കാർട്ടൂണുകൾക്ക് ജീവൻ വയ്ക്കുമ്പോൾ

Soopr Zaim
SHARE

ചാട്ടുളി പോലുള്ള രാഷ്ട്രീയ കാർട്ടൂണുകൾകൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റാണ് ബി.എം.ഗഫൂർ. അദ്ദേഹത്തിന്റെ രണ്ടു മക്കൾ അനിമേഷൻ കഥാപാത്രങ്ങളിലേക്കു ചുവടു മാറ്റി.  ഗഫൂറിന്റെ പേരക്കുട്ടികൾ കാർട്ടൂൺകഥാപാത്രങ്ങളെ യഥാർഥമായി ചിത്രീകരിച്ച് വെബ്സീരീസുമായി വരികയാണ്. ഗഫൂറിന്റെ പേരക്കുട്ടികളുടെ വിളിപ്പേരുകൾ നൽകി രൂപംകൊടുത്ത അനിമേറ്റഡ് കാർട്ടൂൺ കഥാപാത്രങ്ങളാണ് ജീവനുള്ള കഥാപാത്രങ്ങളായി വെബ് സീരീസിലൂടെ വരുന്നത്. 

ബി.എം.ഗഫൂറിന്റെ മക്കളായ തൻവീറിന്റെയും തജ്മലിന്റെയും ഉടമസ്ഥതയിലുള്ള ബിഎംജി മീഡിയ ഹൗസ് ഒരുക്കുന്ന  കുട്ടികൾക്കുള്ള വെബ് സീരീസ് ‘സോംബി’ 13നാണ് റിലീസ് ചെയ്യുന്നത്.   ഗഫൂറിന്റെ മകളുടെ മകനായ മുഹമ്മദ്  തൽഹത്താണ് സംവിധാനവും എഡിറ്റിങ്ങും. 

ഗഫൂറിന്റെ വീടായ ‘ബിഎംജി മാൻഷൻ’ നിറയെ ഇന്നു കാർട്ടൂൺ കഥാപാത്രങ്ങൾ ഓടിക്കളിക്കുകയാണ്. ‘സൂപ്പർ സെയിം’, ‘നൂയി’, ‘മക്തു’, ‘ലൂയി’, ‘ലാമി’ തുടങ്ങിയവർ ഇന്ന് തമിഴിലും ഹിന്ദിയും തെലുങ്കിലും മലയാളത്തിലുമൊക്കെയുള്ള, കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. 

20 വയസ്സിൽ താഴെയുള്ള കുട്ടികൾ ഒരുക്കുന്ന വെബ് സീരീസാണ് ‘സോംബി’. ഗഫൂറിന്റെ പേരക്കുട്ടി ഇംമ്രാൻ സെയീമാണ് ‘സൂപ്പർ സെയീം’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെബ് സീരീസിന്റെ മേക്കപ്പ് ആർട്ടിസ്റ്റും ഗഫൂറിന്റെ പേരക്കുട്ടിയുമായ ഫൈസ ഫലക്  ‘സേയ’ എന്ന കഥാപാത്രമായി എത്തുന്നു  ഹാരിൺ, ലൈബ, നെഹ്റ, ലാസ, മുഹമ്മദ് സമാൻ, ഹാഷിം ഹൈദർ തുടങ്ങിയ കുട്ടികളാണ് വെബ് സീരീസിലെ അഭിനേതാക്കൾ. 

തസ്നീം വദൂദ്, തൻവീർ ഗഫൂർ, തൻസീല മറിയം, തജ്മൽ  ഗഫൂർ എന്നിങ്ങനെ 4 മക്കളാണ് ഗഫൂറിന്. എല്ലാവരും നന്നായി വരയ്ക്കുന്നവരാണ്. ഡിഗ്രി കഴിഞ്ഞയുടനെ കാർട്ടൂണാണ് തന്റെ വഴിയെന്ന് തൻവീർ ബി.എം.ഗഫൂറിനോടു പറഞ്ഞു. അനിമേഷൻ പഠനമായിരുന്നു സ്വപ്നം. അക്കാലത്ത് ചെന്നൈയിൽ മാത്രമാണ്  അനിമേഷൻ സ്ഥാപനമുള്ളത്. 1998–99 കാലത്ത് ഒരു കംപ്യൂട്ടർ സ്ഥാപനത്തിൽ ചേർന്ന് ഗ്രാഫിക് ഡിസൈനിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കുകയും ചെയ്തു. ദൂരദർശനിൽ ഗ്രാഫിക്സും അനിമേഷനുമൊക്കെ ചെയ്തിരുന്ന പേഴ്സി ജോസഫിന്റെയടുത്ത് തൻവീറിനെ എത്തിച്ചത് മജിഷ്യൻ ഗോപിനാഥ് മുതുകാടാണ്. 

പിന്നീട് തൻവീർ നെസ്റ്റ് കംപ്യൂട്ടേഴ്സിൽ ക്രിയേറ്റീവ് ഹെഡ് ആയി ചേർന്നു. പുറത്തുനിന്ന് അനിമേറ്റർമാരെ കൊണ്ടുവന്നാണു ജോലി തുടങ്ങിയത്. അന്നത്തെ ഒരു  ചാനലിനു വേണ്ടി ഒരു മിനിറ്റ് ദൈർഘ്യമുള്ള സ്പോൺസേഡ് പരിപാടി ചെയ്തു. ഇതിനിടെ കോഴിക്കോട്ട് ഒറീഗ മൾട്ടിമീഡിയ എന്ന സ്ഥാപനത്തിലേക്ക് തൻവീർ ജോലിയുമായെത്തി. സംഗീത സംവിധായകൻ ഷാൻ റഹ്മാൻ അടക്കമുള്ളവർ അന്നവിടെ വിദ്യാർഥികളായിരുന്നു. പിന്നീട് ബിഎംജി അനിമേഷൻ ഹൗസ് തുടങ്ങിയപ്പോൾ ഷാൻ അടക്കമുള്ള സുഹൃത്തുക്കൾ ഇതിന്റെ ഭാഗമായി.

2003 നവംബറിലാണ് ബി.എം.ഗഫൂർ ഓർമയായത്. 2004ൽ ബിഎംജി അനിമേഷൻ ഹൗസിനു തൻവീറും തജ്മലും തുടക്കമിട്ടു.  ഗഫൂർ സൃഷ്ടിച്ച കുഞ്ഞമ്മാൻ കേന്ദ്രകഥാപാത്രമായ രാഷ്ട്രീയ ആക്ഷേപഹാസ്യ അനിമേറ്റഡ് സീരീസ് 2009ൽ 2000 എപ്പിസോഡുകൾ പൂർത്തിയാക്കി.

ലോകം കീഴടക്കിയ കാർട്ടൂൺ കഥ !

അനിമേഷനെക്കുറിച്ച് മലയാളികൾ കേട്ടുതുടങ്ങിയ കാലത്ത് മലയാളികൾ തുടക്കമിട്ട ഒരു അനിമേഷൻ കമ്പനി മലയാളിത്തമുള്ള ശൈലിയിലൂടെ രാജ്യാന്തരതലത്തിൽ  സ്വന്തമായൊരു ഇടം സൃഷ്ടിച്ച ചരിത്രമാണ് ബിഎംജി ഗ്രൂപ്പിനുള്ളത്. 

മലയാളത്തിൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി 2017ൽ ഒരു വർഷം തുടർച്ചയായി സംപ്രേഷണം ചെയ്ത ബോഡി ഗാർഡ് എന്ന അനിമേറ്റഡ് സീരീസിനു ശബ്ദം നൽകിയതും മോഹൻലാലായിരുന്നു. ബിഎംജി ഒരുക്കിയ ടിന്റുമോൻ അനിമേറ്റഡ് സീരീസും കുട്ടികളുടെ മനം കവർ‍ന്നു. തമിഴ് താരം വിജയ് കേഥകഥാപാത്രമാകുന്ന ഏജന്റ് വിജയ് എന്ന അനിമേഷൻ പരിപാടിയാണ് ബിഎംജിയുടെ പണിപ്പുരയിൽ ഇപ്പോൾ ഒരുങ്ങുന്നത്. മാമുക്കോയയെ അമാനുഷിക കഥാപാത്രമായി അവതരിപ്പിക്കുന്ന അനിമേറ്റഡ് സീരീസിന്റെ പണികളും പുരോഗമിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA