ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം... മലയാളിയായ ഇരുപതുകാരൻ...

ഒൻപതു വർഷം മുൻപാണ് ബെംഗളൂരുവിലെ പ്രശസ്തമായ കെഐഒസി അക്കാദമിയുടെ ഗേറ്റ് കടന്ന് ആ അച്ഛനും മകനും എത്തിയത്. മകന്റെ ക്രിക്കറ്റ് ഭാവിയോർത്തു ഹൈദരാബാദിൽനിന്നു ബെംഗളൂരുവിലേക്കു സ്ഥലംമാറ്റം നേടിയ അച്ഛന്റെ കൈയും പിടിച്ച്, മറുകയ്യിൽ ബാറ്റും കരുതിയായിരുന്നു ആ പതിനൊന്നുകാരന്റെ വരവ്. ക്രിക്കറ്റ് താരമാകണമെന്ന ദൃഢനിശ്ചയത്തിന്റെ ഗ്രിപ്പിട്ട ബാറ്റിൽ മുറുകെപ്പിടിച്ച്, അക്കാദമിയിലെ പിച്ചിൽ അന്നു കരിയറിലേക്കു ഗാർഡ് എടുത്ത പയ്യനെ ഇന്നു ക്രിക്കറ്റ് ലോകം അറിയും – ദേവ്‌ദത്ത് പടിക്കൽ.

ക്രിക്കറ്റർമാരുടെ സ്വപ്നവേദിയായ ഇന്ത്യൻ പ്രീമിയർ ലീഗിലെ ‘കൂൾ’ ആയ അരങ്ങേറ്റത്തിനും മുൻപേ വന്നതാണു ദേവ്‌ദത്തിനെത്തേടി നാളെയുടെ ഇന്ത്യൻ താരമെന്ന വിശേഷണങ്ങൾ. ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടിയ സീസണിനു ശേഷമാണ് ഐപിഎൽ പോലൊരു വലിയ വേദിയിലെ സ്വപ്നത്തുടക്കം. അരങ്ങേറ്റത്തിലെ അർധശതകവുമായി ദേവ്‌ദത്ത് കയറിച്ചെന്നതു ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിലെ (ആർസിബി) വൻതാരങ്ങളുടെ നിരയിലേക്കാണ്. എ.ബി.ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്‌ൽ, യുവ്‌രാജ് സിങ്... ഇവരൊക്കെയാണ് ഈ മലയാളിപ്പയ്യനു മുൻപേ ആർസിബിക്കായി ആദ്യാവസരത്തിൽതന്നെ 50 കടന്നിട്ടുള്ള താരങ്ങൾ. അരങ്ങേറ്റത്തിലെ തിളക്കം ദേവ്‌ദത്തിന് ഇതാദ്യ സംഭവമൊന്നുമല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഫിഫ്റ്റി കുറിച്ചാണു തുടങ്ങിയത്. ലിസ്റ്റ് എ മത്സരങ്ങളിലും അതാവർത്തിച്ചു. ട്വന്റി 20 കരിയറിലും അതിനു മാറ്റമുണ്ടായില്ല. ഇപ്പോഴിതാ, താരനിബിഡമായ റോയൽ ചാലഞ്ചേഴ്സ് നിരയിലും ക്രിക്കറ്റ് ലോകത്തെ മുഴുവൻ സാക്ഷിയാക്കി അർധസെഞ്ചുറിത്തിളക്കം.

devduttchildteam
ഹൈദരാബാദിലെ ക്രിക്കറ്റ് ദിനങ്ങളിൽ കോച്ച് ഹരീഷിനും കൂട്ടുകാർക്കുമൊപ്പം ദേവ്ദത്ത്

കർണാടകയുടെ ബാറ്റിങ് ലാബിലെ പുതിയ കണ്ടെത്തലാണു ദേവ്ദത്ത് പടിക്കൽ എന്ന ഇരുപതുകാരൻ. പക്ഷേ, മലയാളിയെന്നു വിശേഷിപ്പിക്കുന്നതിൽ തെല്ലും മടിവേണ്ട. നന്നായി മലയാളം സംസാരിക്കുന്ന ദേവ് ജനിച്ചതും നാലു വയസ്സുവരെ വളർന്നതും മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്. അച്ഛനു ജോലിമാറ്റമായതോടെ ഹൈദരാബാദിൽ ചേക്കേറിയ കുടുംബം, പിന്നീടു ക്രിക്കറ്റ് എന്ന ലക്ഷ്യവുമായി ബെംഗളൂരുവിലേക്കു മാറുകയായിരുന്നു.

മലയാളത്തിന്റെ പടിക്കൽ

അച്ഛൻ ബാബുനു കുന്നത്ത് പാലക്കാട് ചിറ്റൂർ സ്വദേശി. ബെംഗളൂരുവിൽ ഇലക്ട്രോണിക്സ് ബിസിനസ് രംഗത്താണ്. അമ്മ അമ്പിളി ബാലൻ പടിക്കൽ, മലപ്പുറം എടപ്പാൾ സ്വദേശിയാണ്. അമ്മയുടെ വീട്ടുപേരാണ് ദേവ്‌ദത്തിന്റെ പേരിനൊപ്പമുള്ള പടിക്കൽ. ബെംഗളൂരു സെന്റ് ജോസഫ്സ് കൊമേഴ്സ് കോളജിൽ ബിബിഎ അവസാനവർഷ വിദ്യാർഥിയാണു ദേവ്ദത്ത്. ഒരു സഹോദരിയുണ്ട്, ചാന്ദ്‌നി. യുഎസിൽ എൽഎൽഎം പൂർത്തിയാക്കി തിരിച്ചെത്തിയതേയുള്ളൂ ചാന്ദ്നി.

അച്ഛന്റെ മകൻ

ദേവിന്റെ ക്രിക്കറ്റിലേക്കുള്ള പ്രയാണത്തിൽ പ്രേരണ ആരാണെന്നു ചോദിച്ചാൽ സ്ട്രെയ്റ്റ് ഡ്രൈവ് പോലെ വേഗത്തിൽ ഉത്തരമെത്തും – അച്ഛൻ ബാബുനു. ബാബുനുവിന്റെ ടിവി ക്രിക്കറ്റ് ഭ്രമം കണ്ടാണു കുഞ്ഞുദേവും കളി കണ്ടുതുടങ്ങിയത്. പിതാവ് മമ്പാട് കോളജിൽ അധ്യാപകനായിരുന്നതിനാൽ ബാബുനുവിന്റെ ചെറുപ്പകാലം നിലമ്പൂരിലായിരുന്നു. ഫുട്ബോൾ തലയിലേറ്റി നടക്കുന്നവർക്കിടയിൽ ക്രിക്കറ്റിനെ പ്രണയിച്ചു വേറിട്ടുനടന്ന ബാബുനു കോളജ് ടീമിനായി കളിച്ചിട്ടുമുണ്ട്.

ഏഴാം വയസ്സിൽ ഹൈദരാബാദിലൊരു വേനൽക്കാല പരിശീലനത്തിനു ചേർന്നതാണു ദേവ്‌ദത്തിന്റെ ആദ്യ ക്രിക്കറ്റ് കളരി. കുഞ്ഞുദേവിന്റെ അഭിരുചി തിരിച്ചറിഞ്ഞ പരിശീലകൻ ഹരീഷ്, ആർമി സ്കൂളിൽനിന്നു സെന്റ് പീറ്റേഴ്സ് സ്കൂളിലെത്തിച്ചതോടെ കളിയിൽ സജീവമായി. ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സ്ഥലംമാറ്റത്തിനു പിന്നിലും ദേവിന്റെ ക്രിക്കറ്റ് പ്രണയം തന്നെ. ബെംഗളൂരുവിലെ ക്രിക്കറ്റിനു വളക്കൂറുള്ള മണ്ണിൽ ആ സ്വപ്നം പൂവിടുമെ

devduttkohli
ആർസിബിയിൽ പരിശീലനത്തിനിടെ വിരാട് കോലിക്കൊപ്പം ദേവ്ദത്ത്.

ന്നാണു ബാബുനു കണക്കുകൂട്ടിയത്. അങ്ങനെ 2011ൽ ഹൈദരാബാദിൽനിന്നു ബെംഗളൂരുവിലേക്കു നടത്തിയ യാത്ര, ദുബായിലെ ഐപിഎൽ വേദിയിലെത്തി നിൽക്കുന്നു. 

ദേവിന്റെ അമ്മവീട്ടിൽ ക്രിക്കറ്റിനു മുൻപേ ഇടമുണ്ട്.  അമ്പിളിയുടെ മൂത്ത സഹോദരൻ മുരളി പടിക്കൽ കേരള അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട്. രണ്ടാമത്തെ സഹോദരൻ രാജേഷ് പടിക്കൽ കബഡിയിലും ക്രിക്കറ്റിലും സജീവമായിരുന്നു.

ക്രിക്കറ്റ് തന്നെ ഫസ്റ്റ്

ഹൈദരാബാദ് വിടും മുൻപേ അച്ഛനും മകനും ആദ്യം അന്വേഷിച്ചത് ബെംഗളൂരുവിലെ മികച്ച സ്കൂൾ ഏതാണെന്നായിരുന്നില്ല; ക്രിക്കറ്റ് അക്കാദമിയായിരുന്നു. കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റ് എന്ന കെഐഒസിയുടെ വിലാസത്തിലാണ് ആ അന്വേഷണം ചെന്നെത്തിയത്. ബാറ്റുകൊണ്ടു ദേവ്‌ദത്ത് കുറിച്ച നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ ‘സ്കോർ’ ചെയ്തപ്പോൾ കെഐഒസിയുടെ വാതിലുകളും ‘ഓപ്പൺ’ ആയി. അന്നു മുതൽ മുഹമ്മദ് നസീറുദീനാണ് ദേവിന്റെ കോച്ച്.

ബെംഗളൂരുവിലും ആദ്യം ആർമി സ്കൂളിൽ പ്രവേശനം നേടിയ ദേവ്ദത്ത് പിറ്റേ വർഷം സെന്റ് ജോസഫ്സ് സ്കൂളിലേക്കു മാറി. ക്രിക്കറ്റിലെ ‘വൻമതിൽ’ രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ പഠിച്ചും കളിച്ചും വളർന്ന സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ ബെംഗളൂരുവിലെ എണ്ണം പറഞ്ഞ ക്രിക്കറ്റ് ടീമിന്റെ വിലാസം കൂടിയാണ്. വൈകാതെ അണ്ടർ –14 സംസ്ഥാന ടീമിലും ഇടം നേടിയ ദേവ് ആദ്യ വർഷം തന്നെ 2 സെഞ്ചുറിയടിച്ചാണു മികവു തെളിയിച്ചത്. ‘സംസ്ഥാന ടീമിൽ കളിക്കാൻ തുടങ്ങിയതിൽ പിന്നെയാണു നന്നായി കളിക്കാൻ പറ്റുമെന്ന് സ്വയം ബോധ്യംവന്നു തുടങ്ങിയത്. അതോടെ മുന്നോട്ടു നോക്കാനും ആത്മവിശ്വാസമായി. ’ – ജൂനിയർ ടീമുകളിലൂടെ പടിപടിയായി വളർന്ന ദേവ്‌ദത്ത് തന്റെ വരവിനെക്കുറിച്ചു പറയുന്നു. 

കരിയറിലെ റോയൽ ചാലഞ്ച്

രണ്ടു വർഷം മുൻപത്തെ കൂച്ച് ബെഹാർ ട്രോഫിയിലെ ബാറ്റിങ്ങിലൂടെയാണു ദേവ്‌ദത്ത് ദേശീയ ശ്രദ്ധയാകർഷിച്ചത്. ശ്രീലങ്കൻ പര്യടനത്തിനുള്ള അണ്ടർ – ഇന്ത്യൻ 19 ടീമിലേക്കാണ് ആ പ്രകടനം നയിച്ചത്. തുടർന്ന് ഏഷ്യ കപ്പിനുള്ള ടീമിലും ഇടംനേടിയതോടെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ റഡാറിലും പയ്യൻ തെളിഞ്ഞു.

ആദ്യ സീസണിൽ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും കോലിയും ഡിവില്ലിയേഴ്സുമടങ്ങുന്ന സൂപ്പർ താരങ്ങളുടെ കൂടെ ഡ്രസിങ് റൂമും പരിശീലനവും പങ്കിടാൻ സാധിച്ചത് ദേവിന്റെ ആയുധങ്ങൾക്കു മൂർച്ചകൂട്ടി. കഴിഞ്ഞ 3 സീസണുകളിലായി കർണാടക പ്രീമിയർ ലീഗിൽ ബെല്ലാരി ടസ്കേഴ്സിനായും ദേവ്ദത്തിന്റെ ബാറ്റ് നിർത്താതെ ശബ്ദിക്കുന്നുണ്ട്.

ബാറ്റിങ് ക്രീസിലെ ദേവൻ

താരങ്ങളുടെ കൂട്ടയിടിയുള്ള കർണാടക ബാറ്റിങ് ലൈനപ്പിന്റെ നട്ടെല്ലായിരുന്നു ദേവ്ദത്ത് ഇക്കഴിഞ്ഞ ആഭ്യന്തര സീസണിൽ. 609 റൺസ് നേടി ടൂർണമെന്റിലെ ടോപ് സ്കോററായാണ് വിജയ് ഹസാരെ ടൂർണമെന്റിൽ കർണാടകയ്ക്കു കിരീടം നേടിക്കൊടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ കർണാടക ജേതാക്കളാകുമ്പോഴും 580 റൺസുമായി ടൂർണമെന്റ് ടോപ് ദേവ് തന്നെയായിരുന്നു.

വിജയ് ഹസാരെയിൽ കർണാടക നേടിയ ആകെ റൺസിന്റെ 42.7 ശതമാനവും മുഷ്താഖ് അലി ട്രോഫിയിൽ 36.13 ശതമാനവും ഈ ഇടംകയ്യൻ ഓപ്പണറുടെ ബാറ്റിൽ നിന്നായിരുന്നു ! രഞ്ജി ട്രോഫിയിൽ സെമിയിൽ പുറത്തായ കർണാടകയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും മറ്റാരുമല്ല. 

വിശ്രമത്തിന്റെ ലോ‌ക്‌ഡൗൺ

കുറെക്കാലത്തിനു ശേഷം വീണുകിട്ടിയ അവധിദിവസങ്ങൾ... ലോക്ഡൗണിന്റെ ആദ്യനാളുകളിൽ കുടുംബത്തോടൊപ്പം ബെംഗളൂരു ബാനസ്‌വാഡിയിലെ വീട്ടിൽ ചെലവഴിക്കുകയായിരുന്നു ദേവ്ദത്ത്. വീട്ടിലിരിക്കുന്നില്ലെന്ന പരാതി തീർന്നുകിട്ടിയെങ്കിലും ക്രിക്കറ്റ് ഗ്രൗണ്ടിനെ വല്ലാതെ മിസ് ചെയ്തു. ക്രിക്കറ്റിൽനിന്നു നീണ്ട ഇടവേളയെടുക്കേണ്ടി വന്ന ദിനങ്ങളിൽ തന്റെ തന്നെ പഴയ ബാറ്റിങ് വിഡിയോകൾ ആവർത്തിച്ചാവർത്തിച്ചു കണ്ട് തെറ്റുകുറ്റങ്ങൾ മനസ്സിലാക്കുകയായിരുന്നു. ബാറ്റ് കയ്യിലെടുക്കാനുള്ള കൊതികൊണ്ട് വീട്ടിലിരുന്ന് ഷാഡോ ബാറ്റിങ് തുടങ്ങി. മലയാളം വായിക്കാൻ പഠിക്കാനുള്ള ശ്രമവും നടത്തി.

ഇടംകയ്യിന്റെ ചാരുത

ദേവിന്റെ സ്ട്രോക്ക് പ്ലേ കാണുമ്പോൾ ശിഖർ ധവാന്റെ നല്ല ദിനങ്ങളാണ് ഓർമ വരിക. കൃത്യമായ ടൈമിങ്ങോടെ അനായാസമായി ആ ബാറ്റിൽനിന്നു പന്ത് ഒഴുകിപ്പറക്കുകയാണു ചെയ്യുന്നത്. ധവാന്റെ പകരക്കാരനായി ഇടംകയ്യൻ ഓപ്പണറെ തിരയുന്ന ഇന്ത്യൻ ടീമിനു മുന്നിൽ റൺസ് മലയിൽ കയറി കാത്തിരിക്കുകയാണു ദേവ്ദത്ത്. 

‘ടീമിൽ എത്തുന്ന കാര്യം എന്റെ കയ്യിൽ നിൽക്കുന്നതല്ലല്ലോ. തുടർച്ചയായി റൺസ് അടിക്കുക എന്നതാണു ലക്ഷ്യം. കഠിനാധ്വാനം നടത്തിയാണ് ഇവിടെ വരെ എത്തിയത്. ഒരു കളികൊണ്ടോ ഒറ്റ ടൂർണമെന്റിലെ പ്രകടനം കൊണ്ടോ ശ്രദ്ധനേടി എത്തിയതല്ല. അതു തുടരും. ബാക്കിയെല്ലാം പിന്നാലെ എത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണു സ്വപ്നം’.

കൂൾ ബോയ്

കർണാടക ടീമിൽ കളിക്കുമ്പോൾ പലവിധ സമ്മർദങ്ങളാണ് ഈ ഇരുപതുകാരൻ അതിജീവിക്കുന്നത്. കെ.എൽ.രാഹുൽ, മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ, കരുൺ നായർ തുടങ്ങിയ പേരെടുത്ത കളിക്കാരുടെ നിലവാരത്തിനു മുകളിൽനിന്നു വേണം ടീമിൽ സ്ഥാനം നേടിയെടുക്കാൻ. ഒരു ടൂർണമെന്റിൽ തിളങ്ങിയാൽ അടുത്തതു വരുമ്പോൾ പ്രതീക്ഷകൾ കൊണ്ടുള്ള ഞെരുക്കം വേറെ. എന്നാൽ, ഇവയെല്ലാം തനിക്കു ശാന്തമായി തരണം ചെയ്യാമെന്ന ബോധ്യം ഇന്നു ദേവിനുണ്ട്. മുഷ്താഖ് അലി ട്രോഫിയിലെ ആന്ധ്രയ്ക്കെതിരായ നിർണായക മത്സരത്തിൽ 190 റൺസ് പിന്തുടർന്നു നേടിയ ഇന്നിങ്സ് അതാണ് ദേവിനെത്തന്നെ ഓർമിപ്പിക്കുന്നത്. 

‘ആദ്യം തന്നെ 2 വിക്കറ്റ് വീണപ്പോൾ സമ്മർദ നിമിഷങ്ങളായിരുന്നു. എന്നാൽ, ശാന്തനായി കളിച്ചാൽ ജയിക്കാനുള്ള ബാറ്റിങ് കരുത്ത് ഞങ്ങൾക്കുണ്ടെന്ന് അറിയാമായിരുന്നു. അന്നു 122 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ ജയിപ്പിക്കുമ്പോൾ ഒരോവർ ബാക്കിയുണ്ടായിരുന്നു.

അന്നെനിക്കു മനസ്സിലായി, സമ്മർദനിമിഷങ്ങളും താങ്ങാൻ പറ്റുമെന്ന്’. സൺറൈസേഴ്സിനെതിരായ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ തുടക്കക്കാരന്റെ വെപ്രാളമേതുമില്ലാതെ ഫിഫ്റ്റിയടിച്ചതിന്റെ രഹസ്യം ഇതുതന്നെ. മലയാളത്തിലെ തന്റെ ഇഷ്ടനടൻ ബിജു മേനോന്റെ വെള്ളിമൂങ്ങയിലെ കഥാപാത്രം പോലെ കൂളാണ് ദേവ്. ഇനിയും ദൂരമേറെപ്പോകാനുണ്ട്. കഠിനാധ്വാനത്തിൽ വിട്ടുവീഴ്ചയില്ലെന്നു ദേവ് ഉറപ്പുനൽകുന്നു. ആശംസകളും പ്രാർഥനകളുമായി മലയാളികളും കാണുമല്ലോ കൂടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com