ADVERTISEMENT

മരണത്തിലേക്ക്  ഇറങ്ങിപ്പോകാൻ തുടങ്ങിയ ഗുരുവിനെ  ജീവിതത്തിലേക്കും സ്വന്തം  കുടുംബത്തിലേക്കും  ചേർത്തുപിടിച്ച ശിഷ്യൻ......

ഏകലവ്യന്റെ പെരുവിരലാണു ഗുരുഭക്തിക്ക് ആമുഖമെഴുതിയത്. ഒരു ശിഷ്യൻ ഗുരുവിനു തണലും തുണയുമായ ഈ കഥ പക്ഷേ, വർത്തമാനകാലത്തു നിന്നാണ്.

മീറ്റ്ന രാമകൃഷ്ണൻ എന്ന ചെണ്ടവാദ്യക്കാരനാണ് ഈ കഥയിലെ ശിഷ്യൻ. ഗുരു: ചെണ്ടവാദ്യകലയിൽ ഒട്ടേറെ ശിഷ്യരുള്ള കലാമണ്ഡലം ശിവരാമൻ നായർ. ഒരിക്കൽ ആത്മഹത്യയ്ക്ക് ഇറങ്ങിത്തിരിച്ചതാണ് ആശാൻ. ശിഷ്യന്റെ സംരക്ഷണത്തിലായിട്ട് ഒന്നരപ്പതിറ്റാണ്ടിലേറെയായി.

ആ വരവ്

അന്നൊരു നെന്മാറ–വല്ലങ്ങി വേലയുടെ ദിവസമാണ്, ശിവരാമൻ നായർ പ്രിയശിഷ്യന്റെ വീട്ടിലെത്തുന്നത്. വേലയ്ക്കു വാദ്യത്തിനു പോകാൻ വിളി വന്നിരുന്നെങ്കിലും ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടതു കൊണ്ട് രാമകൃഷ്ണൻ ഒഴിഞ്ഞുമാറിയതായിരുന്നു. ഭാര്യാസഹോദരൻ കൂ‌ടിയായ പ്രശസ്ത വാദ്യകലാകാരൻ മായന്നൂർ രാജുവുമുണ്ട് വീട്ടിൽ. ജീവിതം മടുത്തെന്നും ആത്മഹത്യയ്ക്കു മുൻപ് ഒരിക്കൽകൂടി കാണാൻ വന്നതാണെന്നും ശിഷ്യനോട് ആശാൻ വരവിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.

ഞാനിങ്ങട് പോന്നു

ആത്മഹത്യ തീരുമാനിക്കുന്നതിനും അഞ്ചു വർഷം മുൻപാണ് ഒറ്റപ്പാലം ലക്കിടി കോണിക്കൽ കു‌ടുംബാംഗമായ ശിവരാമൻ നായർ (73) തൃശൂർ തിരുവില്വാമലയിലെ വീടും കുടുംബവും വിട്ടുപോന്നത്. കുറച്ചുകാലം ലക്കിടിയിലെ ബന്ധുവീട്ടിൽ കഴിഞ്ഞു. അവിടവും വിട്ടു പീടികക്കോലായകളിലേക്ക് ഇറങ്ങി. അതും കഴിഞ്ഞായിരുന്നു ജീവിതം അവസാനിപ്പിക്കാനുള്ള പുറപ്പാട്. എന്തിനാണു വീടും കുടുംബവും വിട്ടുപോന്നതെന്ന ചോദ്യത്തോട് ആശാന്റെ പ്രതികരണം ആറ്റിക്കുറുക്കിയതായിരുന്നു: ‘ഞാനിങ്ങട് പോന്നു..അത്രേന്നെ’. അതിൽക്കൂടുതൽ ചോദിക്കേണ്ടെന്നു മുഖഭാവം കനത്തു.

ഇവിടെക്കൂടാം

മരിക്കാൻ പുറപ്പെട്ട ഗുരുവിനെ ശിഷ്യൻ തടഞ്ഞു: ‘ഇനിയങ്ങോട്ടുള്ള കാലം ആശാനിവിടെക്കൂടാം’. ഈ തണലിനും തുണയ്ക്കും വർഷം 17 തികഞ്ഞു. ആശാനെത്തിരഞ്ഞ് ആരും ഇങ്ങോട്ടു വന്നിട്ടില്ല. ആശാൻ പിന്നീടെങ്ങോട്ടും ഇറങ്ങിപ്പോയതുമില്ല. രാമകൃഷ്ണന്റെ തായമ്പകയ്ക്കും പഞ്ചവാദ്യത്തിനും മേളത്തിനുമൊക്കെ മൂന്നു വർഷം മുൻപുവരെ ആശാനും കൂടെപ്പോയിരുന്നു. ആശാൻ കൂടെയുള്ളപ്പോൾ രാമകൃഷ്ണൻ, മനസ്സുകൊണ്ട് പ്രാമാണ്യവും അദ്ദേഹത്തിനു കൽപിച്ചു കൊടുത്തു.

അച്ഛനും അമ്മയും ഭാര്യയും മക്കളും ഉൾപ്പെട്ട സ്വന്തം കുടുംബത്തിലേക്കാണ് രാമകൃഷ്ണൻ ഗുരുവിനെയും കണ്ണിചേർത്തത്. അങ്ങനെ ഗുരു ശിഷ്യന്റെ കുടുംബാംഗമായി. കുറച്ചു മാസം മുൻപ്, പക്ഷാഘാതം ബാധിച്ച് ആശാന്റെ ഇടതുവശം തളർന്നു. ചികിത്സിച്ചും, രക്തബന്ധമെന്ന പോലെ സ്നേഹത്തോടെ പരിപാലിച്ചും ആശാനെ വീണ്ടും എഴുന്നേറ്റു നടക്കാൻ പ്രാപ്തനാക്കി.

തലമുറകളുടെ ഗുരു 

ഒറ്റപ്പാലം മീറ്റ്ന തെക്കുമുറി കേയത്ത് രാമകൃഷ്ണൻ (52) പതിനൊന്നാം വയസ്സിൽ ശിവരാമൻ നായരുടെ കീഴിൽ ചെണ്ടവാദ്യം പഠിക്കാൻ തുടങ്ങി. നാലു വർഷം പഠിച്ചു. അരങ്ങേറ്റം കഴിഞ്ഞതിനു പിന്നാലെ ആശാനോടൊപ്പം വാദ്യങ്ങൾക്കു പോകാൻ തുടങ്ങി. പ്രാഗല്ഭ്യം തെളിയിച്ച വാദ്യക്കാരനായി, പ്രമാണക്കാരനായി, പ്രശസ്തിയിലേക്കു വളർന്നു. ‘മീറ്റ്ന രാമകൃഷ്ണൻ’ എന്ന പേരിൽ പാലക്കാട്, തൃശൂർ ജില്ലകളിൽ വാദ്യാസ്വാദകർക്കു സുപരിചിതനായി. രാമകൃഷ്ണന്റെ മക്കൾ വൈശാഖും വിനീതും ശിവരാമൻ നായരുടെ ശിഷ്യരാണ്. മക്കളും അച്ഛനോളം സ്നേഹവും ആദരവും ഗുരുവിനു നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com