‘ബുദ്ധിയുടെ മൂർച്ച തിളങ്ങുന്ന കണ്ണുകളുള്ള അതിസുന്ദരി’; കമ്യൂണിസത്തിന്റെ ‘പെൺകൊടി’

suhasini-old-cpm
സുഹാസിനിയുടെ ലഭ്യമായ അപൂർവ ചിത്രങ്ങളിലൊന്ന് (ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു). ചിത്രം: മുംബൈ സ്പെഷൽ ബ്രാഞ്ച്
SHARE

സുഹാസിനിയുടെ  കഥ കൂടി പറഞ്ഞാലേ നൂറു തികയുന്ന  ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയുടെ ചരിത്രം പൂർണമാകൂ 

ഇ ന്ത്യൻ കമ്യൂണിസത്തിന്റെ 100 വർഷം അതികായന്മാരായ ഒട്ടേറെ നേതാക്കളുടെ ജീവിതംകൂടിയാണ്. ആ ചരിത്രത്തിൽ, ആദ്യമായി ചെങ്കൊടി പിടിച്ച ഇന്ത്യൻ പെൺകൈകളെ എന്തുകൊണ്ടോ എടുത്തുപറഞ്ഞിട്ടില്ല. പാർട്ടിയുടെ ആദ്യ വനിതാ അംഗം സുഹാസിനി നമ്പ്യാരാണ് ചരിത്രത്തിനു പുറത്തു നിൽക്കുന്നത്. ‘ബുദ്ധിയുടെ മൂർച്ച തിളങ്ങുന്ന കണ്ണുകളുള്ള’ ആ ‘അതിസുന്ദരി’യുടെ ജീവിതംകൂടി ഉൾപ്പെടുമ്പോഴേ പ്രസ്ഥാനത്തിന്റെ പിറവിയുടെ ചരിത്രം പൂർണമാകൂ.

ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്റെ ഏറ്റവും ഇളയസഹോദരിയായ സുഹാസിനിയുടെ ജീവിതത്തിൽ കവിതയും സംഗീതവും നൃത്തവുമുണ്ടായിരുന്നു; സങ്കീർണമായൊരു പ്രണയവും അതിലെ നായകനായി തലശ്ശേരിക്കാരൻ എ.സി.എൻ.നമ്പ്യാരും. മലയാളത്തിന്റെ ആദ്യ ചെറുകഥാകാരൻ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെയും അറത്തിൽ കണ്ടോത്ത് കല്യാണിയമ്മയുടെയും മകൻ.

20–ാം നൂറ്റാണ്ടിനൊപ്പമാണു സുഹാസിനി പിറന്നത്. 1901ൽ, ഹൈദരാബാദിലെ ബംഗാളി കുടുംബത്തിൽ; ശാസ്ത്രജ്ഞനും സ്വാതന്ത്ര്യസമര സേനാനിയും നൈസാംസ് കോളജ് പ്രിൻസിപ്പലുമായിരുന്ന അഘോരനാഥ് ചതോപാധ്യായയുടെയും ബംഗാളിയിൽ കവിതകളെഴുതിയിരുന്ന ബരദ സുന്ദരി ദേവിയുടെയും മകളായി. സുഹാസിനിയുടെ സഹോദരങ്ങളിൽ വീരേന്ദ്രനാഥ് ചതോപാധ്യായയും കമ്യൂണിസ്റ്റ് ചരിത്രത്തിന്റെ ഭാഗമാണ്. ബ്രിട്ടിഷുകാരെ ഇന്ത്യയിൽനിന്നു പുറത്താക്കാൻ രാജ്യാന്തര പിന്തുണ സുപ്രധാനമെന്നു കരുതിയ വീരേന്ദ്രനാഥ്, താഷ്കന്റിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കും മുൻപേ സജീവമായിരുന്ന ‘ബർലിൻ ഗ്രൂപ്പി’ന്റെ നേതാവായിരുന്നു.

വാദിച്ചു ജീവിതം ജയിക്കാൻ കഷ്ടപ്പെടുന്ന അഭിഭാഷകനായ നമ്പ്യാരെയാണ് മദ്രാസിൽ സുഹാസിനി 17–ാം വയസ്സിൽ കണ്ടുമുട്ടുന്നത്. ചെറുപ്പത്തിളപ്പും ജീവിതാസക്തിയും കഴിവുമുള്ള രണ്ടുപേർ. തീവ്രപ്രണയം സ്വാഭാവികമായിരുന്നു. തങ്ങളുടെ ‘നാണു’വിന്റെ പ്രണയത്തെ വീട്ടുകാർ എതിർത്തു. വീട്ടിൽനിന്നു പടിയിറങ്ങിയ നമ്പ്യാർ പ്രണയത്തിന്റെ വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുവരും വിവാഹിതരായി. ‘‘സുഹാസിനിയുമായുള്ള വിവാഹത്തെ വീട്ടിൽ ചിലർ എതിർത്തിരുന്നു’’ എന്ന് നമ്പ്യാരുടെ സഹോദരന്റെ മകൻ കെ.ടി.പ്രഹ്ലാദ് ഓർമിക്കുന്നു.‘‌സുഹാസിനിയെ ഞാൻ കണ്ടിട്ടില്ല, അതീവ ബുദ്ധിശാലിയും സുന്ദരിയുമായിരുന്നുവെന്നു കേട്ടിട്ടുണ്ട്.’

വിവാഹത്തിനു പിന്നാലെ, 1919ൽ നമ്പ്യാരും സുഹാസിനിയും ലണ്ടനിലേക്കു പോയി. സുഹാസിനി ഓക്സ്ഫഡിൽ ചേർന്നു, നമ്പ്യാർ പത്രപ്രവർത്തകനായി. ജവാഹർലാൽ നെഹ്റുവിന്റെ ‘പത്രപ്രവർത്തക സുഹൃത്ത്’ എന്നു പിന്നീട് നമ്പ്യാർ അറിയപ്പെട്ടു. ആ സുഹൃത്തിനെ പലരും സംശയക്കണ്ണോടെയാണു നോക്കിയിരുന്നത്. സുഭാഷ്ചന്ദ്ര ബോസിനൊപ്പം ഹിറ്റ്ലറെ കാണാൻ പോയയാളാണു നമ്പ്യാർ. ഒരേസമയം നെഹ്റുവിന്റെയും ബോസിന്റെയും സുഹൃത്തായിരിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നതായിരുന്നു സംശയകാരണം.

vappala
വാപ്പാല ബാലചന്ദ്രൻ

നമ്പ്യാരും സുഹാസിനിയും ലണ്ടനിൽ ഏതാനും വർഷങ്ങളേ ജീവിച്ചുള്ളൂ. അവിടെനിന്നു ബർലിനിലേക്കായിരുന്നു യാത്ര. സുഹാസിനി ബർലിൻ സർവകലാശാലയിൽ ചേർന്നു. തർജമകൾ ചെയ്തു, ജർമൻകാരെ ഇംഗ്ലിഷ് പഠിപ്പിച്ചു. നമ്പ്യാർ പത്രപ്രവർത്തനം തുടർന്നു.

ബർലിനിലെ ജീവിതം, അല്ലെങ്കിൽ അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ – അതാണ് ഇരുവരുടെയും ജീവിതം എന്നേക്കുമായി മാറ്റിമറിക്കുന്നത്. ഗാന്ധിയൻ ചിന്തകളൊക്കെ കളഞ്ഞ്, തീവ്ര ഇടതുരാഷ്ട്രീയത്തിലേക്കു സുഹാസിനി വഴിമാറി. ‘ചറ്റോ’ എന്നു സുഹൃത്തുക്കൾ വിളിച്ച സഹോദരൻ വീരേന്ദ്രനാഥാണ് അതിനു കൈപിടിച്ചത്. വിപ്ലവവീര്യം നിറഞ്ഞുതുളുമ്പുന്ന ചറ്റോയിൽനിന്നാണ് ബ്രിട്ടിഷ് എഴുത്തുകാരൻ സോമർസെറ്റ് മോമിന് ‘ഗുയിലിയ ലസ്സരി’ എന്ന ചെറുകഥയിലെ ചന്ദർലാലിനെ കിട്ടുന്നത്.

ഏതു കാര്യവും അതിന്റെ സ്വന്തം മണ്ണിൽനിന്നു പഠിക്കുകയെന്ന ജർമൻ രീതിയാവാം സുഹാസിനിക്കു പ്രേരകമായത്. കമ്യൂണിസത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സുഹാസിനി സോവിയറ്റ് യൂണിയനിലേക്കു പോകുന്നു. വിപ്ലവാനന്തര സോവിയറ്റ് നാട്ടിൽ, ഈസ്റ്റേൺ യൂണിവേഴ്സിറ്റി ഫോർ ഏഷ്യൻ സ്റ്റുഡന്റ്സിലാണു ചേർന്നത്. അത്രമേൽ ആഴത്തിൽ പഠനത്തിലേക്കു കടക്കുമ്പോൾ സുഹാസിനിയുടെ ബർലിൻ യാത്രകൾ കുറയുകയും പകരം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായിക്കൂടി അടുക്കുകയുമാണ്. മാവോ സെ ദുങ്ങുമായി കൂടിക്കാഴ്ച നടത്തിയ ആദ്യ ഇന്ത്യൻ വനിതയെന്ന സ്ഥാനവും സുഹാസിനിയുടേതാണ്. അന്നു മാവോ ജനനേതാവാകുന്നതേയുള്ളൂ.

സോവിയറ്റ് യൂണിയനും ചൈനയും കടന്ന്, 1928ൽ സുഹാസിനി ഇന്ത്യയിലെത്തി. കമ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ നിർദേശാനുസരണമായിരുന്നു ആ തിരിച്ചുവരവ്. ‘ആലസ്യത്തിലും മരണത്തോടടുക്കുന്ന അവസ്ഥയിലുമാണ്’ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നായിരുന്നു കമ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ വിലയിരുത്തൽ; സുഹാസിനിയെന്ന തീപ്പൊരിക്ക് പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കാൻ സാധിക്കുമെന്നും. നമ്പ്യാർ അപ്പോഴും ബർലിനിലാണ്. ആ അകലം നിലനിന്നു.

ബോംബെയിൽ കമ്യൂണിസ്റ്റ് ചിന്താഗതിക്കാരിലെ പ്രധാന മുഖങ്ങളിലൊന്നായി സുഹാസിനി. 1929 മാർച്ചിൽ മീററ്റ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായവർക്കു സഹായങ്ങൾ സംഘടിപ്പിക്കുന്നതിലും സജീവമായി പങ്കെടുത്തു. ഇന്ത്യയിലെ ബ്രിട്ടിഷ് പരമാധികാരത്തെ തകർക്കാനുള്ള ഗൂഢാലോചന ആരോപിച്ച കേസിന്റെ നടപടികൾ നാലര വർഷമാണു നീണ്ടത്. 31 പ്രതികളിൽ 14 പേർ മാത്രമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അംഗങ്ങൾ. എങ്കിലും പ്രസ്ഥാനത്തെ സജീവമാക്കുന്നതിനു കേസ് സഹായകമായി.

ഇന്ത്യൻ പീപ്പിൾസ് തിയറ്ററിന്റെ പല നാടകങ്ങളും അരങ്ങിലെത്തിക്കുന്നതിലും സുഹാസിനി പങ്കാളിയായി. കെടാൻ പോകുന്ന പ്രസ്ഥാനത്തെ രക്ഷിക്കുകയെന്ന ചുമതലയുള്ളപ്പോൾ,  

‘ദ് ന്യൂ സ്പാർക്ക്’ എന്ന പേരിൽ കമ്യൂണിസ്റ്റ് പാർട്ടിക്കായി സുഹാസിനി ഒരു പ്രസിദ്ധീകരണവും തുടങ്ങി.

സുഹാസിനി കമ്യൂണിസത്തിന്റെ ആഴക്കയങ്ങളിലേക്കു നീങ്ങുമ്പോൾ, ബർലിനിൽ നമ്പ്യാർ തന്റെ ജർമൻകാരിയായ സെക്രട്ടറി ഈവ ഗെസ്‌ലറുമായി അടുക്കുകയായിരുന്നു. ആ മാറ്റമറിയാതെ സുഹാസിനി, നമ്പ്യാർക്കു കത്തുകളെഴുതി; ഇന്ത്യയിലേക്കു തിരികെ വരാൻ പലതവണ അഭ്യർഥിച്ചു. ആറു വർഷം കാത്തിരുന്നു. ഒടുവിൽ നമ്പ്യാർ തുറന്നുപറഞ്ഞു: ‘നമുക്കു മതിയാക്കാം, ഞാനെന്റെ സെക്രട്ടറിയുമായി അടുപ്പത്തിലാണ്’.

ac-nambiar
എ.സിഎൻ.നമ്പ്യാർ

അങ്ങനെയൊന്നും പ്രതീക്ഷിക്കാതിരുന്ന സുഹാസിനി വിഷാദത്തിലേക്കു പോയി. വൈകാതെ ഇരുവരും വിവാഹമോചിതരുമായി. പക്ഷേ, ആ വേർപിരിയലിന്റെ ആഘാതത്തിൽനിന്നു സുഹാസിനി മോചിതയായില്ല. ആ ദുഃഖം പുറത്തുകാണിക്കാതെ പാർട്ടിയിലും ബോംബെയിലെ സാമൂഹിക – രാഷ്ട്രീയ സദസ്സുകളിലും നിറഞ്ഞുനിന്നു. കവിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ആർ.എം.ജംഭേക്കറെ 1938ൽ സുഹാസിനി വിവാഹം ചെയ്തു. റഷ്യയിൽവച്ചേയുള്ള പരിചയമായിരുന്നു അവരുടേത്.

‘നമ്പ്യാരും സുഹാസിനിയും അസാധാരണത്വം ഏറെയുള്ള ദമ്പതികളായിരുന്നു. നമ്പ്യാർ ഇടതുപക്ഷ പത്രപ്രവർത്തകനെങ്കിലും ഏറെക്കുറെ നിഷ്പക്ഷമതിയായി ഒതുങ്ങിക്കഴിഞ്ഞപ്പോൾ, സുഹാസിനിയുടേത് തീക്ഷ്ണമായ പ്രകൃതമായിരുന്നു. അവരുടെ വേർപിരിയൽ സ്വാഭാവികമായിരുന്നു’’ – നമ്പ്യാരുടെ ജീവിതകഥയെഴുതിയ വാപ്പാല ബാലചന്ദ്രൻ പറയുന്നു. അപ്പോൾ, ആ വേർപിരിയലിന്റെ കാരണങ്ങളിൽ വ്യക്തിത്വവും രാഷ്ട്രീയവുമുണ്ടായിരുന്നു.

സോവിയറ്റ് ചാരനെന്നു ബ്രിട്ടിഷുകാർ കരുതിയ നമ്പ്യാർ, നാത്‌സിവിരുദ്ധ നിലപാടുകളുള്ളപ്പോഴും സുഭാഷ്ചന്ദ്ര ബോസിന്റെ താൽപര്യങ്ങൾക്കൊപ്പം നിന്നു. 1944ൽ ബോസ് രൂപീകരിച്ച പ്രൊവിഷനൽ സർക്കാരിൽ സഹമന്ത്രിയുമായി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ജർമനിയിൽ ഇന്ത്യൻ സ്ഥാനപതിയാകുകയും ചെയ്തു. പിന്നീടും യൂറോപ്പിൽ പത്രപ്രവർത്തനം നടത്തി. 1958ൽ പത്മഭൂഷൺ ലഭിച്ചു.

സുഹാസിനിയും നമ്പ്യാരും വീണ്ടും കണ്ടുമുട്ടുന്നതു പ്രാഗിൽവച്ചാണ്, 1950ൽ. ആ കൂടിക്കാഴ്ച ബാലചന്ദ്രന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. സുഹാസിനിയുടെ മുറിയുടെ ചുമരിൽ ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കളുടെ മാത്രം ചിത്രങ്ങൾ കണ്ട് നമ്പ്യാർ ചോദിച്ചു: എന്തുകൊണ്ട് ഇന്ത്യൻ നേതാക്കളാരുമില്ല? പെട്ടെന്നായിരുന്നു സുഹാസിനിയുടെ മറുപടി: ‘‘നിങ്ങളിപ്പോഴും ഒരു ബൂർഷ്വയാണ്.’’ ആ വാക്കുകൾ നമ്പ്യാരെ എക്കാലവും നൊമ്പരപ്പെടുത്തി. തന്റെ കുറിപ്പുകളിലൊക്കെയും സുഹാസിനിയുടേതായി നമ്പ്യാർ പറഞ്ഞിട്ടുള്ള വാക്കുകൾ അവ മാത്രമാണെന്നും ബാലചന്ദ്രൻ ‘എ ലൈഫ് ഇൻ ഷാഡോ: ദ് സീക്രട്ട് സ്റ്റോറി ഓഫ് എസിഎൻ നമ്പ്യാർ’ എന്ന പുസ്തകത്തിൽ പറയുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം സംസ്ഥാനങ്ങളുടെ പുനഃസംഘടനയിൽ നിർണായക പങ്കുവഹിച്ച വി.പി.മേനോന്റെ ബന്ധുവാണ് ബാലചന്ദ്രൻ.

നമ്പ്യാർക്ക് ഇന്ത്യൻ പാസ്പോർട്ട് നൽകാനുള്ള നെഹ്റു സർക്കാരിന്റെ തീരുമാനത്തെ ബ്രിട്ടിഷുകാർ എതിർത്തിരുന്നു. പദവികൾ നൽകിപ്പോലും തന്നെ സംരക്ഷിക്കാൻ താൽപര്യപ്പെട്ട നെഹ്റുകുടുംബവുമായി നമ്പ്യാർ മികച്ച ബന്ധം തുടർന്നു. റിസർച് ആൻഡ് അനാലിസിസ് വിങ്ങിൽ (റോ) പ്രവർത്തിച്ചിരുന്ന ബാലചന്ദ്രന്റെ ചുമതലയിൽ നമ്പ്യാരെ ഏൽപിക്കുന്നത് ഇന്ദിരാഗാന്ധിയാണ്. ‘അങ്കിൾ’ എന്നാണ് നമ്പ്യാരെ ഇന്ദിര വിളിച്ചിരുന്നത്.

‘‘എസിഎന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പ്രധാനമന്ത്രിക്കു വലിയ ആശങ്കയുണ്ടായിരുന്നു. നമ്പ്യാരുടെ സംരക്ഷണമെന്നത് വ്യക്തിപരമായ ആവശ്യമെന്നാണ് ഇന്ദിരാഗാന്ധി പറഞ്ഞത്’’ – ബാലചന്ദ്രൻ ഓർമിച്ചു. പ്രധാനമന്ത്രിക്കു നൽകിയ ഉറപ്പ് 1986ൽ നമ്പ്യാർ മരിക്കുംവരെയും ബാലചന്ദ്രൻ പാലിച്ചു.

നമ്പ്യാരെക്കുറിച്ചു പുസ്തകമെഴുതുമ്പോൾ, സുഹാസിനിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനാണു ബാലചന്ദ്രൻ ഏറെ പണിപ്പെടേണ്ടിവന്നത്. ‘‘ആദ്യത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് വനിതയെങ്കിലും സുഹാസിനിയെക്കുറിച്ചു ചരിത്രരേഖകളുണ്ടായിരുന്നില്ല. പരാമർശങ്ങളുണ്ടായിരുന്നത് ബോംബെ സ്പെഷൽ ബ്രാഞ്ചിന്റെ ഫയലുകളിലാണ്. 1951വരെ സുഹാസിനി സ്പെഷൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. കണ്ടിട്ടുള്ളവരെയൊക്കെ ആകർഷിച്ചത് സുഹാസിനിയുടെ ബുദ്ധിശക്തിയും സൗന്ദര്യവും തീപാറുന്ന വ്യക്തിത്വവുമാണ്–’’ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽനിന്നു സ്പെഷൽ സെക്രട്ടറിയായി വിരമിച്ച ബാലചന്ദ്രൻ ഫയലുകളിൽ കണ്ട സുഹാസിനിയെക്കുറിച്ചു പറഞ്ഞു.

തന്നെ രാഷ്ട്രീയമായി ഒരുക്കിയവരിൽ ആദ്യത്തെയാളെന്നാണ് സുഹാസിനിയെ ക്യാപ്റ്റൻ ലക്ഷ്മി വിശേഷിപ്പിച്ചിട്ടുള്ളത്. ആഴത്തിൽ രാഷ്ട്രീയ ബോധ്യമുള്ള, നിർത്താതെ പുകവലിക്കുന്ന, ലിബറലായ സുഹാസിനിയെയാണ് ക്യാപ്റ്റൻ ലക്ഷ്മി കണ്ടിട്ടുള്ളത്.

flag

ക്യാപ്റ്റൻ ലക്ഷ്മിയുടെ മകളും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമായ സുഭാഷിണിയും പറയുന്നത് സുഹാസിനിയുടെ രാഷ്ട്രീയമായ തിരിച്ചറിവുകളെക്കുറിച്ചുതന്നെ: ‘‘ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് വനിതയായ സുഹാസിനിയുടെ ജീവിതം പല അടരുകളുള്ളതായിരുന്നു. ഞാൻ കാണുമ്പോൾ സുഹാസിനി സജീവ സാമൂഹിക പ്രവർത്തനങ്ങളിലായിരുന്നു. ന്യൂ വർക്സെന്റർ ഫോർ വിമൻ എന്ന സംഘടനയുമായി ചേർന്നായിരുന്നു അവസാനകാലം വരെയും സുഹാസിനിയുടെ പ്രവർത്തനങ്ങൾ. അപ്പോഴും രാഷ്ട്രീയ ബോധ്യങ്ങളുടെ മൂർച്ച തെല്ലും കുറഞ്ഞിരുന്നില്ല.’’

1950കളുടെ അവസാനം വരെയും സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്ന സുഹാസിനി പിന്നീടു പിൻവലിയുന്നത് പുതിയ തരം രാഷ്ട്രീയം തനിക്കു പറ്റിയതല്ലെന്ന തിരിച്ചറിവിലാണ്. ആരോഗ്യപ്രശ്നങ്ങളുമുണ്ടായി.

ബോംബെയിൽ സുഹാസിനിയെ കണ്ടത് ബർലിൻ കുഞ്ഞനന്തൻ നായരുടെ ഓർമകളിൽ ഇപ്പോഴും വ്യക്തതയുള്ള ചിത്രമാണ്: ‘‘രാജ്യത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് വനിതാ നേതാവ് എന്ന ആദരം എല്ലാവരും സുഹാസിനിക്കു നൽകിയിരുന്നു. നല്ല പ്രസംഗകയും സംഘാടകയുമായിരുന്നു സുഹാസിനി.’’ ബർലിൻ സുഹാസിനിയെ വർണിക്കുന്നതിങ്ങനെ: ‘ഉയരംകൂടി, ഇരുണ്ട നിറമുള്ള, ബുദ്ധിതിളങ്ങുന്ന കണ്ണുകളുള്ള സ്ത്രീ.’

പത്രപ്രവർത്തകൻ എഡ്ഗർ സ്നോ 1931ൽ ബോംബെയിലെത്തുമ്പോൾ സരോജിനി നായിഡുവാണ് സുഹാസിനിയെ പരിചയപ്പെടുത്തുന്നത്. മിൽത്തൊഴിലാളികളെ കാണാനും മറ്റും സ്നോയ്ക്കു കൂട്ടുപോയതു സുഹാസിനിയാണ്. ന്യൂയോർക്ക് ഹെറൾഡ് ട്രിബ്യൂണിൽ സ്നോ എഴുതിയ ‘ദ് റിവോൾട്ട് ഓഫ് ഇന്ത്യൻ വിമൻ’ എന്ന ലേഖനത്തിൽ സുഹാസിനിയും പരാമർശിക്കപ്പെട്ടു. താൻ കണ്ടിട്ടുള്ളതിലേക്കും സുന്ദരിയെന്നാണ് സുഹാസിനിക്കു സ്നോ നൽകിയ വിശേഷണം.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രണ്ടു പാർട്ടികളായും, ചിലർ അതിൽനിന്നു വേറിട്ടും സഞ്ചരിക്കാൻ തുടങ്ങി ഏതാനും വർഷങ്ങൾ കഴിഞ്ഞ്, 1973ലാണ് സുഹാസിനി അന്തരിക്കുന്നത്. വഴിപിരിയലുകളെ സുഹാസിനി എങ്ങനെ കണ്ടുവെന്നു വ്യക്തമല്ല.

English Summary: Suhasini - India’s 1st woman comrade largely uncelebrated in the country’s political ‘his’tory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA