ADVERTISEMENT

ചിങ്ങത്തിലും മകരത്തിലും വിളവു മോശമാവില്ല, ആണ്ടോടാണ്ട് ഉണ്ണാൻ നെല്ല്. തേച്ചുകുളിക്കാൻ എണ്ണ. അരയ്ക്കാൻ തേങ്ങ. പറമ്പിലേക്ക് ഇറങ്ങിയാൽ ഒരു കറിക്കുള്ള വക എപ്പോഴും. പുഴുക്കിനുള്ളത് പറമ്പിലോ നിലവറയിലോ കാണും. തൊഴുത്തിൽ കറവയുള്ള പശുവും കിടാവും. പാലിനും മോരിനും നെയ്യിനും മുട്ടില്ല. മണ്ണും മനസ്സും ഇണങ്ങിനിന്ന കാലത്ത് അന്നത്തിനു മുട്ടില്ലാതിരുന്ന നാട് അങ്ങനെ തിരുവിതാംകൂറിന്റെ ഊട്ടുപുരയായി.

onattukara-museum-3
മ്യൂസിയത്തിലെ പുരാവസ്തുക്കൾ

ഇല മുതൽ ഉപ്പേരി വരെ എല്ലാം വാരിക്കോരി നൽകിയതോടെ പ്രദേശത്തിന്റെ പേര് ഓണവും കരയും ചേർന്ന് ഓണാട്ടുകരയായി. മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കുകൾ പൂർണമായും കുന്നത്തൂർ താലൂക്കിന്റെ ചില ഭാഗങ്ങളും ചേർന്ന ഓണാട്ടുകരയിൽ കൃഷിക്കൊപ്പം സംസ്കാരവും വിളഞ്ഞപ്പോൾ കൊട്ടും പാട്ടും സാഹിത്യവും വികസിച്ചു. എൺപതുകളുടെ തുടക്കത്തിൽ ഗൾഫിലേക്കുള്ള ഒഴുക്ക് ഓണാട്ടുകരയുടെ പതിവു ചിട്ടവട്ടങ്ങൾ അടിമുടി മാറ്റി. കനാലുകളും തീരദേശ റെയിൽപാതയും വരമ്പുകളുടെ സ്ഥാനത്തു റോഡുകളും വന്നതോടെ കൃഷിയിടങ്ങളുടെ ഭൂപടവും മാറി. മുണ്ടകൻ വിളഞ്ഞ പാടങ്ങളിൽ കോൺക്രീറ്റ് വീടുകൾ നിറഞ്ഞു. കൃഷിയിടം കുറഞ്ഞു. കൈതയും കടലാവണക്കും ശീമക്കൊന്നയും അതിരിട്ട കരഭൂമികളിൽ തലങ്ങും വിലങ്ങും മതിലുകൾ ഉയർന്നു.

onattukara-museum-2
ഓണാട്ടുകരയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ മാത്രം ഉൾപ്പെടുത്തിയ പുസ്തകമൂല.

മണ്ണിൽ ചുവടുറപ്പിച്ചു വളർന്ന ഓണാട്ടുകരയുടെ കാർഷിക പഞ്ചാംഗം തിരുത്തിയപ്പോഴും എല്ലാം കൈവിടാൻ കഴിയാതെ നാട് പഴമയുടെ ചിന്തുകൾ പലയിടത്തായി ഒളിപ്പിച്ചു. റോഡുപണിയും കലുങ്കു നിർമാണവും കൃഷിയും മാത്രമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രവർത്തനം ഒതുങ്ങരുതെന്ന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഒന്നാകെ തീരുമാനിച്ചതോടെ, മറവിയിലാണ്ടെന്നു കരുതിയ പലതും ഓഫിസ് വളപ്പിൽ (പഴയ ബിഡിഒ ഓഫിസ്) തിരിച്ചെത്തിയെന്ന് പ്രസിഡന്റ് കെ. രഘുപ്രസാദ് പറയുന്നു.

പൊടിവിതയും ഞാറ്റടികളും മറഞ്ഞെങ്കിലും കലയഴകും മൊഴിയഴകും വരമായി ലഭിച്ച നാടിന്റെ ഈടുവയ്പുകൾ, കേരളപ്പിറവി ദിനമായ ഇന്ന് നാടിനു തുറന്നു നൽകുന്ന ഓണാട്ടുകര ചരിത്ര, പൈതൃക, കാർഷിക മ്യൂസിയത്തിനകത്തും പുറത്തുമായി നിറഞ്ഞു... തലമുറകൾക്കുള്ള നാട്ടുവിശേഷങ്ങളുമായി...

onattukara-museum
മ്യൂസിയം വളപ്പിലെ ബുദ്ധപ്രതിമ ചിത്രങ്ങൾ: മനു തടത്തിൽ

മുഖ്യകവാടം കടന്നാൽ, പ്രായിക്കര കൊട്ടാരത്തിൽനിന്നു കണ്ടെടുത്ത കൽത്തൂണുകൾ കൊണ്ട് ശിൽപി അനിൽ കട്ടച്ചിറ ഒരുക്കിയ ചെറുമണ്ഡപത്തിനുള്ളിൽ ബുദ്ധശിൽപം – മാവേലിക്കര ബുദ്ധജംക്‌ഷനിലെ പുത്രച്ഛൻ എന്ന ബുദ്ധപ്രതിമയുടെ ചെറുപതിപ്പ്. നൂറ്റാണ്ടുകളുടെ പെരുമ പറയുന്ന നാടിന്റെ സംസ്കാരത്തോടുള്ള ജനായത്ത ഭരണത്തിന്റെ കടംവീട്ടൽ. ഏറെ അകലെയല്ലാതെ തൊഴുത്തും പുല്ലു തിന്നുന്ന പശുവിന്റെ ജീവൻ തുടിക്കുന്ന ശിൽപവും. നവജാത ശിശുവിനെ പുണരുന്ന അമ്മയുടെ ശിൽപത്തിനപ്പുറം കണ്ണിൽനിന്നു മറയാത്ത നാടിന്റെ പഴയ ജീവിതക്കാഴ്ചകൾ...

തലമുറകൾ കച്ചവടക്കാരനൊപ്പം ഇരുന്ന് വലിച്ചും ചവച്ചും വെടിപറഞ്ഞും രസിച്ച ഏറുമാടം. സോഡാനാരങ്ങാവെള്ളത്തിനൊപ്പം ഇവിടെനിന്ന് ഉപ്പും മധുരവും ചേർന്ന് പുറത്തേക്കു പതഞ്ഞൊഴുകിയ എരിവുള്ള കഥകളേറെ. തലച്ചുമടുകൾക്ക് അത്താണിയായ ചുമടുതാങ്ങി തൊട്ടടുത്ത്. ചുഴുക്കുറ്റിയിൽ ഉറപ്പിച്ച പടിപ്പുര വാതിൽ അകത്തേക്കു തുറന്നാൽ കാഴ്ചയുടെ പൂരം. ഭാരം കൊണ്ടുപോകുന്നതിന്റെ കുത്തക മിനിലോറികൾ കയ്യടക്കും മുൻപ് ഐലസ വിളികളോടെ തലങ്ങും വിലങ്ങും ഭാരം വലിച്ചിരുന്ന കൈവണ്ടി. കൊയ്ത്തും മെതിയും ഒഴിയാത്ത നാട്ടിൽ നെന്മണികൾ കൊത്തിക്കൊറിക്കാനെത്തുന്ന പ്രാവുകൾ ചേക്കേറിയിരുന്ന കൂട്. ഇടവപ്പാതിയിൽ വെള്ളമിറക്കാനും തുലാമഴക്കാലത്ത് വെള്ളം കയറ്റാനും ഉപയോഗിച്ചുവന്ന ചക്രവും അറയും പെട്ടിയും പറയും. പുതുവെള്ളത്തിനൊപ്പം എത്തുന്ന മീനുകളെ കുടുക്കാനുള്ള കൂട്, വീശുവല. പൊലിവു നൽകിയതിന്റെ മിച്ചം നെല്ല് ഉണക്കി സൂക്ഷിച്ചിരുന്ന പത്തായവും അറയും. അരയ്ക്കാനും പൊടിക്കാനും ആട്ടാനും ഉള്ള വിവിധതരം കല്ലുകൾ.

തുളസിത്തറ കടന്ന് ഗോവണി വഴി മുകളിലേക്കു കയറിയാൽ മ്യൂസിയം. വയലും വഴിയും പിന്നിട്ട് ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കാഴ്ചക്കണ്ടത്തിൽ നിരക്കുന്ന കെട്ടുകാഴ്ചകളുടെ ചുവർചിത്രം. ഇരുളും വെളിച്ചവും ഇടകലർന്ന മ്യൂസിയം മുറി തുറന്നാൽ കാഴ്ചകളുടെ അദ്ഭുതലോകം. കൃഷി നെഞ്ചേറ്റിയ ജനതയുടെ പണിത്തഴമ്പേറിയ ഉപകരണങ്ങളുടെ നിര. പൊടിവിതയ്ക്കും നടിച്ചിൽ ചാൽ പൂട്ടാനുമുള്ള വ്യത്യസ്തതരം കലപ്പ. അമിക്കയറിട്ട് കാളയെ കലപ്പയുമായി ബന്ധിപ്പിക്കാനുള്ള നുകം. കച്ചിക്കുറ്റി അടിക്കാനുള്ള തടിച്ചെരുപ്പ്. കട്ടയുടയ്ക്കാനുള്ള പല്ലുചെരുപ്പ്. വിത്തു നിരത്താനുള്ള വിത്തേറ്റി. വരമ്പൊരുക്കാനുള്ള തനിത്തൂമ്പ. വയൽതോണ്ടി താക്കാനുള്ള ഒട്ടിത്തൂമ്പ. കുന്താലി, മൺവെട്ടി. നെല്ലിന്റെയും എള്ളിന്റെയും ഇടകിളയ്ക്കാനുള്ള കൊച്ചുതൂമ്പ, നെല്ലുണക്കാനുള്ള ചിക്കുപായ, വിവിധ അളവിലുള്ള കുട്ടകൾ... 

മറുവശത്തായി അടുക്കളയിലും പുറത്തും ഉപയോഗിച്ചിരുന്ന വിവിധതരം പണിയായുധങ്ങൾ. തുടവും നാഴിയും ചങ്ങഴിയും പറയും ഉൾപ്പെടുന്ന അളവ് ഉപകരണങ്ങൾ. വെറ്റിലച്ചെല്ലം, കാൽപ്പെട്ടികൾ, ചെമ്പിലും ഓടിലും പിച്ചളയിലും മണ്ണിലും തീർത്ത പാത്രങ്ങൾ, പലതരം വിളക്കുകൾ, ഘടികാരങ്ങൾ തുടങ്ങി പഴമ നിറയുന്ന വസ്തുക്കളുടെ നീണ്ട നിര. ഓണാട്ടുകരയിലെ മൺമറഞ്ഞ പ്രമുഖരെക്കുറിച്ചുള്ള കുറിപ്പുകളും ഓണാട്ടുകരയുടെ ചരിത്രവസ്തുതകളും ചിത്രങ്ങൾ സഹിതം ഇതിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്നു

പ്രധാനമന്ത്രി കൃഷി സിംചായി യോജന കൃത്യമായി നടപ്പാക്കിയതിന് ഉപഹാരമായി ലഭിച്ച പഠനയാത്ര ഫണ്ടുൾപ്പെടെ 11 ലക്ഷം രൂപയുടെ കേന്ദ്ര സഹായവും ബ്ലോക്ക് പഞ്ചായത്ത് സ്വന്തംനിലയിൽ കണ്ടെത്തിയ പണവും വിനിയോഗിച്ചു തുടക്കമിട്ട മ്യൂസിയത്തിനൊപ്പം, ഓണാട്ടുകരയിലെ 579 എഴുത്തുകാരുടെ രചനകൾ ഉൾപ്പെടുത്തി ‘ഓണാട്ടുകര പുസ്തകമൂല’. പട്ടിക നീളുകയാണ്, മണ്ണിൽത്തൊട്ടു വളർന്ന ഓണാട്ടുകരയുടെ ഹൃദയഭൂമിയിലൂടെ...

English Summary: Onattukara museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com