ADVERTISEMENT

1997ൽ ഞാൻ ഇംഗ്ലണ്ടിലെ ഉപരിപഠനത്തിനു ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചേരുമ്പോൾ കേരളത്തിൽ വളരെ വിരളമായി മാത്രമേ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നടന്നിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വർഷങ്ങളോളം ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന പല രോഗികളെയും ശുശ്രൂഷിക്കേണ്ടതായി വന്നു. ആദ്യ കാലങ്ങളിൽ ശസ്ത്രക്രിയ നിർവഹിച്ച പല രോഗികളും ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അന്നു ഹൃദയശസ്ത്രക്രിയയ്ക്കു വിധേയരായ പല ചെറിയ പെൺകുട്ടികളും പിൽക്കാലത്ത് വിവാഹിതരായി കുഞ്ഞുങ്ങളുമായി നന്ദി പറയാൻ വന്ന അനുഭവങ്ങൾ ഒട്ടേറെയുണ്ട്.

പോൾസൺ ലോപ്പസ് എന്ന ഇരുപത്തിരണ്ടുകാരൻ എന്റെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കും. പോൾസൺ എന്നും വന്നിരുന്നത് അമ്മയോടൊപ്പമാണ്. പറഞ്ഞാൽ കേൾക്കാത്ത, സമയത്തൊന്നും ഭക്ഷണം കഴിക്കാത്ത, പരസഹായം ചെയ്യാൻ സ്വന്തം ആരോഗ്യംപോലും ത്യജിച്ചു നടക്കുന്ന പോൾസനെപ്പറ്റി സ്നേഹമസൃണമായ പരാതികൾ മാത്രമേ അമ്മയ്ക്ക് എപ്പോഴും പറയാനുണ്ടായിരുന്നുള്ളൂ.

പള്ളിയിലെ ഗാനങ്ങൾ അകമഴിഞ്ഞ ഭാവത്തോടെയും ചാരുതയോടെയും ആലപിക്കുന്ന മകന്റെ കഴിവിനെപ്പറ്റി അഭിമാനത്തോടെ പറയുന്നതോടൊപ്പം ശ്രദ്ധക്കുറവിനെപ്പറ്റിയുള്ള തീരാത്ത പരാതികളുമുണ്ടാവും. അമ്മ റോസ്‌ലിയും പിതാവ് ജോണിയും സഹോദരൻ ക്ലൈസണും ഉൾപ്പെടുന്ന ചെറിയ കുടുംബം. ജോണി നാലു വർഷം മുൻപ് അവരെ വിട്ടുപിരിഞ്ഞു.

പോൾസന്റെ ഹൃദയത്തിന്റെ ഇടതുവശത്തെ 2 അറകൾ തമ്മിൽ വേർതിരിക്കുന്ന വാൽവിന്റെ ചുരുക്കമാണു പ്രശ്നം. ശ്വാസകോശത്തിൽനിന്നു ഹൃദയത്തിലേക്ക് ഒഴുകിവരുന്ന ശുദ്ധരക്തം സ്വീകരിക്കുന്ന ഒരു അറയുണ്ട്. അങ്ങനെ സ്വീകരിക്കുന്ന രക്തത്തെ പമ്പു ചെയ്യുന്ന അറയിലേക്ക് (Left Ventricle) ഒഴുകാൻ സഹായിക്കുന്ന ഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാൽവുകളിലൊന്നായ മൈട്രൽ വാൽവിനാണു ചുരുക്കം. ഒരുപക്ഷേ, 10 വയസ്സിനു മുൻപുതന്നെ പോൾസനെ ബാധിച്ച റുമാറ്റിക് ഫീവർ എന്ന അസുഖം ഹൃദയത്തിന്റെ ഉള്ളറകളെ ബാധിച്ചതിനാലായിരിക്കാം, പിന്നീടു വാൽവിനു തകരാറുണ്ടായത്. ശസ്ത്രക്രിയയിലൂടെ വാൽവ് മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലാത്ത അവസ്ഥ.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്ന കുടുംബം. അന്നത്തെ നിലയിൽപോലും വാൽവ് ഉൾപ്പെടെ ഒന്നര ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ. ഇന്നാണെങ്കിൽ അതിന് 5 ലക്ഷത്തിനു മുകളിൽ ചെലവുവരും. വാൽവ് കമ്പനിക്കാരുമായി സംസാരിച്ച് വില കുറച്ചു വാങ്ങി ഏറ്റവും മിതമായ ചെലവിൽ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ 1997 ജൂലൈ 16നു രാവിലെ ശസ്ത്രക്രിയ ആരംഭിച്ചു. പോൾസന്റെ കേടുവന്ന മൈട്രൽ വാൽവിന്റെ ഇതളുകൾ ഘടിപ്പിച്ചിരുന്ന ചുറ്റുവട്ടത്ത് കട്ടികൂടിയ കാത്സ്യം പാറക്കഷണങ്ങൾ പോലെ ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയ വലിയ മാനസികസമ്മർദമാണ് എനിക്കു നൽകിയത്; പ്രത്യേകിച്ച് ഹൃദയശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറെന്ന നിലയിൽ കേരളത്തിലെ എന്റെ അരങ്ങേറ്റത്തിന്റെ ആദ്യ നാളുകളായതിനാൽ. എങ്കിലും ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് വൈകാതെ തന്നെ പോൾസനെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു.

പിന്നീട് എല്ലാ മാസവും അമ്മയും മകനും എന്നെക്കാണാൻ ആശുപത്രിയിൽ വരുമായിരുന്നു. ആ കൂടിക്കാഴ്ചകൾ മറക്കാനാവാത്ത ആത്മബന്ധമായി മാറി. എന്നെങ്കിലും പോൾസൺ ഒരു പെൺകൊടിയെ കൈപിടിച്ചു വീട്ടിൽ കൊണ്ടുവരണമെന്നത് ആ അമ്മയുടെ വലിയ മോഹമായിരുന്നു. അതിനൊരു മധ്യസ്‌ഥനായി കണ്ടിരുന്നത് എന്നെയായിരുന്നു. ഡോക്ടർ നിർബന്ധിച്ചാൽ അവൻ കല്യാണം കഴിക്കും. അടുത്ത പ്രാവശ്യം അവൻ ആശുപത്രിയിൽ വരുമ്പോൾ തീർച്ചയായും അക്കാര്യം പറയണം കേട്ടോ!

ആ സ്നേഹനിധിയായ അമ്മയുടെ ആഗ്രഹത്തിനു വഴങ്ങി ഞാൻ പലവട്ടം പോൾസനെ വിവാഹക്കാര്യം ഓർമിപ്പിച്ചു. അപ്പോഴെല്ലാം ഒരു കള്ളച്ചിരിയോടെ തലയാട്ടി നിഷേധിക്കും. അന്നും ഇന്നും അതിന്റെ കാരണം എനിക്കറിയില്ല.

ഞാൻ ലിസി ആശുപത്രിയിലേക്കു പ്രവർത്തനരംഗം മാറ്റിയപ്പോൾ അവിടേക്കായി അമ്മയുടെയും മകന്റെയും വരവ്. കഴിഞ്ഞ മൂന്നു നാലു വർഷമായി പോൾസന്റെ ആരോഗ്യത്തിൽ വന്ന ഗണ്യമായ വ്യതിയാനം അവരെപ്പോലെ തന്നെ എന്നെയും അലട്ടിയിരുന്നു. ചെറുതായിരുന്ന സമയത്തു ഹൃദയത്തിന്റെ വലുപ്പത്തിനു പാകമായിരുന്ന വാൽവ്, വളർച്ചയോടൊപ്പം വലുതായ ഹൃദയത്തിനു ചെറുതായി മാറി. വലുതാകുമ്പോൾ അവനു വേണ്ടിയിരുന്ന അധിക രക്തപ്രവാഹം അനുവദിക്കാൻ ആ ചെറിയ വാൽവിനു കഴിയാത്തതാണ് ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. മരുന്നുകൾകൊണ്ട് കഴിയുന്നതും മുന്നോട്ടു പോകാമെന്നായിരുന്നു കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫിന്റെ ഉപദേശം. അങ്ങനെ എട്ടു പത്തു മാസങ്ങൾ കാര്യമായ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയ പോൾസൺ, ശ്വാസകോശത്തിനു ചുറ്റും കനത്ത നീർക്കെട്ടുമായാണ് കഴിഞ്ഞ മാസം ആശുപത്രിയിൽ എന്നെ കാണാൻ വന്നത്‍. പൂർത്തിയാക്കാനാകാത്ത വാചകങ്ങൾ, രണ്ടു കാലുകളിലും നീര്, രാത്രി പലതവണ ഉറക്കത്തിൽനിന്നു ചാടിയെഴുന്നേറ്റ് വായുവിനായി പിടയുന്ന സാഹചര്യം. പല രാത്രികളിലും കസേരയിൽ ഇരുന്നായിരുന്നു ഉറക്കം. എല്ലാം പ്രതിഫലിപ്പിച്ചത് മരുന്നിനോടു പ്രതികരിക്കാത്ത, ഹൃദ്രോഗത്തിന്റെ അവസാന ഘട്ടം.

വീണ്ടുമൊരു ശസ്ത്രക്രിയ എന്ന ചിന്ത പോലും മകനും അമ്മയ്ക്കും ആലോചിക്കാൻ വയ്യാത്ത സ്ഥിതി. അതിജീവനത്തെപ്പറ്റിയുള്ള ആശങ്കകൾക്കപ്പുറം അതിനുള്ള പണമെങ്ങനെ കണ്ടെത്തും എന്ന ആകുലതകളും. പോൾസന്റെ സഹോദരൻ ക്ലൈസൺ ഒന്നിടവിട്ട ദിവസങ്ങളിൽ ശസ്ത്രക്രിയയെപ്പറ്റി സംസാരിക്കാൻ എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ, 1997ൽ മാറ്റിവച്ച വാൽവ് വീണ്ടും മാറ്റിവയ്ക്കാൻ തീരുമാനമായി. മാത്രമല്ല, ഹൃദയത്തിന്റെ വലതുവശത്തെ വാൽവിന്റെ പ്രവർത്തനരാഹിത്യം മൂലം (Tricuspid Leak) അതിന്റെ കൂടി ശസ്ത്രക്രിയ ചെയ്യേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് അംഗീകരിക്കേണ്ടി വന്നു.

23  വർഷങ്ങൾക്കു ശേഷം രണ്ടാമതൊരു ഹൃദയശസ്ത്രക്രിയ. അന്നു വച്ചുപിടിപ്പിച്ച വാൽവ് എടുത്തു മാറ്റേണ്ട സങ്കീർണ സ്ഥിതി. പുതിയ വാൽവ് തുന്നിച്ചേർക്കുക, ഹൃദയത്തിന്റെ വലത്തേ വാൽവ് റിപ്പയർ ചെയ്യുക... ഇതെല്ലാം ഒരുമിച്ചൊരു ഘട്ടത്തിൽത്തന്നെ ചെയ്യേണ്ട സാഹചര്യം.

2020 ഒക്ടോബർ 23. രാവിലെ തന്നെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. ഏഴു മണിക്കു പോൾസനെ ശസ്ത്രക്രിയാ മുറിയിലേക്കു മാറ്റി. കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ, ഞങ്ങളുടെ ടീമിലെ അംഗമായിത്തീർന്ന പോൾസന്റെ അമ്മയുടെ കണ്ണീർ തുടയ്ക്കുന്ന സിസ്റ്റർ ആഗ്‌ന മരിയയും സിസ്റ്റർ സോജിയും. 1997ൽ മെഡിക്കൽ ട്രസ്റ്റിൽ നടന്ന പോൾസന്റെ ശസ്ത്രക്രിയയിൽ ഭാഗഭാക്കായിരുന്ന സിസ്റ്റർ ബിൻസി ഓപ്പറേഷൻ തിയറ്ററിന്റെ കവാടത്തിൽ ആശംസകളുമായി ഉണ്ടായിരുന്നു. ഡോ.ജേക്കബും ഡോ.ഗ്രേസ് മരിയയും അതിരാവിലെ തന്നെ ഓപ്പറേഷൻ തിയറ്ററിൽ എത്തിയിരുന്നു. 1997ലെ ശസ്ത്രക്രിയയിലും, അനസ്തീസിയ വിഭാഗത്തിലെ ഡോ.വിനോദനും ഡോ. പ്രശാന്തിനുമൊപ്പം ഡോ.ജേക്കബും പങ്കാളിയായിരുന്നു.

ഒരു രോഗിയിൽ ഹൃദയം തുറന്നുള്ള രണ്ടാമത്തെ ശസ്ത്രക്രിയ ഞങ്ങളെ സംബന്ധിച്ചിടത്തോളം എന്നുമൊരു പേടിസ്വപ്നമാണ്. ഹൃദയത്തിന്റെ മാംസപേശി നെഞ്ചിന്റെ ഭിത്തിയുമായും ഹൃദയത്തിന്റെ കവചവുമായും ഒരു പശ കൊണ്ട് ഒട്ടിച്ചതുപോലത്തെ അവസ്ഥയിലായിരിക്കും. അതു തമ്മിൽ വേർതിരിക്കുമ്പോൾ ഹൃദയത്തിലെ ഭിത്തികൾക്കുണ്ടാകാവുന്ന മുറിവുകളും രക്തസ്രാവവുമെല്ലാം രണ്ടാമതൊരു ശസ്ത്രക്രിയയുടെ വെല്ലുവിളികളാണ്.

ശസ്ത്രക്രിയ തുടങ്ങി ഏകദേശം 30 മിനിറ്റു കഴിഞ്ഞു. ഹൃദയത്തിന്റെ വലതുഭാഗത്തു രക്തം സ്വീകരിക്കുന്ന എട്രിയം (Right Atrium) എന്ന അറയുടെ ഭിത്തി ഒരു ഓയിൽ പേപ്പർപോലെ സുതാര്യമായാണു കാണപ്പെട്ടത്. അതിനെ നെഞ്ചിന്റെ ഭിത്തിയിൽനിന്നു വേർതിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി അതിന്റെ ഭിത്തി നേരിയ തുണി പിഞ്ചിപ്പോകുന്നതു പോലെ വിട്ടുപോയത്. നെഞ്ചു മുഴുവൻ രക്തം വാർന്നൊഴുകാൻ തുടങ്ങി. രക്തപ്രവാഹം നിയന്ത്രിക്കാൻ വേണ്ടി ഹൃദയഭിത്തിയിൽ ഇടതുകൈയുടെ ചൂണ്ടുവിരൽ കൊണ്ട് അമർത്തിപ്പിടിച്ച് വലത്തേ കൈകൊണ്ട്‌ ആ മുറിവു തുന്നിച്ചേർക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. ഹൃദയഭിത്തികളിൽ ഉണ്ടായിരുന്ന വിള്ളൽ സാവധാനം വർധിക്കാൻ തുടങ്ങി. എന്നെ സഹായിക്കാൻ എന്റെ സഹചാരി ഡോ.ഭാസ്കർ രംഗനാഥൻ പൊടുന്നനെ ശസ്ത്രക്രിയാ മുറിയിലേക്കു വന്നു.

‘സർ, നമുക്ക് ഈ മുറിവിലൂടെ വലിയൊരു പൈപ് കടത്തി ഉടൻ തന്നെ ഹാർട്ട് ലങ് മെഷീനിൽ ഘടിപ്പിക്കാം’ എന്ന അദ്ദേഹത്തിന്റെ നിർദേശം ഞാൻ ഉൾക്കൊണ്ടു. അദ്ദേഹത്തോടൊപ്പം തന്നെ സിസ്റ്റർ സൗമ്യയും സർജൻ അസിസ്റ്റന്റ് രാജിയും ജാഗരൂകരായി പ്രവർത്തിച്ചു. രക്തം വാർന്നൊഴുകി ഹൃദയംപോലും കാണാൻ വയ്യാത്ത അവസ്ഥയിൽനിന്ന് ഹൃദയ ശ്വാസകോശ നിയന്ത്രണകാരിയിലേക്ക് ഞങ്ങൾ പോൾസനെ ഘടിപ്പിച്ചു. ഹീമോഗ്ലോബിൻ വളരെ കുറവായിരുന്ന പോൾസന്റെ ശരീരത്തിൽനിന്ന് ഒരു ലീറ്ററോളം രക്തം വാർന്നുപോകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. അനസ്തീസിയ ഡോക്ടർമാർക്കൊപ്പം, ഹാർട്ട് ലങ് മെഷീൻ പ്രവർത്തിപ്പിക്കുന്ന ക്രിസ്റ്റീന സുഭാഷിണിയും അവരുടെ സഹപ്രവർത്തകരും ആ ജീവൻ നിലനിർത്താൻ പകരം രക്തം കയറ്റിക്കൊണ്ടിരുന്നു.

ഹൃദയത്തിന്റെ ഇടത്തേ വാൽവ് മാറ്റി പുതിയ വാൽവ് ഘടിപ്പിക്കുകയും വലതുവശത്തെ വാൽവിന്റെ തകരാർ പരിഹരിക്കുകയും ചെയ്തു. പിന്നീടുള്ള ശ്രമം ഹൃദയത്തെ മെഷീനിൽനിന്നു വിഘടിപ്പിക്കാനായിരുന്നു. മണിക്കൂറുകളോളം ശരീരത്തിനു പുറത്ത് ഒരു മെഷീനിലൂടെ രക്തപ്രവാഹവും ശ്വാസകോശത്തിന്റെ പ്രവർത്തനവും നിർവഹിച്ചിരുന്നതിനാൽ വാൽവിന്റെ പ്രവർത്തനരാഹിത്യം അമിത രക്തസ്രാവത്തിനു കാരണമായി. മുറിവുകളിൽ നിന്നും ഹൃദയത്തിന്റെ ഉപരിതലത്തിൽ നിന്നും നിയന്ത്രിക്കാനാവാത്ത ബ്ലീഡിങ്. മണിക്കൂറുകളുടെ പരിശ്രമത്തിനു ശേഷവും അതു നിയന്ത്രിക്കാനായില്ല. സീനിയർ പീഡിയാട്രിക് സർജൻ ഡോ.സുനിലിന്റെ ഉപദേശപ്രകാരം രക്തപ്രവാഹം നിയന്ത്രിക്കാനായി ഹൃദയത്തിനു ചുറ്റും ചില പ്രത്യേക മരുന്നുകൾ ചേർത്തുവച്ചു. നെഞ്ചിലെ മുറിവ് തുറന്നു വച്ചുകൊണ്ടു തന്നെ പോൾസനെ ഞങ്ങൾ ഐസിയുവിലേക്കു മാറ്റി. 48 മണിക്കൂറുകൾ ഉദ്വേഗഭരിതങ്ങളായിരുന്നു. പോൾസന്റെ സഹോദരനോടും അമ്മയോടും അതിസങ്കീർണമായ അവന്റെ അവസ്ഥ വിവരിക്കുമ്പോൾ, അവരുടെ കണ്ണീർക്കണങ്ങൾ ഞങ്ങൾക്ക് ഒപ്പാൻ കഴിയുന്നതിലും അധികമായിരുന്നു.

വീണ്ടും ആ അമ്മയുടെ പ്രാർഥന ദൈവം കേട്ടു. രണ്ടാം ദിവസം രക്തസ്രാവം പതുക്കെ നിലച്ചു. ഹൃദയത്തിനു ചുറ്റും വച്ചിരുന്ന മരുന്നുകൾ എടുത്തുമാറ്റി, നെഞ്ചിലെ മുറിവു തുന്നിച്ചേർത്തു. വീണ്ടുമൊരു മൂന്നാം നാളിൽ, വെന്റിലേറ്ററിൽ നിന്നു വിഘടിപ്പിച്ചു.

സ്വയം ശ്വാസോച്ഛ്വാസം ചെയ്യുകയും സംസാരിക്കുകയും ചെയ്യുന്ന പോൾസനു സമീപം സന്തോഷാശ്രുക്കൾ പൊഴിച്ചു നിൽക്കുന്ന ആ അമ്മയെ കാണുമ്പോൾ എന്റെ മനസ്സിൽ വരുന്നത്, ലോകത്തിൽ ഏറ്റവും വിലപ്പെട്ടത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.

അന്നും ഇന്നും എന്നും എന്റെ ഉത്തരം ഒന്നു മാത്രമായിരിക്കും – ‘അമ്മ’. ദൈവത്തിന്റെ ഏറ്റവും സുന്ദരമായ സൃഷ്ടി വേറെന്താണ്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com