേ.’’

‘‘ചാണ്ടിച്ചൻ മുതലാളീ, ഒരു കടുവേടെ മുരൾച്ച കേട്ടതുപോലെ തോന്നിയല്ലോ?’’ വാളുപണിക്കാരനു സംശയം. 

‘‘ഏയ്, അത് ഈ ‍ടൈഗർവാളിന്റെ മുരൾച്ചയാടാ. നീ പണിയിൽ ശ്രദ്ധിക്ക്.’’ ചാണ്ടിക്കു പിരിയത്തം കൂടുകയാണു ചെയ്തത്. വാളുപണിക്കാരൻ പാങ്ങുനോക്കി ചന്ദനത്തിന്റെ ചുവട്ടിലെത്തി. പെട്ടെന്ന് ഒരു കല്ലുവന്ന് എമർജൻസി വിളക്ക് തകർത്തു തരിപ്പണമാക്കി. 

‘‘അയ്യോ, എന്താ അത്?’’ ഒരു പണിക്കാരൻ നെറ്റിയിലെ ടോർച്ചു തെളിച്ചുകൊണ്ട് ചോദിച്ചു.

അയാളൊന്നു വട്ടംകറങ്ങി നോക്കി. പക്ഷേ, ആ നോട്ടം വട്ടമെത്തുന്നതിനു മുൻപ് അയാൾ വായുവിലേക്കു  പൊങ്ങിയിരുന്നു. ചന്ദനക്കൊമ്പിൽ കെട്ടിയ കയറിൽ അയയിലിട്ടതുപോലെ അയാളെ തൂക്കിയിട്ടതാരാണെന്നും  നെറ്റിവിളക്കു പറിച്ച് ദൂരേക്കെറിഞ്ഞതാരാണെന്നും പണിക്കാർ‍ക്കു മനസ്സിലായില്ല. പക്ഷേ, ചാണ്ടിക്കു മനസ്സിലായി, അത് ഒരാനയാണ്. 

എങ്ങോട്ടാണ് ഓടേണ്ടതെന്നോ എവിടെയാണ് കയറേണ്ടതെന്നോ ചാണ്ടിക്കും പണിക്കാർക്കും എത്തുംപിടിയും കിട്ടിയില്ല. ചുറ്റുമുള്ള ഇരുട്ടുപോലെ ആനയങ്ങനെ നിറഞ്ഞുനിൽക്കുകയാണ്. പണിക്കാരന്റെ കയ്യിൽനിന്നു തെറിച്ചുവീണ അറക്കവാള് ക്രേേേ...ന്ന് അലറുന്നുണ്ട്.

അതിനു മുകളിൽ ഒരു കടുവയുടെ മുരൾച്ച കേൾക്കുന്നുണ്ടല്ലോ. പണിക്കാരൻ പറഞ്ഞതു സത്യമാണെന്ന് ചാണ്ടിക്കു തോന്നി. ആ തോന്നൽ ബലപ്പെടുന്നതിനു മുൻപ് അറക്കവാൾ അടുത്തേക്കു വരുന്നെന്ന തോന്നലുമുണ്ടായി. 

താഴെ വീഴാതിരിക്കാൻ കയറിൽ പിടിച്ചുകിടന്ന പണിക്കാരൻ അറക്കവാളിന്റെ ഒച്ച മാത്രമാണു കേട്ടത്. താഴെ എന്തൊക്കെയോ നടക്കുന്നുണ്ട്. ഇനിയിപ്പോൾ നേരം വെളുത്താലേ, എന്തെങ്കിലും അറിയാൻ പറ്റൂ. അയാൾ പിടിവിടാതിരിക്കാൻ കയറിൽ മുറുക്കിപ്പിടിച്ചു.

ചാണ്ടി ചന്ദനവുംകൊണ്ടു വരുന്നതു കാത്തുകാത്തിരിക്കുകയാണ് സുബിൻ.  

‘‘അതേ, കല്യാണം ദാന്നു പറയുമ്പോ ഇങ്ങെത്തും. ചന്ദനത്തിന്റെ കാര്യത്തിൽ നിങ്ങക്കെന്താന്നേ ഒരു ചൂടില്ലാത്തത്?’’ സുബിന്റെ ഭാര്യ തിത്തിപ്പെണ്ണ് ചൂടായിട്ടാണത് ചോദിച്ചത്.

‘‘നീയൊന്നടങ്ങെടീ, ചാണ്ടിച്ചേട്ടനല്ലേ പോയിരിക്കുന്നത്. അയാളതൊക്കെ സമയത്ത് എത്തിച്ചോളും.’’ സുബിൻ കൂൾകൂളാണ്.

‘‘അതേ, ഗജപ്പെണ്ണ് ഒരു കാര്യം പറയുന്നുണ്ട്. അവൾക്കുള്ള സ്ത്രീധനത്തിന്റെ കൂട്ടത്തിൽ ആ മയിൽപ്പീലിക്കൊമ്പുംകൂടി കൊടുക്കണമെന്ന്.’’ തിത്തിപ്പെണ്ണ് പറഞ്ഞു.

‘‘അതു വേണോടീ? കൊമ്പ് ഇവിടെത്തന്നെ ഇരിക്കുന്നതല്ലേ നല്ലത്?’’ മകളാണെങ്കിലും അവളുടെ ആ പൂതി സുബിനു പിടിച്ചില്ല. 

‘‘എന്നാൽ, കുറച്ചുനാളത്തേക്ക് കാണാനെങ്കിലും അതവൾക്കു കൊടുത്തുവിട്. പിന്നെയിങ്ങു കൊണ്ടുവരാല്ലോ.’’

‘‘ങാ, അതു വേണെങ്കിൽ ചെയ്യാം. കെട്ടിയവന്റെ വീട്ടിൽ അവൾക്കൊരു വിലയായിക്കോട്ടെ.’’ സുബിൻ സമ്മതിച്ചു.

‘‘പക്ഷേ, വെറുതേ അതു കൊണ്ടുപോകുന്നത് ഒരു ഗുമ്മില്ല. അതേൽ സ്വർണം കെട്ടിക്കണം.’’ തിത്തിപ്പെണ്ണിന്റെ പൊങ്ങച്ചമുണർന്നു. 

‘‘സ്വർണം കെട്ടിക്കണമെങ്കിൽ രഹസ്യമായിട്ടു വേണം. എവിടെക്കൊണ്ടുപോയി ചെയ്യും?’’ 

‘‘ആ രതീശന്റടുത്തു കൊണ്ടുപോയാൽ ഇരുചെവിയറിയാതെ അയാൾ സ്വർണം കെട്ടിത്തരും.’’ തിത്തിപ്പെണ്ണ് വഴിയും പറഞ്ഞുകൊടുത്തു.

പിറ്റേന്നുതന്നെ രതീശന്റെയടുത്ത് കൊമ്പുകൾ കൊണ്ടുപോകാൻ സുബിൻ തീരുമാനിച്ചു. അതീവരഹസ്യമായി  കൊണ്ടുപോകണം. അതുകൊണ്ട് സഹായത്തിന് ആരെയും കൂട്ടാൻ പറ്റില്ല. രാത്രിയായപ്പോൾ സുബിൻ കൊമ്പുകൾ രണ്ടുമെടുത്ത് വാനിൽ കയറ്റി രതീശന്റെയടുത്തേക്കു പുറപ്പെട്ടു. 

‘‘നമ്മളായിട്ട് ഒന്നും ചെയ്തില്ല. അവരു കൊണ്ടുവന്ന അറക്കവാള് അവരോടു ചെയ്തു, അല്ലാതെന്താ?”

തലകുനിച്ചു നടന്ന കൊമ്പില്ലാക്കൊമ്പനോട് കടുവ പറഞ്ഞു.

‘‘വിളക്കെറിഞ്ഞു പൊട്ടിച്ചതും ആളെ തൂക്കിയെടുത്തു കയറിലിട്ടതുമൊക്കെ നമ്മളല്ലേ?’’ കൊമ്പൻ സത്യസന്ധനായി ചോദിച്ചു.

‘‘പിന്നെ മുത്തശ്ശിച്ചന്ദനം മുറിക്കാൻ വന്നവൻമാരെ വെറുതേ വിടണോ? എടാ, നീ കുറെക്കാര്യങ്ങൾ കൂടി പഠിക്കാനുണ്ട്. എന്നാലേ നീയൊരു കൊലകൊമ്പനാകൂ.’’

ചുമ്മാ ഒരു ഉപദേശംപോലെ കടുവയങ്ങു പറഞ്ഞു എന്നേയുള്ളൂ. അവന്റെ മനസ്സിൽ മുഴുവൻ മറ്റുള്ള ആലോചനകളായിരുന്നു. ആ ആലോചന ഒരു ചോദ്യമായി പുറത്തേക്കുവന്നു.

‘‘ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ. നീയീ തിന്നാൻ പോകുന്ന ചക്കപ്പഴത്തിനു മാനിറച്ചിയുടെ രുചിയുണ്ടോ?” 

‘‘ഞങ്ങൾ ആനകൾക്കു ചക്കപ്പഴം മാനിറച്ചിയെക്കാൾ രുചിയുള്ളതാ.”

‘‘ഓഹോ, എങ്കിലതൊന്നു തിന്നുനോക്കണമല്ലോ.’’ കടുവ ഗൗരവം വിടാതെ പറഞ്ഞു.

ആനയ്ക്ക് അതു കേട്ടപ്പോൾ എന്തോപോലെ തോന്നി. ‘‘അയ്യേ, കടുവകള് ചക്കപ്പഴം തിന്നുവോ?’’

‘‘എന്തെങ്കിലും തിന്നു ജീവൻ പിടിച്ചു നിർത്തണ്ടേടേ?’’ അതുവരെയുണ്ടായിരുന്ന കടുത്ത ഗൗരവംവിട്ടു കടുവ പൊട്ടിക്കരഞ്ഞു.

‘‘ശ്ശേ, കരയാതെ ചങ്ങാതീ. കരയാതെന്ന്. ആരെങ്കിലും കണ്ടാലെന്തു പറയും?’’ കൊമ്പൻ തുമ്പിക്കൈകൊണ്ട് കടുവയെ ആശ്വസിപ്പിച്ചു.

കടുവ വീണ്ടും പൊട്ടിക്കരയുകയായിരുന്നു. അവനെ സന്തോഷിപ്പിക്കാൻ വേണ്ടി ആന പറഞ്ഞു.

‘‘അതേ, നമ്മളീ പോകുന്ന പ്ലാവിൻതോട്ടമില്ലേ. അതു നട്ടുപിടിപ്പിച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ?’’

‘‘എനിക്കറിയത്തില്ല.’’ കടുവ കരഞ്ഞുകൊണ്ടുതന്നെയാണ് മറുപടി പറഞ്ഞത്.

‘‘പ്ലാവിൻതോട്ടത്തിന്റെ അരികിൽ ഒരു ആട്ടിൻകൂടുണ്ട്. അവിടത്തെ ആടുകൾക്കു തീറ്റയായിട്ട് പ്ലാവിൻചപ്പ് കൊടുക്കാനാണീ പ്ലാവിൻതോട്ടം.’’ കടുവയ്ക്ക് കൊതിയുണ്ടാകുന്നുണ്ടോ എന്നറിയാൻ കൊമ്പൻ അവന്റെ നേരേ നോക്കി.

‘‘കൂട്ടിൽ കിടക്കുന്ന ആടിനെ ഞാൻ എന്തു ചെയ്യാനാ?’’ കടുവ ദേഷ്യപ്പെട്ടു.

‘‘ഒരാന വിചാരിച്ചാൽ ആട്ടിൻകൂട് പൊളിക്കാൻ പറ്റില്ലേ?’’ കൊമ്പൻ അതു പറഞ്ഞു തീരുന്നതിനു മുൻപേ കടുവ ചാടിക്കയറി അവന് ഒരു ഉമ്മ കൊടുത്തു കഴിഞ്ഞിരുന്നു.

‘‘നീ വേഗം നടക്ക് മോനേ.’’ കടുവ അവന്റെ മുകളിൽത്തന്നെയിരുന്ന് പറഞ്ഞു.

പൊന്നപ്പന്റെ പ്ലാവിൻതോട്ടം കഴിഞ്ഞ് രണ്ടു കയറ്റം കയറിയാൽ രതീശന്റെ വീടായി. ദാ എത്തിപ്പോയല്ലോ എന്ന ആവേശത്തിൽ സുബിൻ വണ്ടി ഇരപ്പിച്ചു കയറ്റി. 

പെട്ടെന്നാണ് വണ്ടിയുടെ വെളിച്ചത്തിൽ സുബിൻ ആ കാഴ്ച കണ്ടത്. റോഡരികിലെ മരത്തിൽനിന്ന് ഒരു വള്ളി തൂങ്ങിക്കിടക്കുന്നു. വെറുമൊരു വള്ളിയാണല്ലോ അതെന്നു കരുതി വണ്ടി മുൻപോട്ടെടുത്ത സുബിന് ഒരു സംശയം. അതു വെറും വള്ളിയല്ലല്ലോ. 

അയാൾ വണ്ടി പിറകോട്ടെടുത്തു. വള്ളിയിലേക്കു സൂക്ഷിച്ചു നോക്കി. അല്ല, വെറുംവള്ളിയല്ല. അതൊരു കടുവയുടെ വാലാണ്. പെട്ടെന്നു പിരിയത്തം അവന്റെയുള്ളിൽ പ്രവർത്തിച്ചു തുടങ്ങി.

സുബിൻ വണ്ടി കുറച്ചു പിറകോട്ടു മാറ്റിനിർത്തിയിട്ട് വണ്ടിയിൽനിന്നു തോക്കെടുത്തു. നെറ്റിവിളക്കെടുത്ത് തലയിൽകെട്ടി. ഒറ്റ ഞെക്കിനു വിളക്കു തെളിച്ചുകൊണ്ട് അയാൾ വണ്ടിയിൽനിന്നു പുറത്തിറങ്ങി. 

കടുവതന്നെ. സുബിൻ വണ്ടിക്കു ചാരിനിന്ന് കടുവയുടെ നേരെ ഉന്നം പിടിക്കാൻ ശ്രമിച്ചു. 

പെട്ടെന്ന് എവിടുന്നോ ഒരു കല്ലുവന്ന് സുബിന്റെ നെറ്റിവിളക്കു തകർത്തു. പേടിച്ചുപോയ സുബിൻ വെറുതേ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വെടിവച്ചു. എവിടെയും കൊള്ളാതെ വെടി പാഴായതിൽ നിരാശനായി സുബിൻ വണ്ടിയുടെ ബോഡിയിൽ രണ്ട് അടി കൊടുത്തു. 

അടി കിട്ടിയ വണ്ടിക്കു ദേഷ്യം വന്നു എന്നാണ് സുബിൻ ആദ്യം വിചാരിച്ചത്. ആ വണ്ടിയിതാ തന്റെ മേലേക്ക് മറിഞ്ഞു വരുന്നു. 

മറിഞ്ഞുകിടക്കുന്ന വണ്ടിയിൽനിന്നു കൊമ്പില്ലാക്കൊമ്പൻ പിന്തിരിയാൻ തുടങ്ങുമ്പോൾ മറ്റാരും കേൾക്കാത്ത ഒരലർച്ച അവൻ കേട്ടു. ഒരാനയുടെ വേദനിപ്പിക്കുന്ന അലർച്ച. വർഷങ്ങൾക്കു മുൻപ് എപ്പോഴോ യന്ത്രവാളിന്റെ മുരൾച്ചയ്ക്കൊപ്പം താനാ വിളി കേട്ടിട്ടുണ്ട്.

സുബിന്റെ വാനിൽനിന്നു വെളിച്ചമല്ലാത്ത എന്തോ കിരണങ്ങൾ വരുന്നതായി കൊമ്പില്ലാക്കൊമ്പനു തോന്നി.  ആനത്തത്തിന്റെ ആ ശക്തിയിൽ കൊമ്പില്ലാക്കൊമ്പൻ തിരിഞ്ഞുനിന്നു. 

‘‘ചങ്ങാതീ, ഈ വണ്ടിക്കുള്ളിൽ എന്തോ ഒന്നുണ്ട്?’’ 

‘‘കുന്തമാണുള്ളത്. ഞാനൊരു ആടിനെ പിടിക്കുന്നതിനു മുൻപ് ഈ വണ്ടി മറിച്ചു ബഹളമുണ്ടാക്കാൻ നിന്നോടാരു പറഞ്ഞു.’’ കടുവയ്ക്കു ദേഷ്യം വന്നു.

‘‘എന്താണതെന്ന് എനിക്കറിയണം.’’ കടുവയെ ശ്രദ്ധിക്കാതെ കൊമ്പില്ലാക്കൊമ്പൻ വണ്ടി ചവിട്ടിപ്പൊളിക്കാൻ തുടങ്ങി. ഫോറസ്റ്റുകാരുടെ വണ്ടിയും ആളുകളും അവിടേക്കു വരുന്നുണ്ടായിരുന്നു.

‘‘ദാണ്ടെ പടയിളകി വരുന്നു, രക്ഷപ്പെടാൻ നോക്കാം.’’ കടുവ തിരക്കുകൂട്ടി.

കൊമ്പില്ലാക്കൊമ്പൻ പൊളിഞ്ഞ വണ്ടിയിൽനിന്ന് ഒരു പെട്ടിയെടുത്തു പുറത്തേക്കിട്ടു. പെട്ടി പല കഷണങ്ങളായി പൊളിഞ്ഞു. 

അങ്ങോട്ടു വന്നുകൊണ്ടിരിക്കുന്ന വനംവകുപ്പുവണ്ടിയുടെ വെളിച്ചം വീഴുന്നതിനു മുൻപേ, മയിൽപ്പീലിനിറത്തിൽ തിളങ്ങാൻ തുടങ്ങിയ രണ്ടു വലിയ കൊമ്പുകളായിരുന്നു ആ പെട്ടിക്കുള്ളിൽ. 

കടുവ വാലിൽ കടിച്ചു വലിക്കുന്നതുവരെ ആ കൊമ്പുകളിലേക്കുതന്നെ നോക്കി കൊമ്പില്ലാക്കൊമ്പൻ നിന്നു.

തുടരും

English Summary: Anatham Piriyatham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com