ADVERTISEMENT

ശാന്തമായൊരു യാത്രയുടെ പേരാണ് മഹാത്മാ ഗാന്ധി. 1869 ഒക്ടോബറിൽ പോർബന്തറിൽനിന്നു തുടങ്ങി 1948 ജനുവരി 30ന് ഡൽഹിയിൽ അവസാനിച്ച യാത്ര. ഏകാകിയായിരുന്നു ആ യാത്രികൻ. ആ യാത്രയുടെ ലക്ഷ്യം നെഞ്ചിലേറ്റി ഇന്നും ഒരു ജനത അദ്ദേഹത്തെ പിന്തുടരുന്നു. പിന്തുണച്ചവരെയും വിമർശിച്ചവരെയും നോക്കി ആ മനുഷ്യൻ ഇന്നും പുഞ്ചിരി തൂകുന്നു. കവി ചോദിക്കുന്നു: ‘കനവായിരുന്നുവോ ഗാന്ധി? കഥയായിരുന്നുവോ ഗാന്ധി?’

ആദ്യ സന്ദർശനത്തിനു 100

ഓഗസ്റ്റ് 18ന് ഗാന്ധിജിയുടെ ആദ്യ കേരളസന്ദർശനത്തിനു നൂറു വയസ്സു തികയുകയാണ്. ഗാന്ധിജിയുടെ പ്രിയപ്പെട്ട രാഷ്ട്രീയ പരിശീലനസ്ഥലമായിരുന്ന കേരളത്തിൽ ആകെ അഞ്ചുതവണ വന്നിട്ടുണ്ട്. 1920ലെ ആദ്യ സന്ദർശനമാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയുടെ ആസ്ഥാനമായിരുന്നു അന്നു കോഴിക്കോട്. അതിനാലാവണം ആ യാത്ര കോഴിക്കോട്ടേക്കു മാത്രമായത്. ആദ്യ സന്ദർശനത്തിൽ വെറും 20 മണിക്കൂർ മാത്രമാണ് ഈ മണ്ണിൽ അദ്ദേഹം നിന്നത്. മലബാറിലെ ജനത ഏറെ ആവേശത്തോടെയാണു ഗാന്ധിജിയെ എതിരേറ്റത്.

Mahatama-Gandhi-Kozhikode-Arrival-14

കോഴിക്കോട്ട്

1920 ഓഗസ്റ്റ് 18ന് ഉച്ചയ്ക്കു 2.30ന് കോഴിക്കോട്ടെത്തിയ അദ്ദേഹത്തെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. മുത്തുക്കോയത്തങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്രോസിൻ മരുന്നിന്റെ ഏജന്റായി കോഴിക്കോട്ടെത്തുകയും പിൽക്കാലത്ത് നഗരത്തിലെ വ്യാപാരിയായി മാറുകയും ചെയ്ത ശ്യാംജി സുന്ദർദാസിന്റെ വസതിയിലാണു ഗാന്ധിജിക്കു വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. അന്നു വൈകിട്ട് 6.30നു കടപ്പുറത്തു നടന്ന പൊതുയോഗത്തിൽ ഗാന്ധിജിയും മൗലാന ഷൗക്കത്തലിയും പ്രസംഗിച്ചു.

കടപ്പുറത്ത് ഇപ്പോഴത്തെ പോർട്ട് സിഗ്നൽ സ്റ്റേഷനു പടിഞ്ഞാറുള്ള വിശാലമായ കടപ്പുറത്താണ് അദ്ദേഹം പ്രസംഗിച്ചത്. പ്രസംഗം കേൾക്കാനായി ഏറനാട്ടിൽനിന്നും പാലക്കാട്ടുനിന്നും വയനാട്ടിൽനിന്നും കണ്ണൂരിൽനിന്നും വടകരയിൽനിന്നുമൊക്കെയായി ഇരുപതിനായിരത്തോളം പേരാണു കടപ്പുറത്ത് എത്തിച്ചേർന്നത്. അഭിഭാഷകൻ വി.വി.രാമയ്യരാണു സ്വാഗതം പറഞ്ഞത്. കെ.മാധവൻ നായർ ഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.

Mahatama-Gandhi-Kozhikode-Arrival-4

ഒന്നാം ലോകയുദ്ധത്തിന്റെ തുടർച്ചയായി തുർക്കിയിലെ ജനതയ്ക്കു നേരെ ബ്രിട്ടിഷ് സർക്കാർ നടത്തിയ ക്രൂരതകളെക്കുറിച്ചാണു ഗാന്ധിജി പ്രസംഗിച്ചു തുടങ്ങിയത്. സർക്കാരുമായുള്ള നിസ്സഹകരണത്തിലൂടെ ഒറ്റക്കെട്ടായി പൊരുതാനും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസംഗത്തിനുശേഷം കെ.പി.രാമുണ്ണിമേനോൻ കോഴിക്കോട്ടെ ജനങ്ങളുടെ സംഭാവനയായ 2500 രൂപയുടെ കിഴി കൈമാറുകയും ചെയ്തു.

ആ വരവിനായി കാത്തിരുന്നവർ

മലബാറിലെ രാഷ്ട്രീയനീക്കങ്ങൾക്കു ചുക്കാൻപിടിച്ച പ്രമുഖരെല്ലാം ഗാന്ധിജിയുടെ ആദ്യ സന്ദർശനത്തിൽ പങ്കാളികളായിരുന്നു. കെ.പി.കേശവമേനോൻ, പി.അച്യുതൻ, മുഹമ്മദ് അബ്ദുറഹ്മാൻ, ഇ.മൊയ്തു മൗലവി, പി. മൊയ്തീൻ കുട്ടി തുടങ്ങിയ പല പ്രമുഖരും ഗാന്ധിജിയുടെ പ്രസംഗം കേൾ‍ക്കാനായി എത്തിയിരുന്നു. ഏറനാട്ടിൽനിന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നതായി വെസ്റ്റ്കോസ്റ്റ് റിഫോർമർ എന്ന ഇംഗ്ലിഷ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

പൊതുപരിപാടിക്കു ശേഷം ശ്യാംജി സുന്ദർദാസിന്റെ വസതിയിൽ ഗാന്ധിജിക്കായി അത്താഴവും ഭജനയുമൊരുക്കിയിരുന്നു. തുടർന്ന് മലബാറിലെ കോൺഗ്രസ്, ഖിലാഫത്ത് നേതാക്കളുമായി ഗാന്ധിജിയും ഷൗക്കത്തലിയും കൂടിക്കാഴ്ച നടത്തി. കെ.മാധവൻ നായർ, കെ.പി.കേശവമേനോൻ, അഭിഭാഷകനായിരുന്ന യു.ഗോപാലമേനോൻ, മുഹമ്മദ് അബ്ദുറഹ്മാൻ, ഇ.മൊയ്തു മൗലവി, പി.മൊയ്തീൻ കുട്ടി, എം.കെ.നാരായണ മേനോൻ, അധ്യാപകനും പിൽക്കാലത്ത് ലൈബ്രറി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ മധുരവനം കൃഷ്ണക്കുറുപ്പ്, കീഴേടത്ത് വാസുദേവൻ നായർ തുടങ്ങിയവരാണ് ആ യോഗത്തിൽ പങ്കെടുത്തത്.

Mahatama-Gandhi-Kozhikode-Arrival-12

നിസ്സഹകരണം എന്ന മന്ത്രം

ബ്രിട്ടിഷ് സർക്കാരിനെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും സർക്കാർ ജോലി രാജിവയ്ക്കണമെന്ന് അദ്ദേഹം ആ യോഗത്തിൽ നിർദേശിച്ചു. അഭിഭാഷകർ ജോലി രാജിവയ്ക്കണം. അധ്യാപകർ സർക്കാർ സ്കൂളുകളിൽനിന്നു രാജിവയ്ക്കണം. കുട്ടികളെ സർക്കാർ - സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിൽനിന്നു വിടുതൽവാങ്ങി നാട്ടുവിദ്യാലയങ്ങളിൽ ചേർക്കണമെന്നും അദ്ദേഹം നിർദേശിച്ചു. യു.ഗോപാലമേനോനും മധുരവനം കൃഷ്ണക്കുറുപ്പുമൊക്കെ ഗാന്ധിജിയുടെ നിർദേശങ്ങളെ ആവേശപൂർവം ഏറ്റെടുത്തു. ആ നിർദേശങ്ങളെ സംശയത്തോടെ കണ്ടവരുമുണ്ടായിരുന്നു. അടുത്തദിവസം രാവിലെ പത്തരയോടെ ഗാന്ധിജി മംഗലാപുരത്തേക്കു യാത്ര തിരിച്ചു.

മറക്കില്ല ഈ നാട്

‘ആരാണു ഗാന്ധി? നിഴൽച്ചുള്ളിയൂന്നി ചരിത്രത്തിലെങ്ങോ നടന്നവൻ..’ കവി പാടുന്നു. ഈ രാജ്യത്തെ അനേകം മൺപാതകളിലൂടെ ആ പാദങ്ങൾ കടന്നുപോയിട്ടുണ്ട്. ഓർമകളിൽ മായാതെ പതിഞ്ഞുകിടക്കുന്ന ആ കാൽപാടുകൾ ഇന്നും ആരൊക്കെയോ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. അദ്ദേഹം പോയ വഴികൾ, താമസിച്ച വീടുകൾ, ഉപയോഗിച്ച വസ്തുക്കൾ തുടങ്ങി ഓരോ കുഞ്ഞുകുഞ്ഞു കാര്യവും അവർ പൊന്നുപോലെ കാത്തുവയ്ക്കുന്നു. ഇതുപോലൊരു മനുഷ്യൻ ഈ മണ്ണിൽ ജീവിച്ചിരുന്നുവെന്ന് അദ്ഭുതത്തോടെ തിരിച്ചറിയുന്നു. മാറിയ കാലത്ത്, സംഘർഷഭരിതമായ യുഗസന്ധികളിൽ ആ ഓർമകൾ ഏതു തലമുറയ്ക്കും കരുത്താവുന്നു. കവി പാടുന്നു: 

ധീരമാം സ്നേഹമേ ശാന്തി... ശാന്തിഗീതമാണെന്നുമേ ഗാന്ധി...’

Mahatama-Gandhi-Kozhikode-Arrival-3

ആദ്യ യാത്രയുടെ പ്രസക്തി

ഗാന്ധിജി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ നായകനായി മാറിയ കാലഘട്ടത്തിലെ ആദ്യ ഭാരതയാത്രയായിരുന്നു 1920ലേത്. ദക്ഷിണേന്ത്യൻ ഗ്രാമങ്ങളുടെ മനസ്സറിഞ്ഞ ആ യാത്രയാണ് ഗാന്ധിജിയെ ഗാന്ധിജിയാക്കി മാറ്റിയത്. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണവും ഒരുമിപ്പിച്ച് ബ്രിട്ടിഷുകാർക്കെതിരായ പോരാട്ടത്തിനു കരുത്തേകാനുള്ള ശ്രമവുമായി നടത്തിയ ആ യാത്രയിലാണ് ഗാന്ധിജി കോഴിക്കോട്ടുമെത്തിയത്.

1915ൽ തന്റെ രാഷ്ട്രീയഗുരുവായ ഗോപാലകൃഷ്ണ ഗോഖലെയുടെ നിർദേശപ്രകാരം ദക്ഷിണാഫ്രിക്കയിൽനിന്നു മടങ്ങിയെത്തിയ ഗാന്ധിജി, ചമ്പാരനിലും ഖെദ്ദയിലും നടത്തിയ സമരങ്ങളിലൂടെ നിസ്സഹകരണ പ്രസ്ഥാനം തുടങ്ങി. ജാലിയൻവാലാ ബാഗ് സംഭവം, ഖിലാഫത്ത് പ്രശ്നങ്ങൾ എന്നിവയോടുള്ള ബ്രിട്ടിഷ് സമീപനത്തിനെതിരെ 1920 ഓഗസ്റ്റിൽ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. നിസ്സഹകരണത്തിന്റെ ആശയങ്ങളും വഹിച്ച് അദ്ദേഹം നടത്തിയ ആ സന്ദർശനം, കേരളത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റിമറിച്ചു, സാമൂഹിക ചുറ്റുപാടുകളെ മാറ്റിമറിച്ചു.

തെന്നിന്ത്യൻ ഗ്രാമീണരെ തൊട്ടറിഞ്ഞ ആ യാത്രകൾക്കു ശേഷമാണ് 1921ൽ ഖാദിത്തുണി രാജ്യത്തെ പാവം ജനതയുടെ പോരാട്ടത്തിന്റെ പ്രതീകമായി ഗാന്ധിജി മുന്നോട്ടുവച്ചത്. 1921ലെ അഹമ്മദാബാദ് സമ്മേളനത്തിലാണ് കോൺഗ്രസ് കമ്മിറ്റിയുടെ പൂർണചുമതലകളിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടത്.

സർക്കാർ രേഖകളിൽ ആ യാത്ര

നൂറു വർഷം മുൻപ് മദിരാശി സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പത്തുദിവസത്തെ യാത്രയാണു ഗാന്ധിജി നടത്തിയത്. സമയനിഷ്ഠയുടെ കാര്യത്തിൽ കണിശക്കാരനായിരുന്ന ഗാന്ധിജിക്കല്ലാതെ മറ്റാർക്കെങ്കിലും ഇത്രയും സ്ഥലങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര ചെയ്തെത്താൻ കഴിയുമോ എന്നു സംശയമാണ്. പരിമിതമായ യാത്രാസൗകര്യങ്ങൾ മാത്രമായിരുന്നു അക്കാലത്ത്. ബ്രിട്ടിഷ് സർക്കാരിനു മദ്രാസ് സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച രേഖകൾ പ്രകാരം 1920ലെ യാത്രകളുടെ രൂപരേഖ ഇങ്ങനെയാണ്:

old-train-drawing-1

ഓഗസ്റ്റ് 12: ബോംബെയിൽനിന്ന് മൗലാന ഷൗക്കത്തലിയോടൊപ്പം മദ്രാസ് സെൻട്രൽ സ്റ്റേഷനിൽ വന്നെത്തി. കടപ്പുറത്തു പ്രസംഗിച്ചു.

ഓഗസ്റ്റ് 13: രാത്രി യാക്കൂബ് ഹസനും രാജഗോപാലാചാരിക്കുമൊപ്പം അംബൂർ റെയിൽവേ സ്റ്റേഷനിലെത്തി. ജനങ്ങൾ കാത്തുനിന്നു. 14ന് അംബൂരിൽ പ്രസംഗിച്ചു.

ഓഗസ്റ്റ് 14: വെല്ലൂരിലെത്തി. പൊതുപരിപാടിയിൽ പ്രസംഗിച്ചു.

ഓഗസ്റ്റ് 15: തിരികെ മദ്രാസിലെത്തി. മൗലാന ഷൗക്കത്തലിക്കൊപ്പം കുംഭകോണത്തേക്കു തിരിച്ചു.

ഓഗസ്റ്റ് 16: കുംഭകോണത്തു പൊതുപരിപാടിയിൽ നിസ്സഹകരണത്തെക്കുറിച്ചു പ്രസംഗിച്ചു.

ഓഗസ്റ്റ് 16: രാത്രി എട്ടോടെ നാഗപട്ടണത്തെത്തി. നാഗോർ ദർഗയിൽ എണ്ണായിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ പ്രസംഗിച്ചു.

ഓഗസ്റ്റ് 17: തഞ്ചാവൂരിലെത്തി. തുടർന്ന് അന്നു വൈകിട്ട് നാലിനു തിരുച്ചിറപ്പള്ളിയിലെ അനൗദ്യോഗിക നേതൃയോഗത്തിൽ പങ്കെടുത്തു.

ഓഗസ്റ്റ് 17: രാത്രി തീവണ്ടിയിൽ ഗാന്ധിജിയും ഷൗക്കത്തലിയും കോഴിക്കോട്ടേക്കു യാത്രതിരിച്ചു.

old-train-drawing

ഓഗസ്റ്റ് 18: ഉച്ചയ്ക്ക് 2.30നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. വൈകിട്ടു കടപ്പുറത്ത് ഇരുപതിനായിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ പ്രസംഗിച്ചു.

ഓഗസ്റ്റ് 19: രാവിലെ 10.30ന് ട്രെയിനിൽ മംഗലാപുരത്തേക്കു യാത്ര തിരിച്ചു. വടകരയിലും തലശ്ശേരിയിലും കണ്ണൂരും തളിപ്പറമ്പ് റോഡ് റെയിൽവേ സ്റ്റേഷനിലും ഗാന്ധിജിയെക്കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. കണ്ണൂരിൽവച്ച് ആളുകൾ‍ പിരിച്ചെടുത്ത 500 രൂപ ഷൗക്കത്തലിക്കു കൈമാറി.

ഓഗസ്റ്റ് 20: സേലത്ത് പി.വരദരാജുഡു നായിഡുവിന്റെ വീട്ടിലാണു താമസമൊരുക്കിയത്. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട യോഗത്തിൽ പ്രസംഗിച്ചു.

ഓഗസ്റ്റ് 21: മദ്രാസിലേക്കു തിരിച്ചു.

ഓഗസ്റ്റ് 22: ഖിലാഫത്ത് കമ്മിറ്റി ഓഫിസ് പരിസരത്തു നടന്ന യോഗത്തിൽ ഗാന്ധിജിയും ഷൗക്കത്തലിയും നിയമവിദ്യാർഥികളെ അഭിസംബോധന ചെയ്തു.

ഓഗസ്റ്റ് 23: വിജയവാഡയിലെത്തി. അവിടെനിന്നു ഹൈദരാബാദ്, വാഡി വഴി തിരികെ ബോംബെയിലേക്കു യാത്രയായി.

മജിസ്ട്രേട്ട് പറഞ്ഞത് ഇങ്ങനെ...

കോഴിക്കോടു കടപ്പുറത്തെ പ്രസംഗവേദിയിലേക്കു ഗാന്ധിജിയും മൗലാന ഷൗക്കത്തലിയും വന്നതിനെക്കുറിച്ച് മലബാർ ജില്ലാ മജിസ്ട്രേട്ട് ഇ.എഫ്.തോമസ് സർക്കാരിനു നൽകിയ ദ്വൈവാര റിപ്പോർട്ടിൽ നടത്തിയ പരാമർശം: ‘‘പച്ചത്തൊപ്പിയും അരയിൽ ബെൽറ്റുമണിഞ്ഞ ഒട്ടേറെ വൊളന്റിയർമാർ അവർ രണ്ടുപേരും സവാരി ചെയ്തിരുന്ന കാറുകളുടെ കൂടെയുണ്ടായിരുന്നു. പക്ഷേ, ആൾക്കൂട്ടം നിയന്ത്രിക്കുന്നവരെന്ന നിലയിൽ ഈ വൊളന്റിയർമാർ ഉപയോഗശൂന്യരായിരുന്നു. അതിനാൽ പതിവുപോലെ പൊലീസ് തന്നെ പ്രകടനവും ആൾക്കൂട്ടവും നിയന്ത്രിക്കേണ്ടിവന്നു. 

Mahatama-Gandhi-Kozhikode-Arrival-6

ഞാൻ പൊലീസിനെ അങ്ങനെ ചെയ്യാൻ ഏർപ്പാടാക്കിയിരുന്നു. എന്നാൽ, സ്വാഗതക്കമ്മിറ്റിയുടെ പ്രതിനിധി അവരുടെ സഹകരണം അഭ്യർഥിച്ചുകൊണ്ട് എഴുതിയിരുന്നുവെന്ന് പിന്നീടറിയാൻ കഴിഞ്ഞപ്പോൾ എനിക്കു രസകരമായി തോന്നി. ഞാൻ കേൾക്കുന്നത് ഗാന്ധി ഇതെപ്പറ്റി അനിഷ്ടപ്പെട്ടുവെന്നാണ്. അതങ്ങനെ ആവാനേ തരമുള്ളൂ. മൊത്തത്തിലുള്ള ഫലം എന്തെന്നാൽ, നിസ്സഹകരണം കാലിക്കറ്റിൽ നടപ്പില്ല.’’

യാത്രയ്ക്കൊടുവിൽ...

‘99’ലെ വെള്ളപ്പൊക്കത്തിനു മുൻപാണ് ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം. 1924 ജൂലൈ 12നു പെയ്തു തുടങ്ങിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലബാർജില്ലയിലെ 22,000 വീടുകൾ തകർന്നതായി കലക്ടർ തോംസണിന്റെ റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട്ടു മാത്രം 12 പേർ മരിച്ചു. 30,000 ഏക്കർ കൃഷി നശിച്ചു. വൈത്തിരിയിൽ മാത്രം ജൂലൈ 14ന് 42.47 സെന്റിമീറ്റർ മഴയാണു പെയ്തത്. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിനും രണ്ടാം കേരള സന്ദർശനത്തിനുമിടയ്ക്ക് സംഭവിച്ച ഈ ദുരന്തം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി പാടേ തകർത്തു. രോഗവും മരണവും ജനങ്ങളെ തളർത്തി.

1921ലെ മലബാർ കലാപം സൃഷ്ടിച്ച മുറിവുകളെ വെള്ളപ്പൊക്കമെന്ന ദുരന്തം ഒരു പരിധിവരെ മായ്ച്ചുകളഞ്ഞു. പല വിലപ്പെട്ട രേഖകളും ചരിത്രശേഷിപ്പുകളും വെള്ളപ്പൊക്കത്തിൽ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ആദ്യ സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ പൂർണമായും നിറവേറിയോ എന്നതു സംശയമാണെന്നു ചരിത്രകാരന്മാർ പറയുന്നു.

പുരാതന തുറമുഖ നഗരമായിരുന്നെങ്കിലും കോഴിക്കോട് അടിസ്ഥാന സൗകര്യങ്ങളിൽ പിന്നിലായിരുന്നു. ഗാന്ധിജിയുടെ ആദ്യ സന്ദർശനകാലത്തു നഗരത്തിലെ ഒരു റോഡ് പോലും ടാർ ചെയ്തിരുന്നില്ലെന്ന് കോർപറേഷൻ കൗൺസിൽ യോഗങ്ങളുടെ കണക്കുകൾ പറയുന്നു. ചെമ്മൺപാതകളിലെ പൊടിശല്യം കാരണം റോഡ് ടാർ ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കിയത് 1927ലാണ്. ഗാന്ധിജി ആദ്യ സന്ദർശനകാലത്തു യാത്ര ചെയ്ത ബീച്ച് റോഡാണ് 1927ൽ കോഴിക്കോട്ട് ആദ്യം ടാർ ചെയ്തത്.

Mahatama-Gandhi-Kozhikode-Arrival-8

1934ലാണ് കോഴിക്കോട് നഗരസഭയിൽ വൈദ്യുതീകരണം നടന്നത്. 1933–34 കാലഘട്ടത്തിൽ തെരുവുവിളക്കുകളെല്ലാം വൈദ്യുതി വിളക്കുകളാക്കാൻ നടപടി തുടങ്ങിയതായും കൗൺസിൽ രേഖകളിൽ കാണാം. ഗാന്ധിജി മൂന്നാം തവണ കോഴിക്കോട്ടെത്തിയപ്പോഴാണ് നഗരത്തിൽ വൈദ്യുതിവിളക്കുകൾ സജീവമായത്.

ഗാന്ധിജിയുടെ ആദ്യ സന്ദർശനത്തെക്കുറിച്ചുള്ള പല രേഖകളും 99’ലെ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. മദ്രാസ് സ്പെഷൽ ബ്രാ‍ഞ്ചിന്റെ റിപ്പോർട്ട്, വെസ്റ്റ്കോസ്റ്റ് റിഫോർമർ‍ പത്രത്തിലെ റിപ്പോർട്ട്, ജില്ലാ മജിസ്ട്രേട്ട് നൽകിയ റിപ്പോർട്ട്, സി.ഗോപാലൻനായർ എഴുതിയ റിപ്പോർട്ട്, കെ.മാധവൻ നായർ മലബാർ കലാപത്തെക്കുറിച്ചെഴുതിയ പുസ്തകം എന്നിവയിലൂടെയാണ് ആദ്യ സന്ദർശനത്തിന്റെ വിവരങ്ങൾ നിലവിൽ ലഭ്യമായിരിക്കുന്നത്.

English Summary: 100 Years since Gandhiji's First Visit to Kerala, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com