വാനമ്പാടിയുടെ പാട്ടു കേട്ട്, ജീവിതത്തിലേക്ക് തിരികെപ്പറന്ന ഒരാളുടെ കഥ

1200 ramachan
പി.എസ്.രാമചന്ദ്രൻ. ചിത്രം: വിബി ജോബ് ∙ മനോരമ
SHARE

ചെന്നൈ വിജയ ഹോസ്പിറ്റലിലെ ഡയഗ്നോസ്റ്റിക്സ് ഡിവിഷൻ മാനേജർ ചെറിയാൻ തോമസ് കാറിലാണു വീട്ടിലേക്കു പോകാറ്. അന്നു രാത്രി 11 മണിയായതിനാൽ കാർ നേരത്തേ വിട്ട് അത്യാഹിത വിഭാഗത്തിനു മുന്നിലൂടെ നടക്കാൻ തുടങ്ങി.

രാത്രി വൈകിയതിനാൽ ആശുപത്രി വരാന്തയിൽ ആരുമില്ല. അത്യാഹിത വിഭാഗത്തിനു പുറത്തെ ബെഞ്ചിൽ പതിവുപോലെ ആളുകളുണ്ട്. പക്ഷേ, തിരക്കില്ല.

അവിടെയൊരു സ്ത്രീ ചുമരിൽ ചാരിനിന്നു കരയുന്നുണ്ടായിരുന്നു. ആശുപത്രിയിൽ അതു പതിവാണ്. പ്രധാന ഗേറ്റു വഴി നടന്നു റോഡിലേക്കു കടക്കുന്നതിനു തൊട്ടുമുൻപു പെട്ടെന്ന് ആ സ്ത്രീയുടെ മുഖം ഓർമവന്നു. മകന്റെ സ്കൂളിലെ ടീച്ചർ ഗീതയാണത്. തിരിച്ച് അവരുടെ അടുത്തേക്കു നടന്നു. അവരുടെ ഭർത്താവ് അത്യാഹിത വിഭാഗത്തിലുണ്ട്. കൂടുതലൊന്നും പറയാൻ അവർക്കായില്ല, അറിയുകയുമില്ല.

അകത്തുചെന്നു നോക്കിയപ്പോൾ കണ്ടതു പരിചയമുള്ള മുഖം. വയലിൻ തോളിലിട്ടു ഗോൾഫ് ക്യാപ്പും വച്ചു പലതവണ റോഡിൽ കണ്ട ആൾ. പേര് പി.എസ്.രാമചന്ദ്രൻ.

1200 ramachan amma
പി.എസ്.രാമചന്ദ്രൻ അമ്മ പത്മിനിക്കൊപ്പം.

ഡോക്ടർമാർ പറഞ്ഞു, രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. തലയിലെ രക്തക്കുഴലുകൾ പൊട്ടിയിരിക്കുന്നു. രക്തം കണ്ണിലേക്ക് ഒലിച്ചിറങ്ങിയതു കാണാം. ചെമ്പരത്തിപ്പൂ പോലുള്ള കണ്ണുകൾ. രാത്രി കടന്നുകിട്ടുമെന്നുപോലും തോന്നുന്നില്ല.

വയലിൻ വായനക്കാരനായതുകൊണ്ടു ഗായകൻ ഉണ്ണി മേനോന് അറിയാമായിരിക്കുമെന്നു കരുതി ഐസിയുവിന് അകത്തുനിന്നുതന്നെ വിളിച്ചു. ‘വയലിനിസ്റ്റ് രാമചന്ദ്രനാണോ’ എന്ന് ഉണ്ണി മേനോൻ ചോദിച്ചു. പുറത്തുവന്ന് ഉറപ്പുവരുത്തിയ ശേഷം അതെ എന്നു പറഞ്ഞു. പെട്ടെന്നു ഫോണിനു മറുവശത്തെ ഞെട്ടൽ ചെറിയാനു മനസ്സിലായി.

‘എന്തു ചെയ്തും രക്ഷിക്കുക, ഞാൻ പുറപ്പെട്ടു’ എന്നു മാത്രം ഉണ്ണി മേനോൻ പറഞ്ഞു. പിന്നീടു ഫോൺകോളുകളുടെ ബഹളമായിരുന്നു. അപ്പോഴാണ് അകത്തു കിടക്കുന്നതു വെറുമൊരു വയലിനിസ്റ്റല്ല എന്നു ചെറിയാനു മനസ്സിലായത്. എം.എസ്.വിശ്വനാഥൻ, ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങി സിനിമാരംഗത്തെ എല്ലാ പ്രമുഖ സംഗീതസംവിധായകർക്കും പ്രിയപ്പെട്ട വയലിനിസ്റ്റ്. ഇളയരാജയ്ക്കൊപ്പം 600 സിനിമകളുടെ പിന്നണി വായിച്ച കലാകാരൻ.

വീട്ടിൽപോയ ന്യൂറോ ചീഫ് സർജൻ രംഗനാഥൻ ജ്യോതിയെ തിരിച്ചുവിളിച്ചു ശസ്ത്രക്രിയ തുടങ്ങി. രാത്രി ഒരു മണിക്കു തുടങ്ങിയ ശസ്ത്രക്രിയ രാവിലെ ആറുവരെ നീണ്ടു. സിനിമയ്ക്കു പിന്നണി വായിക്കുന്ന കലാകാരന്മാരുടെ വലിയ കൂട്ടം ആശുപത്രിവരാന്തയിൽ രാത്രി മുഴുവൻ കാത്തുനിന്നു.

രാമചന്ദ്രന്റെ ജീവൻ രക്ഷിച്ചെടുത്തുവെന്ന് ഏഴുമണിയോടെ ഉറപ്പായി. പിന്നെ 20 ദിവസം ഐസിയുവിൽ. മിക്കപ്പോഴും ബോധത്തിനും അബോധത്തിനും ഇടയിലുള്ള അവസ്ഥ.

രാമചന്ദ്രനെ കാണാൻ ഒരുദിവസം കെ.എസ്.ചിത്ര എത്തി. അത് അബോധാവസ്ഥയുടെ സമയമായിരുന്നു. ഐസിയുവിൽ രാമചന്ദ്രനെ കണ്ടു മടങ്ങി ഡോക്ടറോടു സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, രാമചന്ദ്രന്റെ തിരിച്ചുവരവിനു ചിത്രയ്ക്കു സഹായിക്കാനായേക്കുമെന്ന്. അത്രയേറെ അടുപ്പം രാമചന്ദ്രന് ചിത്രയുമായി ഉണ്ടായിരുന്നു. ചിത്രയുടെ പാട്ടു കേട്ടാൽ ചിലപ്പോൾ തിരിച്ചുവരവ് എളുപ്പമായേക്കും. മുറിയിൽ ചിത്രയ്ക്കു വേണ്ടി പ്രത്യേക സൗകര്യം ചെയ്തുകൊടുത്തു. രാമചന്ദ്രന്റെ അടുത്തിരുന്നു ചിത്ര പാടി. ഒരു ദിവസമല്ല, പല ദിവസം. റിക്കോർഡിങ് കഴിഞ്ഞു നേരെ ആശുപത്രിയിലെത്തുകയായിരുന്നു.

chitra cheriyan
കെ.എസ്.ചിത്ര, ചെറിയാൻ തോമസ്

രാമചന്ദ്രൻ പതുക്കെ തിരിച്ചുവരാൻ തുടങ്ങി. ഒരുദിവസം ചിത്ര മുറിയിലെത്തി ‘പാടറിയേൻ പഠിപ്പറിയേൻ...’ എന്ന പാട്ടു മൂളിയതും രാമചന്ദ്രൻ ഉറക്കെ ചോദിച്ചു, അതു നമ്മുടെ ഒരേയൊരു ചിത്രയല്ലേ; അവർ എപ്പൊ വന്നു?’ രാമചന്ദ്രന്റെ അമ്മയും ഭാര്യയും മുറിയിലുണ്ടായിരുന്നവരും അതുപോലെ സന്തോഷിച്ച ദിവസം വേറെയില്ല. രാമചന്ദ്രൻ ശരിക്കും ഉണർന്നിരിക്കുന്നു. മൂളിപ്പാട്ടുപോലും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. മാജിക് കാണിച്ചതു മരുന്നുകളും ഡോക്ടർമാരും തന്നെയാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, രാമചന്ദ്രനു പ്രിയപ്പെട്ട ശബ്ദവും ഇരുട്ടിന്റെ ആഴങ്ങളിൽ പിടിച്ചുകയറാൻ ഇട്ടുകൊടുത്തു, ഒരു മുല്ലവള്ളി. പക്ഷേ, അന്നു മറ്റൊരു കാര്യം ചിത്ര അറിഞ്ഞു. രാമചന്ദ്രന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ഡോക്ടർമാർ ഇതെക്കുറിച്ചു സൂചന നൽകിയിരുന്നതാണ്.

ചിത്ര ഓർക്കുന്നു

രാമചന്ദ്രനെ ചെന്നൈയിൽ വന്നതു മുതലേ അറിയാം. ഇളയരാജ സാറിന്റെ സ്റ്റുഡിയോയിൽ വച്ചാണ് ആദ്യം കാണുന്നത്. അന്നു വലിയൊരു ഷോ ഉണ്ടായിരുന്നു. അതിൽ ‘പാടറിയേൻ പഠിപ്പറിയേൻ...’ എന്ന പാട്ടാണു ഞാൻ പാടേണ്ടത്. അതിന്റെ വയലിൻ സോളോ രാമചന്ദ്രനും. റിഹേഴ്സലിനിടെ ഞാനും രാമചന്ദ്രനും വശത്തേക്കു മാറിനിന്നു ഏറെനേരം പരിശീലിച്ചു. അത്രയേറെ സമർപ്പണത്തോടെയാണു രാമചന്ദ്രൻ എന്നും ജോലി ചെയ്തത്.

എന്റെ പാട്ടു രാമചന്ദ്രന്റെ തിരിച്ചുവരവിനു കാരണമായോ എന്നെനിക്കറിയില്ല. പക്ഷേ, അവിടെയിരുന്നു പാടുമ്പോൾ രാമചന്ദ്രനതു കേൾക്കുന്നുണ്ടായിരുന്നു എന്നെനിക്കുറപ്പാണ്. പലതും തിരിച്ചറിയാതെ കിടന്ന സമയത്ത് എന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്നതു മറക്കാനാകില്ല. ആ സമയത്താണു കാഴ്ച ഇല്ലാതായെന്നു ഞാൻ അറിയുന്നത്. വല്ലാത്തൊരു ഷോക്കായിരുന്നു.

രാമചന്ദ്രന്റെ കുടുംബവുമായി എനിക്കു പിന്നീടു വലിയ അടുപ്പമായി. സ്നേഹമുള്ള അമ്മ, ഭാര്യ... അങ്ങനെ പലരും. പിന്നെ, അവർ സ്വന്തം നാടായ ഒറ്റപ്പാലത്തേക്കു താമസം മാറി. ഞാനൊരിക്കൽ ഒറ്റപ്പാലത്തുപോയി രാമചന്ദ്രനെ കണ്ടു. ഇപ്പോഴും വയലിൻ വായിച്ചു കച്ചേരികൾ ചെയ്യുന്നുണ്ട്. പാലക്കാട്ടെ സംഗീതജ്ഞർ വിചാരിച്ചാൽ രാമചന്ദ്രന്റെ നേതൃത്വത്തിലൊരു മ്യൂസിക് ട്രൂപ്പ് ഉണ്ടാക്കാനാകും. നമുക്കിനിയും രാമചന്ദ്രനെ വേണം.’

രാമചന്ദ്രൻ പറയുന്നു

അന്നു ഞാൻ മുകളിൽപോയ ദിവസങ്ങളാണ്. ബോധാവസ്ഥയിലല്ല. ചിത്ര വന്നു പാടിയെന്ന് അമ്മയും ഭാര്യയുമെല്ലാം പറഞ്ഞതാണ്. എന്റെ ചെവിയിലാണു ചിത്ര പാടിയിരുന്നതെന്ന് അമ്മ പറഞ്ഞു. എനിക്കോർമയില്ല. തീർച്ചയായും ആ സംഗീതവും എന്നെ മറ്റൊരു ലോകത്തുനിന്നു തിരിച്ചു ഭൂമിയിലേക്കു വരാൻ സഹായിച്ചിട്ടുണ്ടാകാം. ഒന്നും ഓർമയില്ലാത്ത അവസ്ഥയിൽനിന്നാണു ഞാൻ ഓർമയിലേക്കു വന്നത്.

രാമചന്ദ്രൻ വയലിൻ വായിക്കാൻ പഠിച്ചുതുടങ്ങിയത് അഞ്ചാം വയസ്സിലാണ്. പാലക്കാട് നെന്മാറയിലെ തോമസ് ആയിരുന്നു ഗുരു. പിന്നീടു പലർക്കും ശിഷ്യപ്പെട്ടു. കണ്ണൂർ എസ്എൻ കോളജിൽ പഠിക്കുന്ന കാലമാകുമ്പോഴേക്കും നല്ല വായനക്കാരനായി. 1982ൽ ചെന്നൈയിലേക്കു പോയി. ജോൺ ടെയ്‌ലിന്റെ അടുത്തു വെസ്റ്റേൺ സ്റ്റൈൽ പഠിക്കാൻ തുടങ്ങി.

എം.എസ്.വിശ്വനാഥൻ, കെ.വി.മഹാദേവൻ, എം.ബി.ശ്രീനിവാസൻ, ഇളയരാജ, ബോംബെ രവി, നൗഷാദ്, സലിൽ ചൗധരി, ദക്ഷിണാമൂർത്തി, രാഘവൻ മാസ്റ്റർ, എ.ആർ.റഹ്മാൻ, ശ്യാം, കണ്ണൂർ രാജൻ, രവീന്ദ്രൻ, വിദ്യാസാഗർ, എസ്.പി.വെങ്കിടേഷ്, ഔസേപ്പച്ചൻ, എം.ജയചന്ദ്രൻ, രമേശ് നാരായണൻ തുടങ്ങി 190 സംഗീത സംവിധായകർക്കൊപ്പം വയലിൻ വായിച്ചു. അവർക്കെല്ലാം പ്രിയപ്പെട്ടവനായി. നാം കേട്ട എത്രയോ പാട്ടുകളിലും സീനുകളിലും ഹൃദയത്തിലേക്ക് ഒഴുകിവന്നത് ഈ മനുഷ്യൻ വായിച്ച വയലിനാണ്.

1200 ramachan family
രാമചന്ദ്രനും കുടുംബാംഗങ്ങൾക്കും ഒപ്പം കെ.എസ്.ചിത്ര (ഫയൽ ചിത്രം)

തിരക്കേറിയൊരു ഗായിക പല ദിവസവും ആശുപത്രിക്കിടക്കയ്ക്ക് അരികിൽ വന്നിരുന്നു പാടിക്കൊടുക്കുക. സ്വന്തം വീട്ടിലെ ആളെന്നപോലെ എത്രയോ പ്രമുഖർ പരിചരിക്കുക. ഒറ്റപ്പാലത്തുനിന്നു ചെന്നൈയിലെ സംഗീത ലോകത്തേക്കു വയലിനും ചുമലിൽ തൂക്കി ആരുടെയും പിൻബലമില്ലാതെ എത്തിയൊരു ചെറുപ്പക്കാരൻ ഇതിൽ കൂടുതലെന്തു നേടാൻ? വർഷങ്ങൾക്കു ശേഷം രാമചന്ദ്രൻ ഒറ്റപ്പാലത്തു തിരിച്ചെത്തി. പത്തിരിപ്പാല ചന്ത ബസ് സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്ററോളം അകലൂർ റോഡിൽപോയാൽ രാമചന്ദ്രന്റെ വീടായി. അമ്മ പത്മിനി എസ്.നായർ കൂടെയുണ്ട്.

2014ൽ തലച്ചോറിലുണ്ടായ മിന്നലിൽ നഷ്ടമായതു കണ്ണിന്റെ കാഴ്ച മാത്രമാണ്. ഇന്നും രാമചന്ദ്രൻ വീട്ടിലിരുന്ന് എന്നും 2 മണിക്കൂർ വയലിൻ വായിക്കുന്നു. കുട്ടികൾ പഠിക്കാനായി ഈ മനുഷ്യനെത്തേടി വരുന്നു. സംഗീത വേദികളിൽ വയലിൻ വായിക്കാനായി വേണ്ടപ്പെട്ടവർ അദ്ദേഹത്തെ കൈപിടിച്ചു കൊണ്ടുപോകുന്നു. എത്രയോ വലിയ സംഗീതജ്‍ഞരുടെ മനസ്സിൽ വിരിഞ്ഞ സംഗീതം രാമചന്ദ്രന്റെ വയലിനിലൂടെ ഒഴുകിയൊഴുകി വരുന്നു. നൂറുകണക്കിനു കലാകാരന്മാർ നിരന്നിരുന്ന റിക്കോർഡിങ് സ്റ്റുഡിയോകളിൽ നിറഞ്ഞ സംഗീതം ഒറ്റപ്പാലത്തെ പാടവരമ്പിലൂടെ തനിയെ നടക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA