കാറ്റിലുലയാതെ ജീവിതത്തോണി

Sanil-and-Ramya
സനിലും രമ്യയും തങ്ങളുടെ ഫൈബർ വള്ളത്തിൽ. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ
SHARE

വീട്ടുമുറ്റത്തെ മഞ്ഞയും പിങ്കും ഇടകലർന്ന പത്തുമണിപ്പൂക്കൾക്കിടയിലൂടെ രമ്യ സനിലിനെ ചേർത്തുപിടിച്ചു നടത്തുകയാണ്. പുറത്ത് അസ്തമയസൂര്യന്റെ ചുവപ്പു പടർന്ന ഓളപ്പരപ്പ്. അതിജീവനത്തിന്റെ കടുത്ത നിറമാണല്ലോ ജീവിതത്തിന് എന്ന് ഇവരോടാരെങ്കിലും പറഞ്ഞാൽ ഉടനൊരു പുഞ്ചിരി വിരിയും. 

2012ൽ തളർന്നതാണ് സനിലിന്റെ ശരീരം. അന്നു മുതൽ ഇന്നു വരെ ആലപ്പുഴയിലെ പരുത്തിവളവ് പാടശേഖരത്തിലെ പുറംബണ്ടിലെ കളപ്പുരക്കച്ചിറ വീട്ടിൽ അതിരാവിലെ വെളിച്ചം തെളിയും. രമ്യ സനിലിനെ താങ്ങിപ്പിടിച്ചു വള്ളത്തിൽ കയറ്റും. കടയിലേക്കു സാധനങ്ങൾ എടുക്കാനുള്ള യാത്രയാണു പുലർച്ചെ തന്നെ തുടങ്ങുന്നത്. അങ്ങനെ, പരസ്പരം താങ്ങും തണലുമായി നിൽക്കുന്ന ജീവിതം പതിനാലാം വർഷത്തിലേക്കു കടക്കുമ്പോൾ ഇരുവരും പറയുന്നു ‘ഇതാണ് എന്റെ നല്ല പാതി’.

വിവാഹം

പത്താംക്ലാസ് പഠനത്തിനു ശേഷം അധികം വൈകാതെ രമ്യ മണവാട്ടിയുടെ വേഷമണിഞ്ഞു. വിവാഹ മണ്ഡപത്തിൽനിന്നു സനിലിന്റെ വീട്ടിലേക്കു വരുമ്പോൾ സ്വപ്നം കണ്ടിരുന്നത് സന്തോഷം നിറഞ്ഞ ദാമ്പത്യം, ഒരു കൊച്ചു ജീവിതം. അതിനപ്പുറമുള്ള ലോകമൊന്നും രമ്യ അറിഞ്ഞിരുന്നില്ല. അതു വേണമെന്നു കരുതിയതുമില്ല. 

എന്നാൽ, കാലത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ‘ഞാൻ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. അല്ലെങ്കിലും കൂടുതൽ എന്തിനാ പഠിക്കുന്നേ?  ജീവിതം പഠിപ്പിക്കുന്ന പാഠത്തിന്റെയരികിൽ വേറൊരു സിലബസും ജയിക്കില്ല. ഞാനിപ്പോൾ ജീവിക്കാൻ പഠിച്ചു. അതാണ് ഏറ്റവും വലിയ പഠനമെന്നും കരുതുന്നു’ – രമ്യ പറഞ്ഞു.

അസുഖങ്ങളുടെ തീരാപ്പെയ്ത്ത്

2006ലായിരുന്നു രമ്യയും ഹൗസ് ബോട്ട് ജീവനക്കാരനായ സനിൽകുമാറും തമ്മിലുള്ള വിവാഹം. വിവാഹത്തിനു മുൻപും ചെറിയ തലവേദന സനിലിനെ അലട്ടിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു. വിവാഹശേഷവും ആ തലവേദന തുടർന്നു. മൂന്നു വർഷം വലിയ കുഴപ്പമില്ലാതെ കടന്നു പോയി. 2009 ആയപ്പോഴാണു സനിലിന്റെ തലവേദന വില്ലനായി മാറിയത്. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങി. തലകറക്കം പതിവായി. ജോലിക്കു പോകാൻ കഴിയാതെയായി. 

അതോടെ രമ്യ ജോലികൾ അന്വേഷിച്ചു തുടങ്ങി. പത്താം ക്ലാസ് പഠനം മാത്രം. ഭർത്താവിനാണെങ്കിൽ തന്റെ സഹായം എപ്പോഴും വേണംതാനും. പക്ഷേ, ജോലിയില്ലാതെ ജീവിക്കാനാകില്ലല്ലോ. ഒടുവിൽ ചെറിയ ജോലികൾക്കായി ശ്രമം തുടങ്ങി. ജീവിതം കുഴപ്പമില്ലാതെ പോകുന്നുണ്ടല്ലോ എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് 2012ൽ സനിലിനു പക്ഷാഘാതം വന്നത്. അതോടെ ആകെ പ്രതിസന്ധിയായി.

തളർന്ന ശരീരം, തളരാത്ത മനസ്സ്

പക്ഷാഘാതം വന്നതിനുശേഷം മാത്രമാണ് സനിലിന്റെ അസുഖം എന്താണെന്നു കണ്ടുപിടിക്കാനായത്. തലച്ചോറിലേക്കുള്ള ഞരമ്പുകൾ ദ്രവിക്കുന്ന രോഗം. ഇതു വരുന്നതോടെ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടും. ഒന്നും ചെയ്യാനാകാത്ത അവസ്ഥയാകും. ഒരുപാടു പണം ചെലവാക്കിയാൽ മാത്രമേ, ശരിയായ ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ. ഒപ്പം ഫിസിയോ തെറപ്പിയും വേണം. 

ചെറിയ ജോലികൾ ചെയ്താൽ കുടുംബം പുലർത്താനാവില്ലെന്ന് രമ്യയ്ക്കു മനസ്സിലായി. അതിനിടയ്ക്ക് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും പഴയ വീടു മാറിപ്പോയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുക്കാതെ നിവൃത്തിയില്ലെന്നായി. തോറ്റു കൊടുക്കാൻ മനസ്സില്ലെങ്കിൽ തോൽവി തോൽക്കുകയേയുള്ളൂ എന്നുതാൻ പഠിച്ചത് അപ്പോൾ മാത്രമാണെന്നു രമ്യ പറയുന്നു.

അതിജീവനം എളുപ്പമല്ല

ജീവിക്കാൻ തീരുമാനിച്ചതോടെ പല വഴികൾ തെളിഞ്ഞു വന്നു. ചെറിയ കടകളിൽ സെയിൽസ് ഗേളായും മത്സ്യഫെഡിലും കയർക്കമ്പനിയിലുമൊക്കെ ജോലി ചെയ്തും നോക്കി. രാവിലെ ജോലിക്കു പോയാൽ വൈകിട്ടേ തിരിച്ചെത്താനാകൂ. രമ്യയെക്കൂടാതെ സനിലിനു സ്വന്തമായി ഒന്നും ചെയ്യാനും കഴിയില്ല. ‍

ജോലിക്കു പോകുന്നതിനു മുൻപു തന്നെ സനിലിനെ കുളിപ്പിച്ചു പുതിയ വസ്ത്രം ധരിപ്പിക്കും. ഭക്ഷണവും മരുന്നുമെല്ലാം തയാറാക്കി വയ്ക്കും. രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തുമ്പോഴും വീട്ടിലെ പണികൾ ബാക്കി. എന്നിട്ടും ചികിത്സയ്ക്കു പണം തികയുന്നില്ല. ജോലിഭാരമാകട്ടെ, വളരെ കൂടുതലും. അങ്ങനെയാണ് വീടിനു തൊട്ടടുത്തുള്ള പൊളിഞ്ഞ ഒറ്റമുറി ചെറിയൊരു പലചരക്കു കടയാക്കാൻ തീരുമാനിക്കുന്നത്. ചെറിയ ജോലി കൂടിയുണ്ടെങ്കിൽ പണം മിച്ചം വയ്ക്കാം. അങ്ങനെ കട തുടങ്ങി. രമ്യ ഇല്ലാത്തപ്പോൾ സനിൽ കടയിലിരിക്കും.

മിച്ചം കിട്ടുന്ന പണം ചികിത്സച്ചെലവു കഴി‍ഞ്ഞും ബാക്കിയുണ്ടെന്നു വന്നതോടെ ഫൈബർ ബോട്ട് വാങ്ങി. അതുവരെ ബോട്ട് ഓടിക്കാൻ അറിയാതിരുന്ന രമ്യ, ആ പ്രദേശത്തെ ആദ്യത്തെ യന്ത്രവൽകൃത ഫൈബർ ബോട്ട് ഓടിക്കുന്ന സ്ത്രീയായി. നാലു ട്രാഫിക് ജാം ഉണ്ടാക്കിയിട്ടാണെങ്കിലും വണ്ടിയോടിക്കാൻ പഠിച്ചു എന്നു പറയും പോലെയാണ് നാലു വള്ളങ്ങളെ ഇടിച്ചിട്ടാണെങ്കിലും ബോട്ട് ഓടിക്കാൻ താൻ പഠിച്ചുവെന്നു രമ്യ പറയുന്നത്.

കൈവിട്ട ജീവിതം വീണ്ടും കൈക്കുമ്പിളിൽ

ബോട്ട് ഓടിച്ചു തുടങ്ങിയതോടെ ജീവിക്കാനുള്ള ധൈര്യം ഇരട്ടിയായെന്ന് രമ്യ. കടമുറി വിപുലീകരിച്ച് ഒരു ചിക്കൻ സെന്റർ തുടങ്ങി. അതു നന്നായി പോകുന്നുണ്ടെന്നു കണ്ടതോടെ കൂടുതൽ കോഴികളെ വാങ്ങാൻ തീരുമാനിച്ചു. പക്ഷേ, പുലർച്ചെ ആലപ്പുഴയിലെത്തുന്ന വണ്ടിക്കരികിലേക്ക് ഒറ്റയ്ക്കു ബോട്ട് ഓടിച്ചു പോകുന്നതെങ്ങനെ? ഇരുട്ടിനെ മാത്രം പേടിച്ചാൽ പോരാ, ഇരുട്ടിന്റെ മറവിൽ ‘കേൾക്കേണ്ടി വരുന്നതിനെയും’ പേടിക്കണം. 

Ramya-and-Sanil
രമ്യയും സനിലും

ഒടുവിൽ സനിൽ ഒരു പോംവഴിയുമായി എത്തി. തന്നെയും കൂട്ടി ആലപ്പുഴയിലേക്കു പോകുക. ആദ്യമൊക്കെ രമ്യ എതിർത്തു. ഒരു വശം തളർന്ന ആളാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാലോ. എന്നാൽ, ഭാര്യയ്ക്കു തുണ പോകാനുള്ള സനിലിന്റെ തീരുമാനം ഉറച്ചതായിരുന്നു. 

അങ്ങനെ പുലർച്ചെ രണ്ടു മണിയാകുമ്പോഴേക്കും വീട്ടിൽ വെളിച്ചം തെളിയാൻ തുടങ്ങി. സനിലിനെ താങ്ങി വള്ളത്തിൽ കയറ്റി ആലപ്പുഴയിലേക്കു പോകും. കോഴികളെ വാങ്ങി കൂട്ടിലാക്കും. ചിലപ്പോൾ 50 കിലോഗ്രാം വരെ തൂക്കമുള്ള കൂടായിരിക്കും രമ്യ ഒറ്റയ്ക്കു വള്ളത്തിൽ കയറ്റുക. രമ്യ വരുന്നതു വരെ സനിൽ വള്ളത്തിൽ കാത്തിരിക്കും. വീണ്ടും തിരികെ വീട്ടിലേക്ക്. ഇപ്പോൾ ഇരുട്ടിനെ രമ്യയ്ക്കു പേടിയില്ല, സമൂഹത്തിലെ ഇരുട്ടുനിറഞ്ഞ മനസ്സുകളെയും. ഏതു സമയത്തും ഒറ്റയ്ക്കു പോകാൻ ധൈര്യമുണ്ടിപ്പോൾ.

പണം കുറച്ചുകൂടി ലഭിച്ചതോടെ പഴയ വീട് പൊളിച്ചു പണിതു. വള്ളത്തിനും വീടിനുമൊക്കെ വായ്പയുണ്ട്. പക്ഷേ, അതൊക്കെ അടയ്ക്കാമെന്നേ. ജീവിതം ഇനിയും ബാക്കിയുണ്ടല്ലോ... രമ്യ ചിരിക്കുന്നു.

വർഷകാലവും കോവിഡും തീരാത്ത പ്രതീക്ഷകളും

മഴ പെയ്തു തുടങ്ങുമ്പോൾ രമ്യയ്ക്ക് ആധിയാണ്. പ്രത്യേകിച്ചും പ്രളയം  രണ്ടു തവണ കേരളത്തെ പിടിച്ചു കുലുക്കിയതുകൂടി ഓർക്കുമ്പോൾ. ഒരുവശം തളർന്ന ഭർത്താവിനെയും എടുത്തുകൊണ്ട് വീട്ടിൽനിന്നു പെട്ടെന്ന് ഇറങ്ങാൻ സാധിക്കില്ലല്ലോ. പ്രളയമുണ്ടായ കഴിഞ്ഞ രണ്ടു തവണയും രമ്യ ബന്ധുവീട്ടിലേക്കാണു സനിലിനെ കൂട്ടിക്കൊണ്ടു പോയത്. 

വീടും കടയും സമ്പാദ്യവുമെല്ലാം, തിരികെ വരുമ്പോൾ യാതൊന്നും സംഭവിക്കാതെ തിരികെ കിട്ടുമെന്ന് ആശ്വസിച്ചുകൊണ്ടുള്ള ഒരു പോക്കല്ലല്ലോ അത്. അതുകൊണ്ടു തന്നെ മഴക്കാലം രമ്യയ്ക്കു ഭയത്തിന്റെ കൂടി കാലമാണ്. 

കോവിഡ് തുടങ്ങിയതോടെ സനിലിന്റെ ചികിത്സ മുടങ്ങി. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലാണു ചികിത്സ. കോവിഡ് മാറിയാലേ ഇനി ചികിത്സ തുടരാനാകൂ. 

‘കുട്ടികളില്ല ഞങ്ങൾക്ക്. അതിൽ വിഷമം ഇല്ലെന്നല്ല. പക്ഷേ, ഇപ്പോൾ അദ്ദേഹമാണ് എന്റെ നല്ല പാതിയും എന്റെ കുഞ്ഞും. അതുകൊണ്ടു പ്രതീക്ഷകളും അസ്തമിക്കുന്നില്ല’ – രമ്യ പറയുന്നു.

English Summary: Ramya and Sanil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA