ADVERTISEMENT

അധികമാരും അറിയാത്തൊരു പട്ടാളക്കഥയാണിത്. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത്, പിന്നീട് ഇന്ത്യൻ സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറായി, മേജർ റാങ്ക് വരെയെത്തിയ ലക്ഷ്മൺ പുരുഷോത്തം കമ്മത്ത് എന്ന എൽ.പി.കമ്മത്തിന്റെ കഥ.

രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത സൈനികരിൽ ഇന്നു ജീവിച്ചിരിപ്പുള്ള ചുരുക്കം പേരിലൊരാളാണ് എൽ.പി. കമ്മത്ത്. ജീവിതത്തിലെ ആദ്യ യുദ്ധം വിശപ്പിനോടും ദാരിദ്ര്യത്തോടുമായിരുന്നു. ദുരിതങ്ങളുടെ കയത്തിലേക്കു വഴുതി വീഴാനൊരുങ്ങുമ്പോൾ സൈനികന്റെ കുപ്പായത്തുമ്പിൽ പിടിച്ചു കയറിയാണ് പുരുഷോത്തം വിധിയോടു കണക്കു തീർത്തത്. ശത്രുരാജ്യങ്ങളോടായിരുന്നു പിന്നീടുള്ള പടവെട്ടൽ. അവിട്ടം നക്ഷത്രത്തിൽ, 1920ൽ ജനിച്ച മേജർ (റിട്ട.) എൽ.പി.കമ്മത്തിന് ഇൗ മാസം 29നു 100 വയസ്സു തികയും. ഓർമകളുടെ പരേഡ് ഗ്രൗണ്ടിൽ ചിലതിന്റെ നിര തെറ്റുമ്പോൾ, പട്ടാളച്ചിട്ട കുടഞ്ഞിട്ട് മീശ പിരിക്കും മേജർ സാബ്. എൽ.പി.കമ്മത്തിന്റെ കാർക്കശ്യത്തിനു മുന്നിൽ ഓർമപ്പാതകളുടെ ബൂട്ടഴിക്കാൻ കാലം തയാറല്ല.

വിശപ്പിന്റെ താരാട്ട്

ഏറെ കഷ്ടപ്പാടുകൾക്കിടയിലാണ് പുരുഷോത്തം കമ്മത്ത് എന്ന ബാലൻ വളർന്നത്. കണ്ണീരിന്റെ എണ്ണപ്പാടുകളും ഇല്ലായ്മകളുടെ കൂടാരവുമായിരുന്നു ആലപ്പുഴ ചേർത്തല വെളീപ്പറമ്പിൽ വീട്. വസ്ത്രക്കച്ചവടക്കാരനായിരുന്ന ലക്ഷ്മണ കമ്മത്ത് – സുന്ദരീഭായ് ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണു പുരുഷോത്തം. തകർച്ചയുടെ നടുവിലായിരുന്നു അച്ഛന്റെ വസ്ത്രവ്യാപാരം. ബിസിനസ് തകർന്നപ്പോൾ പിടിച്ചുനിൽക്കാൻ പലരിൽനിന്നും കടം വാങ്ങി. കടം പെരുകിയപ്പോൾ വീട്ടിലെ അടുക്കളയിൽ തീപ്പെട്ടിക്കോലുരഞ്ഞില്ല.

‘‘ചേർത്തല സ്കൂളിൽ പഠിക്കുമ്പോൾ മെട്രിക് പരീക്ഷയ്ക്കു ഫീസടയ്ക്കാൻ പണമില്ലായിരുന്നു. 20 കിലോമീറ്റർ അകലെയുള്ള ബന്ധുവിന്റെ വീട്ടിൽ നടന്നെത്തി. ‘പഠിച്ചിട്ടൊന്നും കാര്യമില്ല, വേറെ വല്ല പണിക്കും പോ’ എന്നുപറഞ്ഞു മുഖം തിരിച്ചെങ്കിലും ഞാൻ മടങ്ങിയില്ല. ഒടുവിൽ ദയ തോന്നി ഫീസടയ്ക്കാനുള്ള പണം അവർ തന്നു. ഉയർന്ന മാർക്കോടെ മെട്രിക് പരീക്ഷ പാസായി. ഡോക്ടറാകണം എന്നായിരുന്നു മോഹം. പക്ഷേ, പഠിച്ചാലും ഗുണമില്ലെന്ന ശാപവാക്കുകളാണ് എന്നെ ‌പിന്തുടർന്നത്. ജോലിക്കായുള്ള അലച്ചിലായിരുന്നു പിന്നെ. പലരോടും കൈനീട്ടിയപ്പോൾ കിട്ടിയ മൂന്നര രൂപയുമായി മദിരാശിയിലേക്കു ട്രെയിൻ കയറുമ്പോൾ എനിക്ക് 20 വയസ്സ്.’’– മേജർ പറയുന്നു.

1200majornehru
നെഹ്റുവിനൊപ്പം എൽ.പി.കമ്മത്ത്. (ഫയൽ ചിത്രം)

വിധിയുടെ ലക്ഷ്മണരേഖകൾ

ചെറിയ ജോലിക്കായി പല വാതിലുകളും മുട്ടിയെങ്കിലും ഫലമുണ്ടായില്ല. തടിക്കമ്പനിയിൽ താമസിക്കാൻ ഇടം കിട്ടി. അമേരിക്കൻ സൈന്യത്തിലേക്ക് ആളെ എടുക്കുന്നുവെന്ന് ആരോ പറഞ്ഞു. ഓടിക്കിതച്ച് റിക്രൂട്ടിങ് കേന്ദ്രത്തിലെത്തിയപ്പോൾ, വൈകിയെന്നു പറഞ്ഞു വേലിക്കു പുറത്താക്കി.

1941, രണ്ടാം ലോകയുദ്ധം നടക്കുന്ന സമയം. ബ്രിട്ടിഷ് – ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യൻ ഗവൺമെന്റ് സർവീസ് കോറിൽ (ഐജിഎസ്‌സി) സൈനികരെ ആവശ്യമുണ്ടെന്നറിഞ്ഞ് മദിരാശിപ്പട്ടണത്തിലെ ഓഫിസിലെത്തി. കായികപരീക്ഷയുടെ ഭാഗമായി, തിളയ്ക്കുന്ന വെയിലിൽ ഓടുമ്പോഴും കയറിൽ തൂങ്ങി ഉയരങ്ങളിലേക്കു കയറുമ്പോഴും കാലുകളും കൈവെള്ളയും പൊള്ളിക്കീറിയതു ഞാനറിഞ്ഞില്ല.

രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും കണ്ണീർപ്പാടുകളുള്ള മുഖങ്ങൾ മാത്രമായിരുന്നു മനസ്സിൽ. കായികപരീക്ഷകളിൽ ഒന്നാമനായതോടെ സിലക്‌ഷൻ കിട്ടി. ഔറംഗാബാദിൽ രണ്ടു മാസത്തെ കഠിന പരിശീലനത്തിനു ശേഷം ബോംബെയിലേക്ക്. അവിടെനിന്നു കപ്പൽമാർഗം കിഴക്കൻ ആഫ്രിക്കയിലേക്കു പോയി. മൊമ്പാസ, നയ്റോബി, ടാൻസനിയ, ഈജിപ്ത്, പലസ്തീൻ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങളിൽ പങ്കാളിയായി.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഫ്രാൻസിലേക്കും തുടർന്ന് ഇംഗ്ലണ്ട്, സ്കോട്‌ലൻഡ് എന്നിവിടങ്ങളിലേക്കും നിയോഗിച്ചു. ബ്രിട്ടിഷ് റോയൽ ആർമിയിയിൽ, ഓഫിസർ പദവിയിലേക്കുള്ള സിലക്‌ഷൻ ബോർഡിന്റെ എല്ലാ കടമ്പയും കടന്നെങ്കിലും, മറ്റൊരു രാജ്യക്കാരനെ സൈന്യത്തിൽ എടുക്കുന്നതിനോടു വിയോജിപ്പുള്ളതിനാൽ എന്നെ നാട്ടിലേക്കു തിരിച്ചയച്ചു.

ഐജിഎസ്‌സിയിൽ ആയിരുന്നപ്പോഴാണു ചേർത്തലയിലെ തറവാടുവീട് ജപ്തി ചെയ്യുന്ന വിവരമറിഞ്ഞത്. ആകെയുള്ള 40 സെന്റ് സ്ഥലം. ജപ്തി ചെയ്താൽ അച്ഛനും അമ്മയും സഹോദരങ്ങളും പെരുവഴിയിലാകും. വിഷമതകളെല്ലാം ചൂണ്ടിക്കാട്ടി ഞാൻ മദ്രാസ് ഗവർണർ ജനറലിനു ടെലിഗ്രാം അയച്ചു. ജപ്തി നടപടി നിർത്തി വയ്ക്കാൻ അന്നത്തെ ഗവർണർ ജനറൽ ഉത്തരവിട്ടു. കടബാധ്യതകളെല്ലാം ഞാൻ പിന്നീടു വീട്ടി.

ഗവർണറുടെ എ‍ഡിസിയിലേക്ക്

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യൻ സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറായി തിരഞ്ഞെടുത്തു. 1948 നവംബർ 12 മുതൽ '49 ജൂൺ 3 വരെ പുണെ ഓഫിസേഴ്സ് ട്രെയിനിങ് സ്കൂളിലായിരുന്നു പരിശീലനം. അതിനു ശേഷം സെക്കൻഡ് ലഫ്റ്റനന്റായി നിയമനം. ജൂൺ 27ന് രജ്പുത്താന റൈഫിൾസ് ഒന്നാം ബറ്റാലിയനിൽ നിയമിച്ചു. അവിടെ, ബ്രിഗേഡ് ഓഫ് ദ് ഗാർഡ്സ് രൂപീകരിച്ചപ്പോൾ ആദ്യ ഓഫിസറായി നിയോഗിച്ചു. തുടർന്ന് രജ്പുത്താന റൈഫിൾസ് ഒന്നാം ബറ്റാലിയനെ, ബ്രിഗേഡ് ഓഫ് ദ് ഗാർഡ്സിൽ ലയിപ്പിച്ചു. പുതിയ സേന അസമിലേക്കു നീങ്ങി. ഈ സമയം അസം ഗവർണറുടെ എഡിസി തസ്തികയിലേക്കു സമർഥരായ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്ന് അറിയിപ്പു കിട്ടി. അന്നു ബ്രിഗേഡിയറായിരുന്ന ബിക്രം സിങ്, 5 ഉദ്യോഗസ്ഥരുടെ പേരുകൾ മുന്നോട്ടുവച്ചു.

അഭിമുഖത്തിലെ മികച്ച പ്രകടനത്തെത്തുടർന്ന് എന്നെയാണു തിരഞ്ഞെടുത്തത്. അസം ഗവർണറായിരുന്ന ജയ്റാംദാസ് ദൗലത് റാമിന്റെ എഡിസിയായി നിയമിച്ചു. 1951 മുതൽ 55 വരെ എഡിസിയായി പ്രവർത്തിച്ചു. 1962ൽ രജ്പുത്താന റൈഫിൾസ് 18–ാം ബറ്റാലിയനിൽ കമ്പനി കമാൻ‌ഡറായി. ചൈനയുമായി യുദ്ധം നടക്കുന്ന വേളയിൽ കശ്മീർ മേഖലയിലെ സൈനിക നീക്കങ്ങൾക്കു നേതൃത്വം നൽകി. 1965ൽ തിരുവനന്തപുരത്ത് എൻസിസി അസി. ഡയറക്ടറായി. 1970ൽ തമിഴ്നാട് തിരുനൽവേലിയിൽ എൻസിസി കമാൻഡിങ് ഓഫിസറായി. 1971ൽ പാക്കിസ്ഥാനുമായി യുദ്ധം തുടങ്ങിയപ്പോൾ, സൈന്യത്തിലേക്കു തിരിച്ചു വിളിച്ചു. പഞ്ചാബിലായിരുന്നു ദൗത്യം. യുദ്ധത്തിനു ശേഷം കൊല്ലത്ത് എൻസിസി കമാൻഡിങ് ഓഫിസറായി (ഏഴാം ബറ്റാലിയൻ) നിയമിച്ചു. 1976 ഓഗസ്റ്റ് 29 ന് സർവീസിൽനിന്നു വിരമിച്ചു.

നെഹ്റു ചോദിച്ചു, ‘രാവിലെ കുതിരസവാരി നടത്തുന്നതാരാണ്?’

ഒരുപാടു വിവിഐപികൾ അസം സന്ദർശിക്കാറുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജവാഹർലാൽ നെഹ്റു പലതവണ അസമിലെത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. രാവിലെ കുതിരസവാരി നടത്തുന്ന ശീലം എനിക്കുണ്ടായിരുന്നു. എവിടെപ്പോയാലും അതിനു മുടക്കമില്ല. ഒരു ദിവസം രാവിലെ ഞാൻ സവാരി നടത്തുമ്പോൾ, കുളമ്പടി ശബ്ദം കേട്ട നെഹ്റു, അതിരാവിലെ ആരാണു കുതിരസവാരി നടത്തുന്നതെന്നു ചോദിച്ചു. ‘‘Can I also Join you? Take me also tomorrow’’ – എന്ന് അദ്ദേഹം പറഞ്ഞു. പിറ്റേ ദിവസം ഒരു കുതിരയെ തരപ്പെടുത്തി, നെഹ്റുവുമൊത്തു സവാരി പോയി.

ഒരിക്കൽ അസം സന്ദർശനത്തിനു ശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെ, നെഹ്റുവിനൊപ്പം ചിത്രമെടുക്കണമെന്ന ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഫൊട്ടോഗ്രഫറോടു ചിത്രമെടുക്കാൻ നെഹ്റു ആവശ്യപ്പെട്ടു. ഡൽഹിയിലെത്തിയ ശേഷം ആ ചിത്രത്തിൽ ഒപ്പിട്ട് എനിക്കയച്ചു തന്നതു മറക്കാനാകില്ല.

അസം ഗവർണറുടെ എഡിസിയായിരുന്നപ്പോഴാണ് ചിത്തിര തിരുനാൾ ബാലരാമവർമയെ ‍ഡൽഹിയിൽ വച്ചു കാണാനിടയായത്. ആ സൗഹൃദം അവസാനം വരെയും തുടർന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടുഘോഷയാത്രയിൽ അനുഗമിക്കുന്നതിനായി രാജകുടുംബത്തിൽനിന്നുള്ള ക്ഷണം സ്വീകരിച്ച് പലവട്ടം പങ്കെടുത്തിട്ടുണ്ട്.

മറക്കാനാകാത്ത മുഖങ്ങൾ

യുദ്ധമേഖലയിലെ മറക്കാനാകാത്ത ഓർമകളുടെ കെട്ടഴിക്കുമ്പോൾ ആദ്യം തെളിയുന്ന മുഖം നൈജീരിയയിൽ വെടിയേറ്റു പിടയുന്ന സഹപ്രവർത്തകന്റേതാണ്. സൈനികദൗത്യത്തിനിടെ മറ്റൊരു സ്ഥലത്തേക്കു നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഒപ്പമുണ്ടായിരുന്നയാൾക്ക് യന്ത്രത്തോക്കിൽനിന്നു വെടിയേറ്റത്. അയാൾ പിടഞ്ഞു മരിക്കുമ്പോൾ, ഞങ്ങൾ അടുത്ത താവളം ലക്ഷ്യമിട്ടു നീങ്ങുകയായിരുന്നു. 1964ൽ സൈനികദൗത്യത്തിനിടെ അസമിലെ കൊടുംവനത്തിലൂടെ നടക്കുമ്പോൾ 40 അടി താഴ്ചയിലേക്കു കാൽതെറ്റി വീണ് വലതുകാലിനു പരുക്കേറ്റു. 6 ആഴ്ചയോളം സൈനിക ആശുപത്രിയിലായിരുന്നു. അന്ന് എന്നെ ശുശ്രൂഷിച്ചവരെയും കൂട്ടിരുന്നവരെയും മറക്കാനാകില്ല.

ജീവിതം ചോദ്യചിഹ്നമാകുമ്പോൾ, സൈന്യമാണ് എനിക്ക് അഭയമായത്. വേറൊരിടത്തും എനിക്കു പോകാനുണ്ടായിരുന്നില്ല. ആ തീരുമാനം എത്ര ശരിയായിരുന്നുവെന്ന് ഇപ്പോഴും തോന്നുന്നു. എനിക്കു ലഭിച്ച പേരും പെരുമയുമെല്ലാം എന്റെ രാജ്യമാണു സമ്മാനിച്ചത്. സൈന്യത്തെ സേവിച്ച ഒരാൾക്കും ഒരുനാളും വിശ്രമമില്ല. അവന്റെ സിരകളിലൊഴുകുന്നത് രാജ്യത്തിന്റെ ചോരയാണ്... രാജ്യത്തിനായി സമർപ്പിക്കേണ്ടതാണ് അവന്റെ ജീവിതം...

ഞാനിപ്പോഴും ഫിറ്റ്

100 വയസ്സു തികയുമ്പോഴും ചിട്ടയുടെ കാര്യത്തിൽ മാറ്റം വരുത്താൻ മേജർ പുരുഷോത്തം തയാറല്ല. രാവിലെ 5.30ന് ഉണരും. ചായ കുടിച്ച ശേഷം കുളി. ഒരു മണിക്കൂർ പൂജ. പ്രാതലിനു ശേഷം പത്രവായന, ടിവി കാണൽ. 10.45ന് വിശ്രമം. ഒരു മണിക്ക് ഉൗണ്. രണ്ടു മണിക്കൂർ ഉറക്കം.

4 മണിക്കു ചായ. 4.30ന് പാങ്ങോട് സൈനിക ക്യാംപിലെ പരേഡ് ഗ്രൗണ്ടിൽ നടത്തം. അവിടെയുള്ള ജിംനേഷ്യത്തിൽ അൽപനേരം ചെലവഴിച്ച ശേഷം മടങ്ങും. കുളി കഴിഞ്ഞ് പൂജ. രാത്രി 8ന് അത്താഴം കഴിഞ്ഞാൽ ഉറക്കം. കർണാടക സംഗീതമാണ് ഏറെ ഇഷ്ടം. 96 വയസ്സുള്ളപ്പോൾ വരെ ശ്രീമൂലം ക്ലബ്ബിൽ ടെന്നിസ് കളിക്കാൻ പോയിരുന്നു. ‘കമ്മത്ത് സാർ’ എന്നാണു പുരുഷോത്തമിനെ നാട്ടുകാർ ആദരവോടെ വിളിക്കുന്നത്. എൽ.പി.കമ്മത്ത്, പാങ്ങോട്, തിരുവനന്തപുരം എന്ന വിലാസത്തിൽ കത്തയച്ചാൽ വീട്ടിലെത്തും.

കുടുംബം

1951 ഫെബ്രുവരിയിലായിരുന്നു പുരുഷോത്തമിന്റെ വിവാഹം. ആലപ്പുഴയിലെ പ്രമുഖ വ്യവസായി നാഗേന്ദ്ര പ്രഭുവിന്റെ മകൾ ചന്ദ്രകലയായിരുന്നു വധു. പുരുഷോത്തം കമ്മത്ത് – ചന്ദ്രകല ദമ്പതികൾക്ക് രണ്ടു മക്കൾ: ഡോ. സുജാത (ഇഎൻടി സർജൻ), വിജയ് (എൻജിനീയർ, മസ്കത്ത്). മരുമക്കൾ: പി.ബി.സുന്ദരേശൻ, ആഷ.

2005ൽ ഭാര്യ ചന്ദ്രകലയുടെ മരണത്തെത്തുടർന്ന് കുറച്ചുനാൾ പുരുഷോത്തം മസ്കത്തിലായിരുന്നു. ഇപ്പോൾ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാംപിനു സമീപം വേട്ടമുക്ക് ‘പാരിജാത’ത്തിലാണു താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com