നന്മത്വം

sunday
വര: ജി. ഗോപീകൃഷ്ണൻ
SHARE

ഹൃദയം മാറ്റിവയ്ക്കൽ പോലെയുള്ള സങ്കീർണ ശസ്ത്രക്രിയകൾ പലപ്പോഴും ദുഃഖസന്തോഷങ്ങളുടെയും  ലാഭനഷ്ടങ്ങളുടെയും മിശ്രിതമാണ്. പ്രിയപ്പെട്ടവരെ അകാലത്തിൽ അപ്രതീക്ഷിതമായി മരണം കവർന്നെടുത്ത യാഥാർഥ്യം   അംഗീകരിക്കാനാവാതെ പകച്ചുനിൽക്കുന്ന കുടുംബാംഗങ്ങൾ ഒരുവശത്ത്, ജീവിതത്തിന്റെ അവസാന ദിനങ്ങളോ മണിക്കൂറുകളോ കാത്തുനിൽക്കുന്ന ഒരാൾ ജീവിതത്തിലേക്കു തിരികെയെത്തുന്നതിന്റെ അവാച്യമായ സന്തോഷം മറുവശത്തും.

ഇതിനിടയിൽ വികാരങ്ങൾക്കുമേൽ കവചം തീർത്ത് പ്രവർത്തനനിരതരാകുന്ന ഡോക്ടർമാരും സഹപ്രവർത്തകരും. ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വം പ്രവൃത്തിയിലൂടെ കാട്ടിത്തന്ന ഒരമ്മ ഇന്നും എന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുകയാണ്. 

ഏകദേശം 5 വർഷം മുൻപ് എറണാകുളം ലിസി ആശുപതിയിലെ ഹൃദ്രോഗവിഭാഗത്തിലെ ഒരു മുറിയിൽ ഹൃദയപരാജയത്തിന്റെ അവസാന ഘട്ടത്തിൽ മരണാസന്നയായി, ചേർച്ചയുള്ള ഒരു ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു 20 വയസ്സുകാരി കൃഷ്ണവേണി. 

എ പോസിറ്റീവ് രക്തഗ്രൂപ്പിലുള്ള ഒരു ഹൃദയദാതാവിനെ കാത്ത് ആഴ്‌ചകൾ പിന്നിട്ടുകഴിഞ്ഞിരുന്നു. അവളുടെ ഹൃദയത്തിന്റെ പ്രവർത്തനം ദിവസേനയെന്നോണം മോശമായിക്കൊണ്ടിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനരാഹിത്യം വൃക്കകളെയും മറ്റ്‌ അവയവങ്ങളെയും പതുക്കെ ബാധിച്ചു തുടങ്ങിയിരുന്നു. ഓരോ ദിവസവും വാർഡിലെ സന്ദർശന വേളയിൽ അധികമൊന്നും സംസാരിക്കാതെ, അവളെന്റെ മുഖത്തേക്കു നോക്കി കിടക്കുമ്പോൾ എനിക്കു മനസ്സിലായിരുന്നു, അവളുടെ ഉള്ളിലുണ്ടായിരുന്ന നിശ്ശബ്‌ദ ചോദ്യം – ഡോക്ടർ എനിക്കെന്നാണ് ഒരു ഹൃദയം ലഭിക്കുക? വാർഡ് സന്ദർശനം കഴിഞ്ഞു ദിവസേനയുള്ള ശസ്ത്രക്രിയകൾക്കായി ഓപ്പറേഷൻ തിയറ്ററിലേക്കു നടക്കുമ്പോൾ ഇരുണ്ട ഇടനാഴിയിൽ മറഞ്ഞുനിന്ന് അവളുടെ അമ്മയുടെ ഉത്തരം നൽകാനാവാത്ത ചോദ്യം –  ഡോക്ടറേ, എന്തെങ്കിലും സാധ്യതയുണ്ടോ? 

ആ അമ്മയുടെ തോളിൽ തട്ടി ആശ്വസിപ്പിക്കാനല്ലാതെ അതിനൊരു ഉത്തരം നൽകാൻ കഴിയാത്ത ദിവസങ്ങൾ.

വൈകുന്നേരം നാലു മണിക്കാണ് ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്റർ രാജേഷിന്റെ ഫോൺ വന്നത്: ‘മൃതസഞ്ജീവനി’യിൽനിന്നു സന്ദേശം വന്നിട്ടുണ്ട്. ഒരു 22 വയസ്സുകാരൻ എ പോസിറ്റീവ് ഗ്രൂപ്പ്, 62 കിലോ തൂക്കം, നാലു ദിവസമായി വെന്റിലേറ്ററിൽ, റോഡപകടമാണ്. ആദ്യഘട്ട പരിശോധനയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഹൃദയമുൾപ്പെടെയുള്ള അവയവങ്ങൾ നൽകാൻ ബന്ധുക്കൾ ഒരുക്കമാണ്. 

എല്ലാം കൃഷ്ണവേണിക്കു ചേരുന്നതാണ്; രക്തഗ്രൂപ്പ് ഉൾപ്പെടെ. പിന്നെയെല്ലാം വേഗത്തിലായിരുന്നു. കൃഷ്ണവേണിയെ ഞങ്ങളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി ശസ്ത്രക്രിയയ്ക്കായുള്ള തയാറെടുപ്പുകൾ തുടങ്ങി. അനസ്തീസിയ വിഭാഗം തലവൻ ഡോ. ജേക്കബ് ഏബ്രഹാമും  കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫും  ദാതാവിന്റെ ഹൃദയം കൃഷ്ണവേണിക്കു ചേരുമോ, മറ്റേതെങ്കിലും തകരാറുകളുണ്ടോ എന്നു പരിശോധിക്കാൻ ദാതാവിന്റെ ആശുപത്രിയിലേക്കു പുറപ്പെട്ടു. ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അവരുടെ ഫോൺ സന്ദേശം ലഭിച്ചു. എല്ലാം കൃത്യം. 

ഞങ്ങൾ ഡോക്ടർമാരും നഴ്സുമാരും ടെക്‌നീഷ്യന്മാരും അടങ്ങുന്ന രണ്ടാമത്തെ സംഘം ആംബുലൻസിൽ ലിസി  ആശുപത്രിയിൽനിന്ന് 8 മണിയോടെ തിരിച്ചു. ഡോ. റോണി മാത്യു, ഡോ.ഭാസ്കർ രംഗനാഥൻ, ഡോ.ജീവേഷ് തോമസ്‌, അനസ്തീസിയ വിഭാഗം ഡോക്ടർമാരായ ജോബ്‌ വിൽസൻ, ഗ്രേസ് മരിയ എന്നിവരടങ്ങുന്ന ഒരു സംഘം കൃഷ്ണവേണിയുടെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിനായി ലിസി ആശുപത്രിയിലും നിലയുറപ്പിച്ചു. സാധാരണഗതിയിൽ ദാതാവിൽനിന്നു ഹൃദയവും ദാനം ചെയ്യുന്ന മറ്റ്‌ അവയവങ്ങളും ശസ്ത്രക്രിയയിലൂടെ എടുക്കാൻ രണ്ടുമൂന്നു മണിക്കൂർ സമയം വേണ്ടിവരും. പിന്നെ അവയവവും വഹിച്ചുകൊണ്ടുള്ള  അതിവേഗയാത്ര.

ഹൃദയം ദാതാവിൽനിന്നു വിഘടിപ്പിച്ചാൽ നാലു മണിക്കൂറിനുള്ളിൽ സ്വീകർത്താവിൽ സ്പന്ദിച്ചു തുടങ്ങുക എന്നതാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വിജയത്തിന്റെ നിർണായക ഘടകം. അതുകൊണ്ടു തന്നെ അവയവം മാറ്റിവയ്ക്കൽ പ്രക്രിയയ്ക്ക് ഒരു മിനിറ്റു പോലും നഷ്ടപ്പെടുത്തരുതെന്നത് പ്രധാനപ്പെട്ട കാര്യമാണ്.

ആംബുലൻസിൽനിന്ന് ഇറങ്ങി ഹൃദയദാതാവിന്റെ ആശുപത്രിയുടെ ഐസിയുവിലേക്കു പോകും വഴി, അവിടത്തെ ട്രാൻസ്‌പ്ലാന്റ് കോഓർഡിനേറ്റർ എന്നെ തടഞ്ഞു നിർത്തി സാവധാനം എന്നോടു പറഞ്ഞു, അഭിമന്യുവിന്റെ അമ്മയ്ക്ക് ഡോ. ജോസിനെ ഒന്നു കാണണമെന്ന്. മസ്തിഷ്കമരണം സ്ഥിരീകരിച്ച് അവയവങ്ങൾ ദാനം ചെയ്യാൻ തയാറായ ആ യുവാവിന്റെ പേര് അഭിമന്യുവെന്നായിരുന്നു. അമ്മയുമായും ബന്ധുമിത്രാദികളുമായും സംസാരിക്കാൻ സമയം ചെലവഴിച്ചാൽ ശസ്ത്രക്രിയയ്ക്കു വരാവുന്ന താമസം ചൂണ്ടിക്കാട്ടി, ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയെ അവരുടെ  വീട്ടിൽചെന്നു കണ്ടുകൊള്ളാമെന്നു ഞാൻ വാക്കുനൽകി. 

അൽപനേരത്തിനു ശേഷം ശസ്ത്രക്രിയാമുറിക്കു സമീപം വീണ്ടുമെത്തിയ ട്രാൻസ്‌പ്ലാന്റ് കോഓർഡിനേറ്റർ അഭിമന്യുവിന്റെ അമ്മയ്ക്ക് ഡോക്ടറെ നിർബന്ധമായും കാണണം എന്നു പറഞ്ഞു; കൂടെ അഭിമന്യുവിന്റെ ജീവിതകഥയും. അഭിമന്യുവിനു രണ്ടു വയസ്സുള്ളപ്പോൾ അവന്റെ അച്ഛൻ കാൻസർ ബാധിച്ചു മരിച്ചശേഷം അമ്മ  ഒറ്റയ്ക്കാണ് അവനെ വളർത്തിയത്‌. മരണത്തിനു മുൻപ് ഭാര്യയെ അരികിൽ വിളിച്ച് ആ അച്ഛൻ അവസാന ആഗ്രഹമായി പറഞ്ഞതും നമ്മുടെ മകനെ ശരിക്കും കരുതണം എന്നായിരുന്നു. അവനെ പഠിപ്പിച്ചു മിടുക്കനായ എൻജിനീയറാക്കണം, അവന് ഒരു വീഴ്ചയും വരാൻ നീ അനുവദിക്കരുത്‌. 

ചെറുപ്പത്തിൽ വിധവയായ ആ സ്ത്രീ ബന്ധുമിത്രാദികളുടെ പ്രേരണകൾക്കും സമ്മർദത്തിനും വഴങ്ങാതെ, വേറൊരു വിവാഹത്തിനു സമ്മതിക്കാതെ ജീവിച്ചു; തന്റെ ഒരേയൊരു മകനു വേണ്ടി. അവനെ പഠിപ്പിച്ച് എൻജിനീയറാക്കി. അദൃശ്യനായ അച്ഛനൊപ്പം സ്വന്തം സന്തോഷങ്ങളും വിജയങ്ങളും പങ്കുവച്ച് അവർ ജീവിച്ചു. 

എൻജിനീയറിങ് അവസാന സെമസ്റ്റർ പരീക്ഷയ്ക്കു മുൻപ് അവൻ അമ്മയുടെ അനുഗ്രഹം വാങ്ങാനായി വീട്ടിൽ വന്നു. നിനക്കെന്നും ഞാൻ നന്മയല്ലേ നേരൂ എന്നു പറഞ്ഞു തിരിയും മുൻപേ അവൻ അമ്മയോടു ചോദിച്ചു: അമ്മേ, ഞാൻ പരീക്ഷ ജയിച്ചാൽ എനിക്കൊരു സമ്മാനം തരുമോ? 

എന്റെ ജീവിതം തന്നെ നിനക്കല്ലേ മോനേ. എനിക്കുള്ളതെല്ലാം നിനക്കു മാത്രം; ചോദിച്ചോളൂ, നിനക്ക് എന്തുവേണോ, ഈ അമ്മ അതു തന്നിരിക്കും. പരീക്ഷാവിജയത്തിനു ശേഷം എല്ലാ യുവാക്കളെയും പോലെ, പുതുതലമുറ ഉപയോഗിക്കുന്ന ഒരു ബൈക്കാണ് അവൻ ആവശ്യപ്പെട്ടത്‌. ഉജ്വലവിജയത്തിനു ശേഷം മകനു സ്നേഹത്തോടെ, സുരക്ഷിതയാത്രയുടെ താക്കീതോടെ, അമ്മയ്ക്ക് അതു നൽകേണ്ടി വന്നു; പറഞ്ഞ വാക്ക് പാലിക്കാനായി. 

മൂന്നു മാസത്തിനു ശേഷം ചെന്നൈയിലെ പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചപ്പോൾ ആ അമ്മ അഭിമാനപുളകിതയായി. അയൽസംസ്ഥാനത്തേക്കു യാത്ര തിരിക്കുന്നതിന്റെ തലേന്ന് സുഹൃത്തുക്കളുമൊത്ത് അൽപസമയം ചെലവഴിക്കാൻ പോയ അഭിമന്യുവിനെ അമ്മ പിന്നീടു കാണുന്നത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ്. യാത്രാമധ്യേ കുറുകെ ചാടിയ ഒരു നായയെ രക്ഷിക്കാനായി ബൈക്ക് വെട്ടിച്ച അവൻ അതിൽനിന്നു തെറിച്ചുവീണു. അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന മകനെ കണ്ണിമയ്ക്കാതെ നോക്കിനിന്നു അവർ. അവിടെനിന്നു മറ്റൊരു ആശുപത്രിയിലേക്ക്. ദിവസങ്ങൾക്കു ശേഷം മസ്തിഷ്കമരണം സ്ഥിരീകരിക്കപ്പെട്ടു. 

യൗവനത്തിൽത്തന്നെ ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യ,  അന്നുമുതൽ ജീവിതത്തിലെ ഒരേയൊരു സ്വപ്നത്തെ പിന്തുടർന്ന് മകനുവേണ്ടി മാത്രം ജീവിച്ച ഒരമ്മ... മറഞ്ഞുപോയ ഭർത്താവിന്റെ അന്ത്യാഭിലാഷം സാധിച്ചുവെന്ന നിർവൃതിയിൽ നിന്നുള്ള പതനം... ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ആ അമ്മ, ആ ദുഃഖത്തിന്റെ തീവ്രതയിലും സ്വന്തം മകന്റെ ഹൃദയം നൽകാൻ തയാറായി മുന്നോട്ടുവന്നതിനെക്കാൾ വലിയ ത്യാഗമില്ല. ആ അമ്മയെ ഡോ.ജോസ് ഒന്നു കാണണം എന്ന് എന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചുകൊണ്ട് പറയുകയാണൊരാൾ. 

എനിക്കായില്ല, വീണ്ടുമതു നിരാകരിക്കാൻ. കണ്ണുനീർ ഒഴുകിയൊഴുകി, രണ്ടു ചാലുകൾ സൃഷ്ടിക്കപ്പെട്ട ഒരു മുഖം. ദുഃഖത്തിന്റെയും നഷ്ടബോധത്തിന്റെയും എല്ലാ ഭാവങ്ങളും ഒപ്പിയെടുക്കാവുന്ന മുഖം. എന്തു പറയണമെന്നറിയാതെ ഞാൻ അടുത്തു ചെന്നിരുന്നു. ആ കൈ എന്റെ കൈയിൽ ഞാൻ കോർത്തുപിടിച്ചു.  

അൽപനിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം മുഖം പാതിയുയർത്തി ആ അമ്മ എന്നോടു ചോദിച്ചു, ‘എന്റെ മോന്റെ ഹൃദയമെടുക്കാൻ വന്നതാണല്ലേ?’. ആ നിമിഷം നിശ്ചലമായതു പോലെ എനിക്ക് അനുഭവപ്പെട്ടു; എന്റെ ഹൃദയവും. എന്തു പറയണമെന്നറിയാതെ ഞാൻ തരിച്ചിരുന്നു. 

ധൈര്യം തിരികെപ്പിടിച്ച് ഞാൻ പറഞ്ഞു: അല്ല അമ്മേ, അമ്മയുടെ മകന്റെ ജീവസ്പന്ദനം നിലനിർത്താൻ വന്നതാണു ഞങ്ങൾ. അവന്റെ ഹൃദയം അവനിലെന്നപോലെ വേറൊരാളിൽ സ്പന്ദിക്കും; അമ്മയ്ക്കുവേണ്ടി, ഏറെ നാൾ. 

ഇരുന്ന കട്ടിലിലേക്കു സാവധാനം ദുഃഖപരവശയായി ചെരിഞ്ഞു കിടന്ന ആ സ്നേഹനിധിയെ നഴ്സുമാരെ ഏൽപിച്ച്  അഭിമന്യുവിന്റെ ഹൃദയവുമായി ലിസി ആശുപത്രിയിലേക്കു മടങ്ങുമ്പോൾ ഞങ്ങളുടെയെല്ലാം ഹൃദയം വിതുമ്പുന്നുണ്ടായിരുന്നു.

ഏറ്റവും അടുത്ത ഒരു പത്രപ്രവർത്തകയെ പിന്നീടൊരിക്കൽ ഞാൻ ഫോണിൽ വിളിച്ചു ചോദിച്ചു: ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത്, അവസാന സമ്പാദ്യം പോലും വേറൊരു വ്യക്തിയുടെ നന്മയ്ക്കായി നൽകുന്ന കർമത്തെ വിശേഷിപ്പിക്കാൻ മലയാള ഭാഷയിൽ നന്മ എന്നല്ലാതെ ഏതെങ്കിലും വാക്കുണ്ടോ എന്ന്. 

ഇല്ല എന്നറിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു ഈ കർമത്തെ ‘നന്മത്വം’ എന്നു വിളിക്കാൻ. എല്ലാം നഷ്ടപ്പെട്ട വേളയിലും  ഏറ്റവും പ്രിയപ്പെട്ടത് മറ്റൊരാൾക്കു കൊടുക്കാൻ തയാറാകുന്ന വികാരത്തെ മറ്റെന്താണു വിളിക്കുക? 

(ഹൃദയദാതാവിന്റെയും സ്വീകർത്താവിന്റെയും പേരുകൾ സാങ്കൽപികമാണ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA