ADVERTISEMENT

പാലക്കാട് ജില്ലയിലെ തിരക്കേറിയ ഒരു അനസ്തെറ്റിസ്റ്റിന്റെ ഡേറ്റിനായി ഇരുപത്തിയൊന്നോളം രാജ്യങ്ങളിലെ വിവിധ കമ്പനികൾ കാത്തിരിപ്പാണ്. ഏതോ മാറാരോഗത്തിന്റെ മരുന്ന് ഡോക്ടറുടെ കയ്യിൽ ഉള്ളതുകൊണ്ടല്ല ഈ കാത്തിരിപ്പ്. സ്കൂൾ പഠനകാലം തൊട്ട് ഡോ. എം.ശ്രീകുമാർ കൊണ്ടുനടക്കുന്ന ‘നേരംപോക്കാണ്’ ഇന്നു ലോകത്തിന്റെ നാനാഭാഗത്തുമുള്ള, നിറങ്ങളെ ഇഷ്ടപ്പെടുന്നവരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റിയത്. അതോടെ അദ്ദേഹത്തിനൊരു പേരും വീണു – ഡോക്ടർ ഇങ്ക്മാൻ!

നിറമുള്ള കഥ

പാലക്കാട് നഗരത്തിലെ വിവിധ ആശുപത്രികളിൽ അനസ്തെറ്റിസ്റ്റായി ജോലിചെയ്യുന്ന ഡോ.ശ്രീകുമാറിനു നിറങ്ങളോടുള്ള പ്രണയം പകർന്നുകിട്ടിയത് മുത്തച്ഛനും പ്രശസ്ത ആർട്ടിസ്റ്റുമായ വെള്ളൈക്കൽ അച്യുതമേനോനിൽ നിന്നാണ്. ‘എണ്ണച്ചായത്തിൽ മുത്തച്ഛൻ പല പരീക്ഷണങ്ങളും നടത്തുന്നത് ഞാൻ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. വിദേശനിർമിതമായ പല ചായക്കൂട്ടുകളും മഷികളും അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നു. ജർമനിയിൽ നിർമിച്ച ഡ്രൈ സ്ട്രിപ്പുകളും വിവിധ ലായകങ്ങളും അന്നു മുത്തച്ഛന്റെ കയ്യിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇക്കാലമത്രയും അന്വേഷിച്ചിട്ടും അത് എവിടെനിന്നു ലഭിച്ചുവെന്നു കണ്ടെത്താനായിട്ടില്ല.

ഒരു കലാകാരന്റെ സ്വകാര്യത എന്ന പോലെ അതിന്റെ ഉറവിടത്തെക്കുറിച്ചു മുത്തച്ഛൻ ആരോടും പറഞ്ഞിട്ടുമില്ല’– തന്റെ ജീവിതത്തിലേക്ക് ആദ്യമായി നിറങ്ങൾ കോറിയിട്ട മുത്തച്ഛൻ തന്നെയാണ് ഈ മേഖലയിലെ തന്റെ പ്രചോദനവും മാർഗദർശിയുമെന്നു ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.

ആരാണ് ഇങ്ക്മാൻ?

ഉത്തരം ഒരു ചിരിയിലൊതുക്കാനാണു ഡോക്ടർക്കിഷ്ടമെങ്കിലും നിറങ്ങളുടെ ലോകത്ത് ഡോക്ടർക്കു തന്റേതായ സ്ഥാനമുണ്ട്. സ്കൂൾ പഠനകാലത്താണ് എഴുതാൻ ആവശ്യമായ മഷി സ്വയം നിർമിച്ചാലെന്താ എന്നൊരാശയം ശ്രീകുമാറിനു തോന്നിയത്. മുത്തച്ഛനിൽ നിന്നു കണ്ടുപഠിച്ച നിറക്കൂട്ടുകളും പൊടിക്കൈകളും ഈ തീരുമാനത്തിനുള്ള ആത്മവിശ്വാസം കൂട്ടി. ആദ്യമൊക്കെ ഫൗണ്ടൻ പേന വാങ്ങി അതിന്റെ നിബ്ബിലായിരുന്നു പരീക്ഷണം.

നിബ്ബിന്റെ ആകൃതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു, മഷിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ചു. ‘ബിസ്മി ഫൗണ്ടൻ പേന മുതൽ ജൂബിലി പേനയും ഹീറോ പേനയുമെല്ലാം എന്റെ പരീക്ഷണത്തിനായി ഞാൻ ഉപയോഗിച്ചു. നിബ്ബുകൾ ട്യൂൺ ചെയ്യുന്നതിനൊപ്പം, പതിയെ വ്യത്യസ്ത നിറത്തിലുള്ള മഷികൾ നിർമിക്കുന്നതിലായി എന്റെ അടുത്ത പരീക്ഷണം’.

പഠനം, പരീക്ഷണം

‘എംബിബിഎസ് പഠനകാലം എന്റെ പരീക്ഷണങ്ങൾക്കു കൂടുതൽ അവസരം നൽകിയെന്നു പറയാം. പഠനത്തിന്റെ ഭാഗമായി വളരെയധികം വരയ്ക്കാനുണ്ടായിരുന്നു. അതിനുവേണ്ടി മഷിയിലെ പരീക്ഷണങ്ങളും നിബ് ട്യൂണിങ്ങും ഉപയോഗപ്പെടുത്തി. രാസമാറ്റങ്ങളെക്കുറിച്ചുള്ള അറിവ് പുതിയ നിറങ്ങളുടെ നിർമാണത്തിലും വളരെയധികം സഹായിച്ചു’– പഠനം പരീക്ഷണമാക്കിയതിലൂടെ ലഭിച്ച ഗുണങ്ങൾ ഡോക്ടർ ഓർത്തെടുക്കുന്നു.

‘‘കോഴിക്കോട് മെഡിക്കൽ കോളജിലെ പഠനകാലത്താണ് അന്നത്തെ പ്രമുഖ പേന കമ്പനിയായ കിം & കോ പേനകളുടെ നിർമാതാവ് എ.സി.രാമചന്ദ്രനെ കണ്ടുമുട്ടുന്നത്. എനിക്കു പേനകളോടുള്ള കമ്പം അറിഞ്ഞതോടെ അദ്ദേഹം എന്നെ ശിഷ്യനായി ഏറ്റെടുത്തു. പേന നിർമാണത്തോടൊപ്പം, അൽപം പാരമ്പര്യ ചികിത്സയും അദ്ദേഹത്തിനു വശമുണ്ടായിരുന്നു. ഞാനൊരു മെഡിക്കൽ വിദ്യാർഥിയായതുകൊണ്ടു തന്നെ അദ്ദേഹത്തിന് എന്നോടൊരു പ്രത്യേക മമതയും ഉണ്ടായിരുന്നു.’’

കൃഷ്ണ ജനിക്കുന്നു

പേനകളിലും മഷികളിലും നടത്തിയ ചെറിയ ചില പരീക്ഷണങ്ങളിൽനിന്നു ലഭിച്ച ധൈര്യത്തിന്റെ പുറത്താണ് 2010ൽ കൃഷ്ണ പേനകളും മഷിയും വിപണിയിലെത്തിക്കാൻ തീരുമാനിക്കുന്നത്. ഇ ബേ വഴി കൃഷ്ണ പേനകളും മഷിയും വിപണിയിലെത്തിച്ചു. ബ്രിൽ, ക്യാമൽ പോലുള്ള ചുരുക്കം ബ്രാൻഡുകളേ അന്നു ഗുണമേന്മയുള്ള മഷിയുമായി വിപണിയിലുണ്ടായിരുന്നുള്ളൂ. അവരോടൊക്കെ മത്സരിച്ചു വിപണി പിടിക്കാനല്ല ഞാൻ കൃഷ്ണ മഷി പുറത്തിറക്കിയത്. എന്നാൽ, എന്റെ കൊച്ചു സംരംഭത്തിനു ലഭിച്ച മികച്ച വരവേൽപ് ഇതു കൂടുതൽ വിപുലമാക്കിയാലെന്താ എന്നൊരു ചിന്ത എന്നിലുണ്ടാക്കി – ശ്രീകുമാർ പറയുന്നു.

ഇരുപതിലധികം വ്യത്യസ്ത നിറങ്ങളിലും ഷേഡുകളിലുമുള്ള മഷികൾ ഇന്നു കൃഷ്ണയിൽ ലഭ്യമാണ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെൻ വേൾഡ് എന്ന കമ്പനിയാണ് ഇപ്പോൾ വിപണനം ഏറ്റെടുത്തിരിക്കുന്നത്. ഒട്ടേറെ രാജ്യങ്ങളിൽ കൃഷ്ണ മഷിക്ക് ആവശ്യക്കാരുണ്ട്; പ്രത്യേകിച്ച് കലിഗ്രഫിയിൽ താൽപര്യമുള്ളവർ.

കലിഗ്രഫിയും കൃഷ്ണയും

അക്ഷരങ്ങൾകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന വർണലോകമാണു കലിഗ്രഫി. അക്ഷരങ്ങൾ അത്യന്തം മനോഹരമായും ചിത്രസമാനമായ രീതിയിലും അവതരിപ്പിക്കുന്ന കലിഗ്രഫിക്കു കേരളത്തിൽ പ്രചാരം കുറവാണെങ്കിലും പാശ്ചാത്യലോകത്തു വൻ സ്വീകാര്യതയാണുള്ളത്.

കലിഗ്രഫിയെക്കുറിച്ചുള്ള കൗതുകമാണ് ശ്രീകുമാറിനെ പ്രത്യേകതരം പേനകളും മഷികളും ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്. ഷീനിങ്, ഷേഡിങ് തുടങ്ങി കലിഗ്രഫിയിൽ ഉപയോഗപ്പെടുത്താവുന്ന മഷികളുടെ പ്രത്യേകതകളും വൈവിധ്യങ്ങളും മനസ്സിലാക്കിയ ശ്രീകുമാർ അതിനുതകുന്ന നിറങ്ങൾ തയാറാക്കി.

ഇന്ന് യുഎസ്, യുകെ, ഓസ്ട്രേലിയ, ചൈന, സിംഗപ്പൂർ, മലേഷ്യ, ഫിൻലൻഡ്, പോളണ്ട്, ജർമനി, നെതർലൻഡ്‌സ്, ഫിലിപ്പീൻസ്, വിയറ്റ്നാം, ബൽജിയം, ഹോങ്കോങ്, ഇന്തൊനീഷ്യ, റഷ്യ, തയ്‌വാൻ, തുർക്കി, ന്യൂസീലൻഡ് തുടങ്ങി ഇരുപത്തിയൊന്നിലേറെ രാജ്യങ്ങളിലായി കലിഗ്രഫിയെ ഇഷ്ടപ്പെടുന്നവർക്കിടയിൽ കൃഷ്ണ ഇങ്ക്സ് പ്രസിദ്ധമാണ്. മഷിയുടെ സ്ഥിരതയും ഒഴുക്കിലെ അനായാസതയും വ്യത്യസ്ത ഷേഡുകളുടെ ലഭ്യതയുമാണ് കലിഗ്രഫിക്കാർക്കിടയിൽ കൃഷ്ണയെ പ്രിയങ്കരമാക്കുന്നതെന്ന് ഉപയോഗിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.

വർണങ്ങളുടെ ലോകം

വാട്ടർ പ്രൂഫ്, ബ്ലീച്ച് പ്രൂഫ്, ടാമ്പർ പ്രൂഫ് തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ള മഷികൾ കൃഷ്ണയിൽ ലഭ്യമാണ്. പഴയകാലത്ത് ആധാരമെഴുതാൻ ഉപയോഗിച്ചിരുന്ന, ഒരിക്കലും മായാത്തതും രാസവസ്തുക്കൾ ഉപയോഗിച്ചു നീക്കംചെയ്യാൻ കഴിയാത്തതുമായ മഷികൾ മുതൽ വെള്ളത്തിൽ മാഞ്ഞുപോകാത്തതും ബ്ലീച്ച് ചെയ്താൽ പോലും കുഴപ്പമില്ലാത്തതുമായ മഷികൾ വരെ ശ്രീകുമാർ നിർമിക്കുന്നു. കടുക്ക, നെല്ലി, ബീറ്റ്റൂട്ട്, മഞ്ഞൾ തുടങ്ങിയവയുടെ സത്തുപയോഗിച്ച് പ്രകൃതിദത്തമായ രീതിയിലും മഷി തയാറാക്കുന്നു. സഹപ്രവർത്തകരായ ഡോക്ടർമാർക്കിടയിലും മഷിക്കു വൻ ഡിമാൻഡാണ്.

‘‘ഇതെനിക്കൊരു ബിസിനസ് അല്ല. കൗതുകത്തിനു തുടങ്ങി ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു ഹോബിയാണ്. അതുകൊണ്ടുതന്നെയാണ് HAND MADE IN INDIA WITH LOVE എന്ന ടാഗ്‌ലൈൻ കൃഷ്ണ ഇങ്ക്സിനു നൽകിയതും’’– ഇങ്ക്മാൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com