നീല പോളിത്തീൻ കവറിൽ കെട്ടി അശ്വതിയുടെ മൃതദേഹം; ചുരുളഴിച്ച് ഡിറ്റക്ടീവ് ബാർകോഡ്

crime
വര:അനുരാഗ് പുഷ്കരൻ.
SHARE

(കേരള പൊലീസിൽ സീനിയർ പദവികൾ വഹിച്ച എൻ.രാമചന്ദ്രന്റെ ഉടൻ പ്രസിദ്ധീകരിക്കുന്ന ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകത്തിൽനിന്ന്)

കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനു സമീപം അമ്മഞ്ചേരി എന്നൊരു ചെറിയ ഗ്രാമമുണ്ട്. കോട്ടയം നഗരത്തിൽനിന്നു പത്തു കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമത്തിലെ ആളുകൾ 2016 ഓഗസ്റ്റ് 2 ഒരിക്കലും മറക്കാനിടയില്ല. പൈനേൽ ബാബു എന്നയാളുടെ റബർത്തോട്ടത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം കിടക്കുന്നുവെന്ന വാർത്ത കാട്ടുതീ പോലെ സമീപപ്രദേശങ്ങളിലേക്കു പടർന്നു.

അമ്മഞ്ചേരി ഐക്കരക്കുന്ന് ജംക്‌ഷനു സമീപം റോഡിൽനിന്നു നോക്കിയാൽ കാണാവുന്ന വിധത്തിലായിരുന്നു ചാക്കുകെട്ട്. രാവിലെ വിവരം അറിഞ്ഞയുടൻതന്നെ ആ പ്രദേശത്തേക്ക് ആരും തള്ളിക്കയറാതിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ നിർദേശം നൽകിയിരുന്നു. സന്ദർശകർ അതിക്രമിച്ചുകയറി തെളിവുകൾ നശിപ്പിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്. 

ബെഡ്ഷീറ്റിൽ പൊതിഞ്ഞ്, നീല പോളിത്തീൻ കവറിൽ കെട്ടിയ മൃതദേഹം ഒരു സ്ത്രീയുടേതായിരുന്നു. രാവിലെ തന്നെ ഞാൻ സംഭവം നടന്ന സ്ഥലത്തെത്തി. മൃതദേഹം കിടന്ന സ്ഥലത്ത് എന്തെങ്കിലും അക്രമം നടന്നതിന്റെ തെളിവൊന്നുമില്ലാതിരുന്നതിനാൽ ആരെങ്കിലും വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണു സാധ്യത എന്നു തോന്നി. അടുത്തുള്ള സിസിടിവികൾ പരിശോധിച്ചെങ്കിലും ഏതെങ്കിലും വാഹനം സംശയാസ്പദ നിലയിൽ സ്ഥലത്തോ പരിസരത്തോ വന്നുപോയതായി കണ്ടില്ല. സമീപ ദിവസങ്ങളിൽ കോട്ടയം ജില്ലയിൽനിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടിയും തുടങ്ങി.

ഒരു നാടോടിസ്ത്രീ മെഡിക്കൽ കോളജ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നുവെന്നും അവരുടേതാണ് മൃതദേഹമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ തറപ്പിച്ചു പറഞ്ഞത് താൽക്കാലികമായി ഒരങ്കലാപ്പ് ഉണ്ടാക്കിയെങ്കിലും കൃത്യമായ സ്ഥിരീകരണത്തിലൂടെ അവരല്ല എന്നു പിന്നീടു തെളിഞ്ഞു. മരിച്ച സ്ത്രീ ഗർഭിണിയായിരുന്നു എന്നു പോസ്റ്റ്മോർട്ടത്തിലൂടെ മനസ്സിലായി. 

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ‘മൃതദേഹത്തിൽ കണ്ട ഒരു സാധനവും കളയരുത്’ എന്നു ഞാൻ നിർദേശം കൊടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ അതെല്ലാം കൃത്യമായി സൂക്ഷിച്ചുവച്ചു. മൃതദേഹം ഒളിപ്പിച്ചിരുന്ന നീല പോളിത്തീൻ ബാഗിന് ഒറ്റനോട്ടത്തിൽ പ്രത്യേകതയൊന്നും കാണാൻ കഴിഞ്ഞില്ല. എന്നാലും ആ കവർ ഒന്നുകൂടി വിശദമായി പരിശോധിക്കണമെന്ന് മനസ്സു മന്ത്രിച്ചു.

കവറിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്ത ബാർകോഡ് എന്റെ കണ്ണിലുടക്കി. MQ എന്നു തുടങ്ങുന്ന ബാർകോഡാണ്. ഏതായാലും ഒരുകാര്യം തീർച്ചയായി. ഏതോ ഒരു കൺസൈൻമെന്റ് ആർക്കോ വന്നത് പൊതിഞ്ഞിരുന്ന കവറാണിത്. ഉടൻതന്നെ ഈ ബാർകോഡ് എല്ലാ തദ്ദേശ, വിദേശ കുറിയർ കമ്പനികൾക്കും അയച്ചുകൊടുത്തു. GATI എന്ന കുറിയർ കമ്പനിയിൽ നിന്ന്, ഈ കൺസൈൻമെന്റ് നമ്പർ അവർ വിതരണം ചെയ്ത ഒരു പാഴ്സലിന്റേതാണെന്ന വിവരം ലഭിച്ചു. 

ഉടൻതന്നെ അവരുടെ ഡൽഹി ഓഫിസുമായി ബന്ധപ്പെടുകയും ഈ പാഴ്സൽ ആർക്കു വിതരണം ചെയ്തതാണെന്ന് അറിയാനുള്ള തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു നമ്പറുകൾ പരിശോധിച്ചു. ഈ നമ്പറിലുള്ള പാഴ്സൽ ഒന്നര വർഷം മുൻപു ഗൾഫിൽനിന്ന് അയച്ചതാണെന്നും അത് ആദ്യം ഡൽഹിയിൽ വന്നെത്തിയെന്നും തുടർന്ന് മംഗലാപുരത്തുള്ള ഓഫിസിൽ എത്തിച്ചേരുകയും അവിടെനിന്നു കോഴിക്കോട്ട് അവരുടെ പാഴ്സൽ കമ്പനി ഗോഡൗണിലേക്കു പോയിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു. 

ഡൽഹിയിലെയും മംഗലാപുരത്തെയും ഓഫിസുകൾ കംപ്യൂട്ടറൈസ്ഡ് ആയതിനാൽ പാഴ്സലിന്റെ നീക്കം കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. എന്നാൽ, കോഴിക്കോട്ടെ ഗോഡൗണിൽ ഇങ്ങനെയുള്ള ആധുനിക സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. കോഴിക്കോട് ഗോഡൗണിലെ പഴയ റെക്കോർഡ് ബുക്കുകൾ മാത്രമായിരുന്നു അഭയം. ഈ ബാർകോഡിലുള്ള കൺസൈൻമെന്റ് കോഴിക്കോട്ടുനിന്ന് എങ്ങോട്ടാണ് അയച്ചതെന്നു കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചേ തീരൂ. ഇതു പൊലീസ് സാന്നിധ്യത്തിൽ നടത്തിയാൽ മാത്രമേ, ഗുണപ്രദമായ എന്തെങ്കിലും തെളിവുകൾ ലഭിക്കൂ. പാലാ ഡിവൈഎസ്പി ആയിരുന്ന വി.ജി.വിനോദ് കുമാറിനെ ഈ വിവരം ശേഖരിക്കാനുള്ള ദൗത്യമേൽപിച്ചു. കോഴിക്കോട് ട്രാഫിക് അസി.കമ്മിഷണറായിരുന്ന മുഹമ്മദ് റസാക്കിനെ  കൺസൈൻമെന്റ് എങ്ങോട്ടുപോയി എന്നു കണ്ടുപിടിക്കാൻ ചുമതലപ്പെടുത്തി. ഈ ബാർകോഡിലുള്ള കൺസൈൻമെന്റ് അവിടെനിന്ന് എങ്ങോട്ടുപോയി എന്നറിയുന്നത് അതിദുഷ്കരമായ കാര്യമാണെന്നതിനു സംശയമില്ല.

ഏതായാലും തുടർച്ചയായ പ്രയത്നം ഫലം കണ്ടു. കോട്ടയത്തിനടുത്ത് ഖാദർ യൂസഫ് എന്നയാളുടെ പേരിലയച്ച പാഴ്സൽ നമ്പറാണ് അതെന്നു തെളിഞ്ഞു. കൺസൈൻമെന്റിലെ കോൺടാക്ട് നമ്പർ പരിശോധിച്ചപ്പോൾ അതു ഖാദർ യൂസഫിന്റേതാണെന്നു മനസ്സിലായി. ഇയാൾ കുറെ വർഷങ്ങൾ വിദേശത്തായിരുന്നു. ഒന്നര വർഷം മുൻപാണു നാട്ടിൽ തിരിച്ചെത്തിയത്. അതോടനുബന്ധിച്ചു നാട്ടിലേക്കയച്ച ഒരു പാഴ്സലിന്റെ ബാർകോഡായിരുന്നു അത്. ഏതായാലും ഒരു കാര്യം വ്യക്തമായി. ആ നീല പോളിത്തീൻ കവർ ഖാദർ യൂസഫിന്റേതു തന്നെ. 

ഖാദർ യൂസഫ് (ബഷീർ) കോട്ടയത്തെ ഒരു സർജിക്കൽ എക്യുപ്മെന്റ് കടയിൽ ജോലിചെയ്തുവരികയായിരുന്നു. എന്തായാലും ഭാഗ്യപരീക്ഷണം നടത്താൻ തന്നെ തീരുമാനിച്ചു. മൃതദേഹത്തിന്റെ ഒരു ഫോട്ടോ അയാളെ കാണിച്ച് ഇതാരാണെന്ന് അറിയാമല്ലോ എന്നു ചോദിച്ചു. ഇത് അശ്വതിയല്ലേ എന്ന് അറിയാതെ അയാൾ പറഞ്ഞുപോയി. അതോടുകൂടി സംഭവം കുറച്ചുകൂടി എളുപ്പമായി. അയാളെ ചോദ്യം ചെയ്യുന്ന സമയംതന്നെ മറ്റൊരു പൊലീസ് സംഘം അയാളുടെ വീടു പരിശോധിക്കുകയായിരുന്നു. 

അയാളുടെ വീട്ടിൽ ആകെ മൂന്നു കട്ടിലുകളാണ് ഉണ്ടായിരുന്നത്. ഒരു കിടപ്പുമുറിയിലെ കട്ടിലിൽ ഷീറ്റ് വിരിച്ചിരുന്നില്ല. മൃതദേഹം പൊതിയുന്നതിന് ഒരു ബെഡ്ഷീറ്റ് കൂടി ഉപയോഗിച്ചിരുന്നു എന്നത് സംശയങ്ങൾക്കു ബലം കൂട്ടാൻ തുടങ്ങി. തുടർച്ചയായ ചോദ്യം ചെയ്യലിൽ അയാൾ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. അയാളുടെ വീടിനു സമീപം  താമസിക്കുന്ന അശ്വതി എന്ന പെൺകുട്ടിയെ കുറച്ചു നാളുകളായി അറിയാമെന്നും അവളുടെ അച്ഛനുമായി സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്നും പറഞ്ഞു.

വിദേശത്തായിരുന്ന ഭാര്യയുടെ അസാന്നിധ്യത്തിൽ തന്റെ വീട്ടിൽ പലപ്പോഴും ആ പെൺകുട്ടി വരാറുണ്ടായിരുന്നുവെന്നും അയാൾ സമ്മതിച്ചു. ഗർഭിണിയായ അവളെ ഒഴിവാക്കേണ്ടത് അയാളുടെ ആവശ്യമായി മാറി. ഭാര്യ ഉടൻ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവൾ വീടുവിട്ടു പോകാൻ തയാറായില്ല. ഇതിൽ കോപാക്രാന്തനായ യൂസഫ് അവളുടെ കഴുത്തു ഞെരിച്ചശേഷം തറയിലേക്കു തള്ളിയിട്ടു. തലപിടിച്ച് നിലത്തടിക്കുകയും വായും മൂക്കും അടച്ചുപിടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് നീല പോളിത്തീൻ കവറിനുള്ളിലാക്കി വീട്ടിൽ സൂക്ഷിച്ചു. പിറ്റേന്നു രാത്രി തന്റെ കാറിൽകയറ്റി റബർത്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

ഈ കൊലപാതകമുണ്ടായ ശേഷം എന്തുകൊണ്ട് അവളുടെ പിതാവ് പരാതിയുമായി വന്നില്ല എന്നതു ശ്രദ്ധേയമായ കാര്യം തന്നെയായിരുന്നു. ഇവിടെയാണ് ഖാദർ യൂസഫിന്റെ പൈശാചിക ബുദ്ധി പ്രവർത്തിച്ചത്. 2015ൽ അശ്വതി അവളുടെ ബന്ധുഗൃഹമായ ആറന്മുളയിൽപോയി താമസിച്ചിരുന്നു. ഒരുദിവസം ആ വീട്ടിൽനിന്ന് അവൾ അപ്രത്യക്ഷയായി. ഖാദർ യൂസഫിന്റെ നിർബന്ധപ്രകാരം അശ്വതിയുടെ പിതാവിനെക്കൊണ്ട് ആറന്മുള പൊലീസ് സ്റ്റേഷനിൽ അവളെ കാൺമാനില്ല എന്നൊരു പരാതി കൊടുപ്പിച്ചിരുന്നു. എന്നിട്ട് അവളെ തന്റെ അമ്മഞ്ചേരിയിലുള്ള വീട്ടിൽ ആരുമറിയാതെ രഹസ്യമായി പാർപ്പിക്കുകയായിരുന്നു. തൊട്ടുമുൻപിലാണ് അവളുടെ വീടെങ്കിലും ഒരു സംശയത്തിനും ഇടവരാതെയാണ് ഖാദർ യൂസഫിന്റെ വീട്ടിൽ താമസിച്ചുകൊണ്ടിരുന്നത്. 

പോളിത്തീൻ കവറിലെ ഒരു ചെറിയ ബാർകോഡാണ് പ്രതിയിലേക്കു നയിച്ചത്. ആ ബാർകോഡില്ലായിരുന്നുവെങ്കിൽ കുറ്റവാളിയെ കണ്ടുപിടിക്കുക അതീവ ദുഷ്കരമായി മാറിയേനെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA