പ്ലേഗിനെ തോൽപിച്ച ഡോ.പൽപു

Dr Palpu
ഡോ.പൽപു
SHARE

ഒരു നൂറ്റാണ്ടിലേറെ മുൻപ് മഹാമാരിയെ ചെറുക്കാൻ  ഒരു മലയാളി നടത്തിയ അദ്ഭുതകരമായ യത്നം  ഈ കോവിഡ്കാലത്ത് അഭിമാനത്തോടെ ഓർക്കേണ്ടതാണ്......

‘എന്റെ ക്യാംപിനു ചുറ്റിനുമുള്ള ചുടലകളിൽ എട്ടു ശവങ്ങൾ ഇപ്പോഴും വെന്തുകൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങൾ വെന്തുകഴിഞ്ഞാൽ ഉടൻ ചിതയിൽ വയ്ക്കത്തക്കവിധം 43 ശവങ്ങൾ കഴുകി തയാറാക്കി വച്ചിരിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ, കാശിയിലെ ശ്മശാനത്തിൽ ദണ്ഡും ഊന്നിനിന്ന ഹരിശ്ചന്ദ്ര മഹാരാജാവിനെപ്പോലെ അധികാരദണ്ഡുമായി ഞാൻ നിൽക്കുന്നു. മനുഷ്യൻ എലികളെപ്പോലെ ചത്തുവീഴുകയും ജീവിതത്തിലേറെ മരണത്തെ പുൽകുകയും ചെയ്യുന്ന ബാംഗ്ലൂർ നഗരം...’

19–ാം നൂറ്റാണ്ട് എരിഞ്ഞടങ്ങുന്ന വർഷങ്ങളിലായിരുന്നു ബോംബെയിൽനിന്നു പൊട്ടിപ്പുറപ്പെട്ട് ബാംഗ്ലൂരിലേക്കു പടർന്നുകയറിയ ഭീകരമായ ബ്യുബോണിക് പ്ലേഗ്. തെരുവുകളിൽ എലികളും മനുഷ്യരും പറ്റം പറ്റമായി ചേതനയറ്റു വീണപ്പോൾ ശ്മശാനഭൂമിയായി മാറി പൂന്തോട്ടനഗരം. ആ ഭീതിദമായ കാഴ്ചകൾക്കിടയിൽനിന്ന് ഒരു മലയാളി എഴുതിയ കത്തിലെ വരികളാണു മേലുദ്ധരിച്ചത്. കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സാക്ഷാൽ ഡോ. പത്മനാഭൻ പൽപു എന്ന ഡോ.പൽപു (1863-1950) ആയിരുന്നു ആ മലയാളി.

ആധുനിക കേരളത്തെ സൃഷ്ടിച്ച നവോത്ഥാനയത്നങ്ങളുടെ അമരക്കാരനായിരുന്ന പൽപുവിനെ നാമറിയും. ഈഴവനായിപ്പോയതിനാൽ തിരുവിതാംകൂറിൽ ഉന്നതവിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെട്ട ശേഷം മദ്രാസിലും മൈസൂരിലും മാത്രമല്ല, കേംബ്രിജിലും പോയി ഉയർന്ന ബിരുദങ്ങളും ഉദ്യോഗവും നേടിയ പൽപു. സ്വന്തം ഉയർച്ചകൾക്കിടയിലും പിന്നാക്ക സമുദായ അവശതകൾക്കെതിരെ  പോരാടാൻ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ശ്രീനാരായണ ഗുരു എന്ന യോഗിവര്യനെ തേടിപ്പിടിച്ച് എസ്എൻഡിപി എന്ന മഹാപ്രസ്ഥാനത്തിനു രൂപംനൽകുകയും നവോത്ഥാനത്തിലൂടെ കേരളത്തെ പുതുക്കിപ്പണിയുകയും ചെയ്ത പൽപു.

എന്നാൽ, ഇന്ത്യയിലേറ്റവും ശ്രദ്ധപിടിച്ചെടുത്ത പകർച്ചവ്യാധി പ്രതിരോധത്തിന്റെ നായകനായിരുന്നു അദ്ദേഹമെന്ന് അറിയുന്നവർ ചുരുക്കം. ഇന്ന് ഈ കോവിഡ്കാലത്ത്, ഈ മലയാളി ഒരു നൂറ്റാണ്ടിലേറെ മുൻപ് മറ്റൊരു മഹാമാരിയെ ചെറുക്കാൻ നടത്തിയ അദ്ഭുതകരമായ യത്നം അഭിമാനത്തോടെ ഓർക്കേണ്ടതാണ്. 1898ൽ ബോംബെയിൽനിന്നു ബാംഗ്ലൂർ നഗരത്തിലേക്കു വ്യാപിച്ച ബ്യുബോണിക് പ്ലേഗ് എന്ന ഭീകരമായ പകർച്ചവ്യാധിയുടെ പ്രതിരോധത്തിന്റെ നേതൃത്വം അന്നു മൈസൂർ ആരോഗ്യവകുപ്പിൽ പ്രവർത്തിച്ച ഡോ. പൽപുവിനായിരുന്നു. ബാംഗ്ലൂർ നഗരത്തിലാകെ അഹോരാത്രം പ്രവർത്തിച്ച് പൽപു നടത്തിയ പരിശ്രമം, ബാംഗ്ലൂർ നഗരത്തിന്റെയും മൈസൂർ രാജാവിന്റെയും മാത്രമല്ല, ബ്രിട്ടിഷ് ഇന്ത്യൻ സർക്കാരിന്റെയും വലിയ അംഗീകാരത്തിനു കാരണമായിത്തീർന്നു.

ബോംബെ തുറമുഖത്തിൽ നങ്കൂരമിട്ട ഏതോ കപ്പലിലെ എലികളിലൂടെ ബ്യുബോണിക് പ്ലേഗ് നഗരത്തിൽ ആഞ്ഞടിച്ചത് 1895ലാണ്. ബോംബെ നഗരത്തിൽ മാത്രം അരലക്ഷം പേരുടെ ജീവനെടുത്ത മഹാമാരി ക്രമേണ അയൽസംസ്ഥാനങ്ങളിലേക്കു വ്യാപിച്ചു. രണ്ടു വർഷംകൊണ്ടു മരിച്ചത് 3 ലക്ഷം പേർ. 1898 ഓഗസ്റ്റ് 11നു ബോംബെയിൽനിന്നു കർണാടകയിലെ (അന്നു മൈസൂർ) ഹുബ്ലിയിലേക്കുള്ള തീവണ്ടിയിൽ ബാംഗ്ലൂർ കന്റോൺമെന്റ് സ്റ്റേഷനിലിറങ്ങിയ ഒരു സാധാരണക്കാരനിൽ നിന്നാണ് നഗരത്തിൽ പ്ലേഗിന്റെ തുടക്കം. പിറ്റേദിവസം തന്നെ മരണമടഞ്ഞ രോഗിയെ പരിശോധിച്ചപ്പോൾ പ്ലേഗ് സ്ഥിരീകരിക്കപ്പെട്ടു. രണ്ടാഴ്ചയ്ക്കകം കന്റോൺമെന്റ്, കോട്ടൺപെട്ട്, അക്കിപ്പെട്ട് എന്ന നഗരപ്രദേശങ്ങളിൽ രോഗം വ്യാപകമായി. അതിനകം നൂറിലേറെ മരണം. ഒക്ടോബറായതോടെ മരണം മൂവായിരത്തോളം!

അപ്പോഴേക്കും നഗരത്തിൽ പ്രത്യേക പ്ലേഗ് പ്രതിരോധ വിദഗ്ധ കമ്മിഷൻ രൂപീകരിക്കപ്പെട്ടു. ഡോ. വി.പി.മാധവറാവു പുതിയ പ്ലേഗ് കമ്മിഷണർ. ഡപ്യൂട്ടി കമ്മിഷണറായി നിയമിക്കപ്പെട്ടത് മുപ്പത്തഞ്ചുകാരനായ ഒരു മലയാളി ഡോക്ടർ; സെന്റ് മാർത്താസ് ആശുപത്രിയിൽ ഡോക്ടറായിരുന്ന പൽപു. ഉപരിപഠനത്തിനായി യൂറോപ്പിലേക്കു പോകാൻ പൽപു തയാറെടുക്കുന്ന സമയം. പക്ഷേ, മടി കൂടാതെ പുതിയ ദൗത്യം ഏറ്റെടുത്ത അദ്ദേഹം, നഗരത്തിൽ വ്യാപക രോഗപ്രതിരോധത്തിനും ക്വാറന്റീൻ സംവിധാനങ്ങൾക്കും യുദ്ധകാലാടിസ്ഥാനത്തിൽ തുടക്കം കുറിച്ചു. ക്യാംപുകളിലേക്കു മാറാനും ക്വാറന്റീൻ പാലിക്കാനുമൊക്കെ ജനങ്ങൾക്കു വലിയ മടിയായിരുന്നു. പിന്നാക്ക സമുദായക്കാർക്കൊപ്പം ക്യാംപുകളിൽ കഴിയാൻ മുന്നാക്കക്കാർ വിസമ്മതിച്ചു. ധാർവാറിൽ ഒരു ബ്രാഹ്മണ പുരോഹിതൻ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തു. കർശന സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനു പൽപുവിനു നേരെ ഭീഷണികൾ ഉണ്ടായതോടെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കു സായുധ സൈനികരെ ഏർപ്പെടുത്തേണ്ടിവന്നു.

അപ്പോഴേക്കും പ്രതിദിന മരണം 50 കടന്നിരുന്നു. ചുറ്റിനും ശവങ്ങൾ കത്തുന്ന ആ ഭീകരദിവസങ്ങളെപ്പറ്റി പൽപു സുഹൃത്തിനെഴുതിയതാണ് ആദ്യം കൊടുത്തിരിക്കുന്ന കത്ത്. ഒരുപക്ഷേ, മരണം പോലും സംഭവിക്കാവുന്ന നിയോഗമായതിനാൽ വിൽപത്രം വരെ എഴുതിവച്ചാണ് പൽപു ഈ ജോലി ഏറ്റെടുത്തത്. 400 രൂപ പ്രതിമാസ ശമ്പളത്തിലാണു പൽപുവിനെ നിയമിച്ചത്. അക്കാലത്ത് ഡോക്ടർമാരുടെ ശമ്പളം 100 രൂപ പോലുമില്ലെന്ന് ഓർക്കണം.

അന്നു ബാംഗ്ലൂരിൽ നടപ്പാക്കിയ പ്രതിരോധപ്രവർത്തനങ്ങൾ ബ്രിട്ടിഷ് ഉദ്യോഗസ്ഥനായിരുന്ന പി.ആർ.കാഡലിന്റെ റിപ്പോർട്ടിൽ വിശദമായുണ്ട്; ബാംഗ്ലൂർ മുനിസിപ്പാലിറ്റി ഇതിനായി രണ്ടര ലക്ഷം രൂപ വിലയിരുത്തിയതും 22 പുതിയ കാളവണ്ടികൾ വാങ്ങിയതുമൊക്കെ. ആയിരക്കണക്കിനു പേരെ അഞ്ഞൂറോളം ക്യാംപുകളിൽ പ്രവേശിപ്പിച്ചു. നാൽപതിനായിരത്തോളം പേർക്കു കുത്തിവയ്പെടുത്തു. എല്ലാ ആഘോഷങ്ങളും റദ്ദാക്കി. യശ്വന്ത്പുർ റെയിൽവേ സ്റ്റേഷൻ മെഡിക്കൽ ക്യാംപായി. എല്ലാ ഓടകളും വൃത്തിയാക്കി. ഇരുപതിനായിരത്തോളം വീടുകൾ അണുവിമുക്തമാക്കി. 650 വീടുകൾ വാസയോഗ്യമല്ലെന്നു കണ്ടെത്തി ഇടിച്ചുനിരത്തി. എലികളെ പിടിച്ചുകൊടുക്കുന്നവർക്ക് ഡസന് 3 അണ പ്രതിഫലം പ്രഖ്യാപിച്ചു. നഗരത്തിലെ ചേരികളിൽനിന്നു ജനങ്ങളെ നിർബന്ധപൂർവം മാറ്റിപ്പാർപ്പിച്ചു. അന്നുവരെ ആർക്കും താമസിക്കാൻ താൽപര്യമില്ലാതിരുന്ന ബസവനഗുഡി, മല്ലേശ്വരം പ്രദേശങ്ങളിലേക്കു ജനങ്ങൾ നീങ്ങിയത് നഗരം പ്ലേഗിനടിമയായതോടെയാണ്.

ക്രമേണ പ്ലേഗിന്റെ തീവ്രവ്യാപനം നിയന്ത്രണവിധേയമായി. പൽപുവിന്റെ സേവനം വലിയ പ്രശംസ പിടിച്ചെടുത്തു. മൈസൂർ രാജാവ് അദ്ദേഹത്തെ ആദരിച്ചു. ബ്രിട്ടിഷ് ഇന്ത്യയുടെ സർജൻ ജനറൽ അക്കാലത്തു പ്ലേഗ് ബാധിത മേഖലകളെല്ലാം സന്ദർശിച്ചു നൽകിയ റിപ്പോർട്ടിൽ, പൽപുവിന്റെ നേതൃത്വത്തിലുള്ള ക്യാംപുകളാണ് ഏറ്റവും മികച്ചതെന്നു ചൂണ്ടിക്കാട്ടി. തുടർന്ന് മൈസൂർ സർക്കാർ പൽപുവിന് അംഗീകാരമായി അദ്ദേഹത്തെ ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനയച്ചു.

വിഖ്യാതമായ കേംബ്രിജ് സർവകലാശാലയിലായിരുന്നു പൽപുവിന്റെ ഉപരിപഠനം. ബാക്ടീരിയോളജി, സീറം തെറപ്പി, ട്രോപ്പിക്കൽ മെഡിസിൻ എന്നിവയിൽ പരിശീലനത്തോടെ പബ്ലിക് ഹെൽത്തിൽ അവിടെനിന്ന് അദ്ദേഹം ഡിപ്ലോമ നേടി. അതിനിടെ പാരിസിലെ വിഖ്യാതമായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും പരിശീലനം. തിരിച്ചെത്തിയ പൽപുവിനെ ബാംഗ്ലൂർ നഗരത്തിന്റെ ആദ്യ ഹെൽത്ത് ഓഫിസറായി നിയമിച്ചു. സീനിയർ സർജനും ദർബാർ സർജനുമായ ബ്രിട്ടിഷ് ഡോക്ടറുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു അത്.

ഏതാനും ദിവസം കഴിഞ്ഞപ്പോൾ ബറോഡ രാജകീയ സർക്കാർ പൽപുവിന്റെ സേവനം അഭ്യർഥിച്ചുകൊണ്ട് മൈസൂർ രാജാവിനു കത്തെഴുതി. ഇതനുസരിച്ചു ബറോഡയിലെത്തിയ പൽപു ആ നഗരത്തിലും പകർച്ചവ്യാധി പ്രതിരോധസംവിധാനങ്ങളൊരുക്കി. 1901ൽ മൈസൂർ രാജാവ് ബാംഗ്ലൂരിലെ പ്രശസ്തമായ വിക്ടോറിയ ആശുപത്രി സ്ഥാപിച്ചു. രാജാവ് എല്ലാ ചുമതലയും ഏൽപിച്ചത് ഡോ.പൽപുവിനെ ആയിരുന്നു. ബാംഗ്ലൂർ മെഡിക്കൽ കോളജായി വികസിച്ച ഈ ആശുപത്രിയുടെ ചരിത്രത്തിൽ രാജാവിനൊപ്പം പൽപുവിനെയും സ്ഥാപകനായി രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂർ എന്ന സ്വന്തം നാട്ടിലെ രാജകീയ സർക്കാർ പഠനവും ഉദ്യോഗവും നിഷേധിച്ചപ്പോൾ അയൽനാടുകളിലെ വിദേശി സർക്കാരും (മദിരാശി) രാജകീയ സർക്കാരും (മൈസൂർ) മെഡിക്കൽ പഠനവും ഉദ്യോഗവും മാത്രമല്ല, കേംബ്രിജ് സർവകലാശാലയിൽ ഉപരിപഠനവും ഒരുക്കിയെന്നതു മലയാളി ശ്രദ്ധിക്കേണ്ടതാണ്. മറ്റു പല നാട്ടുരാജ്യങ്ങളും അദ്ദേഹത്തിന്റെ സേവനത്തിനു കാത്തുനിന്നപ്പോൾ, ആധുനിക വൈദ്യശാസ്ത്രരംഗത്തു മാതൃകയെന്ന് അഭിമാനിച്ച തിരുവിതാംകൂറിന് ഒരു തവണപോലും അദ്ദേഹത്തെ വേണമെന്നു തോന്നിയില്ല.ഇങ്ങനെ മറ്റു ദേശങ്ങളിൽ അതീവ പ്രാധാന്യമുള്ള ജോലികൾ പ്രശംസാർഹമായി നിർവഹിക്കുമ്പോൾ തന്നെയാണ് അവശവിഭാഗങ്ങൾക്കായുള്ള ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങൾ അദ്ദേഹം നടത്തിയതെന്നത് അമ്പരപ്പിക്കുന്നതാണ്. 

ഡോ. അംബേദ്കറെപ്പോലെ സമയവും ഊർജവും സമ്പത്തും ചിന്തയും മറ്റുള്ളവരുടെ ഉന്നമനത്തിനായി അദ്ദേഹം സമർപ്പിച്ചു. തിരുവിതാംകൂറിലെ  ആധുനിക ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനു ബീജാവാപം ചെയ്ത 

1891ലെ മലയാളി മെമ്മോറിയലിന്റെ ശിൽപികളിൽ പ്രമുഖനായിരുന്നു, ബാരിസ്റ്റർ ജി.പി.പിള്ളയ്‌ക്കൊപ്പം ഡോ.പൽപുവും. തിരുവിതാംകൂർ സർക്കാർ സർവീസിലെ പരദേശി ആധിപത്യം ചൂണ്ടിക്കാട്ടി തദ്ദേശീയർക്കും അവസരം നൽകണം എന്നാവശ്യപ്പെട്ട് ദിവാനു നൽകിയ നിവേദനമായിരുന്നു മെമ്മോറിയൽ. ദയനീയമായിരുന്നു പിന്നാക്കക്കാരുടെ അവസ്ഥ. തിരുവിതാംകൂർ സർക്കാർ സർവീസിൽ 5 രൂപയിൽ കൂടുതൽ ശമ്പളമുള്ള ഒരു ജോലിയിലും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളിൽനിന്ന് ഒരൊറ്റ ആൾപോലും ഉണ്ടായിരുന്നില്ല.

 ജാതിമത വ്യത്യാസമില്ലാതെ, നാട്ടുകാർക്കാകെ വേണ്ടിയുള്ള ചുവടുവയ്പായിരുന്നു മലയാളി മെമ്മോറിയൽ. എന്നാൽ, പിന്നാക്കക്കാരുടെ അവശത സവിശേഷമായിത്തന്നെ പരിഹരിക്കാതെ രക്ഷയില്ലെന്നു വ്യക്തമായതിനാൽ ‌‌‌പൽപു ഈഴവ മഹാജനസഭകൾക്കു രൂപം നൽകി. തുടർന്ന് ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധിയായ മദിരാശി ഗവർണർക്ക് ഈഴവരുടെ അവസ്ഥ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിച്ചു. 1894ൽ ശ്രീനാരായണഗുരു ബാംഗ്ലൂരിലെത്തി പൽപുവിനെ കണ്ടു. അദ്ദേഹമാണു കുമാരനാശാന്റെ പഠനത്തിനു പൽപുവിന്റെ സഹായം ഉറപ്പാക്കിയത്. 1895 മേയ് 13ന് ഈഴവരാദി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ച് തിരുവിതാംകൂർ ദിവാന് പൽപു നിവേദനം നൽകി. ദിവാൻ മറുപടി പോലും നൽകിയില്ല.

അക്കൊല്ലം ഡിസംബർ 27നു പുണെയിൽ സുരേന്ദ്രനാഥ് ബാനർജിയുടെ അധ്യക്ഷതയിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിൽ തിരുവിതാംകൂറിലെ ഈഴവരുടെ അവശതകൾ അതിശക്തമായി ഉന്നയിച്ചത് ബാരിസ്റ്റർ ജി.പി.പിള്ളയാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ചതാകട്ടെ, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് പൽപുവും. 1896ൽ 13,176 പേരുടെ ഒപ്പുമായി പൽപു തയാറാക്കിയ ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയൽ, മൂലം തിരുനാൾ രാജാവിന് സമർപ്പിക്കപ്പെട്ടു. പക്ഷേ, നാട്ടിൽ സാമൂഹിക സംഘർഷം സൃഷ്ടിക്കുന്ന വിപ്ലവകരമായ മാറ്റമൊന്നും കഴിയില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.

ഇതിനെതിരെ ബ്രിട്ടിഷ് പാർലമെന്റിൽ ശബ്ദമുയർത്താൻ പിള്ളയും പൽപുവും തീരുമാനിച്ചു. പൽപുവിന്റെ പ്രോത്സാഹനത്തോടെ ലണ്ടനിലേക്കു പോയ പിള്ള, 1897 ജൂലൈ 17ന് ഇന്ത്യൻ ജനതയുടെ സുഹൃത്തും ഇന്ത്യൻ നാഷനൽ കോൺഗ്രസ് അംഗവുമായ ബ്രിട്ടിഷ് എംപി സർ ഹെർബർട്ട് റോബർട്സിനെക്കൊണ്ടു വിഷയം പാർലമെന്റിൽ ഉന്നയിപ്പിച്ചു. പക്ഷേ, ഇന്ത്യൻ വിഷയങ്ങളുടെ ചുമതലക്കാരനായിരുന്ന ബ്രിട്ടിഷ് സ്റേറ്റ് സെക്രട്ടറി ജോർജ് ഹാമിൽട്ടൻ, ഒരു നാട്ടുരാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനാവില്ലെന്നു പറഞ്ഞു കൈമലർത്തുകയാണു ചെയ്തത്. പക്ഷേ, അടങ്ങിയിരിക്കാൻ പിള്ളയും പൽപുവും ഒരുക്കമല്ലായിരുന്നു. 1900ൽ തിരുവിതാംകൂർ സന്ദർശിച്ച വൈസ്രോയി കഴ്സൺ പ്രഭുവിനെക്കണ്ട് പൽപു വീണ്ടും നിവേദനം നൽകി. അതുകൊണ്ടും ഫലമൊന്നുമുണ്ടായില്ലെന്നു മാത്രം.

1903ൽ ശ്രീനാരായണഗുരു അധ്യക്ഷനായി എസ്എൻഡിപി സ്ഥാപിച്ചു. തുടർവർഷങ്ങളിൽ നടന്ന എസ്എൻഡിപി സമ്മേളനങ്ങളുടെയും കൃഷി, വ്യവസായ പ്രദർശനങ്ങളുടെയുമൊക്കെ ബൗദ്ധിക – സാമ്പത്തിക ശക്തി പൽപുവിന്റേതായിരുന്നു. പിന്നീട് 1950ൽ 87–ാം വയസ്സിൽ അന്തരിക്കുന്നതുവരെ തിരുവനന്തപുരത്ത് ഏറെക്കുറെ ഒറ്റപ്പെട്ട ജീവിതമാണ് അദ്ദേഹം നയിച്ചത്.

ഈ മഹാനായ മലയാളിക്കു കേരളസമൂഹം ഒരിക്കലും അർഹിക്കുന്ന മാന്യത നൽകിയില്ല. അദ്ദേഹത്തിന്റെ വീട് നിലനിന്ന, മ്യൂസിയം ബെയിൻസ് കോമ്പൗണ്ടിനടുത്തുള്ള ശവകുടീരം അവഗണിക്കപ്പെട്ടിട്ട് ഏറെ നാളുകളായി. 

ഉചിതമായ ഒരു സ്മാരകം നിർമിച്ച് അദ്ദേഹം പ്രതീകമായ ഒരു വലിയ ജനവിഭാഗം അനുഭവിച്ച കൊടിയ വിവേചനത്തിനും അവഗണനയ്ക്കും പ്രായശ്ചിത്തം ചെയ്യണമെന്ന് ജനകീയ സർക്കാരുകൾക്കോ മലയാളിസമൂഹത്തിനോ തോന്നിയിട്ടില്ല. കേരളത്തിലൊരു മെഡിക്കൽ സർവകലാശാല വന്നപ്പോഴും നിപ്പ പ്രതിരോധത്തിനുള്ള ബഹുമതികൾക്കും ഡോ.പൽപുവിന്റെ പേരു നൽകണമെന്ന്  ആവശ്യപ്പെടാൻ ഡോ. ബി.ഇക്ബാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഈ കോവിഡ് വ്യാപനകാലത്ത് തിരുവനന്തപുരത്ത് രാജ്യാന്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വൈറോളജിയിലും മൈക്രോബയോളജിയിലും പകർച്ചവ്യാധി പ്രതിരോധത്തിലുമൊക്കെ ഒരു നൂറ്റാണ്ടു മുൻപ് ഇന്ത്യയ്ക്കു മാതൃകയായ ഈ മലയാളിയുടെ അല്ലാതെ മറ്റാരുടെ പേരാണ് ആ സ്ഥാപനത്തിന് ഏറ്റവും യോജിക്കുക?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA