ഒരു സ്കൂളിലും പഠിച്ചില്ല, സ്വന്തം കഥ പറഞ്ഞ് ക്ലാസുകളെടുത്തു; സകലകലാവല്ലഭനായ നടൻ

minon pic
മിനോൺ, താൻ വരച്ച ചിത്രങ്ങൾക്കൊപ്പം (ചിത്രം പകർത്തിയത് സഹോദരി മിന്റു)
SHARE

മിനോൺ എന്ന ചെറുപ്പക്കാരന്റെ വ്യത്യസ്തമായ  ജീവിതപുസ്തകം.  മനഃപാഠമാക്കി‌യില്ലെങ്കിലും നിശ്ചയമായും ഒന്ന് മറിച്ചുനോക്കുകയെങ്കിലും ചെയ്യേണ്ട  ആത്മവിശ്വാസത്തിന്റെ ഏടുകളാണിതിൽ..

സ്വന്തം കഥ പറഞ്ഞു പറഞ്ഞ് പുസ്തകം പോലെ പരിണമിച്ചൊരു പയ്യൻ കൊച്ചിയിലുണ്ട്. അറിയുന്തോറും പറയുന്തോറും നമ്മെ അദ്ഭുതപ്പെടുത്തുന്ന ആ പയ്യന്റെ പേരാണു മിനോൺ. സിനിമാ നടനാണ്,  ചിത്രകാരനാണ്, പ്രസംഗകനാണ്; പക്ഷേ,  ഇന്നോളം ഒരു സ്കൂളിലും പഠിച്ചിട്ടില്ല. ടെക്സ്റ്റ് ബുക്കുകളിൽ കുത്തിനിറച്ച കണക്കും സയൻസും സാമൂഹിക പാഠവും തൊട്ടുനോക്കിയിട്ടു പോലുമില്ല.

ഇംഗ്ലിഷറിയാം, തമിഴറിയാം, ശുദ്ധമായ മലയാളവുമറിയാം. സ്കൂൾ വിദ്യാഭ്യാസം ഇല്ലെങ്കിലും കേരളത്തിലെ പ്രമുഖ കോളജുകളിൽ മിനോൺ ക്ലാസുകളെടുക്കുന്നു. മലയാള സാഹിത്യം, ബദൽ വിദ്യാഭ്യാസം, പരിസ്ഥിതി മാനേജ്മെന്റ് ഇവയെക്കുറിച്ചൊക്കെ മിനോൺ പറഞ്ഞു തുടരുമ്പോൾ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ കേൾക്കാനായിരിക്കുന്നു. 20 വയസ്സിനിടെ, കണ്ടു പരിചയിച്ച ലോകത്തെയും കാലത്തെയും നെഞ്ചിലാവാഹിച്ച മിനോൺ സിനിമാ നടനെന്ന നിലയിൽ നമുക്കു ‘ നാൻ പെറ്റ മകൻ’ ആണ്. മിനോൺ സംസാരിക്കുന്നു.  

മിനോൺ, ആരാണ് ? 

ആലപ്പുഴ ഹരിപ്പാടിനടുത്തു വീയപുരത്താണ് അച്ഛന്റെ വീട്. ജാതിമത പരിഗണനകളില്ലാതെ കർഷക യുവാവ് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നു ‘ വനിത’യിൽ പരസ്യം നൽകി വിവാഹം ചെയ്ത ആളാണെന്റെ അച്ഛൻ ജോൺ ബേബി. അമ്മ തൃശൂർ ചേറൂർക്കാരി മിനി. മിനിയുടെയും ജോണിന്റെയും മകൻ Me Known ( മീ നോൺ) ആണെന്നു പവനൻ സാറ്‍ പറയാറുണ്ടെന്ന് അച്ഛൻ ഓർമിപ്പിക്കാറുണ്ട്.

minon
അച്ഛൻ ജോൺ ബേബി, അനുജത്തി മിന്റു, അമ്മ മിനി എന്നിവർക്കൊപ്പം മിനോൺ.

ആശയങ്ങളുടെയും നിലപാടുകളുടെയും പേരിൽ അച്ഛനും പവനൻ സാറും ആത്മബന്ധമുള്ളവരായിരുന്നു. വീയപുരത്താണു വീടെങ്കിലും  ഞങ്ങൾ വീട്ടിൽ പതിവുകാരല്ലായിരുന്നു. സഞ്ചാരികളായ ഞങ്ങൾക്ക് സാധനങ്ങൾ കൊണ്ടിടാനുള്ള സ്ഥലം മാത്രമായിരുന്നു വീട്. ഇപ്പോൾ കാക്കനാട്ടെ വാടക ഫ്ലാറ്റും അങ്ങനെ തന്നെ. 

സ്കൂൾ, അതെന്താണ് ?

വായിച്ചും കണ്ടും മനസ്സിലാക്കിയും തിരിച്ചറിഞ്ഞതാണു ഞങ്ങളുടെ വിദ്യാഭ്യാസം. ഞാനും അനുജത്തി മിന്റുവും സ്കൂളിൽ പോയിട്ടേയില്ല. കുച്ചിപ്പുഡി പഠിക്കാൻ ഗുരുകുല രീതിയിൽ ശ്രീലക്ഷ്മി ഗോവർധന്റെ ശിഷ്യയായി മിന്റു തൃശൂരിലാണ്. ഫൊട്ടോഗ്രഫിയാണ് അവളുടെ മറ്റൊരു ഇഷ്ടം. 

ബാല്യവും കൗമാരവും ഒരാൾക്ക് ഒരിക്കൽ മാത്രം കിട്ടുന്നതാണ്. യൗവനവും അങ്ങനെ തന്നെ. വാർധക്യം നീട്ടിക്കിട്ടുമെന്നല്ലാതെ മറ്റൊന്നും അക്കാലത്ത് ആസ്വദിക്കാൻ പറ്റിയെന്നു വരില്ല. തനിക്കു കിട്ടാതെ പോയ ബാല്യം മക്കൾക്കു കിട്ടട്ടെ എന്നു കരുതി അച്ഛനും അമ്മയും ഞങ്ങളെ സ്കൂളിൽ ചേർക്കണ്ടാന്നു തീരുമാനിച്ചു. കേട്ടല്ല, കണ്ടാണു പഠിക്കേണ്ടതെന്നാണു ശാസ്ത്രം. അങ്ങനെ കണ്ടുപഠിക്കാൻ പറ്റിയ, നല്ല ഇണക്കമുള്ള അച്ഛനമ്മമാരാണ് എന്റേത്. അതാണെന്റെ ആത്മവിശ്വാസം. 

പഠനം, പിന്നെയെങ്ങനെ?

തുണ്ടുകടലാസിൽ ഞാൻ വരച്ച ചിത്രം കണ്ടു പലരും എന്നെ ചിത്രകല പഠിപ്പിക്കണമെന്നു പറഞ്ഞിരുന്നുവത്രെ. അഞ്ചാം വയസ്സി‍ൽ,  കാനായിയെ കാണാൻ എന്നെയും കൂട്ടി അച്ഛനുമമ്മയും ചെന്നു. ചിത്രകല പഠിപ്പിക്കാൻ എന്തു ചെയ്യണമെന്ന് ആരായുകയായിരുന്നു ലക്ഷ്യം. മുന്നിലിരുന്ന കാനായിയെ പൊടുന്നനെ ഞാൻ വരച്ചുവത്രെ. 

‘ ഇവനെ ഒരാളുടെ കീഴിലും ചിത്രം വര പഠിപ്പിക്കാൻ വിടരുത്. നന്നായി നെയ്യും വെണ്ണയും മറ്റും നൽകുക. ആരോഗ്യമുള്ളവനാക്കി വളർത്തുക. പുസ്തകങ്ങൾ ആവോളം വായിക്കാൻ കൊടുക്കുക’, കൈകൂപ്പി കാനായി പറഞ്ഞുവത്രെ. ആരുടെ കീഴിലും വര പഠിക്കാൻ ഞാൻ പോയില്ല. ദിവസവും വരയ്ക്കും. വീട്ടുമുറിയിലെ കാൻവാസുകളിൽ അക്രിലിക്കും ഭാവനകളും ചിറകുവിരിച്ചു ചിത്രങ്ങളാവും. കേരളത്തിനകത്തും പുറത്തുമായി 60 എക്സിബിഷനുകൾ. കണ്ണൂർ വിമാനത്താവളത്തിലടക്കം പലയിടത്തും പ്രദർശിപ്പിച്ച പെയിന്റിങ്ങുകൾ. 

അറിവുകൾ, അതെന്തെല്ലാമാണ് ?

പരിസ്ഥിതിസൗഹൃദ ജീവിതാന്തരീക്ഷത്തിലാണു ഞങ്ങൾ വളർന്നത്. ഇടയ്ക്കിടെ ഞങ്ങൾ കാട്ടിലേക്കങ്ങു പോകും. കാടിനെ അറിയാനുള്ള യാത്ര. കൊണ്ടുനടന്നു കാണിക്കാവുന്ന ഇടങ്ങളിലൊക്കെ ഞങ്ങളെ കുഞ്ഞുന്നാൾ മുതൽ എത്തിക്കുമായിരുന്നു. പത്രം എന്താണെന്നറിയാൻ പത്രമാപ്പീസിൽ കൊണ്ടുപോയി. മായാവി ഉണ്ടാകുന്നതു കാണാൻ ബാലരമയുടെ ഓഫിസിലെത്തി. സംഭവങ്ങൾ നേരിട്ടറിയാൻ അതു നടന്നയിടത്തു ഞങ്ങളെത്തി.

സംശയങ്ങളുടെ തരിപോലും മനസ്സിൽ ബാക്കി വയ്ക്കാൻ ഒരിക്കലും മാതാപിതാക്കൾ ഞങ്ങളെ സമ്മതിച്ചില്ല. പത്തു വയസ്സു കഴിഞ്ഞ് അക്ഷരം പഠിപ്പിക്കാനായിരുന്നു അവരുടെ പ്ലാൻ. പക്ഷേ, വീട്ടിൽ കൊണ്ടിടുന്ന ബാലപ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങളിൽ തുടങ്ങി നാലാം വയസ്സു മുതൽ അക്ഷരങ്ങളിലേക്കും അതിൽനിന്നു വാക്കുകളിലേക്കും പിന്നെ വാചകങ്ങളിലേക്കും സ്വയം വളർന്നു. അച്ഛനും അമ്മയും വീട്ടിൽ ഉച്ചത്തിലാണു വായിക്കുക. വയലാറും അക്കിത്തവും നാരായണപ്പണിക്കരും ഒഎൻവിയുമെല്ലാം ഉച്ചത്തിൽ കവിതയാവും. അങ്ങനെ ഞാനും അനുജത്തിയും സ്വയം അക്ഷരങ്ങളെ അറിഞ്ഞു. ആദ്യം വായിച്ചു, പിന്നെ എഴുതി. 

വിദ്യാഭ്യാസം, കുറവുകളെന്താണ്?

ഞാൻ സ്കൂളിൽ പോകുന്നില്ല എന്നറിയുമ്പോൾ ‘ എടാ..ഭാഗ്യവാനേ’ എന്നു പറയുന്നവരാണ് എന്റെ കൂട്ടുകാർ. സ്കൂളിൽ പോകുന്നതു വലിയ സാഹസമാണെന്ന തോന്നൽ കുട്ടികൾക്കുണ്ടാവുന്നു എന്നല്ലേ കരുതാൻ. സ്കൂളിൽ‌ പോകുന്നില്ല എന്നാൽ അധ്യാപകരില്ല എന്നല്ല. എനിക്ക് അധ്യാപകർ കൂടുതലാണ്. അറിയാൻ താൽപര്യമുള്ള വിഷയങ്ങളിൽ ചോദിച്ചു മനസ്സിലാക്കാൻ ഒരുപാടു പേരുണ്ട്. പാട്ടു പഠിക്കാ‍ൻ ഹരിപ്പാട് കൃഷ്ണകുമാർ, കഥകളി പഠിക്കാൻ കലാമണ്ഡലം കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒട്ടേറെ ഗുരുക്കന്മാർ. 

‌ജീവിതവിജയം, അതെന്താണ്?

എവിടെയെങ്കിലും സുരക്ഷിതമായെത്താനാണ് എല്ലാവരും പഠിക്കുന്നത്. ഇത്തരം ടാർഗറ്റഡ് പഠനത്തോട് യോജിപ്പില്ല. സന്തോഷവും ആത്മവിശ്വാസവും മതി നന്നായി ജീവിക്കാൻ. എനിക്കു ഫ്രഞ്ച് അറിയില്ല, പക്ഷേ ഫ്രാൻസിൽ കൊണ്ടിട്ടാലും ജീവിക്കും. സുരക്ഷിതനല്ല എന്ന തോന്നലിനെ ചൂഷണം ചെയ്യുകയാണ് ഇന്ന് എല്ലായിടത്തും. നമ്മുടെ സന്തോഷമാണു നമ്മുടെ വളർച്ചയെ നിർണയിക്കുന്നത്. 

നമ്മുടെ സ്കിൽ, ക്രിയേറ്റിവിറ്റി എന്നിവയിൽ വിശ്വാസം ഉള്ളിടത്തോളം കാലം ഒന്നും പേടിക്കാനില്ല. ജോലിക്ക് അപേക്ഷിക്കാൻ എനിക്കു ഡിഗ്രി സർട്ടിഫിക്കറ്റുകളില്ല. സർക്കാർ ജോലി എനിക്കു പറഞ്ഞിട്ടില്ല. വരയാണെന്റെ വഴി. വരയാണെന്റെ വരുമാനം. അതെന്റെ ഹോബിയല്ല, ജോലിയാണ്. എട്ടു വയസ്സുമുതൽ ചിത്രം വരച്ചു വിറ്റു വരുമാനമുണ്ടാക്കുന്നു. 

ഞങ്ങൾ നാലുപേരും ചേർന്നാണു വീടു നോക്കുന്നത്. കുരുത്തോലകൾ കൊണ്ടുള്ള അലങ്കാരപ്പണികൾ ചെയ്ത് അച്ഛൻ, വരച്ചും കോലങ്ങളുണ്ടാക്കിയും അമ്മ, ഫോട്ടോയെടുത്തും നൃത്തം ചെയ്തും അനുജത്തി, അഭിനയിച്ചും ചിത്രം വരച്ചും ഞാൻ. വരച്ചു കിട്ടുന്ന 500 രൂപ അരി വാങ്ങാനുള്ളതാണെന്ന ബോധ്യം കുട്ടിക്കാലം മുതൽ ഞങ്ങളിലുണ്ട്.  പുസ്തകം വാങ്ങുന്ന കാര്യത്തിലൊഴികെ ബാക്കിയെല്ലാം ‘ചെറുതായി’ ജീവിക്കാനാണു ഞങ്ങൾ പഠിച്ചത്. ബാലരാമപുരത്തോ മറ്റോ പോയി വർഷത്തിലൊരിക്കൽ ഒരുമിച്ച് വാങ്ങുന്ന കൈത്തറിത്തുണിയിൽ അച്ഛൻ തുന്നിയെടുക്കുന്ന വസ്ത്രങ്ങളാണു ഞങ്ങളുടെ വേഷം. 

ക്ലാസെടുക്കൽ, പ്രസംഗമോ പറച്ചിലോ?

ഞങ്ങൾ മിടുക്കരാണെന്നു പറയിക്കണമായിരുന്നു. ഒരിക്കലും പിന്നിൽ പോകാൻ അനുവദിക്കാത്ത മനസ്സായിരുന്നു. വേദികൾ കണ്ടാൽ പ്രസംഗിക്കും, കവിത ചൊല്ലും. നമ്മുടെ സ്കിൽ എവിടെ ഉപയോഗിക്കാമെന്നു നോക്കിയിരിക്കും. റസൂൽ പൂക്കുട്ടിക്ക് ഓസ്കർ കിട്ടിയപ്പോൾ കെപിഎസിയിൽ നടന്ന വലിയ സ്വീകരണച്ചടങ്ങ്. കെപിഎസി ഞങ്ങളുടെ സ്വന്തം വീടുപോലെയാണ്.

വലിയ ജനക്കൂട്ടത്തിന്റെ മുന്നിലിരുന്നു ചടങ്ങിനിടെ ഞാൻ പൂക്കുട്ടിയെ വരച്ചു സ്റ്റേജിൽ കയറി കൈമാറി. പൂക്കുട്ടിക്ക് ചിത്രം വലിയ ഇഷ്ടമായി. അന്നദ്ദേഹം സംസാരിച്ചത് എന്നെയും അനുജത്തിയെയും കുറിച്ചായിരുന്നു. കിട്ടിയ ഉപഹാരങ്ങളൊക്കെ എനിക്കദ്ദേഹം സമ്മാനിച്ചു. ആത്മവിശ്വാസം ബലപ്പെടുകയായിരുന്നു. അങ്ങനെയാണു വലിയ സദസ്സിനോടുള്ള സംസാരം തുടങ്ങിയത്. പ്രസംഗമല്ല, ക്ലാസെടുക്കലല്ല. വെറും പറച്ചിൽ. 

എന്റെ വിദ്യാഭ്യാസത്തെ കുറിച്ച് പറയാനാണു ഞാൻ വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കുന്നത്. സ്കൂളിൽ പോകാതെ വളർന്നതിനാൽ മിടുക്കരായേ പറ്റൂ എന്ന ബോധ്യത്തിൽ നിന്നു നമ്മളെക്കുറിച്ച് കൂടുതൽ പറയേണ്ടി വന്നിട്ടുണ്ട്. ചോദ്യങ്ങൾ ഒരുപാട് അഭിമുഖീകരിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങൾ നേരിട്ടാണു ഞാനെന്റെ ക്യാരക്ടർ രൂപപ്പെടുത്തിയത്.

സിനിമ, പ്രതീക്ഷാനിർഭരമോ?

2012ൽ 101 ചോദ്യങ്ങൾ എന്ന സിദ്ധാർഥ് ശിവയുടെ ചിത്രത്തിലൂടെയാണ് അഭിനയത്തുടക്കം. ആ ചിത്രത്തിനാണു ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചത്. മുപ്പതോളം ചിത്രങ്ങൾ അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം ‘മുന്നറിയിപ്പ്’, മോഹൻലാലിനൊപ്പം ‘എന്നും എപ്പോഴും’ തുടങ്ങി നാൻ പെറ്റ മകൻ വരെയുള്ള ചിത്രങ്ങൾ. ‘ഞങ്ങളുടെ ജീവിതരീതികളെ കൗതുകത്തോടെയാണു മമ്മൂക്കയും ലാലേട്ടനും സമീപിച്ചത്. എല്ലാം ഒരിക്കൽ വിശദമായി പറയണമെന്നു മമ്മൂക്ക പറഞ്ഞിട്ടുണ്ട്’. 

മനുഷ്യർ പുസ്തകങ്ങൾ പോലെയാകുന്നത് അപൂർവമാണ്. ഒരിക്കൽ കണ്ടാൽ പോലും ആശ്ചര്യം ജനിപ്പിക്കുന്ന മിനോൺ നമുക്കു മുന്നിൽ തുറന്നിടുന്നൊരു ജാലകമുണ്ട്. നിശ്ചയമായും നമ്മൾ ആ ജാലകവാതിലിലൂടെ ഒന്നു നോക്കുകയെങ്കിലും വേണം. 

മിനോൺ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ, ‘ഈ ജീവിതമാണന്റെ ശരി. എനിക്കിഷ്ടമുള്ള രീതിയിൽ സന്തോഷത്തോടെ ജീവിക്കാനുള്ളതൊക്കെ ഞാൻ പഠിച്ചിട്ടുണ്ട്. ഇഷ്ടപ്പെടുന്നതേ ഞാൻ പഠിക്കുന്നുള്ളൂ.ആഴത്തിലുള്ള പഠനമാണത്. അറിയുന്ന കാര്യങ്ങളിൽ ഞാൻ മിടുക്കൻ തന്നെ’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA