ADVERTISEMENT

വൈക്കം ബ്രഹ്മമംഗലം വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപകൻ, ബ്രഹ്മമംഗലം അമ്പിളി നിവാസിൽ അനീഷ് കൃഷ്ണന് ഏതാനും നാൾ മുൻപ് ഒരു വിഡിയോ കോൾ വന്നു. വിളിക്കുന്ന ആളെക്കണ്ട് അനീഷ് അമ്പരന്നു, ഗായകൻ കെ.ജെ.യേശുദാസ്!

‘ഞാൻ ഒരുപാടു പേരെ കാണിച്ചതാണ് ആ പ്ലെയർ. ആർക്കും ശരിയാക്കിത്തരാൻ കഴിഞ്ഞില്ല. വളരെ വിഷമത്തോടെ അത് ഉപേക്ഷിച്ചിട്ടിരിക്കുകയായിരുന്നു. അതാണ് അനീഷ് നന്നാക്കിയത്. എന്റെ നന്ദിയും സ്നേഹവും അറിയിക്കാനാണു നേരിട്ടു വിളിച്ചത്. വിഡിയോ കോൾ വിളിച്ചതിൽ ഒരു ഉദ്ദേശ്യവും കൂടിയുണ്ട്. അനീഷിന്റെ വീട്ടിൽ മ്യൂസിക് പ്ലെയറുകളുടെയും റിക്കോർഡുകളുടെയും നല്ല കലക്‌ഷനുണ്ടെന്ന് വീട്ടിൽ വന്ന എന്റെ സ്റ്റാഫ് പറഞ്ഞു. അതൊന്നു കാണാനും ആഗ്രഹമുണ്ട്.’

താൻ ചെറുപ്പം മുതൽ ആരാധിക്കുന്ന ദാസേട്ടന്റെ ഈ ചെറിയ ആവശ്യം നിധി കിട്ടിയ സന്തോഷത്തോടെയാണ് അനീഷ് സാധിച്ചു കൊടുത്തത്. തന്റെ ശേഖരത്തിലെ 27 പ്ലെയറുകളും അവയുടെ പ്രത്യേകതകളും വിവിധ ഭാഷകളിലെ 6,500 റിക്കോർഡുകളും ഏഴായിരത്തോളം കസെറ്റുകളും യേശുദാസിന് ഫോണിലെ ക്യാമറയിലൂടെ കാണിച്ചുകൊടുത്തു. 

‘അച്ഛനോടും മകളോടും ദാസേട്ടൻ സംസാരിച്ചു. ആ പരിഭ്രമത്തിൽ അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിക്കാൻ മറന്നുപോയി’ – അനീഷ് പറയുന്നു.

പിതാവ് പി.പി.കൃഷ്ണന്റെയും അമ്മാവന്മാരുടെയും സംഗീതതാൽപര്യമാണ് അനീഷിലേക്കു പകർന്നത്. അമ്മവീട്ടിൽ റിക്കോർഡ് പ്ലെയർ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ പുതിയ കസെറ്റുകൾ വാങ്ങാൻ അച്ഛൻ പണം കൊടുക്കുമായിരുന്നു. അപൂർവ റിക്കോർഡുകളും കസെറ്റുകളും സംഘടിപ്പിക്കാനായി സംസ്ഥാനത്തും പുറത്തുമെല്ലാം ഒട്ടേറെ അലഞ്ഞിട്ടുണ്ട്.

ഇലക്ട്രോണിക്സിനോടു ചെറുപ്പം മുതലേ ഉണ്ടായിരുന്ന കമ്പമാണ് പഴയ പ്ലെയറുകൾ വാങ്ങി നന്നാക്കിയെടുക്കുന്നതിലേക്കു വളർന്നത്. 

ജന്മദിനമായ ജനുവരി 10ന് യേശുദാസ് പതിവായി മൂകാംബികയിൽ കച്ചേരി നടത്താറുണ്ട്. അന്നേദിവസം, കഴിഞ്ഞ 14 വർഷമായി അനീഷും അവിടെ കുടുംബസമേതം എത്തുന്നു. ആരാധകരുടെയും സുഹൃത്തുക്കളുടെയും വലയത്തിൽ നിൽക്കുന്ന അദ്ദേഹത്തെ അടുത്തു സന്ദർശിക്കാൻ ശ്രമിച്ചിട്ടില്ല. ഒരിക്കൽ അവിടെവച്ച് യേശുദാസിന്റെ മൂത്തമകൻ വിനോദിനെ പരിചയപ്പെടാനിടയായി. ആ പരിചയമാണ് തരംഗിണിയിലെ ‘മരിച്ചു കിടന്ന’ വിലയേറിയ വിദേശ പ്ലെയറുകൾ നന്നാക്കുന്ന ചുമതല ഈ അധ്യാപകനിൽ എത്തിച്ചത്.

അമ്മ: കൺമണി. ഭാര്യ: പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ജു. മകൾ: കൃഷ്ണവേണി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com