പറന്നകന്ന ഹൃദയമാലാഖ

heart
SHARE

ആറു വയസ്സു മാത്രം പ്രായമുള്ള ഒരു സുന്ദരിക്കുട്ടിയുമായി എന്റെ ഒപിയിലേക്കു കയറിവന്ന അദ്ദേഹത്തെ ഞാനൊരിക്കലും മറക്കില്ല. ഹൃദയത്തിന്റെ അറകൾ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ദ്വാരവുമായി ജനിച്ച തന്റെ മകൾ ചിഞ്ചുവിനു ഹൃദയശസ്ത്രക്രിയയുടെ ആവശ്യമുണ്ടെന്നും രണ്ടു വർഷമായി പല ആശുപത്രികളിലും കയറിയിറങ്ങിയെന്നുമുള്ള മുഖവുരയോടെയാണ് അദ്ദേഹം സംസാരം തുടങ്ങിയത്. 

‘‘ഡോക്ടർ, ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ്. എത്ര  ശ്രമിച്ചിട്ടും എന്റെ മോളുടെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള സാമ്പത്തികം സംഘടിപ്പിക്കാൻ എനിക്കാവുന്നില്ല”.  പല വാതിലുകൾ മുട്ടി. സൗജന്യനിരക്കിൽ ശസ്ത്രക്രിയ ചെയ്യുന്ന ആശുപത്രികളിൽ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും. യഥാസമയം ശസ്ത്രക്രിയ നടത്താൻ പറ്റാത്തതിനാൽ പല രോഗികളും മരണപ്പെടുന്ന സാഹചര്യം. 

ഞാൻ ആ പിതാവിന്റെ കണ്ണുകളിലേക്കും ചൈതന്യമൂറുന്ന കൊച്ചുകുട്ടിയുടെ മുഖത്തേക്കും മാറിമാറി നോക്കി, എന്തു ചെയ്യണമെന്നറിയാതെ. അവരുടെ ചികിത്സാരേഖകൾ മറിച്ചുനോക്കി. 

ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾക്ക് കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയാ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലമാണ്. അത്തരം രോഗങ്ങൾക്കുള്ള ശസ്ത്രക്രിയ ചെയ്യുന്നത് തിരുവനന്തപുരത്തു കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ മാത്രം. എന്നാലവിടെ വർഷങ്ങളായി കാത്തിരിക്കുന്ന രോഗികളുടെ കഥകൾ, ആ കുട്ടിയുടെ പിതാവു പറഞ്ഞതു കൂടാതെ മറ്റു പല സാഹചര്യങ്ങളിലും എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. 

1200 Jose Chacko
ഡോ.ജോസ് ചാക്കോ പെരിയപ്പുറം

ഹൃദയത്തിന്റെ വലതുവശത്തെ അറയും ഇടതുവശത്തെ അറയും തമ്മിൽ വേർതിരിക്കുന്ന ഭിത്തികളാണ് അശുദ്ധ രക്തവും ശുദ്ധരക്തവും തമ്മിൽ കലരാതിരിക്കാൻ സഹായിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു   ഹൃദയത്തിലേക്കു വരുന്ന, ഓക്സിജന്റെ അളവു കുറവായ രക്തത്തെ വലതുവശത്തെ അറ സ്വീകരിച്ച് അതിനെ ശ്വാസകോശത്തിലേക്കു പമ്പു ചെയ്യും. ശ്വാസകോശം അതിൽ ഓക്സിജൻ നിറച്ച് ഹൃദയത്തിന്റെ ഇടത്തേ അറയിലേക്കു തിരികെക്കൊടുക്കും. ഇതാണ് നമ്മുടെ രക്തചംക്രമണത്തിന്റെ രീതി. 

ഇടതുവശത്തെ അറയിൽനിന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പമ്പു ചെയ്യുന്ന രക്തമാണ് എല്ലാ അവയവങ്ങളിലേക്കുമുള്ള ഓക്സിജൻ നൽകുന്നത്. എന്നാൽ, ഹൃദയഭിത്തിയിലെ വലിയ ദ്വാരം വഴി അശുദ്ധരക്തവും ശുദ്ധരക്തവും തമ്മിൽ കലരുന്ന സങ്കീർണമായ രോഗാവസ്ഥയായിരുന്നു ചിഞ്ചുവിന്റേത്. നഴ്‌സറിയിൽ ചേരുന്നതിനു മുൻപുതന്നെ ആ ദ്വാരം അടയ്ക്കേണ്ടതായിരുന്നു. കുട്ടിക്കു പല പരിശോധനകളും നടത്തി. ഹൃദയത്തിലെ ആ ദ്വാരം ശസ്ത്രക്രിയയിലൂടെ അടയ്ക്കണമെന്ന തീരുമാനത്തിലെത്തി. 

എന്നാൽ, സ്നേഹനിധിയായ ആ പിതാവിനോട് എനിക്കൊരു കാര്യം പറയേണ്ടി വന്നു – ജന്മനാ ഉള്ള ഹൃദ്രോഗം ശസ്ത്രക്രിയയിലൂടെ ചികിത്സിക്കാനുള്ള പ്രാവീണ്യം എനിക്കില്ല എന്ന്. അന്നും ഇന്നും ജന്മനാ ഉണ്ടാകുന്ന ഹൃദയവൈകല്യങ്ങൾ ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നത് അതിനുവേണ്ടി പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരാണ്. അതിനുള്ള പരിചയം എനിക്കില്ലെന്ന സത്യം അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ  ബുദ്ധിമുട്ടേണ്ടി വന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം വളരെ നിരാശനായി കുട്ടിയെയും കൂട്ടി അദ്ദേഹം മടങ്ങി.

എന്നാൽ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചിഞ്ചുവിനെ ചേർത്തു പിടിച്ചുകൊണ്ട് വീണ്ടും ആ പിതാവ് എന്റെ ഒപിയിലേക്കു വന്നു. അൽപനേരം നിശ്ശബ്ദനായി, എന്റെ എതിർവശത്തുള്ള കസേരയിൽ ഇരുന്ന ശേഷം സംസാരിച്ചു തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണ്ണു നനഞ്ഞിരുന്നു. “ഡോക്ടർ, താങ്കൾ തന്നെ എങ്ങനെയെങ്കിലും ഈ ആശുപത്രിയിൽ എന്റെ മോളുടെ ശസ്ത്രക്രിയ ചെയ്തുതരണം. ഞങ്ങൾക്ക് ഈ ആശുപത്രിയും ഡോക്ടറെയും വളരെ ഇഷ്ടപ്പെട്ടു. ഞങ്ങൾ തിരിച്ചു വീട്ടിൽ ചെന്നതിനു ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി ചിഞ്ചു ഡോക്ടറെപ്പറ്റി പറയാത്ത ഒരു ദിവസം പോലും ഇല്ല”.  

ഞാനാ മുഖത്തേക്കു നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു. ചില വ്യക്തികൾ, അല്ലെങ്കിൽ ചില രോഗികൾ ഡോക്ടർമാരുടെ മനസ്സിൽ അവാച്യമായ ചലനം സൃഷ്ടിക്കാറുണ്ട്. അവരുടെ ഭാവങ്ങളും സംസാരവുമെല്ലാം  ഡോക്ടർമാരുടെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാറില്ല; ഒരു മുജ്ജന്മ ബന്ധം പോലെ.  

ആ പിതാവിന്റെ തോളത്തു തട്ടി ഞാൻ പറഞ്ഞു – നമുക്കു ശ്രമിക്കാം. ഈ ശസ്ത്രക്രിയ ഞാൻ ചെയ്യില്ലെങ്കിലും എന്റെ അടുത്ത സുഹൃത്ത് ഇതിൽ വിദഗ്ധനാണ്. നമുക്ക് അദ്ദേഹത്തിന്റെ സഹായം തേടാം.  

‘ഡോക്ടർ, എങ്ങനെയെങ്കിലും എന്റെ മോളുടെ ഹൃദയം ശരിയാക്കിത്തരണം’ – ആ പിതൃഹൃദയത്തിന്റെ തേങ്ങൽ. ആ തേങ്ങൽ നെഞ്ചിലേറ്റി വീട്ടിലെത്തിയ ഞാൻ പ്രിയതമ ജയ്മിയോടു വിവരങ്ങൾ പങ്കുവച്ചപ്പോൾ ദുഃഖം ഇരട്ടിക്കുകയാണു ചെയ്തത്. മൂന്ന് ആൺമക്കളുള്ള ഞങ്ങൾക്കു പിറക്കാതെപോയ മകളുടെ സ്ഥാനത്താണ് ചിഞ്ചുവിനെ ഞങ്ങൾ കണ്ടത്.

എന്റെ സുഹൃത്തിന് ചിഞ്ചുവിന്റെ സ്കാനിങ് റിസൽറ്റുകളും മറ്റു പരിശോധനാ ഫലങ്ങളും അയച്ചുകൊടുത്തു. ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥയിലാണു കുട്ടിയെന്നും അതു വൈകാതെ ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. അങ്ങനെ അദ്ദേഹത്തിനു സൗകര്യപ്രദമായ ഒരു ദിവസം ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ തിയറ്ററിൽ വച്ച്  ചിഞ്ചുവിന്റെ പിതാവ് ആവശ്യപ്പെട്ടതുപോലെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. വൈകാതെ ചിഞ്ചുവിനെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുകയും രണ്ടു ദിവസം കഴിഞ്ഞപ്പോൾ തിയറ്ററിലേക്കു മാറ്റുകയും ചെയ്തു.

ഹൃദയത്തെയും ശ്വാസകോശത്തെയും നിശ്ചലമാക്കുന്ന ഹാർട്ട് ലങ് മെഷീൻ എന്ന ഉപകരണത്തിന്റെ സഹായത്തോടെ, ഹൃദയത്തിന്റെ പ്രവർത്തനം ശരീരത്തിനു പുറത്തുനിന്ന് നിർവഹിക്കുകയും ആ സമയത്ത് ഹൃദയത്തെയും ശ്വാസകോശത്തെയും നിശ്ചലമാക്കുകയും ചെയ്യുന്ന വളരെ സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു അത്. അങ്ങനെ നിശ്ചലമാക്കി തണുപ്പിച്ച ഹൃദയം തുറന്ന്, അറകൾ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിലെ ദ്വാരം മനുഷ്യനിർമിതമായ ഒരു ഷീറ്റു കൊണ്ടു തുന്നിപ്പിടിപ്പിക്കുന്ന പ്രക്രിയ. 

കൊച്ചുകുട്ടികളുടെ ഹൃദയത്തിന് കൂടിവന്നാൽ നാൽപതോ അൻപതോ ഗ്രാം ഭാരമേ കാണൂ. വളരെ കൃത്യമായി ആ ശസ്ത്രക്രിയ നിർവഹിക്കേണ്ടതുണ്ട്. പക്ഷേ, പലപ്പോഴും ജന്മനാ ചെറിയ രോഗം മാത്രമുള്ള കുട്ടികൾക്ക് നമ്മളറിയാത്ത പല പ്രശ്നങ്ങളും ഹൃദയത്തിന് ഉണ്ടാകാം. ഒരുപക്ഷേ, മാംസപേശികളുടെ പ്രവർത്തനരാഹിത്യമാകാം,  അല്ലെങ്കിൽ ശ്വാസകോശത്തിലേക്കുള്ള രക്തധമനികളുടെ അഭാവമോ കുറവോ ആയിരിക്കാം. എല്ലാ സങ്കീർണതകളും ആ കാലഘട്ടത്തിലുള്ള പരിശോധനകളിൽനിന്നു നമുക്കു കണ്ടുപിടിക്കാൻ കഴിയണമെന്നില്ല. 

ചിഞ്ചുവിന്റെ ഹൃദയത്തിലെ ദ്വാരം ഡോക്ടർക്ക് ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് അടയ്ക്കാൻ കഴിഞ്ഞു. ആകാംക്ഷാഭരിതമായ നിമിഷങ്ങൾ. ഇടയ്ക്കിടെ ഞാൻ പുറത്തുവന്ന് ചിഞ്ചുവിന്റെ പിതാവിനോടു ശസ്ത്രക്രിയയുടെ പുരോഗതി അറിയിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാസങ്ങളായുള്ള ഞങ്ങളുടെ അടുപ്പത്തിന്റെയോ, അല്ലെങ്കിൽ അദ്ദേഹം എന്നിലർപ്പിച്ച വിശ്വാസത്തിന്റെയോ പ്രതിഫലനമായിരിക്കാം, അദ്ദേഹവുമായുണ്ടായ ആ സ്നേഹബന്ധം. 

ശസ്ത്രക്രിയയ്ക്കു ശേഷം ഹാർട്ട് ലങ് മെഷീനിൽനിന്നു ഹൃദയത്തെ വിഘടിപ്പിക്കാനും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പുനഃസ്ഥാപിക്കാനുമുള്ള സമയമായി. ഞാൻ വീണ്ടും ഓപ്പറേഷൻ തിയറ്ററിലേക്കു പ്രവേശിച്ചപ്പോൾ സർജൻ എന്നോടു പറഞ്ഞു – ജോസ്, ചിഞ്ചുവിന്റെ ഹൃദയം പ്രതീക്ഷിക്കുന്നതുപോലെ പ്രവർത്തനം പുനരാരംഭിക്കുന്നില്ല. വലത്തേ അറയുടെ പ്രവർത്തനം അസാധാരണമായി വളരെ മോശമായ നിലയിലാണ്. ചിഞ്ചുവിന്റെ രക്തസമ്മർദം സാധാരണ രീതിയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്നില്ല. അരമണിക്കൂർ കൂടി ഈ മെഷീന്റെ സപ്പോർട്ട് കൊടുത്തുനോക്കാം. അതിനു ശേഷം വീണ്ടും ഹൃദയത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ ശ്രമിക്കാം. 

സമയം കടന്നുപോയി. പുറത്തുചെന്ന് ആ കുട്ടിയുടെ പിതാവിനോട് ഇടയ്ക്കു സംസാരിച്ചിരുന്ന എനിക്ക് അദ്ദേഹത്തെ  അഭിമുഖീകരിക്കാനുള്ള ധൈര്യം പതുക്കെ ചോർന്നുപോകുന്നതുപോലെ തോന്നി. എങ്കിലും ആ കുഞ്ഞുഹൃദയം വീണ്ടും സ്പന്ദിക്കുമെന്നും സ്നേഹത്തിന്റെയും പ്രാർഥനയുടെയുമെല്ലാം ഫലമായി സാധാരണ നിലയിലെത്തുമെന്നുമുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു. 

30 മിനിറ്റിനു ശേഷം ഞാൻ ഓപ്പറേഷൻ തിയറ്ററിൽ തിരികെച്ചെല്ലുമ്പോൾ ഡോക്ടർ വീണ്ടും അതേ വാർത്ത തന്നെയാണ് എനിക്കു നൽകിയത് – ഹൃദയത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിയുന്നില്ല. എന്തു ചെയ്യാൻ പറ്റും? ശസ്ത്രക്രിയയ്ക്കു ശേഷം ഏകദേശം രണ്ടുരണ്ടര മണിക്കൂറോളം ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്താൻ പല യന്ത്രങ്ങളുടെയും സഹായത്തോടെ ശ്രമിച്ചു. ആ സമയത്തെല്ലാം ഞാൻ ചിഞ്ചുവിന്റെ പിതാവിനോട് ചെറിയ ചെറിയ ബുദ്ധിമുട്ടുകളെപ്പറ്റി വിശദമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ മനസ്സിന്റെ ധൈര്യം പിടിച്ചുനിർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. 

ചിഞ്ചുവിന്റെ സ്ഥിതി വഷളായിക്കൊണ്ടിരുന്നു. ആ ഹൃദയം ഇനി സ്പന്ദിക്കുകയില്ല എന്ന സത്യം മനസ്സിലായപ്പോൾ  എന്റെ ഹൃദയവും ഒരുനിമിഷം നിശ്ചലമായതു പോലെയായി. പിതാവിന്റെ എല്ലാ സ്വപ്നങ്ങളും തകർത്ത്, ആ കൊച്ചു കുട്ടിയെ അദ്ദേഹത്തിൽനിന്നു വേർപെടുത്താൻ ആരോ ശ്രമിക്കുന്നതുപോലെ തോന്നി. 

ചിഞ്ചുവിന്റെ പിതാവിനെ ഓപ്പറേഷൻ തിയറ്ററിന്റെ അരികിലുള്ള ചെറിയ മുറിയിൽ കൊണ്ടുവന്നിരുത്തി ആ ദുഃഖകരമായ വാർത്ത എനിക്കു പറയേണ്ടിവന്നു. ആ പിതാവിന്റെ ദുഃഖം എന്റെകൂടി ദുഃഖമായി മാറി. നെഞ്ചിൽ ഊറിനിന്ന നീറ്റൽ പുറത്തേക്കുവന്നു കണ്ണുകൾ നിറഞ്ഞു. മിനിറ്റുകളോളം പരസ്പരം ആശ്ലേഷിച്ചു കരഞ്ഞ് ഞങ്ങൾ ദുഃഖം പങ്കുവച്ചു. 

മണിക്കൂറുകൾക്കു ശേഷം, ആ ചേതനയറ്റ ശരീരം പിതാവിനു കൈമാറുമ്പോൾ എന്റെ മനസ്സു മന്ത്രിച്ചു – നാമെല്ലാവരും  മനുഷ്യരാണ്, ദൈവങ്ങളല്ല. നമുക്കു പരിധികളുണ്ട്, പരിമിതികളുണ്ട്. ആ പരിമിതികളാണ് മനുഷ്യനെ ബലഹീനനാക്കുന്നതും ദൈവത്തോട് അടുപ്പിക്കുന്നതും. 

അവളുടെ ഹൃദയംനിറഞ്ഞ ചിരിയും പ്രതീക്ഷയുടെ തിളക്കമുള്ള കണ്ണുകളുമെല്ലാം ഇരുപതു വർഷത്തിനു ശേഷവും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. ഹൃദയശസ്ത്രക്രിയാ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുകയും എന്നാൽ, എന്നും ഓർമിക്കുകയും  ചെയ്യുന്ന ഒരധ്യായമാണ് ആ കുഞ്ഞുമാലാഖ.

(തുടരും) 

കേരളം മറക്കാത്ത മാത്യു അച്ചാടൻ

English summary: Heart transplantation expert Dr.Jose Chacko Periappuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA