ചരിത്രസമ്മതം

pathmini
കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു ഹൃദയം നൽകിയ സുകുമാരന്റെ ചിത്രവുമായി ഭാര്യ പത്മിനി. കൊച്ചുമക്കളായ രുദ്രപ്രിയ, ആദ്യ, കൃഷ്ണേന്ദു എന്നിവർ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധ്യമായത് ഇവരുടെ സമ്മതം കൊണ്ടാണ്....

പത്മിനിയുടെ ആ സമ്മതത്തിന് നൂറു ശരികളുടെ ശക്തിയുണ്ടായിരുന്നു; ആയിരങ്ങൾക്കു പിന്നീടു സമ്മതം മൂളാനുള്ള പ്രചോദനവും. 17 വർഷങ്ങൾക്കു മുൻപൊരു തിങ്കളാഴ്ചയായിരുന്നു അത്. വാഹനാപകടത്തെത്തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച പറവൂർ കൊച്ചിക്കാരൻവീട്ടിൽ കെ.കെ.സുകുമാരന്റെ ഹൃദയം ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പിടുമ്പോൾ അതൊരു ചരിത്രത്തിന്റെ കൂടി പിറവിയാണെന്നു ഭാര്യ പത്മിനി അറിഞ്ഞിരുന്നില്ല; കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സമ്മതം കൂടിയായിരുന്നു അത്.

‘ആശുപത്രി ഐസിയുവിൽനിന്ന് അച്ഛൻ തിരിച്ചുവരുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. അതുണ്ടാവില്ലെന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തു. അച്ഛനുവേണ്ടി എന്തു ചെയ്യാമെന്നു മാത്രമാണ് അപ്പോൾ ചിന്തിച്ചത്. ഹൃദയദാനത്തിന് അന്നു സമ്മതം മൂളിയിരുന്നില്ലെങ്കിൽ അച്ഛന്റെ ആത്മാവു പോലും ക്ഷമിക്കുമായിരുന്നില്ല’– സുകുമാരന്റെ  മൂന്നു മക്കളിൽ മൂത്തയാളായ സുമിത പറഞ്ഞു.

മാന്നാർ മാമ്മനത്ത് പുത്തൻവീട്ടിൽ ഏബ്രഹാമിലാണ് സുകുമാരന്റെ ഹൃദയം വച്ചുപിടിപ്പിച്ചത്. ആ വർഷം ക്രിസ്മസിനു പത്മിനിയും മക്കളും കേക്കുമായി ഏബ്രഹാമിന്റെ വീട്ടിലെത്തി. ആ ഹൃദയത്തുടിപ്പുകളിൽ അവർ അച്ഛനെയറിഞ്ഞു. പിന്നീട് ഇടയ്ക്കിടെ കാർഡുകളും മറ്റും അയയ്ക്കുമായിരുന്നു. സുമിതയുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് ഏബ്രഹാം ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, വിധി ആ ഹൃദയമിടിപ്പുകളുടെ താളം വീണ്ടും മുറിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 2 വർഷത്തിനു ശേഷമായിരുന്നു ഏബ്രഹാമിന്റെ മരണം.

പത്മിനിയും മക്കളും സംസ്കാരച്ചടങ്ങുകൾക്കെത്തി. ഏബ്രഹാമിന്റെ മരണശേഷമാണു സുകുമാരന്റെ മരണാനന്തര ചടങ്ങുകളും കുടുംബം നടത്തിയത്. അച്ഛന്റെ ഹൃദയത്തുടിപ്പുകളുടെ ആത്മാവ് ഭൂമിയിലുള്ളപ്പോൾ മരണാനന്തര ക്രിയകൾ ചെയ്യേണ്ടെന്നായിരുന്നു കുടുംബം അതുവരെയും തീരുമാനിച്ചിരുന്നത്. പിന്നീട് ആലുവ മണൽപുറത്തു ബലിതർപ്പണം നടത്തി.

ഏബ്രഹാമിന്റെ സഹോദരങ്ങളുമായി ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടുമായിരുന്നു. പിന്നീടെപ്പോഴോ ഹൃദയത്തിൽ തുന്നിച്ചേർത്ത ആ ബന്ധം മുറിഞ്ഞു. എങ്കിലും ഓർമകൾക്കു മരണമില്ലാത്ത കാലത്തോളം ആ ഹൃദയബന്ധം അവരുടെ മനസ്സിൽ നിറയും. 

ആ ഹൃദയദാനത്തിന്റെ പേരിൽ കുത്തിനോവിച്ച ചിലരും ഉണ്ടായിരുന്നു. ഹൃദയം നൽകിയപ്പോൾ പണവും ഫ്ലാറ്റും കിട്ടിയെന്നെല്ലാം ആളുകൾ പറഞ്ഞു പരത്തി. സുകുമാരന്റെ വിയോഗത്തിനൊപ്പം ആ കുറ്റംപറച്ചിലുകളിലെ വേദനകളും അവർ മനസ്സിലൊതുക്കി; പത്മിനിയുടെ ഓർമകളിൽ കണ്ണീരിന്റെ നനവ്.

 അച്ഛൻ പോയതോടെ തങ്ങളുടെ ജീവിതം തകർന്നുവെന്നു കരുതിയ അവരെ കരുതലോടെ ചേർത്തുപിടിച്ചവരുമേറെ. സുകുമാരന്റെ കുടുംബത്തിന്റെ വിശേഷങ്ങളിൽ പങ്കെടുക്കാൻ ഒരു കുടുംബാംഗത്തെപ്പോലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറമെത്തും. സുകുമാരന്റെ മകൾ സുമിത മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ റിസപ്‌ഷൻ ക്ലാർക്കായി ജോലി ചെയ്തിരുന്നു. മകൻ സുജിത് ചെറിയ ബിസിനസ് നടത്തുന്നു.

ഒരിക്കൽ സുകുമാരൻ പറവൂർ നഗരസഭയിലേക്കു സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടതാണ്. കഴിഞ്ഞ തവണ സിപിഐ സ്വതന്ത്രനായി മത്സരിച്ച ഇളയമകൻ സുനിലിനെ നഗരസഭാ കൗൺസിലറാക്കിയാണു പറവൂരുകാർ ആ കടം വീട്ടിയത്. ‘എനിക്കു ലഭിച്ച പിന്തുണയിൽ അച്ഛനോടുള്ള സ്നേഹവും ആദരവുമുണ്ട്’– സുനിൽ അതെക്കുറിച്ചു പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA