ADVERTISEMENT

കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ  ശസ്ത്രക്രിയ നടത്തി  ചരിത്രം സൃഷ്ടിച്ച  ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ഹൃദയം തൊട്ട അനുഭവക്കുറിപ്പുകൾ 

എന്നെ ആകർഷിച്ച പല വ്യക്തികളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഞാൻ ഹൃദയശസ്ത്രക്രിയ ചെയ്ത ഗിരീഷാണ്. ഏകദേശം ആറു വർഷങ്ങൾക്കു മുൻപാണ് ഞാൻ ഗിരീഷിനെ എന്റെ ക്ലിനിക്കിൽ കാണുന്നത്. വെളുത്തു വിളറി വിവശനായി എന്റെ അടുത്ത കസേരയിൽ അദ്ദേഹം വന്നിരുന്നപ്പോൾത്തന്നെ എനിക്കു മനസ്സിലായി, ഹൃദയപരാജയത്തിന്റെ അവസാന നാളുകളിലാണ് അദ്ദേഹമെന്ന്. ശ്വാസതടസ്സവും കാലിലെ നീരുമെല്ലാം അതിന്റെ തെളിവുകളായിരുന്നു. ബെംഗളൂരുവിൽ പേരുകേട്ട ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിക്കുമ്പോഴാണ് ഗിരീഷിനു ഹൃദയപരാജയത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഹൃദയം മാറ്റിവയ്ക്കുക എന്ന ഒരു വഴി മാത്രമേ ഡോക്ടർമാർക്കു മുൻപിൽ ഉണ്ടായിരുന്നുള്ളൂ. അതിനായി സ്വന്തം നാട്ടിലേക്കു തന്നെ ഈ പാലക്കാട്ടുകാരൻ എത്തുകയായിരുന്നു.  

‘‘ഡോക്ടർ എനിക്കെല്ലാം അറിയാം. എന്റെ അസുഖത്തെപ്പറ്റി ഞാൻ വിശദമായി മനസ്സിലാക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. ഹൃദയം മാറ്റിവയ്ക്കൽ മാത്രമേ വഴിയുള്ളൂ എന്നും എനിക്കറിയാം. ഞാൻ അതിനു തയാറായാണു വന്നിട്ടുള്ളത്. ഡോക്ടറിൽ എനിക്കു തികഞ്ഞ വിശ്വാസമുണ്ട്’’. 

കേൾക്കുമ്പോൾ അതിശയമായിരുന്നു. ഒരു രോഗിയെയോ അദ്ദേഹത്തിന്റെ ബന്ധുക്കളെയോ ഹൃദയപരാജയമാണ് അസുഖമെന്നു മനസ്സിലാക്കിക്കാനോ ഹൃദയം മാറ്റിവയ്ക്കലാണ് ശരിയായ ചികിത്സാവിധി എന്നു ധരിപ്പിക്കാനോ ഞങ്ങൾക്കു പല ദിവസങ്ങൾ കൊണ്ടാണു കഴിയുക. ഇതാ ഇവിടെ എല്ലാറ്റിനും തയാറായി വന്നിരിക്കുന്നു ഈ ധൈര്യശാലി. ഗിരീഷിന്റെ ആത്മവിശ്വാസവും ചികിത്സാരീതിയിലും ചികിത്സകനിലുമുള്ള ഉറച്ച വിശ്വാസവും തീർച്ചയായും അദ്ദേഹത്തെ കാക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. ചേരുന്ന ഒരു ഹൃദയം ലഭിക്കുക എന്ന തടസ്സം മാത്രം. 

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഗിരീഷിന്റെ അതേ രക്ത ഗ്രൂപ്പിലുള്ള ചേരുന്ന ഒരു ഹൃദയം, മസ്തിഷ്കമരണം സംഭവിച്ച ഒരു വ്യക്തിയിൽനിന്നു വേർപെടുത്തിയെടുത്ത് വിജയകരമായി അദ്ദേഹത്തിൽ സ്‌പന്ദിപ്പിക്കുവാൻ ഞങ്ങളുടെ കൂട്ടായ്മയ്ക്കു കഴിഞ്ഞുവെന്നത് വലിയ ദൈവിക ഇടപെടലായി തോന്നി. അവയവം ലഭിക്കുമെന്ന ഉറച്ച വിശ്വാസവും ശസ്ത്രക്രിയ വിജയിക്കുമെന്ന ആത്മവിശ്വാസവും ദൈവം അങ്ങനെ കാത്തു. 

jaysurya
ഗിരീഷിനൊപ്പം ജയസൂര്യ.

കഥ ഇവിടെ തീരുന്നില്ല. ഏകദേശം ആറു മാസത്തിനു ശേഷം അദ്ദേഹത്തിന്റെ ഇടുപ്പു സന്ധിക്കു നേരത്തേ ഉണ്ടായിരുന്ന വാതജന്യമായ അസുഖം (Ankylosing spondylitis) അധികമായി അലട്ടിയതിനാൽ എറണാകുളത്തു തന്നെയുള്ള ഒരു പ്രമുഖ ആശുപത്രിയിൽ ഡോ.ജോസ് പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഇടുപ്പും മാറ്റിവയ്ക്കപ്പെട്ടു. ഹൃദയം മാറ്റിവച്ച ഒരു വ്യക്തിയുടെ ഇടുപ്പ്  മാറ്റിവയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചരിത്രസംഭവമായി അത്. ആ ശസ്ത്രക്രിയയും വിജയകരമായി പരിണമിച്ചു. വീണ്ടും ആത്മവിശ്വാസത്തിന്റെ വിജയഗാഥ എന്നല്ലാതെ എന്തുപറയാൻ.

അവിടെയും തീരുന്നില്ല ഗിരീഷിന്റെ യാത്ര. രണ്ടു മാസം കഴിഞ്ഞില്ല, പനിയുടെ രൂപത്തിലാണു പ്രശ്നങ്ങൾ വീണ്ടും തലയുയർത്തിയത്. ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിനു പൊള്ളുന്ന പനി. പല പരിശോധനകൾക്കു ശേഷമാണു ഞങ്ങൾക്കു മനസ്സിലാക്കാനായത്, അദ്ദേഹത്തിന്റെ പുതിയ ഹൃദയത്തിലെ ഒരു വാൽവിന്റെ പ്രവർത്തനം പഴുപ്പുമൂലം നഷ്ടപ്പെട്ടു എന്ന്.  അതിനുള്ള ശക്തമായ മരുന്നുകൾ ആറാഴ്ചയോളം ഞരമ്പിലൂടെ നൽകണം. മരുന്നുകളോടുള്ള പ്രതികരണം അവയവം മാറ്റിവച്ച വ്യക്തികളിൽ തുലോം കുറവാണെന്നു ഞങ്ങൾക്കറിയാമായിരുന്നു.

മരുന്നുകളോടു പ്രതികരിക്കാതെ വന്നാൽ, ഞങ്ങൾക്ക് ആലോചിക്കുവാൻ പോലും കഴിയാത്ത ഗിരീഷിന്റെ മരണമാണു മുന്നിലെന്നും അറിയാമായിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ പല ദിവസങ്ങളിലും കടുത്ത മരുന്നു ചികിത്സയ്ക്കിടയിലും ഗിരീഷിനു പനി ഉണ്ടായിരുന്നു. ഒടുവിൽ ഞങ്ങൾക്കു ഗിരീഷിനോടു പറയേണ്ടിവന്നു, “ഗിരീഷ് നിങ്ങളുടെ നില ഗുരുതരമാണ്”. അദ്ദേഹത്തിന്റെ  മറുപടി ഞങ്ങളെ  വീണ്ടും അതിശയിപ്പിച്ചു: ‘‘ഡോക്ടർ എനിക്കറിയാം, നിങ്ങളത് എന്നോട് എന്നു പറയുമെന്നു മാത്രമേ എനിക്കറിയാതിരുന്നുള്ളൂ’’. 

ഏകദേശം ഒരാഴ്ച കഴിയുന്നതിനു മുൻപുതന്നെ വാർഡിൽ വച്ച് ഗിരീഷിനു ഹൃദയസ്തംഭനം ഉണ്ടായി. നഴ്സുമാരും മറ്റു സ്റ്റാഫ് അംഗങ്ങളും പൊടുന്നനെ ഗിരീഷിന്റെ നെഞ്ചിൽ കൈകളമർത്തിയും കൃത്രിമശ്വാസം നൽകിയും ജീവൻ പിടിച്ചുനിർത്തി. ഡോക്ടർമാർ തക്കസമയത്ത് എത്തുകയും ആ ശുശ്രൂഷ 45 മിനിറ്റോളം തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ ഹൃദയം വീണ്ടും നിശ്ചലമാകുമെന്ന ഭയം പതുക്കെപ്പതുക്കെ മനസ്സിലേക്കു കടന്നുവരുന്ന സമയത്താണ് അദ്‌ഭുതമെന്നോണം ആ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങിയത്. ഐസിയുവിൽ രണ്ടു ദിവസത്തെ വെന്റിലേറ്റർ പരിരക്ഷയ്ക്കുശേഷം ഇതാ ഗിരീഷ് വീണ്ടും വാചാലനാവുന്നു. ദൈവത്തിന്റെ ശക്തമായ ഇടപെടൽ. 

ഗിരീഷ്, നിങ്ങളുടെ മുന്നോട്ടുള്ള യാത്ര ദുർഘടമാണ്, നിങ്ങളുടെ ജീവൻ പിടിച്ചുനിർത്താൻ ഇനി ഒരേയൊരു മാർഗം മാത്രം. 

എന്താണു ഡോക്ടർ? 

വീണ്ടുമൊരു ഹൃദയം മാറ്റിവയ്ക്കൽ കൂടി. പക്ഷേ, ഞാനിതിനു മുൻപ് ഒരിക്കലും ഹൃദയം മാറ്റിവച്ച വ്യക്തിയിൽ രണ്ടാമതൊരു ഹൃദയം മാറ്റിവയ്ക്കുന്നതു കണ്ടിട്ടുപോലുമില്ല. ഇന്ത്യയിൽ അതാരും ചെയ്തിട്ടുമില്ല. 

ഗിരീഷ് ഒരുനിമിഷം ആ കട്ടിയുള്ള കണ്ണടച്ചില്ലിലൂടെ എന്നെ തുറിച്ചുനോക്കി. എന്നിട്ടു മന്ദഹസിച്ചു. ഡോക്ടർ എനിക്കിതും അറിയാമായിരുന്നു, ഞാനിതിലേ കലാശിക്കൂ എന്ന്. ഇന്റർനെറ്റിലൊക്കെ ഞാൻ നോക്കിയിരുന്നു. വാൽവിന്റെ പ്രവർത്തനരാഹിത്യത്തിനുള്ള ആധുനികമായ ചികിത്സ, വീണ്ടുമൊരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണെന്ന് എനിക്കറിയാം.

ഗിരീഷിന്റെ പെങ്ങൾ സുഷമയോടു ഞാൻ പറഞ്ഞു: നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ ഗിരീഷിനു രണ്ടാമതൊരു ഹൃദയം ലഭിക്കും. ഒട്ടും വൈകാതെ. അതൊക്കെ ദൈവത്തിന്റെ മാത്രം ഇടപെടലിലൂടെയേ സംഭവിക്കൂ.

ഈ സംസാരത്തിനിടയിലാണ് ഗിരീഷിന്റെ രണ്ടാമത്തെ ഹൃദയസ്തംഭനം. ഞങ്ങൾ ആകെ നിരാശരായി. രണ്ടാമതൊരു ഹൃദയസ്തംഭനം താങ്ങാനുള്ള കരുത്ത് ആ ശരീരത്തിന് ഉണ്ടാവില്ലെന്നു ഞങ്ങൾക്കറിയാമായിരുന്നു; മനസ്സു വളരെ ശക്തമാണെങ്കിലും. എങ്കിലും ഇത്തവണയും ശുശ്രൂഷകളും കൃത്രിമ ശ്വാസോച്ഛ്വാസവുമെല്ലാം കൃത്യമായി തുടർന്നു; കൈവിട്ടു പോകുന്ന ആ ജീവനെ പിടിച്ചുനിർത്താൻ; ഗിരീഷിന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ടു തന്നെ. എന്നാൽ, ഒരു തിരിച്ചുവരവ് എന്ന പ്രതീക്ഷ നഷ്ടപ്പെടുകയാണ്. 

സഹപ്രവർത്തകരെ പ്രാഥമിക ശുശ്രൂഷ ഏൽപിച്ചശേഷം ഞാൻ ഐസിയുവിനു സമീപമുള്ള മുറിയിൽ നിരാശനായി വന്നിരുന്നു. എന്റെ കൺമുന്നിൽ ഗിരീഷിന്റെ ഹൃദയതാളം അസ്തമിക്കുന്നത് ഞാൻ നിർന്നിമേഷനായി, നിരാശയോടെ മോണിറ്ററിൽ കണ്ടുകൊണ്ടിരുന്നു. പെട്ടെന്ന് ഒരദ്‌ഭുതം പോലെ രക്തസമ്മർദം പുനഃസ്ഥാപിക്കപ്പെടുന്നതും ഇസിജി തിരികെവരുന്നതും ഞാൻ കൺകുളിർക്കെ കണ്ടു.  സഹപ്രവർത്തകനായ ഡോ.ജേക്കബ് അൽപസമയത്തിനു ശേഷം എന്റെ മുറിയുടെ വാതിൽ തുറന്ന് സന്തോഷത്തോടെ വരുന്നതു ഞാൻ ശ്രദ്ധിച്ചു. “സർ, ഗിരീഷിന്റെ ഹൃദയം തിരികെപ്പിടിച്ചു കേട്ടോ”. 

ഞാൻ മോണിറ്ററിൽ കാണുന്നുണ്ടായിരുന്നു എന്നു മറുപടി കൊടുത്തു. പക്ഷേ, എന്തു ചെയ്യാം; എപ്പോഴാണ് അടുത്ത ഹൃദയസ്‌തംഭനം ഉണ്ടാവുക എന്ന് മനസ്സിന്റെ ആശങ്ക....അതിനു മുൻപായി ഒരു ഹൃദയം കിട്ടുകയില്ല എന്ന അറിവും ഞങ്ങളെ അലട്ടി. 

അൽപസമയത്തിനുള്ളിൽ കേരള സർക്കാരിന്റെ ‘മൃതസഞ്ജീവനി’യിൽ നിന്ന് അറിയിപ്പു വന്നു; എറണാകുളത്തെ ഒരു വലിയ ആശുപത്രിയിൽ ഗിരീഷിനു ചേരുന്ന ഒരു ദാതാവ്, കുടുംബാംഗങ്ങൾ അവയവം ദാനം ചെയ്യാൻ സന്നദ്ധർ... അദ്‌ഭുതമെന്നല്ലേ പറയാനാവൂ. ജീവിതവും മരണവും തമ്മിലുള്ള അകലം എത്രമാത്രം ചെറുതാണെന്നറിയാൻ ഇതുപോലുള്ള സംഭവങ്ങൾ ദിനംപ്രതി എന്നോണം ലോകമെമ്പാടും സംഭവിക്കുന്നു.

രണ്ടു പ്രാവശ്യം ഹൃദയസ്തംഭനം വന്ന, ഹൃദയം മാറ്റിവയ്ക്കപ്പെട്ട യുവാവിനു മരണത്തിൽനിന്നു ചെറിയ ദൂരം മാത്രം അകലെ നിൽക്കവെ, സ്വന്തം കുടുംബത്തെ അകാലത്തിൽ വിട്ടുപിരിയേണ്ടിവന്ന വേറൊരു യുവാവിന്റെ ഹൃദയത്തിലൂടെ പുനർജന്മം... അതു നിർവഹിക്കാൻ ദൈവം നിയുക്തരാക്കിയത് ഒരിക്കൽപോലും രണ്ടാമതൊരു ഹൃദയം ഒരേ വ്യക്തിയിൽത്തന്നെ സ്ഥാപിച്ചു പരിചയമില്ലാത്ത ഒരുപറ്റം ഡോക്ടർമാരെ. 

ഇന്നു ഗിരീഷിനെ കാണുമ്പോൾ എന്റെ മനസ്സു വികാരഭരിതമാകാറുണ്ട്. ഓർമകളുടെയും യാഥാർഥ്യങ്ങളുടെയും ആ സ്വകാര്യ ചെപ്പിൽ ഞാൻ അതീവ സന്തോഷത്തോടെ സൂക്ഷിക്കുന്ന ഒന്നാണ്, ഗിരീഷിനെ ഈ മൂന്നാം ജന്മത്തിലേക്കു തിരികെയെത്തിക്കാൻ ഞങ്ങളുടെ കരങ്ങൾക്കു ശക്തി നൽകിയ ഈശ്വരാനുഗ്രഹം. 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com