ഹാരൾഡ് എവൻസ്: എക്കാലത്തെയും എഡിറ്റർ

167610685
ഹാരൾഡ് എവൻസും ഭാര്യ ടിന ബ്രൗണും.
SHARE

കഴിഞ്ഞ ദിവസം അന്തരിച്ച ലോകപ്രശസ്ത പത്രപ്രവർത്തകൻ ഹാരൾഡ് എവൻസിനെക്കുറിച്ച് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എഴുതുന്നു...

ഗുഡ് ടൈംസ്, ബാഡ് ടൈംസ് എന്ന പുസ്തകം പുറത്തിറങ്ങി വലിയ തരംഗം സൃഷ്ടിക്കുന്ന കാലത്തെ ഒരു മാധ്യമ ശിൽപശാലയിലാണ് ഹാരൾഡ് എവൻസിനെക്കുറിച്ചു ഞാൻ വിശദമായി കേട്ടത്. സൺഡേ ടൈംസിന്റെയും ടൈംസിന്റെയും എഡിറ്ററായിരുന്ന എവൻസിനെക്കുറിച്ചുള്ള രസകരങ്ങളായ സംഭവകഥകളത്രയും ഒന്നൊന്നായി കെട്ടഴിച്ചു ഞങ്ങൾക്കു മുന്നിലിട്ടത് ശിൽപശാലയുടെ ഡയറക്ടറാണ്. 1983ൽ അതൊക്കെയും കേൾക്കുമ്പോൾ, ഇതിഹാസതുല്യനായ ആ എഡിറ്ററെ ഹാരി എന്നു വിളിക്കാൻ മാത്രം അടുപ്പവുമായി ഒരു ഊഷ്മളബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്നു ഞാൻ സ്വപ്നത്തിൽപോലും കരുതിയില്ല.

ജനനം കൊണ്ട് ഓസ്ട്രേലിയക്കാരനായ മാധ്യമചക്രവർത്തി റൂപർട് മർഡോക് 1981ൽ 3 ടൈംസ് പത്രങ്ങളെ – ദ് ടൈംസ്, ദ് സൺഡേ ടൈംസ്, ദ് സ്കോട്സ്മൻ – സ്വന്തമാക്കിയതോടെ തോംസൺ കുടുംബം അരങ്ങൊഴിയുകയായിരുന്നു.

ടൈംസിന്റെയും സൺഡേ ടൈംസിന്റെയും എഡിറ്റോറിയൽ നയങ്ങളും പാരമ്പര്യവും പുതിയ ഉടമസ്ഥരുടെ കീഴിൽ അടിമുടി മാറി. യുകെയിലെ പ്രധാനപ്പെട്ട ആ രണ്ടു പത്രങ്ങളും അത്രകാലം അനുഭവിച്ചിരുന്ന വിലപ്പെട്ട സ്വാതന്ത്ര്യം അതോടെ നഷ്ടമായി. അതിന്റെ എഡിറ്ററായിരുന്ന ഹാരൾഡ് എവൻസ് തൊട്ടുപിന്നാലെ ജോലി രാജിവച്ചു. പത്രത്തോടുള്ള അഭിനിവേശമൊഴിച്ചാൽ ഉടമസ്ഥനും എഡിറ്റർക്കും പൊതുവായ താ‍ൽപര്യം ഒന്നുംതന്നെ ഇല്ലായിരുന്നു. അതെക്കുറിച്ച് അദ്ദേഹം പിൽക്കാലത്തു പറയാറുണ്ടായിരുന്നതിങ്ങനെ: ‘ആ രണ്ടു പത്രങ്ങളും രാഷ്ട്രീയ ആയുധമായി മാറ്റിയെടുക്കപ്പെട്ടു. മർഡോക്കിനോടുള്ള മനോഭാവമെന്താണെന്ന് എന്നോടു പലരും ചോദിക്കാറുണ്ട്. ഇന്നിപ്പോൾ എന്റെ ആശങ്കകൾ വ്യക്തിപരമെന്നതിനെക്കാൾ തൊഴിൽപരമാണ്’.

വെയ്ൽസിൽ വേരുകളുള്ള കുടുംബത്തിൽ 1928ൽ ജനിച്ച ഹാരി, 16–ാം വയസ്സിൽ ലൻകഷറിൽനിന്ന് ആഴ്ചയിലൊന്നുമാത്രം ഇറങ്ങിയിരുന്ന ഒരു പത്രത്തിലാണ് എഴുതിത്തുടങ്ങിയത്. തുടർന്നു റോയൽ എയർഫോഴ്സിലെ നിർബന്ധിത സേവനകാലം. അതു കഴിഞ്ഞു ഡറം സർവകലാശാലയിൽ പഠനം പൂർത്തിയാക്കി പത്രപ്രവർത്തനമെന്ന ഇഷ്ടജോലി തന്നെ തിരഞ്ഞെടുത്തു. അന്വേഷണാത്മക പത്രപ്രവർത്തനത്തെ അതിന്റെ പൂർണതേജസ്സിൽ ലോകത്തിനു കാട്ടിക്കൊടുത്തത് എവൻസാണ്. പത്രപ്രവർത്തകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മതയും ബുദ്ധിയും ഐതിഹാസികമായിരുന്നു. നീതി അർഹിക്കുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ട വാർത്തകളുടെ പിന്നാലെ കൂടുന്നതായിരുന്നു ശീലം. 1962ൽ, ‘തലിഡമൈഡ് ശിശുക്കൾ’ക്കു നീതി ലഭിക്കുന്നതിനായി അദ്ദേഹം നടത്തിയ ക്യാംപെയ്നുകൾ ഉദാഹരണം.

1200 Harold with achayan
ഹാരൾഡ് എവൻസും മലയാള മനോരമ മുൻ പത്രാധിപർ കെ.എം.മാത്യുവും കോട്ടയം മലയാള മനോരമയിൽ.

ഗർഭകാല ഛർദിക്കുള്ള മരുന്നായി നിർദേശിക്കപ്പെട്ടിരുന്ന ‘തലിഡമൈഡ്’ എന്ന മരുന്നു കഴിച്ച സ്ത്രീകൾക്കു പിറന്ന കുഞ്ഞുങ്ങൾക്ക് ജന്മനാ ഗുരുതര വൈകല്യങ്ങളുണ്ടായി. മരുന്നു നിർമാതാക്കളെയും വിതരണക്കാരെയും കോടതിക്കു മുന്നിലെത്തിച്ചിട്ടേ ഹാരി അടങ്ങിയുള്ളൂ. യുകെയിൽ ഈ മരുന്നിന്റെ ദൂഷ്യഫലം അനുഭവിച്ചവർക്കു നഷ്ടപരിഹാരമായി 2.8 കോടി പൗണ്ട് (258 കോടി രൂപ) കമ്പനി കൊടുക്കേണ്ടി വന്നു.

യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ചരിത്രപ്രധാന ഉത്തരവും പിന്നാലെയുണ്ടായി. എവൻസിന്റെ ക്യാംപെയ്ൻ യുകെയിൽ സുപ്രധാനമായൊരു വഴിത്തിരിവു സൃഷ്ടിച്ചു: സിവിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു നിരോധിച്ചുള്ള നിയമത്തിനു ഭേദഗതി വന്നു. അതുവരെയുണ്ടായിരുന്ന നിരോധനം സർക്കാർ എടുത്തു കളഞ്ഞു. 2016ൽ യുകെയിൽ നിർമിച്ച ‘അറ്റാക്കിങ് ദ് ഡെവിൾ’ എന്ന ഡോക്യുമെന്ററിയിൽ തലിഡമൈഡുമായി ബന്ധപ്പെട്ട ഹാരിയുടെ പത്രപ്രവർത്തന നാൾവഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗർഭാശയ അർബുദം കണ്ടെത്താൻ എല്ലാ സ്ത്രീകൾക്കും നിർബന്ധിത പരിശോധന വേണമെന്ന കാര്യത്തിൽ ഹാരിക്കു പൂർണബോധ്യമുണ്ടായിരുന്നു. ഈ വിഷയത്തിൽ 1963ൽ ‘ദ്  നോർത്തേൺ എക്കോ’യിൽ പ്രസിദ്ധീകരിച്ച നാലു പരമ്പരകളിലായുള്ള ക്യാംപെയ്നും മുഖപ്രസംഗവും ചൂണ്ടിക്കാട്ടി അദ്ദേഹം എല്ലാ എംപിമാർക്കും കത്തെഴുതി. ഗർഭാശയ അർബുദ പരിശോധനയ്ക്കുള്ള ദേശീയ ആരോഗ്യപദ്ധതിക്കു രൂപം നൽകാൻ ബ്രിട്ടിഷ് സർക്കാർ നിർബന്ധിതമായി. സൂക്ഷ്മതയിലും കൃത്യതയിലും നീതിപൂർവമുള്ള സമീപനത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. അതു കൊണ്ടുതന്നെ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ പഴുതടച്ചുള്ളതായിരുന്നു.

വധശിക്ഷയ്ക്ക് അറുതി

ഒരു വാർത്തയുടെ ചുവടുപിടിച്ച് 1965ൽ ഹാരി നടത്തിയ തുടരന്വേഷണം – ഫോളോ അപ് – ബ്രിട്ടനിലെ ശിക്ഷാവിധിചരിത്രം തന്നെ മാറ്റിക്കളഞ്ഞിട്ടുണ്ട്. മകളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനു 1950ൽ വധശിക്ഷയ്ക്കു വിധേയനായ തിമത്തി ജോൺ എവൻസ് (ഇദ്ദേഹത്തിന് ഹാരൾഡ് എവൻസുമായി ബന്ധമൊന്നുമില്ല. പേരിലെ സാമ്യം മാത്രം)  സത്യത്തിൽ നിരപരാധിയായിരുന്നെന്ന കണ്ടെത്തലായിരുന്നു അത്. ബ്രിട്ടൻ ഞെട്ടിത്തരിച്ചുപോയ വെളിപ്പെടുത്തൽ. ഉന്നത കോടതിയായ ക്വീൻസ് ബെഞ്ചിനു പുതിയ ഉത്തരവിറക്കേണ്ടി വന്നു. എന്നു മാത്രമല്ല, ബ്രിട്ടിഷ് രാജ്ഞി തന്നെ മുന്നോട്ടുവന്നു തിമത്തി ജോണിനെ നിരപരാധിയായി പ്രഖ്യാപിച്ചു. അസാധാരണമായ ഉത്തരവിൽ പറഞ്ഞതിങ്ങനെ: ‘തിമത്തി എവൻസ് തന്റെ കുഞ്ഞിനെ കൊന്നതിനാണു വധശിക്ഷയ്ക്കു വിധേയനായതെങ്കിലും ചിലപ്പോൾ ആ കൊലപാതകം നടത്തിയത് അയാൾ ആകണമെന്നില്ല. ഒരുപക്ഷേ, തിമത്തി കൊന്നത് സ്വന്തം ഭാര്യയെ ആയിരിക്കാം. അതിൽ വിചാരണ പോലും നടന്നില്ല’.

ജയിൽവളപ്പിൽ അടക്കം ചെയ്തിരുന്ന തിമത്തിയുടെ മൃതദേഹപേടകം മരണാനന്തര മാപ്പിനു ശേഷം പുറത്തെടുത്തു കുടുംബത്തിനു കൈമാറി – അന്ത്യശുശ്രൂഷകൾക്കു ശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ. 1965 നവംബർ ആയപ്പോഴേക്കും അടുത്ത 5 വർഷത്തേക്കു വധശിക്ഷകളൊന്നും വേണ്ടെന്ന തീരുമാനത്തിന് ബ്രിട്ടിഷ് പാർലമെന്റിന്റെ ജനസഭ അംഗീകാരം നൽകി. 1969ൽ ബ്രിട്ടനിൽ വധശിക്ഷ തന്നെ നിർത്തലാക്കി. ഹാരിയുടെ റിപ്പോർട്ടുകളുടെ ഫലമായുണ്ടായ ഈ സംഭവവികാസങ്ങൾ 1971ൽ സിനിമയായി– ‘10 റില്ലിങ്ടൻ പ്ലേസ്’.

ഗാന്ധി സിനിമയിലൂടെ ശ്രദ്ധേയനായ റിച്ചഡ് ആറ്റൻബറോ ആയിരുന്നു കൊലപാതക പരമ്പരകൾ നടത്തുന്ന ജോൺ ക്രിസ്റ്റിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്വന്തം ഭാര്യ ഉൾപ്പെടെ 8 പേരെയാണ് ക്രിസ്റ്റി കൊന്നത്. ആ കൊലയാളിയുടെ കഥാപാത്രം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞെന്നും സിനിമാജീവിതത്തിൽ ഏറ്റവുമധികം അസ്വസ്ഥത നൽകിയ റോൾ അതായിരുന്നെന്നും ആറ്റൻബറോ പിന്നീടു സൂചിപ്പിച്ച കാര്യം ഹാരി എന്നോടു പറഞ്ഞിട്ടുണ്ട്.

വാർത്താവിസ്ഫോടനങ്ങൾ, വിവാദങ്ങൾ

ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥൻ കിം ഫിൽബി യഥാർഥത്തിൽ ഒരു സോവിയറ്റ് ഇരട്ടച്ചാരനായിരുന്നെന്ന സത്യം 1967ൽ‌ മറനീക്കിക്കൊണ്ടുവന്നത് ഹാരിയുടെ സുദീർഘ അന്വേഷണമാണ്. രണ്ടാം ലോകയുദ്ധകാലത്തെ ഈ സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചാരക്കേസായി മാറി.

1974ൽ, പാരിസിനു സമീപം തുർക്കിയുടെ ഡിസി–10 വിമാനം തകർന്നുവീണ് 346 യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായത് കാർഗോ ഭാഗത്തെ കേടുവന്ന ഒരു വാതിൽ ഇളകിമാറിയതാണെന്നതും വലിയ സ്കൂപ്പായിരുന്നു.

അസാമാന്യ ധൈര്യമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചാൽ വിചാരണ ചെയ്യപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ലേബർ പാർട്ടിയുടെ മുൻമന്ത്രി റിച്ചഡ് ക്രോസ്മാന്റെ ഡയറിക്കുറിപ്പുകളിലെ പ്രസക്ത ഭാഗങ്ങൾ ഹാരി പത്രത്തിൽ പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി ഹാരൾഡ് വിൽസന്റെ കാബിനറ്റ് ചർച്ചാവിഷയങ്ങൾ പുറത്തായത് അങ്ങനെയാണ്.

അമേരിക്കയിൽ

1984ൽ, യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിൽ ജോലി ചെയ്യാനാണ് ഹാരി യുകെ വിട്ട് യുഎസിലേക്കു കുടിയേറുന്നത്. പിന്നീട് അറ്റ്ലാന്റിക് മന്ത്‌ലി പ്രസിന്റെയും ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിന്റെയും എഡിറ്റർ ഇൻ ചീഫ് ആയി. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. 1986ൽ കോൻഡെ നാസ്റ്റ് ട്രാവലറിന്റെ സ്ഥാപക പത്രാധിപരായി. അതിനുശേഷമാണ് റാൻഡംഹൗസിന്റെ പ്രസിഡന്റും പബ്ലിഷറുമായത്. കോളിൻ പവൽ, മാർലൻ ബ്രാൻഡോ, ഹെൻറി കിസിൻജർ, റിച്ചഡ് നിക്സൻ, അന്ന് അഭിഭാഷകനെന്ന നിലയിൽ മാത്രം പ്രശസ്തനായിരുന്ന ബറാക് ഒബാമ തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിച്ചത് അദ്ദേഹം മുൻകയ്യെടുത്താണ്. ദ് വീക്ക് എന്ന പേരിലുള്ള അമേരിക്കൻ മാഗസിന്റെയും തോംസൺ റോയിട്ടേഴ്സിന്റെയും എഡിറ്റർ അറ്റ് ലാർ‌ജ് ആയും സേവനമനുഷ്ഠിച്ചു.

എഴുത്തിൽ ശ്രദ്ധയൂന്നാനായി ഹാരി സജീവ പത്രപ്രവർത്തനത്തിൽനിന്നു വിരമിച്ചത് 2000ലാണ്. ന്യൂയോർക്ക് സിറ്റിയിൽനിന്നു 2 മണിക്കൂർ യാത്ര ചെയ്താലെത്തുന്ന ദ് ഹാംപ്റ്റൻസിലെ വസതിയിൽ സമയം ചെലവഴിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. ദി അമേരിക്കൻ സെഞ്ച്വറി, ഡൂ ഐ മേക്ക് മൈസെൽഫ് ക്ലിയർ, മൈ പേപ്പർ ചേസ് എന്നിങ്ങനെ ജേണലിസവുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

കൂടിക്കാഴ്ചകൾ

ഹാരിയെ ഞാൻ ആദ്യമായി കാണുന്നത് രണ്ടു പതിറ്റാണ്ടു മുൻപു സ്കോട്‌ലൻഡിലെ എഡിൻബറയിൽ വച്ചാണ്. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐപിഐ) വാർഷിക സമ്മേളനമായിരുന്നു അവിടെ. എന്റെ സഹോദരൻ ഫിലിപ് മാത്യു ആയിരുന്നു അന്ന് ഐപിഐ വൈസ് ചെയർമാൻ. ഒരു പാനൽ ചർച്ചയി‍ൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹാരി. അതു കഴിഞ്ഞ് അധികകാലം കഴിയും മുൻപ് ഞാൻ യുഎസ് സന്ദർശിച്ചപ്പോൾ വീട്ടിലേക്കു വരാനും ഭാര്യ ടിന ബ്രൗണിനെയും മക്കളായ ജോർജിനെയും ഇസബെലിനെയും പരിചയപ്പെടാനും ഹാരി ക്ഷണിച്ചു.

ടാറ്റ്ലറിന്റെയും വാനിറ്റി ഫെയറിന്റെയും ന്യൂയോർക്കറിന്റെയും എഡിറ്ററായിരുന്ന വിഖ്യാത പത്രപ്രവർത്തകയാണു ടിന. ഞാൻ കാണുമ്പോൾ അവർ ‘ഡയാന ക്രോണിക്കിൾസ്’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ്. അതു പിന്നീടു പന്ത്രണ്ടിലേറെ ഭാഷകളിലായി നന്നായി വിറ്റുപോയി. ടിന പിന്നീടു ന്യൂസ്‌വീക്ക് ചീഫ് എഡിറ്ററായി.

മനോരമ മുൻ പത്രാധിപരും എന്റെ മുത്തച്ഛനുമായ കെ. സി.മാമ്മൻ മാപ്പിളയുടെ സ്മരണാർഥമുള്ള പ്രഭാഷണം നിർവഹിക്കാമോ എന്ന എന്റെ അഭ്യർഥന ഹാരി സന്തോഷത്തോടെ സ്വീകരിച്ചു. 2007ൽ ന്യൂഡൽഹിയിലെ നിറഞ്ഞ സദസ്സിൽ ‘ഫ്രീഡം ഓഫ് ദ് പ്രസ് ഇൻ ആൻ എയ്ജ് ഓഫ് വയലൻസ്’ (സംഘർഷകാലത്തെ പത്രസ്വാതന്ത്ര്യം) എന്ന വിഷയത്തിൽ ഉജ്വലമായൊരു പ്രഭാഷണം നടത്തി. ആ ഇന്ത്യാസന്ദർശനത്തിലെ ഒരാഴ്ച ഹാരിയും ടിനയും കേരളത്തിൽ ചെലവഴിച്ചു.

ഹാരിയും എന്റെ പിതാവ് മലയാള മനോരമ മുൻ പത്രാധിപർ കെ.എം.മാത്യുവും നാലു പതിറ്റാണ്ടു ശേഷം വീണ്ടും കണ്ടത് ഇരുവർക്കും വൈകാരിക നിമിഷങ്ങൾ സമ്മാനിച്ചു. അറുപതുകളുടെ പകുതിയിൽ ഹാരി നയിച്ച ഒരു മാധ്യമശിൽപശാലയിൽ എന്റെ പിതാവ് പങ്കെടുത്തിരുന്നു. ഹാരിയിലെ മികവുറ്റ ജേണലിസ്റ്റിനെക്കുറിച്ച് അന്നേ എന്റെ പിതാവിനു വലിയ മതിപ്പു തോന്നിയിരുന്നു. അന്നത്തെ ശിൽപശാലയിൽ ശ്രദ്ധിച്ചതും നിരീക്ഷിച്ചതുമായ കാര്യങ്ങൾ പലതും അദ്ദേഹം മലയാള മനോരമയിൽ നടപ്പിൽ വരുത്തുകയും ചെയ്തു.

കഥ ഇവിടെ തീരുന്നില്ല. 2007ൽ പിതാവ് എനിക്കു ചില കുറിപ്പുകൾ സമ്മാനിച്ചു. 50 വർഷം മുൻപു ഹാരിയുടെ ശിൽപശാലയിൽ പങ്കെടുത്തപ്പോൾ എഴുതിയെടുത്ത കുറിപ്പുകൾ! എനിക്കു വലിയ അദ്ഭുതവും സന്തോഷവുമായി. ഞാനതു ഹാരിക്ക് അയച്ചു കൊടുത്തപ്പോൾ മറുപടി വന്നു: ‘വായിച്ചു ഞാൻ കരഞ്ഞുപോയി’. ആ കുറിപ്പുകൾ ഞാനിപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു.

ഹാരിയുടെ ‘മൈ പേപ്പർ ചേസി’ൽ ഇങ്ങനെ വായിക്കാം: ‘ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ശിൽപശാലകൾ ഇന്ത്യൻ പത്രരംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ശിൽപശാലയിൽനിന്നുള്ള ആശയങ്ങൾ നടപ്പാക്കിയപ്പോൾ പത്രങ്ങളുടെ ആകർഷകത്വം വർധിച്ചു. ഭരണകൂടത്തെയും വ്യവസായരംഗത്തെയും നിതാന്തജാഗ്രതയോടെ നിരീക്ഷണവിധേയമാക്കാനുള്ള ശേഷിയും വർധിച്ചു.

ബ്രിട്ടിഷുകാരോ അമേരിക്കക്കാരോ ആയ മിഷനറികളായിരുന്നില്ല ഈ നവോത്ഥാനത്തിന്റെയെല്ലാം പ്രചോദനം. അതു നടപ്പിലാക്കിയത് അവരല്ലെന്നു തന്നെ തീർത്തു പറയാം. മറിച്ച്, പത്ര എഡിറ്റർമാരായിരുന്നു ഈ നവോത്ഥാന നേതാക്കൾ. വിശേഷിച്ചും, ശിൽപശാലയിൽ കണ്ടും കേട്ടും പഠിച്ചതെല്ലാം പ്രാവർത്തികമാക്കിയ കേരളത്തിലെ മലയാള മനോരമയുടെ കെ.എം. മാത്യുവിനെപ്പോലെയുള്ള എഡിറ്റർമാർ’.

2010ൽ എന്റെ പിതാവു മരിച്ചപ്പോൾ ഹാരി ഹൃദയസ്പർശിയായ ഒരു കുറിപ്പ് എഴുതി. അതേ വർഷമാണ്, ഐപിഐ 60ാം വാർഷിക സമ്മേളനത്തിലെ മുഖ്യപ്രഭാഷണത്തിൽ സംഘടനയുടെ സൃഷ്ടിയിലും പരിപാലനത്തിലും സുപ്രധാന പങ്കുവഹിച്ചവരെ ഹാരി പേരെടുത്തു പറഞ്ഞ് അനുസ്മരിച്ചത്. മനോരമ മുൻ പത്രാധിപർ കെ.എം.മാത്യുവിന്റെ പേരും അക്കൂട്ടത്തിലുണ്ടായിരുന്നു.

എന്റെ ജ്യേഷ്ഠസഹോദരൻ മാമ്മൻ മാത്യുവിന്റെ മാർഗദർശികളിൽ ഒരാളായിരുന്നു ഹാരി. 1968ൽ, ഹാരി സൺഡേ ടൈംസിന്റെ എഡിറ്ററായിരിക്കുമ്പോൾ മാമ്മൻ മാത്യു അദ്ദേഹത്തിന്റെ ടീമിൽ ജോലി ചെയ്തിട്ടുണ്ട്.

ഹാരിയുടെ ‘സ്ലംപ്ഫ്ലേഷൻ’ എന്ന പംക്തിയുമായിട്ടാണ് 1982 ഡിസംബറിൽ ദ് വീക്ക് വാരിക തുടങ്ങിയത്. അങ്ങനെ, തങ്ങളുടെ ആദ്യ പംക്തികാരൻ എന്ന് അദ്ദേഹത്തെ വിളിക്കാനുള്ള അപൂർവഭാഗ്യം ദ് വീക്കിനു ലഭിച്ചു.

അദ്ദേഹം മാതൃക സൃഷ്ടിച്ച ഉന്നത നിലവാരത്തിലെ പത്രപ്രവർത്തനരീതി മാധ്യമലോകത്തെ സത്യാന്വേഷികൾക്ക് എക്കാലവും പ്രചോദനമാണ്. 

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം, പുതുനൂറ്റാണ്ടിന്റെ പിറവിവേളയിൽ, ബ്രിട്ടിഷ് മാധ്യമപ്രവർത്തകർ ഹാരിയെ ആദരിച്ചത് ‘എക്കാലത്തെയും ഏറ്റവും മികച്ച ബ്രിട്ടിഷ് ന്യൂസ്പേപ്പർ എഡിറ്ററാ’യി തിരഞ്ഞെടുത്തു കൊണ്ടാണ്. 2004ൽ ‘നൈറ്റ്‌ഹുഡ്’ ബഹുമതിയും ലഭിച്ചു. ‘സർ ഹാരൾഡ് എവൻസ്’ എന്ന ഇതിഹാസം ഒട്ടേറെപ്പേർക്ക് അനശ്വരനായ ഹീറോയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA