ADVERTISEMENT

‘മണലാരണ്യത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...’ ഗൾഫിൽനിന്നു ഗുരുവായൂരിലെ വീട്ടിലെത്തിയാൽ സുധീഷ് ഇങ്ങനെ പാടും; നൊസ്റ്റാൾജിയയുടെ ഈണത്തിൽ. മരുഭൂമിയിൽ ഒരു കൊച്ചു കേരളം സ്വന്തമായി ഉണ്ടാക്കിയാൽ ആരാണ് അങ്ങനെ പാടിപ്പോകാത്തത്?
ഗുണപാഠം: സ്വപ്നം നട്ടാൽ മുളയ്ക്കും. അധ്വാനിച്ചാൽ വിളയും. അതു കേരളത്തിലായാലും മരുഭൂമിയിലായാലും (സാധാരണ കഥയുടെ ഗുണപാഠം പറയുക അവസാനമാണ്. ഇവിടെ ആദ്യം പറയാം. കാരണം ഇതിൽ പറയുന്ന ആശയം തന്നെ തലതിരിഞ്ഞതാണ്).

1997
ഗൾഫിൽ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ജോലിക്കായി ചെന്ന സുധീഷിന്റെ നെറുകുംതലയിലേക്ക് സൂര്യന്റെ ചൂടു പെയ്തു. വെയിൽ തലയിൽ വീഴാതെ കൈത്തലം തലയ്ക്കു മുകളിൽ പിടിച്ച് ഷോപ്പിങ് മാളിന്റെ തണലിലേക്ക് ഒറ്റയോട്ടം. നാട്ടിൽ പെട്ടെന്നു മഴയെത്തുമ്പോൾ കടത്തിണ്ണയിലേക്ക് ഓടിക്കയറില്ലേ? അതു പോലെ. അപ്പോഴാണ് കേരളവും അതിന്റെ കുളിരും നഷ്ടബോധമായി മനസ്സിൽ കയറിക്കൂടിയത്. പക്ഷേ, നിവൃത്തിയില്ല. ഷാർജ ഇലക്ട്രിസിറ്റി വകുപ്പിൽ ലഭിച്ച ജോലി കളയാനാവില്ല.
2002ൽ കുടുംബവും ഷാർജയിലെത്തി. ഭാര്യ രാഖി കയ്യിൽ കരുതിയ ഒരു ചെറിയ പൊതി സുധീഷിന്റെ ജീവിതം മാറ്റിമറിച്ചു: ഒരു പച്ചക്കറിവിത്ത് കിറ്റ്. തക്കാളി, വെണ്ട, പച്ചമുളക് വിത്തുകൾ. കേരളത്തിന്റെ ഷാർജയിലേക്കുള്ള ‘പറിച്ചുനടൽ’ തുടക്കം.

മുളകിൽ തുടങ്ങിയ എരിപൊരി സഞ്ചാരം
കൃഷിയുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത ഗുരുവായൂർ മണിയന്തറ സുധീഷിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നു തക്കാളിയും പച്ചമുളകും വെണ്ടയും തലപൊക്കി നോക്കി. ബാൽക്കണിയിൽ തക്കാളിയും പച്ചമുളകും കണ്ടപ്പോൾ സുധീഷിന്റെ മനസ്സ് കേരളത്തിലേക്കു വിമാനം കയറി. വയലുകൾ, പച്ചക്കറിത്തോട്ടങ്ങൾ, ഞാലിപ്പൂവൻ വാഴ, കാളവണ്ടി, കലപ്പ... ഇതൊക്കെ മനസ്സ് ആ വിമാനയാത്രയിൽ കണ്ടു. അധികം വൈകാതെ ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ ഓഫിസിനരികിൽ ഒരു വീടെടുത്തു താമസമാക്കി. വീടിനു ചുറ്റും 15 സെന്റ് മണലാരണ്യം. ആ താമസസ്ഥലത്തിന്റെ പേരെന്തായിരുന്നെന്നോ? അൽ മൺസൂറ.

farm
സുധീഷിന്റെ ഷാർജയിലെ ‘കേരള’ പുരയിടം.

അൽ ‘മൺ’സൂറ
അൽ മൺസൂറയിലെ ആ വീടിന്റെ മുറ്റത്തുകൂടി രാവിലെ പല്ലുതേച്ചു നടന്നപ്പോൾ മനസ്സിലേക്കു മണ്ണു വന്നുവീണു. മണൽ സൂറയെ ‘മൺ’സൂറയാക്കാൻ എന്താണു വഴി?
മണ്ണാകണമെങ്കിൽ മണ്ണിര വേണം. ഷാർജയിലെ ഫാമുകൾ വഴിയൊരു സഞ്ചാരം നടത്തി. ഒട്ടകത്തിന്റെയും പശുക്കളുടെയും ചാണകം സംഘടിപ്പിച്ചു കൊണ്ടുവന്നു. മണലിൽ തട്ടി. വെള്ളം കെട്ടിനിർത്തി. എന്നിട്ടത് കിളച്ചു, ഉഴുതു, മറിച്ചു, നനച്ചു. ഇവനു ഭ്രാന്താണെന്നു പലരും പറഞ്ഞു. സുധീഷും അതു ശരിവച്ചു – കൃഷിഭ്രാന്ത്. കൂടുതൽ കരുത്തോടെ കിളച്ചു മറിച്ചു. കുറച്ചു നാളുകൾക്കുള്ളിൽ മണ്ണിലെ ഈർപ്പത്തിൽ സുധീഷ് കണ്ടു ആ ഭീകരജീവിയെ: മണ്ണിര!
ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ദിവസമില്ല. ഗൾഫിൽനിന്നു സുഹൃത്തുക്കൾ നാട്ടിലേക്കു പോകുമ്പോൾ എന്തെങ്കിലും കൊണ്ടുപോകാനുണ്ടോ എന്നു ചോദിക്കും. ഒരു പച്ചക്കറിപ്പട്ടിക കൊടുത്തുവിടും. തിരിച്ചുവരുമ്പോൾ വിമാനത്തിൽ കൊണ്ടുവരേണ്ട വിത്തുകൾ.

ജ്യോതി വന്നപ്പോൾ
ആ 15 സെന്റിൽ പച്ചക്കറി വിളഞ്ഞപ്പോൾ സുധീഷ് ജീവിതത്തിലാദ്യമായി കൃഷിക്കാരനായി. പക്ഷേ, നെല്ലു കൃഷിചെയ്യാതെ എന്തു കർഷകൻ? ജോലി ചെയ്യുന്ന സ്ഥാപനത്തിനു ചുറ്റും കിടക്കുന്ന 10 സെന്റ് മണൽപരപ്പിലായി കണ്ണ്. അറബിയോടു ചോദിച്ചു – ഈ സ്ഥലത്തു ഞാൻ നെല്ലു കൃഷി ചെയ്തോട്ടേ?
അനുമതി കിട്ടിയതോടെ പണി തുടങ്ങി. ചാണകം, വെള്ളം, ഇളക്കിമറിക്കൽ, വീണ്ടും നനയ്ക്കൽ, മണ്ണിര...ആനന്ദം...
നാട്ടിൽനിന്നു വന്നപ്പോൾ വിമാനത്തിൽ ‘ജ്യോതി’യെ ഒപ്പം കൂട്ടി. ജ്യോതി നെൽവിത്ത്.
മണ്ണായി മാറിയ മണൽപറമ്പ് ഉഴുതുമറിച്ച്, ജ്യോതിയെ ഇറക്കിവിട്ടു. ഞാറാക്കി പറിച്ചുനട്ടു. കനത്ത ചൂടും വെയിലും അവളെ ആദ്യം ദുർബലയാക്കി. വെള്ളവും വളവുമായി സുധീഷ് ഉറക്കമിളച്ചു കൂടെനിന്നു. ഒരുദിവസം സുധീഷും വീട്ടുകാരും അതു കണ്ടു – ജ്യോതിയുടെ തലയിൽ നിറയെ സ്വർണം പോൽ തിളങ്ങുന്ന കതിർ!

രാജാവിന്റെ വിളി
മണലാരണ്യത്തിൽ നെല്ലു വിളഞ്ഞ വിവരം പത്രങ്ങളിൽ വാർത്തയായി. അതു ദുബായ് ഭരണാധികാരിയുടെ കാതിലുമെത്തി. ഒരു ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ ഓഫിസിൽനിന്ന് അറബിയിൽ വിളിയെത്തി:
‘ഭരണാധികാരിയുടെ ഫാം ഹൗസിൽ നാലേക്കർ മണലാരണ്യമുണ്ട്. നെല്ലു കൃഷി ചെയ്യണം.’
സുധീഷ് അറബിയിൽ തലയാട്ടി.
പണിയായി.
വീണ്ടും ചാണകം, വെള്ളം, ഇളക്കിമറിക്കൽ, വീണ്ടും നനയ്ക്കൽ, മണ്ണിര...ആനന്ദം...
2015 മുതൽ ഇപ്പോഴും ആ നാലേക്കർ ‘രാജകീയ മണ്ണിൽ’ വിളയുന്നതു നെല്ലാണ്. അവർക്കു ജ്യോതി വേണ്ട, ബസുമതി മതി.

sudheesh-
സുധീഷ്.

കൊയ്ത്തരിവാൾ എവിടെടി പെണ്ണേ...
സുധീഷ് ആദ്യം സ്വന്തം പറമ്പിലുണ്ടാക്കിയ നെല്ലു കൊയ്യേണ്ട സമയം. കൊയ്യാൻ അരിവാൾ വേണം. ‘കൊയ്ത്തരിവാൾ എവിടെടി പെണ്ണേ...’ എന്ന ആ നാടൻപാട്ടും പാടി തലപുകച്ചു സുധീഷ് ഇരുന്നു. വിമാനത്തിൽ ആ ‘മാരകായുധം’ കൊണ്ടുവരവു പാടാണ്. ഒരു പേപ്പറെടുത്ത് നല്ലൊരു അരിവാളിന്റെ പടം വരച്ചു. അതുമായി ഷാർജയിലെ വർക്‌ഷോപ്പുകൾ കയറിയിറങ്ങി. ഒരാൾ അതുപോലെ തോന്നിക്കുന്നൊരു സാധനം ഉണ്ടാക്കിത്തരാമെന്നു സമ്മതിച്ചു. അങ്ങനെ അരിവാൾ രൂപപ്പെട്ടു. പേപ്പറിനും പേനയ്ക്കും പിന്നെ വിശ്രമമുണ്ടായില്ല. ഉരൽ, ഉലക്ക ഇവയൊക്കെ വരയ്ക്കപ്പെട്ടു. വർക്‌ഷോപ്പുകളിൽ ഉണ്ടാക്കപ്പെട്ടു.

പാടത്തിനു നടുക്കു സ്പീക്കർ വച്ചു മൊബൈൽ കണക്ട് ചെയ്തു. മൊബൈലിൽ ‘നാടൻ കൊയ്ത്തുപാട്ട്’ എന്നു സെർച് ചെയ്തു. ഉച്ചത്തിൽ പാട്ടു വച്ചു. കള്ളിമുണ്ടും ബനിയനും ധരിച്ച് സുധീഷ്, കള്ളിമുണ്ടും ബ്ലൗസും ധരിച്ച് ഭാര്യ. നാടൻവേഷത്തിൽ മക്കൾ. അരിവാളെടുത്ത് സകുടുംബം ഒരു കൊയ്ത്ത്. ചവിട്ടിമെതിച്ച് നെല്ല് ഉരലിൽ കുത്തി അരിയാക്കി കഞ്ഞിവച്ചു കുടിച്ചു. ഒരേമ്പക്കവും വിട്ടു പാടവരമ്പത്തുകൂടി നടക്കാനിറങ്ങിയപ്പോഴാണ് ഒരു ഞാലിപ്പൂവൻ പഴം കൂടിയായാൽ കൊള്ളാമെന്നു തോന്നിയത്.
കൊച്ചിയിൽനിന്നു വന്ന ഏതോ ഒരു വിമാനത്തിൽ, ടൈറ്റാനിക്കിൽ അവസാനനിമിഷം ഓടിക്കയറുന്ന ജാക്കിനെപ്പോലെ കുറച്ചു വാഴവിത്തും സീറ്റു പിടിച്ചു. നേന്ത്രൻ, തെങ്ങിൻതൈ, കമുകിൻതൈ അങ്ങനെ ചിലരായിരുന്നു തൊട്ടടുത്ത സീറ്റുകളിലെ സഞ്ചാരികൾ.

കേരള ടു ഷാർജ
മല്ലി, കാരറ്റ്, പുതിന, സവാള, ഉള്ളി, വെളുത്തുള്ളി, കൂർക്ക, കപ്പ, കരിമ്പ്... സുധീഷിന്റെ അൽ ‘മൺ’സൂറയിൽ വിളയാത്തതൊന്നുമില്ല. സ്കൂൾ കുട്ടികൾ അടക്കമുള്ളവരെല്ലാം സുധീഷിന്റെ ഫാം തേടിയെത്തി. ചിലർ ചോദിച്ചു: ഞങ്ങളുടെ വീട്ടുമുറ്റത്ത് 10 സെന്റ് മണലാരണ്യമുണ്ട്. ഒന്നു കൃഷിചെയ്തു തരുമോ?
ആവശ്യക്കാരേറിയപ്പോൾ 2015 ൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ ഡിപ്പാർട്മെന്റിലെ ജോലി വിടേണ്ടിവന്നു. ഗ്രീൻലൈഫ് ഓർഗാനിക് ഫാമിങ് എന്ന കമ്പനി തുടങ്ങി. ഇപ്പോൾ 30 തൊഴിലാളികളുണ്ട് സുധീഷിനൊപ്പം. ദുബായ് രാജാവിന്റെ ഫാം മുതൽ ചെറു മലയാളിക്കുടുംബത്തിന്റെ വീട്ടുമുറ്റം വരെ കൃഷി ചെയ്തുകൊടുക്കും.

ലോറിയേറി വള്ളം
കേരളത്തിന്റെ പൂർണമായൊരു അന്തരീക്ഷമുണ്ടാക്കിയെടുത്തത് വീട്ടുമുറ്റത്തു കിടക്കുന്ന വള്ളവും കാളവണ്ടിയുമാണ്. മൂന്നു വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കമോൺ കേരള എന്ന പരിപാടിയിൽ പച്ചക്കറി – ഫലവർഗങ്ങളുടെ പ്രദർശനം സുധീഷ് നടത്തിയിരുന്നു. അന്നവിടെ ഉണ്ടായിരുന്ന വള്ളവും കാളവണ്ടിയുമൊക്കെ സംഘാടകർ സുധീഷിനു നൽകി. ലോറിയിൽ കയറ്റി, 15 പേരുടെ സഹായത്തോടെയാണു കൂറ്റൻ വള്ളം സുധീഷ് അൽ മൺസൂറയിലെത്തിച്ചത്.

sudheesh
സുധീഷ് ഷാർജയിൽ പൊന്നു വിളഞ്ഞ പാടത്ത്

അവാർഡ് ഗോസ് ടു....
സംസ്ഥാന സർക്കാരിന്റെ മികച്ച പ്രവാസി കർഷകനുള്ള പുരസ്കാരം രണ്ടുതവണ സുധീഷ് സ്വന്തമാക്കി. ഒരു കറിവേപ്പു ചെടിയിൽനിന്ന് 5000 തൈകൾ ഉൽപാദിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്, ഒന്നര ഇഞ്ചു മാത്രം വലുപ്പമുള്ള വെണ്ടയിൽ നാലര ഇഞ്ചു വെണ്ടയ്ക്ക വിരിയിച്ചതിനടക്കം 4 ലിംക ബുക് ഓഫ് റെക്കോർഡ്സ് എന്നിവയും സുധീഷിന്റെ പാടത്തു വിരിഞ്ഞിട്ടുണ്ട്.
ഭാര്യ രാഖി, മകൻ ശ്രേയസ്, മകൾ ശ്രദ്ധ എന്നിവരുടെ കൃഷിയോടുള്ള കൂറാണ്, വളക്കൂറ്.
ജബൽ അലിയിലെ മരുഭൂമിയിൽ ഗ്രീൻ ഹൗസ്, ഹൈഡ്രോപോണിക് കൃഷി വഴി ഓറഞ്ചും സ്ട്രോബറിയും വിളയിക്കുകയാണിപ്പോൾ.
വീട്ടുവളപ്പിലെ സ്വന്തം കൃഷിയിടത്തിൽ ഇനി വളർത്താൻ ലക്ഷ്യമിടുന്നത് എന്തൊക്കെയാണെന്നോ? ഏലം, കുരുമുളക്, കുറുന്തോട്ടി, രാമച്ചം....

English Summary: Kerala Farmer in the UAE Sudheesh Guruvayoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com