നവതിവിളക്കിന്റെ പ്രഭാമണ്ഡലം; ഓർമകളുമായി കലാമണ്ഡലം ഗോപി

KALAMANDALAM KOOTHAMBALAM
കലാമണ്ഡലം കൂത്തമ്പലം.
SHARE

കലാമണ്ഡലത്തിന് നാളെ 90 തികയുന്നു. കലാമണ്ഡലത്തിൽ പഠിക്കുകയും അവിടെ ഗുരുവാകുകയും ചെയ്ത കഥകളി ആചാര്യന്റെ ഓർമകൾ.... 

എനിക്ക് 83 വയസ്സായി. കലാമണ്ഡലത്തിനു 90 വയസ്സും. എന്റെ ശരിക്കുള്ള പേര് വടക്കേ മണാളത്ത് ഗോവിന്ദൻ എന്നാണ്. എന്നാൽ, അതു പറഞ്ഞാൽ ആരും അറിയണമെന്നില്ല. കലാമണ്ഡലം ഗോപി എന്ന പേര് എനിക്കു തന്നത് മഹാകവി സ്ഥാപിച്ച കലാമണ്ഡലമാണ്. പേരിനു മുന്നിലെ കലാമണ്ഡലം എടുത്തു കളഞ്ഞാൽപിന്നെ ഗോപിയില്ല. എത്രയോ കലാകാരന്മാരുടെ കാര്യവും ഇതാവും. കലാമണ്ഡലം അവരെ മക്കളെപ്പോലെ വളർത്തിയെടുത്തു. അവരിൽ പലരും പ്രഗല്ഭരായി. അതുകണ്ടു കലാമണ്ഡലം ഇന്നും തലയുയർത്തി നിൽക്കുന്നു. തൊണ്ണൂറാം വയസ്സിൽ തലയുയർത്തി നിൽക്കുക എന്നതു ചെറിയ കാര്യമല്ല. 

ഇതുപോലെയാണു കലാമണ്ഡലം സ്ഥാപിച്ച മഹാകവി വള്ളത്തോളും തലയുയർത്തി നിന്നിരുന്നത്. വടിയൂന്നിപ്പിടിച്ച് തൂവെള്ള വസ്ത്രവുമായി തല പൊക്കിപ്പിടിച്ചു നിൽക്കുന്ന മഹാകവിക്കു മുന്നിൽ ഞാനെന്നും പരിഭ്രമത്തോടെ മാത്രമേ നിന്നിട്ടുള്ളൂ.

1200 KALAMANDALAM GOPI
കലാമണ്ഡലം ഗോപി.

മണക്കുളം വലിയ തമ്പുരാനായിരുന്ന കുഞ്ഞുണ്ണി രാജ കുന്നംകുളത്തിനടുത്തു കക്കാട്ടു കളിയോഗം നടത്തിയിരുന്നു. ആത്മപോഷിണി മാസികയുടെ പത്രാധിപരായിരുന്ന മഹാകവി വള്ളത്തോൾ മണക്കുളം കോവിലകത്തിനടുത്തായിരുന്നു താമസം. മലയാള വർഷം 1097 മകരത്തിൽ തമ്പുരാനും മഹാകവിയും മുകുന്ദരാജയും കൂടിയൊരു സംസാരമുണ്ടായി. കഥകളിയെ രക്ഷിക്കാനായി എന്തെങ്കിലും ചെയ്യുകയായിരുന്നു ലക്ഷ്യം. അതിനു മുന്നോടിയായി കഥകളിക്ക് ആസ്വാദകരുണ്ടോ എന്നു കണ്ടെത്തണമെന്ന് അവർക്കു തോന്നി. ഇതിനായി തൃശൂരും കോഴിക്കോട്ടും ആലപ്പുഴയിലും ടിക്കറ്റു വച്ച് കഥകളിയരങ്ങുകൾ നടത്തി. എല്ലായിടത്തും ആസ്വാദകരുണ്ടെന്നു കണ്ടതോടെയാണു കലാമണ്ഡലമെന്ന ആശയവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. 

മഹാകവിയുടെ 51–ാം പിറന്നാൾ ദിവസം, 1930 നവംബർ 9നു കലാമണ്ഡലം തുടങ്ങി. ഭാഗ്യക്കുറി നടത്തിയാണ് അതിനുവേണ്ട പണത്തിന്റെ കുറെ ഭാഗം കണ്ടെത്തിയത്. കക്കാട്ടും പിന്നീടു തൃശൂരിനടുത്ത്  അമ്പലപുരത്തുമായിരുന്നു കലാമണ്ഡലം. കക്കാട്ടു സ്ഥലം പോരെന്നു വന്നതോടെ അമ്പലപുരത്തു മുകുന്ദരാജയുടെ ബംഗ്ലാവിലേക്കു മാറ്റുകയായിരുന്നു. മഹാകവിയും അന്ന് അവിടേക്കു താമസം മാറ്റി. പിന്നീടാണു ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തേക്കു കലാമണ്ഡലം കൊണ്ടുവന്നത്. ആദ്യം തുടങ്ങിയ കെട്ടിടം ഇപ്പോഴും പഴയ കലാമണ്ഡലമായി അവിടെയുണ്ട്. മഹാകവി മരണംവരെ താമസിച്ചിരുന്നത് അതിനടുത്തായിരുന്നു. റോഡരികിൽ തലയുയർത്തി കൂത്തമ്പലത്തിന്റെ ഭംഗിയുമായി നിൽക്കുന്നതാണ് ഇപ്പോഴത്തെ കലാമണ്ഡലം.

KALAMANDALAM GATE
കേരള കലാമണ്ഡലത്തിന്റെ കവാടം.

ഞാൻ കലാമണ്ഡലത്തിലെത്തുന്നത് 1951ലാണ്. 1936 മുതൽ കലാമണ്ഡലം ചെറുതുരുത്തിയിൽത്തന്നെയാണ്. അച്ഛന്റെയും തുള്ളൽ ഗുരുനാഥന്റെയും കൂടെയാണു കലാമണ്ഡലത്തിൽ ചേരാനെത്തിയത്. കഥകളിവേഷക്കാരനായ നാരായണ അടിയാൾ അന്നവിടെ ജോലിക്കാരനാണ്. അന്നത്തെക്കാലത്തു കുട്ടികളുടെ മുഖത്തു കഥകളിയുടെ പച്ച തേപ്പിച്ചുനോക്കും. എന്നിട്ടാണ് എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക. ഞാൻ കാണാൻ ചെല്ലുമ്പോൾ മഹാകവി ചാരുകസേരയിൽ ഇരിക്കുന്നുണ്ട്. എന്നെ കുറച്ചുനേരം നോക്കി. എന്നിട്ട്  അടിയാളോടു പറഞ്ഞു, ‘ഇവനെ തേപ്പിക്കണ്ട, എടുത്തോളൂ.’ എനിക്കു ജീവിതത്തിൽ കിട്ടിയ ആദ്യ അനുഗ്രഹ  പ്രോത്സാഹന വാക്കാണത്; അതും മഹാകവിയിൽനിന്ന്.

ഞങ്ങൾ 7 പേരാണ് അന്നവിടെ കഥകളി പഠിക്കുന്ന സംഘത്തിലുണ്ടായിരുന്നത്. 2 പാട്ടുകാർ 2 മദ്ദളക്കാരും  ചെണ്ടയ്ക്കും ചുട്ടിക്കും ഓരോരുത്തരും. എല്ലാവരും കുട്ടികൾ. രാവിലെ രണ്ടരയ്ക്ക് എഴുന്നേൽക്കണം. മൂന്നിനു ക്ലാസിലെത്തണം. കർക്കടകത്തിലെ തോരാമഴയത്തും ഇതുതന്നെയാണു ചിട്ട. ഉറങ്ങിപ്പോയാൽ ചന്തിക്കു  ചെറുതായൊരു തല്ലുകിട്ടും. കളരിയിലെത്തിയാൽ കണ്ണിൽ നെയ്യ് എഴുതിക്കും. എന്നിട്ടു കണ്ണുസാധകമാണ്. കണ്ണു പല ഭാഗത്തേക്കും ചലിപ്പിക്കലാണിത്. കണ്ണിലെ ഉറക്കം അതോടെ പോകും. അതു കഴിഞ്ഞാൽ കളരിയിലെ ചാട്ടമാണ്. എണ്ണതേച്ചു കച്ചകെട്ടി കാൽവിരലുകൾ ചേർത്തുപിടിച്ച് കാൽപടം പൊക്കി ചാടണം. ഒരുവട്ടം 25 തവണ. താഴെ വീഴുമ്പോൾ ശബ്ദമുണ്ടാകരുത്. അതു കഴിഞ്ഞാൽ കുമ്പിടലാണ്. അതിനു ശേഷം മെയ്യുറപ്പടവ് ഉണ്ട്. പിന്നെ മുന്നോട്ടും പിന്നോട്ടും മറിയണം. അതു കഴിഞ്ഞാൽ കാൽ സാധകം. അതും കഴിഞ്ഞാൽ ഉഴിച്ചിലായി. ആദ്യം കാലുകൊണ്ടു ചവിട്ടി ഉഴിയും. ചവിട്ടി ഉഴിച്ചിൽ കഴിയുമ്പോഴേക്കും ആശാന്മാർ ക്ഷീണിക്കും. ശിഷ്യന്മാർ ആശാന്മാരുടെ കാൽ ഉഴിഞ്ഞുകൊടുക്കണം. വളരെ ശക്തിയിൽ വേണം ഉഴിയാൻ. വിദ്യാർഥിയുടെ കൈക്കു ബലം ഉറയ്ക്കാനാണിത്. പ്രത്യേക തരത്തിൽ നട്ടെല്ലു നിവർത്തിവേണം ഇരിക്കാൻ. ഇതിനെല്ലാം ശേഷം ചുമരിനോടു ചേർത്തിരുത്തി ചുമർക്കിടൽ എന്നൊരു ഉഴിച്ചിലുണ്ട്. നട്ടെല്ലു നിവർന്നുനിൽക്കാനും അരക്കെട്ടിന് അയവു കിട്ടിയിട്ടുണ്ടോ എന്നുറപ്പാക്കാനുമാണിത്.

ആദ്യ ഉഴിച്ചിൽ ജൂൺ, ജൂലൈ മാസത്തിലാണ്. പിന്നെ ഓണം കഴിഞ്ഞ് ഒരു മാസവും. ഉഴിയുന്ന കാലത്ത് ഓടിപ്പോകാൻ തോന്നും. ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ തോന്നും. മനസ്സിലും ശരീരത്തിലും കളി ഉറയ്ക്കുന്നത് ഈ പരിശീലനത്തിലൂടെയാണ്. ഏറെപ്പേർ അരങ്ങിൽ വിളക്കായി ശോഭിച്ചത് ഈ ശിക്ഷണംകൊണ്ടാണ്. ഇങ്ങനെ പഠിച്ചു തെളിഞ്ഞവരാണു കലാമണ്ഡലത്തിന്റെ ശോഭ തെളിയിച്ചത്. അവരാണു ഗുരുക്കന്മാർ കൊളുത്തിയ കളിവിളക്കു കെടാതെ സൂക്ഷിക്കുന്നത്.

മഹാകവിയും മുകുന്ദരാജയും കുഞ്ഞുണ്ണിത്തമ്പുരാനും അവരുടെ കൂടെയുണ്ടായിരുന്നവരും കഥകളിയെയും മറ്റു കേരളീയ കലകളെയും സ്നേഹിച്ചതിനാ‍ൽ കലാമണ്ഡലം ഉണ്ടായി. അതിലൂടെ ഈ നാടിനുണ്ടായ യശസ്സു ചെറുതല്ല. കലാമണ്ഡലം ഇല്ലാത്ത അവസ്ഥയെക്കുറിച്ചു കേരളത്തിനു ചിന്തിക്കാനാകുമോ? 

STATUE
കലാമണ്ഡലം ഓഫിസ് കെട്ടിടത്തിനു മുൻപിലെ വള്ളത്തോൾ പ്രതിമ.

കലാമണ്ഡലത്തിന്റെ 25–ാം വാർഷികത്തിനു വന്നത് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണ്. കൂടെ ഇന്ദിരാഗാന്ധിയും ഉണ്ടായിരുന്നു. അന്നു നെഹ്റുവിനു സഹായിയായി നിൽക്കാനുള്ള ചുമതല എനിക്കായിരുന്നു. എന്നെ ചൂണ്ടിക്കാണിച്ചു മഹാകവി മലയാളത്തിൽ നെഹ്റുവിനോടു പറഞ്ഞു, ‘എന്താ വേണ്ടതെന്നുവച്ചാ ഇവനോടു പറഞ്ഞാൽ മതി.’ നെഹ്റു ചിരിച്ചു, ഒപ്പം മഹാകവിയും.

നെഹ്റുവിനു മുന്നിൽ ഗുരുക്കന്മാർ – ഗുരു കുഞ്ചുക്കുറുപ്പ്, ആശാൻ കീഴ്പ്പടം കുമാരൻ നായർ, കലാമണ്ഡലം പത്മനാഭൻ നായർ തുടങ്ങിയവർ – തിലോത്തമോദ്ഭവം കഥകളി അവതരിപ്പിച്ചപ്പോൾ എനിക്കും ഒരു വേഷം കിട്ടി.   അടുത്തിരുന്ന നെഹ്റുവിന് അരങ്ങിലെ വേഷങ്ങൾ ചൂണ്ടിക്കാട്ടി മഹാകവി കഥ പറഞ്ഞു കൊടുക്കുന്നതു കാണാമായിരുന്നു. അരലക്ഷം രൂപ കലാമണ്ഡലത്തിനു സമ്മാനിച്ചാണു നെഹ്റു മടങ്ങിയത്. അതു കലാമണ്ഡലത്തിന്റെ പ്രശസ്തിയിലേക്കുള്ള മറ്റൊരു ചുവടായി. പിന്നീട് ഏറെ രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും കലാമണ്ഡലത്തിൽ വന്നു. കടൽകടന്നു വിദേശത്തേക്കു കഥകളിയുടെ പ്രൗഢിയും വേഷഭംഗിയും എത്തിച്ചതു കലാമണ്ഡലമാണ്. പലരും കഥകളിയെയും കേരളീയ കലകളെയും തേടി ഇവിടേക്കു വന്നു. ഇന്നു നമ്മുടെ കലകൾ എത്തിനിൽക്കുന്ന വലിയ അരങ്ങുകൾ കാണുമ്പോഴാണ് കലാമണ്ഡലം സ്ഥാപിച്ചവരുടെ ഉൾക്കാഴ്ച മനസ്സിലാകുന്നത്.

സ്കൂൾ പഠനം കൂട്ടിക്കെട്ടിയതോടെ കലാമണ്ഡലത്തിലെ കഥകളിയടക്കമുള്ള പഠനങ്ങളുടെ സ്വഭാവം മാറി. രാത്രി 7 മുതൽ 8.30 വരെയുള്ള ക്ലാസും മറ്റും ഇല്ലാതായി. ചൊല്ലിയാട്ട ക്ലാസ് ഉച്ചവരെ മാത്രം. ഉച്ചയ്ക്കു ശേഷം ചൊല്ലിയാട്ടമില്ല, പകരം സ്കൂൾ ക്ലാസാണ്. പഴയതുപോലെ കഠിനപ്രയത്നം ഇല്ലാതായി. കുട്ടികൾക്ക് അതിനു സമയം കിട്ടാതായി. കലാപഠനത്തിന് എത്തുന്നവരെ സ്കൂളിലെ എല്ലാ കാര്യവും പഠിപ്പിക്കാൻ നോക്കരുത്. അവർക്കായി പ്രത്യേക പഠനരീതി തയാറാക്കണം. കഥകളി പോലുള്ള കലകൾ പഠിക്കേണ്ടതു ഗുരുകുലരീതിയിൽ മാത്രമാണ്. അതിനുതക്ക അന്തരീക്ഷവും ഉണ്ടാകണം. ഇപ്പോഴത്തെ വഴിയിൽ കലാപഠനം പോകുന്നതിൽ പഴയ മനുഷ്യനായ എനിക്ക് ആശങ്കയുണ്ട്. ആധുനിക വിദ്യാഭ്യാസം വേണം. പക്ഷേ, സാധാരണ സ്കൂൾ പഠനവുമായി കലാപഠനത്തെ  കൂട്ടിക്കെട്ടരുത്. 90 കടന്നുപോകുമ്പോൾ എന്നെപ്പോലെ ഒരുപാടു പേർക്ക് ഈ ആശങ്കയുണ്ട്. പഴയ മനസ്സിന്റെ ആശങ്കയാകാം.

കഥകളിയിലും നൃത്തത്തിലും ചെണ്ടയിലും പാട്ടിലും തുള്ളലിലുമെല്ലാമായി എത്രയോ ഗുരുനാഥന്മാരുടെ സാന്നിധ്യമുണ്ടായിരുന്ന മണ്ണാണിത്. അവരിൽ പലരും ഇന്നില്ലെങ്കിലും അവരുടെ ഗുരുത്വം ഇവിടെയുണ്ട്. കലാമണ്ഡലത്തെ 90ലും തലയുയർത്തി നിർത്തുന്നതും ആ ഗുരുത്വമാണ്. ഇതിനു വിത്തിട്ടവരുടെയും വളർത്തിയവരുടെയും മുന്നിൽ കേരളം നമസ്കരിക്കണം. അവരുണ്ടായതു കൊണ്ടുകൂടിയാണു നമ്മുടെ നാടിനെ ലോകം കണ്ടും തൊട്ടും കേട്ടും അറിഞ്ഞത്. അവർ കാത്തുരക്ഷിച്ചത് ഈ നാടിന്റെ പാരമ്പര്യ കലയെയാണ്. നവതിയുടെ നിറശോഭയിൽ തെളിഞ്ഞുകത്തുന്ന ഈ വിളക്കിനു മുന്നിൽ ഞാനും കലാസ്വാദകരായ നിങ്ങളോടൊപ്പം സാഷ്ടാംഗം നമസ്കരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA