നോവ് ഉണങ്ങാതെ ഹത്രസ്

hathras-way
ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴി. ചിത്രം: രാഹുൽ ആർ. പട്ടം∙ മനോരമ
SHARE

അവൾ കത്തിയമർന്ന ഇടത്ത് ഇപ്പോഴും ചാരം കുമിഞ്ഞുകിടക്കുന്നു. ശ്മശാനം – ആ കൃഷിഭൂമിയെ ഗ്രാമവാസികൾ ഇന്നു വിളിക്കുന്നത്  അങ്ങനെയാണ്. 

മണ്ണുകൊണ്ടു നിലമൊരുക്കിയ വീടിന്റെ വരാന്തയിൽ അവളുടെ അച്ഛൻ നിശ്ചലനായി ഇരുന്നു. അകത്തെ മുറിയിൽ കരഞ്ഞുതളർന്ന് അമ്മയും.‘പാവമായിരുന്നു അവൾ. ഈ ക്രൂരത അനുഭവിക്കാൻ അവൾ എന്തു തെറ്റാണു ചെയ്തത്?’ ചുറ്റും നിന്നവർക്ക് ആ അമ്മയുടെ ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. 

തന്റെ കെട്ടിപ്പിടിത്തമില്ലാതെ ഒരുദിവസം പോലും ഉറങ്ങാൻ കഴിയാത്ത മകളുടെ പേരു പറഞ്ഞ്, ചുവരിലെ ദൈവരൂപത്തെ നോക്കി ആ അമ്മ അലമുറയിട്ടു: ‘തിരിച്ചുതരൂ എനിക്കവളെ...’

അവൾ; യുപിയിലെ ഹത്രസിൽ ക്രൂരപീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട 19 വയസ്സുകാരി. ‘ഹത്രസ് പെൺകുട്ടി’ എന്നു രാജ്യം മേൽവിലാസം ചാർത്തിയവൾ. 

hathras-security
പെൺകുട്ടിയുടെ വീടിനു മുൻപിൽ കാവലിരിക്കുന്ന പൊലീസുകാർ.

ഹത്രസിൽ അന്ന്  സംഭവിച്ചത്

കൃഷിഭൂമിക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ വഴി ചെന്നെത്തുന്നത് 5 വീടുകൾ സ്ഥിതിചെയ്യുന്ന ഇടത്താണ്. അവളുടേതടക്കം രണ്ടു വീടുകൾ ദലിതരുടേത്. ചുറ്റുമുള്ള മൂന്നെണ്ണം മേൽജാതിക്കാരുടേതും. ആ മൂന്നു വീടുകളിലൊന്നിൽ താമസിക്കുന്ന യുവാവുൾപ്പെടെ നാലു പേരാണ് സെപ്റ്റംബർ 14നു പകൽ അവളെ ക്രൂരമായി പീഡിപ്പിച്ചത്. മരിക്കുന്നതിനു തൊട്ടുമുൻപ് പൊലീസിനു നൽകിയ മൊഴിയിൽ അവരുടെ പേരുകൾ അവൾ വ്യക്തമായി പറഞ്ഞു. 

ജാതിവിവേചനം ആഴത്തിൽ വേരൂന്നിയ ഹത്രസിലെ മണ്ണിൽ മകൾ നേരിട്ട ക്രൂരപീഡനത്തിന്റെ വേദനയിൽ അച്ഛൻ വിതുമ്പി. 

‘വീട്ടിലെ പശുക്കൾക്കുള്ള പുല്ലു വെട്ടാനാണ് എന്നത്തെയും പോലെ അന്നും അമ്മയ്ക്കൊപ്പം അവൾ പോയത്. അമ്മയിൽനിന്നു കുറച്ചകലെ പുല്ലു വെട്ടുകയായിരുന്ന അവളെയാണ് അവർ തട്ടിയെടുത്തത്. തഴച്ചുവളർന്ന ബാജ്റ പാടത്തിന്റെ മറവിൽ നടന്ന ക്രൂരപീഡനത്തിനിടയിൽ ഷാൾ മുറുക്കി അവളെ ശ്വാസംമുട്ടിച്ചു. അവളുടെ കരച്ചിൽ ആരും കേട്ടില്ല. അന്വേഷിച്ചു ചെന്ന അമ്മ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെ. 

അൽപം ദൂരെയുള്ള ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെനിന്ന് അലിഗഡിലെ ആശുപത്രിയിലേക്ക്. ഏതാനും ദിവസത്തെ ചികിത്സയ്ക്കു ശേഷം സ്ഥിതി മോശമായതോടെ, ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്കു മാറ്റി. സെപ്റ്റംബർ 29ന് അവൾ ഞങ്ങളെ വിട്ടുപോയി’ – വാക്കുകൾ മുറിഞ്ഞ അച്ഛന്റെ കൈ ചേർത്തുപിടിച്ച് അവളുടെ ഇളയ സഹോദരൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു – ‘അവൾക്കു നീതി കിട്ടണം; ഇവിടത്തെ പൊലീസിൽ ഞങ്ങൾക്കു വിശ്വാസമില്ല’. 

hathras-father
ഹത്രസ് പെൺകുട്ടിയുടെ അച്ഛൻ

കത്തിയമർന്ന്, വെന്തുരുകി

ചുറ്റുംനിന്ന യുപി പൊലീസിനെ സാക്ഷിയാക്കിയാണ് സഹോദരൻ അതു പറഞ്ഞത്. പൊലീസിനെ അവർക്ക് ഇപ്പോൾ ഭയമില്ല. ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ചങ്കൂറ്റം. ‘മൃതദേഹം അവസാനമായി ഒരുനോക്കു കാണാൻപോലും അനുവദിക്കാതെ അവളെ സംസ്കരിച്ച പൊലീസ് അതിൽക്കൂടുതൽ ഞങ്ങളോട് ഇനി എന്തു ചെയ്യാനാണ്?’ – സഹോദരന്റെ വാക്കുകളിൽ രോഷമിരമ്പി. 

‘ഡൽഹിയിലെ ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ച അവളുടെ മൃതദേഹവുമായി 200 കിലോമീറ്റർ അകലെയുള്ള ഹത്രസിലേക്കു രാത്രി പൊലീസിനൊപ്പം പുറപ്പെട്ട ഞങ്ങളെ അവർ പറഞ്ഞുപറ്റിക്കുകയായിരുന്നു. ആംബുലൻസിനെ അനുഗമിച്ച ഞങ്ങളെ പലയിടത്തും തടഞ്ഞു. രാത്രിയിൽ മൃതദേഹം സംസ്കരിക്കുന്നത് മതാചാരത്തിനു വിരുദ്ധമാണെന്നു കരഞ്ഞു‌പറഞ്ഞിട്ടും അവർ കേട്ടില്ല. പിറ്റേന്നു രാവിലെ സംസ്കരിക്കാമെന്നു കേണപേക്ഷിച്ച ഞങ്ങളെ അവർ‌ വീടിനുള്ളിലിട്ടു പൂട്ടി. ഞങ്ങളുടെ അനുവാദമില്ലാതെ രാത്രിയുടെ ഇരുട്ടിൽ അവർ അവളെ ദഹിപ്പിച്ചു’ – സഹോദരൻ പറഞ്ഞു. 

വീട്ടിൽനിന്നു രണ്ടു കിലോമീറ്റർ അകലെ, വഴി അവസാനിക്കുന്നിടത്തുള്ള കൃഷിഭൂമിയിൽ പൊലീസ് അവൾക്കായി വിറകുകൂട്ടി ചിതയൊരുക്കി. മകൾ കത്തിയമരുമ്പോൾ, വീടിനുള്ളിൽ ആ കുടുംബം വെന്തുരുകി. അപ്പോൾ സമയം പുലർച്ചെ 2.45.

അവൾ കത്തിയമർന്ന ഇടത്ത് ഇപ്പോഴും ചാരം കുമിഞ്ഞുകിടക്കുന്നു. ശ്മശാനം – ആ കൃഷിഭൂമിയെ ഗ്രാമവാസികൾ ഇന്നു വിളിക്കുന്നത് അങ്ങനെയാണ്. 

hathras-cremation-place
മൃതദേഹം സംസ്കരിച്ച സ്ഥലം.

നീതി തേടി

ഹത്രസ് സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുമ്പോൾ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നിശ്ചയദാർഢ്യത്തിലാണ് – ‘അവൾക്കു നീതി ലഭിക്കാൻ ഏതറ്റംവരെയും പോകും’. 

മാധ്യമപ്രവർത്തകരും സഹായവുമായി എത്തിയ രാഷ്ട്രീയക്കാരും തിരികെപ്പോകും; ഞങ്ങൾ മാത്രമേ ഇവിടെ കാണൂ എന്ന പൊലീസിന്റെയും ജില്ലാ കലക്ടറുടെയും വാക്കുകളിലെ ഭീഷണി അവരുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. തെറ്റ് പെൺകുട്ടിയുടെ ഭാഗത്താണെന്ന് സമീപത്തെ ഉയർന്ന ജാതിക്കാരുടെ വീടുകളിലെ അടക്കംപറച്ചിലുകൾ കാതോർത്താൽ കേൾക്കാം. 

അതിനിടെ, പെൺകുട്ടിയുടെ സഹോദരനെ കേസിലുൾ‌പ്പെടുത്താൻ നീക്കം നടക്കുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. ‘സംഭവം നടന്ന ദിവസം ഞാൻ ഡൽഹി – യുപി അതിർത്തിയോടു ചേർന്നുള്ള ഗാസിയാബാദിലെ ജോലി സ്ഥലത്തായിരുന്നു. ഓഫിസ് രേഖകൾ പരിശോധിക്കൂ. എന്നെ കുടുക്കാൻ പൊലീസ് അന്യായമായി ശ്രമിക്കുകയാണ്’ – മാധ്യമപ്രവർത്തകരോടു സഹോദരൻ ആവർത്തിച്ചു പറഞ്ഞു.

പെൺകുട്ടിയുടെ വീടും പരിസരവും കനത്ത പൊലീസ് കാവലിലാണ്. അവിടേക്കെത്തുന്നവരെ നിരീക്ഷിക്കാൻ വീടിനു ചുറ്റും സിസിടിവികൾ. പൊലീസിനു പുറമേ, ഇന്റിലിജൻസ് വിഭാഗത്തിൽ നിന്നുള്ളവർ ഗ്രാമത്തിൽ കറങ്ങുന്നു. മാധ്യമപ്രവർത്തകരടക്കം പുറമേ നിന്നു വരുന്നവരെയെല്ലാം വിശദപരിശോധനയ്ക്കു ശേഷമാണു കടത്തിവിടുന്നത്. 

എല്ലാം നിരീക്ഷിക്കുന്ന പൊലീസിനു മുന്നിൽ കണ്ണിമചിമ്മാതെ ഈ കുടുംബം നീതിക്കായി കാത്തിരിക്കുകയാണ്.  

hathras-mother
അമ്മ വീടിനു മുന്നിൽ

മകളുടെ അമ്മ

അഞ്ചു മക്കളിൽ നാലാമത്തേതായിരുന്നു അവൾ; 3 പെൺമക്കളിൽ ഇളയവൾ. സ്കൂൾ വിദ്യാഭ്യാസം നേടിയ വീട്ടിലെ ആദ്യ പെൺകുട്ടി. അഞ്ചാം ക്ലാസ് വരെ അവൾ പഠിച്ചു. ട്രക്കുകൾ ചീറിപ്പായുന്ന ദേശീയപാത മുറിച്ചുകടന്നാണ് അവൾ സ്കൂളിലേക്കു പോയിരുന്നത്. അപ്പോഴെല്ലാം അമ്മയ്ക്ക് ആധിയായിരുന്നു. മകൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നോർത്ത്. സൂക്ഷിച്ചു പോകണമെന്ന് ആവർത്തിച്ചു പറഞ്ഞാണ് അവളെ യാത്രയാക്കിയിരുന്നത്.

‘ഒടുവിൽ, യാത്രപോലും പറയാതെ പോയി. അവളെ എനിക്കു സംരക്ഷിക്കാനായില്ല’ – അമ്മയുടെ വാക്കുകൾ കണ്ണീരിൽ മുങ്ങി. 

സാരിത്തലപ്പു കൊണ്ട് മുഖം മൂടി നടക്കുന്ന അമ്മയുടെ കൈകളിൽ ഇപ്പോൾ ഒരു കുഞ്ഞുണ്ട്. തന്റെ മൂത്ത മകൾക്ക് കഴിഞ്ഞ ഓഗസ്റ്റിൽ ജനിച്ച പെൺകുഞ്ഞ്. അവളെ കൈവിടാതെ, നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുകയാണ് ഈ അമ്മ.

Content Highlights: Hathras gang rape and murder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA