ADVERTISEMENT

പഖോം സൂര്യനു നേരെ നോക്കി. അതു പാതി അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. ശ്വാസം ആഞ്ഞെടുത്ത് പഖോം വീണ്ടും ഓടാനൊരുങ്ങി. ‘എത്ര ദൂരമാണു താൻ ഓടിയത്!’– അയാൾ കിതച്ചു. സൂര്യനസ്തമിക്കുന്നതിനു മുൻപ് കുന്നിൻ മുകളിൽ തിരിച്ചെത്തിയാൽ ഒരു പകൽ കൊണ്ട് ഓടിയ അത്രയും സ്ഥലം എടുക്കാം എന്നാണ് ജന്മിയുടെ വാഗ്ദാനം. പക്ഷേ ഓടിയിട്ടും ഓടിയിട്ടും...

പാതിജീവനോടെ പഖോം കുന്നിൻ മുകളിലേക്കു കയറി. അവിടെ സൂര്യപ്രകാശം ഇപ്പോഴുമുണ്ട്. ജന്മിയും പരിചാരകരും അവിടെ തന്റെ വരവു കാത്തുനിൽക്കുന്നു.

പഖോം അവസാന ശ്വാസമെടുത്ത് കുതിച്ചുപാഞ്ഞു... കാൽപാദങ്ങൾ കൊണ്ട് അളക്കാവുന്ന ദൂരത്തെത്തിയപ്പോൾ ഇടറി ഇടറി അയാൾ മുന്നോട്ടാഞ്ഞു വീണു.

ജന്മി കുതിരപ്പുറത്ത് അയാളുടെ അടുത്തെത്തി.

‘‘എന്തൊരു മനുഷ്യൻ. അയാളെത്ര ഭൂമി സ്വന്തമാക്കിക്കഴിഞ്ഞു!’’

പരിചാരകൻ അടുത്തെത്തി പഖോമിനെ തട്ടിവിളിച്ചു. പക്ഷേ, അയാൾ എഴുന്നേറ്റില്ല.

പഖോം മരിച്ചു കഴിഞ്ഞിരുന്നു!

അയാളുടെ തല മുതൽ കാൽപാദം വരെ അളന്ന് പരിചാരകൻ പറഞ്ഞു. ‘ആറടി മണ്ണ് മതി..’

(ഒരാൾക്കെത്ര ഭൂമി വേണം?– ലിയോ ടോൾസ്റ്റോയി)

യാസ്നായ പോല്യാനയിലെ ജോലിക്കാരുടെ കുട്ടികൾക്ക് ഈ കഥ പറഞ്ഞു കൊടുക്കുമ്പോൾ ലിയോ ടോൾസ്റ്റോയി മനസ്സിൽ തന്റെ ഒസ്യത്തും എഴുതുകയായിരുന്നിരിക്കണം. 4000 ഏക്കർ പരന്നുകിടക്കുന്ന ഈ എസ്റ്റേറ്റിൽ തനിക്കുള്ള ആറടി മണ്ണും പതിവു പ്രഭാതനടത്തത്തിനിടയിൽ അദ്ദേഹത്തിന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാകണം. ടോൾസ്റ്റോയിയുടെ മരണവും അന്ത്യവിശ്രമവും അതിനു തെളിവാണ്.

HOUSEOFTOLSTOY
യാസ്നായ പോല്യാനയിലെ ടോൾസ്റ്റോയിയുടെ വീട്.

യാസ്നായ പോല്യാനയിലെ ആഡംബരങ്ങൾക്കിടയിൽ പ്രഭുവിനെപ്പോലെ ജീവിച്ച അദ്ദേഹം അവസാനം ന്യൂമോണിയ ബാധിതനായി മരിച്ചത് 1910ൽ മോസ്കോയ്ക്ക് അടുത്തുള്ള അസ്തപ്പോവോ റെയിൽവേ സ്റ്റേഷനിലാണ്. മൃതദേഹം യാസ്നായ പോല്യാനയിലേക്കു കൊണ്ടുവന്ന് സംസ്കരിച്ചു. കാട്ടുമരങ്ങൾക്കു താഴെ പച്ചപ്പുല്ലു പൊതിഞ്ഞ ആ ആറടി മൺതിട്ട ലോകം കണ്ട മഹാന്മാരായ എഴുത്തുകാരിലൊരാളെ അടക്കിപ്പിടിച്ചിരിക്കുന്നു. അക്ഷരക്കൂട്ടങ്ങൾക്കിടയിലെ വിരാമചിഹ്നം പോലെ അത്രമേൽ ചെറുത്, അത്രമേൽ ലളിതം!

യാസ്നായ പോല്യാന റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ വീടാണ്. ടോൾസ്റ്റോയി ജനിച്ചതും ജീവിച്ചതും അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെയാണ്. മോസ്കോയിൽ നിന്ന് 200 കിലോമീറ്റർ അകലെ പച്ച പുതച്ചു കിടക്കുന്ന റഷ്യൻ ഗ്രാമത്തിന്റെ ആഗോള മേൽവിലാസമാണ് ഈ എസ്റ്റേറ്റ്. ലോക നോവൽ സാഹിത്യത്തിലെ ‘ബെഞ്ച് മാർക്കു’കളായ ‘യുദ്ധവും സമാധാനവും’ ‘അന്നാ കരെനീന’യും അദ്ദേഹം മനസ്സിലെഴുതിയത് ഇവിടത്തെ ബെഞ്ചുകളിലിരുന്നാണ്; കടലാസിലേക്കു പകർത്തിയത് ഇവിടത്തെ ബംഗ്ലാവിലിരുന്നും.

ടോൾസ്റ്റോയിയുടെ മരണശേഷം വീട് സോവിയറ്റ് സർക്കാർ ദേശസാൽക്കരിച്ച് മ്യൂസിയമാക്കി. ടോൾസ്റ്റോയിയുടെ മകൾ അലക്സാന്ദ്രയായിരുന്നു മ്യൂസിയത്തിന്റെ ആദ്യ മേധാവി. ഇപ്പോൾ ടോൾസ്റ്റോയി പരമ്പരയിലുള്ള വ്ലാദിമിർ ടോൾസ്റ്റോയ് ആണു ഡയറക്ടർ.

റഷ്യയുടെ ശാന്തിനികേതൻ

മോസ്കോയിൽ നിന്ന് തുല സ്റ്റേഷനിലേക്കു ട്രെയിൻ പിടിച്ച് അവിടെനിന്നു ടാക്സിയിൽ വേണം യാസ്നായയിലെത്താൻ. മോസ്കോ മെട്രോയുടെ ആഡംബരങ്ങളൊന്നുമില്ല ട്രെയിനിൽ. നമ്മുടെ പാസഞ്ചർ ട്രെയിനുകളെപ്പോലെ എല്ലാ സ്റ്റോപ്പുകളിലും നിർത്തിയുള്ള യാത്ര. തുലയിലേക്കുള്ള വഴി അതിലും കേരളീയമാണ്. ആകാശത്തെ മേഘങ്ങൾക്കുപോലും മലയാളിത്തം തോന്നും. സ്റ്റേഷനുകൾക്കപ്പുറം നമ്മുടെ എഫ്സിഐ ഗോഡ‍ൗണുകളെ അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങൾ. തുലയിൽനിന്നു ടോൾസ്റ്റോയി ഗ്രാമത്തിലേക്കുള്ള യാത്ര, വിൻഡോസ് ഹോം സ്ക്രീനിനെ ത്രീഡി പ്രിന്റ് ചെയ്ത് പുനഃസൃഷ്ടിച്ചതു പോലുള്ള പച്ചക്കുന്നുകൾക്കിടയിലൂടെയാണ്. ചുരം കയറിയെത്തിയതു പോലുള്ള ശാന്തസുന്ദരമായ സ്ഥലത്ത് യാസ്നായ പോല്യാന തുടങ്ങുന്നു. നൂറു റൂബിൾ കൊടുത്താൽ സ്റ്റാംപ് പോലെ മനോഹരമായ ടിക്കറ്റ് കിട്ടും.

TOLSTOYtomb
ടോൾസ്റ്റോയിയുടെ ശവകുടീരം

ഗേറ്റ് കടന്നാൽ ആദ്യം കണ്ണിൽപെടുന്നത് വലിയൊരു തടാകമാണ്. ടോൾസ്റ്റോയി കുടുംബം വേനൽക്കാലത്തു കുളിക്കാനും മഞ്ഞുകാലത്തു സ്കേറ്റിങ്ങിനും ഉപയോഗിച്ചിരുന്നതാണിത്. ബിർച്ച് മരങ്ങൾ വണങ്ങി നിൽക്കുന്ന നടപ്പാതകൾ ഞരമ്പുകൾ പോലെ എസ്റ്റേറ്റിലേക്കു പടരുന്നു. മൂന്നു വീടുകളാണ് യാസ്നായ പോല്യാനയിലുള്ളത് – ഹൗസ് ഓഫ് ടോൾസ്റ്റോയി, കുസ്മിൻസ്കി വിങ്, വോൾകോൻസ്കി വിങ്.

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾക്കനുസൃതമായി, എസ്റ്റേറ്റിലെ ജോലിക്കാരുടെ കുട്ടികൾക്കായി ടോൾസ്റ്റോയി സ്കൂൾ തുടങ്ങിയത് കുസ്മിൻസ്കി വിങ്ങിലാണ്. രവീന്ദ്രനാഥ ടഗോറിന്റെ അച്ഛൻ ദേബേന്ദ്രനാഥ് ടഗോർ കൊൽക്കത്തയിൽ സ്ഥാപിച്ച ശാന്തിനികേതൻ പോലൊരു പഠനകേന്ദമായിരുന്നു ടോൾസ്റ്റോയിയുടെ സ്വപ്നം. പക്ഷേ, ടോൾസ്റ്റോയിക്ക് 13 മക്കളുണ്ടായിരുന്നെങ്കിലും രവീന്ദ്രനാഥ ടഗോറിനെപ്പോലൊരു മകൻ പിറക്കാതെ പോയി! അതിനാൽ ടോൾസ്റ്റോയ്‌യുടെ കാലത്തുതന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി താത്യാനയുടെയും കുടുംബത്തിന്റെയും വീടായി മാറി ഈ സ്കൂൾ.

ടോൾസ്റ്റോയിയുടെ യുദ്ധങ്ങൾ

ടോൾസ്റ്റോയി രണ്ടു യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഒന്ന് ക്രൈമിയൻ യുദ്ധത്തിൽ (1853–56) പട്ടാളക്കാരനായിത്തന്നെ. യുദ്ധക്കെടുതികൾ നേരിട്ടു കണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സിൽ ആശയങ്ങളുടെ യുദ്ധം തുടങ്ങി. യാസ്നായ പോല്യാനയിൽ തിരിച്ചെത്തിയ ടോൾസ്റ്റോയ് മറ്റൊരാളായിരുന്നു. സഹോദരൻ നിക്കോളായ്‌യുടെ മരണത്തിനു ശേഷം ഒറ്റപ്പെട്ടതോടെ ടോൾസ്റ്റോയി വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ജർമൻ–റഷ്യൻ ദമ്പതികളുടെ മകളായ സോഫിയ ആൻഡ്രീവ്ന 1862ൽ  ടോൾസ്റ്റോയിയുടെ ജീവിതത്തിലേക്കു വന്നു.

TOLSTOYANDWIFE
ടോൾസ്റ്റോയിയും ഭാര്യ സോഫിയയും

വിവാഹത്തിനു തലേന്ന് ടോൾസ്റ്റോയി ഭാര്യയ്ക്കു നൽകിയത് യൗവനകാല സാഹസങ്ങളെല്ലാം എഴുതിവച്ച ഡയറിയാണ്. എസ്റ്റേറ്റിലെ ജോലിക്കാരിലൊരാളിൽ തനിക്കൊരു കുഞ്ഞു പിറന്നിട്ടുണ്ട് എന്നുവരെ അതിലുണ്ടായിരുന്നു. സോന്യ എന്ന് അടുപ്പക്കാർ വിളിച്ചിരുന്ന സോഫിയ അതെല്ലാം വായിച്ചു, വിട്ടുകളഞ്ഞു.

സമാധാനം കൈവന്ന ടോൾസ്റ്റോയി ‘യുദ്ധവും സമാധാനവും’ എഴുതിത്തുടങ്ങി. സോഫിയ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രഫർ കൂടിയായി. ചെറിയ കൈയക്ഷരങ്ങളിൽ എഴുതിയിരുന്ന ടോൾസ്റ്റോയി എന്നും വൈകിട്ട് അതു ഭാര്യയ്ക്കു നൽകും – വൃത്തിയായി മാറ്റിയെഴുതാൻ. അങ്ങനെ ‘യുദ്ധവും സമാധാനവും’ സോഫിയ ഏഴു പ്രാവശ്യം മാറ്റിയെഴുതി. ഗർഭകാലത്ത് കിടക്കയിൽ ഉയർത്തിവച്ച തട്ടിൽ കടലാസ് വച്ചായിരുന്നു അവരുടെ എഴുത്ത്!

13 മക്കൾ പിറന്ന സോഫ

കൊളുത്തിൽ തൂക്കിയിട്ട കോട്ട്, ചുമരിൽ ഛായാചിത്രം, പുതച്ചിട്ട തലയിണ, ഒരാൾക്കു മാത്രം കിടക്കാവുന്ന ബെഡ്, യുദ്ധവും സമാധാനവും പിറന്ന എഴുത്തുമേശ...‘ഉടമസ്ഥൻ ഒന്നു പുറത്തുപോയതാണ്. കാത്തിരിക്കൂ, ഇപ്പോ വരും..’ എന്നു പറയുംപോലെ കിടക്കുന്നു യാസ്നായ പോല്യാനയിൽ ടോൾസ്റ്റോയിയുടെ കിടപ്പുമുറി.

മ്യൂസിയമായി മാറിയെങ്കിലും പഴയ വീടുപോലെ തന്നെയാണ് അധികൃതർ യാസ്നായ പോല്യാന പരിപാലിക്കുന്നത്. തന്റെ നോവലുകളിലൂടെയും കഥകളിലൂടെയും ടോൾസ്റ്റോയി വരച്ചിട്ട 19–ാം നൂറ്റാണ്ടിലെ റഷ്യൻ ജീവിതം മ്യൂസിയത്തിൽ കാണാം. ടോൾസ്റ്റോയിയുടെയും സോഫിയയുടെയും 13 മക്കളും പിറന്നത് യാസ്നായ പോല്യാനയിലാണ്. എല്ലാവരും ടോൾസ്റ്റോയി പിറന്ന അതേ തുകൽ സോഫയിൽത്തന്നെ. ആ സോഫയും ഇവിടെയുണ്ട്. ആന്റൺ ചെഖോവ്, ഇവാൻ തുർഗനേവ്, മാക്സിം ഗോർക്കി തുടങ്ങിയ റഷ്യൻ സാഹിത്യകാരന്മാരെല്ലാം ടോൾസ്റ്റോയ് താമസിച്ചിരുന്ന കാലത്ത് അതിഥികളായി യാസ്നായ പോല്യാനയിലെത്തിയിരുന്നു.

നിക്കോളായിയുടെ മാന്ത്രികവടി

വീടു കഴിഞ്ഞ് പച്ചമരങ്ങൾ നിറഞ്ഞ വിശാലമായ കാട്ടുവഴിയിലൂടെ കുറെ ദൂരം നടന്നെത്തിയാൽ ടോൾസ്റ്റോയിയുടെ ശവകുടീരമായി. ചതുരരൂപത്തിൽ വെട്ടിയൊതുക്കി പുല്ലു വളർത്തിയ കുടീരത്തിൽ ഒരു നൂറ്റാണ്ടായി ഉറങ്ങിക്കിടക്കുന്നു മഹാനായ ആ എഴുത്തുകാരൻ. പച്ചയിൽ നിറം പകർന്ന് ആരാധകർ സമർപ്പിച്ച ഒന്നോ രണ്ടോ പൂക്കൾ മാത്രമാണു ശവകുടീരത്തിലുള്ളത്.

TOLSTOYBEDROOM
ടോൾസ്റ്റോയിയുടെ കിടപ്പുമുറി.

അന്ത്യവിശ്രമത്തിനായി ടോൾസ്റ്റോയി ഈ സ്ഥലം തിരഞ്ഞെടുത്തതിലും ഒരു കഥയുണ്ട്. കുട്ടിക്കാലത്ത് ടോൾസ്റ്റോയിയും മൂത്ത സഹോദരൻ നിക്കോളായിയും ‘മാന്ത്രികവടി’ തേടി അലഞ്ഞിരുന്ന സ്ഥലമായിരുന്നു ഇത്. ആ മാന്ത്രികവടി കിട്ടുന്നയാൾക്ക് ഒരിക്കലും അസുഖമോ മരണമോ വരില്ല എന്നാണ് നിക്കോളായി ടോൾസ്റ്റോയിയോടു പറ‍ഞ്ഞിരുന്നത്! കുടുംബക്കാർ മാത്രമല്ല, ടോൾസ്റ്റോയിയുടെ ചുറ്റും അന്ത്യവിശ്രമം കൊള്ളുന്നത്.1941ൽ രണ്ടാം ലോകയുദ്ധ‌കാലത്ത് ജർമൻകാർ 45 ദിവസം ഇവിടം കയ്യടക്കിവച്ചു. ടോൾസ്റ്റോയി വീടിനെ അവരൊരു ആശുപത്രിയാക്കി. യുദ്ധത്തിൽ മരണമടഞ്ഞ പല ജർമൻ പട്ടാളക്കാരും അങ്ങനെ ടോൾസ്റ്റോയിക്കു കാവൽക്കാരായി!

അവസാനത്തെ കുടുംബചിത്രം

മരിക്കാനായി മാത്രമാണ് ടോൾസ്റ്റോയി യാസ്നായ പോല്യാന വിട്ടുപോയത്. 1910 ഒക്ടോബർ 28ന് മഞ്ഞുകാല രാത്രിയിലായിരുന്നു അത്. പോകും മുൻപ് സോഫിയയ്ക്ക് അദ്ദേഹം ഒരു കുറിപ്പെഴുതി വച്ചു. ‘‘എന്റെ പ്രായത്തിലുള്ള ഏതൊരാളും ആഗ്രഹിക്കുന്നതു മാത്രമാണു ഞാൻ ചെയ്യുന്നത്. അവസാന നാളുകളിൽ എനിക്കിത്തിരി സ്വസ്ഥതയും സമാധാനവും വേണം..’’

ടോൾസ്റ്റോയിയും സോഫിയയും തമ്മിലുള്ള ബന്ധം അപ്പോഴേക്കും തകർന്നു തുടങ്ങിയിരുന്നു. എന്നാൽ, തേടിയ സമാധാനം ടോൾസ്റ്റോയിക്കു മരണത്തിൽ കിട്ടിയില്ല. ട്രെയിൻ യാത്രാമധ്യേ അസുഖബാധിതനായ അദ്ദേഹത്തിന് അസ്തപ്പോവോ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടി വന്നു. സ്റ്റേഷൻ മാസ്റ്റർ മഹാനായ ആ എഴുത്തുകാരനെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ടോൾസ്റ്റോയിയുടെ അസുഖവിവരം പുറംലോകമറി‍ഞ്ഞിരുന്നു. ആരാധകരും മാധ്യമപ്രവർത്തകരും വീടിനു മുന്നിൽ തടിച്ചുകൂടി. സാർ ഭരണകൂടം നിയോഗിച്ച ചാരന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. സോഫിയയ്ക്കു പോലും അതോടെ ടോൾസ്റ്റോയിയെ കാണാനായില്ല. മരിക്കാറായിക്കിടന്ന ടോൾസ്റ്റോയിയെ ജനലിലൂടെ ഉത്കണ്ഠയോടെ നോക്കുന്ന സോഫിയയുടെ ദൃശ്യമാണ് ആ ദമ്പതികളുടെ ജീവിതത്തിലെ അവസാന കുടുംബചിത്രം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com