ADVERTISEMENT

രക്തത്തിലും സ്വപ്നത്തിലും ബോട്ട് ഓടുന്ന  കുടുംബത്തിന്റെ കഥ...

ഒരു വലിയ ബോട്ട് നിറയെ ബോട്ട് ഡ്രൈവർമാർ. ആലപ്പുഴ എടത്വ മങ്കോട്ടച്ചിറ അയ്യപ്പൻ മേസ്തിരിയുടെ പിൻതലമുറക്കാർ ഒരു ബോട്ടിൽ ഒത്തുകൂടിയാൽ ഇതാണു ചിത്രം. ഇവരിൽ ബോട്ട് ഡ്രൈവിങ് തൊഴിലായി സ്വീകരിച്ചവർ മാത്രം 25 പേരുണ്ട്.

കുടുംബത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ബോട്ട് ഓടിക്കാനറിയാം. 8 പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്, ബോട്ട് ഡ്രൈവിങ് ഇവരുടെ കുടുംബകാര്യമായതിനു പിന്നിൽ. ആ കഥകളിൽ, വെള്ളവും മനുഷ്യനും തമ്മിൽ സ്നേഹിച്ചും കലഹിച്ചും കഴിയുന്ന കുട്ടനാടൻ ജീവിതം തോണിയിൽനിന്നു സ്പീഡ് ബോട്ടിലേക്കെന്ന പോലെ പരിണമിക്കുന്നുണ്ട്. 

യന്ത്രവൽക്കരണവും അയ്യപ്പൻ മേസ്തിരിയും 

1942. വെള്ളത്തോടു പൊരുതാൻ കുട്ടനാട്ടുകാർ യന്ത്രങ്ങളെ കൂട്ടുപിടിച്ചു തുടങ്ങിയ കാലം. പാടങ്ങളിൽ വെള്ളം വറ്റിക്കുന്ന ഡീസൽ എൻജിനുകൾ അടിക്കടി കേടാകുന്നത് കർഷകർക്കു വലിയ പ്രതിസന്ധിയായി. ഇതു നന്നാക്കാൻ അറിയുന്ന ഒരാൾ കുട്ടനാടിന്റെ ഏറ്റവും വലിയ ആവശ്യമായി. പല കരകളിലേക്കും നീണ്ട അന്വേഷണത്തിനൊടുവിൽ കുമരകത്തെ ഒരു വർക്‌ഷോപ്പിൽ അയ്യപ്പനെന്നു പേരുള്ള സമർഥനായ ഒരു മേസ്തിരിയുണ്ടെന്ന് അറിഞ്ഞു. കരയിലും വെള്ളത്തിലും ഓടുന്ന വണ്ടികളെല്ലാം അയ്യപ്പൻ ഓടിക്കും. ഏത് എൻജിനും നന്നാക്കും. 

കുട്ടനാട്ടിലെ പ്രമുഖ കർഷകനും പിന്നീടു കൃഷിമന്ത്രിയുമായ ഇ.ജോൺ ജേക്കബ് വലിയൊരു വള്ളത്തിൽ അയ്യപ്പനെത്തേടി പുറപ്പെട്ടു. കുമരകത്തെ വർക്​ഷോപ്പിൽ എത്തി മേസ്തിരിയെ കൂടെ അയയ്ക്കാമോ എന്നു ചോദിച്ചു. വിടാൻ വർക്​ഷോപ്പുകാർക്കു മടി. 

johnjacob
ഇ.ജോൺ ജേക്കബ്

വള്ളം നേരെ അയ്യപ്പന്റെ വീട്ടിലേക്ക്. ആ വള്ളത്തിൽത്തന്നെ അയ്യപ്പനും കുടുംബവും വീട്ടുസാധനങ്ങളുമെല്ലാം കുട്ടനാട്ടിലെത്തി. എടത്വ മങ്കോട്ടപ്പാടത്ത് അയ്യപ്പനു വീടുകെട്ടി താമസിക്കാൻ സ്ഥലവും ജോൺ ജേക്കബ് നൽകി. അങ്ങനെ കുമരകം കൂനംതറ കുടുംബത്തിലെ അയ്യപ്പൻ, കുട്ടനാട്ടുകാർക്ക് മങ്കോട്ടച്ചിറ അയ്യപ്പൻ മേസ്തിരിയായി. 

അയ്യപ്പൻ മേസ്തിരിക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു. കോതയമ്മയും കല്യാണിയമ്മയും. ഇരുകുടുംബങ്ങളിലുമായി 13 മക്കൾ. മങ്കോട്ടച്ചിറയുടെ പല ഭാഗങ്ങളിലായി അവർ ചേർന്നു താമസിച്ചു. ബോട്ട് ഓടിച്ചും എൻജിനുകൾ നന്നാക്കിയും കുടുംബം പുലർത്തി. 

അയ്യപ്പൻ മേസ്തിരിയുടെ ആൺമക്കളായ കുട്ടി, ഭാസ്കരൻ, പ്രഭാകരൻ, ജനാർദനൻ എന്നിവർ ബോട്ട് ഡ്രൈവർമാരായി. ഇവരിൽ ജനാർദനൻ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ചെറുമക്കളിൽ ഗംഗാധരൻ, സുകുമാരൻ, ശാർങ്ഗധരൻ, രമണൻ, മോഹനൻ, സത്യൻ, വിനേഷ്, വിനോദ്, വിനു, സോമൻ, കുഞ്ഞുമോൻ എന്നിവരും നാലാം  തലമുറയിൽ സജികുമാർ, സജിത്കുമാർ, ആദിത്യൻ, വിനോദൻ, സുഭാഷ്, ദിനേശൻ, മധുസൂദനൻ, അഭിലാഷ് എന്നിവരും അഞ്ചാംതലമുറയിലെ അഭിജിത്തും ബോട്ട് ഡ്രൈവർമാരായി. 

ഞങ്ങൾക്കെന്തിനാ കടലാസ് ബോട്ട്  ?

ബോട്ടുകളുടെ കഥകൾ മാത്രം കേട്ടാണ് മങ്കോട്ടച്ചിറയിലെ കുട്ടികൾ വളർന്നത്. കുട്ടനാട്ടിൽ ഷൂട്ടിങ്ങിനു വന്ന സിനിമാതാരങ്ങൾ ബോട്ടിൽ കറങ്ങിനടന്നെന്നും ഡ്രൈവർമാരോടു വിശേഷം പറഞ്ഞെന്നും അറിഞ്ഞ പുതുതലമുറക്കാർ, വളരുമ്പോൾ ബോട്ട് ഡ്രൈവർ  തന്നെയാകണമെന്നു മനസ്സിലുറപ്പിച്ചു. കായലിന്റെ നടുക്കു നിന്നുപോയ ബോട്ടിലെ യാത്രക്കാരെ സുരക്ഷിതരായി കരയിലെത്തിച്ചു കയ്യടി വാങ്ങിയ മുത്തച്ഛനെപ്പോലെ  വളരുന്നത് അവർ സ്വപ്നം കണ്ടു. രാത്രിയാത്രയിൽ, മനുഷ്യരെ കൊന്ന് 

കായലിൽത്തള്ളുന്നതു നേരിൽക്കണ്ടവരുടെ അനുഭവങ്ങൾ കേട്ടു പേടിച്ചു. എങ്കിലും തലമുറകൾ കഴിയുന്തോറും ബോട്ടിനോടുള്ള അഭിനിവേശം മങ്കോട്ടച്ചിറക്കാർക്കു കൂടി വന്നു. 

ബുദ്ധികൊണ്ട്  ഓടുന്ന ബോട്ട് 

കാർ ഓടിക്കാൻ ഡ്രൈവിങ് മാത്രം അറിഞ്ഞാൽ മതി. പക്ഷേ, ബോട്ട് ഓടിക്കുമ്പോൾ സ്റ്റിയറിങ് മാത്രമല്ല, എൻജിന്റെ പ്രവർത്തനവും അറിഞ്ഞിരിക്കണം. വെള്ളത്തിൽവച്ച് എൻജിൻ നിലച്ചാൽ അതു നന്നാക്കാൻ ഡ്രൈവർക്കു സാധിക്കണം. ബോട്ടു ചാൽ കണ്ടെത്താൻ പഠിക്കണം. വെള്ളം ഏറെ തെറിപ്പിച്ച് പിന്നിൽ വരുന്ന വള്ളങ്ങളെ മറിക്കാതിരിക്കാൻ ശ്രദ്ധവേണം. മങ്കോട്ടച്ചിറയിലെ കുട്ടികൾ നടക്കാൻ പഠിക്കുന്നതു പോലെ ഇതെല്ലാം സ്വാഭാവികമായി പഠിച്ചെടുത്തു. 

ചെറുപ്പത്തിലേ കാരണവന്മാർ കുട്ടികളെ സ്റ്റിയറിങ് പഠിപ്പിക്കും. ചങ്ങങ്കരിയിലുള്ള ഇൻഫന്റ് ജീസസ് ബോട്ട് ഡ്രൈവറായ മങ്കോട്ടച്ചിറ മണികണ്ഠൻ താൻ എട്ടാം വയസ്സിലാണു സ്റ്റിയറിങ് പഠിച്ചതെന്ന് ഓർക്കുന്നു. 

ചിറയിലെ മിക്ക വീടുകളിലും അഴിച്ചുവച്ച എൻജിനുകൾ എപ്പോഴുമുണ്ടാകും. അതിൽ തൊട്ടും തലോടിയും വളർന്ന കുട്ടികൾ പോളിടെക്നിക് പഠിക്കാതെ തന്നെ യന്ത്രഹൃദയത്തിന്റെ പ്രവർത്തനം ഗ്രഹിച്ചു. 

ചെത്തിക്കളം ബോട്ടും  പ്രഭാകരനും 

അയ്യപ്പൻ മേസ്തിരിയുടെ മകൻ പ്രഭാകരൻ ചെത്തിക്കളം എന്നു പേരുള്ള ഒരു ബോട്ടാണ് ഓടിച്ചിരുന്നത്. ഭംഗി കൊണ്ടും വേഗം കൊണ്ടും നാട്ടുകാരുടെ മനസ്സിൽ കയറിയിരുന്നു അത്. അങ്ങനെ ഒട്ടേറെ പഴയ സിനിമകളിൽ ഈ ബോട്ടും പ്രഭാകരനും ഇടം നേടി. 

തിരക്കഥാകൃത്തായ ഉണ്ണി ജോസഫ് പ്രഭാകരനെയും ബോട്ടിനെയും പശ്ചാത്തലമാക്കി ‘കായൽ’ എന്ന പേരിൽ ഒരു നോവൽ എഴുതിയിട്ടുണ്ട്. വീട്ടിൽ ഒപ്പം താമസിച്ച് അച്ഛനെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് അദ്ദേഹം നോവലെഴുതിയതെന്ന് പ്രഭാകരന്റെ മകൻ എം.പി.വിനോദ് ഓർക്കുന്നു. ഒരു നോവലിൽ പറഞ്ഞുതീരാത്തത്ര കഥകളുണ്ടായിരുന്നു പ്രഭാകരന്റെ ജീവിതത്തിൽ. ഒരിക്കൽ ഒരു പാർട്ടിയുടെ സമ്മേളനത്തിന് അണികളുമായി പ്രഭാകരൻ കോട്ടയത്തേക്കു പോയി.

പാതിവഴിയിൽ ബോട്ട് നിലച്ചു. പാർട്ടി അനുഭാവിയല്ലാത്ത പ്രഭാകരൻ മനഃപൂർവം ബോട്ട് കേടാക്കിയതാണെന്നും ബോട്ടിലുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കാൻ എതിർ പാർട്ടിക്കാരുടെ ഗൂഢാലോചനയാണെന്നും വരെ ആരോപണമുയർന്നു. ചിലർ ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ മുതിർന്നു. കുറച്ചു സമയം തന്നാൽ ഇതു ശരിയാക്കാമെന്നു മാത്രം പറഞ്ഞു പ്രഭാകരൻ. തുഴകൊണ്ട് ഉന്തി ഒരു കര ചേർത്ത്, വെള്ളത്തിൽ ഇറങ്ങിനിന്ന് പ്രഭാകരൻ ബോട്ട് നന്നാക്കി. കൃത്യസമയത്തു തന്നെ പാർട്ടിക്കാരെ സമ്മേളന സ്ഥലത്ത് എത്തിച്ചു. അണികളുടെ മോശം പെരുമാറ്റത്തിന് പിന്നീടു നേതാക്കൾ ഉൾപ്പെടെ പ്രഭാകരനോടു മാപ്പു ചോദിച്ചു. 

സർട്ടിഫിക്കറ്റില്ല; പക്ഷേ, പണി അറിയാം 

സ്കൂൾ വിദ്യാഭ്യാസം പോലും ഇല്ലാതിരുന്നിട്ടും സ്വകാര്യകമ്പനിയിൽ ഉയർന്ന ജോലി ലഭിച്ച കഥയും മങ്കോട്ടച്ചിറക്കാർക്കു പറയാനുണ്ട്. അയ്യപ്പൻ മേസ്തിരിയുടെ ചെറുമകൻ സുകുമാരൻ എൻജിൻ മെക്കാനിക്കായി പേരെടുത്തയാളാണ്. പുതുതായി ഇറങ്ങിയ വലിയൊരു ബോട്ടിന്റെ എൻജിൻ നന്നാക്കാനാകാതെ കമ്പനിയിലെ വിദഗ്ധർ പോലും കുഴങ്ങിയ സമയത്ത് ഒരു പരീക്ഷണത്തിനായി വിളിച്ചതാണ് സുകുമാരനെ. നിമിഷനേരം കൊണ്ട് എൻജിൻ സ്റ്റാർട്ടായപ്പോൾ അതു സുകുമാരന് സ്ഥിരം ജോലിയുടെ സ്റ്റാർട്ടിങ്ങായി. 

ഒരു കുടുംബത്തിലെ എല്ലാവരും ബോട്ട് ഓടിക്കാൻ പഠിച്ചിട്ടും സർക്കാർ ബോട്ടിൽ ഡ്രൈവറായത് ഒരാൾ മാത്രം. അയ്യപ്പൻ മേസ്തിരിയുടെ മകൻ കുട്ടിയുടെ മകൻ കെ.എം.മോഹനൻ. വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിൽ 30 വർഷം ഡ്രൈവർ ജോലി ചെയ്ത മോഹനൻ 2015ൽ വിരമിച്ചു. മോഹനന്റെ മകൾ ബികോം വിദ്യാർഥിനിയായ ശ്രീക്കുട്ടി മോഹനും ഭംഗിയായി ബോട്ട് ഓടിക്കും. 

പുതിയ കര തേടി 

ബോട്ട് ഓടിച്ചു മാത്രം കുടുംബം പോറ്റാൻ കഴിയില്ലെന്നു തോന്നിയപ്പോൾ ഈയിടെ പലരും തൊഴിൽ വിട്ടു. ചിലർ ഇതരസംസ്ഥാനങ്ങളിൽ തൊഴിൽ തേടിപ്പോയി. മറ്റു സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾ അവധിക്കാലത്തു കുട്ടനാട്ടിലെത്തി മടങ്ങുമ്പോഴേക്കും മികച്ച ബോട്ട് ഡ്രൈവർമാരായി മാറും. 

‘ഹൈറേഞ്ചിൽ താമസിക്കുന്ന കൊച്ചെന്തിനാ ബോട്ട് ഓടിക്കാൻ പഠിക്കുന്നത്’ എന്ന് ആരെങ്കിലും ചോദിച്ചാലും മങ്കോട്ടച്ചിറക്കാർക്കു മറുപടിയുണ്ട്. ‘ഇതു ഞങ്ങളുടെ രക്തത്തിലും സ്വപ്നത്തിലും കലർന്ന തൊഴിലാണല്ലോ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com